മാധ്യമം ആഴ്ചപ്പതിപ്പ് പുതുവർഷപ്പതിപ്പ് വായിച്ചു. 2026 ജനുവരി ആദ്യലക്കം വായനയുടെ വസന്തം തന്നെ സമ്മാനിച്ചു എന്നു പറയാം. എന്നാൽ, ഒരു കഥാവായനക്കാരനായ എന്നെ സംബന്ധിച്ച് അൽപം നിരാശജനകമായിരുന്നു എന്ന് തോന്നി. ഫർസാനയുടെ ‘പിറവിത്തുയർ’ എന്ന കഥ മാത്രമാണ് കൂട്ടത്തിൽ അൽപം മെച്ചപ്പെട്ടതായി തോന്നിയത്. ഒരു പെണ്ണിന്റെ ജീവിതത്തിലെ സാധാരണ മുഹൂർത്തത്തെ ഹൃദ്യമായി ആവിഷ്കരിക്കാൻ എഴുത്തുകാരിക്കായി. പുതുമയുള്ള ആശയമൊന്നുമില്ലെങ്കിലും അനുവാചകനെ മടുപ്പിക്കാത്ത ഒരു കഥയായിരുന്നു ഇത്. അഭിനന്ദനങ്ങൾ!
ശ്രീജിത്ത് കൊന്നോളിയുടെ ‘ജമന്തി’യിൽ ഭാഷാചാരുത പലയിടത്തും മിന്നിമറയുന്നുണ്ടെങ്കിലും ആശയത്തെളിമ, ആകാരഭംഗി, പരിണാമഗുപ്തി തുടങ്ങി കഥയുടെ ആസ്വാദ്യകരമായ ഭാവങ്ങൾ ആവിഷ്കരിക്കുന്നതിൽ രചയിതാവ് പരാജയപ്പെട്ടതായി തോന്നി. ശ്രീകണ്ഠൻ കരിക്കകത്തിന്റെ ‘വേളിമലയിലെ വീട്’ വലിച്ചുനീട്ടി കഥയുടെ ആത്മാവ് നഷ്ടപ്പെടുത്തിയ രചനയായി തോന്നി. വി.എം. വിനോദ് ലാലിന്റെ നാടകം പ്രമേയമായുള്ള കഥയുടെ ആദ്യഭാഗവും അനുവാചകനോട് സംവദിക്കാൻ പരാജയപ്പെട്ടില്ലേ? സച്ചിദാനന്ദന്റെ ലഘുനാടകം ഹൃദ്യമായ വായനാനുഭവം സമ്മാനിച്ചു. അഭിനന്ദനങ്ങൾ.
കെ.കെ. മുഹമ്മദ്, എടക്കാട്, കണ്ണൂർ
പുതുവർഷപ്പതിപ്പിൽ (ലക്കം 1454-55) വന്ന ഫർസാനയുടെ ‘പിറവിത്തുയർ’ കഥ ഹൃദയസ്പർശിയായ വായനാനുഭവമായി. വായിച്ചു തീർത്തപ്പോൾ മനസ്സ് നിറയെ ചോദ്യങ്ങളും വികാരങ്ങളുമായി. പ്രസവാനന്തര വിഷാദം (Postpartum Depression) എന്ന അപൂർവം ചർച്ച ചെയ്യപ്പെടുന്ന മാനസികാവസ്ഥയെ, ഇത്രമാത്രം സൂക്ഷ്മമായി ആവിഷ്കരിച്ച മറ്റൊരു കഥ ഓർമയിൽ വരുന്നില്ല. കഥയുടെ കേന്ദ്രം വള്ളുവനാടൻ നായർ തറവാട്ടിലെ ഒരു സ്ത്രീയുടെ ജീവിതമാണ്.
30 വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച ആ ദാരുണമായ പ്രസവാനന്തര മാനസിക വിഭ്രാന്തി, കുഞ്ഞിനോടുള്ള അകൽച്ച, സ്വയം നഷ്ടപ്പെടുന്ന ഭീതി, ശരീര-മനസ്സിന്റെ കലാപം, അത് അറുപതാം വയസ്സിൽ ഇച്ചേയിയെ കാണാൻ വരുമ്പോൾ വീണ്ടും ഉണരുന്ന ഓർമകളായി വായനക്കാർക്ക് ഒരു നീറ്റലാവുന്നു. ഫർസാന ആ ഓർമകളിലൂടെ സഞ്ചരിക്കുമ്പോൾ, നമ്മളും ഇരുണ്ട താഴ്വരകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.
ഏറ്റവും ശക്തമായത് കഥയുടെ ഭാഷയാണ്. ഒതുക്കമുള്ളതും, മനോഹരവും, എന്നാൽ ഒരിടത്തും അതിരുകവിഞ്ഞു പോകാത്തതും. വാക്കുകൾ കത്തിയമ്പുപോലെ കൃത്യമായി ഹൃദയത്തിൽ തറക്കുന്നു. തറവാടിന്റെ പഴയ ഗന്ധം, പഴമയുടെ ഭാരം, കുടുംബത്തിന്റെ നിശ്ശബ്ദ സമ്മർദങ്ങൾ എല്ലാം അനായാസം വരച്ചിട്ടിരിക്കുന്നു. സലിം റഹ്മാന്റെ ചിത്രീകരണവും കഥയുടെ ഭാവം പൂർണമാകുന്നു. ഇത് വെറുമൊരു വായനയല്ല, ഒരു ഉണർത്തലാണ്. പ്രസവാനന്തര വിഷാദത്തെക്കുറിച്ച് ഇന്നും സമൂഹം മൗനംപാലിക്കുന്നു. ഫർസാനയുടെ ഈ കഥ ആ മൗനം പൊളിച്ചെഴുതുന്നു; സഹാനുഭൂതിയോടെ, ധൈര്യത്തോടെ. ഇത്തരം കഥകൾ കൂടുതൽ വരട്ടെ, കൂടുതൽ ചർച്ചകൾ ഉണ്ടാകട്ടെ.
അബ്ദുൽ വാഹിദ് തവളേങ്ങൽ (ഫേസ്ബുക്ക്)
വ്യത്യസ്ത വിഭവങ്ങളുമായി ഇറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പ് പുതുവർഷപ്പതിപ്പ് വേറിട്ടതായി. അതിൽ കെ.ജി.എസ് എഴുതിയ ‘ആനന്ദനാണയം’ എന്ന കവിത ഏറെ സ്പഷ്ടമായി ആഖ്യാനംചെയ്തതായി തോന്നി. ഇന്നത്തെ സമൂഹത്തിന്‍റെ നെറുകയിൽ അരങ്ങേറുന്ന പ്രശ്നങ്ങളെ ഹൃദ്യവും ദീപ്തവുമായ രീതിയിൽ കവി ചൂണ്ടിക്കാണിക്കുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ മുതൽ ഗൂഗിളും ആമസോണും തുടങ്ങി നിരവധിയായ വിഷയങ്ങൾ ഇതിൽ ഉയർന്നുവരുന്നുണ്ട്.
നവ വിവാദങ്ങളിൽ ഏറെ സ്ഥാനംപിടിച്ച മനുഷ്യ ഫാക്ടറിയും കവിതയിൽ സ്ഥാനംപിടിച്ചിരിക്കുന്നു. ഇന്ന് രാജ്യങ്ങൾ തമ്മിൽ പലവിധ പ്രശ്നങ്ങൾ പറഞ്ഞ് പോരടിക്കുന്ന കാഴ്ചകളാണല്ലോ ചുറ്റും കാണുന്നത്. തദവസരത്തിൽ യുദ്ധരസം കൊണ്ട് അഭിരമിക്കുന്ന, ധനകഥയിൽ രസിക്കുന്ന ആളുകളെ കുറിച്ചാണ് രണ്ടാം ഖണ്ഡികയിൽ പ്രതിപാദിക്കുന്നത്. സമകാലിക വിഷയങ്ങളിൽ തൽപരരായവർ തീർച്ചയായും ഈ കവിത വായിക്കണം എന്നാണ് പറയാനുള്ളത്.
കെ. മുഹമ്മദ് ആരിഫ്, കാഞ്ഞിരപ്പുഴ
ആഴ്ചപ്പതിപ്പിൽ (ലക്കം 1452) തദ്ദേശ തെരഞ്ഞെടുപ്പും ഫലങ്ങളും/ ചർച്ചയും വായിക്കുമ്പോൾ ഒരു പൗരന് അറിയാൻ കഴിയുന്ന ചില വസ്തുതകളുണ്ട്. എൽ.ഡി.എഫിന് സംഭവിച്ച പരാജയത്തിന് കാരണമെന്താണെന്ന് നിരീക്ഷിക്കുമ്പോൾ വ്യക്തമാകുന്നതിതാണ്. ഇപ്പോൾ ഇടതുപക്ഷവും സി.പി.എമ്മും വലത്തോട്ട് നീങ്ങുകയാണോ എന്നാണ്. വലതുപക്ഷത്തിന്റെ ഇടത്തോടുള്ള നീക്കം ഗുണപരവും ഇടതുപക്ഷത്തിന്റെ വലത്തോടുള്ള നീക്കം അപകടകരവുമാണ്.
ലണ്ടനിലെ ഷെയർ മാർക്കറ്റ് ആസ്ഥാനത്ത് പതാക ഉയർത്തിയ പിണറായി വിജയന്റെ സാമ്പത്തിക വീക്ഷണം മാർക്സിസ്റ്റ് സാമ്പത്തിക കാഴ്ചപ്പാടാണോ? അദാനിക്ക് വിഴിഞ്ഞം നൽകിയത് യു.ഡി.എഫാണെങ്കിലും ഇടതുപക്ഷ സർക്കാർ ആ പദ്ധതികൾ സുരക്ഷിതമാക്കി. എൻ.ഡി.എ സർക്കാർ നടത്തുന്ന പൗരാവകാശ ധ്വംസനംപോലെ ലോകായുക്തയുടെ പല്ല് കൊഴിക്കുന്നതിൽ ഇടതുപക്ഷ സർക്കാറും വിജയിച്ചു. സർവകലാശാലകൾ സ്വകാര്യ മേഖലക്ക് നടത്താനുള്ള അനുവാദം ഇടതുപക്ഷ സർക്കാറിനും രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. വികസനം എന്ന പേരിൽ നടത്തുന്ന പലതും തൊഴിൽസാധ്യതകൾ വർധിപ്പിക്കുന്നില്ല. സ്വകാര്യമേഖലകൾ വികസിക്കുമ്പോൾ സർക്കാർ മേഖലയിൽ പലതും തളർന്നുവീഴുന്നു.
മധ്യവർത്തികളുടെ വികാസം സംഭവിക്കുമ്പോൾ സാധാരണ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മേൽഗതിയില്ല. കശുവണ്ടി തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കയർത്തൊഴിലാളികളും പനമ്പുനെയ്ത്തു തൊഴിലാളികളും നാമമാത്രമായ വേതനം വാങ്ങി ജീവിക്കുമ്പോൾ സർക്കാർ മേഖലയിൽ ജോലിക്കാർ ന്യായമായ വേതനം വാങ്ങുന്നു. ആരോഗ്യരംഗത്ത് സർക്കാർ നടത്തിയ മാറ്റങ്ങളെ വിലകുറച്ചുകാണുന്നില്ലെങ്കിലും കേരളത്തിൽ സ്വകാര്യ മേഖലകൾ മെഡിസിറ്റികൾ നിർമിച്ച് രോഗികളിൽനിന്ന് ഭീമമായ തുകകൾ വാങ്ങുന്നു.
അധികാരം തൊഴിലാളികളിലേക്ക് എന്ന സിദ്ധാന്തം അധികാരം ചില തൽപരകക്ഷികളിലേക്ക് എന്ന വിധത്തിൽ മാറിക്കഴിഞ്ഞിരിക്കുന്നു. ക്ഷേമപെൻഷൻ കുടിശ്ശിക തീർത്ത് 2000 ആക്കി വർധിപ്പിച്ചെങ്കിലും അടിസ്ഥാന സമൂഹത്തിന്റെ സമഗ്ര വികസനം കണ്ണിൽപ്പെടാതെ പോകുന്നത് ഇടതു സർക്കാറിന്റെ വലിയ അപജയമാണ്.
സുഭാഷ് ചാർവാകൻ, കൂത്താട്ടുകുളം
എം.ടി. വാസുദേവൻ നായരുടെ ‘പഞ്ചാഗ്നി’, ‘ആരണ്യകം’ എന്നീ സിനിമകളെ വീണ്ടും കണ്ടുകൊണ്ട് വാസുദേവൻ കുപ്പാട്ട് നടത്തിയ അവലോകനം (ലക്കം 1450, 1451) സശ്രദ്ധം വായിച്ചതിനു ശേഷമാണിത് എഴുതുന്നത്. എന്നാൽ ഇതൊരു വിയോജന കുറിപ്പ് അല്ല എന്നുതന്നെ പറയട്ടെ. കേവലം രണ്ടു സിനിമകളുടെയും കഥ പറഞ്ഞുപോകുന്നു എന്നതിലപ്പുറം രണ്ടു ഭാഗങ്ങളായി അവതരിപ്പിച്ച ഈ ലേഖനം സിനിമ നിരൂപണത്തിന്റെയോ അവലോകനത്തിന്റെയോ തലത്തിലേക്ക് ഉയർന്നിട്ടില്ല. ഈ രണ്ടു സിനിമകളും എങ്ങനെയൊക്കെ അക്കാലത്തെ രാഷ്ട്രീയാവസ്ഥകളെ പ്രതിനിധാനംചെയ്തു എന്ന് അന്വേഷിക്കുന്നതുകൊണ്ട് ആ ഭാഗം ലേഖനങ്ങളിൽനിന്ന് വ്യക്തമാകുന്നുണ്ട്. അതാകട്ടെ കഥ പറച്ചിലിന്റെ ഭാഗമാണുതാനും. ലേഖനത്തിന്റെ ഏറ്റവും അവസാന ഭാഗത്തു മാത്രമാണ് രണ്ടു ചിത്രങ്ങളിലെയും കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടൻമാരുടെ പേരെങ്കിലും കടന്നുവരുന്നത്; അതും നായകന്റെയും നായികയുടെയും പേരുകൾ മാത്രം.
എം.ടിയുടെ തിരക്കഥകളും സിനിമകളും എന്ന മുഖ്യ തലക്കെട്ടിനു താഴെയാണ് ‘പഞ്ചാഗ്നി’യെക്കുറിച്ചുള്ള ‘എം.ടിയുടെ രാഷ്ട്രീയ സിനിമകൾ’ എന്ന ലേഖനവും ‘ആരണ്യകാണ്ഡം’ എന്ന സിനിമയെക്കുറിച്ചുള്ള ‘വിപ്ലവത്തിന്റെ ആരണ്യകാണ്ഡം’ എന്ന ലേഖനവും സ്ഥാനം പിടിച്ചിരിക്കുന്നത്. ഈ രണ്ടു സിനിമകൾപ്പുറം എം.ടിയുടെ മറ്റ് ഏതാനും സിനിമകളുടെ പേരു പറഞ്ഞു പോകുന്നതല്ലാതെ മറ്റൊരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ല. വായനക്കാർക്ക് എളുപ്പത്തിൽ കഥ മനസ്സിലാക്കിത്തരുന്ന രീതിയിലുള്ള ലേഖകന്റെ അവതരണശൈലി മികച്ചതു തന്നെ. എന്നാൽ നല്ലൊരു അവലോകനമാകുന്നു എന്ന് പറയുക വയ്യ.
ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
ഫൈസൽ വൈത്തിരി എഴുതിയ ‘ജീവപര്യന്തം’ എന്ന കഥ (ലക്കം 1452) ഹൃദ്യമായ വായനാനുഭവം നൽകി. സമകാലിക സാമൂഹിക പശ്ചാത്തലത്തെ എത്ര കൈയൊതുക്കത്തോടെയാണ് എഴുത്തുകാരൻ ഇതിൽ ചേർത്തുവെച്ചിരിക്കുന്നത്!. രാഷ്ട്രീയ അധികാരങ്ങളുടെ കെണികളിൽപെട്ട്, ചെയ്യാത്ത തെറ്റുകൾക്കുവേണ്ടി ശിക്ഷ അനുഭവിക്കേണ്ടി വരുന്ന നിസ്സഹായരായ ഒരുകൂട്ടം നിരപരാധികളെയാണ് കഥ നമുക്ക് വരച്ചു കാട്ടുന്നത്. ഒടുവിൽ കൂട്ടുകുടുംബവും കൈയൊഴിയുമ്പോൾ മരണത്തിൽ അഭയം പ്രാപിക്കേണ്ടി വരുന്ന ഒരുപാട് ‘ഗോപാൽ അവാരെ’മാർ സമൂഹത്തിലുമുണ്ടെന്ന് നാം മനസ്സിലാക്കണം. എഴുത്തുകാരന്റെ ഭാഷയും ആഖ്യാനവും കഥക്ക് വേറിട്ടൊരു ഭംഗി നൽകുന്നു. ആശംസകൾ പ്രിയ എഴുത്തുകാരനും ആഴ്ചപ്പതിപ്പിനും
അബ്ദുല്ല തരുവണ
ഉണ്ണികൃഷ്ണൻ ആവളയുമായി റഷാദ് കൂരാട് നടത്തിയ അഭിമുഖം (ലക്കം 1452) വായിച്ചു. ഗോത്രജീവിത വികസനം എന്നത് കോൺക്രീറ്റ് വീടുകൾ നിർമിച്ചു നൽകുന്നതിൽ ഒതുങ്ങുന്നതല്ല എന്ന് തന്നെയാണ് ഈ വിഷയത്തിൽ പറയാനുള്ളത്. രാജ്യം ഭരിക്കുന്ന സവർണ-ഫാഷിസ്റ്റ് അധികാരികൾക്ക് ആദിവാസികൾ മുഖ്യധാരയിലേക്ക് ഉയർന്നു വരുന്നത് കാണുന്നത് ഇഷ്ടമല്ലാത്തതിനാൽതന്നെ ആദിവാസി ഉന്നമനം ഇന്ന് അധഃപതിച്ച് കിടക്കുകയാണ്.
ആദിവാസി, പട്ടികജാതി വികസനത്തിന് കോടിക്കണക്കിന് രൂപ ബജറ്റിൽ വകയിരുത്തുന്നുണ്ടെങ്കിലും അതിന്‍റെ 75 ശതമാനവും പോക്കറ്റിലാക്കുന്നത് സവർണ ഉദ്യോഗസ്ഥർ ആണെന്നത് മടികൂടാതെ തന്നെ പറയേണ്ടിവരും. ഇവിടെ സ്ത്രീകൾ, ദലിതർ എന്നിവർക്ക് ഒന്നര കോടി രൂപ സിനിമ നിർമാണത്തിന് കൊടുക്കാൻ തീരുമാനിച്ചപ്പോൾ സവർണരായ അടൂർ ഗോപാലകൃഷ്ണൻ, ശ്രീകുമാരൻ തമ്പി എന്നിവരുടെ എതിർപ്പ് നമ്മൾ കണ്ടതാണ്.
ആദിവാസി വികസനം ലക്ഷ്യമാക്കിയുള്ള സിനിമകളെല്ലാം സാമ്പത്തികമായി പരാജയപ്പെടുന്നു. എന്നാൽ, സവർണ ആഭിമുഖ്യമുള്ള സിനിമകളിൽ ഭൂരിപക്ഷവും വിജയിക്കുന്നു. ഇതിൽ പറഞ്ഞതുപോലെ ചലച്ചിത്ര മേളകളിൽ ആദിവാസി സിനിമകൾ കൈയടി നേടാറുണ്ട്. എന്നാൽ, കാണാൻ ആളെ കിട്ടാതെ വരുന്നു. അതിനാൽതന്നെ ആദിവാസി, ഈഴവ സമുദായ സിനിമകൾ എടുക്കാൻ നിർമാതാക്കൾ തയാറാവുന്നില്ല. ആദിവാസി, ദലിതർ എന്നിവർ ഏറ്റവും താഴ്ന്ന ജാതിക്കാരായി കണക്കാക്കുന്നതിനാൽ അവർ തങ്ങളുടെ ജാതി പറയാൻ മടിക്കുന്നു.
കാലം ഏറെ പുരോഗമിച്ചെന്ന് പറയുമ്പോഴും അഭിമുഖത്തിൽ പറയുന്നതുപോലെ ആദിവാസി, ദലിത് ഉയർച്ചക്ക് ചിലർ ശ്രമം നടത്തുന്നെങ്കിലും അവ ഒറ്റപ്പെട്ട ശബ്ദമായി ഒതുങ്ങിേപ്പാകുന്നു. അഭിമുഖത്തിൽ പറഞ്ഞതു പോലെ 1970നുശേഷം ആണല്ലോ ചോലനായ്ക്കരെ മനുഷ്യരായി പോലും കണക്കാക്കിയത്. ഇത് എത്രമാത്രം വിരോധാഭാസമാണെന്ന് പറയാതെ വയ്യ.
ആർ. ദിലീപ്, ശ്രീവിഹാർ മുതുകുളം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.