“ഹലോ.. ചാത്തൂട്ടിയല്ലേ..?’’
‘’അതെ... പറഞ്ഞോ”
“നാളെ കാലത്ത് വരണം... ബോഡി കിട്ടാൻ പതിനൊന്ന് മണി കഴിയും”
“എവിടെ വരണം?”
“കുറ്റൂർ പോസ്റ്റോഫിസിനടുത്ത് വന്ന് ആരോടെങ്കിലും മരിച്ച വീട് ചോദിച്ചാ മതി. എന്തേലും ആവശ്യണ്ടെങ്കില് ഈ നമ്പരിലോട്ടൊന്ന് വിളിച്ചോ”
“ങും... ആയ്ക്കോട്ടെ..”
രാത്രി മദ്യം കഴിച്ചിരുന്നെങ്കിലും വിളിച്ചറിയിച്ച കാര്യം നല്ല ഓർമയിലുണ്ടാവും.
എത്ര കഴിച്ചാലും ലക്കുകെടാറില്ലയാൾ.
ശവങ്ങളെ സ്നേഹിച്ച അയാൾക്ക് ഒന്നിലും ആനന്ദം തോന്നിയിട്ടില്ല. വെറുപ്പും തോന്നിയിട്ടില്ല. കഴിഞ്ഞദിവസമാണ് കുറെക്കാലത്തിനു ശേഷം അയാളൊന്നു കരഞ്ഞത്. അതിനു കാരണവുമുണ്ടായിരുന്നു. ദഹിപ്പിക്കാനെടുത്ത കുട്ടിക്ക് പത്തു വയസ്സ് കാണും. ഒരു പോറൽപോലുമേൽക്കാത്തയാ ആമ്പൽ പൂമേനിയിലേക്ക് ചകിരിയും, വിറകും എണ്ണയുമൊഴിക്കുമ്പോൾ, രാമച്ചം വിരിക്കാൻ തുടങ്ങിയപ്പോൾ അകത്തളത്തിൽ നിന്നും കേട്ട ഒരാർത്തനാദത്തിനൊപ്പം അവിടെ കൂടിനിന്നവരുടെയൊപ്പം അയാളുമൊന്ന് വിങ്ങി. കാരണം, മുങ്ങിമരിച്ച ആ കുട്ടിക്കും അയാളുടെ മകന്റെ പേരായിരുന്നു. മകന്റെ പ്രായമായിരുന്നു.
“ശ്രീജിത് മോനേ..”
അകത്തുനിന്നുള്ള നീട്ടിക്കരച്ചിൽ. അമ്മയാവാം. അടുക്കള അഭ്യാസത്തിനിടക്ക് പുഴയിലേക്കെന്നും പറഞ്ഞ് ഓടിയത് കേൾക്കാതെപോയതാണ്, അവനെ അവർക്ക് നഷ്ടമായതെന്ന് ആ ശബ്ദം മോങ്ങി പറയുന്നതായി ഒരുപാട് തവണ കേട്ടു. ഇനി ജീവിതകാലം മുഴുവൻ അത് പലരും കേൾക്കേണ്ടി വരും.
വീണ്ടും നിശ്ശബ്ദതയ്ക്ക് കട്ടി കൂടി. നനവാർന്ന കണ്ണുകളുടെ എണ്ണവും.
ആ വെള്ള പുതച്ച മുഖത്തേക്ക് വിറകുമുട്ടികൾ എടുത്തുവെക്കുന്നേരം അയാളൊന്ന് നടു നിവർത്തി. സഹായിയോട് ഇത്തിരി വെള്ളം ചോദിച്ചു. മുന്നിലേക്ക് നീക്കിവെച്ച ബക്കറ്റിൽ നിന്നും ഒരു കപ്പ് അയാൾ വായിലേക്ക് കമിഴ്ത്തി പാർന്നു. കണ്ണുകൾ തുറന്നടച്ചു. മുഖം കഴുകി. പിന്നീടുള്ള കാര്യങ്ങളെല്ലാം സഹായിയെക്കൊണ്ട് ഒരു ഭാഗത്തിരുന്ന് പറഞ്ഞുകൊടുത്ത് ചെയ്യിപ്പിച്ചു. പതിവ് തെറ്റിച്ച്, കൊള്ളിവെക്കാനുള്ള തീയടക്കം അന്ന് സഹായിയാണ് നൽകിയത്.
ശവത്തിനോളം നാറ്റമുള്ളതൊന്നും നാട്ടിലില്ല. അതുകൊണ്ട് തന്നെ ശവം വേഗത്തിലടക്കണം. സഹായി മുറംകൊണ്ട് ആഞ്ഞു വീശി. എണ്ണയും നെയ്യും ചേർന്നുരുകി. മണം പരന്നു.
ശവത്തിന്റെ പുക ശ്വസിക്കരുതെന്നറിവുള്ള പലരും അതോർത്ത് ഇത്തിരി നീങ്ങിനിന്നു. ഉറ്റവർക്കുപോലും ഒരാൾ ശവമാകുന്നതോടെ മണവും പുകയും വലിയ പ്രശ്നമാകുന്നു. എന്നാലോ, എന്നും ഓരോ ശവവുമായി മല്ലിടുന്ന ചൂളക്കാർക്കൊന്നും ഒരസുഖവുമില്ലതാനും. ജോലിയായതിനാൽ അവർ രണ്ടുപേരും അവിടുന്ന് മാറിയില്ല. ഒരു തരം പൊരുത്തപ്പെടൽ.
ചാത്തൂട്ടി ഒന്ന് ചാഞ്ഞിരുന്നു.
മൂന്നുമാസം മുമ്പ് അയൽവാസി കുറുപ്പേട്ടൻ മരിച്ചപ്പോൾ കണ്ട വേളയിൽ ഞങ്ങളിങ്ങനെ മിണ്ടിയും പറഞ്ഞും ഇരുന്ന കൂട്ടത്തിൽ ചുമ്മാ ചോദിച്ചിരുന്നു.
“നടത്തിയ ശവദാഹങ്ങളുടെയെണ്ണം എത്രയായി കാണും ?”
“അതിപ്പോ...”
മുറുക്കാൻ കറ തീർത്ത പല്ലിടയ്ക്കിടയിലെ നാവിൽ നിന്നും കൃത്യതയുടെ കണക്കു വന്നില്ല; ഒരു ചെറുചിരിയല്ലാതെ.
പിന്നെ സാധാരണ ഒഴുക്കൻ മട്ടിൽ ചിലത് പറഞ്ഞു:
“ആരാപ്പോ ആ കണക്കൊക്കെ നോക്ക്ണത്... എന്നാലുമത് അഞ്ഞൂറിൽ കൂടുതലെന്നെ... അതുറപ്പ്.”
“അഞ്ഞൂറിലധികമോ? “
ഞാൻ കണ്ണുതള്ളി നിന്നു.
എത്രയെത്ര ശവങ്ങൾ? എത്രയെത്ര നല്ലവരും ചീത്തവരുമായ മനുഷ്യരെ..?! ഞാനോർത്തു.....
“മരിച്ചാൽ കുഴിച്ചിടാൻ ഒരാള്ണ്ടായാ മതി; ഇല്ലെങ്കി കത്തിക്കാൻ. പോരേ...?”
“അപ്പോ നിങ്ങൾ മരിച്ചാൽ...?”
ഞാനാ ചോദ്യം മനസ്സിൽ ചോദിച്ചപ്പോേഴക്കും, അയാളത് പറഞ്ഞു:
“ഞാൻ മരിച്ചാൽ എന്റെ ശവമടക്കം സഹായിയും ശിഷ്യനുമായ ഈ വേലപ്പന് നടത്താലോ?”
പിന്നെ, ചിരിക്കിടയിൽ സഹായിയോടായി:
“അല്ലേ വേലപ്പാ...? നെയ്യിത്തിരി കൂടുതലൊഴിച്ചോളോണ്ടു... വേഗം കത്തിക്കോളും. നിനക്ക് പണി വേഗം തീർക്കാലോ...ഹ ഹ”
“അത് ഞാനേറ്റ്...”
തിരിപ്പന്തം കെട്ടിയുണ്ടാക്കുന്നതിനിടയിൽ വേലപ്പൻ തല കുലുക്കി സമ്മതിച്ചു.
‘രണ്ടാളും ഒരുമിച്ച് മരിച്ചാലോ?’ എന്റെ വളഞ്ഞ ചിന്തകൾ വീണ്ടും വിവാദമുണ്ടാക്കാനെന്നോണം ഒരു ശ്രമം നടത്തിനോക്കിയെങ്കിലും, തരംതാണ തമാശയ്ക്ക് പറ്റിയ നേരമല്ലിതെന്ന് ഞാൻ ചിന്തകളോട് ആജ്ഞാപിച്ചു.
മരണത്തെക്കുറിച്ചുള്ള ചിന്തകളും ചർച്ചകളും ഇങ്ങനെ വിചിത്രമായിരിക്കും പലപ്പോഴും എന്നെനിക്ക് പലരും പറഞ്ഞു കേട്ടതായറിയാം. അല്ലെങ്കിലും, ജീവിതത്തെ നിർവചിക്കാനും മരണത്തെ പ്രവചിക്കാനും ആർക്കാണായിട്ടുള്ളത്?!
ഇന്ന്, ഇവിടത്തെ അവസ്ഥ മോശമാകയാൽ, ഞാൻ ചാത്തൂട്ടിയെ കണ്ടിട്ട് ഒന്ന് തലയാട്ടുകയല്ലാതെ മറ്റൊന്നിനും നിന്നില്ല.
ചാത്തൂട്ടി തന്റെ സഞ്ചിയിലെ വിവര സാങ്കേതിക വിദ്യയുടെ അറ്റം അമർത്തി നോക്കി. ഒരനക്കവുമില്ല. ചാർജില്ലാത്തതിനാൽ അബോധാവസ്ഥയിലായിരിക്കുന്നു ഫോൺ.
ഇവനൊന്നുണർന്നാൽ എന്റെ മരണമുറപ്പാണ്. കാരണം, മരിച്ച മറ്റൊരു വീട്ടുകാരും മരിച്ചവനും എന്നെ കാത്തുനിൽക്കാൻ തുടങ്ങിയിട്ടിത് ഒരു പകൽ തീരാറായി. ഒന്ന് തീർക്കാതെ അടുത്തതിനടുത്തേക്ക് വർക് ഷോപ്പുകാരനെപ്പോലെ പോകാൻ പറ്റുന്ന ജോലിയല്ലല്ലോ ഇത്. പക്ഷേ, ശവം ഏതു സമയത്തും കത്താൻ തയാറായതിനാൽ, രാത്രിയായാലും കുഴപ്പമില്ല. എങ്കിലും ഇന്നിനി വയ്യ. ഇന്ന് രണ്ടെണ്ണം അടിക്കണം. അയാളോർത്തു... മുമ്പ് കുടിച്ചു ബോധംകെട്ടത് ഭാര്യേം ചെക്കനും ചത്തു കുഴിച്ചിടേണ്ടിവന്നപ്പഴാ. വേർപാട് വല്ലാത്ത താളംതെറ്റിക്കലുകാരനാണെന്നയാൾ ഇപ്പോൾ തിരിച്ചറിയുന്നു. കാരണം, ഏറ്റവും സ്നേഹവും അടുപ്പവും ഉള്ളവർ വിട്ടുപോകുന്നേരമാണ് ശരിക്കും മരണത്തിന്റെ കോമാളിക്കളികളറിയാനാവുക!
കാണാതായാൽ, ഫോണിൽ കിട്ടാതായാൽ അവർ മറ്റൊരാളെ അന്വേഷിച്ചോളും. പക്ഷേ, പണ്ടാരടങ്ങാനായിട്ട് ഈ ചുറ്റുവട്ടത്ത് ഞാൻ മാത്രമേയുള്ളൂ ശവദാഹം നടത്തുന്നവൻ. എല്ലാർക്കും ചെയ്യാനറിയുന്ന പണിയല്ലല്ലോ ഇത്..! മാത്രമല്ല, ശവത്തെ യഥാവിധി കത്തിക്കാനായില്ലെങ്കിൽ, ആത്മാവിന് ശാന്തി ലഭിച്ചില്ലെങ്കിൽ, അസ്ഥി പെറുക്കാൻ പറ്റിയില്ലെങ്കിൽ... അവർ എന്നെ ശവമാക്കുമോ? അതുമുണ്ട് പേടി. ഈ വക ചിന്തകൾ പലരുടെയും തലമണ്ടയ്ക്കുള്ളിലൂടെ കടന്നുപോയതു കാരണം, അവിടെ അവരും കാത്തിരിപ്പ് തുടർന്നു.
ആരോ അയാളെ കൈയോടെ പിടിച്ചുകൊണ്ടു പോകാൻ വണ്ടിയുമായി വന്നിരിക്കുന്ന വിവരം അയാളറിഞ്ഞു. രക്ഷപ്പെടാനാകില്ല. വേറെ വല്ല പണിയുമാണെങ്കിൽ നീട്ടിവെക്കാൻ പറയാമായിരുന്നു.
അയാൾ പതുക്കെ അടുത്ത ശവത്തിനടുത്തേക്ക് നീങ്ങി. അവിടെ, ബഹളമില്ല. വളരെക്കുറച്ച് അടുത്ത ബന്ധുക്കളൊഴിച്ച് ബാക്കിയെല്ലാവരും സ്ഥലം വിട്ടിരുന്നു. താൻ വരാൻ വൈകിയതിലുള്ള നേരിയ അമർഷമൊഴിച്ച്, അവിടെയുണ്ടായിരുന്നവരെല്ലാം സന്തോഷത്തിലായിരുന്നതായി അയാൾക്ക് തോന്നി. പ്രത്യേകിച്ച് മക്കളും മരുമക്കളും. മരണം ആനന്ദമാണോ? ചിലരുടെ മരണം ചിലർക്കങ്ങനെയാണ്. കാരണം, കൊല്ലാൻ തീരുമാനിച്ചപ്പോഴേക്കും ആൾ മരിക്കുമ്പോൾ അങ്ങനെയാണല്ലോ...!
ഓരോ മരണത്തിനും ഒരു കഥ പറയാനുണ്ടാവുമെന്ന് നന്നായറിയാവുന്ന ചാത്തൂട്ടി, ഒരു കുഞ്ഞുവിങ്ങലും തേങ്ങലുമില്ലാതെ ഒരു ശവം യാത്രയാവുന്നതും ഇന്ന് കണ്ടു.
കഥ കഴിച്ചതോ? അതോ വലിയ കഥകളുണ്ടാക്കിയ കുഴപ്പമോ? എന്തായിരിക്കാം ഇയാൾ?
മരവിപ്പ്...
ഇത്രയും കാലത്തിനിടക്ക്, ആദ്യമായി മരവിപ്പ് അയാളോടൊപ്പം തോളിൽ കൈയിട്ടു നിൽക്കുന്നതയാളും അറിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.