ഫ്രഞ്ച് സാമൂഹിക ചിന്തകനായ ഒലിവിയെ റോയിയുടെ ചിന്തകളെയും കൃതികളെയും വായിക്കുകയാണ് ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ. ഒലിവിയെ റോയി വിമർശിക്കപ്പെടേണ്ടതുണ്ടോ? അദ്ദേഹത്തിന്റെ വാദങ്ങൾ വർത്തമാന ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ എങ്ങനെയൊക്കെയാണ് ഇടപെടുന്നത്?
ഫ്രഞ്ച് സാമൂഹിക ചിന്തകനായ ഒലിവിയെ റോയിയുടെ അന്വേഷണങ്ങൾ സംസ്കാരം, രാഷ്ട്രീയം മതം, ആഗോളീകരണം തുടങ്ങിയവയുടെ പരസ്പരബന്ധത്തെക്കുറിച്ചുള്ള ഗവേഷണ-പഠനങ്ങളുടെ ആകത്തുകയാണ്. പഠനവിഷയമായ പ്രതിഭാസങ്ങളുടെ ‘സൂക്ഷ്മ’വായനയെക്കാൾ പ്രതീകാത്മക പ്രഭാവം വിശകലനംചെയ്യുകയാണ് അദ്ദേഹം ചെയ്യുന്നത്. 2024ൽ പുറത്തിറങ്ങിയ ‘ദി ക്രൈസിസ് ഓഫ് കൾചർ: ഐഡന്റിറ്റി പൊളിറ്റിക്സ് ആൻഡ് ദി എംപയർ ഓഫ് നോംസ്’ എന്ന പുതിയ പുസ്തകത്തിൽ അദ്ദേഹത്തിന്റെ നാലു ദശകത്തിലേറെ നീണ്ടുനിൽക്കുന്ന സൈദ്ധാന്തിക അന്വേഷണങ്ങളുടെ ചുരുക്കക്കുറിപ്പ് കാണാം. ഈ പുസ്തകത്തിൽ അദ്ദേഹം ലോകരാഷ്ട്രീയത്തിൽ നാല് പ്രധാന അന്വേഷണ മേഖലകൾ മുന്നോട്ടുവെക്കുന്നു: (1) സമൂഹങ്ങളുടെ അപസംസ്കാരവത്കരണം; (2) പുതിയ സാമൂഹിക പെരുമാറ്റച്ചട്ടങ്ങളുടെ വ്യാപനം; 3) മാനവിക ചിന്തയുടെ പ്രതിസന്ധി. 4) സാമൂഹിക പ്രസ്ഥാനങ്ങളുടെ അരാഷ്ട്രീയവത്കരണം. ആദ്യത്തെ മൂന്നും സംസ്കാരത്തെക്കുറിച്ചും നാലാമത്തേത് രാഷ്ട്രീയത്തെക്കുറിച്ചും റോയി പുലർത്തുന്ന ദീർഘകാല/ ബൃഹദ് ചിന്താപദ്ധതികളുടെ ഭാഗമാണ്.
ആഗോളീകരണ കാലത്തെ ഇസ്‌ലാമും ക്രൈസ്തവതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് റോയിയുടെ വിശകലനങ്ങൾ ഏറെയും. 1969ൽ, 19 വയസ്സുള്ളപ്പോൾ റോയ് അഫ്ഗാനിസ്താനിൽ ഗവേഷണത്തിനു പോയി. അക്കാലത്ത് അദ്ദേഹം അഫ്ഗാൻ മുജാഹിദീനുകൾക്കൊപ്പം സോവിയറ്റ് റെഡ് ആർമിക്കെതിരെ പോരാടി. അഫ്ഗാനികൾ ‘വിദേശികളുടെ പ്രസ്ഥാനം’ എന്ന് വിളിച്ചിരുന്ന ഒരു യൂനിറ്റിലായിരുന്നു അദ്ദേഹം. ലോകത്തിന്റെ പല ഭാഗങ്ങളിലുംനിന്നു സോവിയറ്റ് വിരുദ്ധ പോരാട്ടത്തിനായി എത്തിയവരടങ്ങിയതായിരുന്നു അവർ. ഉസാമ ബിൻ ലാദിനും ആ യൂനിറ്റിലുൾപ്പെട്ടിരുന്നെങ്കിലും, റോയ് നേരിട്ടു കണ്ടിട്ടില്ല. പിന്നീട് അഫ്ഗാൻ കർഷകനായി വേഷം ധരിച്ചാണ് അദ്ദേഹം രാജ്യം വിട്ടത്. അഫ്ഗാൻ അനുഭവം റോയിയുടെ പിൽക്കാല അന്വേഷണങ്ങളുടെ അനുഭവ പശ്ചാത്തലമാണ്. 1980ൽ, ഒരു യുവ ചരിത്രകാരനായി ഫ്രഞ്ച് നാഷനൽ സെന്റർ ഫോർ സയന്റിഫിക് റിസർച് എന്ന സ്ഥാപനത്തിൽ നിയമിതനായി.
ആഗോളീകരണവും മതവും: പുനരുത്ഥാനമോ രൂപാന്തരീകരണമോ?
സോഷ്യോളജി ഓഫ് റിലിജ്യൻ എന്ന പഠനമേഖലയിലെ രണ്ടു പ്രധാന ദിശകളിൽ ഒന്നാണ്, പീറ്റർ ബർഗർ, ജോൺ എസ്‌പൊസിറ്റോ തുടങ്ങിയവരുടെ മതത്തിന്റെ ‘തിരിച്ചുവരവ്’ (റിട്ടേൺ ഓഫ് റിലിജ്യൻ) എന്ന സമീപനം. സെക്കുലറൈസേഷൻ (മതേതരവത്കരണം) എന്നത് പൊതുവായി മതത്തിന്റെ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, നിയമ മേഖലകളിൽനിന്നുള്ള വിച്ഛേദത്തെ (സെപറേഷൻ) സൂചിപ്പിക്കുന്നു. ഇതിനെതിരായാണ് ഇവർ മതത്തിന്റെ ‘തിരിച്ചുവരവ്’ എന്ന ആശയം മുന്നോട്ടുവെച്ചത്.
ഇതിനു വിപരീതമായി, റോയി വാദിക്കുന്നത്, 1980നു ശേഷമുള്ള കാലഘട്ടത്തിൽ മതത്തിന്റെ ഒരു തിരിച്ചുവരവല്ല, രൂപാന്തരീകരണമാണ് (ട്രാൻസ്ഫർമേഷൻ) സംഭവിച്ചതെന്നതാണ്. റോയിയുടെ വാദങ്ങൾ പരിശോധിക്കുമ്പോൾ, സെക്കുലറൈസേഷന്റെ രണ്ട് ഘട്ടങ്ങൾ വേർതിരിച്ച് മനസ്സിലാക്കേണ്ടതാണ്. ആദ്യം, ചർച്ചും രാഷ്ട്രവും വേർപെട്ടപ്പോൾ മതം ‘വിശ്വാസ’മായി മാറി. വ്യക്തിയിലേക്കും സ്വകാര്യ ജീവിത മേഖലയിലേക്കും ചുരുങ്ങി. മാക്സ് വെബർ മുതൽ മുന്നോട്ടുവെച്ച ഈ സെക്കുലറൈസേഷൻ തീസിസിന്റെ പിന്തുടർച്ചക്കാരനല്ല റോയി.
ആഗോളീകരണ കാലത്തു സംഭവിച്ച മറ്റൊരു സെക്കുലറൈസേഷനാണ് റോയി പരിശോധിക്കുന്നത്. ‘പുതിയ സെക്കുലറൈസേഷൻ’ പ്രവണതക്ക് ഇത് തുടക്കമിട്ടു. ആഗോളീകരണ കാലത്തു ക്ലാസിക്കൽ സെക്കുലറൈസേഷൻ തീസിസ് വാദിക്കുംപോലെ മതം സ്വകാര്യ മണ്ഡലത്തിലേക്ക് തിരിച്ചുപോയിട്ടില്ല. പക്ഷേ മറ്റൊരു ‘വിടവാണ്’ മതത്തിനു സംഭവിച്ചത്. മതവും സംസ്കാരവും തമ്മിൽ വേർപെടുത്തുന്ന (സെപറേഷൻ) മാറ്റം ആഗോളീകരണത്തിലൂടെ ഉണ്ടായി. കൂട്ടായ സാംസ്കാരികാനുഭവമായ മതം എന്നതു വ്യക്തിപരമായ, സംസ്കാരത്തിൽനിന്നു വേർപെട്ട, ‘മതപരത’യിലേക്ക് വഴിമാറി.
സംസ്കാരത്തിൽനിന്നു വേർപെട്ട മതം വിപണിയുടെ യുക്തിയുടെ ഭാഗമായി. ഈ തുറന്ന വിപണിയിൽ, ആളുകൾക്ക് സ്വന്തം വിശ്വാസങ്ങൾ ഒരു ‘ഫെയ്ത് കിറ്റ്’ ആയി വാങ്ങാനും ഉപയോഗിക്കാനും കഴിയുമെന്നായി. കാരണം, അതിലെ ഉൽപന്നങ്ങൾ ഇന്റർനെറ്റ്, ടെലിവിഷൻ നെറ്റ്‌വർക്ക് തുടങ്ങിയവ വഴി വ്യാപിക്കുന്നു. റോയി പറയുന്നു: ‘‘മതത്തിന്റെ പ്രതിസന്ധി അതേസമയം ഒരു സംസ്കാര പ്രതിസന്ധിയുമാണ്.’’ ആഗോളീകരണകാലത്തു മതം ആധുനികതയെയും മുതലാളിത്തത്തെയും എതിർക്കുന്നുവെന്ന് തോന്നിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രവർത്തനം, വിപണനം, സംഘാടനം എന്നിവ ആധുനിക സാങ്കേതികതയെയും വിപണി/ വാണിജ്യരീതികളെയും അനുകരിക്കുന്നു. ഉദാഹരണത്തിന്: ഇസ്‍ലാമിക് ഫാഷൻ, ക്രിസ്ത്യൻ റാപ് മ്യൂസിക്, ഹൈടെക്ക് പാസ്റ്റേഴ്സ് മുതലായവ. ഇത് പരമ്പരാഗത സെക്കുലർ ചിന്ത കരുതുന്നപോലെ മത ‘പുനരുത്ഥാനം’ അല്ല, മതത്തിന്റെ ‘രൂപാന്തരീകരണ’മാണ്.
രണ്ടു ഘടകങ്ങൾ
റോയിയുടെ അഭിപ്രായത്തിൽ, മതത്തിന്റെ പുതിയ രൂപാന്തരത്തിൽ രണ്ട് പ്രധാന ഘടകങ്ങളുണ്ട്. ഒന്നാമത്, ദേശരാഷ്ട്ര പരിധികൾക്കപ്പുറം മനുഷ്യരുടെ കുടിയേറ്റം, വിവിധ സാംസ്കാരിക ആശയങ്ങളുടെ ആഗോള സഞ്ചാരം, സാംസ്കാരിക വസ്തുക്കൾ, വിവരങ്ങൾ, ഉപഭോഗശൈലികൾ എന്നിവയിലൂടെ പ്രതിഫലിക്കുന്ന ‘ഡീറ്റെറിട്ടോറിയലൈസേഷൻ’ എന്ന പ്രക്രിയ. അതായത്, മുമ്പു മതം ഒരു സംസ്കാരത്തിൽ അലിഞ്ഞതായിരുന്നു. മതപരമായ ആചാരങ്ങൾ, വസ്ത്രധാരണങ്ങൾ, ഭാഷ, കുടുംബ സംവിധാനങ്ങൾ എന്നിവ ഒരേ സാംസ്കാരിക ഘടകങ്ങളുടെ ഭാഗമായിരുന്നു. ഇന്ന് മതത്തിന് അതിന്റെ സാംസ്കാരിക ഭൂമിക നഷ്ടപ്പെട്ടിരിക്കുന്നു. അത് അന്യമായ പശ്ചാത്തലങ്ങളിൽ ‘കൃത്രിമമായി’ പുനഃസ്ഥാപിക്കപ്പെടുന്നു. രണ്ടാമത്, ‘ഡീകൾചറേഷൻ’ പ്രക്രിയയാണ്, അതായത് മതങ്ങൾ തങ്ങളുടെ ഉറവിട സംസ്കാരങ്ങളുടെ പരിധി വിട്ട് മറ്റു സംസ്കാരങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. പീറ്റർ ബർഗർ മുതലായവരും മറ്റും പറയുന്നപോലെ മതം ‘തിരിച്ചുവന്നില്ല’; മതത്തിന് സാംസ്കാരിക ഉള്ളടക്കം നഷ്ടപ്പെട്ടതുകൊണ്ട് പുതിയ ടൂളുകൾ ഉപയോഗിച്ച് വിപണിയുടെ ഭാഗമാവുകയും രാഷ്ട്രീയവത്കരിക്കുകയും ‘രൂപാന്തരം’ ചെയ്യുകയുമാണ്.
ഈ രണ്ട് പ്രക്രിയകളും ചേർന്നാണ് റോയി ‘ഹോളി ഇഗ്നറൻസ്’ (2010) എന്ന പുസ്തകത്തിൽ വിശേഷിപ്പിക്കുന്ന പുതിയ സ്ഥിതി രൂപപ്പെട്ടത്. ഉദാഹരണമായി, മതം സംസ്കാരത്തിൽനിന്നു വേർപെട്ടതോടെ യൂറോപ് പൂർണമായും അതിന്റെ ക്രൈസ്തവ മത പാരമ്പര്യത്തെ ‘അംനേഷ്യ’ ബാധിച്ചപോലെ മറന്നു, ‘മതേതര സമൂഹമായി’ എന്ന മിഥ്യാധാരണയിലെത്തി. മറുവശത്ത്, യൂറോപ്പിലെത്തിയ ഇസ്‌ലാം മൂലസംസ്കാരങ്ങളിൽനിന്നു പുറപ്പെട്ടതിനാൽ വിപണിവത്കരിക്കപ്പെട്ട ‘മതപരതയിലേക്ക്’ വഴിമാറി. ആഗോളീകരണ കാലത്ത് സംസ്കാരവും ഇസ്‌ലാമും തമ്മിലുള്ള ബന്ധമാണ് ‘ഗ്ലോബലൈസ്ഡ് ഇസ്‍ലാമി’ല്‍ (2004) അദ്ദേഹം അന്വേഷിച്ചത്. ഈ സാഹചര്യത്തെയാണ് ‘ഹോളി ഇഗ്നറൻസ്’ അഥവാ ‘വിശുദ്ധ അജ്ഞത’ എന്ന പരികൽപന വിവിധ മതസമൂഹങ്ങളെ മുൻനിർത്തി വിശദീകരിക്കുന്നത്. അതായത്, മതങ്ങൾക്ക് ദൃശ്യപരമായി പുനരുജ്ജീവനം ലഭിക്കുന്നതുപോലെ തോന്നുന്ന ഈ ദശകങ്ങളിൽപോലും, യഥാർഥത്തിൽ അവ ‘തളർന്നു’കൊണ്ടിരിക്കുകയാണ്.
മതം സമം വിശ്വാസം, സംസ്കാരം സമം പങ്കുവെക്കുന്ന പ്രാദേശിക മൂല്യമണ്ഡലം എന്നീ നിർവചനങ്ങളുടെ സ്ഥൂലസ്വഭാവം പരിഗണിക്കുമ്പോൾ റോയിയുടെ അടിസ്ഥാന സങ്കൽപത്തിൽതന്നെ കുഴപ്പം കാണുന്നവരുണ്ട്. സംസ്കാരം എന്നത് ആധുനിക ദേശീയതയുടെ നിർമിതിയാണെന്നോ മതം ഒരു ആധുനിക കൊളോണിയൽ സംവർഗമാണെന്നോ മതം ദേശരാഷ്ട്രത്തിന്റെ അറിവധികാര വസ്തുവാണെന്നോ ഉള്ള ചരിത്രപരമായ വാദം റോയി ഗൗരവത്തിലെടുക്കുന്നില്ല. മതവിശ്വാസികളുടെയോ പ്രസ്ഥാനങ്ങളുടെയോ പ്രവർത്തനങ്ങൾ, ആലോചനകൾ തൊട്ടറിയാവുന്ന (ടാൻജിബ്ൾ) ഒരു പഠനവും റോയി നടത്തിയിട്ടില്ലെന്നും വിമർശിക്കുന്ന ചാൾസ് ഹിഷ്കിന്ദിനെ പോലുള്ളവരുണ്ട്.
സംസ്കാരത്തിന്റെ നഷ്ടം
2024ലെ പുതിയ പുസ്തകത്തിൽ, സംസ്കാരത്തെക്കുറിച്ചുള്ള സ്ഥൂലസമീപനം ഒരു ആഗോള കാഴ്ചപ്പാടായി വികസിപ്പിച്ചിരിക്കുന്നു. അതായത്, അപസംസ്കാരവത്കരണത്തിന്റെ (deculturation) കെടുതികളാണ് അദ്ദേഹം പരിശോധിക്കുന്നത്. ആഗോളീകരണം, അപ-പ്രദേശവത്കരണം (deterritorialization), അപവ്യക്തിവത്കരണം, അപസാമൂഹികവത്കരണം എന്നീ ഘടകങ്ങളുടെ കൂട്ടായ സ്വാധീനമാണ് വ്യത്യസ്ത സംസ്കാരങ്ങൾ നേരിടുന്ന പ്രതിസന്ധിയുടെ കാരണം. ഇത് മതം, മതേതരത്വം, മാനവികത, രാഷ്ട്രീയം, ലിംഗബന്ധങ്ങൾ തുടങ്ങി നിരവധി മേഖലകളിലെ പ്രതിസന്ധിയുടെ ഭാഗമാണ്.
പുതിയ കാലത്തെ സംസ്കാരത്തിന്റെ പ്രതിസന്ധി വിവിധ രൂപങ്ങളിൽ പ്രകടമാകുന്നു: പൊതു സാമൂഹിക സ്ഥലങ്ങളുടെ ഇല്ലാതാകൽ (പാവങ്ങൾക്ക് ഗെറ്റോവത്കരണവും പ്രത്യേകം തയാറാക്കിയ ഹൗസിങ് പദ്ധതികളും പണക്കാരുടെ വേറിട്ട കമ്യൂണിറ്റികളും മാളുകളും അടങ്ങിയ സോഷ്യൽ ഇടങ്ങളും); മനുഷ്യമോചനത്തിന്റെ ഒറ്റമൂലികളായി അവതരിച്ച കമ്യൂണിസം അടക്കമുള്ള സാർവലൗകിക ഉട്ടോപ്യൻ വിമോചന പ്രത്യയശാസ്ത്രങ്ങളുടെ തകർച്ച; വിവിധ സംസ്കാരങ്ങളിലെ വ്യത്യസ്ത ഘടകങ്ങൾ ചേരുന്ന ഉപസംസ്കാരങ്ങളുടെ വളർച്ച (യുവാക്കളുടെ ഉപസംസ്കാരം, ഫ്യൂഷൻ ഫുഡ്); ഒരു സംസ്കാരത്തിൽ പ്രത്യേക അർഥമുള്ള ഒരു ചിഹ്നം മറ്റൊരു സാഹചര്യത്തിൽ രാഷ്ട്രീയ ചിഹ്നമായി മാറുന്നത് (പാശ്ചാത്യ രാജ്യങ്ങളിലെ ഇസ്‍ലാമിക മൂടുപടം ഏഷ്യയിലെയോ ആഫ്രിക്കയിലെയോ ‘പാരമ്പര്യ’ വസ്ത്രം മാത്രമല്ല, സ്വാതന്ത്ര്യത്തിന്റെയും സ്വയംനിർണയാവകാശത്തിന്റെയും ചിഹ്നംകൂടിയായി കണക്കാക്കപ്പെടുന്നു). ഈയൊരു പ്രക്രിയയുടെ ഭാഗമായി ജനജീവിതത്തിന്റെ അർഥവും മാറുന്നു. മത്സരവിജയത്തെ സൃഷ്ടിപരമായ തൊഴിലിനെക്കാൾ പ്രധാനമാക്കുന്ന നിയോ ലിബറൽ ആശയമാതൃകകൾ എല്ലാ പരമ്പരാഗത ജീവിതശൈലിയെയും ഉപഭോഗത്തിലേക്കു ചുരുക്കുന്നു. ഒടുവിൽ, യുക്തിയെ അഭിലാഷത്തിനു പകരംവെക്കുന്ന, ആസ്വാദനത്തെ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനമായി കാണുന്ന, സമൂഹമാധ്യമങ്ങളിലെ ആത്മപ്രകാശന സംസ്കാരം ലോക വ്യാപകമാകുന്നത് അങ്ങനെയാണ്.
ഇന്ന് സമൂഹം വ്യക്തികളെ നിയന്ത്രിക്കുന്നത് സാംസ്കാരികമായല്ല, വ്യത്യസ്തമായ സാമൂഹിക പെരുമാറ്റ ചട്ടങ്ങളിലൂടെയാണ് (സോഷ്യൽ നോംസ്) എന്നാണ് റോയിയുടെ പ്രധാന തീസിസ്. ഒരിക്കൽ ലോകത്ത് എല്ലാവരും അവരുടേതായ സാഹചര്യങ്ങളിൽ ഒരേ സംസ്കാരവും ഒരേ പെരുമാറ്റച്ചട്ടങ്ങളുമാണ് പിന്തുടർന്നിരുന്നതെന്ന സമീപനത്തെ അദ്ദേഹം സ്വീകരിക്കുന്നു. എന്നാൽ, അങ്ങനെയൊരു സംസ്‌കാര ശുദ്ധാവസ്ഥ ഉണ്ടായിരുന്നോ എന്ന് വിമർശകർ സംശയിക്കുന്നു. സാമൂഹിക പെരുമാറ്റച്ചട്ടങ്ങളും സംസ്കാരവും തമ്മിൽ സംഘർഷപ്പെട്ടിരുന്നുവെന്നും അവർ ഓർമിപ്പിക്കുന്നു.
രണ്ടാമതായി, സംസ്‌കാരത്തിന്റെ പ്രതിസന്ധിയെന്നതിലൂടെ ആളുകൾക്ക് സാംസ്‌കാരികമായ ‘അർഥങ്ങൾ’ നഷ്‌ടമാകുന്നതിനെയാണ് സൂചിപ്പിക്കുന്നത്. പരസ്പര സംവാദങ്ങളിൽ നേരത്തേ പറഞ്ഞില്ലെങ്കിലും മനസ്സിലാകുന്നവ –ദയ, സ്നേഹം, വിനോദം, സമ്മതം തുടങ്ങിയവ– ഇപ്പോൾ അത്ര എളുപ്പത്തിൽ മനസ്സിലാകണമെന്നില്ല. ഇങ്ങനെ പഴയ സംസ്കാരത്തിലെ പല അർഥങ്ങളും മാറിയിരിക്കുന്നു. ഇമോജികൾ ഉപയോഗിച്ച് നൈമിഷിക വികാരങ്ങൾ വ്യക്തമാക്കുന്നതും ലോകമാകെയുള്ളവർക്കായി തയാറാക്കിയ ലളിതമായ ഇംഗ്ലീഷിന്റെ (ഗ്ലോബിഷ് ഭാഷ) ഉദയവും ഓട്ടോമാറ്റിക് വിവർത്തനം ഭാഷയുടെ മേഖലകളിൽ നടത്തിയ പുതുക്കലും ലൈംഗികത, ശരീരം, സ്വകാര്യത, സദാചാരം എന്നിവയുടെ മേഖലയിൽ വികസിച്ച പുതിയ പെരുമാറ്റ കർമശാസ്ത്രങ്ങളും, വ്യക്തിബന്ധങ്ങളടക്കമുള്ള സാമൂഹിക ബന്ധങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. ഇതൊക്കെ പാരമ്പര്യ സംസ്‌കാരത്തിന്റെ മാനദണ്ഡങ്ങൾ ഒഴിവാക്കി പുതിയവ മുന്നിൽവെക്കുന്നു.
ഉദാഹരണമായി മീ ടൂ പ്രസ്ഥാനം ലൈംഗികാതിക്രമ അനുഭവങ്ങളെക്കുറിച്ചുള്ള ഇരകളുടെ തുറന്നുപറച്ചിലിലൂടെ പരമ്പരാഗത നിയമവാഴ്ചയുടെ നിയമനടപടിക്രമങ്ങളെ (ഡ്യൂ പ്രൊസസ്) മറികടക്കുന്നു. അതേസമയം, സാഹിത്യം, സംഗീതം, നാടകം തുടങ്ങിയ മേഖലകളിൽ ‘ഉയർന്ന സംസ്‌കാരങ്ങൾ’ക്ക് പ്രാധാന്യം നഷ്‌ടപ്പെടുകയുംചെയ്യുന്നുണ്ട്. പരമ്പരാഗത സാഹിത്യാഭിരുചിയെ പുറകോട്ടു തള്ളിയാണ് ഈ മാറ്റങ്ങൾ. റോയി ഈ മാറ്റങ്ങളുടെ വിധിനിർണയം നടത്തുന്നില്ല. പകരം ഇതുകൊണ്ടുമാത്രം സമൂഹത്തിനു മുന്നോട്ടുപോകാൻ കഴിയുമോയെന്ന സന്ദേഹം പങ്കുവെക്കുകയാണ്.
സംസ്കാരമോ ദേശീയതയോ?
റോയി കരുതുന്നപോലെ ഒരു സമൂഹം പങ്കുവെക്കുന്ന സംസ്കാരം ‘സ്വാഭാവികമല്ലെ’ന്നാണ് വിമർശകരുടെ പക്ഷം. ദേശീയശക്തികൾ നിർമിച്ച ഒന്നാണ് സംസ്കാരത്തെക്കുറിച്ചുള്ള പ്രബല ആധുനിക ധാരണ. ദേശീയതയുടെ പേരിൽ സാമൂഹികമായ വ്യത്യാസങ്ങൾ ഭരണകൂട പിന്തുണയോടെ ക്രമീകരിക്കപ്പെടുന്നു. ഈ പ്രശ്നം പരിശോധിക്കാതെയാണ് റോയി വിമർശനത്തിനു മുതിരുന്നത്.
മാത്രമല്ല, സംസ്കാരത്തിന്റെ പ്രതിസന്ധി എന്ന ആകുലത ആഗോളീകരണ കാലത്തെ പുതിയ പ്രശ്നവുമല്ല. ദേശീയതയും സംസ്കാരവും തമ്മിലുള്ള ബന്ധം ചരിത്രപരമായി പരിശോധിക്കുമ്പോൾ, സംസ്കാരം എല്ലായ്പോഴും ‘പ്രതിസന്ധി’യിലാണ്. യൂറോപ്യൻ കൊളോണിയലിസം, അധിനിവേശ പ്രദേശങ്ങളിലെ ജനങ്ങളിൽ ആഴമുള്ള സാംസ്കാരിക ആകുലതകൾ സൃഷ്ടിച്ചു. അത് പുതിയ സംസ്കാര മാതൃകകളുടെ അന്വേഷണത്തിന്റെ ഭാഗമായി മാറി. ‘ദേശീയ സംസ്കാരം’ എന്ന പരികൽപനതന്നെ ഒരേസമയം കൊളോണിയൽ വിരുദ്ധ ചെറുത്തുനിൽപും അതേസമയം ആധിപത്യ ദേശീയത സങ്കൽപത്തിന്റെയും ഇരട്ട പ്രകാശനമായിരുന്നു.
യഥാർഥത്തിൽ ദേശീയത നിർമിച്ച സംസ്കാരത്തിന്റെ പ്രബല മാതൃകകൾക്ക് ആഗോളീകരണ കാലത്ത് സംഭവിക്കുന്ന രൂപപരിണാമങ്ങളാണ് റോയി അന്വേഷിക്കുന്നത്. പക്ഷേ ദേശീയത എന്ന ഘടനാപരമായ പ്രശ്നത്തെ കൈയൊഴിച്ചാണ് അദ്ദേഹം വിശകലനങ്ങൾ മുന്നോട്ടുവെക്കുന്നത്. ഫലത്തിൽ ദേശീയതക്ക് –റോയിയുടെ ഭാഷയിൽ സംസ്കാരത്തിന്– വിഘാതം സൃഷ്ടിക്കുന്ന മതത്തിന്റെ ആവിഷ്കാരങ്ങളെ റോയി പ്രത്യേകം താൽപര്യമെടുത്താണ് പഠിക്കുന്നത്. ആഗോളീകരണ കാലത്തെ സംസ്കാരത്തിന്റെ പ്രതിസന്ധി എന്നതു ദേശീയതയുടെകൂടി പ്രതിസന്ധിയാണ്. പക്ഷേ, റോയി അതു മതത്തിന്റെ സംസ്കാരത്തിൽനിന്നുള്ള വേർപെടലായി വായിക്കുന്നുവെന്നു മാത്രം.
നാഗരികതയും സംസ്കാരവും: സംഘട്ടനമോ അഭാവമോ?
ശീതയുദ്ധാനന്തരം ആഗോളീകരണ കാലത്തു വികസിച്ച നാഗരിക സംഘർഷം എന്ന പരികൽപനയും റോയിയുടെ ‘സംസ്കാര നഷ്ടം’ എന്ന സമീപനവും തമ്മിലുള്ള ഒരു താരതമ്യം ഈ സാഹചര്യത്തിൽ റോയിയുടെ നിലപാടിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു. 1994ൽ സാമുവൽ ഹണ്ടിങ്ടൺ ‘ദി ക്ലാഷ് ഓഫ് സിവിലൈസേഷൻ ആൻഡ് ദി റിമേക്കിങ് ഓഫ് വേൾഡ് ഓർഡർ’ രചിച്ചു. ഹണ്ടിങ്ടന്റെ വാദങ്ങൾ ഇപ്രകാരമാണ്: ശീതയുദ്ധം അവസാനിച്ചതോടെ, ലോക രാഷ്ട്രീയത്തിലെ പ്രധാന സംഘർഷങ്ങൾ ദേശരാഷ്ട്രങ്ങൾക്കോ ആശയസംഹിതകൾക്കോ (ഉദാ. കമ്യൂണിസം/ മുതലാളിത്തം) ഇടയിലല്ല, മറിച്ച് വ്യത്യസ്ത ‘നാഗരികതകൾ’ തമ്മിലായിരിക്കും.
ദേശരാഷ്ട്രങ്ങൾക്ക് പകരം, നാഗരികതകൾ ആഗോള രാഷ്ട്രീയത്തിന്റെ പ്രധാന യൂനിറ്റുകളായി മാറും. നാഗരികതകൾക്കുള്ളിലെ രാജ്യങ്ങൾ ഒന്നിക്കാനോ നാഗരികതകൾക്കിടയിൽ സഖ്യങ്ങളോ മത്സരങ്ങളോ രൂപപ്പെടാനോ സാധ്യതയുണ്ട്. ഉദാഹരണത്തിന്, ഇസ്‍ലാമിക രാജ്യങ്ങൾ ഒരു പൊതു നാഗരികതാ ഐഡന്റിറ്റിയിൽ ഒന്നിക്കാം, അല്ലെങ്കിൽ ചൈനയും റഷ്യയും പാശ്ചാത്യശക്തിക്കെതിരെ സഖ്യം ചേർന്നേക്കാം. ഗ്ലോബലൈസേഷൻ, കുടിയേറ്റം, ആശയവിനിമയ സാങ്കേതികവിദ്യ എന്നിവ നാഗരികതകൾ തമ്മിലുള്ള സമ്പർക്കം വർധിപ്പിക്കുന്നു. പക്ഷേ, ഇത് സഹകരണത്തിനു പകരം പലപ്പോഴും പരസ്പര ശത്രുത വളർത്തുന്നു. പ്രത്യേകിച്ച്, ഇസ്‍ലാമിക ലോകത്തെ യുവജനസംഖ്യാ വർധനയും പാശ്ചാത്യ മൂല്യങ്ങളോടുള്ള എതിർപ്പും സംഘർഷങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, റോയി വാദിക്കുന്നത് മറിച്ചാണ്. 19ാം നൂറ്റാണ്ടിൽ, നാഗരികതയും സംസ്കാരവും തമ്മിലുള്ള വ്യത്യാസം വളരെ ശക്തമായിരുന്നു. എന്നാൽ, ഇപ്പോൾ അത് പ്രവർത്തിക്കുന്നില്ല. കാരണം, നാഗരികത എന്നൊരു യൂനിറ്റ് അപ്രസക്തമാണ്. തീർച്ചയായും, സംസ്കാരം ഇപ്പോഴും നിലനിൽക്കുന്നു. പക്ഷേ, സംസ്കാരം കൂടുതൽ ചെറിയ സമൂഹങ്ങളിലേക്ക്, അകത്തേക്ക് നോക്കുന്ന ഗ്രൂപ്പുകളിലേക്ക്, പരിമിതപ്പെടുന്നു. ഇതൊടുവിൽ വ്യക്തിവാദമായി മാറുന്നു. ഈ പ്രതിസന്ധി കാരണമാണ് ഇപ്പോൾ കൾട്ടുകളും പോപുലിസ്റ്റ് പ്രസ്ഥാനങ്ങളും ഉയർന്നുവരുന്നത്. അവർക്ക് ഒരു സാംസ്കാരിക സമൂഹത്തെ, പുനർനിർമിക്കാൻ ആഗ്രഹമുണ്ട്. എന്നാൽ, അതിനുള്ള വിഭവങ്ങൾ ലഭ്യമല്ല. അതിനാൽ, സംസ്കാരം ഒരു നൊസ്റ്റാൾജിയയായി, യഥാർഥ ഉള്ളടക്കമല്ലാതെ, നിലനിൽക്കുന്നു. ഉദാഹരണമായി, വലതു വംശീയ പോപുലിസ്റ്റുകൾ യൂറോപ്പിൽ ഒരു നാഗരികതയുണ്ടെന്ന് അവകാശപ്പെടുന്നു, പക്ഷേ, അത് പ്രവർത്തിക്കുന്നില്ലെന്നാണ് റോയി കരുതുന്നത്. യഥാർഥത്തിൽ, നാഗരികതകളുടെ സംഘട്ടനത്തെക്കുറിച്ചുള്ള ’90കളിലെ വലിയ ചർച്ച, നാഗരികതയെ നിർവചിക്കാൻ ശ്രമിക്കുമ്പോഴും സംസ്കാരത്തിന്റെയും അതിന്റെ ഉള്ളടക്കത്തിന്റെയും അഭാവംകൊണ്ടുതന്നെ അസാധുവാകുന്നു. ഒരു ഗൃഹാതുര ഭൂതകാലം നിർമിച്ച് വലതുപക്ഷ വംശീയ പോപുലിസത്തിന്റെ ആശയ സംഭരണിയുടെ ഭാഗമായി മാറുന്നു.
എന്നാൽ, യൂറോപ്പിൽ നവനാസി പ്രസ്ഥാനങ്ങളോ വലതു പോപുലിസമോ വികസിച്ചതിന്റെ പ്രശ്നം സംസ്കാര നഷ്ടത്തിലല്ല അന്വേഷിക്കേണ്ടത്, മറിച്ച് ആഗോളീകരണവും ദേശീയതയും തമ്മിലുള്ള ബന്ധത്തിലാണെന്നു കരുതുന്നവരുമുണ്ട്. ആഗോളീകരണം യൂറോപ്യൻ/ അമേരിക്കൻ ദേശരാഷ്ട്രങ്ങൾക്ക് ലോകമാകെ തുറന്ന വിപണി ഉറപ്പുനൽകി. എന്നാൽ, അതിന്റെ പാർശ്വഫലം ദേശീയ പരമാധികാരത്തിന്റെ നഷ്ടമാണ്. ’90കളിൽ ആഗോളീകരണം സൃഷ്ടിച്ച സൈനിക/ സാമ്പത്തിക കെടുതികളാണ് ലോകം മുഴുവനുള്ള മനുഷ്യരുടെ വിശിഷ്ട ഏഷ്യ/ ആഫ്രിക്ക/ ലാറ്റിനമേരിക്ക തുടങ്ങിയിടങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ഒഴുക്കിനെ സാധ്യമാക്കിയത്. മൂലധനത്തിന്റെ വ്യാപനത്തെ ത്വരിതപ്പെടുത്തുമ്പോൾതന്നെ ജനങ്ങളുടെ ഒഴുക്കിനെ തടയുക എന്ന രീതിയിൽ ആഗോളീകരണം പുതിയൊരു പ്രതിസന്ധി അനുഭവിക്കാൻ തുടങ്ങി. ഇത്തരമൊരു സാഹചര്യത്തോടുള്ള പ്രതികരണമാണ് യൂറോപ്പിൽ വികസിക്കുന്ന നവദേശീയ/ വംശീയ രാഷ്ട്രീയം. ഇതാവട്ടെ സംസ്കാരത്തിന്റേതല്ല, മറിച്ച് ദേശീയതയുടെയും മൂലധനത്തിന്റെയും പ്രതിസന്ധിയാണ്.
രാഷ്ട്രീയത്തിന്റെ നഷ്ടം
റോയിയുടെ മറ്റൊരു അന്വേഷണം, സമൂഹങ്ങളുടെ രാഷ്ട്രീയവത്കരണത്തിന്റെ അഭാവമാണ്. സമൂഹത്തിന്റെ അരാഷ്ട്രീയവത്കരണം അഥവാ രാഷ്ട്രീയ പരാജയംമൂലം സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ പിന്നോട്ടടിക്കുന്നു. പകരം ദരിദ്രരുടെയോ തൊഴിലാളിവർഗത്തിന്റെയോ സ്വത്വപരമായ ചോദ്യങ്ങൾക്കു ചുറ്റും കേന്ദ്രീകരിക്കുന്നു. പുതിയ സാമൂഹിക പ്രസ്ഥാനങ്ങൾ ‘സുരക്ഷിത ഇടങ്ങൾ’ (സേഫ് സ്പേസ്), ‘വ്യക്തിപരമായ കഷ്ടപ്പാട്’ (പേഴ്സനൽ സഫറിങ്) എന്നിവയൊക്കെ ഉൾപ്പെടുന്ന പ്രതീകാത്മക പ്രശ്നങ്ങളെ ആശ്രയിക്കുന്നതിനാൽ, പിന്തുണയും പ്രഭാവവും വർധിപ്പിക്കാൻ ഉതകുന്ന വിശാലമായ രാഷ്ട്രീയ കൂട്ടായ്മകൾ ഇല്ലാതാവുന്നു.
വർഗസമരത്തിൽനിന്ന് സ്ഥലങ്ങളുടെ, മുഖങ്ങളുടെ, വംശങ്ങളുടെ, സ്വത്വങ്ങളുടെ, സമരത്തിലേക്ക് രാഷ്ട്രീയം (ഐഡന്റിറ്റി പൊളിറ്റിക്സ്) പരിവർത്തിക്കപ്പെട്ടിരിക്കുന്നു. വ്യവസായോത്തര കാലഘട്ടത്തിൽ കേന്ദ്രസ്ഥാനത്തായിരുന്ന സാമൂഹിക-സാമ്പത്തിക രാഷ്ട്രീയം നിർവീര്യമാകുന്നുവെന്നതാണ് ഇതിന്റെ ഫലം. റോയി ഐഡന്റിറ്റി പൊളിറ്റിക്സിനെ വിമർശിക്കുന്നത് സാർവലൗകിക വിമോചന പദ്ധതികളെ ത്യജിച്ചതിനാലല്ല, മറിച്ച്, സങ്കീർണത ലഘൂകരിച്ച് ‘ബോക്സ് ഐഡന്റിറ്റികൾ’ എന്ന ലളിതമായ വിഭാഗങ്ങളാക്കി മാറ്റിയതിനാണ്. സ്വാതന്ത്ര്യം എന്നത് ഒരു വ്യക്തിക്ക് ഈ ബോക്സുകൾ തമ്മിൽ മാറിയിട്ട് ജീവിക്കാനുള്ള അവകാശമായി ചുരുങ്ങുന്നു.
എന്നാൽ, വ്യത്യസ്ത തരത്തിലുള്ള ഐഡന്റിറ്റി ആക്ടിവിസ്റ്റുകളെല്ലാം ഒരു സംഘടിതവ്യവസ്ഥക്കെതിരെ (വംശീയത, ആൺകോയ്മ മുതലായവ) പോരാടുന്നുവെന്നും അവകാശപ്പെടുന്നു. ഇത്തരം പ്രസ്ഥാനങ്ങൾ മുന്നോട്ടുവെക്കുന്ന ഇന്റർസെക്ഷനാലിറ്റി എന്ന സങ്കൽപവും വ്യത്യസ്തതരത്തിലുള്ള അടിച്ചമർത്തപ്പെട്ട വ്യക്തികളെ ഒരു പൊതു, ബഹുമുഖ, അടിച്ചമർത്തൽ വ്യവസ്ഥക്കെതിരെ ഒന്നിപ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയതാണ്. റോയി ‘അരാഷ്ട്രീയവത്കരണം’ എന്ന് വിവരിക്കുന്നത്, സ്ഥാപനപരമായ (ഇൻസ്റ്റിറ്റ്യൂഷനൽ) രാഷ്ട്രീയത്തിന്റെ മേഖലക്ക് പുറത്ത് നടക്കുന്ന പുതിയ രാഷ്ട്രീയ പ്രക്ഷോഭ രൂപങ്ങളെയാണ്.
ഫലസ്തീനും ആഗോള പ്രക്ഷോഭവും: രാഷ്ട്രീയവും ധാർമികതയും
പുതിയകാല രാഷ്ട്രീയത്തെക്കുറിച്ചുള്ള റോയിയുടെ നിലപാട് ഏറ്റവും മൂർത്തമായി കാണാൻ കഴിയുന്നത് ഫലസ്തീൻ പ്രക്ഷോഭത്തെക്കുറിച്ചാണ്. ഒലിവിയെ റോയ് (2024) വാദിക്കുന്നത്, ഗസ്സക്ക് അനുകൂലമായി യുവാക്കളുടെ, പ്രത്യേകിച്ച് വിദ്യാർഥികളുടെ, പ്രക്ഷോഭം ഒരു വിപ്ലവ പ്രസ്ഥാനമല്ല, മറിച്ച് ‘ധാർമിക’ നിലപാടിനെ പ്രതിനിധാനം ചെയ്യുന്നതാണ് ‘രാഷ്ട്രീയം’ പരാജയപ്പെടുമ്പോൾ ‘ധാർമികത’ ഒരു ബദലായി മാറി.
ഇന്നത്തെ ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർ ഒരു ‘പുതിയ ഭരണകൂടം’ അല്ലെങ്കിൽ ‘ശോഭനമായ ഭാവി’ നിർദേശിക്കുന്നില്ല. പകരം, അവർ ഭരണകൂടങ്ങളോട് ‘പശ്ചാത്തപിക്കാൻ’ ആവശ്യപ്പെടുന്നു. വിപ്ലവ രാഷ്ട്രീയ ബദലിന് പകരം അവർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നിയമപരമായ അഭിപ്രായങ്ങളെ പിന്തുണക്കുകയും ഫ്രാൻസിലും യു.എസിലുമുള്ള ഭരണകൂടങ്ങളോട് ഇസ്രായേലിനെ ബഹിഷ്കരിക്കാൻ (ബോയ്കോട്ട്) ആവശ്യപ്പെടുകയുംചെയ്യുന്നു.
ഫ്രാൻസിലെ പ്രക്ഷോഭങ്ങൾ തന്നെയെടുക്കുക: പഴയകാലത്തേത് പോലെ ഫ്രാൻസിലെ സാമൂഹിക വിഭജനങ്ങൾ ആഗോള ഭൗമരാഷ്ട്രീയ വിഭജനങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. ഫലസ്തീനോടുള്ള ഐക്യദാർഢ്യം പ്രധാനമായും കുടിയേറ്റ പശ്ചാത്തലമുള്ള വിദ്യാസമ്പന്നരായ യുവാക്കളുടേതും ആന്റി ഇംപീരിയലിസ്റ്റ് പോരാട്ടങ്ങളിൽ ഏർപ്പെട്ടവരുടേതും മാത്രമാണ്. ഫ്രഞ്ച് ഉപനഗരങ്ങളിൽ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളില്ല. 1984 മുതലുള്ള ഉപനഗര കലാപങ്ങൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നത് ഭരണകൂട പീഡനത്തിൽ കൊല്ലപ്പെട്ട യുവാക്കളുടെ മരണവുമായി ബന്ധപ്പെട്ടവയാണ്. അവയുമായി ഫലസ്തീന് പ്രക്ഷോഭത്തിന് ബന്ധമില്ല. പുതിയ പ്രക്ഷോഭം 1968ലെ ഒലിവിയെ റോയിയുടെ തലമുറയുടെ പ്രതിഷേധങ്ങളിൽനിന്നും വ്യത്യസ്തമാണ്. 1968ൽ, പ്രതിഷേധങ്ങൾ കൂടുതൽ അക്രമാസക്തമായിരുന്നു. പൊലീസിനെ ചെറുത്തുനിൽക്കുന്ന നേരിട്ടുള്ള ഇടപെടലായിരുന്നു. അവർ ഫാക്ടറികളിൽ കയറി. ഗറില പ്രസ്ഥാനങ്ങളിൽ ചേരാൻ ശ്രമിച്ചു. എന്നാൽ, ഇന്നത്തെ പ്രക്ഷോഭം ‘ശാന്ത’വും, ‘മര്യാദ’യുള്ളതും, കാമ്പസുകളിലെ ‘സുരക്ഷിത സ്ഥലങ്ങളിൽ’ പരിമിതപ്പെട്ടതുമാണ്. ഫലസ്തീൻ പ്രശ്നം ഒരു ‘ഭൗമരാഷ്ട്രീയ’ വിഷയത്തെക്കാൾ ‘ധാർമിക’ കാരണമായാണ് ഇന്നത്തെ യുവജനങ്ങൾ കാണുന്നത്.
ധാർമികത രാഷ്ട്രീയത്തിന് പകരമായി മാറിയതാണ് ഫലസ്തീൻ പ്രക്ഷോഭം ഇത്ര പ്രാധാന്യമർഹിക്കുന്നതായി മാറിയതിന് കാരണം. ഇത് ഇടതുപക്ഷത്തും വലതുപക്ഷത്തും രാഷ്ട്രീയത്തിന് പകരം ഒരു ധാർമിക നിലപാടായി മാറിയിരിക്കുന്നു. വംശഹത്യ അപലപിക്കുന്നതിനും ആന്റി സെമിറ്റിസം അപലപിക്കുന്നതിനും ഇടയിൽ, ഈ ധാർമിക നിലപാട് അധികാരത്തിലുള്ളവർക്ക് പ്രയോജനപ്പെടുന്നു. അവർക്ക് ‘ധാർമിക’ ഉപദേശങ്ങൾക്കുശേഷം പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ മിലിറ്ററിയെ അയക്കാൻ കഴിയും. വലിയ ചെറുത്തുനിൽപ് ഉണ്ടാവില്ല.
‘രാഷ്ട്രീയത്തിന്റെ പരാജയമാണ്’ ഫലസ്തീൻ പ്രക്ഷോഭത്തിൽ ഉള്ളടങ്ങിയ ധാർമികവ്യവഹാരത്തിന്റെ വ്യാപ്തിയെ പ്രതിഫലിപ്പിക്കുന്നതെന്നാണ് റോയി നൽകുന്ന സൂചന. സമകാലിക ലോകത്തെ ‘ധാർമിക ഉത്കണ്ഠകൾ’ യഥാർഥത്തിൽ ‘രാഷ്ട്രീയത്തിന്റെ അഭാവമാണ്’ എന്ന റോയിയുടെ വായന കൂടുതൽ വിശദമായ അന്വേഷണം ആവശ്യപ്പെടുന്നതാണ്.
രാഷ്ട്രീയവും സിദ്ധാന്ത രൂപവത്കരണവും
പഠിക്കുന്ന വിവിധ പ്രസ്ഥാനങ്ങളുടെ കാര്യത്തിൽ അവയുടെ പ്രവർത്തനത്തിൽ ഒരു ഘടകം കണ്ടെത്തി അതിനെ പൊതുവായ ഒരു പ്രത്യേകതയാക്കി ചിത്രീകരിക്കുന്നതാണ് റോയിയുടെ ശൈലി. അതിനുള്ളിൽനിന്ന് ഒരു പ്രവർത്തന നിർവചനം രൂപവത്കരിക്കുന്നു. അന്വേഷിക്കുന്ന പ്രതിഭാസത്തിനു ഒരു മുൻകൂർ കാരണമോ ഘടനയോ നൽകാതെ രാഷ്ട്രീയത്തെ വിശാലമായി കാണാൻ അതു റോയിക്കു സഹായം നൽകുന്നു. 2023ൽ തന്റെ വിശകലന സമ്പ്രദായത്തെ പറ്റി റോയി ഇങ്ങനെ എഴുതി:
‘‘ലളിതമായി പറഞ്ഞാൽ, ‘യഥാർഥ ലോകം’ സിദ്ധാന്തവുമായി ബന്ധപ്പെട്ട് മാത്രം മനസ്സിലാകണമെന്നില്ല. പലപ്പോഴും സിദ്ധാന്തം ഒരു ഉപകരണം മാത്രമായി മാറുന്നില്ല. അത് സ്വയം ഒരു ലക്ഷ്യമായി മാറിയിരിക്കുന്നു. സാമൂഹികശാസ്ത്രങ്ങളുടെ വിഷയം സമൂഹത്തിൽനിന്ന് സിദ്ധാന്തത്തിലേക്ക് മാറിയിരിക്കുന്നു, അല്ലെങ്കിൽ കൂടുതൽ കൃത്യമായി പറഞ്ഞാൽ, സമൂഹം ഇപ്ൾ സിദ്ധാന്തങ്ങൾ പരീക്ഷിക്കുന്നതിനുള്ള ഒരു സ്ഥലം മാത്രമാണ്. എന്നാൽ, നാം സിദ്ധാന്തത്തെ ഉപേക്ഷിക്കേണ്ടതില്ല, പക്ഷേ, ഗവേഷണത്തിന് മുൻ വ്യവസ്ഥയായി സിദ്ധാന്തങ്ങളുടെ ഡോഗ്മാറ്റിക് പ്രയോഗത്തിൽനിന്നു നാം പിന്മാറണം. ഗവേഷണം നടത്തുന്നതിലൂടെയാണ് സിദ്ധാന്തവത്കരണം സംഭവിക്കുന്നത്. അത് തീർച്ചയായും വികസിപ്പിക്കപ്പെടുകയും ശ്രദ്ധാപൂർവം ആലോചിക്കുകയും വേണം, പക്ഷേ ഗവേഷണത്തിനു മുമ്പ് നടത്തുന്ന ഒരു വിശകലനമായി സിദ്ധാന്തത്തെ കണക്കാക്കരുത്.’’
ഇത്തരമൊരു സമീപനം റോയിയുടെ നിലപാടുകളിൽ എമ്പാടും കാണാം. 2009ൽ റോയി ഇറാൻ വിപ്ലവത്തെക്കുറിച്ചുള്ള ഫൂക്കോയുടെ കുറിപ്പുകൾ പരിശോധിക്കുന്നുണ്ട്. റോയിയുടെ വാദ പ്രകാരം ഫൂക്കോയെ ആകർഷിച്ചത് ഇറാനല്ല, ഇസ്‍ലാമുമല്ല, അത് ഒരു സവിശേഷ പ്രശ്നമാണ്: ഇത് രാഷ്ട്രീയ വിപ്ലവമാണോ അതോ രാഷ്ട്രീയത്തിനെതിരായ വിപ്ലവമോ? ഇതായിരുന്നു ഫൂക്കോയുടെ ചോദ്യം. ഇറാൻ വിപ്ലവം ഒരേസമയം രാഷ്ട്രീയ വിപ്ലവവും രാഷ്ട്രീയത്തിനെതിരായ വിപ്ലവവുമായിരുന്നുവെന്നാണ് റോയിയുടെ ഫൂക്കോ വായന. ഫൂക്കോയുടെ പ്രശ്നം വിപ്ലവത്തിൽ പ്രവർത്തിച്ച ഒരു പ്രത്യേക രാഷ്ട്രീയ സിദ്ധാന്തമോ പ്രത്യേക രാഷ്ട്രീയ സംവിധാനമോ വിഭാഗമോ അല്ല. വിപ്ലവം മുന്നോട്ടുവെച്ച ഭാവിയല്ല, അതിന്റെ സവിശേഷ അധികാര വിമർശനത്തിലായിരുന്നു ഫൂക്കോയുടെ ഫോക്കസ്. അനന്യമായ ഒരു വിപ്ലവത്തെയാണ് ഫൂക്കോ കണ്ടെടുക്കാൻ ശ്രമിച്ചത്. രാഷ്ട്രീയത്തെ ഈ അർഥത്തിൽ ‘സവിശേഷമായി’ കാണാൻ കഴിയുമെന്നാണ് റോയി മനസ്സിലാക്കുന്നത്.
ഈ അർഥത്തിൽ ഇസ്‌ലാമിക സമൂഹങ്ങൾ രാഷ്ട്രീയത്തെ നിർമിക്കുന്നതും നിർവചിക്കുന്നതും മാത്രമല്ല, രാഷ്ട്രീയം ഇസ്‌ലാമിനെ നിർണയിക്കുന്നതും നിർവചിക്കുന്നതും ശ്രദ്ധിക്കണമെന്നാണ് റോയിയുടെ വാദം. രാഷ്ട്രീയത്തിന്റെ അർഥം ഇസ്‌ലാമിന്റെ സാഹചര്യത്തിൽ അന്വേഷിക്കുന്ന ഒരു സംജ്ഞയാണ് റോയി രൂപപ്പെടുത്തിയ ‘രാഷ്ട്രീയ ഇസ്‌ലാം’ എന്ന പരികൽപന. പൊതുവെ അലസമായി മനസ്സിലാക്കപ്പെടുന്നപോലെ രാഷ്ട്രീയ ഇസ്‌ലാം എന്ന പരികൽപന, ഇസ്‌ലാമിനെക്കുറിച്ചുള്ള ഒരു ആരോപണമല്ല, രാഷ്ട്രീയം ‘പരാജയപ്പെടുന്ന’ അനേകം ലോക സന്ദർഭങ്ങളെക്കുറിച്ചുള്ള ഒരു സമീപനംകൂടിയാണ്.
രാഷ്ട്രീയ ഇസ്‌ലാം എന്ന പദാവലി
1992ൽ ഒലിവിയെ റോയ് എഴുതിയ പഠനമാണ് ‘ദ ഫെയിലിയർ ഓഫ് പൊളിറ്റിക്കൽ ഇസ്‌ലാം’. ഈ പുസ്തകത്തിലാണ് ‘പൊളിറ്റിക്കൽ ഇസ്‌ലാം’ (രാഷ്ട്രീയ ഇസ്‌ലാം) എന്ന പദാവലിയെ അക്കാദമിക സൂക്ഷ്മതയോടെ വിശദീകരിക്കാൻ ശ്രമിച്ചത്. വൈവിധ്യമാർന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ സ്വയം നൽകുന്ന നിർവചനമല്ല പൊളിറ്റിക്കൽ ഇസ്‍ലാം എന്നത് റോയിയും അംഗീകരിക്കുന്നു. മറിച്ച്, രാഷ്ട്രീയത്തിനു റോയി നൽകുന്ന നിർവചനമാണ് അദ്ദേഹത്തെ അങ്ങനെയൊരു നിലപാടിലേക്ക് എത്തിച്ചത്.
ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങൾ സർക്കാറുകളിലെ അധികാര പങ്കാളിത്തം (ഗവൺമെന്റ് പൊളിറ്റിക്സ്) ഉണ്ടാവുന്ന സാധ്യതയെയല്ല അദ്ദേഹം നിരാകരിച്ചത്. മറിച്ച് അവരുടെ രാഷ്ട്രീയ ലക്ഷ്യമായ ഭരണകൂട രാഷ്ട്രീയം (സ്റ്റേറ്റ് പൊളിറ്റിക്സ്) കെട്ടിപ്പടുക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഭരണകൂടത്തിന്റെ ഭാഗമായ ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ, തുനീഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ സമഗ്രാധിപത്യ സ്വഭാവത്തിന്റെ പേരിൽ മതേതരത്വത്തെ വിമർശിക്കുമ്പോൾതന്നെ, സാമൂഹികമായി മതേതരവത്കരണത്തിന്റെ ഭാഗമാകുന്നുണ്ട്.
ഇസ്‍ലാമിക രാഷ്ട്രീയത്തെക്കുറിച്ച് വളരെ ഇടുങ്ങിയ ഒരു നിർവചനമാണ് ഒലിവിയെ റോയിയുടേതെന്ന് സൽവ ഇസ്മയിൽ (2003) വിമർശിച്ചിരുന്നു. പൗരാവകാശ പ്രസ്ഥാനങ്ങൾ, സിവിൽ സമൂഹ പ്രസ്ഥാനങ്ങൾ, പാർലമെന്ററി രാഷ്ട്രീയത്തിനു പുറത്തുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, പ്രബോധക പ്രസ്ഥാനങ്ങൾ, ദേശീയ വിമോചന പ്രസ്ഥാനങ്ങൾ തുടങ്ങിയ വിവിധ ഇസ്‌ലാമിക പ്രസ്ഥാന രൂപങ്ങളെ കേവല ഭരണകൂട അധികാര കേന്ദ്രീകൃത രാഷ്ട്രീയ പ്രസ്ഥാനങ്ങളായി ചുരുക്കുകയാണ് റോയി ചെയ്യുന്നതെന്നായിരുന്നു വിമർശനം.
റോയി-കെപെൽ സംവാദം: പ്രായോഗിക സന്ദർഭം
ഫ്രാൻസിലാണ് റോയിയുടെ ഇസ്‌ലാമിനെക്കുറിച്ചുള്ള നിലപാടുകൾ പ്രായോഗികമായി ഏറെ ചർച്ചചെയ്യപ്പെട്ടത്. ഫ്രാൻസിൽ 10 ശതമാനം വരുന്ന ഫ്രഞ്ച് മുസ്‌ലിംകളുടെ ചിന്ത, പ്രവർത്തനം ഇവയെ ആഴത്തിൽ വിശദീകരിക്കാൻ ശ്രമിക്കുന്ന ഒലിവിയെ റോയിയുടെ മുഖ്യ സൈദ്ധാന്തിക എതിരാളിയാണ് ജിൽ കെപെൽ. കഴിഞ്ഞ 30 വർഷമായി ഈ സംവാദം തുടരുന്നു. 2015ൽ ‘ലു മോന്ത്’ ദിനപത്രത്തിൽ നടന്ന സംവാദം ‘റോയി -കെപെൽ പോര്’ (റോയ്-കെപെൽ ഡ്യുവൽ) എന്ന പേരിൽ പ്രസിദ്ധമാണ്.
‘ഇസ്‌ലാം തന്നെയാണ് ഭീകരത’ എന്നാണ് കെപെൽ കരുതുന്നത്. ഇസ്‍ലാമിക പാഠങ്ങളാണ് (ടെക്സ്റ്റ്സ്) അതിന്റെ കാരണം. റോയിയാവട്ടെ കുടിയേറ്റക്കാരായ യുവാക്കളുടെ നിരാശകളിൽനിന്നും സ്വത്വപ്രതിസന്ധിയിൽനിന്നുണ്ടാവുന്ന ആക്രമണങ്ങളെ ഇസ്‌ലാമിന്റെ പേരിൽ ആരോപിക്കാൻ കഴിയില്ലെന്ന നിലപാടുള്ളയാളാണ്. മുസ്‌ലിംകൾ എന്തു വിശ്വസിക്കുന്നുവെന്നല്ല മറിച്ച് അവർ എന്തു പ്രവർത്തിക്കുന്നുവെന്നാണ് (ആക്ട്) പരിശോധിക്കേണ്ടതെന്നാണ് റോയിയുടെ നിലപാട്. ഇസ്‌ലാമിന്റെ റാഡിക്കൽവത്കരണമാണ് പ്രശ്നമെന്നു കെപെൽ വാദിക്കുമ്പോൾ റാഡിക്കലിസത്തെ ഇസ്‌ലാമികവത്കരിക്കുകയാണ് കെപെൽ ചെയ്യുന്നതെന്ന് റോയി തിരിച്ചടിക്കുന്നു. കുടിയേറ്റ മുസ്‌ലിംകളെ അടിച്ചമർത്തുന്ന ഫ്രഞ്ച് സാമൂഹിക സാഹചര്യം എന്ന ഘടകമാണ് പുതിയ മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയത്തെ സാധ്യമാക്കുന്നത്.
ഫ്രാൻസിൽ മുസ്‌ലിം പ്രസ്ഥാനങ്ങൾ ഫ്രഞ്ച് സെക്കുലറിസത്തിന്റെ ഭരണകൂട സമഗ്രാധിപത്യത്തെ വിമർശിക്കുന്നു. എന്നാൽ, സാമൂഹികമായി ഒരു മതേതരവത്കരണ പ്രശ്നമാണ് കുടിയേറ്റ മുസ്‌ലിംകൾ ഫ്രാൻസിൽ ഉന്നയിക്കുന്നത്. നേരത്തേ സൂചിപ്പിച്ച പോലെ മതേതരത്വവും മതേതരവത്കരണവും രണ്ടു പ്രശ്നങ്ങളായാണ് റോയി കാണുന്നത്. ഭരണകൂട മതേതരത്വത്തിന്റെ പുറന്തള്ളലിനെ വിമർശിക്കുന്ന മുസ്‌ലിംകൾ മതേതരവത്കരണ പ്രക്രിയയിൽ പങ്കെടുക്കുന്ന വിവിധ രീതികൾ കാണാനുള്ള ശ്രമമാണ് 2007ൽ എഴുതിയ ‘സെക്കുലറിസം കൺഫ്രന്റ്സ് ഇസ്‌ലാം’.
ഫ്രാൻസിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ചരിത്രമുള്ള, മതാനുഷ്ഠാനമില്ലാത്ത, വ്യക്തികളെയാണ് കെപെൽ ‘ഇസ്‌ലാമിക ഭീകരവാദി’കളെന്നു വിളിക്കുന്നതെന്നു റോയി (2015) കണക്കു സഹിതം തെളിയിക്കുന്നു. ഫ്രാൻസിൽ ഭരണകൂട പിന്തുണയോടെ വികസിച്ച ‘ഇസ്‍ലാമോഫോബിയ’യാണ് ഈ വ്യവഹാര നിർമിതിക്കു പിന്നിലെന്നു റോയി (2015) കരുതുമ്പോൾ ഭീകരവാദത്തിനു മറയിടാനും ഇരകളുടെ പേരിൽ ഒരു കൃത്രിമ മതേതര സ്വത്വം അവകാശപ്പെടാനുമാണ് ‘ഇസ്‌ലാമോഫോബിയ എന്ന മറ’ ഉപയോഗിക്കുന്നതെന്ന് കെപെൽ (2013) കരുതുന്നു.
റോയിയുടെയും കെപെലിന്റെയും വിമർശകനാണ് മറ്റൊരു ഫ്രഞ്ച് പണ്ഡിതനായ ഫ്രാൻസ്വാ ബുർജെ (2016). കെപെൽ ചില പുസ്തകങ്ങൾ വായിച്ചിട്ടാണ് ഈ വിശകലനങ്ങൾ വികസിപ്പിച്ചതെന്നും അദ്ദേഹത്തിന് ജനങ്ങൾ അണിനിരക്കുന്ന പ്രസ്ഥാനങ്ങളുമായി ഒരു ബന്ധവുമില്ലെന്നും അറുപതുകളിലെ ഈജിപ്തിൽ നടത്തിയ പഠനങ്ങളിൽ അദ്ദേഹത്തിന്റെ വിശകലനങ്ങൾ കെട്ടിക്കിടക്കുകയാണെന്നും ബുർജെ കരുതുന്നു. എന്നാൽ, റോയി കുറെക്കൂടി വ്യത്യസ്തനാണെങ്കിലും അറബ് ലോകത്തെ പഠിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് ബുർജെ കരുതുന്നത്. അതുകൊണ്ടാണ് ഇസ്‍ലാമിക പ്രസ്ഥാനങ്ങൾ ഏറെ പങ്കുവഹിച്ച അറബ് വസന്തം (2011-2012) പോലുള്ള പ്രതിഭാസങ്ങളെ മനസ്സിലാക്കാനാവാതിരുന്നതെന്നും അവയുടെ രാഷ്ട്രീയം പരാജയപ്പെട്ടെന്നും ’90കളിൽ കാലംതെറ്റി പ്രവചിച്ചതെന്നും ബുർജെ കരുതുന്നു. മാത്രമല്ല, യൂറോപ്യൻ മുസ്‌ലിംകളുടെ പ്രശ്നം ‘സാമൂഹികവും സാംസ്കാരികപരവു’മായി മാത്രം കാണുന്ന റോയി, ഏഷ്യൻ/ ആഫ്രിക്കൻ മുസ്‍ലിംകളുടെ പ്രശ്നത്തെ ‘രാഷ്ട്രീയമായി’ മാത്രം കാണുന്നുവെന്ന മഹമൂദ് മംദാനിയുടെ (2005) വിമർശനവും ശ്രദ്ധേയമാണ്.
മതവും മതേതരത്വവും രാഷ്ട്രീയവും
‘പൊളിറ്റിക്കൽ ഇസ്‍ലാം’ എന്ന പ്രയോഗം പ്രസക്തമാണെന്ന് റോയി 2022ലും പറയുന്നു. താൻ നൽകിയതു ഒരു അയഞ്ഞ നിർവചനമായിരുന്നില്ല, പ്രവർത്തനപരമായ നിർവചനം മാത്രമാണ്. അനുയോജ്യമായ ‘സവിശേഷ സാഹചര്യത്തിൽ’ മാത്രമേ അതിന് അർഥമുണ്ടാകൂ. ഒരു രാഷ്ട്രീയ പഠന ആശയം എന്നനിലയിൽ കൃത്യമായ പ്രവർത്തന നിർവചനത്തിലൂടെ ഉപയോഗിക്കാവുന്ന പദമാണ് പൊളിറ്റിക്കൽ ഇസ്‍ലാം. എന്നാൽ പൊളിറ്റിക്കൽ ഇസ്‍ലാം എന്ന പദം ഇക്കാലത്ത് പൊതു വ്യവഹാരങ്ങളിൽ ഉപയോഗിക്കുന്ന രീതി പ്രശ്നകരമാണെന്നു റോയി കരുതുന്നു. അതിനൊരു വ്യക്തമായ അർഥമോ ആശയമോ ഇല്ലാതായിരിക്കുന്നു. സാമൂഹികശാസ്ത്ര പദാവലിയെ മാധ്യമഭാഷ അട്ടിമറിക്കുമ്പോൾ സംഭവിക്കുന്നതാണിത്. അതാവട്ടെ ഇസ്‍ലാമിന്റെ പേരിൽ നടക്കുന്ന രാഷ്ട്രീയഹിംസകളെ ഉൾക്കൊള്ളുന്ന പദവുമല്ല. ഇതേ പ്രശ്നം 2004ൽ എഴുതിയ ‘ഗ്ലോബലൈസ്ഡ് ഇസ്‌ലാം’ എന്ന പുസ്തകത്തിലും പറയുന്നുണ്ട്: ആഗോളീകരണ കാലത്ത് പൊളിറ്റിക്കൽ ഇസ്‌ലാം പരാജയപ്പെട്ടു. ആഗോളീകരണത്തിന്റെ പ്രതിഫലനമാണ് ഇതിൽനിന്നു വ്യത്യസ്തമായ സായുധരായ അൽഖാഇദ അടക്കമുള്ള വിഭാഗങ്ങൾ.
റോയിയുടെ വീക്ഷണത്തിൽ മാർക്സിസത്തിന്റെ പരാജയവും രാഷ്ട്രീയ ഇസ്‌ലാമിന്റെ പരാജയവും രണ്ടു സമാന്തര ധാരകളാണ്. 1990കളോടെ മാർക്സിസം പരാജയപ്പെട്ടു. ഭരണകൂട സ്വഭാവമുള്ള സോവിയറ്റ് മാർക്സിസത്തെ പിന്തള്ളി ജർമനിയിലെ റെഡ് ആർമി ഫാക്ഷൻ പോലുള്ള യൂറോപ്യൻ സായുധ മാർക്സിസ്റ്റ് പ്രസ്ഥാനങ്ങൾ, വിശിഷ്യാ ഇറ്റലിയിലെ സായുധ മാർക്സിസം, ഒക്കെ 1970കളിൽ വികസിച്ചത് മാർക്സിസത്തിന്റെ പ്രത്യയശാസ്ത്ര പരാജയത്തിന്റെ മുന്നോടിയായിരുന്നു. മാർക്സിസം യൂറോപ്പിൽ സോഷ്യൽ ഡെമോക്രസിയിലൂടെ ദേശീയതക്കുള്ളിലേക്ക് ചുരുങ്ങി. സമാനമായി ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ ഭരണകൂട സ്ഥാപനം എന്ന ലക്ഷ്യം ഉപേക്ഷിച്ചതോടെ ഏഷ്യയിലെയും ആഫ്രിക്കയിലെയും ദേശീയ പ്രശ്നങ്ങളിലേക്കു ചുവടുമാറി. പകരം വന്ന സായുധ പ്രസ്ഥാനങ്ങൾ ആ പരാജയത്തിന്റെ അടയാളക്കുറിയായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ, റോയി ഉപയോഗിച്ച പൊളിറ്റിക്കൽ ഇസ്‌ലാമിലെ ‘ഇസ്‌ലാം’, ദൈവശാസ്ത്രത്തെക്കുറിച്ചല്ല മറിച്ച് രാഷ്ട്രീയത്തെക്കുറിച്ചുള്ളതും അതിന്റെ വിവിധങ്ങളായ പരാജിത വാഗ്ദാനങ്ങളെക്കുറിച്ചുള്ളതുമാണ്. അതാവട്ടെ ഇസ്‌ലാമിൽ ഒതുങ്ങുന്നതുമല്ല. പുതിയ പുസ്തകത്തിൽ പറയുന്നപോലെ രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും പരിണാമങ്ങളാണ് അദ്ദേഹത്തിന്റെ അന്വേഷണ വിഷയം.
വിശാലാർഥത്തിൽ ഒലിവിയ റോയിയുടെ അഭിപ്രായത്തിൽ, രാഷ്ട്രീയം സ്വഭാവത്തിൽതന്നെ മതേതരമാണ്. അതിനാൽ, ഒരു മതം രാഷ്ട്രീയത്തോടൊപ്പം ചേരാൻ ശ്രമിച്ചാൽ, വിശിഷ്യാ രാഷ്ട്രഭരണം (‘മതരാഷ്ട്രം’) കൈയാളിയാൽ, ആ മതം കൂടുതൽ മതേതരമാവും. മറ്റൊരു വശത്ത്, മതേതര രാഷ്ട്രീയം എല്ലാം നിയന്ത്രിക്കുമ്പോൾ അത് ‘മത’മായി മാറും –അതിന് സ്വന്തമായ ദേശീയ വിശ്വാസങ്ങളും അതിഭൗതിക കഥകളും മോക്ഷപ്രതീക്ഷകളുമുണ്ടാകും. ഈ രണ്ടു പ്രശ്നങ്ങളും ആഗോളീകരണ കാലത്തുണ്ടാക്കിയ മിശ്രണങ്ങളെ അതിന്റെ വ്യാപ്തിയിൽതന്നെ പഠിക്കുന്നതാണ് എളുപ്പം എത്തിച്ചേരാവുന്ന, മുൻകൂർ നിഗമനങ്ങളേക്കാൾ പ്രധാനമെന്നു റോയി കരുതുന്നു. അത്തരമൊരു ശ്രമത്തിൽ റോയിയുടെ ‘സ്ഥൂല’ സമീപനങ്ങൾ എത്രത്തോളം ‘സൂക്ഷ്മമാണ്’ എന്നതു മറ്റൊരു വിഷയം.
=============
റഫറൻസ് :
Burgat, Francois and Thomas Hill (2016) ‘Wrestling with the Research of Others: Olivier Roy, Gilles Kepel, and Islamism.’ Understanding Political Islam, Manchester University Press, pp. 196-211.
Ismail, Salwa (2003) Rethinking Islamist Politics: Culture, the State, and Islamism. I B Tauris.
Kepel, Gilles (2013) ‘Une posture victimaire: La socit’ ne peut en’tre otage’ [Victim posturing: society must not be taken hostage]. Le Monde, November 1.
Mamdani, Mahmood. (2005) “Whither Political Islam? Understanding the Modern Jihad.” Foreign Affairs, vol. 84, no. 1, pp. 148-55
Roy, Olivier (1992), The Failure of Political Islam. Harvard University Press.
Roy, Olivier (2004) Globalized Islam: The Search for a New Ummah. Columbia University Press.
Roy, Olivier (2007) Secularism Confronts Islam. Columbia University Press.
Roy, Olivier (2009) “Enigma of the Uprising”: Foucault and Iran, Vacarme 29 (automne 2009), pp. 34-38
Roy, Olivier (2010) Holy Ignorance: When Religion and Culture Part Ways. Columbia University Press.
Roy, Olivier (2015) Jihadism is a generational and nihilist revolt. Le Monde, November 23.
Roy, Olivier (2022) ‘The Failure of Political Islam Revisited.’ In Mohamed Nawab Mohamed Osman (ed.), Pathways to Contemporary Islam: New Trends in Critical Engagement, Amsterdam University Press, pp. 167-180.
Roy, Oliver. (2023). The discourse of the non-method. Bulletin of Sociological Methodology/Bulletin de M’thodologie Sociologique, 158(1), 25-36
Roy, Oliver. (2024). 'Young People Rallying for Gaza is not Revolutionary, it is Moral. Le Monde. 5 June.
Roy, Olivier (2024) The Crisis of Culture: Identity Politics and the Empire of Norms. Oxford University Press.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.