കേരളത്തിന്റെ നവോത്ഥാന-സ്ത്രീ മുന്നേറ്റ ചരിത്രത്തിൽ സവിശേഷ സ്ഥാനമാണ് ഹലീമാ ബീവിക്കുള്ളത്. പത്രാധിപ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തക എന്നീനിലയിൽ നിരവധി മാറ്റങ്ങൾക്ക് അവർ ചുക്കാൻപിടിച്ചു. ഹലീമാ ബീവിയുടെ അറിയപ്പെടാത്ത ചരിത്രം രേഖകളുടെ പിൻബലത്തിൽ തേടുകയാണ് ചരിത്രകാരനും അധ്യാപകനുമായ ലേഖകൻ. ആ ചരിത്രാന്വേഷണത്തിന്റെ ആദ്യ ഭാഗമാണിത്.
അധ്യായം -ഒന്ന്
ഒരു പത്രാധിപ പിറക്കുന്നു
‘‘എം. ഹലീമാ ബീവി,
ചതുരവിളയിൽ വീട്,
കണ്ണങ്കോട്,
അടൂർ,
കൊല്ലം ഡിവിഷൻ’’
വർഷം 1937-38, തിരുവിതാംകൂറിലെ രജിസ്ട്രേഷൻ വകുപ്പിൽ അച്ചുകൂടവും പത്രികയും തുടങ്ങാനായി ലഭിച്ച ഒരു അപേക്ഷയിലെ വിലാസമാണിത്. അപേക്ഷ നൽകിയിരിക്കുന്നത് 20 വയസ്സു തികയാത്ത ഒരു മുസ്‍ലിം യുവതി. തിരുവിതാംകൂറിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരം പ്രത്യേകതയുള്ള ഒരു അപേക്ഷ അവർക്ക് ലഭിക്കുന്നത്. അപേക്ഷക തന്റെ അച്ചുകൂടത്തിൽനിന്ന് പുറത്തുവരാൻ ആഗ്രഹിക്കുന്ന മാസികയുടെ പേരും ചേർത്തിട്ടുണ്ട്: ‘മുസ്‍ലിം വനിത’.
വനിതകൾക്കു വേണ്ടി ആദ്യമായി ഒരു മുസ്‍ലിം സ്ത്രീ ആരംഭിക്കുന്ന പത്രികക്ക് ഇടാൻ പറ്റുന്ന പേര് തന്നെ. സ്ത്രീകളുടെ വിദ്യാഭ്യാസപരവും മതപരവുമായ കാര്യങ്ങളാണ് തന്റെ മാസികയിൽ ഉൾക്കൊള്ളിക്കുകയെന്നും കുറഞ്ഞത് 1500 പ്രതികളെങ്കിലും അച്ചടിച്ച് വിതരണത്തിന് എത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ചു രൂപ ലൈസൻസ് ഫീസും മജിസ്ട്രേറ്റിൽനിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റും തിരുവിതാംകൂറിലെ പുതുക്കിയ പത്ര റെഗുലേഷനിൽ പറയുന്ന മറ്റ് എല്ലാ ഏരുശീരു കടലാസുകളും ഒപ്പം ചേർത്തിട്ടുണ്ട്. പരിശോധനയിൽ സർക്കാറിന് മുന്നിൽ ലൈസൻസ് നൽകുന്നതിന് മറ്റു തടസ്സങ്ങൾ ഒന്നുമില്ല.
അങ്ങനെ, കൊല്ലവർഷം 1113ൽ (1937-38 CE) പുറത്തുവന്ന തിരുവിതാംകൂർ സ്ഥിതിവിവര കണക്കിന്റെ 19ാം പതിപ്പ് 708ാം പേജിൽ കൊല്ലം ഡിവിഷനിൽനിന്നും പുറത്തിറങ്ങുന്ന സർക്കാർ അംഗീകൃത മാസികകളുടെ കൂട്ടത്തിൽ ക്രമനമ്പർ 22 ആയി ‘മുസ്‍ലിം വനിത’ മാസിക കൂട്ടിച്ചേർക്കപ്പെട്ടു. അക്കാലത്ത് പുരുഷകേസരികൾ വിരാജിച്ചിരുന്ന മലയാള പത്രലോകത്തേക്കൊരു വനിത കടന്നുവരുന്നു. അതും സ്കൂൾ വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള ഒരു മുസ്‍ലിം യുവതി. മലയാള പത്രപ്രവർത്തന ചരിത്രം പരിശോധിച്ചാൽ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്ന്. വനിതകളായ പത്രാധിപരെ കാണാൻ കഴിയുക വളരെ അപൂർവം; അതിൽതന്നെ പേരെടുത്ത് പറയാൻ കഴിയുന്നവർ വിരളവും. അവിടേക്കാണ് ഹലീമാ ബീവി എന്ന യുവതി പത്രാധിപർ കസേര വലിച്ചിട്ട് കടന്നിരുന്നത്.
സ്വദേശമായ അടൂരിലായിരുന്നു അവർ തങ്ങളുടെ അച്ചുകൂടവും ഓഫിസും സ്ഥാപിക്കാൻ താൽപര്യം കാണിച്ചുകൊണ്ട് ലൈസൻസിനായി അപേക്ഷ നൽകിയത്. എന്നാൽ, തന്റെ ഭർത്താവിന് തിരുവല്ലയിലേക്ക് ജോലി സംബന്ധമായി മാറ്റം കിട്ടിയതിനാൽ അങ്ങോട്ടേക്ക് താമസവും മാറേണ്ടിവന്നു. പത്രിക തുടങ്ങാനുള്ള അനുമതി ലഭിച്ചപ്പോൾ നാട്ടിൽ സ്വന്തം നിലക്ക് പ്രസ് സ്ഥാപിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ആയതിനാൽ മാസിക തുടങ്ങുക എന്നതാണ് പ്രഥമദൗത്യമായി അവർ കണ്ടത്. താൽക്കാലികമായ അച്ചടിക്ക് കണ്ടെത്തിയത് തിരുവല്ലയിലെ എൻ.എസ്.എസ് അച്ചുകൂടമായിരുന്നു.
തുടർന്ന്, 1938 ഏപ്രിൽ മാസത്തിൽ മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ മംഗളശ്ലോകത്തോടു കൂടി ‘മുസ്‍ലിം വനിത’ ഒന്നാം പുസ്തകം, ഒന്നാം ലക്കം പുറത്തുവന്നു. അക്കാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന സാധാരണ കഥാമാസിക പോലെയൊന്ന്. അതിന്റെ മാനേജിങ് എഡിറ്ററായി തീർന്നു ഹലീമാ ബീവി. തിരുവല്ലയിൽനിന്ന് അച്ചടിച്ച ആദ്യ ലക്കങ്ങളുടെ കോപ്പികളൊന്നും തന്നെ പൊതുമണ്ഡലത്തിൽ അവശേഷിച്ചു കാണുന്നില്ല. എന്നിരുന്നാലും അവയിലെ പ്രതിപാദ്യങ്ങൾ–ലേഖനങ്ങൾ, കുറിപ്പുകൾ എന്നിവ –അവിടിവിടങ്ങളിലായി പരാമർശിതമാണ്.
ഹലീമാ ബീവിയുടെ നേതൃത്വത്തിൽ നടന്ന വനിത സമ്മേളന ത്തിൽ (1938) പങ്കെടുത്തവരുടെ പ്രസംഗങ്ങൾ ഇത്തരത്തിൽ പല ലക്കങ്ങളിലും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. വായ്പ്രക്കുന്നത്ത് ആയിഷ മായാൻ തയാറാക്കിയ ‘നമ്മുടെ കർത്തവ്യം’ എന്ന ലേഖനം അവയിലൊന്നാണ്. 1113 കർക്കടകത്തിൽ പുറത്തുവന്ന ‘മുസ്‍ലിം വനിത’യുടെ അഞ്ചാം ലക്കത്തിൽ ആ ലേഖനം പ്രസിദ്ധീകരിച്ചു. അതിൽ പുരുഷന്മാരോടൊപ്പം തന്നെ സ്ത്രീകളും വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നുണ്ട്.
ആയിഷ മായാൻ എഴുതി: ‘‘സ്ത്രീകൾ വിപുലമായ രീതിയിൽ അറിവ് നേടേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നമ്മുടെ കടമ സമൂഹപുരോഗതിക്കായി, പെൺകുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിലേക്ക് എത്തിക്കുന്നതിൽ മാത്രം അവസാനിക്കുന്നില്ല. രാജ്യത്തിന്റെ ക്ഷേമം ആഗ്രഹിക്കുന്ന, സേവിക്കാൻ ആഗ്രഹിക്കുന്ന, സഹോദരിമാർ പ്രായമായ സ്ത്രീകളെ പഠിപ്പിക്കാൻ തയാറാകണം. ഭാവിയിലെ പൗരന്മാരെ പ്രസവിക്കുന്ന അമ്മമാർ അജ്ഞതയിലും അന്ധവിശ്വാസത്തിലും മുങ്ങിക്കിടക്കുന്നിടത്തോളം, മറ്റ് പരിഷ്കരണ ശ്രമങ്ങൾ ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെടും. തെളിഞ്ഞ ബുദ്ധിയും വിദ്യാഭ്യാസവും ഇല്ലാത്ത ഒരു സ്ത്രീക്ക് പുരുഷൻ ഒരു സഹായവും ചെയ്യില്ല; അവൾ ഒരു ഭാരമായി മാറും.’’1
ഇത്തരത്തിൽ ചിന്തോദ്ദീപകങ്ങളായ കുറിപ്പുകൾ നൽകാൻ പ്രാപ്തിയുള്ള കരങ്ങളെ തേടിപ്പിടിച്ച് തന്റെ മാസികയുടെ വിഭവങ്ങളാക്കാൻ അവർ ആദ്യം മുതൽ പരിശ്രമിച്ചു. അതോടൊപ്പം, വായനസുഖം നൽകുന്ന കഥകളും കവിതകളും ലേഖനങ്ങളും അതിൽ ഉൾക്കൊണ്ടുവന്നു.
‘മുസ്‍ലിം വനിത’ മാസികക്ക് സർക്കാർ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി നൽകുന്നതിനും വിശേഷാൽ പതിപ്പുകൾ പുറത്തിറക്കുന്നതിന് സൗജന്യമായി കടലാസ് നൽകുന്നതിനും മാനേജിങ് എഡിറ്റർ ഹലീമാ ബീവി സർക്കാറിനെ സമീപിക്കുകയുണ്ടായി. അതിൻപ്രകാരം സർക്കാറിൽനിന്ന് അനുകൂല മറുപടി ലഭിക്കുകയും പ്രത്യേക ഇളവോടുകൂടി ചില പ്രസിദ്ധീകരണങ്ങൾ, പ്രത്യേകിച്ചും ഭരണ റിപ്പോർട്ടുകൾ, വകുപ്പുതല റിപ്പോർട്ടുകൾ, ബജറ്റ് രേഖകൾ, സ്ഥിതിവിവര കണക്കുകൾ എന്നിവ സർക്കാർ എത്തിച്ചുനൽകുന്നുണ്ട്. അതിനായി ഒരു മാസിക അല്ലെങ്കിൽ ആഴ്ചപ്പതിപ്പ് തുടർച്ചയായി മൂന്ന് വർഷക്കാലം പ്രസിദ്ധീകരിക്കണമെന്നുള്ള നിയമത്തിൽ ഇളവ് വരുത്തി, തുടക്കക്കാരായ മുസ്‍ലിം വനിത മാസികയുടെ പത്രാധിപക്ക് അവ എത്തിച്ചുനൽകിയതെന്ന് ഗവൺമെന്റിന്റെ ഉത്തരവുകളിൽനിന്നും മനസ്സിലാക്കാം.2
‘മുസ്‍ലിം വനിത’ക്ക് നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തി സർക്കാർ പ്രസിദ്ധീകരണങ്ങൾ അയച്ചുനൽകുന്നതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ ഡ്രാഫ്റ്റ്, 1938 CE. Source: കേരള പുരാരേഖാ വകുപ്പ്, തിരുവനന്തപുരം
മാതൃകയായി സയ്യിദ മുഹമ്മദി ബീഗം
കേരളത്തിലെന്നല്ല, തെക്കേയിന്ത്യയിലെ തന്നെ ആദ്യത്തെ മുസ്‍ലിം വനിത പത്രാധിപയായിരുന്നു ഹലീമാ ബീവി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രണ്ടാമത്തെ മുസ്‍ലിം വനിത എഡിറ്റർ. ഇന്ത്യയിലെ ഒന്നാമത്തെ മുസ്‍ലിം വനിത പത്രാധിപയെ തേടിപ്പോയാൽ മുഹമ്മദി ബീഗത്തിൽ ആണ് (1877-1908) എത്തിച്ചേരുക. 1898 ജൂലൈയിൽ ലാഹോറിൽനിന്ന് പ്രസിദ്ധീകരിച്ച ഉർദു മാസികയായ ‘തഹ്സീബെ നിസ്വാൻ’ (സ്ത്രീകളുടെ സംസ്കാരം) ആയിരുന്നു അവർ എഡിറ്റ് ചെയ്ത പത്രിക. മുസ്‍ലിം സ്ത്രീകളുടെ വിദ്യാഭ്യാസവും സാമൂഹിക പരിഷ്കരണവും അവകാശബോധവും പ്രോത്സാഹിപ്പിക്കുക; സ്ത്രീധനം, അന്ധവിശ്വാസങ്ങൾ, അമിതവ്യയം തുടങ്ങിയ കാര്യങ്ങൾക്കെതിരെ പോരാടുക; സ്ത്രീകളുടെ നിയമപരമായ അവകാശങ്ങൾ, കുടുംബാസൂത്രണം, സ്ത്രീകളുടെ സാഹിത്യരംഗത്തെ ഇടപെടൽ എന്നിവയിൽ ഊന്നിയുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുക എന്നിവ ഈ മാസികയുടെ ലക്ഷ്യമായിരുന്നു.
ഇന്ത്യയിലെ മുസ്‍ലിം സ്ത്രീകളുടെ മുന്നേറ്റ ചരിത്രത്തിൽ പുതു അധ്യായം കുറിച്ച മുഹമ്മദി ബീഗം അലീഗഢ് പ്രസ്ഥാനത്തിന്റെ പ്രവർത്തകയും സർ സയ്യിദ് അഹ്മദ് ഖാന്റെ ശിഷ്യയുമായിരുന്നു. മുസ്‍ലിം സമുദായ പരിഷ്കരണത്തിന് പരിശ്രമിച്ചിരുന്ന ഭർത്താവായ മുംതാസ് അലി, പത്രപ്രവർത്തന രംഗത്ത് അവരുടെ മാർഗദർശിയായി നിലനിന്നു. വളരെ ചെറുപ്പത്തിൽതന്നെ മുഹമ്മദി ബീഗം ഈ ലോകത്തോട് വിടപറഞ്ഞു. എന്നിരുന്നാലും അവരുടെ ഖ്യാതി ഇന്ത്യയൊട്ടുക്ക് പരന്നിരുന്നു. മലയാളനാട്ടിലും അവർ സുപരിചിതയായി മാറിയിരുന്നു.
മുഹമ്മദി ബീഗത്തിന്റെ മരണത്തെ തുടർന്ന്, തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന സ്ത്രീമാസികയായ ‘ശാരദ’യുടെ 1909 ജനുവരി ലക്കത്തിൽ, ‘ഒരു മുസ്‍ലിം വിദൂഷി’ എന്ന തലവാചകത്തോടുകൂടിയ ഒരു അനുസ്മരണക്കുറിപ്പ് ഉൾപ്പെട്ടുവന്നിരുന്നു. ആ കുറിപ്പ് ഇങ്ങനെ വായിക്കാവുന്നതാണ്: ‘‘ലാഹൂരിലെ മുസ്‍ലിം സ്ത്രീകളിൽ ഏറ്റവും പ്രഖ്യാതയായിരുന്ന മിസിസ് മുമ്‌തസ് ആലി എന്ന വിദുഷി, ഈ നവംബർ രണ്ടിന് സിമ്ലാവിലെ റിപ്പൺ ആശുപത്രിയിൽ കിടന്നു മരിച്ചുപോയിരിക്കുന്നു. ഈ വിദുഷി മുസ്‍ലിം സ്ത്രീജനങ്ങളുടെ അഭ്യുദയത്തെ ഉദ്ദേശിച്ച് നിരന്തരം ഉത്സാഹിച്ചിരുന്നു.
ഷാപൂർ എന്ന ദിക്കിൽ കുറെക്കാലം സബ് ജഡ്ജിയായിരുന്ന മൗലാന അഹമ്മദ് ഷാഫിയുടെ പുത്രിമാരിൽ തീരെ ഇളയവൾ ഈ വിദൂഷിയായിരുന്നു. ഈ സ്ത്രീരത്നത്തെ 1894 -ാമാണ്ട്, ലാഹൂരിലെ ‘റിഫാഹിയാം’ അച്ചുകൂടത്തിന്റെ ഉടമസ്ഥരായ മിസ്റ്റർ മുമ്‌തസ് ആലി കല്യാണം കഴിച്ചു, പിതാവിന്റെ അധീനതയിൽ സമ്പാദിച്ച വിദ്യാഭ്യാസംകൊണ്ട് മതിയാക്കാതെ, ഈ ശ്രീമതി, പേർഷ്യൻ, ഇംഗ്ലീഷ് എന്നി ഭാഷകളെ പരിചയിച്ചു, ഏറെക്കുറെ വൈദുഷ്യം നേടി. 1898-ാമാണ്ട്, ഇവർ, ഭർത്താവിൻ സഹായത്തൊടുകൂടി, സ്ത്രീജനങ്ങൾക്കു ഉപയോഗപ്പെടുവാൻ തക്ക കാര്യങ്ങളടങ്ങിയ ‘തോസിബ -ഇ നിസ്വാൻ’ എന്ന ഒരു പ്രതിവാര പത്രിക പുറപ്പെടുവിച്ചു.
ഏതാനും കൊല്ലം കഴിഞ്ഞശേഷം, മാതാക്കന്മാരുടെ ഉപയോഗത്തിനായി ‘മുഷിയ -ഇ-മാതർ’ എന്ന ഒരു പത്രികയും നടത്തിത്തുടങ്ങി. ദമ്പതിമാർ മുഹമ്മദീയ മതത്തിൽ വളരെ താൽപര്യം ഉള്ളവരായി പ്രവർത്തിച്ചിരുന്നു എങ്കിലും ഹിന്തുക്കളുടെയും ക്രിസ്ത്യാനികളുടെയും സാമുദായികമായും മതസംബന്ധമായുമുള്ള കാര്യങ്ങളിൽ കൂടെ പ്രതിപത്തിയുള്ളവരായിരുന്നു. ‘ഇൻഡ്യൻ ലേഡീസ് ലീഗ് ആഫ് ഹെൽപ്’ എന്ന ഇന്ത്യൻ സ്ത്രീജനസഹായ സംഘത്തിന്റെ കാര്യദർശിനി സ്ഥാനം ഏറ്റിരുന്നതു കൂടാതെ, മിസിസ് മുമ്‌തസ് ആലി, ലാഹൂരിലെ അനാഥസ്ത്രീജനാശ്രമം സ്ഥാപിച്ച ആളുമായിരുന്നു. ഈ സ്ത്രീരത്നത്തിൽ വിയോഗം ലാഹൂരിലെ മാത്രമല്ല, ഇന്ത്യയിലെയും സ്ത്രീജനസമൂഹത്തിനു ഒരു നഷ്ടം തന്നെയാകുന്നു.”3 മുഗൾ കാലഘട്ടത്തെ വർണിക്കുന്ന ‘അനാർക്കലി’ മുതലായ ഉറുദു നാടകങ്ങൾ രചിച്ച ഇംതിയാസ് അലി താജ് ഇവരുടെ മകനാണ്.
മറ്റൊരുതരത്തിൽ നോക്കിയാൽ മുഹമ്മദി ബീഗത്തിന്റെ ലക്ഷ്യങ്ങൾതന്നെയായിരുന്നു ഹലീമാ ബീവിക്കുമുണ്ടായിരുന്നത്. അവരെ രണ്ടു പേരെയും പരസ്പരം ബന്ധപ്പെടുത്താൻ പറ്റുന്ന വസ്തുതകൾ ഇവയൊക്കെയാണ്: രണ്ടു പേരെയും പ്രോത്സാഹിപ്പിച്ച് പത്രപ്രവർത്തന മേഖലയിലേക്ക് എത്തിച്ചത് സ്വഭർത്താക്കന്മാരായിരുന്നു. മുഹമ്മദി ബീഗത്തിന്റെ ഭർത്താവ് മുംതാസ് അലി പുരോഗമനവാദിയും ‘ഇന്ത്യയിലെ മുസ്‍ലിം നവോത്ഥാനത്തിന്റെ പിതാവ്’ എന്ന ഖ്യാതികൊണ്ട സയ്യിദ് അഹമ്മദ് ഖാന്റെ സഹപ്രവർത്തകനുമായിരുന്നു. ഇവിടെയാകട്ടെ, ഹലീമാ ബീവിയെ പത്രപ്രവർത്തനത്തിലേക്ക് നയിച്ച ഭർത്താവ് കെ.എം. മുഹമ്മദ് പിള്ള (മുഹമ്മദ് മൗലവി) ‘കേരള മുസ്‍ലിം നവോത്ഥാനത്തിന്റെ പിതാവ്’ എന്നറിയപ്പെട്ട വക്കം അബ്ദുൽ ഖാദർ മൗലവിയുടെ അനുയായിയും ആയിരുന്നു.
അധ്യായം -രണ്ട്
മലയാള പത്രലോകത്തെ വനിതകൾ
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കേരളീയ പരിസരങ്ങളിൽ വന്ന മാറ്റങ്ങൾ സ്ത്രീകളുടെ അവസ്ഥകൾക്ക് മെച്ചപ്പെടുത്താൻ സഹായകമായി. സഞ്ചാര സ്വാതന്ത്ര്യത്തിൽ വന്ന മാറ്റങ്ങൾ സ്ത്രീകളുടെ ഇടപെടൽ മേഖലയെ വിപുലീകരിച്ചു. ആന്തരിക-ബാഹ്യ പൊതുബന്ധങ്ങളെയും ഗാർഹിക ജീവിതത്തെയും സ്പർശിക്കുന്ന തലത്തിലേക്ക് ഇക്കാലത്ത് സാമൂഹിക മതപരിഷ്കരണ ശ്രമങ്ങൾ നടന്നു. അങ്ങനെ വിവിധ മേഖലയിലുണ്ടായ മാറ്റങ്ങൾ സ്ത്രീജീവിതത്തിലും പ്രതിഫലിച്ചു.
സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ചും അവകാശങ്ങളെ കുറിച്ചും ഇത്തരം ഇടങ്ങളിൽ ചർച്ച നടന്നു. വിവിധ സമുദായങ്ങളുടെ ഇടയിൽ ഉയർന്ന ചിന്തകൾ വെച്ചുപുലർത്തിയിരുന്ന നിരവധി സ്ത്രീകൾ ഇത്തരം കാര്യങ്ങളിൽ ചോദ്യങ്ങൾ ഉയർത്തി രംഗത്തുവന്നു. തങ്ങളുടെ ആശയങ്ങൾ പങ്കുവെക്കുന്നതിനായി പുതിയ മാധ്യമങ്ങൾ അവർ തേടി. അച്ചടിരംഗം തങ്ങൾക്ക് കൂടിയുള്ളതാണെന്നവർ മനസ്സിലാക്കി. ഇത് സ്ത്രീപക്ഷ മാസികകളുടെ തുടക്കത്തിന് കാരണമായി. സ്ത്രീധർമത്തെക്കുറിച്ചും കർമത്തെക്കുറിച്ചും അവർ ഉയർത്തിയ ആശയങ്ങൾ വനിത മാസികകളുടെ ഉള്ളടക്കങ്ങളായി പുറത്തുവന്നു.4
നവോത്ഥാന കേരളത്തിൽ ആശയപ്രചാരണത്തിനുള്ള ഉപാധിയായി വർത്തിച്ചിരുന്നത് പ്രഭാഷണങ്ങളും അച്ചടി പ്രസാധനങ്ങളും മാത്രമായിരുന്നു. അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുന്നവ വായിക്കപ്പെടും എന്ന ചിന്ത അക്കാലത്തെ പ്രമുഖരായ എല്ലാ പരിഷ്കർത്താക്കളും വെച്ചുപുലർത്തിയിരുന്നു. തലശ്ശേരിയിൽനിന്നാരംഭിച്ച ആദ്യ മലയാള പത്രികയായ ‘രാജ്യസമാചാരം’ (1848) മുതൽ ഇങ്ങോട്ടുള്ള പത്രികകളുടെ കണക്കെടുത്താൽ ഓരോരുത്തർക്കും അറിവും ബോധവും പകർന്നുനൽകുന്നുവെന്ന നിലയിൽ, അക്ഷരാഭ്യാസമുള്ള വലിയൊരു വിഭാഗം അവയുടെ വായനക്കാരായി മാറി. കേരളമിത്രം, നസ്രാണി ദീപിക, മലയാള മനോരമ, കേരള സഞ്ചാരി, മലയാളി, വിവേകോദയം, ശാരദ, മുസ്‍ലിം, സ്വദേശാഭിമാനി, മിതവാദി, സാധുജന പരിപാലിനി, കേരള കൗമുദി തുടങ്ങി നിരവധി പത്രികകൾ സാമൂഹിക മതപരിഷ്കരണ ദൗത്യങ്ങളിൽ ഊന്നിയുള്ളവയായിരുന്നു. ഇതിൽ പലതിലും സ്ത്രീ വിദ്യാഭ്യാസം, സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ നിരവധി പംക്തികളും ഉൾക്കൊണ്ടിരുന്നു.
എന്നിരുന്നാലും സ്ത്രീകൾക്കുവേണ്ടി സംസാരിച്ച ആദ്യ മലയാള പത്രിക ‘കേരളീയ സുഗുണ ബോധിനി’ (തിരുവനന്തപുരം,1885 CE / കൊ.വ. 1062) ആണ്. എന്നാൽ, ആറുമാസത്തെ ആയുസ്സ് മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. തുടർന്ന്, 1892 (ജൂലൈ കൊ.വ. 1069) കർക്കടകത്തിൽ പത്രിക പുനരാരംഭിച്ചു. രണ്ടാംഘട്ടത്തിന്റെ ഒന്നാം ലക്കത്തിൽ വന്ന പ്രസ്താവന ‘സുഗുണബോധിനി’യുടെ സ്വഭാവം എന്തായിരുന്നുവെന്ന് പറയുന്നുണ്ട്: ‘‘സ്ത്രീ ജനങ്ങളുടെ ജ്ഞാനവർധനവിനും വിനോദത്തിനുമായി പ്രത്യേകിച്ചൊരു പത്രമാകട്ടെ, മാസിക പുസ്തകമാകട്ടെ, കേരളത്തിലില്ല.
1062ാമാണ്ടു മിഥുന മാസം മുതൽ കേരളീയ ‘സുഗുണബോധിനി’ എന്ന പേരോടുകൂടി ഒരു മാസിക പുസ്തകം അന്വർഥമായി കേരളീയ സ്ത്രീജനങ്ങളെ ഉദ്ദേശിച്ച് ഈ നഗരത്തിൽ പ്രസിദ്ധപ്പെടുത്തിവന്നിരുന്നു... ഇതിൽ രാഷ്ട്രീയമോ, മതകാര്യസംബന്ധമോ, രാജ്യകാര്യ സംബന്ധമായതോ വാർത്തകൾ ഇടംപിടിച്ചിരുന്നില്ല. തത്ത്വശാസ്ത്രം, ശരീരശാസ്ത്രം, സ്ത്രീധർമം, സന്മാർഗ ബോധകങ്ങൾ, പാചകശാസ്ത്രം, സംഗീതം, ഉത്തമ സ്ത്രീചരിത്രം, ദേശചരിത്രം, വിനോദകഥകൾ, ഗ്രന്ഥനിരൂപണം തുടങ്ങിയവ ഉൾക്കൊണ്ടിരുന്നു.’’5 എന്നാൽ, സ്ത്രീകൾക്കുവേണ്ടി പുരുഷന്മാരാണ് ഇതിലെ ലേഖനങ്ങളും കുറിപ്പുകളും തയാറാക്കിയിരുന്നത്.
ഇതേ കാലത്തുതന്നെ മദ്രാസിൽനിന്നും കൃഷ്ണമാചാരിയുടെ ഉടമസ്ഥതയിൽ ‘മഹാറാണി’ എന്ന സ്ത്രീപക്ഷ മലയാള ദ്വൈമാസിക പ്രസിദ്ധീകരിച്ചിരുന്നു. കൊച്ചി രാജ്യത്തുനിന്നും കെ. നാരായണ മേനോന്റെ ഉടമസ്ഥതയിൽ പുറത്തുവന്ന ‘ശാരദ’ (തൃപ്പൂണിത്തുറ, 1904 നവംബർ) എന്ന മാസികയുടെ നടത്തിപ്പിലാണ് ആദ്യമായി സ്ത്രീ പങ്കാളിത്തം ഉണ്ടായത്. ടി.സി. കല്യാണിയമ്മ, ടി. അമ്മുക്കുട്ടിയമ്മ (ഇരുവരും എറണാകുളം), ബി. കല്യാണിയമ്മ (തിരുവനന്തപുരം) എന്നിവരാണ് ഇതിലെ പ്രസാധികമാരായി ഉൾക്കൊണ്ടിരുന്നത്. ഇവരുടെ പരിശ്രമത്തെ കുറിച്ച് ആദ്യ പ്രസ്താവനയിൽനിന്ന് വായിച്ചെടുക്കാവുന്നതാണ്: ‘‘ശാരദ പ്രത്യേകം സ്ത്രീകളുടെ ഉപയോഗത്തിനായി തുടങ്ങുന്നതാകുന്നു. മലയാള ഭാഷയിൽ പരിചയമുള്ള സകല സ്ത്രീജനങ്ങളും അഭ്യുദയത്തിനായി ആവശ്യം വേണ്ടുന്ന സംഗതികളെപ്പറ്റി ലളിതവും സുഗമവുമായ ഭാഷയിൽ പ്രതിപാദിക്കാനും ഈ മാസികമൂലമായി അവർക്കു നിത്യമായ ഗുണങ്ങളെ ഉണ്ടാക്കുവാനുമാണ് ഞങ്ങളുടെ ശ്രമം.’’6
ആദ്യകാല പ്രസിദ്ധീകരണങ്ങളിൽ സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ എഴുതാൻ തുടങ്ങിയത് ‘ശാരദ’യിൽ കൂടിയായിരുന്നുവെന്ന് കാണാൻ കഴിയും. സ്ത്രീധർമം, ഭർതൃ ശുശ്രൂഷ, സ്ത്രീ വിദ്യാഭ്യാസം, ചാരിത്ര്യം, മാതൃസ്നേഹം, ആഭരണ ഭ്രമം തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയുള്ള മുഖക്കുറിപ്പുകൾ ‘ശാരദ’യിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രസാധികമാരായിരുന്നു അവയിൽ ഏറെയും എഴുതിയത്.
ഉയർന്ന കുടുംബങ്ങളിൽനിന്നുള്ള വായനക്കാരെ മനസ്സിൽ കണ്ടുകൊണ്ട് എഴുതിവന്നവയായിരുന്നു ഇത്തരം ലേഖനങ്ങൾ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മാത്രമല്ല, ഏഷ്യ, യൂറോപ്, അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലെ സ്ത്രീകളുടെ പരിഷ്കൃതാവസ്ഥ വിവരിക്കുന്ന നിരവധി ലേഖനങ്ങൾ ‘ശാരദ’യിൽ തുടർച്ചയായി പ്രത്യക്ഷപ്പെടുന്നു. അമേരിക്കയിലെ സ്ത്രീകൾ, തുർക്കിയിലെ മുഹമ്മദിയ സ്ത്രീകൾ, ജപ്പാനിലെ സ്ത്രീവിദ്യാഭ്യാസം എന്നിങ്ങനെ പോകുന്നു അവ. അതോടൊപ്പം തന്നെ പ്രമുഖരായ സ്ത്രീകളെ കുറിക്കുന്ന ‘മഹതികൾ’ എന്ന പംക്തി ടി.ബി. കല്യാണിയമ്മയുടേതായി നൽകിവന്നിരുന്നു. ആനന്ദ ഭായി ജോഷി, ഫ്ലോറൻസ് നൈറ്റിംഗേൽ, അഗസ്റ്റാ എൻ ബ്ലാൻഫഡ്, എലിസബത്ത് ഫ്രേ തുടങ്ങിയ നിരവധി മഹതികളെ അവർ ഈ പംക്തിയിലൂടെ പരിചയപ്പെടുത്തുകയുണ്ടായി.
തുടർന്ന് തന്റെ സഹധർമിണി കൂടി ഉൾപ്പെട്ടിരുന്ന ‘ശാരദ’യുടെ അവകാശം സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഏറ്റെടുക്കുകയും തിരുവനന്തപുരത്ത് സ്വദേശാഭിമാനി പ്രസിൽനിന്നും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇടക്കിടക്ക് മുടങ്ങിയിരുന്നെങ്കിലും സ്വദേശാഭിമാനി പ്രസും പത്രവും കണ്ടുകെട്ടി രാമകൃഷ്ണപിള്ളയെ നാടുകടത്തുന്നതുവരെ (1910 സെപ്റ്റംബർ 26) ‘ശാരദ’ പുറത്തുവന്നു. പിന്നീട്, ‘ശാരദ’ (തെക്കേ കുന്നത്ത് കല്യാണിക്കുട്ടിയമ്മ, 1913, പുനലൂർ), ‘ഭാഷാശാരദ’ (അഞ്ചൽ ആർ. വേലുപ്പിള്ള,1915) എന്നീ പേരുകളിൽ വനിത സംബന്ധമായ മാസികകൾ പുറത്തിറങ്ങിയെങ്കിലും അൽപകാലം മാത്രമേ നിലനിന്നിരുന്നുള്ളൂ. പിൽക്കാലത്ത് പുറത്തുവന്ന പല സ്ത്രീപക്ഷ മാസികകളും വ്യത്യസ്തതകൾകൊണ്ടും പുതുമകൊണ്ടും വേറിട്ടുനിന്നവയായിരുന്നു. അതിൽ മലയാളത്തിലെ വനിത എഴുത്തുകാരുടെ സാഹിത്യകളരിയായി മാറിയ വി. നാരായണ മേനോന്റെ ഉടമസ്ഥതയിലാരംഭിച്ച ‘ലക്ഷ്മീഭായ്’ എന്ന മാസിക ദീർഘകാലം (1905-1940) നിലനിന്നു.
തലശ്ശേരി സ്വദേശി കെ.എം. കുഞ്ഞുലക്ഷ്മി കെട്ടിലമ്മയുടെ താൽപര്യത്താൽ തിരുവനന്തപുരത്തുനിന്നും (1091 ചിങ്ങം/ 1916 CE) ആരംഭിച്ച ‘മഹിളാരത്നം’ എന്ന മാസികയിൽ സ്ത്രീകൾക്ക് ഒപ്പം പുരുഷന്മാരും എഴുതിവന്നിരുന്നു. അതുപോലെ ചെങ്ങന്നൂർ മഹിളാലയത്തിന്റെ ആഭിമുഖ്യത്തിൽ ബി. ഭഗീരഥി അമ്മയുടെ പത്രാധിപത്യത്തിൽ പുറത്തുവന്ന ‘മഹിള’ (1921) വിവിധ സ്ത്രീ വിഷയങ്ങളിൽ ഊന്നിയ പംക്തികളുമായി രണ്ടു ദശാബ്ദക്കാലം നിലനിന്നു. 1927ൽ (1102 കുംഭം) കോട്ടയത്തുനിന്നും ‘പ്രതിദിനം’ പത്രത്തിന്റെ പത്രാധിപരായിരുന്ന വി.സി. ജോണിന്റെ നിയന്ത്രണത്തിൽ പുറത്തിറങ്ങിയ ‘വനിതാകുസുമം’ സ്ത്രീ സ്വാതന്ത്ര്യത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി നിലനിന്ന ആദ്യത്തെ പത്രികയാണെന്ന് കാണാൻ കഴിയും.
അതിന്റെ ഒന്നാം വാല്യം പന്ത്രണ്ടാം ലക്കത്തിൽ പുറത്തുവന്ന ഒരു പ്രസ്താവനയിൽ പത്രാധിപർ എഴുതി: “സ്ത്രീ സ്വാതന്ത്ര്യാർത്ഥം ‘വനിതാകുസുമം’ ചെയ്യുന്ന പരിശ്രമങ്ങൾ യാഥാസ്ഥിതികന്മാരായ പലരെയും ക്ഷോഭിപ്പിക്കുകയും ഈ ഉദ്യമം ഇപ്പോൾ വേണ്ടെന്ന് അങ്ങനെയുള്ളവരിൽ പലരും ഞങ്ങളെ ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. വനിതാ സ്വാതന്ത്ര്യത്തിനെതിരായി നിലനിൽക്കുന്ന ഇക്കൂട്ടരുടെ ഉപദേശങ്ങളെയും അഭിപ്രായങ്ങളെയും ഞങ്ങൾ തിരസ്കരിക്കുകയാണ് ചെയ്തത്. ഇത് സ്ത്രീകൾക്കുവേണ്ടി മാത്രം നടത്തുന്ന ഒന്നാകയാൽ സ്ത്രീസമുദായത്തിന്റെ സർവ്വതോൽമുഖമായ അഭിവൃദ്ധിക്കായി പോരാടേണ്ട കടമ വനിതാ കുസമത്തിനുണ്ട്. ആരെല്ലാം ക്ഷോഭിച്ചാലും എന്തെല്ലാം ഭീഷണികൾ പ്രയോഗിച്ചാലും ആ കടമ നിർവഹിക്കുക തന്നെ ചെയ്യും.”7
സ്വതന്ത്രവും നീതിയുക്തവുമായ നിലപാടിലൂടെ സ്ത്രീകളുടെയും പുരുഷന്മാരുടെയും പൊതുജനാഭിപ്രായം ആർജിക്കാൻ കഴിഞ്ഞ ‘വനിതാകുസുമ’ത്തിന് രണ്ടായിരത്തിൽപരം വരിക്കാരെ സമ്പാദിക്കാൻ സാധിച്ചു. ഒരു വനിതാപത്രികയെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ കഴിയുന്നതിനപ്പുറമായിരുന്നു മാസികയുടെ പ്രചാരം. ഫോട്ടോ ജേണലിസം ഉൾപ്പെടെയുള്ള പല പരീക്ഷണങ്ങളും ഈ മേഖലയിൽ കൊണ്ടുവന്നതിന്റെ മഹിമ ‘വനിതാകുസുമ’ത്തിനുണ്ട്.
‘സുമംഗല’ (1916) എന്ന പ്രസിദ്ധീകരണം സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും വിദ്യാഭ്യാസ സമ്പാദനത്തെ കുറിച്ചും മലയാളികളെ ബോധവാന്മാരാക്കി. 1925 ജനുവരിയിൽ പി.ആർ. മന്ദാകിനിയുടെ നേതൃത്വത്തിൽ കൊല്ലത്തുനിന്നും പ്രസിദ്ധീകരണം തുടങ്ങിയ ‘സഹോദരി’ എന്ന മാസിക സാഹിത്യത്തിന് പുറമെ ലോക വാർത്തകളും മറ്റു പംക്തികളും കൊണ്ട് സ്ത്രീ ജനങ്ങളുടെ പിന്തുണ നേടിയെടുക്കുകയുണ്ടായി.
1931ൽ കോട്ടക്കൽ മനോരമ സ്ത്രീസമാജത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച മലയാള മാസിക മലബാർ പ്രദേശത്തെ പ്രധാന വനിത പ്രസിദ്ധീകരണങ്ങളിൽ ഒന്നായിരുന്നു. ‘സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ നടത്തുന്ന മാസിക’ എന്ന തലവാചകം അതിൽ കാണാൻ സാധിക്കുമായിരുന്നു. ‘ശ്രീമതി’ എന്ന പേരിൽ ഒരു വാരിക തിരുവനന്തപുരത്തുനിന്നും സി. കാർത്യായനി അമ്മയുടെ പത്രാധിപത്യത്തിൽ പുറത്തുവന്നിരുന്നു. ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജി അന്നാ ചണ്ടി, തെരുവത്ത് അമ്മാളുവമ്മ തുടങ്ങിയവർ ഇതിന്റെ പത്രാധിപത്യത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ എന്നല്ല, ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതാ വാരിക / ആഴ്ചപ്പതിപ്പായിരുന്നു ‘ശ്രീമതി’. കൊച്ചിയിലെ പ്രമുഖ സാമൂഹിക പരിഷ്കർത്താവായിരുന്ന സഹോദരൻ അയ്യപ്പന്റെ പത്നി പാർവതി അയ്യപ്പൻ ആരംഭിച്ച ‘സ്ത്രീ’ (1933) എന്ന മാസിക പ്രദേശത്തെ സ്ത്രീപരിഷ്കരണ പരിശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ച ഒന്നായിരുന്നു.
മുസ്‍ലിം സ്ത്രീകളുടെ ഇടയിൽ ആശയപ്രചാരണത്തിനായി കൊച്ചിയിൽനിന്നും പി.കെ. മൂസക്കുട്ടിയുടെ പത്രാധിപത്യത്തിൻ കീഴിൽ ‘മുസ്‍ലിം മഹിള’ (1924) എന്ന പേരിൽ ഒരു പത്രിക പുറത്തുവന്നിരുന്നു. മലയാളത്തിന് പുറമെ, അറബി-മലയാളത്തിലും മുസ്‍ലിം സ്ത്രീ മാസിക പുറത്തുവന്നിരുന്നു. 1929 സെപ്റ്റംബർ മുതൽ മലപ്പുറം ഇരുമ്പിളിയം ഹൈദരിയ പ്രസിൽനിന്നും കെ.സി. കോമുകുട്ടി മൗലവിയുടെ പത്രാധിപത്യത്തിൽ അച്ചടിച്ച് വന്നിരുന്ന ‘നിസ്സാ ഉൽ ഇസ്ലാം’ (ഇസ്ലാമിലെ സ്ത്രീകൾ) എന്ന മാസിക മുസ്‍ലിം സ്ത്രീകളുടെ അവസ്ഥയെ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു. അറബി-മലയാളത്തിൽ അച്ചടിച്ചു കഴിഞ്ഞാൽ മുസ്‍ലിം സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് വായിക്കാൻ സാധിക്കുമെന്നതായിരുന്നു അതിനു പിന്നിൽ പ്രവർത്തിച്ചവർ ഉദ്ദേശിച്ചിരുന്നത്. നിരവധി വനിതകളും ഇതിൽ ലേഖികമാരായി പ്രത്യക്ഷപ്പെട്ടിരുന്നു.
‘ക്രൈസ്തവ മഹിളാമണി’ (തിരുവല്ല, 1920), ‘മഹിള’ (തിരുവനന്തപുരം, 1921), വനിതാരത്നം (ചെങ്ങന്നൂർ, 1926), മുസ്‍ലിം മഹിള (കൊച്ചി,1926), മഹിളാമന്ദിരം (തിരുവനന്തപുരം,1927), വനിതാമിത്രം (കോട്ടയം 1942) തുടങ്ങിയ നിരവധി പത്രികകൾ സ്ത്രീ മുന്നേറ്റത്തിൽ എടുത്തുകാണിക്കാൻ സാധിക്കുന്നവയാണ്. പല സ്ത്രീപക്ഷ മാസികകളും അവരുടെ ഇടയിൽ സമുദായ ശുദ്ധീകരണ ദൗത്യങ്ങൾ ഏറ്റെടുത്തതായിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുക, അവശതകൾ പരിഹരിക്കുക, വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ മേഖലകളിൽ ബോധവത്കരണം നടത്തുക തുടങ്ങിയവ അവ ഏറ്റെടുത്തിരുന്നു.
മലയാള മാധ്യമചരിത്രം പരിശോധിച്ചാൽ, പത്രരംഗത്ത് ഒട്ടനവധി സ്ത്രീകൾ ഇടപെട്ടിരുന്നതായി കാണുന്നുണ്ട്. എന്നാൽ, അവരെക്കുറിച്ച് വ്യക്തമായ ധാരണ പകർന്നുനൽകാൻ മാധ്യമ രംഗത്തുള്ളവരോ ചരിത്രകാരന്മാരോ ശ്രമിച്ചുകാണുന്നില്ല. എന്നിരുന്നാലും മുഖ്യധാര മാധ്യമങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന സ്ത്രീകളെക്കുറിച്ച് പരാമർശങ്ങൾ കാണാവുന്നതാണ്.8
ആദ്യകാല സ്ത്രീ മാസികകളെല്ലാത്തിന്റെയും തന്നെ ഉടമസ്ഥത, പത്രാധിപത്യം എന്നുവേണ്ട എഴുത്തുകാരും വായനക്കാരും ഉന്നതകുലജാതരായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ സ്ത്രീവിദ്യാഭ്യാസത്തിന്റെ വ്യാപനവും പൊതുഇട വളർച്ചയുടെയും ഫലമായി നിരവധി സ്ത്രീകൾ പത്രപ്രവർത്തനരംഗത്തേക്ക് കടന്നുവന്നു. തെരുവത്ത് അമ്മാളു അമ്മ, അന്നാ ചാണ്ടി, പാർവതി അയ്യപ്പൻ, ഹലീമാ ബീവി, മറിയം നിഥീരി തുടങ്ങിയ പേരുകൾ ഇത്തരത്തിൽ ഉയർത്തിക്കാണിക്കാവുന്നതാണ്. ഇക്കാലത്ത് ഇവർ നേതൃത്വം നൽകിയ ‘ശ്രീമതി’, ‘ക്രിസ്ത്യൻ മഹിളാമണി’, ‘സ്ത്രീ’, ‘മുസ്‍ലിം വനിത’, ‘സംഘമിത്ര’ എന്നിങ്ങനെയുള്ള പത്രികകൾ സമൂഹത്തിലെ വിവിധ വിഭാഗം സ്ത്രീകളുടെയിടയിൽ പ്രചാരം നേടി.
ഇതിൽ കേരളസമൂഹത്തിൽ പൊതുവേ പിന്നാക്കം നിന്നിരുന്ന സ്ത്രീജനങ്ങളെ അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും മാറാലക്കൂട്ടിൽനിന്നും പുരോഗതിയുടെ വെള്ളിവെളിച്ചത്തിലേക്ക് നയിക്കുകയെന്ന ദൗത്യമായിരുന്നു ഹലീമാ ബീവി തന്റെ ‘മുസ്‍ലിം വനിത’യിലൂടെ തുടങ്ങിവെച്ചത്. നവോത്ഥാന കാലഘട്ടത്തിൽ മുസ്‍ലിം സ്ത്രീകളുടെ ഇടയിൽ ആശയപ്രചാരണത്തിനുള്ള മാസികകളോ ആനുകാലികങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് അത്തരത്തിലൊരു മാസികയുടെ ആവശ്യകതയിലേക്ക് തന്നെ നയിച്ചതെന്ന് ഹലീമാ ബീവി രേഖപ്പെടുത്തിയിട്ടുണ്ട്.
(തുടരും)
കുറിപ്പ്
1. J Devika, Her-self: Early Writings of Malayalee Women on Gender 1898 -1938, Stree, Kolkata, 2005, p. 112
2. ഫയൽ നമ്പർ 1518/ 38, തീയതി 15/8/1938, ജനറൽ ഡിപ്പാർട്മെന്റ്, കേരള സ്റ്റേറ്റ് ആർക്കൈവ്സ്, തിരുവനന്തപുരം.
3. ശാരദ മാസിക, വാല്യം -4, ലക്കം -1, 1909 ജനുവരി, തിരുവനന്തപുരം, പു. 24
4. ടി.കെ. ആനന്ദി, ജനകീയ സമരങ്ങളിൽ മലബാറിന്റെ പെൺപാതകൾ, ശാസ്ത്ര സാഹിത്യ പരിഷത്ത്, തൃശ്ശൂർ, പു. 18 - 21.
5, 6. പുതുപ്പള്ളി രാഘവൻ, കേരള പത്രപ്രവർത്തന ചരിത്രം, പു. 141 ശാരദ, 1180 വൃശ്ചികം / 1905, തിരുവനന്തപുരം.
7. പുതുപ്പള്ളി രാഘവൻ, കേരള പത്രപ്രവർത്തന ചരിത്രം, പു. 147
8. സ്വാതന്ത്ര്യസമരകാലത്ത് മലയാള പത്ര രംഗത്ത് പ്രവർത്തിച്ചുവന്നിരുന്ന പ്രമുഖ വനിതകളായിരുന്നു എ.വി. കുട്ടിമാളു അമ്മ, ആനി തയ്യിൽ, യശോദ ടീച്ചർ, വി. പാറുക്കുട്ടി അമ്മ, തങ്കം കെ. മേനോൻ തുടങ്ങിയവർ. 1947ൽ മാതൃഭൂമി പത്രത്തിന്റെ ഡയറക്ടർ പദവിയിലേക്ക് എത്തിയ കുട്ടിമാളു അമ്മ കേരളത്തിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ സ്ത്രീമുഖമായി നിലനിന്നു. ‘പ്രജാമിത്രം’ എന്ന പത്രം പ്രസിദ്ധീകരിച്ച ആനി തയ്യിൽ; മലയാള മാധ്യമ രംഗത്തെ ആദ്യത്തെ സ്വന്തം ലേഖിക എന്ന് അവകാശപ്പെടുന്ന യശോദ ടീച്ചർ (ദേശാഭിമാനി); മാതൃഭൂമിയിൽ സബ് എഡിറ്ററായി (1952) പ്രവേശിച്ച തങ്കം മേനോൻ മാതൃഭൂമി പത്രത്തിന്റെ ന്യൂസ് എഡിറ്റർ (1973) എന്ന പദവിയിലേക്കും ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.