എഴുത്തുകുത്ത്

വാർഷികപ്പതിപ്പ് വായന സമൃദ്ധം

‘മാധ്യമം വാർഷികപ്പതിപ്പ്’ വായിച്ചു. എം.ടി, കെ.ടി, തിക്കോടിയൻ, ടി. ദാമോദരൻ എന്നിവർ എഴുതിയ നാടകം ‘വഴിയമ്പല’ത്തിന്‍റെ വിഷയം ഇന്നും പ്രസക്തമാണ്. വർഷങ്ങൾക്ക് മുമ്പേ രചിച്ച ഈ നാടകം വീ​െണ്ടടുത്ത് മറവിക്ക് വിട്ടുകൊടുക്കാതെ പ്രസിദ്ധീകരിച്ച ‘മാധ്യമം ആഴ്ചപ്പതിപ്പ്’ അഭിനന്ദനമർഹിക്കുന്നു. പലരീതിയിൽ ചൂഷണവിധേയമാകുന്ന പെൺകുട്ടികൾ, കാലം മാറുന്നതിനനുസരിച്ച് ചൂഷണങ്ങൾക്കും മാറ്റം വരുന്നു. എത്ര പുരോഗമിച്ചാലും സൂക്ഷിച്ചാലും ഇന്നും അത് തുടരുന്നു. ചെയ്യുന്ന ജോലിയോട് കൂറുപുലർത്തി ബുദ്ധിമുട്ടിലായ ഒരു അച്ഛൻ ഒരു നിമിഷത്തെ പ്രലോഭനത്തിൽ സ്വന്തം മകളുടെ തകർച്ചക്ക് കാരണമാകുന്നു. ആരെയും നോവിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ഹൃദയഹാരിയായ രചന.

കെ. ജയകുമാറിന്റെ പാട്ടഴുത്ത് വിശേഷങ്ങളുമായി രവി മേനോന്‍റെ മാന്ത്രിക എഴുത്ത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനരചയിതാവ്. കഥ, കവിത, ജീവിതമെഴുത്ത്, അഭിമുഖം, ചിത്രംവര, യാത്ര എന്നിവയെല്ലാംകൊണ്ട് പതിവ് തെറ്റാതെ ഇത്തവണയും ‘മാധ്യമം’ വർഷം നീളുന്ന സമൃദ്ധമായ വായനയൊരുക്കി.

ഫൈസൽ ടി.പി, അഞ്ചച്ചവിടി

മലയാള സിനിമയിൽ ഇന്നുള്ളത് ചിരിപ്പിക്കാൻ പാടുപെടുന്ന ദുരവസ്ഥ

ആഴ്ചപ്പതിപ്പിൽ (1435-36) രണ്ട് ലക്കങ്ങളിലായി വന്ന ജോണി ആന്‍റണിയുമായി റഷാദ് കൂരാട് നടത്തിയ അഭിമുഖം വായിച്ചു. രസം പറയാനും ചിരിക്കാനും താൽപര്യമുള്ളവർക്ക് പെട്ടെന്ന് മനസ്സിലാകുന്ന അഭിമുഖമായി ഇത് തോന്നി. ഈയടുത്ത് റിലീസ് ചെയ്ത മിക്ക സിനിമകളിലെയും കോമഡി തീരെ നിലവാരമില്ലാത്തതെന്ന് പറയാതെ വയ്യ. അറുവളിപ്പൻ കോമഡികളും ബോഡി ഷെയ്മിങ് പ്രയോഗങ്ങളുമായി ചിരിപ്പിക്കാൻ പാടുപെടുന്ന അവസ്ഥ ഇന്ന് ധാരാളം. ദ്വയാർഥങ്ങളിൽ നിറച്ച കോമഡികൾ അരോചകമെന്ന് പറയുന്നതിനപ്പുറം മടുപ്പും വെറുപ്പുമാണ് തോന്നിപ്പിക്കുന്നതെന്ന് നിസ്സംശയം പറയാം. സത്യത്തിൽ ഒരുകാലത്ത് തമാശ പടം മാത്രം തിരഞ്ഞ് കണ്ടുപിടിച്ച് കാണുന്നവരായിരുന്നു ആ തലമുറ. ഇന്നും അങ്ങനെ തിരയുന്നവരുണ്ട്. നല്ല കൊമേഡിയൻ സമൂഹത്തിന്‍റെ മ്ലേച്ഛതകളെ തുറന്നു കാണിക്കുന്ന കണ്ണാടിപോ​െലയാണെന്ന അരിസ്റ്റോട്ടിലിന്‍റെ ഉദ്ധരണി ചേർത്തത് ഏറെ ഉചിതം.

അബ്ദുൽ നാസർ, മഞ്ചേരി

ആ ഗാ​ന​ത്തി​ന് മ​റ്റൊ​രു ച​രി​ത്രം​കൂ​ടി

ശ്രീകുമാരൻ തമ്പിയുടെ മലയാള ചലച്ചിത്രഗാന ചരിത്രത്തെക്കുറിച്ച പരമ്പര 126ൽ (ലക്കം -1437) ‘കുറ്റവും ശിക്ഷയും’ എന്ന സിനിമയിലെ പാട്ടുകളെ വിലയിരുത്തിയിരുന്നല്ലോ. ശ്രീകുമാരൻ തമ്പി പറഞ്ഞതുപോലെ ഈ സിനിമയിലെ, ‘‘സ്വയംവരത്തിരുനാൾ രാത്രി -ഇന്ന്/ സ്വർഗം തുറക്കുന്ന രാത്രി’’ എന്ന ഗാനമാണ് കൂടുതൽ പ്രശസ്തി നേടിയത്. ഈ ഗാനത്തിന് മറ്റൊരു ചരിത്രംകൂടി പറയാനുണ്ട്.

സിനിമയിൽ ഈ ഗാനം തുടങ്ങുന്നത് ‘‘സ്വയംവരത്തിരുനാൾ രാത്രി -ഇന്ന്/ സ്വയം മറക്കുന്ന രാത്രി’’ എന്നാണ്. എന്നാൽ, സെൻസർബോർഡ് ‘‘സ്വർഗം തുറക്കുന്ന രാത്രി’’യിൽ അശ്ലീലമുണ്ടെന്ന് കണ്ടെത്തിയിട്ടാവണം മങ്കൊമ്പ് ഗോപാലകൃഷ്ണന് ‘സ്വർഗം തുറക്കുന്ന രാത്രി’യെ ‘സ്വയം മറക്കുന്ന രാത്രി’യാക്കി മാറ്റേണ്ടിവന്നത്. ഗ്രാമഫോൺ റെക്കോഡിൽ ‘സ്വർഗം തുറക്കുന്ന രാത്രി’യായതുകൊണ്ട് റേഡിയോയിലൂടെ നാം കേൾക്കുന്നത് ഈ വെർഷനാണ് (സിനിമയിലെ വേർഷൻ എന്‍റെ ശേഖരത്തിലുണ്ട്).

ഇ.ജി. വസന്തൻ, മതിലകം

സമകാലിക സാഹചര്യത്തെ സാദൃശ്യപ്പെടുത്തുന്ന ‘ഒരു ചെമ്പരത്തി’

സമകാലിക സാഹചര്യങ്ങളോട് ഏറെ സദൃശ്യപ്പെടുത്താന്‍ കഴിയുന്ന കവിതയാണ് മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ജസ്ന സിയുടെ ‘ഒരു ചെമ്പരത്തി’ (ലക്കം 1435). ഭ്രാന്തുപിടിച്ച ചിരുതകള്‍ ഇന്ന് ഏറെയാണ്. അപരവത്കരണവും അടിച്ചമര്‍ത്തലുകളും ഇതിൽ വൈകാരികമായി വരച്ചുകാട്ടുന്നു. കവിതയിലെ അവസാന ഭാഗങ്ങളിലെ ഭ്രാന്തിന്റെ നിര്‍വചനവും കുട്ടിയുടെ സ്മരണകളും ഹൃദയസ്പര്‍ശിയാണ്. കവയിത്രിക്ക് ആശംസകൾ.

മുഹമ്മദ് ഇർഫാൻ തുള്ളിശേരി, വണ്ടൂർ

മൂല്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന കഥ

ബിനീഷ് പുതുപ്പണം എഴുതിയ ‘പാതിജീവൻ കൊടുത്തോളണേ’ (ലക്കം 1437) എന്ന കഥ വേറിട്ടതായി. കർമങ്ങളുടെ അടിസ്ഥാന ലക്ഷ്യം ധനസമ്പാദനം മാത്രമാണെന്ന് വിശ്വസിക്കുന്നവരാണ് മനുഷ്യരോരോരുത്തരും. പണമാണ് ജീവിതവിജയത്തിന്റെ മാനദണ്ഡമെന്ന ബോധ്യമാണ് മനുഷ്യനെ അധ്വാനിക്കാൻ പ്രേരിപ്പിക്കുന്നത്. ഇവിടെയാണ് ഔവ്വക്ക വ്യത്യസ്തനാകുന്നത്. കഠിനമായ ജോലികൾ ചെയ്യുമ്പോഴും പണം അയാൾ ആഗ്രഹിക്കുന്നേയില്ല. ജീവിതത്തിന്റെ ദൗത്യം കൃത്യമായി തിരിച്ചറിഞ്ഞ ഒരാൾക്ക് മാത്രം സാധ്യമാകുന്ന മൂല്യമാണത്.

അപകടം പറ്റി ചോരയിൽ കുളിച്ചു കിടക്കുന്ന മനുഷ്യനെയും പൂച്ചയുടെ വായിൽ അകപ്പെട്ട കൊക്കിനെയും ഗ്ലാസിൽ വീണ് പിടയുന്ന ഉറുമ്പിനെയും കിണറ്റിൻവലയിൽ കുടുങ്ങിയ പാമ്പിനെയുമെല്ലാം സഹാനുഭൂതിയോടെ നോക്കിക്കാണാനും പാതിജീവൻ കൊടുത്തു സംരക്ഷിക്കാനും ഔവ്വക്ക ആഗ്രഹിക്കുന്നു. പണം മോഹിക്കാതെ ജോലിചെയ്യുന്ന ഔവ്വക്ക നാട്ടുകാർക്ക് മണ്ടനൗക്കയാണ്. ജീവിക്കുന്നത് തന്നെ പണം സമ്പാദിക്കാനാണെന്ന മൗഢ്യധാരണ വെച്ചുപുലർത്തുന്നവർക്ക് ഔവ്വക്കയിലെ പച്ചയായ മനുഷ്യനെ അങ്ങനെയേ കാണാൻ കഴിയൂ. മനുഷ്യൻ കൂടുതൽ സ്വാർഥനാകുന്ന കാലത്ത് മാനവിക മൂല്യങ്ങൾ പഠിപ്പിക്കുന്ന ഇത്തരം സർഗാവിഷ്കാരങ്ങൾക്ക് പ്രസക്തിയുണ്ട്.

റുമൈസ് ഗസ്സാലി

ത​ക​രു​ന്ന​ത് കെ​ട്ടി​ട​മ​ല്ല വി​ശ്വാ​സ​മാ​ണ്

വി.​ആ​ർ. രാ​ഗേ​ഷി​ന്റെ ‘പൊ​രു​ൾ വ​ര’ (ല​ക്കം 1429) കേ​ര​ള​ത്തി​ലെ പൊ​തു​ജ​നാ​രോ​ഗ്യ​മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളെ​യും പ്ര​യാ​സ​ങ്ങ​ളെ​യും എ​ടു​ത്തു കാ​ണി​ക്കു​ന്നു​ണ്ട്. ദ്ര​വി​ച്ചു​ണ​ങ്ങി​യ കെ​ട്ടി​ട​ങ്ങ​ൾ പു​തു​ക്കി പ​ണി​യാ​ത്ത​തും അ​ത്യാ​വ​ശ്യ​മാ​യ ആ​രോ​ഗ്യ സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാ​ത്ത​തും ആ​രോ​ഗ്യ മേ​ഖ​ല​യെ ആ​കെ ത​ക​ർ​ത്തെ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഹ​നി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. ‘ആ​രോ​ഗ്യ കേ​ര​ള’​മെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ന​മ്മ​ൾ ഇ​നി​യും എ​ത്ര​യോ മു​ന്നോ​ട്ടു​പോ​കേ​ണ്ട​തു​ണ്ട്. ഈ ​ബോ​ധ്യ​ത്തോ​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടാ​ലേ വി​ജ​യം നേ​ടാ​നാ​കൂ.

അ​ദ്നാ​ൻ ചെ​മ്മാ​ട്

ആദർശശുദ്ധിയുള്ള വനിതയുടെ ഉറച്ച ശബ്ദം

ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ വയനാട്ടിലെ ധീരവനിത കെ. അമ്മിണി/ അർഷഖ് സംഭാഷണം സി.കെ. ജാനുവിനൊപ്പം ആദിവാസികൾക്കായി പോരാടാൻ ആദർശശുദ്ധിയുള്ള ഒരു വ്യക്തിത്വംകൂടി ഉണ്ടായി എന്ന സന്തോഷം വായനക്കാർക്ക് പ്രദാനംചെയ്യുന്നു (ലക്കം 1432-1433). സ്വന്തം അഭിപ്രായങ്ങളെ സ്വാതന്ത്ര്യമായി കാണുന്ന അമ്മിണി, രോഷവും ദേഷ്യവും യഥാവിധി പങ്കുവെച്ചത് ആത്മാവിൽനിന്നാണ്. അമ്മിണിയുടെ തുറന്നുപറച്ചിൽ ഒരാത്മ പ്രഭാഷണമാണ്. ആത്മാർഥതയില്ലാത്ത കേവലം രാഷ്ട്രീയനേട്ടത്തിനു വേണ്ടിയുള്ള വാചകമടിയായി ഈ സംഭാഷണത്തെ കാണാൻ കഴിയില്ല.

കാരണം, ആദിവാസികൾ നേരിടുന്ന ചൂഷണത്തെക്കുറിച്ച് അമ്മിണി കൃത്യമായി ഗ്രഹിച്ചാണ് സംസാരിക്കുന്നത്. ജനിച്ചു പോയതിനാൽ മരണംവരെ ജീവിക്കണം എന്നതിലുപരി, അവകാശങ്ങൾ നേടിയെടുത്ത്, ആദിവാസികൾ അന്തസ്സായി ജീവിക്കണം എന്ന ചിന്തയിലും പ്രവൃത്തിയിലും ഏർപ്പെട്ടിരിക്കുന്ന ഈ വനിതയുടെ ദർശനം അപാരമാണ്. സി.കെ. ജാനു ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിക്കുന്നതിനെ വിമർശിക്കുമ്പോഴും വ്യക്തിബന്ധങ്ങൾക്ക് കോട്ടംതട്ടാത്ത നിലയിൽ സംസാരിക്കുന്ന അമ്മിണിയുടെ നിലപാടുകൾ നിലവാരമുള്ളതാണ്. ഇന്ത്യയെയും ഭരണഘടനയെയും സംരക്ഷിക്കുക എന്ന ആശയത്തിനു മുൻതൂക്കം കൊടുക്കുന്ന അമ്മിണിയുടെ ചിന്താധാരകൾ പ്രശംസനീയംതന്നെ!

വയനാട് ചുരത്തിലെത്താനുള്ള ആദ്യ വഴികാട്ടിയായ കരിന്തണ്ടനെ ആരാധനാപാത്രമാക്കി, കാവ്-​െഹെന്ദവ ക്ഷേത്രമാക്കി മാറ്റാനുള്ള ഹിന്ദു ഐക്യവേദിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവർത്തനങ്ങൾ അപകടകരമാണെന്ന് തിരിച്ചറിയുന്ന ഒരു സ്ത്രീ, വയനാട്ടിലെ ആദിവാസികൾക്കിടയിൽ ജീവിച്ചിരിക്കുന്നത് നാടിനഭിമാനമാണ്. കെ. സുരേന്ദ്രനും ആനി രാജയും ഭക്തികൊണ്ടല്ല പുഷ്പാർച്ചന നടത്തിയത്. കപട രാഷ്ട്രീയത്തിന്റെ പ്രതീകങ്ങളായ ഇരുവരും വോട്ടുരാഷ്ട്രീയമാണ് പ്രകടിപ്പിക്കുന്നത്. ആദിവാസികളെ മദ്യത്തിന് അടിമയാക്കി ചൂഷണം നടത്തുന്ന ചൂഷകവർഗത്തെ ഇല്ലാതാക്കിയാൽ മാത്രമേ അമ്മിണിയെപ്പോലുള്ളവരുടെ പ്രവർത്തനങ്ങൾ ലക്ഷ്യംകാണൂ.

ഫാ. ഡാർലി എടപ്പങ്ങാട്ടിൽ,

മുളന്തുരുത്തി സലിംകുമാറിനെ അടുത്തറിയുന്ന ആത്മകഥ

അന്തരിച്ച കെ.എം. സലിംകുമാറിന്‍റെ ആത്മകഥ അദ്ദേഹത്തെ കൂടുതൽ അറിയാൻ ഉതകുന്നതായി. പിന്നാക്ക ദലിത്, ആദിവാസി വിഷയങ്ങൾ കൈകാര്യംചെയ്യുന്നതിൽ ‘മാധ്യമം’ എന്നും മുൻപന്തിയിലാണ്. ഈ ആത്മകഥ സലിം കുമാറിനോടുള്ള ആദരവ് കൂടിയായിരിക്കും. മതേതരം, ജനാധിപത്യം, സോഷ്യലിസം തുടങ്ങി ഭരണഘടനയിലെ ഉയർന്ന ആദർശങ്ങൾ വെല്ലുവിളിക്കപ്പെടുന്ന ഇന്ത്യൻ വർത്തമാന സാഹചര്യത്തിൽ സലിംകുമാർ, കെ.കെ. കൊച്ച്, ഡോ. എം.എസ്. ജയപ്രകാശ് പോലെയുള്ള പിന്നാക്ക, അവശ ജനങ്ങൾക്കുവേണ്ടി ശബ്ദിക്കുന്ന വ്യക്തികളുടെ പ്രസക്തിയേറുന്നു. ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ, ചാതുർവർണ്യം എന്നിവയാണ് ഇന്ത്യയുടെ പുരോഗതിയുടെ പ്രധാന തടസ്സം. ഇതിനെതിരെ ശക്തമായി പോരാടിയ ഈ മഹത് വ്യക്തിത്വങ്ങളെ കുറിച്ച് സമൂഹം ചിന്തിക്കേണ്ടതുണ്ട്. അതിന് ഈ ആത്മകഥ നിമിത്തമായിത്തീരട്ടെ.

ആർ. ദിലീപ്, ശ്രീവിഹാർ, മുതുകുളം

Tags:    
News Summary - Letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.