ഫാസിൽ മുഹമ്മദ് സംവിധാനംചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ എന്ന സിനിമ കാണുന്നു. സമകാലിക സാമൂഹിക ജീവിതത്തിൽ ഈ സിനിമ എന്താണ് പറഞ്ഞുവെക്കുന്നത്? ഫാസിൽ മുഹമ്മദ് സംവിധാനംചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ എന്ന സിനിമയിലെ ഫാത്തിമയുടെ ജീവിത പശ്ചാത്തലവും കഥാതന്തുവും വളരെ പരിചിതമായതുകൊണ്ട് തന്നെ എന്താണിപ്പോ ഇതിൽ ‘കഥ’ എന്ന് ചിലർ ചിന്തിച്ചേക്കാം. സിനിമയുടെ പ്രസക്തിയും അതുതന്നെയാണ്. നിത്യവും നൂറു ഫാത്തിമമാരെ കാണുന്ന ആളുകൾക്ക് ഈ ഫാത്തിമമാരുടെയൊന്നും...
ഫാസിൽ മുഹമ്മദ് സംവിധാനംചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ എന്ന സിനിമ കാണുന്നു. സമകാലിക സാമൂഹിക ജീവിതത്തിൽ ഈ സിനിമ എന്താണ് പറഞ്ഞുവെക്കുന്നത്?
ഫാസിൽ മുഹമ്മദ് സംവിധാനംചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ എന്ന സിനിമയിലെ ഫാത്തിമയുടെ ജീവിത പശ്ചാത്തലവും കഥാതന്തുവും വളരെ പരിചിതമായതുകൊണ്ട് തന്നെ എന്താണിപ്പോ ഇതിൽ ‘കഥ’ എന്ന് ചിലർ ചിന്തിച്ചേക്കാം. സിനിമയുടെ പ്രസക്തിയും അതുതന്നെയാണ്. നിത്യവും നൂറു ഫാത്തിമമാരെ കാണുന്ന ആളുകൾക്ക് ഈ ഫാത്തിമമാരുടെയൊന്നും ദൈനംദിന ജീവിതാനുഭവങ്ങളെ കുറിച്ചും, അതിന്റെ നൂറായിരം സൂക്ഷ്മാർഥങ്ങളെ കുറിച്ചും അറിയില്ല എന്നതുകൊണ്ടുതന്നെയാണ് ഈ സിനിമ ചർച്ചചെയ്യപ്പെടേണ്ടത്. ഹെൻറി ലെഫെവർ (Henri Lefebvre) തന്റെ പുസ്തകമായ ‘ക്രിട്ടിക് ഓഫ് എവരിഡേ ലൈഫ്’ തിയറി പറയുംപോലെ നമുക്ക് പരിചയമുള്ള എല്ലാ പശ്ചാത്തലത്തെയും കുറിച്ച് നമുക്കറിയില്ല (familiar is not always known).
ഫാത്തിമയുടെ ജീവിതം ബാഹ്യലോകത്തിന് ഒട്ടും അസാധാരണം അല്ല. രാവിലെ മുതൽ കിടക്കുംവരെ നിർത്താതെ പണിയെടുക്കുന്ന, എന്നിട്ടും ‘‘അനക്കിപ്പോ എന്താണിവിടെ പണി’’ എന്നു കേട്ടുകൊണ്ടേയിരിക്കുന്ന, കുട്ടികൾ മൂത്രമൊഴിച്ച കിടക്ക താങ്ങി പുറത്തിട്ട് ഉണക്കിയെടുക്കേണ്ട ഉത്തരവാദിത്തം അർപ്പിതമായ, അതിൽ നായ് മൂത്രമൊഴിച്ചാലും അതിന്റെ കുറ്റം തന്റെ തലയിൽ വീഴുന്ന, അടുക്കളത്തിണ്ണയിൽ ഒറ്റക്കിരുന്ന് ഭക്ഷണം കഴിക്കേണ്ടി വരുന്ന, ഉച്ചനമസ്കാരം നഷ്ടമാവാതിരിക്കാൻവേണ്ടി ഓടിക്കിതച്ച് കുളിച്ചെന്നു വരുത്തി ഓടി നിസ്കാരപ്പായയിൽ കയറുന്ന, ‘കെട്ടിക്കൊണ്ടു വന്ന പൊരയാണ് ഇനി സ്വന്തം പൊര’ എന്നു വിശ്വസിപ്പിച്ചു, ആ പൊരയെ സ്വന്തം പൊരപോലെ കണ്ടാലും, പുട്ടിന് തേങ്ങ ഇടുംപോലെ സകല സംഭാഷണങ്ങളിലും ‘ഇത് നിന്റെ പൊരയല്ല’ എന്നു കേൾക്കേണ്ടിവരുന്ന നൂറായിരം പെണ്ണുങ്ങളിൽപെട്ട ഒരു പെണ്ണിന്റെ ജീവിതം. പക്ഷേ, ഈ നൂറായിരത്തിലെ ഓരോ പെണ്ണിനും അവരുടെ ജീവിതവും ഓരോ ദിവസവും അസാധാരണം തന്നെയാണ്.
ഒരു സാധാരണ മുസ്ലിം പെണ്ണ് തന്റെ പിതൃദായക ചുറ്റുപാടിനോട് ദൈനംദിന ജീവിതത്തിൽ നടത്തുന്ന സൂക്ഷ്മമായ പ്രതിരോധങ്ങളെ വളരെ ശക്തമായി ഈ സിനിമ ചർച്ചചെയ്യുന്നുണ്ട്. വലിയ മുദ്രാവാക്യങ്ങളും സമരങ്ങളും വളരെയധികം പ്രകടമായ മറ്റു മാർഗങ്ങളും ഉപയോഗിച്ച് നടത്തുന്ന പ്രതിരോധങ്ങളെയും, വിലപേശലുകളെയും മാത്രം പ്രതിരോധങ്ങളായി മനസ്സിലാക്കപ്പെടുമ്പോൾ ഇത്തരം ബാഹ്യമായ ഒച്ചപ്പാടുകൾ ഇല്ലാതെ ബാഹ്യ സമൂഹത്തിന് അത്ര പ്രകടമല്ലാത്ത സൂക്ഷ്മ പ്രവർത്തനങ്ങളുടെ ചെറുത്തുനിൽപ്പിന്റെയും കൂടിയാലോചനകളുടെയും രാഷ്ട്രീയം വളരെ കൃത്യമായി ചർച്ചചെയ്യുന്നു എന്നതാണ് ഈ സിനിമയുടെ പ്രസക്തിയും.
ഫെമിനിച്ചി ഫാത്തിമ എന്ന പേര് പോലും ആ ഒരർഥത്തിൽ കൃത്യമായി രാഷ്ട്രീയം ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. തങ്ങൾ നേരിടുന്ന ഇമ്മിണി വലിയ പ്രശ്നങ്ങൾക്ക് പിന്നിലെ വലിയ വലിയ തിയറികളെയൊന്നും മനസ്സിലാക്കാതെ തന്നെ തങ്ങളുടേതായ രീതിയിൽ പ്രതിരോധിക്കുകയും, വിലപേശുകയും ചെയ്യുന്ന സ്ത്രീകൾ നമുക്ക് ചുറ്റിലുമുണ്ട്. മുഖ്യധാരാ ഫെമിനിസമോ, നമ്മുടെ പൊതുസമൂഹമോ ഇത്തരം സൂക്ഷ്മപ്രവർത്തനങ്ങൾ ചെറുത്തുനിൽപായോ, വ്യവസ്ഥയോടുള്ള വിലപേശലായോ സാധാരണഗതിയിൽ മനസ്സിലാക്കാറില്ല. സിനിമയിൽ ഉടനീളം ഇത്തരം ദിനംദിനം വിലപേശലുകളുടെയും സൂക്ഷ്മ രാഷ്ട്രീയം നന്നായി ചർച്ചചെയ്യുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ഫാത്തിമ നല്ല ഒന്നാം നമ്പർ ഫെമിനിസ്റ്റാണ്. നിങ്ങൾ ചുറ്റുപാടും കാണുന്ന നൂറായിരം ഫാത്തിമകളിലും ഇത്തരം ഫെമിനിസ്റ്റുകളുണ്ട്. നിങ്ങളും പൊതു ലോകവും അതത്ര ഗൗനിക്കുന്നില്ലെന്ന് മാത്രം.
അയൽവക്കത്തെ സ്ത്രീകളുടെ പരസ്പരമുള്ള ഐക്യവും സാഹോദര്യവും ചിത്രീകരിച്ച രീതി പ്രസക്തമായി തോന്നി. കെട്ടിക്കൊണ്ടു വന്നതുകൊണ്ട് ഒരേ പ്രദേശത്ത് ജീവിക്കുന്ന സ്ത്രീകൾ അങ്ങോട്ടും ഇങ്ങോട്ടും നടത്തുന്ന കൊടുക്കൽവാങ്ങലുകളും ജീവിതം മെച്ചപ്പെടുത്താൻ അവർ പരസ്പരം നടത്തുന്ന സപ്പോർട്ടും അതുവഴി ഉണ്ടാവുന്ന ഒരു പിന്തുണസംവിധാനവും വളരെ ശക്തമായി കരുതലിന്റെ രാഷ്ട്രീയം കാണിക്കുന്നുണ്ട്. മലപ്പുറം ജില്ലയുടെ ഗ്രാമപ്രദേശങ്ങളിൽ കെട്ടിച്ചു കൊണ്ടുവന്ന പെണ്ണുങ്ങൾക്കിടയിൽ രൂപപ്പെടുന്ന ഈ ബന്ധം കല്യാണം കഴിഞ്ഞു കൊണ്ടുവന്ന് കാലങ്ങൾ കഴിഞ്ഞാലും നിലനിൽക്കുന്ന ഒരു അന്യഥാബോധത്തിൽ ജീവിക്കുന്ന സ്ത്രീകളുടെ നിലനിൽപിന് ശക്തമായ ഒരു പങ്കുവഹിക്കുന്നു എന്നത് യാഥാർഥ്യമാണ്. ആ പ്രദേശത്ത് ജീവിച്ചുവളർന്ന മനുഷ്യന്മാർക്ക് മനസ്സിലാവാത്ത അന്യഥാബോധവും അരികുവത്കരിക്കപ്പെട്ടവരുടെ അനുഭവങ്ങളും പങ്കിടുന്ന ഒരുകൂട്ടം കൂടിയാണ് അയൽവക്കത്തെ മരുമക്കൾ. അവർക്ക് മാത്രം മനസ്സിലാവുന്ന പലതരം അനുഭവങ്ങൾ ഉണ്ടാവും. അതുകൊണ്ട് തന്നെയാണ് അവരുടെ കൊടുക്കൽ വാങ്ങലുകൾ പ്രസക്തമാവുന്നത്.
ഉപ്പും മുളകും പഞ്ചസാരയും തക്കാളിയും മുട്ടയും മാത്രമല്ല, അരിയുടെ ഉള്ളിലും, അടുക്കളയിലെ റാക്കിന്റെ മുകളിലെ പാട്ടയിൽ എടുത്തുവെച്ച പൈസയും അടിയന്തര ഘട്ടത്തിൽ അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തും വാങ്ങിയും, അവർ ഉണ്ടാക്കിയെടുക്കുന്ന പിന്തുണ സംവിധാനം (supporting system) അവരുടെ ജീവിതത്തിൽ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. ഫാത്തിമയെപ്പോലെയുള്ള നൂറായിരം സ്ത്രീകളുടെ ജീവിതത്തിൽ ബെൽ ഹൂക് പറഞ്ഞപോലെ അതൊരു ചെറുത്തുനിൽപിന്റെ കൂട്ടായ ധാർമികതകൂടിയാണ്. സിനിമയിൽ, ഈ പിന്തുണ സംവിധാനം, പല അവസരങ്ങളിലും പാട്രിയാർക്കിയെ വളരെ സൂക്ഷ്മവും അദൃശ്യമായ രീതിയിൽ പ്രതിരോധിക്കാനുള്ള ഒരു ടൂളായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. അയൽവീട്ടിലെ സുഹ്റത്ത ഫാത്തിമക്ക് എങ്ങനെയെങ്കിലും കിടക്ക എത്തിച്ച് കൊടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഗൾഫിൽനിന്നും ലഭിക്കുന്ന കോഴിയടയുടെ ഓർഡർ പൂർത്തിയാക്കേണ്ടതിന്റെ ഭാഗമായി ഫാത്തിമയെ കൂട്ടുവിളിക്കുകയും, അതിനുവേണ്ട കൂലി കൊടുക്കുകയും ചെയ്യുന്നത്, ഒരു ചെറുതുകപോലും എവിടെനിന്നും ലഭിക്കാനുള്ള മറ്റു വഴികളില്ലാത്ത ഫാത്തിമക്ക് പണം ആവശ്യമുണ്ടെന്ന മനസ്സിലാക്കലിൽനിന്നാണ്.
ജോലിയുടെ കൂലി കൊടുക്കാൻ ഒരുങ്ങിയ സുഹ്റത്ത, ഉടനെ അതു തിരിച്ചുവാങ്ങുകയോ ‘‘അല്ലെങ്കിൽ വേണ്ട, അന്റെ കയ്യിൽ നിൽക്കൂല, ഇത് അന്റെ തന്നെ കുറിയുടെ പൈസ കൊടുക്കാൻ ഞാൻ തന്നെ എടുത്ത് വയ്ക്കാം” എന്നു പറയുന്നതും കാണാം. വിവാഹം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക്ക് പോരുന്ന ഒരു സ്ത്രീക്ക് നാശബോധം തോന്നുന്ന ഒരു ജ്യേഷ്ഠത്തിയുടെ കരുതലും ആ പ്രവൃത്തിയിലുണ്ട്. അയൽക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളെ പരിഹസിച്ച് തള്ളുന്ന നമ്മുടെ പൊതുസമൂഹവും, കുടുംബങ്ങളിലെ പൈസക്കാരായ ആണുങ്ങളും പക്ഷേ ഈ മൈക്രോ സേവിങ്സ് കൊണ്ട് സ്ത്രീ ഉണ്ടാക്കുന്ന മാറ്റങ്ങളെ വേണ്ടത്ര ഗൗരവത്തിൽ കാണാറില്ല. എന്നാൽ, അതേ കൂട്ടർ അതേ മൈക്രോ സേവിങ്സിന്റെ ഫലമായി ഉണ്ടാകുന്ന സൗകര്യങ്ങൾ അനുഭവിക്കുന്നതിന്റെ ഉദാഹരണങ്ങൾ നിരവധിയാണ്.
അയൽവാസിയായ സ്ത്രീകളെ കൂട്ടി ഒരു കുറി നടത്തുന്ന ഫാത്തിമയോട് സ്വന്തം മാപ്പിള പുച്ഛത്തോടെ ചോദിക്കുന്നുണ്ട്, “പൊരയിൽ കുത്തിരിക്കുന്ന അനക്ക് എന്തിനാ ഇത്ര പൈസ?” കിടക്കാൻ ഒരു കിടക്ക വേണമെന്നും നടു വേദനിച്ചിട്ട് വയ്യെന്നും പറഞ്ഞ് ഫാത്തിമ അയാളുടെ അടുത്ത് ചെല്ലുമ്പോൾ അവൾക്കു ലഭിക്കുന്നത് അവഗണനയും പരിഹാസവുമാണ്. എന്നാൽ അതേ ഭർത്താവ് ഫാത്തിമ കുറി വെച്ചു കിട്ടിയ കാശുകൊണ്ട് പുതിയ കിടക്ക വാങ്ങിക്കൊണ്ടു വരുമ്പോൾ ഒന്നും പറയാതെ നോക്കിനിൽക്കുന്നുണ്ട്. മക്കളുടെ പഠനം, വിവാഹം, വീടുപണി തുടങ്ങി നിരവധി വീട്ടുകാര്യങ്ങൾക്ക് ഇതുപോലെ അയൽവക്കത്ത് കുറിവെച്ചും, അയൽക്കൂട്ട ചിട്ടി പിടിച്ചും കുടുംബത്തിന്റെ നിർണായക സാഹചര്യത്തിൽ ശക്തമായി സാമ്പത്തിക സഹായം ചെയ്യുകയോ അല്ലെങ്കിൽ സാമ്പത്തികമായി പൂർണമായി ഏറ്റെടുക്കുകയോ ചെയ്യുന്ന നിരവധി സാധാരണക്കാരികളായ സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ, ഇതേ സാമ്പത്തികമായ പങ്കിനെ എങ്ങനെയാണ് കുടുംബവും വിശിഷ്യാ ‘വീട് എന്റേതാണ്’ എന്നു വാദിക്കുന്ന പുരുഷന്മാരും നോക്കിക്കാണാറുള്ളത് എന്നത് ചർച്ചചെയ്യേണ്ട ഒരു വിഷയവുമാണ്.
ശക്തമായ മുസ്ലിം പശ്ചാത്തലത്തിൽ ജീവിക്കുന്ന ഒരു കുടുംബത്തിലെ സ്ത്രീയുടെ കഥ എന്ന രീതിയിലും, മതം പഠിപ്പിക്കുകയും, മതപരമായ കർമങ്ങൾക്ക് ചുക്കാൻപിടിക്കുകയും ചെയ്യുന്ന ഒരു മുസ്ലിയാരുടെ അധികാരത്തിൽ ജീവിക്കുന്ന സ്ത്രീയുടെ കഥ എന്ന നിലയിലും ഈ സിനിമ ഇസ്ലാം മത നിയമങ്ങളുടെ അടിസ്ഥാനത്തിൽ വേറെതന്നെ ചർച്ച ആവശ്യപ്പെടുന്നുണ്ട്. വിശദമായ അത്തരത്തിലുള്ള ഒരു ചർച്ച ഇവിടെ ഉദ്ദേശിക്കുന്നില്ല. എന്നിരുന്നാലും വിവാഹം കഴിച്ച തന്റെ ഇണയോട് ഏറ്റവും മാന്യമായി പെരുമാറുകയും, ഏറ്റവും നല്ലരീതിയിൽ അവളെ സംരക്ഷിക്കുകയും ചെയ്യണമെന്ന ഇസ്ലാമിക വിവാഹ ജീവിതത്തിന്റെ അടിസ്ഥാന നിഷ്കർഷയിൽനിന്നും പാടെ മാറി തന്റെ അധികാരം നടപ്പാക്കാനുള്ള ഒരു ടൂളായി മാത്രം ഇസ്ലാമിനെ മനസ്സിലാക്കുന്ന ഒരു മുസ്ലിയാരുടെ ചിത്രീകരണം മുസ്ലിം പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന പല സിനിമകളുടെയും നോവലുകളുടെയും അതേ വാർപ്പ് മാതൃകയിൽ തന്നെയുള്ളതാണ്. എങ്കിലും സകല ചർച്ചകൾക്കുമപ്പുറവും, സാമ്പത്തിക ഉത്തരവാദിത്തത്തിൽ അങ്ങേയറ്റം വീഴ്ച വരുത്തുകയും, വീട്ടിലെ സ്ത്രീകളുടെ പ്രാഥമിക ആവശ്യങ്ങളെപ്പോലും കണക്കുപറഞ്ഞു തള്ളിമാറ്റുകയും ചെയ്യുന്ന നിരവധി മുസ്ലിം കുടുംബങ്ങളിലെ സ്ത്രീകളെ തന്നെ അറിയുകയും കേൾക്കുകയും ചെയ്യുന്നതുകൊണ്ട് ഇതേ വാർപ്പ് മാതൃകയിലാണെങ്കിൽപോലും മുസ്ലിം സമുദായം ചർച്ച ചെയ്യേണ്ട നിർണായക കാര്യങ്ങൾ സിനിമ മുന്നോട്ടുവെക്കുന്നുെണ്ടന്നു തന്നെയാണ് എന്റെ പക്ഷം.
സ്ത്രീകളുടെ ശാരീരികാധ്വാനത്തെയും അതവരുടെ ശരീരത്തിൽ ഉണ്ടാക്കുന്ന, ദീർഘകാലം നീണ്ടുനിൽക്കുന്ന വേദനയെയും നമ്മുടെ കുടുംബങ്ങൾ അവരുടെ സൗകര്യത്തിനുവേണ്ടി സാമാന്യവത്കരിക്കയും ചെയ്യുന്നുണ്ട്. തുടരത്തുടരെ നടുവേദന പറയുന്ന ഫാത്തിമയെ വീട്ടിലുള്ള ആരുംതന്നെ കേൾക്കുന്നില്ല. ചിലപ്പോഴൊക്കെ കിടക്ക വാങ്ങിത്തരാനുള്ള അവളുടെ ഒാരോരോ കാരണങ്ങളായി അത് അഷ്റഫും അയാളുടെ ഉമ്മയും മനസ്സിലാക്കുന്നുണ്ട്. ഓരോ രാത്രിയും ഫാത്തിമ തന്റെ പുൽപായയിൽ നടുനിവർത്തി കിടക്കാൻ ശ്രമിക്കുമ്പോൾ അവൾ പ്രകടിപ്പിക്കുന്ന ഞെരുക്കവും വേദനയും കാണുമ്പോൾ അത് അങ്ങനെ തന്നെ മനസ്സിലാവാത്ത മധ്യവയസ്കരായ സ്ത്രീകൾ വളരെ കുറവായിരിക്കും.
രണ്ടും മൂന്നും അതിൽ കൂടുതലും പെറ്റു വീട്ടിലെ സകല പണികളും, മറ്റുള്ളവരെ പരിപാലിക്കലും പിന്നെ സകല കുറ്റങ്ങളും പേറുന്ന സ്ത്രീകൾക്ക് അതിന്റെ സകല മാനസികവും ശാരീരികവുമായ വേദനകൾ വന്നുചേരുക അവളുടെ നടുവിലും കാലിലുമാണ്. ആ നടുവും കാലുംവെച്ച് ഓടിയോടി അവസാനം വയ്യാതാവുമ്പോൾ നോക്കണമെങ്കിൽ മറ്റൊരു പെണ്ണ് പലപ്പോഴും മരുമകളായി വന്നു ഇതുപോലെ നടുവും കാലും അടിയറവുവെച്ച് പണിയെടുക്കണം എന്ന് പ്രതീക്ഷിക്കുന്ന കുടുംബങ്ങൾ ധാരാളമുള്ള സമൂഹത്തിലാണ് നമ്മളിപ്പോഴും ജീവിക്കുന്നത്. തലമുറകളായി പൊരപ്പണി കൈമാറി എടുക്കുന്ന പെണ്ണുങ്ങൾക്ക് നടുവേദനയും കാലുവേദനയും എമ്പാടും വരുമ്പോഴും ഈ വേദനകളെ പായ്യാരംപറച്ചിലോ പെണ്ണിന്റെ മടിയോ ആയി കണക്കാക്കാതെ അതിന്റെ പിന്നിലെ മാനസികവും ശാരീരികവുമായ കാരണങ്ങളെ വേദനസമയത്ത് ഗൗരവതരമായി കണക്കിലെടുക്കുന്ന എത്ര വീടുകളുണ്ട് നമുക്ക് ചുറ്റിലും?
വളരെ സൂക്ഷ്മമായ രീതിയിൽ ലിംഗരാഷ്ട്രീയം പറയുന്ന ഈ സിനിമയിലെ ഓരോ അഭിനേതാവും വൃത്തിയായി അവനവന്റെ ജോലിചെയ്തിട്ടുണ്ട്. സാധാരണ അഭിനേതാക്കൾക്ക് പാളിപ്പോവാൻ സാധ്യതയുള്ള തീരപ്രദേശ മലപ്പുറം ഭാഷയും മികവാർന്ന രീതിയിൽ അഭിനേതാക്കൾ കൈകാര്യംചെയ്തിട്ടുണ്ട്. ഫാത്തിമയായി അഭിനയിച്ച ഷംല ഹംസ പ്രതീക്ഷക്ക് വക തരുന്ന ഒരു അഭിനേത്രിയാണെന്നതിൽ സംശയമില്ല. എന്നാൽ, ഭാഷയും പശ്ചാത്തലവും മലബാറിന്റെ തീരപ്രദേശത്തിന്റേതാണ് എന്ന ഒരൊറ്റ കാര്യംകൊണ്ട് ‘പൊതു’മലയാളികൾക്ക് മനസ്സിലാവില്ല എന്ന സ്ഥിരം ഭൂരിപക്ഷരുടെ വിമർശനം ഉണ്ടാവാനും സാധ്യതയുണ്ട്.
===================================
(മാപ്പിള മുസ്ലിം സ്ത്രീകളുടെ മാതൃത്വ വ്യവഹാരങ്ങളെക്കുറിച്ച് ഗൗരവമായ പഠനം നടത്തിയിട്ടുള്ള ഗവേഷകയാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.