കൊമ്പുമുളക്കുന്ന ദേശീയത

പ്രതീകങ്ങളാണ് അധികാരത്തിന്റെ ഏറ്റവും സൂക്ഷ്മമായ ഭാഷ എന്നു പറയാറുണ്ട്. അവക്ക് മനുഷ്യരെ ഇണക്കാനും പിണക്കാനും കഴിയും. സ്നേഹത്തിന്റെ ചിഹ്നങ്ങളായി മാറാനും ചിലപ്പോൾ വിദ്വേഷത്തിന്റെ ആയുധപ്പുരകളായി പൊട്ടിത്തെറിക്കാനും കഴിയും. ഇന്ത്യൻ രാഷ്ട്രീയത്തിൽ അത്തരമൊരു പ്രതീകമാണിന്ന് പശു. ഒരുകാലത്ത് കാർഷിക ജീവിതത്തിന്റെ അനിവാര്യഘടകമായിരുന്ന പശു, പിന്നീട് മതപരമായ ആദരവിന്റെ വിഷയമായി; പിൽക്കാലത്ത് ദേശീയതയുടെ പ്രതീകമായി; ഒടുവിൽ സമകാലിക ഇന്ത്യയിൽ രാഷ്ട്രീയ ധ്രുവീകരണത്തിന്റെയും ഹിംസാത്മകതയുടെയും ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്നായി മാറി. പശുവിന്റെ ചരിത്രപരമായ ഈ രൂപാന്തരത്തെ രേഖകളുടെയും പ്രമാണങ്ങളുടെയും വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന ബൃഹദ് ഗ്രന്ഥമാണ് ഡോ.എം.കെ. മുനീറിന്റെ ‘പശു ദേശീയത’.

മറ്റൊരാർഥത്തിൽ, പശുവിനെക്കുറിച്ചുള്ള പുസ്തകമല്ല ഇത്; പശുവിലൂടെ എഴുതപ്പെട്ട ദേശീയതയുടെ രാഷ്ട്രീയ ചരിത്രമാണ്. ഈ കൃതി ഒരു സാമൂഹിക പ്രതീകം എങ്ങനെ രാഷ്ട്രീയ പ്രതീകമായി മാറുന്നു എന്നതിന്റെ ചരിത്രപരവും ആശയപരവുമായ അന്വേഷണമാണ്. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥം വായിച്ചുതീരുമ്പോൾ മനസ്സിലാകുന്ന കാര്യം, ഇത് പശുവിനെക്കുറിച്ചുള്ള ഒരു പുസ്തകം മാത്രമല്ല; ഇന്ത്യയിൽ മതവും ചരിത്രവും ദേശീയതയും പശുവിനെ മുൻനിർത്തി എങ്ങനെ പരസ്പരം പുനർനിർമിക്കപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ബഹുമുഖ പഠനമാണെന്നാണ്.

പുസ്തകത്തിന്റെ അവതാരിക തന്നെ ഈ അന്വേഷണത്തിന്റെ ബൗദ്ധിക ദിശ വ്യക്തമാക്കുന്നുണ്ട്. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതിസന്ധിയെ മുൻനിർത്തി രാം പുനിയാനി എഴുതിയ അവതാരികയും, വൈദിക-പുരാണ സാഹിത്യങ്ങളിലെ മാംസഭക്ഷണ പരമ്പരയെ ചരിത്രപരമായി വിശദീകരിക്കുന്ന ഡോ.ടി.എസ്. ശ്യാം കുമാറിന്റെ പഠനവും ഈ ഗ്രന്ഥത്തെ രാഷ്ട്രീയ പ്രതികരണത്തിന്റെ പരിധിക്കപ്പുറത്തേക്ക് ഉയർത്തുന്നു. ഗ്രന്ഥകാരൻ തന്റെ നിലപാട് അവതരിപ്പിക്കുന്നതിനു മുമ്പ്, വായനക്കാരനെ ചരിത്ര രേഖകളുടെ ലോകത്തേക്കാണ് ആദ്യം കൂട്ടിക്കൊണ്ടുപോകുന്നത്.

ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ ശക്തി അതിന്റെ രീതിശാസ്ത്രമാണ്. ഇന്ന് സമൂഹ മാധ്യമങ്ങളിൽ ചരിത്രം പലപ്പോഴും ഉദ്ധരണികളുടെ യുദ്ധമായി മാറുന്ന അവസ്ഥയുണ്ട്. ഇഷ്ടപ്പെട്ട വരികൾ മാത്രം തിരഞ്ഞെടുത്ത് ചരിത്രത്തെ ലളിതവത്കരിക്കുന്ന പ്രവണത വ്യാപകവുമാണ്. ഡോ.മുനീർ ആ എളുപ്പവഴി സ്വീകരിക്കുന്നില്ല. വേദങ്ങൾ, ബ്രാഹ്മണഗ്രന്ഥങ്ങൾ, ഉപനിഷത്തുകൾ, രാമായണം, മഹാഭാരതം, മനുസ്മൃതി, പുരാണങ്ങൾ, ബൗദ്ധഗ്രന്ഥങ്ങൾ, ചരിത്രകാരന്മാരുടെ ഗവേഷണങ്ങൾ, ഭരണഘടനാ അസംബ്ലി ചർച്ചകൾ, സുപ്രീം കോടതി വിധികൾ, സാമ്പത്തിക പഠനങ്ങൾ തുടങ്ങിയവയെല്ലാം ഒരു വലിയ സംവാദത്തിന്റെ ഭാഗമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

ഗ്രന്ഥത്തിന്റെ ഒന്നാംഭാഗം, പ്രാചീന ഇന്ത്യൻ സാഹിത്യത്തെ പുനർ വായിക്കാനുള്ള ആഴമാർന്ന ശ്രമമാണ്. വേദകാലത്ത് മാംസഭക്ഷണം നിലനിന്നിരുന്നോ? പശുവിന് ഇന്നുള്ളതുപോലുള്ള ‘വിശുദ്ധ’ പദവി അന്നുണ്ടായിരുന്നോ? വൈദിക യാഗങ്ങളിലെ മൃഗബലിയുടെ സ്വഭാവമെന്തായിരുന്നു? രാമായണത്തിലും മഹാഭാരതത്തിലും മനുസ്മൃതിയിലും മാംസാഹാരത്തെ എങ്ങനെയാണ് പ്രതിപാദിക്കുന്നത്? ഇത്തരം നിരവധി ചോദ്യങ്ങൾക്കുള്ള ഗവേഷണപരമായ ഉത്തരങ്ങളാണ് ഈ ഗ്രന്ഥം. ഡി.എൻ. ഝാ, ബി.ആർ. അംബേദ്കർ തുടങ്ങി ഒട്ടേറെ ചരിത്ര ഗവേഷകരുടെ പഠനങ്ങളും ഗ്രന്ഥകാരൻ ചർച്ചയിലേക്ക് കൊണ്ടുവരുന്നു.

ഈ ഗ്രന്ഥത്തിന്റെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത, ‘ഹിന്ദു പാരമ്പര്യം’ എന്ന ഏകവചനത്തെ ചോദ്യം ചെയ്യുന്നതാണ്. സ്വാമി വിവേകാനന്ദൻ, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, വി.ഡി. സവർക്കർ, എം.എസ്. ഗോൾവാൾക്കർ തുടങ്ങിയവരുടെ പശുവിനെക്കുറിച്ചുള്ള സമീപനങ്ങൾ ഒരുപോലെയല്ലെന്ന് പുസ്തകം വസ്തുതകളുടെ അടിസ്ഥാനത്തിൽ തെളിയിക്കുന്നു.

ഗവേഷണ ഗ്രന്ഥങ്ങളിൽ സാധാരണയായി കാണുന്ന വരണ്ട അക്കാദമിക് ഭാഷ ഈ പുസ്തകത്തിനില്ല. തെളിവുകളും വസ്തുതകളും സമൃദ്ധമായി ഉദ്ധരിക്കുമ്പോഴും അവതരണം വായനക്കാരനെ അകറ്റുന്ന വിധത്തിലുള്ളതല്ല. അതിനാൽ ഗവേഷകനും സാധാരണ വായനക്കാരനും ഒരുപോലെ വായിച്ചുതീർക്കാൻ കഴിയുന്ന സന്തുലിതാവസ്ഥ ഈ ഗ്രന്ഥത്തിലുടനീളം കാണാം.

പുസ്തകത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം, പശുവിനെ ചരിത്രത്തിൽനിന്ന് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നുനിർത്തുന്ന മൂന്നാം ഭാഗമാണ്. ഒരു മൃഗം എങ്ങനെയാണ് ഒരു രാഷ്ട്രീയ പ്രതീകമായി മാറുന്നത്? എന്ന അടിസ്ഥാനചോദ്യം ഗ്രന്ഥകാരൻ ഇവിടെ ഉന്നയിക്കുന്നു. മിത്തുകൾ ചരിത്രത്തെ കീഴടക്കുമ്പോൾ, ജനാധിപത്യം ആദ്യം നഷ്ടപ്പെടുന്നത് യുക്തിബോധത്തെയാണ്.

ഈ ഗ്രന്ഥത്തിലെ ഏറ്റവും ഹൃദയഭേദകമായ അധ്യായങ്ങൾ നാലാം ഭാഗത്താണ്. ഈ ഭാഗത്ത് വിശദീകരിക്കുന്ന, പശുവിന്റെ പേരിൽ ഇന്ത്യയിൽ നടന്ന ആൾക്കൂട്ടക്കൊലകളെക്കുറിച്ചുള്ള അധ്യായങ്ങൾ വായനക്കാരന്റെ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്. അഖ്‍ലാഖ്, പെഹ്‌ലുഖാൻ, ജുനൈദ്, മുഹ്സിൻ ഷെയ്ഖ്, അലിമുദ്ദീൻ അൻസാരി, ഉമർ,താഹിർ, റക്ബർ ഖാൻ... ഇവർ വെറും പേരുകളല്ല; ജനാധിപത്യത്തിന്റെ ആഴമാർന്ന മുറിവുകളാണ്. എന്നാൽ, ഗ്രന്ഥകാരൻ ഇവരെ വൈകാരിക സഹതാപത്തിന്റെ കഥാപാത്രങ്ങളാക്കുന്നില്ല. മറിച്ച്, ഒരു സ്വതന്ത്ര, ജനാധിപത്യ, മതേതര രാഷ്ട്രത്തിൽ ആൾക്കൂട്ടം നിയമത്തെ എങ്ങനെ മറികടക്കുന്നു എന്ന വലിയ ചോദ്യത്തിന്റെ ഭാഗമായി അവരെ അവതരിപ്പിക്കുന്നു. ജനക്കൂട്ടം ജഡ്ജിയാവുകയും സംശയം തെളിവായി മാറുകയും ചെയ്യുന്ന സാമൂഹികാവസ്ഥയെ അദ്ദേഹം ഭരണഘടനയുടെ കണ്ണിലൂടെ നോക്കിക്കാണുന്നു. ഈ ഭാഗമാണ് പുസ്തകത്തെ ചരിത്രത്തിൽനിന്ന് സമകാലിക രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് എത്തിക്കുന്നത്. ഏറ്റവും കൗതുകകരമായ കാര്യം, ഇന്ത്യയിൽ നിന്നു വിദേശത്തേക്ക് ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനികളെപ്പറ്റി ഒരു ലഘു അധ്യായം തന്നെ നൽകിയിട്ടുണ്ട്.

പശുവിനെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും മതവികാരങ്ങളിൽ ഒതുങ്ങിപ്പോകാറുണ്ട്. എന്നാൽ, ‘ഗോരക്ഷാ’ പ്രവർത്തനങ്ങൾക്ക് പിന്നിലെ സാമ്പത്തികവശം പൊതുവേ ചർച്ച ചെയ്യാറില്ല. ഗോവധനിരോധനം കർഷകരെ എങ്ങനെ ബാധിക്കും? പാലുൽപാദന സമ്പദ്‌ വ്യവസ്ഥയിൽ അതിന്റെ സ്വാധീനം എന്താണ്? പ്രായമായ, ആരോഗ്യം ക്ഷയിച്ച കന്നുകാലികളെ പരിപാലിക്കുന്നതിന്റെ സാമ്പത്തികഭാരം ആരാണ് വഹിക്കുക? തുകൽ വ്യവസായം, മാംസ വ്യവസായം, മാംസ കയറ്റുമതി മേഖല എന്നിവയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്? ഇത്തരം ചോദ്യങ്ങൾക്ക് ഗ്രന്ഥകാരൻ കണക്കുകളുടെയും സാമ്പത്തിക വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ മറുപടി കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.

‘പശു ദേശീയത’ ഒരു പുസ്തകമെന്നതിലുപരി ഒരു സംവാദമാണ്. അത് വായനക്കാരനെ ചിന്തിപ്പിക്കാനാണ് ശ്രമിക്കുന്നത്. ചരിത്രത്തെ വിശ്വാസത്തിന്റെ കണ്ണിലൂടെ മാത്രമല്ല, വിമർശന ബോധത്തിന്റെ കണ്ണിലൂടെയും വായിക്കാൻ അതാവശ്യപ്പെടുന്നു. യഥാർഥ ഗവേഷണ ഗ്രന്ഥങ്ങളുടെ ദൗത്യവും അതുതന്നെയാണ്. നല്ല പുസ്തകങ്ങൾ നമ്മുടെ അറിവ് വർധിപ്പിക്കും. മികച്ച പുസ്തകങ്ങൾ നമ്മുടെ ചോദ്യങ്ങളെ മാറ്റിമറിക്കും. എന്നാൽ, അപൂർവം ചില പുസ്തകങ്ങൾ മാത്രമേ നമ്മുടെ ഉറച്ച വിശ്വാസങ്ങളുടെ അടിത്തറയിൽ തന്നെ പുതിയ ചോദ്യങ്ങൾ വിതയ്ക്കുകയുള്ളൂ. ഡോ.എം.കെ. മുനീറിന്റെ ‘പശുദേശീയത’ അത്തരമൊരു കൃതിയാണ്. അതുകൊണ്ടുതന്നെ, സമകാലിക ഇന്ത്യയെ മനസ്സിലാക്കാൻ അനിവാര്യമായ ഒരു ബൗദ്ധിക രേഖയാണ് ഈ കൃതി. 

Tags:    
News Summary - കൊമ്പുമുളക്കുന്ന ദേശീയത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.