കോൺക്രീറ്റ് വീട് നിർമിച്ചു നൽകലിൽ ഒതുങ്ങുന്നതല്ല, ഗോത്രജീവിത വികസനം

ആദിവാസി വികസനം എന്ന പേരിൽ നടത്തുന്ന കാര്യങ്ങളിൽ എത്രമാത്രം സത്യമുണ്ട്. എങ്ങനെയാണ് അവർക്ക് സമൂഹം തണലാകേണ്ടത്. കലയിലൂടെ ഗോത്രജീവിത പുരോഗതി സാധ്യമാകുമോ? ‘തന്തപ്പേര്’ സിനിമയുടെ സംവിധായകൻ ഉണ്ണികൃഷ്ണൻ ആവളയുമായി നടത്തിയ അഭിമുഖം കഴിഞ്ഞ ലക്കം തുടർച്ച. ചലച്ചിത്ര മേളകളിൽ ആദിവാസി സിനിമകൾക്ക് എന്നും നിറകൈയടി ലഭിക്കാറുണ്ട്. എന്നാൽ തിയറ്ററുകളിൽ റിലീസ് ചെയ്യുമ്പോൾ ഈ സിനിമകൾ കടുത്ത അവഗണനയാണ് നേരിടുന്നത്. ഇവിടെ മാറേണ്ടത് പ്രേക്ഷകനോ അതോ സിനിമ സംഘടന-അണിയറ-നിർമാണ പ്രവർത്തകരോ? മേളയിൽ കൈയടി കിട്ടുന്ന സിനിമ എന്തുകൊണ്ടാണ് തിയറ്ററിൽ ആളില്ലാത്തതുകൊണ്ട് ഒന്നാമത്തെ ഷോക്കുശേഷം പിൻവാങ്ങി പോകുന്നതെന്ന്...

ആദിവാസി വികസനം എന്ന പേരിൽ നടത്തുന്ന കാര്യങ്ങളിൽ എത്രമാത്രം സത്യമുണ്ട്. എങ്ങനെയാണ് അവർക്ക് സമൂഹം തണലാകേണ്ടത്. കലയിലൂടെ ഗോത്രജീവിത പുരോഗതി സാധ്യമാകുമോ? ‘തന്തപ്പേര്’ സിനിമയുടെ സംവിധായകൻ ഉണ്ണികൃഷ്ണൻ ആവളയുമായി നടത്തിയ അഭിമുഖം കഴിഞ്ഞ ലക്കം തുടർച്ച.

ചലച്ചിത്ര മേളകളിൽ ആദിവാസി സിനിമകൾക്ക് എന്നും നിറകൈയടി ലഭിക്കാറുണ്ട്. എന്നാൽ തിയറ്ററുകളിൽ റിലീസ് ചെയ്യുമ്പോൾ ഈ സിനിമകൾ കടുത്ത അവഗണനയാണ് നേരിടുന്നത്. ഇവിടെ മാറേണ്ടത് പ്രേക്ഷകനോ അതോ സിനിമ സംഘടന-അണിയറ-നിർമാണ പ്രവർത്തകരോ?

മേളയിൽ കൈയടി കിട്ടുന്ന സിനിമ എന്തുകൊണ്ടാണ് തിയറ്ററിൽ ആളില്ലാത്തതുകൊണ്ട് ഒന്നാമത്തെ ഷോക്കുശേഷം പിൻവാങ്ങി പോകുന്നതെന്ന് നമ്മൾ പരിശോധിക്കേണ്ട വസ്തുതയാണ്. അക്കാദമിക് മേളകളിൽ കൈയടി കിട്ടുന്നത് ആ സിനിമയെ തിരിച്ചറിയുന്ന ജനവിഭാഗം അവിടെ ഉള്ളതുകൊണ്ടാണ്. അങ്ങനെ ഒരു സമൂഹം ഒന്നാകെയുണ്ടെങ്കിൽ തിയറ്ററിൽ റിലീസ് ചെയ്യുമ്പോഴും അത്തരം സിനിമകൾ കാണാൻ ആളുകളുണ്ടാകും. ഒരു താര സിനിമയിലെ പൊളിറ്റിക്കൽ കറക്ട്നെസ് നടത്തുമ്പോൾതന്നെ ഇത്തരം സിനിമകളെ ഓരോ പ്രേക്ഷകനിലേക്കും എത്തിക്കാനും ഈ സിനിമകളുടെ സാമൂഹികപ്രസക്തി എന്താണെന്നും മനസ്സിലാക്കി കൊടുക്കാനും കഴിയേണ്ടതുണ്ട്.

ഏറക്കുറെ ചിലർ അത്തരത്തിലുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അവയെല്ലാം ഒറ്റപ്പെട്ട ശബ്ദങ്ങളായി ഒതുങ്ങി​​​പ്പോകുന്നതാണ് കാണുന്നത്. ചോലനായ്ക്കരുടെ പ്രത്യേകതകളെ ഒരേസമയം പുകഴ്ത്തി പറയുകയും മറ്റൊരു സമയത്ത് അധിക്ഷേപിക്കുകയുംചെയ്യുന്നത് കാണാനിടയായിട്ടുണ്ട്. അന്യരെക്കുറിച്ച് പുതിയതായി എന്താണ് ഇനിയും പറയാനുള്ളതെന്ന ചോദ്യവും ഉണ്ട്. അവരുടെ ആചാരങ്ങളെ പുച്ഛിക്കുന്നവരും നമുക്കിടയിലുണ്ട്. സിനിമ അത്തരത്തിലുള്ള ചോദ്യങ്ങളെ നേരിടുന്നുണ്ടോ?

ചോലനായ്ക്കർ എന്നല്ല കേരളത്തിലെ ഏതൊരു ഗോത്രവിഭാഗത്തിനും അവരുടേതായ തനത് ജീവിതരീതിയുണ്ട്. അത് അവരുടെ ആവാസവ്യവസ്ഥയെയും കുടുംബവ്യവസ്ഥയെയും സംരക്ഷിക്കുകയും നിലനിർത്തുകയുംചെയ്യുന്നു. ഇതിന് എങ്ങനെയാണ് പരിക്കുപറ്റിയത്‍? പൊതുസമൂഹവും സർക്കാറും നൽകുന്ന വികസന പ്രവർത്തനങ്ങൾ അവരെ ഏത് രീതിയിലാണ് അപകടപ്പെടുത്തുന്നതും സംരക്ഷിച്ചുപോരുന്നതും? ഇതൊക്കെയാണ് അന്വേഷിക്കപ്പെടേണ്ടത്.

1970നു ശേഷമാണ് ചോലനായ്ക്കരെ മനുഷ്യരായി കണക്കാക്കി രേഖകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ചോലനായ്ക്കർക്ക് കോൺക്രീറ്റ് വീട് വെച്ചുകൊടുത്താൽ അവരുടെ വികസനം സാധ്യമായി എന്നതിനോട് യോജിക്കാനാവില്ല. സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവം പറയാം. അന്ന് ഞങ്ങൾ താമസിച്ചിരുന്നത് ഒരു റിസോർട്ടിലായിരുന്നു. വിശാലമായ മുറി, ഗ്ലാസിന്‍റെ ജനൽ എന്നിവയുമുള്ള അത്യാവശ്യം നല്ലൊരു റിസോർട്ട് ആയിരുന്നു അത്. സിനിമ ചിത്രീകരണം ആരംഭിച്ച ഒരു ദിവസം പൂച്ചപ്പാറ മണി എന്‍റെയടുത്ത് വന്നിട്ട് പറഞ്ഞു. ഇതിനകത്ത് ഞങ്ങൾക്ക് താമസിക്കാൻ കഴിയില്ല. തുടർന്ന് അവർ ആവശ്യങ്ങൾ നിരത്തി. കുറച്ച് കാറ്റും വെളിച്ചവുമൊക്കെ വേണം, നടക്കാനുള്ള സ്ഥലം വേണം, ഇങ്ങനത്തെ സ്ഥലത്ത് ഞങ്ങൾക്ക് ഒരു നിമിഷംപോലും ചെലവഴിക്കാനാവില്ലെന്ന് അവൻ തീർത്തും വ്യക്തമാക്കി.

ഒരാഴ്ചത്തെ ഷെഡ്യൂളായിരുന്നു അവിടെയുണ്ടായിരുന്നത്. അങ്ങനെ ആ സ്ഥലത്തിന് മുകളിലുള്ള വേറൊരിടത്ത് പോയി ചെറിയ രണ്ട് റൂമുകളും, എന്നാൽ ഒന്നര ഏക്കറോളമുള്ള പറമ്പും പറമ്പിന്‍റെ അക്കരെ കാടുമുള്ള ഒരു സ്ഥലം കണ്ടെത്തി. അവിടെ നിന്നാൽ കാടിന്‍റെ ഫീൽ ശരിക്ക് കിട്ടും. നേരത്തേയുള്ള റിസോർട്ട് വിട്ട് ഇവിടെ എത്തിയതോടെ അവർ വല്ലാതെ സന്തോഷത്തിലായി. രാത്രിയായപ്പോൾ ഞങ്ങളോട്, ആന വരും എന്ന് പറഞ്ഞ് റൂമിൽ കയറി കിടക്കാൻ പറഞ്ഞ് അവർ വീടിന് പുറത്ത് തീയിട്ട് ആ പറമ്പിലുള്ള പാറയുടെ മുകളിൽ പോയി കിടന്നുറങ്ങി. ഇതിൽനിന്ന് വ്യക്തമാണ് ഇവരുടെ ജീവിതരീതിയും ശൈലികളുമെല്ലാം.

 

സ്വയംതൊഴിൽ രംഗത്ത് ആദിവാസികൾ ഇന്ന് ചെറുതെങ്കിലും പുരോഗതി കൈവരിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. എങ്ങനെയാണത്. ആരാണ് തടസ്സമായി അവർക്ക് മുന്നിലുള്ളത്?

ഇന്ന് ഗോത്രവിഭാഗങ്ങളുടെ ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ വിപണിയിൽ എത്തിക്കാനും വിപണനം നടത്താനും പൂർണമായും സാധിക്കുന്നില്ല. അവർക്ക് പിറകിൽനിന്നൊരു കൈസഹായം മാത്രം മതി. ബാക്കിയെല്ലാം അവർ സ്വയം അഭ്യസിച്ചെടുക്കും. ചൂഷക സ്വഭാവമില്ലാത്ത സർക്കാർ ഏജൻസികൾ മാർക്കറ്റ് ചെയ്യാൻ അവരെ സഹായിച്ചാൽ മാത്രം മതി.

ഓരോ കാലത്തും ഓരോ ഋതുവിലെയും പൂക്കളിൽനിന്ന് ലഭിക്കുന്ന കുറുഞ്ഞി തേൻ, ചെറുതേൻ എന്നിവ ആദിവാസികൾക്ക് മാത്രം തിരിച്ചറിഞ്ഞ് ശേഖരിക്കാൻ സാധിക്കുന്ന ഒന്നാണ്. ഉൾക്കാട്ടിൽനിന്ന് ഒട്ടും മായം കലരാത്ത ശുദ്ധമായ തേൻ ധാരാളമായി ചോലനായ്ക്കർക്ക് ലഭിക്കും. നാലുമാസംകൊണ്ട് ടൺകണക്കിന് തേനാണ് ഇവർ ഇങ്ങനെ ശേഖരിക്കുന്നത്. ഈ തേൻ കേരളത്തിലെയോ പുറത്തോ ഉള്ള ആയുർവേദ ഏജൻസിക്ക് നൽകിയാൽ നല്ല വിലയും ലഭിക്കും. എന്നാൽ ഇവർക്ക് അവിടേക്കുള്ള വിനിമയം സാധ്യമാകുന്നില്ല. ഇങ്ങനെ വിപണിയിലേക്കുള്ള ബന്ധം സ്ഥാപിച്ച് സാമ്പത്തികമായൊരു സ്രോതസ്സ് ഉണ്ടാക്കിക്കൊടുത്താൽതന്നെ ഇവരുടെ ജീവിതശൈലിയിൽ വലിയ പുരോഗതി കൊണ്ടുവരാൻ സാധിക്കും.

ഇവരുണ്ടാക്കുന്ന ശതാവരിയുടെ അച്ചാറായാലും മറ്റ് വസ്തുക്കളായാലും ലോകോത്തര ഉൽപന്നങ്ങളായി പരിഷ്കരിക്കാനും അതിനെ വിപണിയിൽ എത്തിക്കാനുമാണ് നമ്മൾ ശ്രമിക്കേണ്ടത്. ഇതിലൂടെതന്നെ അവർക്ക് സാമ്പത്തിക സ്രോതസ്സ് ഉണ്ടാവുകയും പുരോഗതി നേടുകയുംചെയ്യും. ഇതാണ് യഥാർഥത്തിലുള്ള ആദിവാസി വികസനം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ, ഈ തേൻ ഒന്നിച്ചുണ്ടാകുന്ന നാലഞ്ചു മാസം കിട്ടുന്ന തുകക്ക് ഇവ കൊടുത്ത് ഒഴിവാക്കേണ്ടിവരുന്ന ഗതികേടാണ് പലപ്പോഴും ഉണ്ടാകുന്നത്.

കൊടുത്ത് ഒഴിവാക്കുകയാണെന്ന് മനസ്സിലാക്കി നാട്ടിൽനിന്നുള്ള ചിലർ ചൂഷണത്തിലൂടെ തേനും കാട്ടുവിഭവങ്ങളും കൈക്കലാക്കാനും ശ്രമിക്കുന്നതാണ് കണ്ടുവരുന്നത്. ഇത്തരം അടിസ്ഥാനപ്രശ്നങ്ങളെ വളരെ എളുപ്പത്തിൽ പരിഹരിക്കണമെങ്കിൽ സാമൂഹികബോധമുള്ള സ്നേഹമുള്ള മനുഷ്യരും ഉദ്യോഗസ്ഥരും ഉണ്ടാവണം എന്നതാണ് പരമപ്രധാനം.

ചോലനായ്ക്കർ പുറംലോകവുമായി അടുത്ത ബന്ധമുള്ളവരല്ല, ചോലയുടെ (ഷോലയുടെ) നായകർ അഥവാ രാജാക്കന്മാരാണവർ. അത്ര എളുപ്പത്തിൽ അവരെ കൊണ്ട് അഭിനയിപ്പിക്കൽ പ്രായോഗികമല്ല. കൂടാതെ ഭാഷാപ്രശ്നവും. എങ്ങനെയാണ് അവരെ സിനിമയിലേക്ക് കൊണ്ടുവന്നത്?

ഉൾക്കാട്ടിലെ ഏറ്റവും ഉയർന്ന മേഖലയിലാണ് ചോലനായ്ക്കർ താമസിക്കുന്നത്. അതിനെ ചോലക്കാരി എന്നാണ് വിളിക്കപ്പെടുന്നത്. ആ ചോലക്കാരിയിലെ രാജാക്കന്മാരായാണ് ചോലനായ്ക്കർ അറിയപ്പെടുന്നത്. ഇവരുടെ സ്വഭാവത്തിൽ ഒരു രാജാവിന്‍റെ ആഢ്യത്വം പലപ്പോഴും കാണാം. ആർക്കു മുന്നിലും വഴങ്ങി കൊടുക്കാത്ത പ്രകൃതമാണ് ഇവരുടേത്. ഇഷ്ടമില്ലാത്തത് എന്തുകണ്ടാലും ആക്രമിക്കുകയോ തട്ടിമാറ്റുകയോ പ്രതിരോധിക്കുകയോ ചെയ്യും. എന്നാൽ, സ്നേഹിച്ചാലോ അവർ എന്തിനും ഏതിനും നമ്മുടെ കൂടെതന്നെ നിൽക്കും. കാട്ടിൽ ഷൂട്ടിനിടയിൽ അവരുടെ ജീവൻപോലെതന്നെ നമ്മളെയും സുരക്ഷിതരാക്കാൻ ശ്രമിക്കും. അങ്ങനെയുള്ള മനുഷ്യരെ കാമറക്ക് മുന്നിൽ നിർത്തി ലെൻസ് മാറ്റി വീണ്ടും വീണ്ടും ടേക്കുകളെടുത്ത്, അതും അവരുടെ ഭാഷയിൽതന്നെ സംസാരിപ്പിക്കണം.

സംവിധായകൻ എന്ന നിലയിൽ അവരെ അഭിനയിപ്പിച്ചെടുക്കുക എന്നതായിരുന്നില്ല എനിക്ക് മുന്നിലുണ്ടായിരുന്ന വലിയ വെല്ലുവിളി. സത്യത്തിൽ അവരെ ഞാനാണ് പരിധിയിൽ കൂടുതലായി ബുദ്ധിമുട്ടിച്ചത്. സിങ്ക് സൗണ്ട് ആയതിനാൽതന്നെ സൗണ്ട് ഓണാകു​േമ്പാൾ അപ്പുറത്തുനിന്ന് ആരെങ്കിലും ഒന്ന് തുമ്മും, അപ്പോൾ വീണ്ടും റീടേക്കെടുക്കും. കാമറയിൽ നല്ല ഷോട്ട് കിട്ടുന്ന സമയത്ത് സിങ്ക് സൗണ്ട് പാളിയിട്ടുണ്ടാകും. ഇനി സിങ്ക് സൗണ്ട് നല്ല​േപാലെ കിട്ടിയിട്ടുണ്ടെങ്കിൽ കാമറയിലേക്ക് വേറെ ഏതെങ്കിലും നോട്ടം വന്ന് പോയിട്ടുണ്ടാകും. ഈ രീതിയിൽ നിരന്തരമുള്ള സാങ്കേതിക പ്രശ്നം പരിഹരിച്ച് ഒന്നുരണ്ട് വർഷത്തെ അഭിനയ പരിശീലനത്തിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നുപോയാണ് ഈ സിനിമ പൂർത്തിയായത്.

പ്രതികൂല സാഹചര്യങ്ങൾ ഉള്ള ലൊക്കേഷൻസ് ആയിരുന്നെങ്കിലും സാങ്കേതിക സംവിധാനങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ കഴിയുമായിരുന്നില്ല. കാമറാമാൻ മുഹമ്മദ് എയും കലാസംവിധായകൻ അമ്പിളി മൈഥിലിയും കോഓഡിനേറ്റർ ഹിഷാമും എഡിറ്റർ ജിനു ശോഭയും കൂടാതെ നിർമാതാവ് ബാനു ബ്ലഷും നൽകിയ പിന്തുണ ഈ സിനിമ നല്ല രീതിയിൽ പൂർത്തിയാകാൻ ഏറെ സഹായമായി.

ചോലനായ്ക്കർക്ക് ഈ സിനിമ ഇറങ്ങുന്നതുകൊണ്ട് എന്ത് കാര്യമാണുള്ളത് എന്ന ചോദ്യം പലരും ഉന്നയിച്ചതാണ്. അതിന് ചോലനായ്ക്കർ പറയുന്ന ഉത്തരം “ഈ സിനിമയിൽ അഭിനയിച്ചതുകൊണ്ട് മരിച്ചാലും ആളുകൾക്കിടയിൽ ഞങ്ങൾ ജീവിച്ചിരിക്കും” എന്നാണ്. അവർ ഇതിനകംതന്നെ പല മരണങ്ങളും മുന്നിൽ കണ്ടവരാണ്. പാമ്പിന്‍റെ കടിയേറ്റോ കാട്ടാനയുടെ കുത്തേറ്റോ ഉള്ള മരണം ഇവർക്കിടയിൽ സ്വാഭാവിക സംഭവമാണ്. അതുകൊണ്ടുതന്നെ അതിജീവിക്കുക, അവശേഷിക്കുക എന്നുള്ളത് അവിടത്തെ മനുഷ്യരുടെ ഉള്ളിലുള്ള തീവ്രമായ ആഗ്രഹമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെ അതിജീവിക്കാൻ അവർ ഈ സിനിമ ഉപയോഗിച്ചു എന്നുള്ളതാണ് പ്രധാനം. അവർ ‘ഉടലാഴം’ കണ്ടിട്ടുണ്ട്. അതിലെ നായകൻ മണിയെ കണ്ടിട്ട് അവർക്ക് ആവേശമുണ്ടാകാറുണ്ട്. എന്നിട്ട് എന്നോട് മണിയുടെ വിശേഷങ്ങളെല്ലാം ചോദിക്കും. അങ്ങനെ മണിയെപ്പോലെയാകാനൊക്കെ അവർക്ക് താൽപര്യമുണ്ട് എന്നത് അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്.

ദേഷ്യപ്പെടുമ്പൊ ‘‘ഇനി അഭിനയിക്കാൻ വരില്ല, എനിക്ക് പറ്റില്ല’’ എന്ന് പറഞ്ഞ് അവർ പിണങ്ങി പോകുമ്പോൾ സഹനായകൻ ചെന്നാണ് ഇത് സിനിമയല്ലേ, ഇതിൽ ഇങ്ങനെയല്ലേ, എന്നെല്ലാം പറഞ്ഞ് അവരെ തിരിച്ച് കാമറക്ക് മുന്നിൽ കൊണ്ടുവരാറുള്ളത്. സിനിമയിൽ അമ്മയുടെ മുഖത്തേക്ക് നോക്കി ദേഷ്യപ്പെടുന്ന ഒരു സീനുണ്ട്. മൂന്നും നാലും ടേക്ക് എടുത്തിട്ടും ശരിയാകാതെ വന്നപ്പോൾ അവർ പറഞ്ഞത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ‘‘അമ്മയോട് ഒരിക്കൽപോലും മുഖത്ത് നോക്കി ഞങ്ങൾ അങ്ങനെ പറയാറില്ല, ഞങ്ങളെ കൊണ്ട് അതിന് കഴിയില്ല’’ എന്നായിരുന്നു മുഖ്യവേഷം ചെയ്ത ബെള്ളക്കരിയൻ മനീഷിന്റെ മറുപടി. അങ്ങനെ എത്രയോ സീനുകൾ സിനിമയിൽനിന്ന് എഡിറ്റ് ചെയ്ത് ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ ചില നിർണായക രംഗങ്ങൾ എടുക്കുന്നതിനുമുമ്പ് പലതവണ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് അവരെ കാമറയിൽ ചിത്രീകരിക്കാനായി സാധിച്ചത്. ഇതിൽ വിനോദ് ചെല്ലന്‍റെയും വിനയന്റെയും പൂച്ചപ്പാറ മണിയുടെയും സഹായം വളരെ വലുതായിരുന്നു.

ആദിവാസികളെക്കൊണ്ട് അഭിനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ എന്തൊക്കെയായിരുന്നു. സാധാരണരീതിയിലുള്ള സിനിമ ചിത്രീകരണം അവർക്കിടയിൽ സാധ്യമായോ. ആക്ഷൻ, കട്ട് രീതിയിൽ മാറ്റമുണ്ടായോ?

ഒരു ആക്ഷനും കട്ടിനും ഇടയിൽ അവസാനിപ്പിക്കാൻ പറ്റുന്ന രീതിയിലായിരുന്നില്ല സിനിമയുടെ ആദ്യഘട്ടത്തിലെ ചിത്രീകരണം. കാരണം ആക്ഷൻ എന്ന ശബ്ദം കേൾക്കുമ്പോൾ തന്നെ അവർ അസ്വസ്ഥരാവും. പിന്നെ ഭാവങ്ങളൊന്നും വരില്ല. എന്നാൽ പിന്നീടുള്ള ഘട്ടങ്ങളിൽ (വർഷങ്ങളിൽ) ആക്ഷൻ, കട്ട് എന്നത് ഏതൊരു അഭിനേതാവിനോട് പറഞ്ഞാലും അവർ കൃത്യമായി അഭിനയിച്ച് കാണിക്കുന്ന സാഹചര്യത്തിലേക്ക് വഴിമാറി. അവരുടെ ഭാഷയിലാണ് സംഭാഷണം എന്നത് അഭിനയിക്കാൻ അവർക്കേറെ ഗുണവുമായി.

ചിലപ്പോൾ ഞാനും ബെള്ളക്കരിയനും കെട്ടിപ്പിടിച്ചുനിന്നുകൊണ്ടായിരിക്കും ഒരു ഷോർട്ട് ആരംഭിക്കുക. അവനിൽ ആത്മവിശ്വാസം നിറയുന്ന ഒരു നിമിഷത്തിൽ ഞാൻ പിന്മാറുകയും, മുഹമ്മദ് കാമറ ഓണാക്കുകയും ചെയ്യും. ആദ്യത്തെ കുറച്ചുകാലത്തിനു ശേഷം പ്രഫഷനൽ അഭിനേതാക്കളെപ്പോലെ ആയാസരഹിതമായി അഭിനയിക്കാൻ തുടങ്ങി. വൈകാരികമായി അവരെ ഉലക്കാതിരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ടീമിന്റെ ഉത്തരവാദിത്തം. ഒരു രാത്രി സ്വപ്നം കണ്ടിട്ട് പിറ്റേന്ന് ഒറ്റ പകലുകൊണ്ട് 40 കിലോമീറ്ററിലധികം നടന്നുപോയി സ്വന്തം അളയിലെ വിശേഷങ്ങൾ അന്വേഷിച്ചുവന്ന ആളാണ് നായകൻ. കുറെ ചെറുപ്പക്കാർ ലൊക്കേഷനിൽ ആയിരുന്നതിനാൽ അകക്കാട്ടിലെ അളകളിൽ എന്ത് സംഭവിക്കും എന്ന ഭയം അവർക്കുണ്ടായിരുന്നു.

 

ചിത്രത്തിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച പൂച്ചപ്പാറ മണിയെ കുറിച്ച് പറയാൻ ഒരുപാടുണ്ടാകും. മണിയുടെ മരണം സിനിമക്കുണ്ടാക്കിയ നഷ്ടം നികത്താനാവില്ലെങ്കിലും പലർക്കും പ്രചോദനമേകാൻ മണിക്ക് സാധിച്ചിരുന്നു?

പൂച്ചപ്പാറ മണിയായിരുന്നു ‘തന്തപ്പേര്’ സിനിമയുടെ ഷൂട്ടിങ് ടീമിന്‍റെ ക്യാപ്റ്റൻ. ലൊക്കേഷനടക്കം സിനിമക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തുതരാൻ മുന്നിൽനിന്നതും കാമറയും മറ്റ് സാമഗ്രികളുമായി കുന്നും മലയും പുഴകളും കടന്ന് ലൊക്കേഷനിലേക്ക് പോകുമ്പോൾ മുന്നിൽ നടന്നതും മണിയായിരുന്നു. ലൊക്കേഷനിൽ എത്തിയാൽ ആർട്ട് ഡയറക്ടറെ സഹായിക്കുന്നതും അതിന് നേതൃത്വം നൽകുന്നതും മണിയായിരുന്നു. വർഷങ്ങൾക്കു മുമ്പ് ഞാൻ ഡോക്യുമെന്‍ററി ചെയ്ത സമയത്ത് എന്‍റെ നായക സങ്കൽപത്തിൽ ഉണ്ടായിരുന്നത് മണിയായിരുന്നു. എന്നാൽ ‘തന്തപ്പേരി’ന്‍റെ ചിത്രീകരണം ആരംഭിക്കുന്ന സമയത്ത് നായകനാകുന്നതിനെ കുറിച്ച് മണിയോട് ഞാൻ സംസാരിച്ചപ്പോഴാണ് എന്‍റെ നായകന് ആവശ്യമുള്ള ശബ്ദത്തിന്‍റെ ഗാംഭീര്യം മണിക്കില്ലെന്ന് ബോധ്യമായത്.

എന്നാൽ, ശരീരംകൊണ്ട് മണി നായകനാകാൻ പറ്റുന്ന രൂപമായിരുന്നു. ശബ്ദം വളരെ പതിഞ്ഞതായതിനാൽ അത്തരം ആശങ്ക എന്നെ വല്ലാതെ വേട്ടയാടിയിരുന്നു. അതുകൊണ്ട് സഹനായക വേഷം നൽകാനാണ് അപ്പോൾ നിശ്ചയിച്ചത്. എന്നാൽ, കിർത്താഡ്സിന്‍റെ നേതൃത്വത്തിൽ കോഴിക്കോട്ടുവെച്ച് ഒരു ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. അതിൽ മണിയും മറ്റ് അഭിനേതാക്കളും പങ്കെടുക്കുകയും ഞങ്ങൾ ചെയ്യാൻ പോകുന്ന സിനിമയെ കുറിച്ച് സംസാരിക്കുകയുംചെയ്തിരുന്നു. പ്രേക്ഷകർ തിയറ്ററിൽവെച്ചോ, യൂട്യൂബിൽ വെച്ചോ ഈ സിനിമ കാണുമ്പോൾ അവർക്ക് ലഭിക്കുന്ന അംഗീകാരത്തെ കുറിച്ച് പരസ്പരം പങ്കുവെക്കുന്ന സന്തോഷത്തിലുമായിരുന്നു അവർ. ആ ക്യാമ്പ് മണിയിലും മറ്റുള്ളവരിലും സമൂല മാറ്റങ്ങളാണ് ഉണ്ടാക്കിയത്.

മാതൻ മൂപ്പനെ സിനിമയിൽ അച്ഛൻ കഥാപാത്രമായി കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചന നടത്തുകയും എന്നാൽ പിന്നീട് അദ്ദേഹം മരണപ്പെട്ടതിനെ തുടർന്ന് ആ കഥാപാത്രം വേറൊരു രീതിയിലേക്ക് മാറുകയുമൊക്കെ ചെയ്തിരുന്നു. ലൊക്കേഷൻ ഷിഫ്റ്റ് ആയിരുന്നു ഏറ്റവും വലിയ ബുദ്ധിമുട്ടുള്ള കാര്യം. യാത്രചെയ്ത് പരിചയമില്ലാത്തതിനാൽ, യാത്രകളിൽ അവർ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ വലിയ പ്രയാസമായിരുന്നു. അതുകൊണ്ടുതന്നെ കോഴിക്കോടും മാനന്തവാടിയുമായി, നിലമ്പൂരിന് പുറമെയുള്ള ലൊക്കേഷനുകൾചുരുക്കേണ്ടിവന്നു. നായകൻ ചിലപ്പോൾ ജീപ്പിന്റെ പ്ലാറ്റ്ഫോമിൽ കിടന്നായിരുന്നു യാത്രചെയ്തിരുന്നത്. അത്ര അർപ്പണമനോഭാവത്തോടുകൂടിയാണ് ബെള്ളക്കരിയൻ ഇതിൽ അഭിനയിച്ചത്.

മാതേട്ടന്റെ മരണത്തിനുശേഷം മണിയുടെ മരണമാണ് ആ ഗോത്രത്തെ ആകെ പിടിച്ചുലച്ചത്. മക്കളെ ഹോസ്റ്റലിലാക്കി ഒന്നിച്ചു അളയിലേക്ക് മടങ്ങുന്ന ഒരു വൈകുന്നേരത്താണ് ആനയുടെ ആക്രമണത്തിൽ മണി ഓർമയാകുന്നത്. തനിക്കു പുറകിലുള്ളവരെ ആന ആക്രമിക്കാതിരിക്കാൻ തന്റെ കൈയിലുള്ള കുട്ടിയെ ദൂരേക്ക് വലിച്ചെറിഞ്ഞ് ആനയുടെ മുന്നിലേക്ക് മണി നിന്നുകൊടുത്തുകൊണ്ട് മറ്റുള്ളവരെ രക്ഷിക്കുകയായിരുന്നുവെന്ന് ഒപ്പമുള്ളവർ പറയുന്നു. മണി പറഞ്ഞതുപോലെ, മരിച്ചാലും സിനിമയിലൂടെ ഉണ്ടാകുമല്ലോ എന്ന വാക്ക് അതുപോലെയായി. ആറു വർഷക്കാലമായിട്ടും ഈ സിനിമ ഞാൻ അനൗൺസ് ചെയ്യാതിരുന്നത് ഇത്തരം പലകാരണങ്ങളാൽ സിനിമ പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ആശങ്ക ഉള്ളതുകൊണ്ടായിരുന്നു.

മണി അഭിനയിക്കേണ്ടത് ഉൾ​െപ്പടെയുള്ള മൂന്നു സീനുകൾ ബാക്കിനിൽക്കെയാണ് അന്നാ ദുരന്തം സംഭവിച്ചത്. പക്ഷേ, എന്റെ വിശ്വാസത്തെ തെറ്റിച്ചുകൊണ്ട് മണിയുടെ മരണം കഴിഞ്ഞ മൂന്നാംദിവസം വിനയൻ വിളിച്ചു. ‘മൈയേട്ടന്റെ’ ആഗ്രഹംപോലെ സിനിമ എത്രയും വേഗം പൂർത്തിയാക്കണമെന്നും അതിന് എന്താണോ വേണ്ടത് അതിന് ഞങ്ങൾ തയാറാണ് എന്നും പറഞ്ഞു. ‘തന്തപ്പേര്’ അവിടെയാണ് പൂർത്തിയായത്.

(അവസാനിച്ചു)

Tags:    
News Summary - Tribal development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.