ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം നേടിയ കെ.ജി.എസിന്റെ ‘ഒറ്റുകാരന്റെ പെട്രോൾ പമ്പ്’ എന്ന കവിത വായിക്കുകയാണ് നിരൂപകൻകൂടിയായ ലേഖകൻ. എന്താണ് ഈ കവിതയുടെ ഗൂഢസന്ദേശം.
വിപ്ലവകരമായ വെളിപ്പെടലും വെളിപ്പെടുത്തലിന്റെ വിപ്ലവവുമാണ് കവിത. ധീരവും ആപത്കരവുമായ നേരു പറയൽ. ഗ്രീക്കുകാർ പറയുന്ന പരീഷ്യ (parrhesia). സത്യപ്രക്രിയ (parrhesiastic act). വെളിപ്പെടലുകളുടെ സ്ഫോടന പരമ്പരയാണ് ‘ഒറ്റുകാരന്റെ പെട്രോൾ പമ്പ്’ (കെ.ജി.എസ്, കൂർമം: മാതൃഭൂമി ബുക്സ്, 2025) എന്ന കവിത. കെ.ജി.എസിന്റെ ഒട്ടു മിക്ക കവിതകളെയുംപോലെ. സമകാല ചരിത്രത്തിന്റെ പൈശാചിക രംഗവിധാനത്തിലാണ് നാം. നരഭോജനത്തിന്റെയും ബലിരക്തപാനത്തിന്റെയും പ്രാചീന രാത്രികൾ ആധുനികോത്തരമായ കോർപറേറ്റ് നേരങ്ങളിൽ കൂട്ടിമുട്ടുന്നു.
കോർപറേറ്റുകളുടെ ക്ഷണമൊഴികൾ
ബഹുരാഷ്ട്രക്കമ്പനിയുടെ മാസ്മര വാണിയിലൂടെയാണ് കവിത തുടങ്ങുന്നത്. കോർപറേറ്റുകൾ ഒരുക്കിയ തേൻ-തണ്ണീർ-രക്ത ബാറുകൾ നമ്മെ വിളിക്കുന്നു. തേൻപ്രിയരായ “കുരുവി കരടി ആൾക്കുരങ്ങുകളും”, തണ്ണീർപ്രിയരായ കാക്കകളും രക്തപാനികളായ നരികളും നരനരികളും എല്ലാം ക്ഷണിതാക്കൾ. പ്രോഡക്ടിന്റെ പെരുമ വർണിക്കുന്ന പരസ്യമൊഴികൾ. ആധുനികോത്തര വിപണനകലയുടെ വാഗ്വിലാസങ്ങൾ. ശബളമായ സൗജന്യങ്ങളും ഓഫറുകളും. പൂന്തേന്മൊഴിയിലൊളിപ്പിച്ചുെവച്ച പൊയ്പേച്ചുകൾ. മെല്ലെ മെല്ലെ സ്വയം വെളിവാക്കുന്നുണ്ടവ.
നാനാ ജന്തുപക്ഷിജാലങ്ങൾ ക്ഷണിക്കപ്പെടുന്നുണ്ടെങ്കിലും യഥാർഥത്തിൽ അവയെല്ലാം ഈ ആഗോള നവവിതരണ ശൃംഖലയിൽനിന്ന് നിർദാക്ഷിണ്യം ഒഴിവാക്കപ്പെടുകയാണെന്ന് വിരുദ്ധോക്തികൾ സൂചന തരുന്നുണ്ട്. തേനിന്റെ വരദാനം തേടി പൂക്കൾതോറും ഇനി കുരുവികൾ അലയേണ്ട എന്നും കരടികൾക്കിനി തേനറകൾ കവരേണ്ടതില്ല എന്നുമുള്ള ഓഫറുകൾ ശ്രദ്ധിക്കുക. അതിലടങ്ങിയ ക്രൂരമായ ഐറണിയും. ബൗദ്ധമായ തേൻവിനിമയങ്ങളുടെ കനിവുറ്റ കാലം കഴിഞ്ഞു എന്നും തേനറകൾ ഇനിമേൽ കോർപറേറ്റുകൾക്ക് മാത്രം കൊള്ളയടിക്കാനുള്ളത് എന്നുമാണല്ലോ അതിന്റെ പൊരുൾ. സർവ ജന്തുക്കൾക്കും സ്ഥാനവും അവകാശവുമുള്ള പ്രകൃതിയുടെ പ്രാചീനമായ, ധാർമിക വിനിമയക്രമം ഇനി മേൽ ഇല്ല എന്നും പുതിയ കോർപറേറ്റ് വിനിമയ ചക്രത്തിൽനിന്ന് സർവ ജീവികളും ഒഴിവാക്കപ്പെടുന്നു എന്നുമുള്ള പരിഹാസച്ചിരി.
ഇത് ചുരത്തും തനിത്തേൻ.
ബഹുരാഷ്ട്ര മദിര,
മദിപ്പിക്കും മൈലേജ് വർധിനി,
കുടിക്കൂ
ഉൾച്ചിറക് വേഗോന്മാദിയാവും വരെ
കുരുവി കഴുകനായ്
കരടി ഹിറ്റ്ലറായ്
മിത്രം ശത്രുവായ് ചീറും വരെ.
കോർപറേറ്റുകളുടെ ബ്രൂവറികളിൽ പാകംചെയ്യുന്ന ഈ ബഹുരാഷ്ട്ര മധുവിനും ഇന്ധനസ്വഭാവം. അത് നമ്മെ വേഗഭ്രാന്തന്മാരാക്കുന്നു. വെറുപ്പിനെയും ക്രൗര്യത്തെയും ഉദ്ദീപിപ്പിക്കുന്നു. ഇത് തനിത്തേനല്ല, ആരെയും ഫാഷിസ്റ്റാക്കുന്ന രാസലഹരി. ഹിംസ്രമൃഗങ്ങളാക്കി, ഭീകരരാക്കി സർവരെയും മാറ്റുന്ന, മിത്രത്തെ ശത്രുവാക്കുന്ന, വെറുപ്പിന്റെ ബഹുരാഷ്ട്ര രസായനം. തണ്ണീർശാല വിളിക്കുന്നത് കീഴാളരെ/ കറുത്ത വർഗത്തെ എന്നും ഓർമിപ്പിക്കുന്ന കാക്കകളെ. കാക്കകൾക്കിനി പഴയ വിരുതുകളൊന്നും വേണ്ട. ലോകത്തിലെങ്ങുമുള്ള ജലാശയങ്ങൾ ഊറ്റി വറ്റിച്ച് ഈ ജലപ്പമ്പുകൾ സ്ഥാപിച്ചിരിക്കുന്നു. ഇനി ഈ കുഴലുകളിൽ ചുണ്ട് കോർക്കുക മാത്രം.
ഈ നീർക്കുഴൽത്തുമ്പിൽ മൊത്തൂ
ചിരസ്മരണകൾ കുതിച്ച് വരും.
കാര്യങ്കോട് പുഴ, ചന്ദ്രഗിരി, തിരുനെല്ലി,
ഗംഗ, യമുന, വോൾഗ, യാങ്സി…
സഹികെട്ട സർവംസഹയുടെ ആത്മക്ഷോഭങ്ങൾ
ഓരോ തുള്ളിയും ആത്മാവിൽ മിന്നലുള്ളവ...
കാക്കകൾക്ക് നദികൾ നഷ്ടപ്പെട്ടാലും നദീതടത്തിലൂറുന്ന വിപ്ലവ സ്മരണകൾ ഈ പൈപ്പുകളിലൂടെ കുതിച്ച് വരും. ഈ വെള്ളപ്പമ്പ് ഒരു ഓർമപ്പമ്പ് കൂടിയാണ്. കർണാടക സാഹിത്യകാരനായ നിരഞ്ജനയുടെ കയ്യൂർക്കഥയെ ഓർമിപ്പിക്കുന്നുണ്ട് ‘ചിരസ്മരണ’ എന്ന പദവും കാര്യങ്കോട് പുഴയും. കാക്കകൾക്ക്/കീഴാളർക്ക് കയ്യൂരിലെ രക്തസാക്ഷികളുടെയും, തിരുനെല്ലിയിലെ പെരുമൻ വർഗീസിന്റെയും ബലിസ്മരണകൾ വാഗ്‌ദാനംചെയ്യുന്നു ഈ കോർപറേറ്റ് വെള്ളക്കുഴലുകൾ. വോൾഗ, യാങ്സീ നദികളിൽനിന്ന് നിറച്ച വെള്ളത്തുള്ളികൾ ലോകവിപ്ലവസ്മൃതികൾ ചീറ്റും. ഗംഗായമുനയിലെ ജലം പവിത്ര സ്മൃതികൾ ചുരത്തും. വിപ്ലവ ബലിഗാഥകളുടെ ഉപഭോഗത്തിനായി നിന്ദിതവർഗം ക്ഷണിക്കപ്പെടുന്നു. ഇതൊന്നും പോരെങ്കിൽ സഹികെട്ട സർവംസഹയുടെ അന്തഃക്ഷോഭങ്ങൾ മുഴങ്ങുന്ന ആഴത്തുള്ളികളുമുണ്ട്, ആത്മാവിൽ മിന്നലുകൾ വഹിക്കുന്നവ. കുടിക്കൂ, മദിക്കൂ.
ബലിരക്തത്തിന്റെ ആഗോളവിപണി
രക്തശാലയിലെത്തുമ്പോൾ മൊഴികൾ ഭാവം പകരുന്നു. തേനിൽപ്പൊതിഞ്ഞ നുണപ്പേച്ച് ചോരപ്പേച്ചായി ചീറുന്നു. കോർപറേറ്റ് ഭാഷകൻ രക്തരതനായ ഡ്രാക്കുളയെന്ന്, കുരുതിക്കായി നാവുനീട്ടുന്ന ദുഷ്കാളിയെന്ന്, ഒരു മഹാരക്ത ബലിയാഗത്തിന്റെ കാർമികനും യജമാനനുമെന്ന് നാം മനസ്സിലാക്കുന്നു. കോർപറേറ്റ് ലോക മുതലാളിത്തം ബലിച്ചോര കുടിക്കുകയും സമാഹരിക്കുകയും വിൽക്കുകയും ചെയ്യുന്ന ബലിയുടെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയെന്നും. നമുക്ക് മുന്നിൽ ബീഭത്സമായ ഒരു നാടകം അരങ്ങേറുകയാണ്. നരൻ നരിയായി മാറുന്ന പ്രതി-രൂപാന്തരണം. ലോകചരിത്രം ഒരു ബലിരക്തയജ്ഞമെന്ന്, മനുഷ്യമേധത്തിന്റെ പൈശാചികോത്സവമാണ് കോർപറേറ്റ് ലോകക്രമം നമുക്കായൊരുക്കുന്നതെന്ന് നാം ഞെട്ടിത്തരിക്കുന്നു.
നരികളേ ഘാതികളേ വരൂ
ഇത് നാം തുടങ്ങിയ ചുടുരക്ത സത്രം;
കുലദ്രോഹി സോദരരിൽനിന്ന്
സ്മരണകളിരമ്പും രണങ്ങളിൽനിന്ന്
പകമുറ്റിയ നേർക്ക് നേർകളിൽനിന്ന്
ഒളിപ്പോരുകളിൽനിന്ന്
നാമൊന്നായ് ചോർത്തിയ ചോര...
നരരക്തത്തിന്റെ ആഗോളവിപണി വിളിക്കുന്നൂ: “വരൂ!, കുടിക്കൂ ചുടുരക്തം. ദേശ, ദേശീയ, ജാതി, വംശ, മത, കുല, ഭേദങ്ങളില്ലാതെ എല്ലാത്തരം മനുഷ്യരക്തവും ലഭ്യം. ഇന്നത്തെ മാത്രമല്ല, എല്ലാക്കാലത്തെയും ബലിച്ചോര. ചരിത്രാന്തരങ്ങളിലൂടെ, ജാതിമതവംശ ദേശങ്ങളുടെ പേരിൽ, പ്രത്യയശാസ്ത്രങ്ങളുടെ പേരിൽ, ‘സമത്വത്തിനും സാഹോദര്യത്തിനും, നല്ല നാളേയ്ക്കും’, വേണ്ടി ‘നാമൊന്നായ് ചോർത്തിയ’ സോദരച്ചോര. കുലം കുത്തികളെന്ന് വിധിക്കപ്പെട്ട വിമത സഖാക്കളിൽനിന്ന്, ഒളിപ്പോരിൽനിന്നും നേർപ്പോരിൽനിന്നും വിപ്ലവപ്പോരിൽനിന്നും പകപ്പോരിൽനിന്നും സമാഹരിക്കപ്പെട്ട കുരുതിച്ചോര. എല്ലാം ഈ ബലിരക്തസമാഹരണ യജ്ഞത്തിൽ സംഭരിക്കപ്പെടുന്നു. നിന്ദയും വെറുപ്പും കൊലവെറിയും ഞരമ്പിൽ കത്തിപ്പിടിക്കാൻ, ചരിത്രശൗര്യമേറ്റാൻ, ഈ രക്താസവം അത്യുത്തമം. മോക്ഷദായകം!
ആത്മമൊഴികൾ
ഈ ക്ഷണമൊഴികൾക്ക് പിന്നാലെ വ്യത്യസ്തമായ മറ്റൊരു മൊഴി പരമ്പര കവിതയിൽ പൊന്തിവരുന്നുണ്ട്. കോർപറേറ്റുകളുടെ “ഞങ്ങൾ” മൊഴിയിൽനിന്ന് വേറിട്ടത്. ആത്മമൊഴിയിലേക്കുള്ള പ്രയാണം. ഭാഷണസ്ഥാനത്തുനിന്ന് “ഞങ്ങൾ” മാറി മറ്റു തരം “ഞാനു”കൾ, “നമ്മൾ”, പ്രത്യക്ഷപ്പെടുന്നു.
സമകാലനരവംശ “ഞാൻ” പറയുന്നു:
കൊന്നിട്ടില്ലാരേം ആരും
മനസ്സ് നരിയുടെയാവാതെ.
നരിത്വമില്ലാതെന്ത് നരത്വം?
നരിയുടെ തുടർച്ച നരൻ ഞാനും
ഞാനുണ്ടാക്കിയ യന്ത്രക്കോപ്പുകളും.
യന്ത്രങ്ങളുടെ താതൻ ഞാനിപ്പോൾ നാനോ-
യന്ത്രങ്ങളുടെ സന്താനം.
ഐറണി കലർന്ന ഈ ആത്മമൊഴികൾ പരിണാമവാദത്തെയും ചരിത്രവാദത്തെയും ചോദ്യംചെയ്യുന്ന വിധം മനുഷ്യനിൽ മറ്റൊരു തരം നൈരന്തര്യം ദർശിക്കുന്നു: നരനിൽ നരിയുടെ തുടർച്ച. ജന്തുസ്വഭാവത്തെ പൂർണമായി ഭേദിക്കാൻ മനുഷ്യനായിട്ടില്ല എന്ന നിരീക്ഷണം. അതസാധ്യമെന്ന പരാജയബോധം. നരിയാവാതെ നരനു കൊല്ലാനാവില്ല എന്നും, നരിത്വമില്ലാതെ നരത്വമില്ല, എന്നും ഉള്ള സ്വയം ന്യായീകരണം. നിസ്സഹായത. എല്ലാം ഈ വിഹ്വലസ്വരത്തിലുണ്ട്.
കവിത: ആഴങ്ങളുടെ ഒലി
മനുഷ്യന്റെ ഈ ഹിംസാവ്യഗ്രത, നരഭോജിത്വത്തോളം പോന്ന ഭീകരത, എവിടെനിന്നു വരുന്നു? അതിനുത്തരം കിട്ടാൻ ഭൂമിയുടെ ആഴങ്ങളോളം, അബോധത്തിന്റെ, ജന്തു പരിണാമത്തിന്റെ, ലോക ചരിത്രത്തിന്റെ, പ്രാചീന നിമിഷങ്ങളോളം, പിന്നാക്കം പോവണം. ‘എല്ലാത്തിന്റെയും തുടക്കത്തിലേക്ക്, തുടക്കത്തിന്റെ ഒടുക്കത്തിലേക്ക്’.
ആത്മവിമർശകവും നൈതികവുമായ ചോദ്യമൊഴിയാണ് ഇനി. നീതിമൊഴിയിലേക്ക്, നേർമൊഴിയിലേക്കുള്ള, ഈ ആഴമാറ്റങ്ങൾ, ഞാന്മൊഴികളുടെ ഈ സ്വരഭേദങ്ങൾ, ശ്രദ്ധേയമാണ്:
എത്രയഗാധതലങ്ങളിൽനിന്ന് വരുന്നൂ
നമ്മുടെ വന്യത വഞ്ചന ഒറ്റുകൾപോലും.
തേനും നീരും തീരാപ്പകയും
ചോരക്കൊതിയുംപോലും.
“എത്രയഗാധ തലങ്ങളിൽനിന്നു വരുന്നൂ നമ്മുടെ പുഞ്ചിരി പോലും” (അയ്യപ്പപ്പണിക്കർ, ‘കുടുംബപുരാണം’) എന്ന വരിയുടെ പാരഡി. മൂല കവിതയിലെ ഉൾക്കാഴ്ചകളെ പിടിച്ചെടുക്കുകയും ആഴത്തിൽ പ്രശ്നവത്കരിച്ചുകൊണ്ട് കാവ്യചിന്തയെ പുതുതലങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്ന പ്രക്രിയയാണ് പാരഡീകരണം ഇവിടെ. സംസ്കാരത്തിന്റെ, അബോധത്തിന്റെ, ആഴങ്ങളിൽനിന്നു വരുന്ന ഒരു വരദാനമായാണല്ലോ പുഞ്ചിരിയെ പണിക്കർ അടയാളപ്പെടുത്തുന്നത്. പുഞ്ചിരി മാത്രമല്ല മനുഷ്യന്റെ വന്യതയും വഞ്ചനയും ഒറ്റും പകയും രക്തപിപാസയും എല്ലാംതന്നെ ഏതൊക്കെയോ ആഴങ്ങളിൽനിന്നാണ് ഊറിവരുന്നത് എന്ന് ആ ഉൾക്കാഴ്ച ബഹുത്വപ്പെടുന്നു. ഭൂമിയുടെ അടിയാഴങ്ങളോളം ആ അഗാധത ആഴപ്പെടുന്നു. ഈ ഭൂ-ആഴങ്ങൾ ബോധാബോധങ്ങളുടെയും ജന്തു ചരിത്രത്തിന്റെയും ലോകചരിത്രാനുഭവങ്ങളുടെയും അന്തരാളങ്ങളെ ഉൾക്കൊള്ളുന്നുണ്ട്. ആഴങ്ങളുടെ ഖനനമാണ്, ആഴമാപിനിയാണ്, ആഴങ്ങളിൽനിന്നു വരുന്ന ഉണ്മയുടെ ഒലികളാണ്, കവിത, ഈ രണ്ടു കവികൾക്കും.
ആഴങ്ങളിൽനിന്ന് വരുന്ന അശരീരികൾ
ഭാഷകസ്ഥാനത്തിൽ വീണ്ടും ചില അട്ടിമറികൾ. ആഴങ്ങളിൽ നിന്ന് മറ്റൊരു “നമ്മളും’ “ഞാനും” മുഴങ്ങുന്നു. മനുഷ്യൻ മനുഷ്യനല്ലാതായി മാറുന്ന, നരിയാവുന്ന, നരഭോജിയാകുന്ന, ആ ആദിമ വ്യതിയാന ബിന്ദുവേത്? ഉള്ളിൽനിന്നു വരുന്ന ഈ അശരീരി നമുക്കൊരു സൂചന തരും.
“വനയാത്രയിൽ നമുക്കിഷ്ടം
മല തരും കുളിർനീരം.
ആരോർക്കുന്നൂ അതിൽ ആദിവാസികളുടെ
ചോരയും തേനും കൺനീരുമുണ്ടെന്ന്.
തേനോ തണ്ണീരോ ചോരയോ
ഏതും മൺനീർ, മണ്ണൂർജം.
ഏതും പെട്രോൾ, ഇന്ധനം, മൺദാനം, വൻ ധനം...
വനയാത്രകളിൽ നമുക്ക് കുളിർമ നൽകുന്ന മലനീരം ആദിവാസികളുടെ ചോരയും തേനും കണ്ണീരുമാണ് എന്ന സത്യം നാം മറക്കുന്നു. ഗോത്രജനതയുടെ കുടിമുടിച്ചാണ്, നമ്മുടെ നാഗരികത തഴയ്ക്കുന്നത് എന്ന ചരിത്രസത്യം. സർവ ജീവികൾക്കും അവകാശപ്പെട്ട മണ്ണൂർജം വിനിമയ വസ്തുവായി, വ്യവസായമായി, കൊള്ളലാഭമായി, അധികാരമായി, ആധിപത്യമായി, രൂപം മാറുമ്പോൾ ദാനത്തിന്റെ, ധർമത്തിന്റെ, തത്ത്വം ഹതമാവുന്നു. ദാനപ്രക്രിയയുടെ (gift-act) ഹനനം ആത്മവിസ്മൃതിയിലേക്ക് നയിക്കുന്നു. ദാനതത്ത്വത്തിൽനിന്ന് ബലിതത്ത്വത്തിലേക്കുള്ള ഈ നിഷ്ക്രമണത്തിന്റെ നേരങ്ങളിലാണ് നരൻ നരിയായി നരമേധകനായി, പ്രതി രൂപാന്തരണംചെയ്യുന്നത്. സർവംസഹയായ ഭൂമിയുടെ, സഹജീവികളുടെ, ബലിച്ചോരയിൽ അഭിഷേകം ചെയ്ത് നരാധമന്മാർ സാമ്രാട്ടുകളായി മാറുന്ന കുടിലനേരങ്ങൾ. ഈ ചതിച്ചരിത്രത്തിന്റെ വികാസ പാരമ്യമാണ് കോർപറേറ്റ് ലോകക്രമത്തിൽ നാം കാണുന്നത്.
ഒറ്റുകാരനിൽനിന്ന് നീതിപ്പോരാളിയിലേക്ക്
ഈ കോർപറേറ്റ് ചതിപ്രസ്ഥാനവുമായി, ഭൂമിയെ ഊറ്റലിന്റെ, ഒറ്റലിന്റെ, രാഷ്ട്രീയ സമ്പദ് വ്യവസ്ഥയുമായി, “എന്നെ” ബന്ധിച്ചു നിർത്തുന്ന കരാർപ്പണമാണ്, “ഞാൻ” പറ്റുന്ന മുപ്പത് ഡോളർ. കൊള്ള മുതലിന്റെ ഒരു പങ്ക്. സമ്മതിദാനത്തിന് കിട്ടുന്ന കൂലി. സഹജീവികളുടെ ബലിച്ചോര പുരണ്ട ഒറ്റുകാശ്. ഈ കൊള്ളവീതം പിൻവലിച്ചാൽ, ഈ ഉടമ്പടി തകർന്നാൽ, ഒറ്റുകാരനായ “ഞാൻ” പൊട്ടിപ്പിളരും. ആ രോഷസ്ഫോടനത്തിൽനിന്ന് മറ്റൊരു “ഞാൻ” ഉദയംചെയ്യും.
ആഗ്നേയമായ ഈ വെളിപ്പെടൽ ഒറ്റുകാരനായ “എന്നെ” ഭൗമ പ്രതിരോധത്തിന്റെ ഇന്ധനമാക്കുന്നു. ഭൂമിയുടെ ഒറ്റുകാരായ കോർപറേറ്റ് യജമാനന്മാരെ, രക്തപങ്കിലമായ ഈ ചതിച്ചരിത്രത്തെ, ഒറ്റിക്കൊടുക്കുന്ന എതിർ-ഒറ്റുകാരനായി “ഞാൻ” രൂപാന്തരണംചെയ്യുന്നു.
റിലീസ് ചെയ്യും ഞാൻ
മനസാ നരികളായി നാം ചെയ്ത കൊലകൾ.
ഒറ്റും ഞാനീ തേൻ തണ്ണീർ ബലിച്ചോര ലേബൽ
കീറും ഞാനീ വിപ്ലവ നാട്യ മേലങ്കികൾ
വ്യാജമീ നെറ്റിപ്പട്ട ജാടകൾ; ഇവ പല പല
സഹമരണബാങ്കുകളിലെ ജീവനും
വിസർജ്യദ്രവ്യങ്ങളുമെന്ന് വിളിച്ചു കൂവും;
ഒറ്റും ഞാൻ തുച്ഛലാഭത്തിനായാലുമീ
കൂറ്റൻ ചതിച്ചരിത്ര സംഭരണി.
ബലിച്ചോരയാണ് മനുഷ്യചരിത്രത്തിന്റെ, വികസനത്തിന്റെ, പെട്രോൾ. മനുഷ്യൻ ഭൂമിയെ, സഹജീവികളെ, ലാഭത്തിനും അധികാരത്തിനും കുരുതി കൊടുക്കുന്ന ഗൂഢ ഭീകരപ്രസ്ഥാനമാണ് ലോകചരിത്രം. നാഗരികതയുടെ ഓരോ പടവും ബലിച്ചോരയിൽ കുതിർന്നിരിക്കുന്നു. കോർപറേറ്റുകൾ ഇന്നൊരുക്കുന്ന ഈ ബലിച്ചോര സംഭരണി, ഈ തേൻ, തണ്ണീർ, രക്തബാറുകൾ, എല്ലാം ചതിച്ചരിത്രത്തിന്റെ സംഭരണി കൂടിയാണ്. പരിഷ്‍കൃതവേഷം ധരിച്ച നരമേധകരും രക്തപാനികളുമാണ് ആധുനികോത്തര കോർപറേറ്റ്-ഭരണ വർഗവും അവരുടെ ചങ്ങാതികളായ ഭരണകൂടങ്ങളുമെന്നും, ഈ വഞ്ചക പ്രസ്ഥാനത്തിന്റെ തനിച്ചരിത്രം, ‘‘നരികളായ് മാറി നാമെല്ലാംകൂടി നടത്തിയ അറുംകൊലകളുടെ രഹസ്യ ചരിത്രം, താൻ ലോകത്തിനു മുന്നിൽ വിളിച്ചു കൂവും’’ എന്നാണ് കവിതയിലെ പ്രക്ഷുബ്ധ “ഞാൻ” പ്രഖ്യാപിക്കുന്നത്. ആപത്കരവും ധീരവുമായ ഈ വെളിപ്പെടുത്തൽ പ്രക്രിയ കവിതക്കുള്ളിൽതന്നെ നിർവഹണം നേടുന്നുണ്ട്. കോർപറേറ്റ് നാഗരികതയെ ഒറ്റുക എന്നതിനർഥം ‘ഇന്നലെയുടെ ബിനാമികളെ’, നാഗരികതയുടെ ബലിക്കൂത്തുകളെ, രക്തപങ്കിലമായ ചരിത്രത്തെ, തുറന്നുകാട്ടുക എന്നാണ്. ഇന്നലെയുടെ ബലികൽപനകളെ ഭേദിച്ച് നാളെയുടെ സാധ്യതകളിലേക്ക് വിമോചിതമാകൽ. ഭാവിയുടെ, നീതിയുടെ, പോരാളിയാവൽ. ഉണ്മയുടെ സ്വനേരത്തിലേക്ക്, തന്നെത്തന്നെ എറിയൽ.
സൂക്ഷ്മ ദേശീയ വിവക്ഷകൾ
ഏതോ വിദൂരകാലത്തെ, ലോകത്തെ, സംബന്ധിച്ച സാമാന്യവത്കരണങ്ങളും ആഗോളതയെപ്പറ്റിയുള്ള അമൂർത്ത പ്രലപനങ്ങളുമല്ല ഈ കവിത. ഒരേസമയം ദേശീയവും സാർവദേശീയവും സൂക്ഷ്മദേശീയവുമായ വിവക്ഷകൾ കെട്ടുപിണയുന്നു. അനുഭവത്തിന്റെയും അറിവിന്റെയും ആവിഷ്‍കാര പ്രകാരങ്ങളുടെയും സർവാതിർത്തികളെയും തകർത്ത്, ബഹുതലങ്ങളിലേക്കു പടർന്നു കയറുന്ന, അരേഖീയവും റിസോമാറ്റിക്കുമായ ആഖ്യാന വിന്യാസം. ആഗോളവും സാർവജനീനവുമായ വിതാനങ്ങളിൽ നിൽക്കുമ്പോൾതന്നെ സൂക്ഷ്മദേശീയമായ അനുഭവങ്ങളോട് വിശ്വസ്തമാവുന്നു കവിത. ബലിയുടെ ഈ ആഗോളഭൂപടത്തിൽ സമകാല കേരള രാഷ്ട്രീയത്തിലെ രക്തസർജനങ്ങളും രേഖപ്പെടുന്നുണ്ട്.
കേരള കമ്യൂണിസ്റ്റ് പാർട്ടിയുടെ രക്തസാക്ഷി ലേബലുകളും വിപ്ലവ മേലങ്കികളും ഫ്യൂഡൽ ജാടകളും വലിച്ചുകീറപ്പെടുന്നു. പാർട്ടി നേതാക്കളുടെ പ്രതാപാഘോഷങ്ങൾ, കേമത്തപ്രകടനങ്ങൾ, എല്ലാംതന്നെ പാവങ്ങളുടെയും സഹ മ/കരണ ബാങ്കുകളിൽ നിക്ഷേപം നടത്തിയ പൗരന്മാരുടെയും ജീവരക്തം ചോർത്തിയെടുത്തതാണെന്ന് കവിതയിലെ “ഞാൻ” ‘വിളിച്ചു കൂവുന്നു’. ലോക കോർപറേറ്റ് രക്തസത്രങ്ങൾക്കെതിരെ രോഷംകൊള്ളുന്ന ഈ എതിരൊറ്റുകാരൻ ഒരേസമയം ആഗോളവും കേരളീയവുമായ ഭൗമനൈതികപ്രതിരോധത്തിന്റെ വിസിൽബ്ലോവറായി മാറുന്നു.
സത്യം പറയൽ, പരീഷ്യ, യഥാർഥത്തിൽ ഒറ്റലാണ്, ഒറ്റിനെ ഒറ്റിക്കൊടുക്കൽ, തന്നെത്തന്നെ ഒറ്റൽ. സോക്രട്ടീസും ദയോജനീസും സോഫോക്ലീസും ക്രിസ്തുവും മാർക്സും ഗാന്ധിയും മഹാവിപ്ലവകാരികളും കവികളും കലാകാരന്മാരും എല്ലാം ഈ അർഥത്തിൽ (എതിർ) –ഒറ്റുകാരാണ് എന്നുപറയാം. ചരിത്രത്തെ, നാഗരികതയെ, സ്വമതത്തെ, സ്വസമുദായത്തെ, സ്വകർതൃത്വത്തെ ഒറ്റിക്കൊടുത്തവർ. ഒറ്റിനെ ഒറ്റിയവർ. അധികാരിവർഗം, അവരെ കുറ്റവാളികളും ജനദ്രോഹികളും രാജ്യദ്രോഹികളുമെന്ന് വിധിക്കുന്നതും മാരകമായ ഈ വെളിപ്പെടുത്തലുകളെ, സത്യത്തിന്റെ സ്ഫോടകശക്തിയെ, ഭയന്നാവണം.
കവിത: ഉണ്മ: ഉൾവിപ്ലവം
ഉണ്മയുടെ (Da-sein അല്ലെങ്കിൽ being-there) ഉണ്മ വെളിപ്പെടുത്തലാണെന്ന് ഹൈദഗർ നിർവചിക്കുന്നു. “(ഐഹികമായ) ഉണ്മ എല്ലായ്പോഴും എന്റേതാണ്, എന്റേതു മാത്രം” എന്നും. ആത്മമൊഴികളിലൂടെയാണ് ഉണ്മ സ്വയം വെളിപ്പെടുന്നത് എന്നർഥം. കവിത ചരിത്രപരമായ അസ്തിത്വത്തിന്റെ, ലൗകികമായ ഉണ്മയുടെ വെളിപ്പെടലുകളാകുന്നത് ആത്മത്തിന്റെ ഉൾമൊഴികളിലൂടെയാണ്. ഈ വെളിപ്പെടലുകൾ പക്ഷേ ആത്മത്തെ, അതുവഴി ലോകത്തെ, മാറ്റിമറിക്കുന്നു. ഇതാണ് കവിത നടത്തുന്ന വിപ്ലവം. ദൈനംദിന ജീവിതത്തിൽനിന്ന്, വ്യവസ്ഥാപിത കർതൃത്വത്തിൽനിന്ന്, അത് നമ്മെ വിച്ഛേദിക്കുന്നു. പുതിയ “ഞാൻ” ഉദിക്കുമ്പോൾ പുതിയ “ലോക”വും ഉദിക്കുന്നു.
കെ.ജി.എസിന്റെ കവിതകൾ സംബോധന ചെയ്യുന്നത് അപരരെയല്ല, വർഗശത്രുവിനെയോ, “അവരിവരെയോ, (they-self) പൊതു മനുഷ്യരെയോ അല്ല. “എന്നെ”യാണ് “എന്റെ” ആത്മത്തെയാണ്. അതിസൂക്ഷ്മമായ അന്തർ സംവാദത്തിലൂടെ, ബഹുമൊഴികളുടെ അന്യോന്യഘർഷണങ്ങളിലൂടെ, ആഴങ്ങളുടെ ഉത്ഖനനങ്ങളിലൂടെ, ആത്മമഥനങ്ങളിലൂടെയാണ്, ഉണ്മ അനുഭവസത്യമായി വെളിച്ചപ്പെടുന്നത്.
ഈ ആത്മപ്രവർത്തനമാണ്, ആത്മസംവാദത്തിന്റെയും ആത്മവിമർശനത്തിന്റെയും ആത്മസമരത്തിന്റെയും ആത്മാന്തരണത്തിന്റെയും പ്രക്രിയകളാണ് കവിതയെ വിപ്ലവത്തിന്റെ ആവിഷ്‍കാരവും ആവിഷ്‍കാരത്തിന്റെ വിപ്ലവവും ആക്കുന്നത്. അസ്തിത്വപരവും ഭവപരവുമായ വിപ്ലവം, വിപ്ലവത്തിനുള്ളിലെ വിപ്ലവം, കവിത. മഹാവിപ്ലവങ്ങളെല്ലാം പരാജയപ്പെട്ടത് പ്രതിവിപ്ലവമായി ഒടുങ്ങിയത് കവിതയുടെ, കലയുടെ, ഉൾവിപ്ലവത്തിലൂടെ കടന്നുപോകാത്തതുകൊണ്ടെന്ന് ഴാക്ക് ദെറീദ. ഒറ്റുകാരനെ, എതിരൊറ്റുകാരനാക്കാൻ, അനുരഞ്ജകനെ വിസിൽബ്ലോവറാക്കാൻ, നീതിപ്പോരാളിയാക്കാൻ, സ്ഫോടകമായ വെളിപ്പെടുത്തലുകൾക്കാവും എന്നല്ലേ ഈ കവിതയുടെ ഗൂഢസന്ദേശം?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.