ഹലീമ ബീവിയുടെ കുടുംബം
2000 ജനുവരി 14നാണ് ഹലീമാ ബീവി ഈ ലോകത്തോട് വിട പറയുന്നത്. സ്ത്രീയവസ്ഥ മെച്ചമാകുന്ന ഒരു പുതിയ സഹസ്രാബ്ദത്തിന്റെ പിറവിക്ക് സാക്ഷ്യംവഹിച്ചുകൊണ്ടും അതിനുവേണ്ടി തന്നാൽ കഴിയുന്നത് ചെയ്തു എന്ന ചാരിതാർഥ്യംകൊണ്ടും അവരുടെ ജീവിതം ചരിത്രത്താളുകളിൽ നിറഞ്ഞുതന്നെ നിൽക്കും. അക്ഷരങ്ങളിലൂടെ സമൂഹത്തെ മാറ്റാൻ സാധിക്കുമെന്ന് തെളിയിച്ച അവർക്ക് അവസാന കാലത്തും കൂട്ട് വായനയും പുസ്തകങ്ങളുമായിരുന്നു. അധ്യായം -26 കെ.എം. മുഹമ്മദ് മൗലവി-ഹലീമാ ബീവി ദമ്പതികൾക്ക്...
2000 ജനുവരി 14നാണ് ഹലീമാ ബീവി ഈ ലോകത്തോട് വിട പറയുന്നത്. സ്ത്രീയവസ്ഥ മെച്ചമാകുന്ന ഒരു പുതിയ സഹസ്രാബ്ദത്തിന്റെ പിറവിക്ക് സാക്ഷ്യംവഹിച്ചുകൊണ്ടും അതിനുവേണ്ടി തന്നാൽ കഴിയുന്നത് ചെയ്തു എന്ന ചാരിതാർഥ്യംകൊണ്ടും അവരുടെ ജീവിതം ചരിത്രത്താളുകളിൽ നിറഞ്ഞുതന്നെ നിൽക്കും. അക്ഷരങ്ങളിലൂടെ സമൂഹത്തെ മാറ്റാൻ സാധിക്കുമെന്ന് തെളിയിച്ച അവർക്ക് അവസാന കാലത്തും കൂട്ട് വായനയും പുസ്തകങ്ങളുമായിരുന്നു.
അധ്യായം -26
കെ.എം. മുഹമ്മദ് മൗലവി-ഹലീമാ ബീവി ദമ്പതികൾക്ക് ഏഴ് മക്കളായിരുന്നു. അതിൽ ഒരാൾ ചെറുപ്പത്തിൽ മരിച്ചു. നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും. മൂത്ത മകൾ നഫീസ ബീവി വിദ്യാഭ്യാസാനന്തരം ഗൃഹഭരണവും മറ്റുമായി കഴിഞ്ഞുകൂടി. മറ്റുള്ളവരൊക്കെ സർക്കാർ സർവിസിൽ അധ്യാപകരായും ഉദ്യോഗസ്ഥരായും സേവനമനുഷ്ഠിച്ചു. അൻസർ ബീഗം എന്ന മകൾ മികച്ച പ്രസംഗകയും എഴുത്തുകാരിയുമായിരുന്നു. അമ്മക്കൊപ്പം പൊതുരംഗത്ത് പ്രവർത്തിച്ചു വരവേ സർക്കാർ സ്കൂളിൽ അധ്യാപികയായി ജോലി ലഭിച്ചു. തുടർന്ന് അധ്യാപന രംഗത്ത് കൂടുതൽ ശ്രദ്ധനൽകി പ്രവർത്തിച്ചുവന്ന അവർ തിരൂർ ബോയ്സ് ഹൈസ്കൂളിലെ പ്രഥമാധ്യാപികയായിട്ടാണ് സർവിസിൽനിന്ന് വിരമിച്ചത്.
മികച്ച അധ്യാപികക്കുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡും (1992) അവർ നേടി. മറ്റൊരു പുത്രി ജമീല ബീവി കോതമംഗലത്ത് അധ്യാപികയായി സേവനമനുഷ്ഠിച്ചു. പെൺമക്കളിൽ ഒരാളായ ആയിശാ ബീവി, 1981ൽ ഹൃദയസ്തംഭനംമൂലം മരണമടഞ്ഞു. ആൺമക്കളിൽ ഒരാൾ കെ.എം.എം. അഷറഫ് സിഡ്കോയിലെ ജോലി സംബന്ധമായി തിരുവനന്തപുരത്തും മറ്റുമായി താമസിച്ചു. സിഡ്കോയിൽ അസിസ്റ്റന്റ് മാനേജരായി വിരമിച്ച അദ്ദേഹം പക്ഷാഘാതത്തെ തുടർന്ന് മരണമടഞ്ഞു. മറ്റൊരു മകനായ മുഹമ്മദ് അസ്ലം സ്കൂൾ വിദ്യാഭ്യാസാനന്തരം തലശ്ശേരിയിൽ താമസമാക്കി സ്വന്തംനിലയിൽ ജീവിതം നയിച്ചു. തങ്ങളുടെ ഉമ്മയെക്കുറിച്ചുള്ള ജീവചരിത്ര രചനയുടെ ഭാഗമായി വിവരങ്ങൾ ശേഖരിക്കാനായി ഗ്രന്ഥകാരന് നേരിട്ട് കാണാൻ സാധിച്ചത്, തിരൂരിൽ താമസിച്ചുവരുന്ന അൻസർ ബീഗം എന്ന മകളെ മാത്രമായിരുന്നു. ബാക്കിയുള്ളവരെല്ലാംതന്നെ അപ്പോഴേക്കും ഈ ലോകത്തുനിന്ന് പോയിക്കഴിഞ്ഞിരുന്നു.
ഹലീമാ ബീവി അവസാന കാലത്ത് വായനയും മറ്റുമായി ചെലവഴിച്ചത് പെരുമ്പാവൂർ ബി.ഒ.സി റോഡിൽ മൂത്തമകളായ നബീസക്കൊപ്പമായിരുന്നു. രോഗാവസ്ഥയിലും കൂട്ട് പുസ്തകങ്ങളായിരുന്നു. ഓർമകൾ അയവിറക്കിയും വായിച്ചും കൊച്ചുമക്കൾക്കും അവരുടെ മക്കൾക്കും തന്റെ ജീവിതം പറഞ്ഞുകൊടുത്തും സ്ത്രീയവസ്ഥ മെച്ചമാകുന്ന ഒരു പുതിയ സഹസ്രാബ്ദത്തിന്റെ പിറവിക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് ഹലീമാ ബീവി, 2000 ജനുവരി 14ന് ഈ ലോകത്തോട് വിട പറഞ്ഞു.
മലയാളി മുസ്ലികളുടെ ആദ്യ പത്രാധിപയുടെ നീക്കിയിരുപ്പ് എന്താണ്? ഒരു നെടുവീർപ്പോടെ ഗദ്ഗദകണ്ഠയായി അവർതന്നെ പറയുന്നു: “പ്രസ് നടത്താൻ വേണ്ടി പെരുമ്പാവൂരിൽ ഉണ്ടായിരുന്ന വീടും പുരയിടവും വിൽക്കേണ്ടിവന്നു... പ്രസ് പൂട്ടിയതോടെ എല്ലാം (പഴയ മാസികകളുടെ പ്രതികളും മറ്റും) അവിടെ കിടന്ന് ചിതലെടുത്തു. വാടകവീട്ടിലായിരുന്നു ഞങ്ങൾ താമസം. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ഇടക്കിടെ വീട് മാറിയിരുന്നതുകൊണ്ട് എല്ലാം കെട്ടിപ്പെറുക്കാൻ പ്രയാസം, ഇപ്പോൾ വലിയ വിഷമം തോന്നുന്നു. വലയസ്സു കാലത്ത് പഴയ കർമഫലങ്ങൾ എടുത്തുെവച്ച് അയവിറക്കാൻ കഴിയുന്നില്ലല്ലോ എന്ന വിഷമം.”
താൻ നടത്തിവന്ന പത്രത്തിന്റെ കോപ്പിയിൽ കണ്ടെടുത്തു നൽകാൻ കഴിയാതെ വന്നതിനാൽ മുൻകാല പത്രപ്രവർത്തകർക്കുള്ള സർക്കാർ വക പെൻഷൻ കൈപ്പറ്റുന്നതിന് ഹലീമാ ബീവിക്ക് സാധിച്ചിട്ടില്ല. വയസ്സുകാലത്ത് അതിനായി ഓടിനടക്കാൻ ആ മഹതിക്ക് കഴിയില്ലായിരുന്നു. ചന്ദ്രികക്ക് നൽകിയ അഭിമുഖത്തിൽ അവർ പറയുന്നുണ്ട്: “പെൻഷൻകൊണ്ട് വയസ്സുകാലത്ത് സമ്പാദിക്കാനല്ല. എങ്കിലും കിട്ടിയാൽ അഭിമാനിക്കാമല്ലോ? ഉമ്മയുടെ പ്രയത്നത്തിന്റേതെന്ന് എന്റെ മക്കൾക്കും അഭിമാനിക്കാം.” തിരുവിതാംകൂർ പ്രദേശത്ത് പുറത്തിറങ്ങുന്ന പത്രികകൾ ഇൻഫർമേഷൻ ഡയറക്ടറുടെ ഓഫിസിലേക്ക് കോപ്പികൾ അയക്കുമായിരുന്നു.
അങ്ങനെ ലഭ്യമാക്കുന്ന കോപ്പികൾ ഹസൂർ കച്ചേരിയിൽ സൂക്ഷിക്കുകയോ വഞ്ചിയൂരുള്ള ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാലയിലേക്കോ തിരുവിതാംകൂർ സർവകലാശാല ലൈബ്രറിയിലേക്കോ കൈമാറുകയായിരുന്നു ചെയ്തിരുന്നത്. തന്റെ മാസികയുടെയും ആഴ്ചപ്പതിപ്പിന്റെയും കോപ്പികൾ ശ്രീചിത്തിര തിരുനാൾ ലൈബ്രറിയിലോ എറണാകുളം കലക്ടറേറ്റിലോ പൊടിപിടിച്ചുകിടക്കുന്നുണ്ടാവുമെന്ന സൂചന ഹലീമാ ബീവി അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്. അവരുടെ ആ വീക്ഷണം ശരിയായിരുന്നു.
ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന ‘ഭാരതചന്ദ്രിക’യുടെ കോപ്പികൾ ലഭ്യമായത് വഞ്ചിയൂർ ശ്രീചിത്തിര തിരുനാൾ ലൈബ്രറിയിൽ നിന്നാണ്. (മാത്രമല്ല, ‘മുസ്ലിം വനിത’യുടെ കോപ്പി തിരുവനന്തപുരത്തെ കേരള യൂനിവേഴ്സിറ്റി ലൈബ്രറിയിൽനിന്നും വനിതയുടെ കോപ്പി മണ്ണാർക്കാട് ലൈബ്രറിയിൽനിന്നും കണ്ടെടുത്തു. ഇതിൽ പലതിന്റെയും സ്കാൻ ചെയ്ത പ്രിന്റുകൾ ‘ഗ്രന്ഥപ്പുര’, ‘സുപ്ര’ മുതലായ പബ്ലിക് ഡൊമയിനുകളിലും പലരുടെയും സ്വകാര്യശേഖരങ്ങളിലേക്കും എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്). അവയുടെ കോപ്പികൾ ഒരിക്കൽകൂടി കാണണമെന്ന് ആഗ്രഹം അവർക്കുണ്ടായിരുന്നു. സഫലീകൃതമാകാത്ത ആ ആഗ്രഹവുമായിട്ടാണ് ഹലീമാ ബീവി ചരിത്രത്തിലേക്ക് നടന്നുകയറിയത്.
ആദ്യ മുസ്ലിം പത്രാധിപയുടെ ഓർമ: ഒരു വിലയിരുത്തൽ
ഹലീമാ ബീവിക്ക് ഒരു ‘മലയാളി നവോത്ഥാന വനിത’ എന്ന വിശേഷണം നൽകാനാണ് പ്രസിദ്ധ സാമൂഹികചിന്തകയും സ്ത്രീപക്ഷ ചരിത്രകാരിയുമായ ജെ. ദേവിക ശ്രമിക്കുന്നത്. അത്തരത്തിലുള്ള ഒരു വിശേഷണത്തിന് എന്തുകൊണ്ടും അർഹയാണ് അവർ. ആ നവോത്ഥാന വനിത തന്റെ യാത്രയിൽ ഊർജം പകർന്നുനൽകിയതായും അവരുടെ ജീവിതകാലത്ത് ജീവിക്കുവാൻ സാധിച്ചത് തന്നെ മഹത്തരമായ ഒന്നായും ജെ. ദേവിക കരുതുന്നു: “ഹലീമാ ബീവിയുടെ ലേഖനങ്ങൾ ഞാൻ വായിക്കുന്നത്, 1990കളിൽ ഡോക്ടർ വിദ്യാർഥിയായിരുന്ന കാലത്താണ്. അവയിൽ അലയടിച്ച നീതിബോധത്തിൽ ഊർജത്താൽ സ്വന്തം കാലത്തെ വിമർശിക്കാൻ തയാറെടുത്തുവന്ന ആ ദിനങ്ങളിൽ അവർ ജീവിച്ചിരുന്നുവെന്നും ഒരുപക്ഷേ സൗകര്യപ്പെട്ടിരുന്നുവെങ്കിൽ കാണാൻ കഴിയുമായിരുന്നുവെന്നും ആലോചിക്കുമ്പോൾ രോമാഞ്ചം കൊള്ളുന്നു.”
ആധുനിക കാലത്ത് കേരളത്തിൽ ഇസ്ലാമിക സ്ത്രീവാദത്തിന്റെ വക്താക്കളിൽ പ്രാതസ്മരണീയയായി കണക്കാക്കാൻ കഴിയുന്ന ഒരു വ്യക്തിത്വമാണ് ഹലീമാ ബീവിയെന്ന നിലയിൽ പരാമർശങ്ങൾ പല സ്ത്രീ സംഘടനകളും ഉയർത്തിക്കാണിക്കുന്നുണ്ട്: “എഴുതിയിരുന്നതും പ്രസംഗിച്ചിരുന്നതും സ്ത്രീസംബന്ധമായ വിഷയങ്ങളായിരുന്നുവെന്നുള്ളതുകൊണ്ട്, അവരെ ഒരു സ്ത്രീപക്ഷവാദിയായി വായിക്കുന്നവരുമുണ്ട്. ഒരർഥത്തിൽ അത് ശരിയുമാണ്.
അന്ന് നിലനിന്നിരുന്ന സാഹചര്യങ്ങളിൽ, സ്ത്രീയെ ഒരു വ്യക്തിയെന്ന നിലയിൽ കണ്ടുകൊണ്ട് അവരുടെ അവകാശങ്ങൾക്കും, സമഗ്രശ്രേണിയിലുള്ള ഉന്നമനത്തിനും വേണ്ടി വാതോരാതെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഹലീമാ ബീവിയെ സ്ത്രീപക്ഷവാദിയെന്നുതന്നെ വിളിക്കണം. ‘സ്ത്രീ’ വിഷയങ്ങളിൽ മതനേതൃത്വം മുതൽ, പുരുഷകേന്ദ്രീകൃത മതവ്യാഖ്യാനങ്ങളെയും സമൂഹത്തെയും പുരുഷകേന്ദ്രീകൃത സാമൂഹികചട്ടങ്ങളെയും അതിശക്തമായി വിമർശിക്കുകയും അന്നത്തെ കാലത്ത് റാഡിക്കൽ ആയ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്ത ഹലീമാ ബീവിക്ക്, ‘ഫെമിനിച്ചി’യെന്ന ഓമനപ്പേരിന് സമാനമായ വല്ല വിളിപ്പേരുകളും അന്ന് നിലനിന്നിരുന്നുവെങ്കിൽ അത് ചാർത്തിക്കിട്ടാൻ സാധ്യതകളേറെയാണ്.”97
ഹലീമാ ബീവിയെക്കുറിച്ച് അടുത്തറിയാനായി താൻ സമീപിച്ച മുസ്ലിം സമുദായത്തിലെ പല മുതിർന്ന പുരുഷബുദ്ധിജീവികളും തങ്ങൾ ഹലീമാ ബീവിയുടെ സഹായത്തോടുകൂടിയാണ് എഴുത്തിലേക്കും ബൗദ്ധികജീവിതത്തിലേക്കും പ്രവേശിച്ചതെന്നും സമ്മതിക്കുന്നുണ്ടെന്ന് ജെ. ദേവിക ചൂണ്ടിക്കാണിക്കുന്നുണ്ട്. പക്ഷേ, അവരാരും തന്നെ മഹദ് വനിതയുടെ ഓർമ നിലനിർത്തുന്നതിനു വേണ്ട ഇടപെടൽ നടത്തിയിരുന്നില്ലായെന്ന പരിദേവനവും അവരിൽനിന്ന് ഉയരുന്നുണ്ട്. എന്തുകൊണ്ട് ഇത്തരത്തിൽ ഒരു ഇടപെടൽ നടന്നു എന്നതിനെക്കുറിച്ചും ദേവിക വിലയിരുത്തുന്നുണ്ട്: “...
താൻകൂടി ഭാഗമായ സാമൂഹികമാറ്റത്തിനുള്ളിൽ ലിംഗാധികാരത്തിന്റെ പ്രശ്നങ്ങളെ നിരന്തരം ഉയർത്തിപ്പിടിക്കുക, ആധുനികവത്കരണം മുന്നോട്ടുവച്ച സാധ്യതകളെ ജ്ഞാനതലത്തിലും പ്രവർത്തനതലത്തിലും കാര്യമായി മുതലെടുക്കാൻ കഠിനപരിശ്രമം നടത്തുക, രാഷ്ട്രീയ മുഖ്യധാരയിലൂടെ താനുയർത്തിയ സാമൂഹിക- ലിംഗനീതി വിഷയങ്ങളെ സമൂഹത്തിന് മുന്നിൽ സജീവമായി നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുക, താൻ ജീവിതം സമർപ്പിച്ച ഒരു വ്യവഹാരത്തിലും സ്ഥാപനത്തിലും സ്മരണയുടേതായ ഇടം നിഷേധിക്കുക.” ഇതെല്ലാം സ്ത്രീ എന്നനിലയിൽ ഹലീമാ ബീവിയുടെ ജീവിത ഓർമകളുടെ തിരസ്കരണത്തിൽ ഭാഗഭാക്കായിട്ടുണ്ടെന്ന് അവർ നിരീക്ഷിക്കുന്നുണ്ട്.
ഹലീമാ ബീവിയുടെ ഓർമകൾ കേരളചരിത്രത്തിൽ കൂടുതൽ ചർച്ച ചെയ്യപ്പെടാതിരുന്നതിന്റെ കാരണങ്ങളിലൊന്ന്, അവർ ഇടപെട്ട ഇടങ്ങളിൽനിന്നും മനുഷ്യരിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും അവർക്കു നേരിട്ട ‘സാമൂഹികമരണ’മാണെന്ന് അവരെ കുറിച്ചെഴുതിയ നൂറയും നൂര്ജഹാനും അവകാശപ്പെടുന്നുണ്ട്. അതിനുള്ള പ്രധാന കാരണമായി അവർ ചൂണ്ടിക്കാട്ടിയത് വേരുകൾ നഷ്ടപ്പെട്ടുവെന്നതാണ്. ജന്മനാടായ അടൂരിൽനിന്നും ഭർത്താവിന്റെ ജോലിസ്ഥലമായ തിരുവല്ലക്കും അവിടെ തന്റെ പ്രവർത്തനമേഖല ഒരുക്കിയശേഷം അവിടെനിന്നും പറിച്ചുമാറ്റി മറ്റൊരു ഇടമായ പെരുമ്പാവൂരിലേക്കും. അങ്ങനെ സ്വന്തം നാട്ടിൽ ശക്തമായ വേരോട്ടം ഉണ്ടാക്കാൻ അവർക്ക് കഴിയാതെ പോയി.”98
‘സ്ത്രീ’ എന്ന നിലയിലും ‘മുസ്ലിം’ എന്ന നിലയിലും അവർക്കു നേരിട്ട ഇരട്ടപാർശ്വവത്കരണം വിസ്മൃതിക്ക് മറ്റൊരു കാരണമായതായും അവർ പ്രസ്താവിക്കുന്നുണ്ട്. എന്നാൽ ഹലീമാ ബീവിക്ക് സംഭവിച്ചത് ഇരട്ടയല്ല, ത്രിമാനതലങ്ങളിലുള്ള ഒഴിവാക്കപ്പെടലാണ് (Tripple burden of Oppression). ‘ജാതി-മത പാട്രിയാർക്കി’ സമൂഹത്തിൽ ‘മുസ്ലി’മെന്നതിനും ‘സ്ത്രീ’യെന്നതിനും പുറമേ സമ്പത്തിക പിന്തുണയില്ലാതിരുന്നുവെന്നതും മൂന്നാമത്തെ ഘടകമായി ഉയർത്തി കാണിക്കാവുന്നതാണ്. അങ്ങനെ സാമ്പത്തിക-വർഗ-ലിംഗ ഘടകങ്ങൾ സമൂലമായി ഇടപെടാതിരുന്നതിനാൽ വിസ്മൃതിയിലേക്ക് പോയ ഒരു വ്യക്തിത്വമായിരുന്നു അവർ.
ഹലീമാ ബീവിയുടെ അടയാളങ്ങൾ
ആർക്കും നിഷേധിക്കാനാവാത്ത ഒരിടം അവർ പത്രപ്രവർത്തനത്തിലും കേരള നവോത്ഥാന ഭൂപടത്തിലും നേടിയെടുയെടുത്തിട്ടുണ്ട്. പി.എ. സെയ്ദ് മുഹമ്മദിന്റെ മേൽനോട്ടത്തിൽ പുറത്തുവന്ന ‘കേരള മുസ്ലിം ഡയറക്ടറി’ (1960)യിൽ കേരളത്തിലെ പ്രഗല്ഭരായ മുസ്ലിം വനിതകളെ പരിചയപ്പെടുത്തുന്ന ‘മുസ്ലിം വനിതാലോകം’ എന്ന ഭാഗത്തെ ആദ്യ പേർ ഹലീമാ ബീവിയുടേതാണ്: “പത്രപ്രവർത്തനത്തോടൊപ്പം സാമുദായിക രാഷ്ട്രീയ പ്രശ്നങ്ങളിൽ ഭാഗഭാക്കാവുകയും ചെയ്ത ഹലീമാ ബീവി ഒരു പ്രസംഗകയും ലേഖികയുമാണ്. തിരുവിതാംകൂറിലെ സാമുദായിക പ്രവർത്തനങ്ങൾക്ക് കഴിയുന്നത്ര പ്രചോദനം നൽകിയിട്ടുള്ള വനിത എന്ന നിലയ്ക്കും ചരിത്രത്തിൽ മാന്യമായ സ്ഥാനമാണ് ഈ മഹതിക്കുള്ളത്. സ്ഥിരോത്സാഹംകൊണ്ട് രംഗത്തുവന്ന മഹതിയാണ് ഹലീമാ ബീവി. വളർന്നുവരുന്ന സാഹിത്യകാരന്മാർക്ക് വേണ്ടത്ര പിന്തുണ നൽകിയിരുന്നു അവരുടെ പത്രങ്ങൾ.”99
ജീവിച്ചിരിക്കെ വളരെ കുറച്ചുപേർ മാത്രമേ ഹലീമാ ബീവിയെ തേടിവന്നിട്ടുള്ളൂ; എഴുതിയിട്ടുള്ളൂ. അത്രക്ക് മാത്രമേ അവർ പൊതുമണ്ഡലത്തിൽ വെളിപ്പെട്ടുവന്നിരുന്നുള്ളൂ. 1995ൽ ചന്ദ്രിക ആഴ്ചപ്പതിപ്പിനുവേണ്ടി ഒരു അഭിമുഖം നടത്തുന്നതിന് ബഷീർ അത്താണി നടത്തിയ ശ്രമവും ദൂരദർശന് (1997) വേണ്ടിയൊരു ഫീച്ചർ തയാറാക്കുന്നതിനുണ്ടായ ശ്രമങ്ങളും ശ്ലാഘനീയമാണ്.
എന്നാൽ മരണശേഷം നിരവധി പേർ അവരെക്കുറിച്ച് അന്വേഷിച്ചറിയുന്നു, സർവകലാശാലകളിലും സ്ത്രീസംഘടനാ ഫോറങ്ങളിലും മറ്റ് അക്കാദമിക വേദികളിലും പ്രബന്ധങ്ങൾ ഉൾപ്പെടെ തയാറാക്കപ്പെടുന്നു. പൊതുവായനക്ക് ആവശ്യമായ നിരവധി ലേഖനങ്ങളും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രത്യക്ഷപ്പെട്ട് വന്നിട്ടുണ്ട്. 2019ൽ ‘കേരള പത്രപ്രവർത്തന രംഗത്തെ അറിയപ്പെടാത്ത നായികമാർ’ എന്ന പേരിൽ കേരള സാഹിത്യ അക്കാദമി ഹലീമാ ബീവിയുടെ ജന്മശതാബ്ദി ആഘോഷിക്കുകയുണ്ടായി. അന്തർ ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ചാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.100
തിരുവനന്തപുരം സർക്കാർ വിമൻസ് കോളജിനു മുന്നിലുള്ള നടപ്പാതയിൽ സ്ഥാപിച്ച പ്രമുഖരായ വനിതകളുടെ ചിത്രങ്ങളിൽ ഒരാളായി ഹലീമാ ബീവിയും കയറിക്കൂടിയിരുന്നു. കൊച്ചി മെട്രോ കടവന്ത്ര സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്ന പ്രദർശന ബോർഡിൽ മലയാള പത്രപ്രവർത്തന രംഗത്തെ കുലപതിമാർക്കൊപ്പം അവർ ഉൾപ്പെട്ടിട്ടുണ്ട്. പല സ്ത്രീ സംഘടനകളും അവരെ ഓർക്കാനായി സമ്മേളന നഗരിക്ക് പേര് നൽകുന്നതായും കണ്ടു. ഉദാഹരണത്തിന്, ‘ഫോറം ഫോർ മുസ്ലിം വിമൻസ് ജൻഡർ ജസ്റ്റിസ്’ തങ്ങളുടെ സമ്മേളന നഗരിക്ക് ‘ഹലീമ ബീവി നഗർ’ എന്ന പേര് നൽകി.101
കേരള സർക്കാറിന്റെ പൊതുസമ്പർക്ക വിഭാഗമായ ഐ & പി.ആർ.ഡി, 2025ൽ പുറത്തിറക്കിയ ഹലീമാ ബീവിയുടെ ഹ്രസ്വചിത്രം പലരെയും ആകർഷിച്ചു. ‘വാഷിങ്ടൺ പോസ്റ്റ്’ എന്ന പ്രസിദ്ധ പത്രത്തിൽ പ്രവർത്തിച്ചുവരുന്ന റാണാ അയ്യൂബിനെപ്പോലും അത്ഭുതപ്പെടുത്തിയ വ്യക്തിത്വമായി ഹലീമാ ബീവി മാറുന്നുവെന്ന സമകാലിക സാഹചര്യമാണുള്ളത്.
കേരള മുസ്ലിം വനിതകൾ പൊതുമണ്ഡലത്തിലെ അത്രയൊന്നും എത്തിപ്പെടാതിരിക്കുകയും ഭൗതിക വിദ്യാഭ്യാസത്തിന് താൽപര്യം കാണിക്കാതിരിക്കുകയും പൗരോഹിത്യത്തിന്റെയും പുരുഷാധിപത്യത്തിന്റെയും കാട്ടുനീതിയിൽ തളച്ചിടപ്പെടുകയും ചെയ്തിരുന്ന കാലത്ത് ഒരു മുസ്ലിം വനിത പത്രപ്രവർത്തന രംഗത്ത് നിലയുറപ്പിച്ചുകൊണ്ട് സാമൂഹിക പരിഷ്കരണപ്രവർത്തനങ്ങൾ നടത്തിയിരുവെന്ന് പറഞ്ഞാൽ ആധുനിക സമൂഹം അതിശയത്തോടുകൂടി, അതിലേറെ കൗതുകത്തോടെ കൂടി അവിശ്വാസം രേഖപ്പെടുകതന്നെയുണ്ടാകും. ഡോ. എസ്. ജദീദയുടെ അഭിപ്രായത്തിൽ, “ദശകങ്ങൾക്ക് മുമ്പ് ഒരു മുസ്ലിം വനിത പത്രപ്രവർത്തനത്തിൽ ഭാഗഭാക്കായി സ്ത്രീകളുടെ ഉന്നമനം കാംക്ഷിച്ചു നിലനിന്നുവെന്നതിനാൽ ഹലീമാ ബീവി എന്ന അനശ്വരനാമം ചരിത്രത്താളുകളിൽ തങ്കലിപികളിൽ രേഖപ്പെടുത്തുകതന്നെ ചെയ്യും.”102
(അവസാനിച്ചു)
കുറിപ്പ്
97 നൂറ & നൂര്ജഹാൻ, എം ഹലീമാ ബീവിയുടെ ജീവിതം പ- പത്രാധിപ, പു. 70
98 നൂറ & നൂര്ജഹാൻ, എം. ഹലീമാ ബീവിയുടെ ജീവിതം -പത്രാധിപ, പു. 18-19
99 പി.എ. സെയ്ദ് മുഹമ്മദ് (എഡി.), കേരള മുസ്ലിം ഡയറക്ടറി, എറണാകുളം, 1960, പു.
100 https://www.thehindu.com/news/national/kerala/she-chose-the-less-travelled-path/article26155791.ece
101 AURA Monthly Emagzine, 2024. https://auramag.in/haleema-beevi-the-quest-to-regain-remembrance/
102 Dr S Jaseem, Educational Empowerment of Muslim Women in Kerala: A Historical Perspective, HRPT, Nagercoil, 2013, p. 151.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.