സാഹിത്യത്തിന് ഇത്തവണ നൊേബൽ പുരസ്കാരം നേടിയ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്നഹോർകൈയുടെ രചനാലോകത്തെക്കുറിച്ച് എഴുതുകയാണ് നിരൂപക കൂടിയായ ലേഖിക. ലാസ്‌ലോയുടെ രചനകൾ എങ്ങനെയൊക്കെയാണ് വേറിട്ടുനിൽക്കുന്നത് എന്നും വിവരിക്കുന്നു.
ഹംഗേറിയൻ എഴുത്തുകാരനായ ലാസ്‌ലോ ക്രാസ്നഹോർകൈക്കാണ് സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ലഭിച്ചത്. സർവനാശത്തിനിടയാക്കിയേക്കാവുന്ന ഭീകരതക്കിടയിൽ കലയുടെ ശക്തിയെ ആവർത്തിച്ച് ഉറപ്പിക്കുന്ന, പ്രേരകവും ദർശനാത്മകവുമായ രചനകളാണ് അദ്ദേഹത്തിന്റേതെന്ന് നൊബേൽ പുരസ്‌കാര നിർണയ സമിതി അഭിപ്രായപ്പെട്ടു. സമകാല ലോകസാഹിത്യത്തിൽ സ്വന്തമായ ഒരു ആഖ്യാനശൈലിയുമായി ക്രാസ്നഹോർകൈ വേറിട്ടുനിൽക്കുന്നു. അരാജകത്വവും വിഷാദാത്മകതയും പ്രമേയങ്ങളാകുന്ന, സങ്കീർണങ്ങളും വെല്ലുവിളികൾ നിറഞ്ഞവയുമായ നോവലുകളുടെ രചയിതാവാണ് അദ്ദേഹം. കാഫ്കയിൽനിന്ന് തോമസ് ബെർണാർഡിലേക്ക് നീളുന്ന മധ്യ യൂറോപ്യൻ പാരമ്പര്യത്തിലെ ഇതിഹാസതുല്യരായ സാഹിത്യകാരന്മാരിൽ ലാസ്‌ലോ ക്രാസ്നഹോർകൈഉൾപ്പെടുന്നുവെന്ന് നൊബേൽ പുരസ്കാര പ്രഖ്യാപനവേളയിൽ സ്വീഡിഷ് അക്കാദമി നിരീക്ഷിച്ചിരുന്നു.
1954ൽ തെക്കു കിഴക്കൻ ഹംഗറിയിലെ ജൂല (Gyula) എന്ന ചെറുപട്ടണത്തിലാണ് ലാസ് ലോ ക്രാസ്നഹോർകൈ ജനിച്ചത്. എഴുത്തുകാരനാവണമെന്ന് ചെറുപ്പത്തിൽ അദ്ദേഹത്തിനു മോഹമുണ്ടായിരുന്നില്ല. ഒരു പുസ്തകം മാത്രമെഴുതിയതിനുശേഷം സംഗീതത്തിലും മറ്റും വ്യത്യസ്തമായ സംഗതികൾ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഏറ്റവും ദരിദ്രരായ ആളുകൾക്കൊപ്പം കഴിയുന്നതാണ് യഥാർഥ ജീവിതമെന്ന് അദ്ദേഹം കരുതി. 1985ൽ പ്രസിദ്ധീകരിച്ച് 2012ൽ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ട സാറ്റാൻടാൻഗോ (Satantango) ആണ് അദ്ദേഹത്തിന്റെ ആദ്യ കൃതി.
പൂർണവിരാമങ്ങളില്ലാത്ത, നീണ്ട വാക്യങ്ങൾ അദ്ദേഹത്തിന്റെ ആഖ്യാനത്തിന്റെ പ്രത്യേകതയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ‘‘ചില അനുഭവങ്ങൾ, സമയമെടുത്ത് ധീരമായി പ്രകടിപ്പിച്ച പ്രണയംപോലെയുള്ള ചില അനുഭവങ്ങൾ, ചെറുവാക്യങ്ങളിൽ ഒതുക്കാൻ കഴിയില്ല. പൂർണ വിരാമങ്ങൾ ദൈവത്തിനുള്ളതാണ്. തന്റെ ആഖ്യാനത്തിൽ ഗഹനമായ മാനവിക തലങ്ങൾ അടങ്ങിയിരിക്കുന്നു.’’ ലോകത്തെക്കുറിച്ചുള്ള ജിജ്ഞാസയാണ് വായനക്കാരെ അദ്ദേഹത്തിന്റെ ആഖ്യാനശൈലിയോട് ചേർത്തുനിർത്തുന്നത്. പ്രധാനപ്പെട്ട ഒരു കാര്യത്തെപ്പറ്റി സംസാരിക്കുമ്പോൾ പൂർണ വിരാമങ്ങളല്ല വേണ്ടത്, മറിച്ചു ശ്വാസനിശ്വാസങ്ങളും താളവും –താളവും ഗതിവേഗവും സ്വരമാധുര്യവും– ആണ് വേണ്ടതെന്ന് അദ്ദേഹം കരുതുന്നു. താൻ പറയാനുദ്ദേശിക്കുന്ന കാര്യം മറുവശത്തുള്ളയാൾക്കു ബോധ്യമാകണമെന്നുള്ള ആഗ്രഹത്തിൽനിന്നാണ് വിരാമങ്ങളില്ലാത്ത തന്റെ വാക്യഘടനാശൈലി രൂപപ്പെട്ടിരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
സാറ്റാൻടാൻഗോ നോവലിന്റെ ആഖ്യാനത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിന്റെ അവസാനമെത്തുമ്പോൾ ആഖ്യാനം, തുടങ്ങിയിടത്തുതന്നെ, അതായത് ആദ്യഭാഗത്തിന്റെ തുടക്കത്തിൽതന്നെ, എത്തുന്നുവെന്ന സവിശേഷതയുമുണ്ട്. വലയം പൂർണമായി (The Circle Closes) എന്നുതന്നെയാണ് അവസാന അധ്യായത്തിനു പേര് നൽകിയിരിക്കുന്നതും. ‘‘അങ്ങനെയെങ്കിൽ, അതിനായി കാത്തിരിക്കുന്നതിലൂടെ എനിക്ക് ആ കാര്യം നഷ്ടമാകും’’ എന്ന് കാഫ്കയുടെ ഉദ്ധരണി സാറ്റാൻടാൻഗോയുടെ തുടക്കത്തിൽ കൊടുത്തിരിക്കുന്നു. കാഫ്കയെ വായിക്കാതെയിരിക്കുമ്പോൾ താൻ അദ്ദേഹത്തെപ്പറ്റി ചിന്തിക്കുമെന്നും, ചിന്തിക്കുമ്പോൾ തനിക്ക് അദ്ദേഹത്തെ വായിക്കാത്തതിൽ നഷ്ടബോധമുണ്ടാകുമെന്നും നഷ്ടബോധമുണ്ടാകുമ്പോൾ താൻ വീണ്ടും കാഫ്കയെ വായിച്ചുതുടങ്ങുമെന്നും ക്രാസ്നഹോർകൈ പറഞ്ഞിട്ടുണ്ട്. തനിക്ക് പ്രിയപ്പെട്ട മറ്റെഴുത്തുകാരായ ഹോമർ, ഡാന്റെ, എസ്രാ പൗണ്ട്, ദസ്തയേവ്‌സ്കി, സാമുവൽ ബക്കറ്റ്, തോമസ് ബെർണാഡ് തുടങ്ങിയവരുടെ കാര്യത്തിലും ഇങ്ങനെതന്നെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
സാറ്റാൻടാൻഗോ അഥവാ സാത്താന്റെ ടാൻഗോ നൃത്തം എന്ന പേര് ദുരിതാവസ്ഥയെയും മൂല്യച്യുതികളെയും അതിജീവിക്കാനായി ചലിക്കുന്നുണ്ടെന്ന തോന്നലുണ്ടാക്കുന്നുണ്ടെങ്കിലും സമൂഹം ഒടുവിൽ നിന്നിടത്തുതന്നെ നിലനിൽക്കുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. ടാൻഗോ നൃത്തത്തിൽ നർത്തകൻ/നർത്തകി വലതുകാൽ ഒരു ചുവടു മുന്നോട്ടുെവക്കുമ്പോൾ പങ്കാളി ഇടതുകാൽ ഒരു ചുവടു പിന്നിലേക്ക് െവക്കുന്നു. സന്തുലിതാവസ്ഥയുടെയും പ്രതിചലനത്തിന്റെയും ഈ അടിസ്ഥാന തത്ത്വങ്ങളാണ് ടാൻഗോയെ ആകർഷകമാക്കുന്നത്. തുടങ്ങിയിടത്തുതന്നെ അവസാനിക്കുന്ന നൃത്തച്ചുവടുകൾപോലെയാണ് സാറ്റാൻടാൻഗോ എന്ന നോവലിന്റെ ആഖ്യാനവും. കാലവും സംഭവങ്ങളും മുന്നിലേക്കും പിന്നിലേക്കും ചലിച്ചുകൊണ്ടിരിക്കുന്ന ആഖ്യാനം മുന്നോട്ടുള്ള ചലനത്തിന്റെ പ്രതീതി ജനിപ്പിച്ചുകൊണ്ട് തുടങ്ങിയിടത്തുതന്നെ അവസാനിക്കുന്നു. 2013ൽ നൽകിയ ഒരു അഭിമുഖത്തിൽ സാറ്റാൻടാൻഗോ എഴുതിയ കാലത്തുനിന്ന് ഇപ്പോഴത്തെ ലോകത്തിനുണ്ടായ മാറ്റത്തെക്കുറിച്ച് ക്രാസ്നഹോർകൈ സംസാരിക്കുന്നുണ്ട്. എല്ലാം മാറിയതായി തോന്നുന്നുവെങ്കിലും അടിസ്ഥാനപരമായി മാറ്റങ്ങളുണ്ടാകുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
‘‘വേഗത്തിൽ നിറഞ്ഞൊഴുകുന്ന ഒരു അരുവിയുടെ ഉപരിതലത്തിലെ ഒരു ചെറുകുമിള അനേകം ചെറുതുള്ളികളായി പൊട്ടിത്തകരുകയും പിന്നെയും ഒത്തുചേർന്നു മുന്നോട്ടു നീങ്ങുകയും ചെയ്യുന്നു. താൻ തുള്ളികളെ നിരീക്ഷിക്കുകയും ഒറ്റത്തുള്ളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. പക്ഷേ, അങ്ങനെയൊരു തുള്ളിയില്ല. എന്തുകൊണ്ടോ ഓരോ നിമിഷവും വ്യത്യസ്തവും അതേസമയം ഏകതാനവുമായ ഒരു അഖണ്ഡത മാത്രമേ അവിടെയുള്ളൂ. എന്നാൽ, അഖണ്ഡതയും നിലനിൽക്കുന്നില്ല, ഭാഗങ്ങളും നിലനിൽക്കുന്നില്ല. അങ്ങനെയെങ്കിൽ എന്താണ് അവിടെയുള്ളത്. ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒരു മാറ്റമില്ലായ്മ. ഗ്രഹിക്കാവുന്നതിനപ്പുറമാണത്.’’ മാറ്റങ്ങളുണ്ടാകുന്നുവെന്ന തോന്നൽ മാത്രമാണ് നിലനിൽക്കുന്നതെന്ന അഭിപ്രായമാണ് സാറ്റാൻടാൻഗോയുടെ ആഖ്യാനത്തിലും പ്രതിഫലിച്ചിരിക്കുന്നതെന്നു കാണാം.
ഉപേക്ഷിക്കപ്പെട്ട ഒരു തോട്ടമാണ് (Estate) സാറ്റാൻടാൻഗോയുടെ ഭൂമിക, അവിടെ മോചനം കാത്തുകഴിയുന്ന മനുഷ്യർ കഥാപാത്രങ്ങളും. നോവലിന്റെ തുടക്കത്തിൽ ശരത്കാല മഴയിൽ ചളിയിൽ പുതഞ്ഞ നടപ്പാതകൾ ഉപയോഗശൂന്യമാകുകയും പട്ടണം എത്തിപ്പിടിക്കാനാകാത്തവിധം അകലെയാകുകയും ചെയ്തിരിക്കുന്നതായി സൂചിപ്പിച്ചിരുന്നു. ദുരിതപൂർണമായ സാമൂഹികാവസ്ഥയുടെ പ്രതീകമായി നിരീക്ഷിക്കപ്പെടാവുന്ന രീതിയിൽ ചളിയും പലപ്പോഴായി അതിലേക്ക് വീഴുന്ന മനുഷ്യരെയും ആഖ്യാനത്തിലുടനീളം കാണാം.
തോട്ടത്തിലുള്ളവർക്ക് തുടക്കത്തിൽ ദൈവമായും പിന്നീട് സാത്താനായും മാറിയ ഇറിമിയാസ് (Irimias) ആണ് നോവലിലെ പ്രധാന കഥാപാത്രം. അയാൾ പറഞ്ഞ വാഗ്ദത്ത ഭൂമിയിൽ വിശ്വസിച്ചു തങ്ങളുടെ സമ്പാദ്യമെല്ലാം ഇറിമിയാസിനു കൊടുത്ത ഗ്രാമീണർ ഒടുവിൽ വഞ്ചിതരാകുന്നു. നോവലിന്റെ തുടക്കത്തിൽ അകലെയെങ്ങോനിന്നുള്ള മണിയൊച്ച കേട്ട് മിസിസ് ഷ്മിത്തിന്റെ (Mrs. Shimidt) കിടക്കയിൽനിന്നുണരുന്ന ഫുട്ടകി (Futaki) മിസ്റ്റർ ഷ്മിത്ത് പതിവിലും നേരത്തേ മടങ്ങിയെത്തിയതായി മനസ്സിലാക്കി വീടിനു പുറത്തുകടന്ന് അപ്പോഴവിടെ എത്തിയതുപോലെ മുൻവാതിലിൽ മുട്ടുന്നു. അവർക്കിടയിൽ മുമ്പുണ്ടായിരുന്ന ഏതോ ധാരണ അനുസരിച്ച് പങ്കുവെക്കാനുള്ള പണവുമായാണ് മിസ്റ്റർ ഷ്മിത്ത് എത്തിയിരിക്കുന്നത്. പരസ്പര വിശ്വാസമില്ലായ്മയും ചതിയും വഞ്ചനയും നിറഞ്ഞ ഒന്നാമധ്യായം ആഖ്യാനത്തിന് കൃത്യമായ രംഗസജ്ജീകരണം ഒരുക്കിയിരിക്കുന്നു.
നോവൽ എഴുതിയ കാലത്തെ രാഷ്ട്രീയ മാറ്റങ്ങളും സാമൂഹിക സാഹചര്യങ്ങളും ആഖ്യാനത്തെ സ്വാധീനിച്ചിട്ടുള്ളതായി കാണാം. അയൽക്കാരെല്ലാം തങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓരോരുത്തരും കരുതുന്നതിലൂടെ അക്കാലത്തെ സാമൂഹിക അരക്ഷിതാവസ്ഥ നോവൽ എടുത്തുകാട്ടുന്നു. ജനങ്ങളെത്തന്നെ ചാരന്മാരായും രഹസ്യ പൊലീസായും പരിശീലിപ്പിച്ചിരുന്ന ഭരണകൂട നയത്തെ ഇവിടെ ഓർക്കേണ്ടതുണ്ട്. സർക്കാറുടമസ്ഥതയിലുണ്ടായിരുന്ന ഒരു കൂട്ടുകൃഷിസ്ഥലമായിരുന്നിരിക്കണം (Collective Farm) നോവലിലെ ഉപേക്ഷിക്കപ്പെട്ട തോട്ടം.
മറ്റെവിടെയോ ഒരു മെച്ചപ്പെട്ട ജീവിതം കാത്തിരിക്കുന്നുവെന്നുള്ള പ്രത്യാശ ആദ്യ അധ്യായത്തിൽതന്നെ കഥാപാത്രങ്ങൾ പങ്കുവെക്കുന്നുണ്ട്. അന്ത്യവിധി ദിനത്തിലെന്നപോലെ മഴ കോരിച്ചൊരിഞ്ഞുകൊണ്ടിരിക്കുന്ന ആ ദിവസം, അവർ രക്ഷകനെന്നു കരുതുന്ന, മരിച്ചുവെന്ന് വിശ്വസിച്ചിരുന്ന, ഇറിമിയാസ് കൂട്ടാളിയായ പെട്രിനയോടൊപ്പം ഉയിർത്തെഴുന്നേറ്റിട്ടെന്നപോലെ മടങ്ങിവരുന്നുവെന്ന വാർത്തയും ഒന്നാമധ്യായത്തിൽ കേൾക്കുന്നുണ്ട്. ധാർമികമായ മൂല്യച്യുതിയും ദുരിതങ്ങളുമായി ശോച്യാവസ്ഥയിൽ കഴിയുമ്പോഴും രക്ഷകനായി ഒരാളെത്തുമെന്നും പുതുജീവിതം കാത്തിരിക്കുന്നുണ്ടെന്നുമുള്ള പ്രത്യാശ തോട്ടത്തിലുള്ളവർ കൈവെടിയുന്നില്ല. അന്തിമവിധിയും ഉയിർത്തെഴുന്നേൽപും വാഗ്ദത്ത ഭൂമിയുംപോലെ വേദപുസ്തകത്തിൽനിന്നുള്ള വാക്കുകൾ പലപ്പോഴായി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ആഖ്യാനത്തിന് മതപരമായ മാനങ്ങൾ ഇല്ലെന്നു കരുതുന്നതാണ് ഉചിതം. സാമൂഹികമായ അസന്തുലിതാവസ്ഥയും സമൂഹത്തിലെ മാറ്റമില്ലാതെ തുടരുന്ന ശോച്യാവസ്ഥയും തന്നെയാണ് സാറ്റാൻടാൻഗോയുടെ പ്രമേയത്തിന്റെ കാതൽ.
രണ്ടാമധ്യായത്തിൽ ടാൻഗോ നൃത്തത്തിലെന്നപോലെ ആഖ്യാനം ഒരു ചുവടു പിന്നിലേക്കു പോയി ഇറിമിയാസിന്റെയും പെട്രിനയുടെയും മടങ്ങിവരവിനു തൊട്ടുമുമ്പുള്ള സംഭവങ്ങൾ വിവരിക്കുന്നു. നോവലിന്റെ തുടക്കത്തിൽ അപ്രധാനമായി പരാമർശിച്ചുപോയ ഡോക്ടർ എന്ന കഥാപാത്രത്തെ മൂന്നാമധ്യായത്തിൽ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. സാറ്റാൻടാൻഗോയുടെ ആഖ്യാനത്തിലെ ഉജ്ജ്വലമായ ഒരു കഥാപാത്ര സൃഷ്ടിയാണ് ഡോക്ടർ. ഹംഗറിയുടെ ഭൂമിശാസ്ത്ര ചരിത്രത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിൽനിന്ന് അദ്ദേഹം വായിക്കുന്ന ഖണ്ഡികയോടെയാണ് അധ്യായം ആരംഭിക്കുന്നത്. തന്റെ ജനാലക്കു മുന്നിൽ നടക്കുന്ന എല്ലാ കാര്യങ്ങളെയും വളരെ കൃത്യമായി നിരീക്ഷിക്കാൻവേണ്ടി ജീവനോടെയിരിക്കുക എന്നതാണ്, ചികിത്സിക്കുന്നത് അവസാനിപ്പിച്ചു കഴിഞ്ഞ അദ്ദേഹത്തിന്റെ ഏക ലക്ഷ്യം. ഒന്നാമധ്യായത്തിൽ മിസിസ് ഷ്മിത്തിന്റെ വീട്ടിൽ നടക്കുന്ന സംഭവങ്ങൾ ഡോക്ടർ നിരീക്ഷിക്കുന്നുണ്ട്. നോവലിന്റെ തുടക്കത്തിൽ കേട്ട മണിയൊച്ച മൂന്നാമധ്യായത്തിൽ ഡോക്ടർ കേൾക്കുന്നതോടെ സമയക്രമത്തിൽ രണ്ട് അധ്യായങ്ങളിലെയും സംഭവങ്ങൾ പൊരുത്തപ്പെടുന്നു.
ഭൂതകാലത്തിലും ഭാവികാലത്തിലുമായി എഴുതിയിരിക്കുന്ന, താൻ വായിച്ചുകൊണ്ടിരിക്കുന്ന, പുസ്തകം ഡോക്ടറെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ചരിത്രമാണോ അതോ മനുഷ്യവർഗം നാമാവശേഷമായതിനുശേഷമുള്ള ഭൂമിയുടെ അവസ്ഥയെപ്പറ്റിയുള്ള വെളിപാടാണോ അതെന്നു ഡോക്ടർ സന്ദേഹിക്കുന്നു. മാറ്റങ്ങളുണ്ടാകുന്നു എന്നുള്ളത് തോന്നലുകൾ മാത്രമാണെന്ന ക്രാസ്നഹോർകൈയുടെ നിരീക്ഷണം ഇതോടു ചേർത്തുവായിക്കേണ്ടതുണ്ട്. സഹായികൾ ഉപേക്ഷിച്ചുപോയതിനെത്തുടർന്ന്, മദ്യം വാങ്ങാനായി ഉപേക്ഷിക്കപ്പെട്ട മില്ലിനു സമീപത്തുകൂടിയുള്ള വളഞ്ഞ വഴിയിലൂടെ ഡോക്ടർ രാത്രിയിൽ പോകുന്നു. പരിചയക്കാരെ ഒഴിവാക്കാനായാണ് അയാൾ വളഞ്ഞവഴി തിരഞ്ഞെടുക്കുന്നത്. കോരിച്ചൊരിയുന്ന മഴയത്ത്, കണങ്കാൽവരെ പുതയുന്ന ചളിയിലൂടെ നടന്ന് പൂട്ടിക്കിടക്കുന്ന മില്ലിനു സമീപമെത്തിയ അയാൾ മഴയിൽനിന്നു രക്ഷനേടാനായി മില്ലിനുള്ളിലേക്ക് കടക്കുന്നു. അവിടെ വേശ്യാവൃത്തി തൊഴിലാക്കിയ ഹോർഗോസ് പെൺകുട്ടികൾ തീ കാഞ്ഞിരിക്കുന്നുണ്ടായിരുന്നു. അമ്മ തങ്ങളുടെ കൈയിലുള്ള അവസാന കാശും പിടിച്ചുപറിക്കുന്നതിനെപ്പറ്റിയും അനിയത്തി എസ്റ്റിയെ പോറ്റേണ്ടതിനെപ്പറ്റിയും അവർ പരാതിപ്പെടുന്നു.
മില്ലിൽനിന്നു യാത്ര തുടരുന്ന ഡോക്ടർക്കു വഴിയിൽ തളർച്ച അനുഭവപ്പെടുന്നുണ്ടെങ്കിലും അയാൾ മദ്യശാലയുടെ വാതിൽക്കലെത്തിച്ചേരുന്നു. ഹോർഗോസ് പെൺകുട്ടികളിൽ ഏറ്റവും ഇളയവൾ, എസ്റ്റി ആ സമയം ഡോക്ടറുടെ കുപ്പായത്തിൽ പിടുത്തമിട്ടു. ഈ സന്ദർഭത്തിൽ അപ്രസക്തമെന്നു തോന്നാമെങ്കിലും ഒരുപക്ഷേ നോവലിലെ ഏറ്റവും വേദനാജനകമായ രംഗങ്ങളിലൊന്നാണ് ഇതെന്ന് തുടർന്നുള്ള അധ്യായങ്ങളിലെ വായനയിൽനിന്നു ബോധ്യപ്പെടുന്നുണ്ട്. ബലം പ്രയോഗിച്ചു കുട്ടിയെ അകറ്റാൻ ശ്രമിക്കുമ്പോൾ ഡോക്ടർ ചളിയിലേക്കു വീഴുന്നു. ഭയന്ന് മഴയത്തോടിപ്പോകുന്ന കുട്ടിയെ ഡോക്ടർ തിരിച്ചുവിളിച്ചെങ്കിലും അവൾ ആ വിളി കേൾക്കാൻ കൂട്ടാക്കിയില്ല.
‘‘അവളുടെ അമ്മ അവിടെ മദ്യപിക്കുന്നുണ്ടാകും, മൂത്ത സഹോദരിമാർ മില്ലിൽ വ്യഭിചരിക്കുന്നു, സഹോദരൻ പട്ടണത്തിലെ ഏതു കടയാകും ഇപ്പോൾ കവർച്ചചെയ്തുകൊണ്ടിരിക്കുന്നതെന്ന് ആർക്കറിയാം, ഇവിടെ ഒരു നേർത്ത വസ്ത്രം മാത്രം ധരിച്ചുകൊണ്ട് ഈ പെൺകുട്ടി മഴയത്തു ഓടിപ്പോയിരിക്കുന്നു’’ എന്നു ഡോക്ടർ ആ സമയത്തു ചിന്തിക്കുന്നുണ്ട്. അന്നത്തെ സമൂഹത്തിന്റെ ഒരു പരിച്ഛേദമായി ഈ ആത്മഗതത്തെ കാണാം.
ആഖ്യാനത്തിന്റെ ഘടനയിൽ പ്രതീക്ഷിക്കാവുന്നതുപോലെതന്നെ തുടർന്നുവരുന്ന അധ്യായങ്ങളിലൊന്നിൽ കുട്ടി അവിടെയെത്തിപ്പെടാനുണ്ടായ സാഹചര്യം വിവരിക്കുന്നുണ്ട്. ഏതാനും വർഷങ്ങൾക്കുമുമ്പ് അവളുടെ അച്ഛന്റെ മരണത്തോടെയാണ് മരണമെന്നാൽ എന്തെന്നു കുട്ടി മനസ്സിലാക്കുന്നത്. ‘‘സ്വർഗത്തിലേക്കും മാലാഖമാരിലേക്കുമുള്ള ഏറ്റവും നേരിട്ടുള്ള വഴിയാണ് മരണം. ദൈവത്തിന്റെ ഇച്ഛപ്രകാരം മാത്രമല്ല, മനുഷ്യരുടെ തിരഞ്ഞെടുപ്പിലൂടെയും മരണം സംഭവിക്കാവുന്നതാണ്’’ എന്നുള്ള പരിജ്ഞാനം കുട്ടിയുടെ മൂത്ത സഹോദരനാണ് അവൾക്കു പകർന്നു നൽകുന്നത്. എലിവിഷം അത്തരമൊരു തിരഞ്ഞെടുപ്പിന് സഹായിച്ചേക്കുമെന്നും സഹോദരൻ കുട്ടിയോടു പറയുന്നു. സ്വർഗത്തിലെത്തുമെന്നുള്ള പ്രതീക്ഷയിൽ കുട്ടി എലിവിഷം കഴിച്ചു മരിക്കുകതന്നെ ചെയ്തു. മരണത്തിലൂടെ സ്വർഗരാജ്യവും മാലാഖമാരുടെ സാമീപ്യവും സ്വപ്നം കാണുന്ന കുട്ടിയും പുതുജീവിതം സ്വപ്നം കണ്ട് തോട്ടം വിട്ടുപോകാനൊരുങ്ങുന്ന ഗ്രാമവാസികളും നിറമുള്ള ഭാവി സ്വപ്നം കാണുന്നവരായിരുന്നു. കുട്ടി മരണപ്പെടുന്നു. രക്ഷകൻ ചമഞ്ഞെത്തിയ ഇറിമിയാസ് ഗ്രാമവാസികളെ ചതിച്ച് അവരുടെ പണം തട്ടിയെടുക്കുകയും ചെയ്യുന്നു.
മുമ്പൊരിക്കൽ സുഖമില്ലാതെ വന്നപ്പോൾ തന്റെ സമീപം ദീർഘനേരമിരുന്ന അദ്ദേഹത്തിന്റെ സാമീപ്യം തന്ന ധൈര്യത്തിൽ സുഖമായുറങ്ങിയ ഓർമയിലായിരുന്നു കുട്ടി ഡോക്ടറുടെ കുപ്പായത്തിൽ പിടിത്തമിട്ടത്. ഡോക്ടർ തന്റെ രക്ഷകനാണെന്ന് ആ സമയം അവൾ തെറ്റിദ്ധരിച്ചിരിക്കാം. എന്നാൽ അവളുടെ പ്രതീക്ഷക്ക് വിരുദ്ധമായി അയാൾ അവളുടെ പിടി ബലമായി വിടുവിക്കുന്നു. അയാളുടെ ഈ മാറ്റം കുട്ടിയെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. തുടർന്നുവരുന്ന ഒരു അധ്യായത്തിൽ കുട്ടിയുടെ ശരീരം ഭൂമിയിൽനിന്ന് ഉയർന്ന് അപ്രത്യക്ഷമാകുന്നത് ഹാലൂസിനേഷനാണോ എന്ന് തീർച്ചപ്പെടുത്താനാകാത്ത ഒരു കാഴ്ചയിൽ ഇറിമിയാസും പെട്രിനയും കുട്ടിയുടെ സഹോദരനും കാണുന്നുണ്ട്.
സാറ്റാൻടാൻഗോയിൽ ക്രാസ്നഹോർകൈ എഴുതിയ ഗദ്യത്തെ ശബ്ദങ്ങളിലേക്കും ചിത്രങ്ങളിലേക്കും വിവർത്തനംചെയ്തു ചലച്ചിത്രാവിഷ്കാരം നടത്തിയിരിക്കുന്നത് സംവിധായകനായ ബേല ടാർ (Bela Tarr) ആണ്. 2012ൽ ഹംഗേറിയൻ വംശജനായ കവി ജോർജ് സിർടെഷ് ആണ് സാറ്റാൻടാൻഗോ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത്. 2013ൽ സാറ്റാൻടാൻഗോയുടെ പരിഭാഷക്ക് ബെസ്റ്റ് ബുക്ക് ട്രാൻസ്േലറ്റഡ് പുരസ്കാരം ലഭിച്ചു. ജോർജ് സിർടെഷിന്റെ ഇംഗ്ലീഷ് പരിഭാഷയിൽ മുന്നൂറിൽതാഴെ പേജുകൾ മാത്രം ദൈർഘ്യമുള്ള നോവലിനെ 450 മിനിറ്റ് ദൈർഘ്യമുള്ള ഒരു സിനിമയാക്കി ബേല ടാർ മാറ്റുമ്പോൾ നോവലിലെ നീണ്ട വാക്യങ്ങളും സിനിമയിലെ നീണ്ട ടേക്കുകളും തമ്മിലുള്ള ബന്ധമാണ് ആ പരിവർത്തനത്തിന്റെ ആധാരമാകുന്നതെന്നു കാണാം.
ജോർജ് സിർടെഷിനെ കൂടാതെ കനേഡിയൻ വംശജനായ, പ്രാഗിൽ താമസിക്കുന്ന ഓറ്റിലീ മുൾസെറ്റ് (Ottilie Mulzet), ജോൺ ബാറ്റ്കി എന്നിവരും ലാസ്‌ലോ ക്രാസ്നഹോർൈകയുടെ കൃതികളുടെ പരിഭാഷകരാണ്. ഓറ്റിലീ മുൾസെറ്റ് മൊഴിമാറ്റം ചെയ്തവയിൽ ‘സീയോബോ ദേർ ബിലോ’, ‘ഡിസ്ട്രക്ഷൻ ആൻഡ് സോറോ ബിനീത്ത് ദി ഹെവൻസ്’, 2019ലെ വിവർത്തന സാഹിത്യത്തിനുള്ള ദേശീയ പുസ്തക അവാർഡ് നേടിയ ‘ദി ബാരൺ വെൻക്ഹെയിംസ് ഹോം കമിങ്’ എന്നിവ ഉൾപ്പെടുന്നു. ക്രാസ്നഹോർകൈയുടെ ചൈനയിലൂടെയുള്ള സഞ്ചാരം അടയാളപ്പെടുത്തിയിരിക്കുന്ന ‘ഡിസ്ട്രക്ഷൻ ആൻഡ് സോറോ ബിഹൈൻഡ് ദി ഹെവൻസ്’ (Destruction and Sorrow Behind the Heavens) എന്ന പുസ്തകവും അദ്ദേഹമാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ജോൺ ബാറ്റ്കിയാണ് ’ദി വേൾഡ് ഗോസ് ഓൺ’, ‘സ്പേഡ്‌വർക്ക് ഫോർ എ പാലസ്’ മുതലായവ പരിഭാഷപ്പെടുത്തിയത്.
മൊഴിമാറ്റങ്ങൾ പരിഭാഷകർക്കു സ്വന്തമാണെന്ന് ക്രാസ്നഹോർകൈ അഭിപ്രായപ്പെട്ടിരുന്നു. സ്വന്തം ഭാഷയിലെഴുതിയ മൂലകൃതിയാണ് എഴുത്തുകാരന് സ്വന്തം. വിവർത്തനങ്ങൾക്ക് അതുമായി സാമ്യമുണ്ടാകുമെങ്കിലും അവ പരിഭാഷകരുടേതാണെന്ന് അദ്ദേഹം പറയുന്നു. തന്റെ കൃതികളുടെ ചലച്ചിത്രാവിഷ്കാരത്തെപ്പറ്റിയും അദ്ദേഹത്തിന് ഇതേ അഭിപ്രായമാണുള്ളത്. ചലച്ചിത്രങ്ങൾ സംവിധായകന്റേതാണ്.സാഹിത്യത്തിൽ എഴുതുന്നതുപോലെ തിരക്കഥയിൽ എഴുതാൻ കഴിയില്ലെന്നും സ്വന്തം കഥകൾക്കു തിരക്കഥയെഴുതിയ അനുഭവത്തിൽനിന്ന് അദ്ദേഹം ഓർമിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് ‘‘ദൈവമില്ലാത്ത ഒരു ലോകത്തെപ്പറ്റി അയാൾ ചിന്തിച്ചു’’ എന്ന് എഴുതിയപ്പോൾ സംവിധായകനായ ബേല താനെങ്ങനെ ഇതു ചിത്രീകരിക്കുമെന്നു ചോദിച്ചതായി അദ്ദേഹം പറയുന്നുണ്ട്. എസ്റ്റി സ്വർഗത്തിലേക്ക് ഉയരുന്ന രംഗം എങ്ങനെ ചിത്രീകരിക്കുമെന്ന ചിന്തക്കൊടുവിൽ ആ കാഴ്ച കണ്ടുകൊണ്ടിരിക്കുന്ന കാമറ ഇറിമിയാസിന്റെ മുഖത്തിന് മുന്നിൽ എൺപത് സെന്റിമീറ്റർ മുന്നിൽ വെക്കാനാണ് തീരുമാനിക്കപ്പെട്ടത്. അയാളുടെ മുഖത്തുനിന്നാണ് ആ കാഴ്ച പ്രേക്ഷകർ വായിച്ചെടുക്കേണ്ടത്. കാമറയിൽ ചിത്രീകരിക്കാൻ കഴിയാത്ത ആ രംഗം തനിക്ക് രസകരമായി, ഒരു ദാർശനിക പശ്ചാത്തലത്തിൽ, സാഹിത്യമായി എഴുതാൻ കഴിയുമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
ഇതേ കാര്യം സത്യജിത് റായി തന്റെ അപുവിന്റെ ദിനങ്ങൾ എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നത് ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്. ‘‘ഒരു ദൃശ്യത്തിന് വളരെ സാധാരണവും സരളവുമായ ചില വാക്കുകൾ മാത്രമാണ് ആവശ്യമുണ്ടായിരുന്നത്. അവിടെ ആശിഷ് ഉയർന്ന തരം ഭാഷയിലുള്ള സാഹിത്യപരമായ ഒരു സംഭാഷണം എഴുതിക്കൊണ്ടുവന്നു. ഞാനതു വായിച്ചു അങ്ങനെ തന്നെ തിരികെക്കൊടുത്തു. വാസ്തവം പറയുകയാണെങ്കിൽ നമ്മുടെ കണ്ണുകൾ എത്താത്തിടത്തു കാമറയുടെ പ്രാധാന്യവും കുറഞ്ഞുപോകുന്നു. കാമറ എന്നത് ഒരു യന്ത്രം മാത്രം.’’ (അപുവിനോടൊത്തുള്ള എന്റെ ദിനങ്ങൾ, സത്യജിത് റായി, പേജ് നം. 61)
സാറ്റാന്‍ടാൻഗോ പ്രസിദ്ധീകരിച്ച കാലത്ത് പലരും ആഗ്രഹിച്ചിരുന്ന തരത്തിലൊരു പുസ്തകമായിരുന്നു അതെന്ന് ക്രാസ്നഹോർകൈ പറയുന്നുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന ഔപചാരികതയുടെയും മടുപ്പിക്കുന്ന പുതുമകളുടെയും ഇടയിൽനിന്നു രക്ഷപ്പെടാനാഗ്രഹിക്കുന്നവരും ലോകത്തെക്കുറിച്ച് എന്തെങ്കിലും പറയുന്ന ഒരു പുസ്തകത്തിനായി കാത്തിരിക്കുന്നവരും വിനോദത്തിനപ്പുറം മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നവരും ജീവിതത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കാതെ വീണ്ടും ജീവിക്കാൻ ആഗ്രഹിക്കുന്നവരും വേദനാജനകമായ സൗന്ദര്യത്തിനു മുൻഗണന നൽകുന്നവരും സാറ്റാന്‍ടാൻഗോ ഇഷ്ടപ്പെട്ടതായി അദ്ദേഹം കരുതുന്നു.
യൂറോപ്യൻ ബൗദ്ധിക പാരമ്പര്യത്തോടെന്നപോലെ പൗരസ്ത്യ തത്ത്വചിന്തകളുമായും ബുദ്ധമത ചിന്തകളുമായും ക്രാസ്നഹോർകൈ അടുപ്പം പുലർത്തുന്നുണ്ട്. 2018ൽ അന്തർദേശീയ ബുക്കർ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിലെത്തിയ ‘ദി വേൾഡ് ഗോസ് ഓൺ’ എന്ന കഥാസമാഹാരത്തിലെ ‘ഒരു തുള്ളി വെള്ളം’ (എ ഡ്രോപ് ഓഫ് വാട്ടർ) എന്ന കഥയിൽ ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് വാരാണസിയിലേക്ക്, വരരുതായിരുന്നുവെന്ന് സ്വയം പഴിക്കുന്ന ആഖ്യാതാവിനെയാണ് നാം കാണുന്നത്. അനിഷ്ടത്തിന്റെ സ്വരത്തിൽ പക്ഷേ, വാരാണസിയുടെ ദീർഘമായ ഒരു വിവരണമാണ് കഥയുടെ ആദ്യഭാഗത്തു നാം വായിക്കുന്നത്. ഗംഗയുടെ തീരത്തെ ഘട്ടുകളിൽ മരണം കാത്തിരിക്കുന്നു എന്നു പറയുമ്പോഴും മരണം ആനന്ദകരമായ ഒരു വിമോചനമെന്നു കേട്ടത് അംഗീകരിക്കാൻ അയാൾക്ക് ആവുന്നില്ല. തനിക്ക് മോചനം വേണ്ടത് മരണത്തിൽനിന്നല്ല, വാരാണസിയിൽനിന്നാണെന്ന് അയാൾ ഉറപ്പിക്കുന്നു. ഏതു ദിശയിലേക്കു നടന്നാലും ഒടുവിൽ താൻ ഗംഗയുടെ തീരത്തു തന്നെയെത്തുമെന്ന് അയാൾ അനുഭവത്തിൽനിന്ന് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്.
ലാസ്‌ലോ ക്രാസ്നഹോർകൈ –പഴയ ചിത്രം
ഗംഗാതീരത്ത് കണ്ടുമുട്ടിയ ഒരു മനുഷ്യൻ ആഖ്യാതാവിനോട്, ‘‘ഗംഗയിലെ ഒരു തുള്ളി വെള്ളം ഒരു ക്ഷേത്രത്തിനു സമമാണ്’’ എന്നു പറയുന്നു. പിന്നീട് ആ മനുഷ്യൻ വെള്ളത്തിന്റെ രാസഘടനയെപ്പറ്റിയും ഹൈഡ്രജൻ ബോണ്ടിനെപ്പറ്റിയും കോവലന്റ് ബോണ്ടിനെപ്പറ്റിയുമെല്ലാം വാചാലനാകുന്നു. ഏറ്റവും കുറവ് പ്രതലവിസ്താരം ആവശ്യപ്പെടുന്ന ഗോളാകൃതി ദ്രാവകങ്ങൾ സ്വീകരിക്കാൻ കാരണമായ പ്രതലബലത്തെപ്പറ്റിയും അയാൾ വിശദമാക്കുന്നു. ഒരു ശാസ്ത്രപ്രബന്ധംപോലെ നീണ്ടുപോകുന്ന, ആത്മഭാഷണംപോലെയുള്ള, ഈ വിവരണങ്ങൾക്കൊടുവിൽ വെള്ളത്തിന് ഓർമശക്തിയുണ്ടെന്ന് അയാൾ സ്ഥാപിച്ചു. ‘‘ഐസ് അലിഞ്ഞു കഴിയുമ്പോൾ ദ്രാവകത്തിന്റെ പരൽഘടനയിലേക്ക് (crystal system) അത് തിരികെ പോകുന്നു. അതായത്, മഞ്ഞുകട്ട ആയിരിക്കുമ്പോഴും അതിന് അതിന്റെ ദ്രാവകഘടന ഓർമയുണ്ട്. അതായത് വെള്ളത്തിന് വിവരങ്ങൾ ശേഖരിച്ചുവെക്കാനുള്ള കഴിവുണ്ട്. ഭൂമിയുണ്ടായ കാലം മുതൽ ഇന്നുവരെ നടന്നതെല്ലാം വെള്ളത്തിന് അറിയാം. അതിനാൽ ഒരു തുള്ളി വെള്ളത്തെപ്പോലും മനസ്സിലാക്കാൻ നമ്മുടെ അറിവുകൾ അപര്യാപ്തമാണ്.’’ ‘‘ഗംഗയിലെ ഒരു തുള്ളി വെള്ളം ഒരു ക്ഷേത്രത്തിനു സമമാണ്’’ എന്ന് അയാൾ വീണ്ടും ഓർമപ്പെടുത്തുന്നു.
വാരാണസി നഗരം നദിയുടെ ഒരുവശത്തു മാത്രമാണെന്നുള്ളതാണോ അതോ നദിയുടെ മറുവശം ശൂന്യമാണെന്നുള്ളതാണോ കൂടുതൽ ഭയാനകമെന്ന് ആഖ്യാതാവ് സംശയിക്കുന്നുണ്ട്. വാരാണസിയിൽനിന്നു മടങ്ങാനായി ഹോട്ടൽമുറിയിൽനിന്ന് പുറത്തിറങ്ങുന്ന അയാൾ രണ്ടു വളവുകൾ തിരിഞ്ഞതിനുശേഷം ഒരിക്കലും അത് നാലാകരുതെന്നും ഒരേ ദിശയിലേക്കാകരുതെന്നും സ്വയം ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. ഒരേ ദിശയിൽ നാലു വളവുകൾ തിരിഞ്ഞാൽ താൻ തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തുമെന്നതിനാലാണത്. സാറ്റാൻടാൻഗോയിലെന്നപോലെ തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തുന്ന ഒരു കുടുക്കിനെ (ലൂപ്) ഓർമിപ്പിച്ചുകൊണ്ടാണ് ‘ഒരു തുള്ളി വെള്ളം’ എന്ന കഥയും അവസാനിക്കുന്നത്.
ക്രാസ്നഹോർകൈയുടെ ആഖ്യാനങ്ങളിലുടനീളം ഓരോ സംഭവവും ഒരു വസ്തുവും കൃത്യമായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ഓരോ വസ്തുവും അത് എവിടെയാണോ അവിടെ മാത്രമേ ഉണ്ടാകാൻ കഴിയൂ എന്നതാണ് ഇതിനുള്ള കാരണമായി അദ്ദേഹം പറയുന്നത്. നിരവധി നോവലുകളുടെയും ഉപന്യാസ, ചെറുകഥ സമാഹാരങ്ങളുടെയും രചയിതാവായ ലാസ്‌ലോ ക്രാസ്നഹോർകൈയുടെ പ്രധാന നോവലുകളിൽ ‘സാറ്റാൻടാൻഗോ’ക്ക് പുറമെ ‘ദ മെലൻകളി ഓഫ് റെസിസ്റ്റൻസ്’ (The Melancholy of Resistance), ‘വാർ ആൻഡ് വാർ’ (War and War), ‘സീയോബോ ദേർ ബിലോ’ (Seiobo There Below), ‘ദി ബാരൺ വെൻക്ഹെയിംസ് ഹോംകമിങ്’ (The Baron Wenckheim’s Homecoming), ഹെർഷ്റ്റ് 0776 (Herscht 07769) എന്നിവ ഉൾപ്പെടുന്നു. ജർമൻ ചിത്രകാരനായ മാക്സ് ന്യൂമാനുമായി ചേർന്ന് 2010ൽ ‘അനിമൽ ഇൻസൈഡ്’ എന്ന പേരിൽ ഒരു നോവെല്ലയും അദ്ദേഹം എഴുതിയിട്ടുണ്ട്.
നൊബേൽ പുരസ്കാരമെത്തുന്നതിനു മുമ്പുതന്നെ മറ്റനവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സമഗ്രസംഭാവനക്കുള്ള പ്രിക്സ് ഫോർമെന്റർ പുരസ്‌കാരം (2024), ലിബ്രി പുരസ്‌കാരം (2022), അന്തർദേശീയ മാൻ ബുക്കർ പുരസ്‌കാരം (2015), ഹംഗറിയിലെ പരമോന്നത പുരസ്‌കാരമായ കൊസുത്ത് പുരസ്‌കാരം (Kossuth Prize) മുതലായവ അവയിൽ ഉൾപ്പെടുന്നു. മനുഷ്യകുലത്തിന്റെ വിധിയായ, നഷ്ടബോധത്തോടുള്ള അവരുടെ അസാധാരണമായ പ്രതിവചനമാണ് കലയെന്ന് ലാസ്‌ലോ ക്രാസ്നഹോർകൈ കരുതുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പ്രത്യാശയുടെയും ഉയർന്നതലത്തിന്റെയും സങ്കീർണമായ ഒരു സൃഷ്ടിയാണ് സൗന്ദര്യം. ഒരു അതിർത്തിക്കപ്പുറം സൗന്ദര്യം നിലനിൽക്കുന്നുണ്ട്. മുന്നോട്ടു പോയി ആ സൗന്ദര്യത്തെ ഗ്രഹിക്കാനോ സ്പർശിക്കാനോ നമുക്ക് കഴിയില്ല, ഇപ്പുറം നിന്ന് അതിനെ നോക്കിക്കാണാനും അവിടെ അതുണ്ടെന്ന് അംഗീകരിക്കാനും മാത്രമേ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.