അങ്ങേയറ്റം ക്രൂരരാവാൻ കഴിവുള്ളവരാണ് മനുഷ്യർ എന്ന ലുപിത യോങ്ഗോയുടെ (Lupita Nyong'o) വാചകം എത്രത്തോളം സത്യമെന്ന് ഗംഭീരമായി ആവിഷ്കരിച്ചിരിക്കുകയാണ് ഉണ്ണികൃഷ്ണൻ കളീക്കൽ ‘കാലുട്രോൺ ഗേൾസ്’ എന്ന കഥയിലൂടെ. ആറ്റംബോംബ് നിർമാണത്തിൽ അറിയാതെ പങ്കാളികളാവേണ്ടി വന്ന ‘കാലുട്രോൺ ഗേൾസ്’ എന്ന് പിന്നീട് അറിയപ്പെട്ട പെൺകുട്ടികൾ. ആ ചരിത്രത്തെ വർത്തമാനകാലത്തെ രണ്ടു മലയാളി പെൺകുട്ടികളിലേക്കും ക്രൂരതയുടെ മറ്റൊരു അടരിലേക്കും ഇഴചേർത്തുവെക്കുന്ന പ്രമേയവും അവതരണ ഭംഗിയുമാണ് ഈ കഥയുടെ സൗന്ദര്യം.
ക്ലിനിക്കൽ ട്രയലിന് വിധേയരാക്കുന്ന മനുഷ്യരെ രേഖകളിൽ വസ്തു എന്നാണ് സൂചിപ്പിക്കുക എന്ന് കഥയിൽ വായിച്ചപ്പോൾ സ്മാർത്തവിചാരത്തിൽ സാധനം എന്ന് വിശേഷിപ്പിക്കുന്നത് ഓർമ വന്നു. യൂക്കോയും എമിയും സുമിത്രയും മാർഗരറ്റുമൊക്കെ ഉള്ളിൽ മായാതെ നിൽക്കുന്ന കഥാപാത്രങ്ങളാണ്. സാമ്രാജ്യത്വമായാലും കുടുംബമായാലും തങ്ങളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ വേണ്ടി ഇല്ലാതാക്കിക്കളയുന്ന ജീവിതങ്ങളെ/ ജീവിതാവസ്ഥകളെ/ കാലത്തെ എത്ര ഭംഗിയായാണ് ഈ കഥയിൽ മെനഞ്ഞുവെച്ചിരിക്കുന്നത്. മികച്ച കഥ. ആവിഷ്കരണം.
നജീബ് മൂടാടി
കഥാകൃത്തും ശാസ്ത്ര എഴുത്തുകാരനുമായ ഉണ്ണികൃഷ്ണൻ കളീക്കൽ മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ ‘കാലുട്രോൺ ഗേൾസ്’ എന്ന കഥ തുടങ്ങുന്നത് വിഖ്യാത കെനിയൻ സംവിധായകയും നടിയും ആക്ടിവിസ്റ്റുമായ ലുപിത യോങ്ഗോയുടെ ഒരു ഉദ്ധരണിയിൽനിന്നുമാണ്. പോരാട്ടങ്ങളുടെ കനൽവഴികൾ താണ്ടി മികച്ച സഹനടിക്കുള്ള ഒാസ്കർ പുരസ്കാരം സ്വീകരിച്ചുകൊണ്ട് അവർ നടത്തിയ പ്രസംഗം വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും മനസ്സിൽനിന്നും കെട്ടുപോയിട്ടില്ല.
രണ്ടാം ലോകയുദ്ധ സമയത്ത് ടെന്നസിയിലെ ഓക്രിഡ്ജിൽ ഒരു യുറേനിയം ശുദ്ധീകരണ കേന്ദ്രം പ്രവർത്തിപ്പിക്കാൻ റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളുടെ ഒരു കൂട്ടമായിരുന്നു കാലുട്രോൺ ഗേൾസ്. അമേരിക്കൻ ഗവൺമെന്റ് മാൻഹട്ടൻ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പ്ലാന്റ് നിർമിച്ചത്. ഇവിടെ ആർക്കുവേണ്ടിയും എന്തിനുവേണ്ടിയുമാണ് ജോലി ചെയ്യുന്നതെന്ന് ആ പാവം പെൺകുട്ടികൾക്ക് അജ്ഞാതമായിരുന്നു. ഹിരോഷിമയെ ചുട്ടു ചാമ്പലാക്കിയ ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബിന്റെ നിർമാണത്തിൽ തങ്ങളും പങ്കാളികളായിരുന്നു എന്നറിഞ്ഞപ്പോൾ ഉണ്ടായ കഠിനമായ കുറ്റബോധം മരണംവരെ അവരെ വേട്ടയാടിയിരുന്നു. കാലുട്രോൺ ഗേൾസിൽ ഉൾപ്പെട്ട മാർഗരറ്റിന്റെ കൊച്ചുമകളായ യൂക്കോ വത്തനാബേയിൽനിന്നുമാണ് കഥയുടെ പ്രമേയത്തെ എഴുത്തുകാരൻ വികസിപ്പിക്കുന്നത്.
ചരിത്രത്തിന്റെയും ഫിക്ഷന്റെയും സാധ്യതകളെ ഉപയോഗപ്പെടുത്തി ഇരകളാക്കപ്പെടുന്നവരുടെ മാനസിക സംഘർഷങ്ങളെ ആഖ്യാന മികവോടെ കഥാകൃത്ത് അവിഷ്കരിച്ചിരിക്കുന്നു. സ്വവർഗാനുരാഗികളായ എമിയുടെയും സുമിത്രയുടെയും ജീവിതാഭിലാഷത്തിന് പ്രതിബന്ധമായി നിൽക്കുന്നത് യുദ്ധവും എമിയുടെ കാൻസർ രോഗബാധയുമാണ്. കിയവിലേക്ക് ഉപരിപഠനത്തിന് പോകാനായി തയാറാകുമ്പോഴാണ് എമിയെ രോഗം ബാധിക്കുന്നത്. ക്ലിനിക്കൽ ട്രയലിന് ഹിരോഷിമയിൽ എത്തുന്ന എമി പീസ് മെമ്മോറിയൽ പാർക്കിലിരുന്ന് യൂക്കോയെ കേൾക്കുമ്പോൾ അവളുടെ മനസ്സ് കലുഷിതമായിരുന്നു. യുദ്ധമുഖത്തിൽനിന്നുമുള്ള സുമിത്രയുടെ സന്ദേശങ്ങൾ അവൾക്ക് താൽക്കാലികമായ ആശ്വാസം മാത്രം നൽകി.
നന്മ എന്നത് വിശ്വസിക്കാൻ കൊതിക്കുന്ന സ്വപ്നമെങ്കിലും, തടുക്കാൻ കഴിയാത്ത ക്രൂരതതന്നെയാണ് ചിലപ്പോഴെങ്കിലും മുന്നിൽ. വിശപ്പും രതിയുംപോലെ ആഗ്രഹിച്ചാലും തടുക്കാനാവാത്തത്. കഥയിലെ ഈ നിരീക്ഷണം ചരിത്രത്തിൽ എവിടെയും ബാധകമാണ്. എമിയുടെ അപ്പാപ്പൻ ഒരിക്കൽകൂടി അതു ശരിവെക്കുന്നു. ഇരു കാലങ്ങളെ, ദേശങ്ങളെ ഈ കഥ അനായാസം ബന്ധിപ്പിക്കുന്നു എന്നത് ഇതിന്റെ ക്രാഫ്റ്റിനെ ശ്രദ്ധേയമാക്കുന്നു. വായനയുടെ വ്യത്യസ്തങ്ങളായ അടരുകളിലേക്ക് സഞ്ചരിക്കുന്ന മികച്ച കഥയാണിത്.
അനിൽ സി. പള്ളിക്കൽ, പയ്യനല്ലൂർ, പത്തനംതിട്ട
2010ൽ സാഹിത്യ നൊേബൽ സമ്മാനം കരസ്ഥമാക്കിയ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായ മരിേയാ വര്‍ഗാസ് യോസയെ അറിയാത്തവർ മലയാളി വായനസമൂഹത്തിൽ കുറവായിരിക്കും. അദ്ദേഹത്തിന് തിലോദകമര്‍പ്പിച്ച് ആഴ്ചപ്പതിപ്പ് തയാറാക്കിയ തുടക്കം മനസ്സിനെ സ്പർശിച്ചു (ലക്കം 1417). ഗബ്രിയേല്‍ ഗാര്‍സ്യ മാർകേസിനെപ്പോലെ മലയാളി വായനക്കാരുടെ ഹൃദയത്തില്‍ ഇടം നേടിയ നോവലിസ്റ്റാണ് യോസയും. 1963ൽ പ്രസിദ്ധീകരിച്ച ‘ദി ട്യൂണ്‍ ഓഫ് ദി ഹീറോ’യും, 1965ൽ പുറത്തിറങ്ങിയ ‘ദി ഗ്രീന്‍ ഹൗസും’ നമ്മുടെ ആസ്വാദന തൃഷ്ണയെ ഏറെ ഭ്രമിപ്പിച്ചതാണ്. 1966ൽ പുറത്തുവന്ന ‘ഡി ടൈം ഓഫ് ദി ഹീറോ’യാണ് യോസയെ ലോക പ്രശസ്തനാക്കിയത്.
അദ്ദേഹം 1990ൽ പെറുവിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതോടെ ലാറ്റിനമേരിക്കൻ ഇടതുപക്ഷ സർക്കാറുകളുടെ കടുത്ത വിമർശകനായി മാറി. തുടർന്ന് വിവാദങ്ങള്‍ സഹയാത്രികരായെങ്കിലും നല്ലൊരു എഴുത്തുകാരന് എന്ന നിലയില്‍ ലോകമെമ്പാടും ആരാധകരുണ്ടായി. രാഷ്ട്രീയത്തിനു നേടിക്കൊടുക്കാനാവാത്തത്ര സ്വീകാര്യതയായിരുന്നു അത്.
2015ല്‍ ലാറ്റിനമേരിക്കന്‍ എഴുത്തുകാരെ ലോകസാഹിത്യത്തിന്റെ മുന്‍നിരയില്‍ എത്തിച്ച കാര്‍മെന്‍ ബാല്സേഴ്സ് നിര്യാതനായപ്പോള്‍ ‘‘പ്രിയപ്പെട്ട കാര്‍മെന്‍, അധികം വൈകാതെ നമുക്ക് കാണാ’’മെന്ന് യോസ എഴുതിയെങ്കിലും അതു പാലിക്കാന്‍ യോസക്ക് 10 വർഷം കാത്തിരിക്കേണ്ടി വന്നു. ഇപ്പോൾ 88ാമത്തെ വയസ്സില്‍ വിടപറയുമ്പോൾ തന്റെ നോവലുകളിലൂടെ അനുവാചകർ ആ മഹാപ്രതിഭയെ എന്നെന്നും കണ്ടുകൊണ്ടിരിക്കുന്നു. തന്റെ ജീവിതദൗത്യം പൂര്‍ത്തിയാക്കി അദ്ദേഹം തിരിച്ചുപോകുമ്പോള്‍ ദുഃഖിക്കാനൊന്നുമില്ലെന്നാണ് എന്റെ പക്ഷം. കാരണം, നിത്യസ്മരണീയങ്ങളായ നിരവധി രചനകൾ നമ്മുടെ കൈകളിൽ തന്നിട്ടാണല്ലോ അദ്ദേഹം പോകുന്നത്.
സണ്ണി ജോസഫ്, മാള
ബാലഗോപാലൻ കാഞ്ഞങ്ങാട് എഴുതിയ പുതിയ കവിത ‘സെബ്ദെല്ല ജോതെയിലെ സിംഹസൂര്യൻ’ (ലക്കം: 1417, 1418) വായിച്ചു. 60കളിലും 70കളിലും സജീവമായിരുന്ന തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കനലുകളിൽ പൊള്ളിയ ചരിത്രം വായനക്കാരെ അസ്വസ്ഥമാക്കും. ചോര മണക്കുന്ന കൊടും യാതനകളിലൂടെ സഞ്ചരിച്ച വിപ്ലവകാരികൾ... ഒരു പുതുയുഗത്തിന്റെ പിറവി സ്വപ്നം കണ്ട് നടന്നവർ... സർവതോമുഖമായ പരിവർത്തനത്തിനുള്ള പോരാട്ടത്തിന് നാട് പാകമായിക്കഴിഞ്ഞെന്ന് തെറ്റിദ്ധരിക്കപ്പെട്ട് അതിസാഹസികതയുടെ പാത തിരഞ്ഞെടുത്തവർ... അധികാരം തോക്കിൻകുഴലിലൂടെ തുടങ്ങിയ ആവേശം ജനിപ്പിക്കുന്ന മുദ്രാവാക്യങ്ങളിൽ ആകൃഷ്ടരായി ഈയാംപാറ്റകളെപ്പോലെ വീണടിഞ്ഞവർ... സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് ഇങ്ങനെയും ഒരു ചരിത്രമുണ്ട്. ഹൃദയം ത്രസിപ്പിക്കുന്ന വരികളിലൂടെ, ഭാവതീവ്രതയോടെ ആ ചരിത്രത്തെ അവതരിപ്പിക്കുകയാണ് തന്റെ കവിതയിലൂടെ ബാലഗോപാലൻ.
നക്സൽബാരിയുടെ വീരസന്താനങ്ങളായ കനുസന്യാലിന്റെയും ചാരു മജുംദാറുടെയും സംഘർഷഭരിതമായ ജീവിതസന്ദർഭങ്ങളാണ് കവിതയിലെ പ്രധാന പ്രമേയം. കനുദായുടെ ആത്മസംഘർഷങ്ങളും അന്ത്യവും അത്യന്തം ഹൃദയഭേദകമായ ദൃശ്യാനുഭവമായി കവിത വായനക്കാരെ അലോസരപ്പെടുത്തും. കവിതയിൽ ചേർത്തുവെച്ചിരിക്കുന്ന വാക്കുകളും ഭാവങ്ങളും ഭാവനയും ആശയവും തന്നെയാണ് അത് സാധ്യമാക്കിയത്. ചെറുത്തു നിൽപുകൾക്കിടയിൽ രക്തസാക്ഷികളായവരെ പലയിടത്തും അനുസ്മരിക്കുന്നുണ്ട്.
‘‘പാടമെല്ലാം ചെന്നിറത്തിൽ
ചോന്ന പുല്ലുകൾ കൊടിപിടിച്ചു’’ തുടങ്ങിയ അർഥവത്തായ നിരവധി വരികൾ കവിതയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.
എ.കെ. ശ്രീധരൻ, കാറോലം,പയ്യന്നൂർ
മാധ്യമം ആഴ്ചപ്പതിപ്പിലെ ബാലഗോപാലൻ കാഞ്ഞങ്ങാടിന്റെ കവിതയുടെ ആദ്യഭാഗം (ലക്കം 1417) അക്ഷരാർഥത്തിൽ ബോധിച്ചു. മറന്നു പോകുന്ന/ മറക്കപ്പെടാൻ ആരൊക്കെയോ വെമ്പൽ കൊള്ളുന്ന ഒരു ചരിത്രം (വർത്തമാനവും) ആവിഷ്കരിക്കുന്നു എന്നതല്ല, മനുഷ്യൻ എന്ന പലവിധ വർണ്യങ്ങളിൽ വർണനകൾക്കപ്പുറത്തെ യാഥാർഥ്യം ജീവിച്ച, ജീവിച്ചുകൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തി അനുരോധമായ രാഷ്ട്രീയവും ജീവൽസ്വത്വവുമാണെന്ന് ഓർമിപ്പിക്കുക കൂടിയാണ് ഈ കാവ്യഭാഗം. കനു സന്യാൽ, നക്സൽ ബാരി എന്നീ സംജ്ഞകൾ ഇന്ത്യാ ചരിത്രത്തിൽനിന്ന് മാഞ്ഞേ പോകണം എന്ന വ്യാക്ഷേപക സന്ധിയിൽ ഓർമപ്പെടുത്തലായി... ചൂണ്ടുവിരലായി... ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തി.
കുറിഞ്ചിലക്കോട് ബാലചന്ദ്രൻ
യുവകവി ബാലഗോപാലൻ കാഞ്ഞങ്ങാട് എഴുതിയ ദീർഘ കവിതയുടെ ആദ്യഭാഗം‘സെബ് ദെല്ല ജോതെയിലെ സിംഹ സൂര്യൻ’ (ലക്കം 1416) മാധ്യമം ആഴ്ചപ്പതിപ്പിൽ, സുധീഷ് കോട്ടേമ്പ്രത്തിന്റെ ആകർഷണീയമായ വരയുടെ അകമ്പടിയോടെ ഉദിച്ചുയർന്ന് കവിതയുടെ അരുണാഭ തൂകി ജ്വലിച്ചുനിൽക്കുന്നു.
ഭൂപ്രഭുക്കളായ സമീന്ദാർമാരും അവരുടെ കൂലിപ്പടയും കൊന്നും വെന്നും വാണിരുന്ന വംഗദേശത്ത് മാറ്റത്തിന്റെ തീച്ചുഴലിയായി രൂപംകൊണ്ട്, ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചുകൊണ്ട് മേഘ ജ്യോതിസ്സ് പോലെ കത്തിയമർന്ന കനു സന്യാലിന്റെയും ചാരുമജുംദാറിന്റെയുമൊക്കെ നേതൃത്വത്തിലുള്ള പരിവർത്തന ശ്രമങ്ങളിലേക്കും ആ വിപ്ലവ സൂര്യതേജസ്സുകളുടെ ട്രാജഡിയായ ജീവിതാവസ്ഥകളിലേക്കുമൊക്കെ സൂക്ഷ്മമായ കാവ്യഭാവനയിലൂടെ മനസ്സഞ്ചാരംചെയ്ത്, ആ വിപ്ലവചരിത്ര മുഹൂർത്തങ്ങളെ വൈകാരിക തീവ്രതയോടെ കവിതയുടെ ഈ ആദ്യ ഖണ്ഡത്തിൽ ബാലഗോപാലൻ കാഞ്ഞങ്ങാട് പുനരാവിഷ്കരിക്കുമ്പോൾ, അനുവാചകർക്കത് അനുഭൂതീധന്യമായ വായനാനുഭവം പകരുന്നു. ബംഗാളിലെ നക്സൽ ബാരിയിൽ കനുസന്യാലിന്റെ ജന്മ ഗ്രാമത്തിന്റെ പേരായ ‘സെബ്ദെല്ല ജോതെ’ എന്ന പേര് തന്നെ തലക്കെട്ടായി സ്വീകരിച്ച കവിത തുടങ്ങുന്നതു തന്നെ പ്രതിരൂപാത്മകമായ അർഥ ധ്വനികളോടെയാണ്.
തുടർന്നുള്ള വിപ്ലവോന്മുഖവും അതേസമയം ശോകച്ഛവി കലർന്നതുമായ വിവരണങ്ങൾക്ക് പശ്ചാത്തലമൊരുക്കുന്ന സമുചിതമായ സമാരംഭം. വംഗദേശത്തിലെ വിപ്ലവ സിംഹ ഗർജനങ്ങളും വടക്കേ മലബാറിന്റെ സവിശേഷമായ ഉഗ്രമൂർത്തികളുടെ തീത്തെയ്യാട്ടവും തോറ്റംപാട്ടുകളുമൊക്കെ കൂടിക്കലർന്ന അതീവ ഹൃദ്യമായ കാവ്യാനുഭവം പകരുന്ന ബാലഗോപാലൻ കാഞ്ഞങ്ങാടിന്റെ ഈ പുതിയ രചന മുഖ്യധാരാ മലയാള കവിതയിൽ വേറിട്ടൊരു ഭാവുകത്വം അടയാളപ്പെടുത്താൻ പര്യാപ്തമെന്ന് ഈ ആദ്യ ഖണ്ഡം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതിന്റെ പ്രസിദ്ധീകരണത്തിലൂടെ മാധ്യമം ആഴ്ചപ്പതിപ്പ് ടീം നവഭാവുകത്വത്തിന്റെ കാമ്പുറ്റ കവിതയെ കണ്ടെത്താനും ഏറ്റവും ആദ്യംതന്നെ അവ വായനക്കാരിൽ എത്തിക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരെന്ന് ഒരിക്കൽകൂടി തെളിയിക്കുന്നു.
മുഹമ്മദ്കുട്ടി എളമ്പിലാക്കോട് (ഫേസ്ബുക്ക്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.