കോവിഡിനെ തുടർന്ന് യുവ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ നിര്യാതനായി

ആലുവ: യുവ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ (38) കോവിഡിനെ തുടർന്ന് നിര്യാതനായി. രണ്ടാഴ്ച്ചയായി ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാദുഷ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയതാണ്. എന്നാൽ,കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലായി. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

കേരള കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനായിരുന്നു ഇബ്രാഹിം ബാദുഷ. കോവിഡ് ആരംഭകാലത്ത് കോവിഡ് ബോധവത്കരണ ചിത്രങ്ങൾ വരച്ചുകൂട്ടിയ അദ്ദേഹത്തിന് ഒടുവിൽ കോവിഡിന് കീഴടങ്ങേണ്ടി വന്നു. 

കോവിഡ് കാലത്തും കാർട്ടൂൺ വരകളുടെ തിരക്കിലായിരുന്നു ഈ യുവ കലാകാരൻ. ആളുകളുടെ കാരിക്കേച്ചറുകള്‍ ഒരു മിനിറ്റുകൊണ്ട് വരക്കുന്ന വൺ മിനിറ്റ് കാരിക്കേച്ചറിലൂടെ 'കാർട്ടൂൺ മാൻ ' എന്ന് പ്രശസ്തനായ വ്യക്തിയാണ് ബാദുഷ. മാളുകളിലും സ്കൂളുകളിലും കോളേജുകളിലുമുള്‍പ്പെടെ തത്സമയ കാരിക്കേച്ചറുകൾ സൃഷ്ടിച്ച് ശ്രദ്ദേയനായിരുന്നു. ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായും ഗതാഗത നിയമങ്ങൾ ബോധവത്ക്കരിച്ച് മോട്ടോർ വാഹന വകുപ്പുമായും ചിത്രങ്ങൾ വരച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രളയാനന്തരം ആലുവ റെയിൽവേ സ്റ്റേഷനിൽ തത്സമയ കാരിക്കേച്ചർ വരച്ചതിലൂടെ ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയും മാതൃകയായി.

കൊറോണ പ്രതിരോധ കാർട്ടൂണുകൾ വരച്ച് നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്ന ബാദുഷയ്ക്ക് ഐ.എം.എയുടെയടക്കം വലിയ പിന്തുണ ലഭിച്ചിരുന്നു.വിവിധ കോളജുകളിലെ എൻ.എസ്.എസ് വളണ്ടിയർമാരും ബാദുഷയുടെ കാർട്ടൂണുകളുടെ പ്രചാരകരാണ്.സംസ്ഥാനത്തെ പ്രമുഖ യുവ കാർട്ടൂണിസ്റ്റുകൾ അംഗങ്ങളായ കാർട്ടൂൺ ക്ളബ് ഒഫ് കേരളയുടെ കോ ഓർഡിനേറ്റർ കൂടിയായിരുന്നു ബാദുഷ.

ആലുവ തോട്ടുമുഖം കീരംകുന്ന് ശിവഗിരി വിദ്യാനികേതൻ സ്കൂളിനടുത്തായിരുന്നു താമസം. തോട്ടുംമുഖം കല്ലുങ്കൽ വീട്ടിൽ പരേതനായ ഹംസയുടെ മകനാണ്. സഫീനയാണ് ഭാര്യ. മുഹമ്മദ് ഫനാൻ, ആയിഷ, അമാൻ എന്നിവർ മക്കളാണ്.

Tags:    
News Summary - young cartoonist Ibrahim Badusha passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.