വിലാപത്തിന്റെ ശബ്ദനിയമങ്ങൾ

ശ്രീലങ്കൻ എഴുത്തുകാരി വി.വി. ഗണേശാനന്ദന് 2024ലെ വിമൻസ് പുരസ്‌കാരം ലഭിച്ച നോവൽ ‘Brotherless Night’ വായിക്കുന്നു. ശ്രീലങ്കയുടെ അവസ്ഥകൾ നോവലിൽ എങ്ങനെയൊക്കെയാണ് ആവിഷ്കരിക്കപ്പെടുന്നതെന്ന് വിശദീകരിക്കുന്നു. അധിനിവേശങ്ങൾ ഉഴുതുമറിച്ച് വളക്കൂറ് നഷ്ടപ്പെടുത്തിയ മണ്ണാണ് ശ്രീലങ്കയുടേത്. സിലോൺ എന്ന പേരിലറിയപ്പെട്ട രാജ്യത്തിന് 1948ലാണ് സ്വാതന്ത്ര്യം നേടാൻ കഴിഞ്ഞത്. പോർചുഗീസ്, ഡച്ച്, ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ ഞെരുങ്ങിയ ദ്വീപ് ജനതക്ക് ശാന്തിപൂർണമായ ജീവിതം എന്നും കാതങ്ങൾക്ക് അകലെയായിരുന്നു. രക്തരൂഷിതമായ വിപ്ലവങ്ങൾക്കും കലാപങ്ങൾക്കും ഒരവസാനം സാധ്യമാ വുമോ എന്ന സമസ്യയുടെ ഉത്തരം ഉറക്കെപ്പറയാൻ...

ശ്രീലങ്കൻ എഴുത്തുകാരി വി.വി. ഗണേശാനന്ദന് 2024ലെ വിമൻസ് പുരസ്‌കാരം ലഭിച്ച നോവൽ ‘Brotherless Night’ വായിക്കുന്നു. ശ്രീലങ്കയുടെ അവസ്ഥകൾ നോവലിൽ എങ്ങനെയൊക്കെയാണ് ആവിഷ്കരിക്കപ്പെടുന്നതെന്ന് വിശദീകരിക്കുന്നു.

അധിനിവേശങ്ങൾ ഉഴുതുമറിച്ച് വളക്കൂറ് നഷ്ടപ്പെടുത്തിയ മണ്ണാണ് ശ്രീലങ്കയുടേത്. സിലോൺ എന്ന പേരിലറിയപ്പെട്ട രാജ്യത്തിന് 1948ലാണ് സ്വാതന്ത്ര്യം നേടാൻ കഴിഞ്ഞത്. പോർചുഗീസ്, ഡച്ച്, ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ ഞെരുങ്ങിയ ദ്വീപ് ജനതക്ക് ശാന്തിപൂർണമായ ജീവിതം എന്നും കാതങ്ങൾക്ക് അകലെയായിരുന്നു. രക്തരൂഷിതമായ വിപ്ലവങ്ങൾക്കും കലാപങ്ങൾക്കും ഒരവസാനം സാധ്യമാ വുമോ എന്ന സമസ്യയുടെ ഉത്തരം ഉറക്കെപ്പറയാൻ ഇന്നും ശ്രീലങ്കക്കാർക്കാവില്ല എന്നത് ചരിത്രത്തിന്റെ ദുരന്തമാണ്. ശബ്ദമുഖരിതമായ ഇടത്തിലെ മൗനമുദ്രിതമായ വാക്കുകൾ അടയാളപ്പെടുത്താതെ പോകേണ്ടതല്ല. അധികാരത്തിനും അരാജകത്വത്തിനും തമ്മിലുള്ള അന്തരം, വേട്ടക്കാരിൽനിന്നും വെടിയുണ്ട ഇരകളെ ലക്ഷ്യമാക്കി എത്തുന്ന സമയദൈർഘ്യം മാത്രമാണ് എന്നത് ജാഫ്‌നയിലെ തെരുവോരങ്ങൾ സ്ഥാപിച്ച വസ്തുതയായിരുന്നു. ഹിംസയിലും അക്രമത്തിലും അടിസ്ഥാനപ്പെടുത്തിയ പ്രത്യയശാസ്ത്രത്തിന്റെ വിജയത്തിനുവേണ്ടി ബലി കഴിക്കേണ്ട മനുഷ്യരുടെ ചിന്താവിചാരങ്ങൾ നിശ്ശബ്ദമായി നിലനിൽക്കുന്നു.

അത്തരത്തിൽ എഴുതപ്പെടുന്ന ആഖ്യാനങ്ങളിൽ നൊമ്പരങ്ങൾ കാണാനാവും. ശ്രീലങ്കക്കാരിയായ വി.വി. ഗണേശാനന്ദന്‍റെ 2024ലെ വിമെൻസ് പുരസ്‌കാരം ലഭിച്ച നോവലായ ‘Brotherless Night’ ഇപ്പറഞ്ഞതിന്റെ ദൃഷ്ടാന്തമാണ്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഭാവിജീവിതത്തിന്റെ തെളിച്ചം നഷ്ടപ്പെടുന്ന മനുഷ്യരുടെ സാഹചര്യങ്ങൾ ദുഷ്കരമാകാതെ വയ്യ. വിദ്യാഭ്യാസം വിജയത്തിന്റെ മുഖ്യഘടകമായി കണക്കാക്കി മക്കളെ ഉന്നത പഠനത്തിനായി ഒരുക്കിയ മധ്യവർഗ കുടുംബത്തെ, വംശീയയുദ്ധം പരാജയപ്പെടുത്തുന്നതിന്റെ കഥയാണ് വി.വി. ഗണേശാനന്ദൻ വിവരിക്കുന്നത്. ശ്രീലങ്കയിലെ സിംഹള-തമിഴ് ലഹളയുടെ പശ്ചാത്തലത്തിൽ സ്‌റ്റേറ്റും തമിഴ് ഈഴത്തിനായുള്ള വിപ്ലവം നടത്തുന്ന തമിഴ് പുലികളും രാജ്യത്തെ കലാപകലുഷിതമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് Brotherless Night പുരോഗമിക്കുന്നത്. മേൽപറഞ്ഞ ആഭ്യന്തരയുദ്ധത്തിന്റെ ആദ്യ കാലങ്ങളിൽ ജാഫ്നയിൽ വൈദ്യശാസ്ത്രം പഠിച്ചിരുന്ന കാലത്തെയും നഷ്‌ടമായ തന്റെ യൗവനത്തെയും ആഖ്യാതാവ് ഈ നോവലിൽ ഓർത്തെടുക്കുന്നു. 1981 മുതൽ 1989 വരെയുള്ള കാലത്തെ സംഭവപരമ്പരകളാണ് നോവലിൽ പ്രതിപാദിക്കുന്നത്. 26 വർഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിൽ ഏതാണ്ട് എഴുപതിനായിരത്തോളം മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടു.

നാൽപതിനായിരത്തിലധികം സ്ത്രീകളും കുട്ടികളും പുരുഷന്മാരും വീടുകളിൽനിന്ന് പുറത്താക്കപ്പെട്ടു. സിംഹളരുടെ ഉന്നമനത്തിനായി നയങ്ങളും നിയമങ്ങളും നിലവിൽ വരുകയും തമിഴർ അസ്വസ്ഥരാവുകയുമായിരുന്നു. ഇരു സമുദായങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കലാപങ്ങളായി പൊട്ടിപ്പുറപ്പെട്ടു. അവയിൽ ഏറ്റവും മോശമായത്, 1983ലെ ബ്ലാക്ക് ജൂലൈ കലാപമായിരുന്നു. അതിൽ ഏകദേശം മൂവായിരം മനുഷ്യർ കൊല്ലപ്പെടുകയുണ്ടായി. മാത്രമല്ല, ധാരാളം ആളുകളെ ജീവനോടെ കത്തിക്കുകയുംചെയ്തു. രാജ്യത്തിന്റെ വടക്കേയറ്റത്തുള്ള ഉപദ്വീപായ ജാഫ്‌നയുടെ ചുറ്റുപാടുകളിൽ ആഖ്യാനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കലാപത്തിന്റെ തിക്തതകളെ അഭിമുഖീകരിക്കുന്ന, ഉറ്റവരെ നഷ്ടപ്പെട്ടുപോകുന്ന ശശികല കുലേന്തിരൻ എന്ന കഥാപാത്രമാണ് നോവലിലെ ആഖ്യാതാവ്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ജീവിതം അശാന്തമാവുന്ന മനുഷ്യരുടെ പ്രതിനിധിയാണ് നോവലിലെ ശശികല.

മെഡിക്കൽ വിദ്യാർഥിയായ ശശി, അച്ഛനമ്മമാരും നാല് സഹോദരന്മാരും അടങ്ങുന്ന ജാഫ്‌നയിലെ ഒരു മധ്യവർഗ കുടുംബത്തിലെ അംഗമാണ്. നിർഭാഗ്യവശാൽ അവളുടെ മൂത്ത സഹോദരനായ നിരഞ്ജൻ ഔദ്യോഗികസേനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ഇതിനു മറുപടിയെന്നോണം മറ്റു ജ്യേഷ്ഠന്മാരായ സീലനും ദയാളനും തമിഴ്പുലികളുടെ സംഘടനയിൽ ചേരുകയുംചെയ്യുന്നു. ശാന്തമായ ജീവിതസാഹചര്യങ്ങൾ നയിച്ച ഒരു കുടുംബം പെട്ടെന്ന് അരക്ഷിതമാവുന്നതിന്റെ രംഗങ്ങളാണ് നോവലിൽ അവതരിപ്പിക്കുന്നത്. പമ്പരവേഗത്തിൽ ചുറ്റുവട്ടങ്ങൾ മാറിമറിയുന്നതിന്റെ കാഴ്ച അന്ധാളിപ്പോടെ നോക്കിക്കാണുന്ന ആഖ്യാതാവ് ചില ഘട്ടങ്ങളിൽ തീർത്തും നിസ്സഹായയാവുന്നുണ്ട്. ശശിയും ഇളയ സഹോദരൻ അരവിന്ദനും അനിശ്ചിതത്വത്തിന്റെ പടിവാതിലിൽ നിൽക്കുന്നതിന്റെ ദാരുണ ചിത്രം നോവലിസ്റ്റ് പങ്കുവെക്കുന്നു. ഈ വീടുമായും ശശിയുമായും ഏറ്റവും അടുപ്പം പുലർത്തിയിരുന്ന ‘കെ’ എന്ന ബാല്യകാല സുഹൃത്തിന്റെ പരിണാമം അവിശ്വസീനയമായി അനുഭവപ്പെടുന്നുണ്ട്. മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാകാതെ അയാൾ വിപ്ലവത്തിന്റെ വഴിയിൽ ചാടിയിറങ്ങുകയും തമിഴ് പുലികളുടെ സംഘടനയിലെ നേതൃസ്ഥാനത്ത് എത്തുകയുംചെയ്തു.

ചിന്തകനായ സ്ലാവോജ് സീസെക് ചൂണ്ടിക്കാണിച്ചതുപോലെ സാമ്പത്തിക, രാഷ്ട്രീയ സംവിധാനങ്ങളുടെ ‘സുഗമമായ’ പ്രവർത്തനത്തിന്റെ അനന്തരഫലമാണ് വ്യവസ്ഥാപിതമായ അക്രമം. ആശയങ്ങളുമായും തീവ്രദേശീയതയുമായും സാമൂഹിക അവബോധവുമായും ബന്ധപ്പെട്ട ആക്രമണോത്സുകതയെ അദ്ദേഹം അപഗ്രഥിക്കുന്നുണ്ട്. ശ്രീലങ്കയിലെ കലാപം ദേശീയതയും വംശീയതയുമായി അനുബന്ധിച്ച് വേണം കാണേണ്ടത്. രാഷ്ട്രവും ഭരണകൂടവും തങ്ങളുടെ തിരക്കഥക്ക് അനുസൃതമായി വിഭാവനം ചെയ്യുന്ന പദ്ധതികൾ പലപ്പോഴും വിനാശകരമാണ്. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധവും ഇങ്ങനെ ഒന്നായിരുന്നു. ഹിംസയുടെ അനന്തരഫലം അത്രമാത്രം ഭീകരമായതിനാൽ അതനുഭവിച്ച മനുഷ്യർ പ്രജ്ഞയറ്റവരായി രൂപാന്തരം പ്രാപിക്കുന്നു. ഒരു അക്രമാസക്തമായ അനുഭവത്തിന്റെ പുനരവലോകനത്തിൽപോലും, ബന്ധപ്പെട്ട ആഘാതം ഓർമയെ കൂടുതൽ ‘സത്യസന്ധവും’ വിശ്വസനീയവുമാക്കുന്നു എന്നും സീസെക് നിരീക്ഷിക്കുന്നുണ്ട്.


 


1983ൽ ശ്രീലങ്കയിൽ നടന്ന ‘ബ്ലാക് ജൂലൈ’ കലാപത്തിന്‍റെ ചിത്രം

ജാഫ്‌നയെ ചുറ്റിപ്പറ്റി ഒരു പ്രത്യേക രാഷ്ട്രം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഏതൊരു നീക്കവും അക്രമാസക്തമാകില്ലെന്ന് മറ്റുള്ളവരെപോലെ ശശിയും വിശ്വസിച്ചു. ഹിംസയുടെ വഴി തിരഞ്ഞെടുക്കാതെ ഗാന്ധിമാർഗത്തിലൂടെ തമിഴർ രാജ്യത്തിന്റെ വടക്കും കിഴക്കും ഒരു പ്രത്യേക സംസ്ഥാനത്തിനായി സമാധാനപരമായി പ്രവർത്തിക്കുമെന്ന് അവൾ ഉറച്ചു വിചാരിച്ചിരുന്നു. ഭൂരിപക്ഷമായ സിംഹളരുടെ ആധിപത്യമുള്ള ഒരു സർക്കാറിന്റെ വിവേചനത്തെ ഇല്ലാതാക്കിക്കൊണ്ട് ഭാഷക്കുള്ള രണ്ടാം പദവി തുടച്ചുനീക്കാനായി തമിഴർ യത്നിച്ചു. ഭാഷ ദേശീയതയുടെ പ്രധാനപ്പെട്ട ഘടകമാവുന്നതിന്റെ ഉറച്ച സന്ദർഭമാണിത്. പ്രാദേശിക ഭാഷകളുടെ പ്രസക്തിയെ അധിനിവേശ ശക്തികൾ ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നു. അതിനെതിരെയുള്ള പ്രതിരോധത്തിന്റെ അടയാളങ്ങൾക്ക് ചരിത്രമുദ്രയുമുണ്ട്. അധികാരം സ്ഥാപിച്ചുകൊണ്ട് അധിനിവേശം കൊടി പറത്താൻ യത്നിക്കുമ്പോൾ ഭാഷകൾക്ക് ഇളക്കം വരാതെ നോക്കേണ്ടത് അതത് ദേശവാസികളുടെ ഉത്തരവാദിത്തമാണ്. പക്ഷപാതങ്ങളില്ലാതെ, അടിമണ്ണിന്റെ സംസ്‍കാരം കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങൾ തീവ്രവിപ്ലവത്തിന്റെയും അക്രമത്തിന്റെയും പാത സ്വീകരിച്ചത് നിർഭാഗ്യകരമെന്നേ പറയാൻ കഴിയൂ.

1958ലായിരുന്നു രാജ്യത്ത് ആദ്യത്തെ തമിഴ് വിരുദ്ധ വംശഹത്യയും കലാപവും നടമാടിയത്. ബ്രിട്ടനിൽനിന്ന് മോചനം നേടി സ്വയംഭരണ രാഷ്ട്രമായി മാറിയതിനുശേഷം ഭൂരിപക്ഷ-ന്യൂനപക്ഷ അതിക്രമങ്ങൾ ആരംഭിച്ചിരുന്നു. അന്തച്ഛിദ്രങ്ങളുടെ അവസാനിക്കാത്ത ശൃംഖല അങ്ങനെ ഉരുത്തിരിഞ്ഞു. സിംഹള ഏക ഔദ്യോഗിക ഭാഷയായിത്തീർന്നപ്പോൾ, ജാഫ്നയിലെ സമൂഹം അതിനെ എതിർക്കുകയും പ്രതിഷേധസൂചകമായി വിദ്യാലയങ്ങളിൽ സിംഹളഭാഷ പഠിപ്പിക്കുന്നത് നിർത്തുകയുംചെയ്തു. അങ്ങനെ ശശിയെ പോലെയുള്ളവർ ഇംഗ്ലീഷും തമിഴുമാണ് പഠിച്ചത്. സിംഹളഭാഷ അവർക്ക് തീർത്തും അന്യമായിത്തീർന്നു. അക്കാലയളവിലായിരുന്നു ചെറുപ്പക്കാരും വിദ്യാർഥികളും തമിഴ് ഈഴം കെട്ടിയുയർത്താനായി എൽ.ടി.ടി.ഇയിൽ ചേർന്നു തുടങ്ങിയത്. ഈഴം എന്ന വികാരത്തിന് മുന്നിൽ വ്യക്തിഗതമായ ഉന്നമനത്തിന് സ്ഥാനമില്ലാതെയാകുന്ന കാഴ്ച പരക്കെ കാണാൻ ആരംഭിച്ചു.

ഒരു സൈക്കിൾ യാത്രക്കാരൻ ആരെയോ വെടിവെച്ചു എന്ന് പറഞ്ഞുകൊണ്ട് പൊലീസ് വ്യാപകമായ രീതിയിൽ അന്വേഷണത്തിന് ഒരുമ്പെടുന്ന രംഗത്തോടെയാണ് പൊതുവെ ശാന്തമായ അന്തരീക്ഷത്തിന്റെ നിറംമങ്ങിയത്. ഭാഷയും വർഗവും ആചാരവും അധിഷ്ഠിതമായ ഭിന്നത അക്രമത്തിനു വഴിയൊരുക്കുന്നതിനെ കുറിച്ചുള്ള സാമൂഹിക പഠനങ്ങൾ ഓർക്കേണ്ടതുണ്ട്. വായനയോടും പുസ്തകങ്ങളോടും ആത്മാർഥമായ സ്നേഹമുള്ളവർക്ക് താങ്ങാൻ പറ്റാത്ത തരത്തിലുള്ള ദാരുണസംഭവങ്ങൾ ആയിടെ ജാഫ്‌നയിൽ അരങ്ങേറി. ഹൃദയപൂർവം ചേർത്തുവെച്ചിരുന്ന ഗ്രന്ഥപ്പുര സിംഹള പൊലീസ്‌ കത്തിച്ചുകളഞ്ഞ ദൃശ്യം കണ്ടു മരവിച്ചിരിക്കാനേ ശശിക്കും കൂട്ടർക്കും സാധിച്ചുള്ളൂ. ജനിച്ചുവളർന്ന, പഠിച്ച, നമ്മുടെ മനുഷ്യരുള്ള സ്ഥലങ്ങൾ, നമുക്കേറ്റവും പ്രിയപ്പെട്ട ഇടങ്ങൾ എന്നിവയിലേതെങ്കിലും അഗ്നിക്കിരയാവുമ്പോൾ ഭൂമി എത്രകണ്ട് കലങ്ങി മറിഞ്ഞതാണെന്ന ആലോചന നമ്മിലുണ്ടാവുന്നു.

 

1976ൽ സ്ഥാപിക്കപ്പെട്ട എൽ.ടി.ടി.ഇ 1980ഓടെ ചുവടുറപ്പിക്കുന്നതിന്റെ സന്ദർഭങ്ങൾ നോവലിൽ പറഞ്ഞുപോകുന്നുണ്ട്. ശശിയുടെ സഹോദരന്മാരായ സീലനും ദയാളനും അതിനോട് അക്കാലത്ത് തന്നെ ആഭിമുഖ്യം പുലർത്തുകയുംചെയ്തു. ജീവിതംതന്നെ രാഷ്ട്രീയമായിത്തീരുന്ന സാഹചര്യം ആഗതമായി എന്നവർക്ക് അറിയാമായിരുന്നു. നിരഞ്ജന്റെ മരണം രാഷ്ട്രീയമായ ചെറുത്തുനിൽപ്പുകൾക്ക് സമയമായെന്നും പ്രതിഷേധത്തിനുപരിയായി പോരാട്ടമാണ് അവരിൽനിന്ന് ഉണ്ടാവേണ്ടതെന്നുമുള്ള ചിന്ത ദയാളനിലും സീലനിലും ജനിപ്പിച്ചു. ശശി കുറച്ചുകാലം മുത്തശ്ശിക്കൊപ്പം കൊളംബോയിൽ താമസിച്ചുവരുന്നതിനിടയിലായിരുന്നു സിംഹള-തമിഴ് കലഹങ്ങൾ രൂക്ഷമായത്. നിരഞ്ജനെ സിംഹള പട്ടാളം ഇല്ലായ്മ ചെയ്തതോടെ സുരക്ഷ വലിയ ഭീഷണിയായിത്തീർന്നു. പ്രശ്നങ്ങൾ രൂക്ഷമായതോടെ അവൾക്കും മുത്തശ്ശിക്കും അൽപകാലത്തേക്ക് അഭയകേന്ദ്രത്തിൽ കഴിയേണ്ടി വരുകയുംചെയ്തു. കഷ്ടപ്പാടുകൾ നേരിട്ടുകൊണ്ട് ഒടുവിൽ ജാഫ്‌നയിൽ മടങ്ങിയെത്തിയ ശശിയെ ജീവിതം അതിന്റെ അനവധി കരുക്കളാൽ സങ്കീർണമാക്കാൻ ഒരുങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ജാഫ്ന ഉപദ്വീപിലെ ഗ്രാമങ്ങളിലൂടെ ഭയപ്പെടുത്തുന്ന രീതിയിൽ ശ്രീലങ്കൻ സൈനികർ റോന്തുചുറ്റാൻ തുടങ്ങിയത് അക്കാലത്തായിരുന്നു.

സാധാരണക്കാരെ വരെ തീവ്രവാദികളായി കണ്ടുകൊണ്ട് അധികാരത്തിന്റെ തോക്കിൻകുഴലുകൾ എല്ലാ വീടുകളെയും സദാ മേൽനോട്ടത്തിന് വിധേയമാക്കി. സൈനിക സംരക്ഷണം പരിഗണിച്ചിട്ടില്ലാത്ത മനുഷ്യരുടെ ചുറ്റുപാടുകളിൽ സൈനികർ എത്തുകയും ഭവനഭേദനം നടത്തുകയുംചെയ്തു. അതേ മാസം തന്നെ സൈന്യം കനത്ത ആയുധങ്ങൾ ഉപയോഗിച്ച് ഗ്രാമങ്ങൾ വളയുകയും വീടുതോറും പോയി തീവ്രവാദികളെന്ന് സംശയിക്കുന്നവരെ തിരയുകയും ചെയ്യുന്ന നയത്തിന് തുടക്കം കുറിച്ചു. സൈനിക പരിശീലനത്തിനായി ഇന്ത്യയിലേക്ക് പോയ ആൺകുട്ടികൾ തിരികെ വരുന്നുവെന്നാണ് സ്റ്റേറ്റിന്റെ സിദ്ധാന്തം. അതിനാൽ സുരക്ഷാനടപടികൾ ഭരണകൂടം തീവ്രമാക്കി. ചില സ്ഥലങ്ങളിൽ പതിനാല് വയസ്സിന് മുകളിലുള്ള എല്ലാ തമിഴ് പുരുഷന്മാരെയും ആൺകുട്ടികളെയും അവർ തടവിലാക്കി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഓരോ ഗ്രാമത്തിലെയും ആൺകുട്ടികളൊക്കെ അവരുടെ പിടിയിലായി. പട്ടാളം തടങ്കലിൽ വെച്ച ആൺകുട്ടികളെ തിരികെ ലഭിക്കാനായുള്ള അമ്മമാരുടെ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടു.

അജ്ഞാതമായ ഒരു ക്യാമ്പിൽ പാർപ്പിച്ചിരിക്കുന്ന 360 ആൺകുട്ടികൾക്കായുള്ള അമ്മമാരുടെ സമരം സർക്കാറിന്റെ കണ്ണ് തുറപ്പിച്ചു. ശശിയും അമ്മയും നിരവധി അമ്മമാരും സഹോദരിമാരും കൂടിച്ചേർന്നു നടത്തിയ പ്രതിഷേധജാഥക്കൊടുവിൽ പതിനേഴുകാരനായ അരവിന്ദൻ ഉൾ​െപ്പടെയുള്ളവർ മോചിതരായി. പതിനായിരത്തോളം സ്ത്രീകൾ അണിനിരന്ന ഈ സമരം പെണ്മയുടെ പോരാട്ടവീര്യം പ്രകടമാക്കി. മക്കൾ നഷ്ടപ്പെട്ട അമ്മമാരുടെ ഗാന്ധാരീവിലാപത്തിന്‌ ഒടുവിൽ ഫലം ലഭിക്കുകയായിരുന്നു എന്ന് പറയാം. ഇത്തരത്തിൽ, മക്കളെ നഷ്ടപ്പെടുന്ന അമ്മമാരുടെ വിലാപം സമാനമായ മറ്റൊരു സ്ഥലത്ത് നാം കണ്ടു. സ്റ്റാലിന്റെ ശുദ്ധികലശത്തിൽ മകനെ സ്റ്റേറ്റ് കൊണ്ടുപോയപ്പോൾ ലെനിൻഗ്രാഡ് ജയിലിനു മുന്നിൽ കാത്തുനിന്ന അന്ന അഖ്മത്തോവയുടെ അനുഭവം ഇവിടെ ഓർക്കണം. ഇടവും കാലവും മാത്രമേ മാറുന്നുള്ളൂ. എന്നാൽ അധികാരത്തിന്റെ ഛായ നിശ്ചലമാണ്.

തികച്ചും സ്വച്ഛമായൊഴുകുന്ന പുഴ പോലെയുള്ള ജീവിതത്തിൽ തീമഴ പെയ്യിച്ചുകൊണ്ട് വംശീയ വിവേചനത്തിന്റെ തിക്തതകൾ കടന്നുവരുന്നതിന്റെ പ്രത്യക്ഷോദാഹരണമാണ് ഈ നോവൽ. തമിഴ് രാഷ്ട്രത്തിനും ദേശീയതക്കും വേണ്ടി, തായ്നാടിനെ വാർത്തെടുക്കാൻ (ആൺ)മക്കൾ വീട് വിട്ടിറങ്ങുന്നതോടെ അനാഥരാവുന്ന മാതാപിതാക്കൾക്കും സഹോദരിമാർക്കും ശിഷ്ടജീവിതം സമ്മർദം അനുഭവിച്ചു കഴിയേണ്ടി വരുന്നു. ഇതിനിടയിൽ, തമിഴ് ദേശീയതയോട് അതിവൈകാരികമായ തലത്തിൽ കൂറ് പുലർത്തുന്നതോടെ കുടുംബബന്ധങ്ങൾ അരക്ഷിതമാവുമോ എന്ന ചിന്താക്കുഴപ്പത്തിൽപെട്ടുഴറുന്ന ശശിയെ നോവലിൽ കാണാനാവും. പുലികളുടെ നിയന്ത്രണത്തിലായ ജാഫ്‌നയിലെ സ്ഥിതിഗതികൾ ശശിക്ക് അപരിചിതമായി തോന്നി. അവരുടെ നിത്യച്ചെലവുകൾ ജാഫ്നാവാസികൾ വഹിക്കണമെന്ന അലിഖിത നിയമവും ക്രമേണ നടപ്പായി. ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ‘കെ’യും സഹോദരന്മാരും ഈഴത്തിന്റെ അനിഷേധ്യ പോരാളികളായി പരിണമിക്കുന്നതോടെ ഏകാന്തതയുടെ തുരുത്തിലേക്ക് അവൾ വീഴുകയായിരുന്നു.

ആയിടെ സംഭവിച്ച ഇന്ദിര ഗാന്ധിയുടെ മരണം രാഷ്ട്രീയ സമവാക്യങ്ങളിൽ തീർത്ത ഭേദങ്ങളെ കുറിച്ചും നോവലിൽ പരാമർശിക്കുന്നുണ്ട്. വ്യക്തിപരമായി ശശിക്ക് അവർ അഭിമതയായിരുന്നില്ലയെങ്കിലും തമിഴർക്കെതിരെ ശ്രീലങ്കൻ ഭരണകൂടത്തിന്റെ നീക്കങ്ങളെ ഇന്ദിര ഗാന്ധി അപലപിച്ചത് അവൾ എടുത്തുപറയുന്നുണ്ട്. ഒരു അമ്മ കൂടിയായ ഇന്ദിര ഗാന്ധിക്ക് തങ്ങൾ വീണ നിലയില്ലാക്കയത്തിന്റെ ആഴം മനസ്സിലാകുമെന്ന പ്രതീക്ഷ ശ്രീലങ്കയിലെ തമിഴ് സ്ത്രീകൾക്കുണ്ടായിരുന്നു. എന്നാൽ, അവരുടെ വധത്തോടെ ആ ആഗ്രഹവും തകർന്നു. തമിഴരെ പലവിധത്തിൽ ആക്രമിക്കുകയും കൊന്നൊടുക്കുകയുംചെയ്യുന്ന ഭരണകൂട ലീലകൾ തുടർന്നുകൊണ്ടിരുന്നു.

രക്തച്ചൊരിച്ചിലുകൾ ജാഫ്‌നയുടെ അതിരുകൾ വിട്ടു മറ്റിടങ്ങളിലേക്കും മെല്ലെ വ്യാപിക്കുകയായിരുന്നു. കൊളംബോയിലും ഇതിന്റെ അനുരണനങ്ങൾ പ്രത്യക്ഷപ്പെട്ടു. ഇന്ദിര ഗാന്ധി വെടിയേറ്റു വീണതിന്റെ വിലാപശബ്ദം ഓരോ തെരുവിലെ വീടുകളിൽനിന്നും പ്രതിധ്വനിച്ചു. ദുഃഖത്തിന്റെ അലയൊച്ചകൾ ശ്‌മശാനമൂകമാക്കിയ വഴിയോരങ്ങൾ പ്രതീക്ഷയറ്റു കിടന്നു. ശ്രീലങ്കൻ തമിഴർ മാതൃരാജ്യമുള്ള ഒരു ജനതയാണെന്നും അവർക്ക് സ്വയംനിർണയത്തിനുള്ള അവകാശമുണ്ടെന്നും എല്ലാ തമിഴർക്കും മറ്റു അടിസ്ഥാന അവകാശങ്ങൾക്കൊപ്പം പൗരത്വത്തിനും അവകാശമുണ്ടെന്നുമുള്ള തമിഴ് പുലികളുടെ ആവശ്യം പൂർണമായും അംഗീകരിക്കാൻ സർക്കാർ തയാറായില്ല.

1983ൽ ശ്രീലങ്കയിൽ നടന്ന ‘ബ്ലാക് ജൂലൈ’ കലാപത്തിന്‍റെ ബാക്കിപത്രം

നൂറ്റിയമ്പതോളം സിംഹളക്കാരുടെ വധവുമായി ബന്ധപ്പെട്ട് ആയിരം തമിഴരെ ഭരണകൂടം വീണ്ടും തടവിലാക്കി. ഈ നീക്കത്തിലും അരവിന്ദൻ അവരുടെ പിടിയിലായി. സാഹചര്യങ്ങൾ കൂടുതൽ കലുഷിതമാവുകയായിരുന്നു. യുദ്ധത്തിൽ മരിച്ചുവീഴുന്ന ചെറുപ്പക്കാരെ കുറിച്ച് വിലപിക്കുക എന്നത് സർവസാധാരണമായ പ്രവൃത്തിയായിത്തീർന്നു. പൂർണജീവിതം നയിച്ചുതീരുന്നതിനു മുന്നേ ഭൂമിയിൽനിന്ന് മടങ്ങേണ്ടി വരുന്ന സങ്കടകരമായ അവസ്ഥ സംജാതമായി എന്ന് പറയാം. ഭയപ്പെടുത്തുന്ന പ്രേതങ്ങളല്ല മനുഷ്യരെ പീഡിപ്പിച്ചത്; മറിച്ച് അവിചാരിതമായി സംഭവിക്കുന്ന സംഭവങ്ങൾ അവരെ തളർത്തി. ഒഴിവാക്കാനാവാത്ത, അസുഖകരമായ ‘സമ്മാനങ്ങൾ’ ദിവസേന അവർക്ക് ലഭിച്ചുതുടങ്ങി. അവരെ അങ്ങനെയാണ് പുലികൾ വേട്ടയാടിയത്. തീവ്രവാദികൾക്കെതിരെ റോക്കറ്റുകൾ, ബോംബുകൾ, പീരങ്കികൾ എന്നിവ ഉപയോഗിക്കാൻ തുടങ്ങുമെന്ന് കൊളംബോയിൽ സർക്കാർ അറിയിച്ചു. സമ്മർദങ്ങൾ പല തരത്തിൽ അലട്ടുമ്പോഴും മുന്നോട്ടുപോകാതെ നിവൃത്തിയില്ലായെന്ന തീരുമാനത്തിൽ ശശി എത്തിച്ചേർന്നു.

അങ്ങനെ സ്വന്തം കർമമേഖല അവൾ തിരഞ്ഞെടുത്തു. എങ്കിലും ജാഫ്‌ന മെഡിക്കൽ കോളജിൽ ചേർന്നു വൈദ്യശാസ്ത്രം പഠിക്കാൻ ആരംഭിച്ചതോടെ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടുമെന്ന മൗഢ്യമൊന്നും അവൾക്കുണ്ടായില്ല. അധികം വൈകാതെ അഞ്ജലി പ്രേമചന്ദ്രൻ എന്ന അധ്യാപിക അവളുടെ സൗഹൃദവലയത്തിൽ എത്തുന്നു. സർവകലാശാലയിൽ ഭൂമിശാസ്ത്രത്തിന്റെ അധ്യാപകനായ വരതനെയാണ്‌ അഞ്ജലി വിവാഹം കഴിച്ചിരുന്നത്. സങ്കീർണമായ പാതയിലെ പ്രയാണത്തിന്, തുടർന്ന് അഞ്ജലി ശശിയുടെ കൈത്താങ്ങാവുന്നുണ്ട്. വിദ്യാർഥിസമൂഹവുമായി ഇടപഴകുകയും വിദ്യാർഥികളുടെ പ്രസ്ഥാനത്തിൽ അംഗമാവുകയുംചെയ്ത ശശിക്ക് ഫെമിനിസത്തെ കുറിച്ചും ലോകത്തെ കുറിച്ചുമുള്ള വാതിലുകൾ അഞ്ജലി തുറന്നുകൊടുത്തു.

അഞ്ജലിയും സഹപാഠികളുമായി ചേർന്ന് പുസ്തക ചർച്ചയും മറ്റും സംഘടിപ്പിക്കാൻ ഉത്സുകയായ ശശി കാഫ്കയും അച്ചേബെയും ശ്രീലങ്കൻ എഴുത്തുകാരിയായ കുമാരി ജയവർധനെയെയും വായിച്ചു തുടങ്ങി. ഫെമിനിസത്തെ സംബന്ധിച്ച ജയവർധനെയുടെ കൃതി ശ്രദ്ധാപൂർവം അവൾ മനസ്സിലാക്കി. ഇങ്ങനെ പാഠ്യ/ പാഠ്യേതര വിഷയങ്ങളിൽ കഠിനാധ്വാനിയായ ശശിക്ക് ജീവിതം കാത്തുവെച്ചത് എന്തായിരുന്നു എന്നത് ശ്രീലങ്കയുടെ സമകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ആഖ്യാനമാണ്. ‘കെ’ അഞ്ജലിയുടെ പഴയ സ്നേഹിതൻ ആയിരുന്നുവെന്നതും ആ ബന്ധത്തെ ഗാഢമാക്കി.

അതിനിടയിൽ, അപ്രതീക്ഷിതമായി ‘കെ’ ശശിയെ കാണാനെത്തുകയും വെടിയേറ്റ പുലികളിലൊരാളെ രക്ഷപ്പെടുത്താനായി സഹായം അഭ്യർഥിക്കുകയുംചെയ്തു. അതൊരു തുടക്കമായിരുന്നു. പുലികൾക്കായുള്ള ആശുപത്രിയിൽ സേവനമനുഷ്ഠിക്കാൻ ക്രമേണ അവൾ തയാറായി. ഒരുകാലത്ത് ഉയരങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഊർജമായി ശശി കണ്ടിരുന്ന കെ, പിന്നീട് അവളെ കണ്ടപ്പോഴൊക്കെ വിഷമകരമായ വാർത്തകളാണ് പങ്കുവെച്ചത്. നാടകീയമായ രംഗങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കേണ്ടിവരുന്ന മനുഷ്യരുടെ സംഘർഷതലത്തെ നോവലിസ്റ്റ് കൃത്യമായി അവതരിപ്പിക്കുന്നുണ്ട്.

 

വി.വി. ഗണേശാനന്ദൻ

ഇന്ത്യൻ ശാന്തിസേനയുടെ ഇടപെടലുകൾ സ്വാഗതംചെയ്ത ജാഫ്‌നയിലെ തമിഴർ കുറച്ചു നാളുകളേക്കെങ്കിലും പ്രതീക്ഷയുടെ മുനമ്പുകളിലേക്ക് യാത്രക്കൊരുങ്ങി. ആ ദിവസങ്ങളിൽ തന്നെ വിമർശനാത്മകമായ ചില റിപ്പോർട്ടുകൾ സമൂഹത്തിൽ പ്രചരിച്ചു തുടങ്ങി. അജ്ഞാത കേന്ദ്രങ്ങളിൽനിന്ന് പ്രസിദ്ധപ്പെടുത്തുന്ന റിപ്പോർട്ടുകൾ സ്വാഭാവികമായും പുലികളെ അലോസരപ്പെടുത്തുകയുംചെയ്തു. റിപ്പോർട്ടുകളുടെ ഉറവിടം തിരഞ്ഞു കണ്ടുപിടിച്ച് അത് ഉന്മൂലനംചെയ്യുക എന്ന പ്രവൃത്തി തമിഴ് പുലികൾക്ക് ദുഷ്കരമായിരുന്നില്ല. ഇന്ത്യയും ശ്രീലങ്കയുമായി ഒപ്പുവെച്ച ഉടമ്പടി പ്രകാരമുള്ള ഉപാധികൾ വിജയകരമായി നടപ്പായുമില്ല. അങ്ങനെ പ്രത്യാശയുടെ തീരത്ത് നങ്കൂരമിടാൻ ഇന്ത്യൻ സേന സഹായിക്കുമെന്ന തദ്ദേശീയരുടെ വിചാരം മോഹഭംഗമായി അവശേഷിച്ചു. പുലികൾക്ക് ശാന്തിസേനയോടുള്ള വൈരാഗ്യത്തിന്റെ അനന്തരഫലം ചരിത്രത്തിലെ കറുത്ത അടയാളമായി മായാതെ കിടക്കുകയുംചെയ്യുന്നു. വെടിയൊച്ചകൾക്കും ബോംബ് പൊട്ടുന്ന ശബ്ദങ്ങൾക്കുമിടയിലെ ഹ്രസ്വമായ ദൂരം കടക്കാൻ ജാഫ്‌നയിലെ മനുഷ്യരെടുക്കുന്ന സമയം അളക്കാൻ ഘടികാരങ്ങൾക്കാവില്ലാ എന്നത് ഒരു അതിശയോക്തിയല്ലായിരുന്നു.

ഓഷ് വിറ്റ്സിനുശേഷം കവിത എഴുതുന്നത് ക്രൂരതയാണ് എന്ന് പറഞ്ഞത് അഡോണോയാണ്. യുദ്ധം മരവിപ്പിക്കുന്ന മനുഷ്യരുടെ ചേതനയും നിശ്ചലമാക്കുന്ന സത്തയും എത്രമേൽ ആർജവത്തോടെ ഭാഷയെ പ്രതീക്ഷയായി പരിവർത്തനംചെയ്യുമെന്നതിൽ സന്ദേഹമുണ്ട്. ആഭ്യന്തര യുദ്ധത്തിന്റെ ആഘാതത്തിൽനിന്ന് കര കയറുക എന്നത് ഒട്ടും എളുപ്പമല്ല. ഭാഷയും വാക്കുകളും സ്തംഭിക്കുന്നതോടെ അനുഭവങ്ങളെ പകർത്തിയെഴുതാൻ വിഷമിക്കുന്ന മനുഷ്യരെ കുറിച്ചതാണ് ഗണേശാനന്ദന്റെ നോവൽ. നോവലിസ്റ്റിന്റെ ആത്മാനുഭവങ്ങൾകൂടി ആഖ്യാനത്തിൽ പ്രതിഫലിക്കുന്നുവെന്നു വേണം കരുതേണ്ടത്. അങ്ങനെ നോക്കുമ്പോൾ ഓർമയുടെയും മാനസികാഘാതത്തിന്റെയും വൈകാരികമായ ഡോക്യുമെന്റായി ആഖ്യാനം പരിണമിക്കുന്നു.

Tags:    
News Summary - V.V. Ganesanandan novel studies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.