പരീക്ഷണവും സാഹസികതയും ഒരുമിച്ച്

ചിത്രീകരണ സമയത്തും അതിനുവേണ്ട ഒരുക്കത്തിലും നേരിടേണ്ടിവന്ന വെല്ലുവിളികളെ കുറിച്ചും സിനിമയിലെ പുതുപ്രതീക്ഷകളെ കുറിച്ചും സംസാരിക്കുകയാണ് ഈ ലക്കത്തിൽ മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകൻ സാലു ജോർജ്. ആത്മഭാഷണത്തിന്‍റെ അവസാന ഭാഗം. കാടിന്‍റെ വന്യതയിൽ ചിത്രീകരിച്ച ‘ദി ഗാർഡ്’ സാഹസികതയും പരീക്ഷണങ്ങളും സിനിമയിൽ പുത്തരിയല്ലെങ്കിലും ജീവനുതന്നെ ഭീഷണിയാകുന്ന സാഹചര്യത്തിൽ പ്രവർത്തിക്കേണ്ടിവരുന്ന സന്ദർഭത്തെ കുറിച്ച് പറയാതെ ഈ ആത്മഭാഷണം പൂർണമാവില്ലെന്നാണ് കരുതുന്നത്. അത്തരം ചില സിനിമാനുഭവങ്ങളെ കുറിച്ച് ചുരുക്കത്തിലൊന്ന് പറഞ്ഞുനിർത്താം. ഏക കഥാപാത്ര സിനിമ എന്നത് 2001 വരെ മലയാള സിനിമക്ക്...

ചിത്രീകരണ സമയത്തും അതിനുവേണ്ട ഒരുക്കത്തിലും നേരിടേണ്ടിവന്ന വെല്ലുവിളികളെ കുറിച്ചും സിനിമയിലെ പുതുപ്രതീക്ഷകളെ കുറിച്ചും സംസാരിക്കുകയാണ് ഈ ലക്കത്തിൽ മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകൻ സാലു ജോർജ്. ആത്മഭാഷണത്തിന്‍റെ അവസാന ഭാഗം.

കാടിന്‍റെ വന്യതയിൽ ചിത്രീകരിച്ച ‘ദി ഗാർഡ്’

സാഹസികതയും പരീക്ഷണങ്ങളും സിനിമയിൽ പുത്തരിയല്ലെങ്കിലും ജീവനുതന്നെ ഭീഷണിയാകുന്ന സാഹചര്യത്തിൽ പ്രവർത്തിക്കേണ്ടിവരുന്ന സന്ദർഭത്തെ കുറിച്ച് പറയാതെ ഈ ആത്മഭാഷണം പൂർണമാവില്ലെന്നാണ് കരുതുന്നത്. അത്തരം ചില സിനിമാനുഭവങ്ങളെ കുറിച്ച് ചുരുക്കത്തിലൊന്ന് പറഞ്ഞുനിർത്താം. ഏക കഥാപാത്ര സിനിമ എന്നത് 2001 വരെ മലയാള സിനിമക്ക് അന്യമായിരുന്നു. എല്ലാ വേഷത്തിലും ഒരാൾ മാത്രം അഭിനയിക്കുക എന്നത് പരീക്ഷണശ്രമം എന്നതിനപ്പുറം ഏറെ വെല്ലുവിളി ഉയർത്തുന്ന ദൗത്യംകൂടിയാണ്.

മലയാള സിനിമയില്‍ നടന്‍, സഹ സംവിധായകന്‍, സംവിധായകന്‍ എന്നീ നിലകളില്‍ സാന്നിധ്യമറിയിച്ച ഹക്കീം എന്ന ഹക്കീം റാവുത്തർ സംവിധാനംചെയ്ത സിനിമയാണ് ‘ദി ഗാർഡ്’. കൊച്ചിന്‍ കലാഭവനിലെ ആദ്യകാല മിമിക്രി കലാകാരന്മാരില്‍ ഒരാളാണ് ഹക്കീം. തൊണ്ണൂറുകളുടെ തുടക്കത്തിൽ കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കുള്ള ആദ്യത്തെ മിമിക്രി ശിൽപശാല കോട്ടയം ജവഹര്‍ ബാലഭവനില്‍ വെച്ച് സംഘടിപ്പിച്ചത് ഹക്കീമായിരുന്നു. തരംഗിണി മ്യൂസിക്സ് പുറത്തിറക്കിയ ഓണപ്പാട്ടുകളില്‍ ഏറെ ജനപ്രീതിയാർജിച്ച ‘‘മാമാങ്കം പലകുറി..’’ എന്ന ഗാനത്തിന്റെ തുടക്കത്തിലുള്ള പശ്ചാത്തല സംഗീതത്തിലെ കുതിരക്കുളമ്പടികളുടെ ശബ്ദം ഹക്കീമിന്റെകൂടി അനുകരണ വൈദഗ്ധ്യമായിരുന്നു. കൂടാതെ യേശുദാസ് ഉൾപ്പെടെയുള്ളവരുടെ സ്റ്റേജ് പരിപാടികൾക്കു മുന്നോടിയായി ഹക്കീമിന്‍റെ മിമിക്രി അവതരണവും പതിവായിരുന്നു.

സംവിധായകൻ ജയരാജിന്റെ അസിസ്റ്റന്റും പിന്നീട് അസോസിയേറ്റ് ഡയറക്ടറുമായ ഹക്കീം, ജയരാജ് സംവിധാനംചെയ്ത് 1991ൽ പുറത്തിറങ്ങിയ ‘ആകാശക്കോട്ടയിലെ സുല്‍ത്താന്‍' എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ജയരാജിന്റെ ഒട്ടുമിക്ക സിനിമകളിലും മറ്റു സംവിധായകരുടെ സിനിമകളിലും ചെറുവേഷങ്ങളില്‍ ഹക്കീം തിളങ്ങിയിട്ടുണ്ട്. ‘മന്ത്രമോതിരം’, ‘തിളക്കം’, ‘പട്ടണത്തില്‍ സുന്ദരന്‍’, ‘വെട്ടം’ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾചെയ്തു. സെറിബ്രൽ ഹെമറേജ് സംഭവിച്ചതിനെ തുടർന്ന് 2013 സെപ്റ്റംബർ അഞ്ചിനാണ് സ്വദേശമായ കോട്ടയത്തുവെച്ച് ഹക്കീം മരണപ്പെട്ടത്.

2001ൽ കലാഭവൻ മണിയെ ഏക കഥാപാത്രമാക്കി ഹക്കീം ഒരുക്കിയ ‘ദി ഗാർഡി’ന്‍റെ കാറമ ചലിപ്പിച്ചത് ഈയുള്ളവനാണ്. ജയരാജിന്‍റെ ഭാര്യ സബിതയുടെ കഥക്ക് ഹക്കീം തിരക്കഥയെഴുതി സബിതയും കെ.എസ്.എഫ്.ഡി.സിയും ചേർന്നാണ് ചിത്രം നിർമിച്ചത്. പാലക്കാട് പറമ്പിക്കുളം ഭാഗത്ത് പൊള്ളാച്ചിയിൽനിന്ന് ഏകദേശം 40 കിലോമീറ്റർ ദൂരം ചെന്നുള്ള ഉൾക്കാട്ടിലാണ് ഈ സിനിമ ചിത്രീകരിച്ചത്. പൊള്ളാച്ചിയിൽനിന്ന് യാത്ര തിരിച്ചാൽ പിന്നെ ആൾപ്പാർപ്പുള്ള ഇടമെത്തണമെങ്കിൽ പറമ്പിക്കുളമെത്തണം. ഇടക്കുള്ളത് ചെക്ക്പോസ്റ്റുകൾ മാത്രം.

പറമ്പിക്കുളത്തെ കേരള ഗെസ്റ്റ് ഹൗസിലാണ് താമസത്തിന് ഏർപ്പാട് ചെയ്തിരുന്നത്. ഞാനും ഹക്കീമും ഇന്ന് സംവിധായകനായ ജിബു ജേക്കബുമടക്കം കുറച്ച് അസിസ്റ്റന്‍റുമാരുമാണ് അവിടെ താമസിച്ചത്. എന്നാൽ നടൻ കലാഭവൻ മണിക്ക് താമസസ്ഥലം കിട്ടിയത് തമിഴ്നാട്ടിലെ ഒരു ഗെസ്റ്റ് ഹൗസിലാണ്. സിനിമയുടെ മൊത്തം ടീമുമായി ചിത്രീകരണ ലക്ഷ്യത്തോടെ പുറപ്പെട്ട ഞങ്ങൾ രാത്രിയോടെയാണ് പറമ്പിക്കുളത്തെത്തിയത്. നേരെ ചെന്നത് കേരള ഗെസ്റ്റ് ഹൗസിലേക്കാണ്. അവിടത്തെ വാച്ച് മാൻ ഞങ്ങൾക്കുവേണ്ട സൗകര്യമെല്ലാം ഒരുക്കിയിരുന്നു. സാധനസാമഗ്രികൾ റൂമുകളിൽ എടുത്തുവെച്ച് വിശ്രമിക്കാനൊരുങ്ങിയ ഞങ്ങളോട് വാച്ച് മാൻ പറഞ്ഞു. ‘‘സാറേ കുറച്ച് കുഴപ്പം പിടിച്ച സമയത്താണല്ലോ നിങ്ങളുടെ വരവ്.’’ എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ പുള്ളി തലേ ദിവസങ്ങളിൽ നടന്ന ചില അനിഷ്ട സംഭവങ്ങൾ ഞങ്ങൾക്ക് മുന്നിൽ വിവരിച്ചു.

ഞങ്ങൾ എത്തിയതിന്‍റെ തൊട്ടുതലേ ദിവസം കാട്ടിലേക്ക് തേനെടുക്കാൻ പോയ ആദിവാസി യുവാവിനെ തേൻ എടുത്തോണ്ടിരിക്കെ കരടി പിടിച്ചു. കണ്ണും ചെവിയുമടക്കം ശരീരത്തിന്‍റെ ഒരുവശം മൊത്തത്തിൽ കരടി വലിച്ച് പറിച്ചോണ്ടു പോയെന്നും അയാളെ പിന്നീട് എല്ലാരും ചേർന്ന് രക്ഷപ്പെടുത്തി പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും വാച്ച്മാൻ പറഞ്ഞു.

ഇത് കേട്ടതോടെ പാതിജീവൻ പോയ അവസ്ഥയിലായി ഞങ്ങൾ. ഷൂട്ടിങ്ങും വേണ്ട, സിനിമയും വേണ്ട, ജീവൻ ബാക്കിയായാൽ മതിയെന്ന ചിന്തയിലായി ഷൂട്ടിങ് സംഘം. എന്നാൽ, സിനിമ ആയതുകൊണ്ട് മുടക്കുമുതൽ നഷ്ടമാകുന്ന സാഹചര്യം വരുമെന്നതിനാൽ മടങ്ങിപ്പോകൽ അപ്രാപ്യമായിരുന്നു.

ഭീതിജനകമായ നിമിഷത്തിലൂടെ കടന്നുപോകവെ, ഞങ്ങളു​െട അടുത്തേക്ക് വേറൊരാൾ വന്നിട്ട് മറ്റൊരു സംഭവം പറഞ്ഞു. ‘‘സാറെ, മിനിഞ്ഞാന്ന് ഒരു സായിപ്പ് ഇവിടെ വന്നിരുന്നു. വന്നശേഷം അയാൾ, ഫോറസ്റ്റ് ഗാർഡുമാ​േരാടോപ്പം രാജവെമ്പാലയുടെ ഫോട്ടോ എടുക്കാനായി കാട്ടിലേക്ക് തിരിച്ചു. രാജവെമ്പാലയെ കണ്ടെത്തി ഫോട്ടോസ് എടുക്കവെ കാമറയുടെ ഫ്ലാഷ് ലൈറ്റ് പാമ്പിന്‍റെ കണ്ണിൽതട്ടി അതിന് പ്രകോപനമുണ്ടായി. അത് കണ്ട് ഗാർഡുമാർ ഫോട്ടോയെടുപ്പ് നിർത്തി തിരിച്ചു​േപാരാൻ പറഞ്ഞെങ്കിലും അയാൾ കൂട്ടാക്കിയില്ല. സായിപ്പ് ഒന്നുകൂടെ പാമ്പിന്‍റെ അടുത്തേക്ക് ചെന്ന് വീണ്ടും ഫോട്ടോസ് എടുക്കാൻ തുടങ്ങി. അപ്പോഴും പാമ്പ് പത്തിവിടർത്തി അടുത്തേക്ക് ആഞ്ഞെങ്കിലും അയാൾ പിന്തിരിഞ്ഞില്ല. മൂന്നാമതും അടുത്തേക്ക് നീങ്ങി ഫോട്ടേയെടുക്കവെ രാജവെമ്പാല ഉഗ്രനൊരു കൊത്ത് വെച്ചുകൊടുത്തു. കടിയേറ്റ സായിപ്പ് ആ നിമിഷംതന്നെ അവിടെ വെച്ച് മരിച്ചു. മൃതദേഹം അവിടെനിന്ന് മാറ്റിയിട്ടിട്ട് അധികനേരമായിട്ടില്ലെന്നുംകൂടി അയാൾ പറഞ്ഞതോടെ ആ നിമിഷംതന്നെ അവിടംവിട്ട് പോകണമെന്നായി ഞങ്ങളുടെ ചിന്ത. എന്നാൽ, നേരത്തേ പറഞ്ഞതുപോലെ വരാൻ പോകുന്ന സാമ്പത്തിക നഷ്ടത്തെ കുറിച്ചും പലർക്കും ജോലിയില്ലാത്ത അവസ്ഥ വരുന്നതിനെ കുറിച്ചും ഓർത്ത് അവിടെതന്നെ തുടരാൻ ഞങ്ങൾ നിർബന്ധിതരായി.

താമസം ഗെസ്റ്റ് ഹൗസിലായിരുന്നെങ്കിലും ഭക്ഷണസൗകര്യം അവിടെയുണ്ടായിരുന്നില്ല. ഗെസ്റ്റ് ഹൗസിന് തൊട്ടടുത്തായി ആന കടന്നുവരാതിരിക്കാൻ കിടങ്ങുകൾ ഉണ്ടാക്കിയിട്ടിട്ടുണ്ട്. അതിന് മുകളിൽ ഒറ്റത്തടിയിൽ നിർമിച്ച പാലമുണ്ട്. അത് കടന്നുചെന്നാൽ ഒരു കടയിലെത്താം. അവിടെയാണ്, ഞങ്ങൾക്ക് ഭക്ഷണം ഏർപ്പാട് ചെയ്തിരുന്നത്. രാത്രിയുടെ കൂരിരുട്ടിൽ ആ തടിപ്പാലം കടക്കൽ ഏറെ ബുദ്ധിമുട്ടാണെങ്കിലും വിശപ്പും ദാഹവും അലട്ടിയിരുന്ന ഷൂട്ടിങ് സംഘം ടോർച്ച് വെളിച്ചത്തിൽ മറുകര കടക്കാൻ തീരുമാനിച്ചു. ഭീതി പടർന്ന മനസ്സോടെ പാലത്തിനു മുകളിലേക്ക് ഞാനും ഹക്കീമും കാലെടുത്ത് വെച്ചതും കുറച്ച് ദൂരെ നിന്നായി വല്ലാത്തൊരു അലർച്ച കേട്ടു. പെട്ടെന്ന് കേട്ട ഒച്ചപ്പാടിൽ പരിഭ്രാന്തരായ ഞാനും ഹക്കീമും സംഘാംഗങ്ങളും വന്ന വഴി തിരിച്ചോടി. ഏകദേശം 300 മീറ്റർ ദൂരത്തിലാണ് ആ ഗെസ്റ്റ് ഹൗസും നടപ്പാലവും ഉണ്ടായിരുന്നത്. ചെറു ദൂരമാണെങ്കിലും ഓട്ടത്തിന്‍റെ വേഗതയിൽ വളരെ പെട്ടെന്നുതന്നെ ഞങ്ങൾ ഗെസ്റ്റ് ഹൗസിലെത്തി.

അവിടെയെത്തി കാര്യങ്ങൾ വാച്ച്മാനോട് വിവരിച്ചപ്പോൾ അയാൾ പറഞ്ഞത്, മാനുകളുടെയോ കാട്ടുപോത്തുകളുടെയോ മറ്റോ ഒച്ചയായിരിക്കുമെന്നാണ്. ഏതായാലും രാത്രി ഇനി ആ വഴി പോകണ്ടാന്ന് തീരുമാനിച്ച് ഭക്ഷണം ഒഴിവാക്കി ഗെസ്റ്റ് ഹൗസിൽ ആ രാത്രി കഴിച്ചുകൂട്ടി. പിറ്റേന്ന് കാലത്തുതന്നെ ഷൂട്ടിങ് പ്ലാൻ ചെയ്ത് ഞങ്ങളതിന്‍റെ നടപടികളിലേക്ക് തിരിഞ്ഞു. ഉൾക്കാട്ടിലാണ് ഷൂട്ട് എന്നതിനാൽ രാവിലെ നടന്ന് തുടങ്ങിയാൽ ലൊക്കേഷനിലെത്തുമ്പോഴേക്ക് 11 മണിയാകും. കാടിനു നടുവിലൂടെ ഇരുകര നിറഞ്ഞൊഴുകുന്ന വലിയൊരു പുഴയുമുണ്ട്. ബോട്ടോ ചങ്ങാടമോ മാത്രമാണ് മറുകരയിലേക്ക് എത്താനുള്ള ഏക മാർഗം.

ഫോറസ്റ്റ് ഗാർഡായി സർക്കാർ ജോലി ലഭിച്ച് വരുന്ന അപ്പുട്ടൻ നായർ (കലാഭവൻ മണി) എന്ന നായകൻ പുഴ കടന്ന് മറുകരയിലേക്ക് ബോട്ടിലൂടെ വരുന്നതാണ് സിനിമയുടെ ആദ്യ രംഗത്തിൽ കാണിക്കുന്നത്. മണിയോട് ബോട്ട് ഓടിക്കുന്നയാൾ കുശലാന്വേഷണങ്ങൾ ചോദിക്കുന്നുണ്ട്. എന്നാൽ ശബ്ദത്തിലൂടെ മാത്രമാണ് അയാളെ സിനിമയിൽ കാണിക്കുന്നത്. മണിയുടെ അമ്മ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടർന്ന് വരുന്ന കഥാപാത്രങ്ങൾ എന്നിവരെയും ശബ്ദത്തിലൂടെയാണ് സിനിമയിൽ കാണിച്ചിട്ടുള്ളത്. എന്നാൽ, അപ്പുട്ടൻ നായർക്ക് മുമ്പ് ആ ജോലി ചെയ്ത് ഒറ്റക്കൊമ്പന്‍റെ ആക്രമണത്തിൽ മരിച്ച ഫോറസ്റ്റ് ഗാർഡ് തോമാച്ചന്‍റെ റോളിൽ കലാഭവൻ മണിതന്നെയാണ് വേഷമിട്ടത്.

ഷൂട്ട് സംഘത്തിലെ 17 പേരും സഹായത്തിനായി വന്ന രണ്ട് ഫോ റസ്റ്റ് ഗാർഡുമാരുമടക്കം 19 പേരുടെ സംഘമാണ് ഞങ്ങളുടേത്. വന്യമൃഗങ്ങൾ വിഹരിക്കുന്ന പ്രദേശമായതിനാൽ ഷൂട്ടിങ് സെറ്റിന് സമീപത്തായി ആനക്കൂട്ടങ്ങൾ തമ്പടിച്ച് നിൽക്കുന്നത് കണ്ടു. അവയെ കണ്ട് ഭയപ്പാടിലായ ഞങ്ങളോട് ഗാർഡുമാർ, പേടിക്കേണ്ടെന്നും, ഉപദ്രവകാരികളല്ലെന്നും കൈയടി കേട്ടാൽ പിന്തിരിഞ്ഞ് പോകുമെന്നും പറഞ്ഞു. അങ്ങനെ അവർ തന്ന ധൈര്യത്തിലും ആത്മവിശ്വാസത്തിലും ഷൂട്ടിങ് നടപടികൾ പുരോഗമിച്ചു.

ഏകപാത്ര സിനിമ എന്നത് കാമറാമാൻ എന്നനിലയിൽ എന്നെയാണ് ഏറെ വലച്ചത്. മണിയുടെ ഓപ്പോസിറ്റ് നിന്ന് കാമറകൊണ്ട് അഭിനയിക്കേണ്ടതുള്ളതുകൊണ്ടുതന്നെ എന്‍റെ ചലനങ്ങളും നിർണായകമാണ്. സിനിമയിൽ മൃഗങ്ങളുമായുള്ള രംഗങ്ങളാണ് മണിക്ക് കൂടുതൽ അഭിനയിക്കേണ്ടിയിരുന്നത്. പിന്നെ, ഞാൻ ഒരുക്കിയ വില്ലന്‍റെ വ്യൂ പോയന്‍റ് പോലെയുള്ള കാമറയിലേക്ക് നോക്കിയുള്ളതും. വില്ലനുമായുള്ള സംഘട്ടന രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ കാമറയുടെ നേർക്ക് തിരിഞ്ഞുനിന്ന് മണി അഭിനയിക്കും. ആ സമയം ഞാൻ വില്ലന്‍റെ ചലനങ്ങൾക്ക് സമാനമായി കാമറ ചലിപ്പിക്കുകയും ആംഗിളുകൾ ഒരുക്കുകയുംചെയ്തു.

ഉദാഹരണത്തിന് ആറടി പൊക്കത്തിലുള്ള വില്ലനുമായാണ് മണിക്ക് എതിരിടേണ്ടി വരേണ്ടതെന്നതിനാൽ അതിന്‍റെ ഉയരത്തിനനുസരിച്ച് സ്റ്റൂളെടുത്ത് വെച്ച് അതിന് മുകളിൽ ഞാനും കാമറയും നിൽക്കും. മണി അപ്പോൾ കാമറയെ ഓപ്പോസിറ്റ് കഥാപാത്രമായി കണക്കാക്കി അഭിനയിക്കും. അതിൽതന്നെ കാട്ടിൽനിന്ന് മരം കടത്താൻ വരുന്ന വില്ലനെ വെടിവെക്കാൻ നോക്കി മണി പിറകെ ഓടുന്ന സീനുണ്ട്. ആ സീൻ എടുക്കവെ എന്‍റെ ജീവന് ഭീഷണിയായ ഒരു സംഭവമുണ്ടായി.

മണിക്ക് പിറകെ കാമറയുമായി ഞാൻ ഓടിക്കൊണ്ടിരിക്കെ പിറകിൽനിന്ന് ഗാർഡുമാർ സാറെ, സാറെ എന്ന് ഉറക്കെ വിളിക്കുന്നുണ്ട്. ഷോട്ടെടുക്കുന്നതിന്‍റെ ത്രില്ലിലായിരുന്ന ഞാൻ വിളി കേൾക്കാതെ മണിക്ക് മുന്നിൽ ഓടിയോടി ഉൾക്കാടിന്‍റെ ദൂരേക്കെത്തി. കഥാപാത്രമായി മണി എനിക്ക് പിറകെയുണ്ട്, അപകടം സംഭവിക്കാൻപോകുന്നു എന്ന മട്ടിൽ ഗാർഡുമാരും എന്‍റെ അടുത്തേക്ക് ഓടിവരുന്നുമുണ്ട്.

ധൃതിയിൽ അവർ എനിക്കരികിലെത്തി, എന്നെ ചേർത്തുപിടിച്ച് ഓട്ടം നിർത്തിപ്പിച്ചു. എന്നിട്ട് പറഞ്ഞു. ‘‘സാറെ കഴിഞ്ഞ ദിവസം ഇവിടെനിന്നാണ് സായിപ്പിനെ രാജവെമ്പാല കൊത്തിയത്, ആ പാമ്പ് പോയിട്ടുണ്ടാവില്ല.’’ വിറച്ച് പേടിച്ച എന്നെ ഗാർഡുമാർ ചേർന്ന് അവിടെനിന്ന് വലിച്ചിറക്കി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി. പാമ്പ് അപ്പോൾ അവിടെ ഉണ്ടോ, ഇല്ലേ എന്നറിയില്ലെങ്കിലും ജീവനുമേൽ പതിക്കാവുന്ന അപകടത്തെ ഒഴിവാക്കുകയെന്ന ചിന്തയിലാണ് അവരങ്ങനെ ചെയ്തത്.

പിന്നീട് ഷൂട്ടിങ് പുരോഗമിക്കവെ കാട്ടാനകൾക്ക് പുറമെ പുലി, കാട്ടുപോത്ത്, പുള്ളിമാൻ, കുരങ്ങ്, മലയണ്ണാൻ എന്നിവയെയും ഞങ്ങൾക്ക് കാണാനായി. സിനിമ ചിത്രീകരണത്തിന് വന്യമൃഗ ഭീഷണിയുണ്ടായില്ലെന്ന ആശ്വാസമുണ്ടായിരുന്നെങ്കിലും അതിസാഹസികത വേണ്ടുവോളമുണ്ടായിരുന്നു. വന്യമൃഗങ്ങളെ നിരീക്ഷിച്ചും പേടിച്ചുമുള്ള ചിത്രീകരണമായിരുന്നതിനാൽ തന്നെ മനസ്സിൽ ഭീതിയുടെ കറുത്തപുക നിറഞ്ഞിരുന്നു. ഷൂട്ടിങ് പാക്കപ്പ് ചെയ്ത് വീട്ടിലെത്തിയ ശേഷമാണ് സമാധാനത്തോടെ തലചായ്ക്കാനായത്.

മാക്ടയുടെ യോഗത്തിനിടെ ഇടത്തുനിന്ന് ഛായാഗ്രാഹകരായ എം.ഡി. സുകുമാരൻ, ആനന്ദകുട്ടൻ, കൃഷ്ണൻകുട്ടി, രാമചന്ദ്രബാബു, നമ്പ്യാതിരി, അനിൽ വെഞ്ഞാറംമൂട് എന്നിവർക്കൊപ്പം സാലു ജോർജ് (ഫയൽ)

 

വാണ്ടയാർ ഗ്രൂപ്പും മാന്ത്രികം സിനിമയും

സിനിമക്കുവേണ്ടി സംഘട്ടനങ്ങളും സാഹസികതയും ചിത്രീകരിക്കുമ്പോൾ കാമറക്ക് പിന്നിലുള്ളവർ സുരക്ഷിതരും മുന്നിലുള്ളവർ പരീക്ഷണവസ്തുവും എന്ന കാഴ്ചപ്പാട് പൊതുവെയുണ്ടെങ്കിലും ഏതൊരു സാഹസിക സന്ദർഭത്തെ അഭിമുഖീകരിക്കുമ്പോഴും അത് ആ സെറ്റിനെ ഒന്നാകെ ബാധിക്കുമെന്നതിനുള്ള ഉദാഹരണം എന്‍റെ കഴിഞ്ഞകാല സിനിമ അനുഭവങ്ങളിലൂടെ വ്യക്തമാക്കാൻ സാധിക്കും.

മോഹൻലാൽ, ജഗദീഷ്, രഘുവരൻ, രാജൻ പി. ദേവ്, ശ്രീനാഥ്, പ്രിയാരാമൻ, വിനീത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 1995ൽ തമ്പി കണ്ണന്താനം സംവിധാനംചെയ്ത ചിത്രമാണ് ‘മാന്ത്രികം’. ജൂലിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ തമ്പി കണ്ണന്താനം നിർമിച്ച ഈ ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചത് ബാബു പള്ളാശ്ശേരിയാണ്. ചെ​െന്നെയിലെ താരാമണിയിലുള്ള എം.ജി.ആർ ഫിലിം സിറ്റിയിലും മറ്റുമാണ് ഈ സിനിമയുടെ ചിത്രീകരണം നടന്നത്. ഞാൻ പഠിച്ച അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആണ് പിൽക്കാലത്ത് എം.ജി.ആർ ഫിലിം സിറ്റിയായി രൂപാന്തരപ്പെട്ടത്.

70 ഏക്കറിലധികം വിസ്തൃതിയുള്ള ഈ ഫിലിം സിറ്റിയിൽ ഗ്രാമീണ സ്ഥലങ്ങൾ, നഗരദൃശ്യങ്ങൾ, ചരിത്ര സ്മാരകങ്ങൾ തുടങ്ങി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളെ അനുകരിക്കുന്ന സൗകര്യങ്ങളും സെറ്റുകളുമുണ്ട്. ഫിലിം സിറ്റിയിലെത്തുന്ന സന്ദർശകർക്ക് ഗൈഡഡ് ടൂറുകൾ നടത്താനും സെറ്റ് നിർമാണം, വസ്ത്രാലങ്കാരം, സ്പെഷൽ ഇഫക്ടുകൾ എന്നിവയുൾപ്പെടെയുള്ള ചലച്ചിത്രനിർമാണ കല നേരിട്ട് കാണാനും സാധിക്കും. സാബു സിറിലാണ് ‘മാന്ത്രിക’ത്തിന്‍റെ ആർട്ട് ജോലികൾ ചെയ്തത്.

സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചത് തമിഴ്നാട്ടിലെ ചിദംബരത്തിനടുത്തുള്ള പിച്ചാവരം ദ്വീപിൽ വെച്ചാണ്. തമിഴ്നാടിന്റെ കിഴക്കുവശത്തുള്ള കടലൂർ ജില്ലയിലുള്ള പട്ടണമാണ് പിച്ചാവരം. 1100 ഏക്കറിൽ പടർന്നുകിടക്കുന്ന കണ്ടൽ കാടുകളുടെ തുരുത്താണ് ഇവിടത്തെ വലിയ പ്രത്യേകത. പശ്ചിമ ബംഗാളിലെ സുന്ദർബൻ കഴിഞ്ഞാൽ ലോ കത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കണ്ടൽക്കാട് പിച്ചാവരത്തിലേതാണെന്നാണ് പറയുന്നത്. ആയിരക്കണക്കിന് പക്ഷികളുടെ വിഹാരകേന്ദ്രംകൂടിയാണ് പിച്ചാവരം. നവംബർ മുതൽ ഫെബ്രുവരി വരെ മാസങ്ങളിൽ ഇവിടെ ദേശാടന പക്ഷികൾ എത്താറുണ്ട്.

പുഴ കടന്നുവേണം ദ്വീപിലേക്കെത്താൻ. വെളിച്ചത്തിന്‍റെയും മറ്റും പ്രശ്നങ്ങളും ഉള്ളതുകൊണ്ടുതന്നെ ദിവസവും വൈകീട്ട് 5.30ഓടെ ഷൂട്ടിങ് പൂർത്തിയാക്കണം. കൂടാതെ വേലിയിറക്കമുണ്ടായി കഴിഞ്ഞാൽ പിന്നെ ബോട്ടുസഞ്ചാരം പ്രയാസവുമാകും. അഞ്ചാറു ബോട്ടുകൾ ഷൂട്ടിങ്ങിനായി വാടകക്ക് എടുത്തിരുന്നു. സിനിമയിൽ വില്ലൻമാർ തടവിലാക്കിയവരെ മോചിപ്പിക്കാൻ മോഹൻലാൽ ബോട്ടിലൂടെ വരുന്നതും പിന്നീട് മോഹൻലാലും ജഗദീഷും സായുധസേനയും ചേർന്ന് ഗുണ്ടകളെ നേരിടുന്നതും തടവുകാരെ രക്ഷിക്കുന്നതുമെല്ലാം ഈ സ്ഥലത്തുവെച്ചാണ് ചിത്രീകരിച്ചത്.

ചിദംബരത്തെ കുപ്രസിദ്ധ മാഫിയ സംഘമായി വിലസിയിരുന്നവരാണ് വാണ്ടയാർ ടീം. അന്ന് ആ പ്രദേശം അവരുടെ കൈവശമായിരുന്നു. അവരുടെ അനുവാദമില്ലാതെ അങ്ങോട്ടേക്ക് പ്രവേശിക്കാനോ ഷൂട്ട് ചെയ്യാനോ സാധ്യമല്ലായിരുന്നു. ഷൂട്ടിങ്ങിനായി ചെന്നപാടെ തന്നെ അന്നാട്ടുകാർ ഞങ്ങളോട് ചോദിച്ചതാണ് വാണ്ടയാർ സംഘത്തിന്‍റെ അനുമതി തേടിയോ എന്ന്. എന്നാൽ, അങ്ങനെയൊരു കാര്യത്തെ കുറിച്ച് ഞങ്ങൾക്കാർക്കും ബോധ്യമുണ്ടായിരുന്നില്ല. അവരോട് അനുമതിക്കായി ശ്രമിച്ചിട്ടില്ലെന്നും സർക്കാറിന്‍റെ അനുമതി കൈയിലുണ്ടെന്നും സംവിധായകൻ തമ്പി കണ്ണന്താനം നാട്ടുകാരോട് പറഞ്ഞു. ഏതായിരുന്നാലും ഞങ്ങൾ അവിടെത്തന്നെ ഷൂട്ടിങ്ങുമായി മുന്നോട്ടുപോയി. പീച്ചാവരത്ത് ചിത്രീകരണം പുരോഗമിക്കവെ ഒരുദിവസം അങ്ങേ കരയിലെ ചിദംബരം ഏരിയയിൽ പത്തിരുപത് കാറുകൾ വന്ന് നിർത്തുന്നതും, അതിൽനിന്ന് വെള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ച കുറച്ചുപേർ പുറത്തേക്കിറങ്ങി നിൽക്കുന്നതും കണ്ടു.

അവരെ കണ്ടപാടെ ഷൂട്ടിങ് കാണാൻ വന്ന നാട്ടുകാർ തമ്പിച്ചേട്ടനോട് പറഞ്ഞു. ‘‘അവർ വാണ്ടയാർ സംഘത്തിൽപെട്ടവരാണ്. അനുമതി ചോദിക്കാതെ ഇവിടെ ഷൂട്ട് ചെയ്തത് ചോദിക്കാനാണ് അവരെത്തിയത്, ഇനിയാകെ പ്രശ്നമാകും.’’ നാട്ടുകാർ ഇങ്ങനെ പറഞ്ഞെങ്കിലും തമ്പി ചേട്ടൻ പതറാതെ കാര്യങ്ങളെ ധൈര്യപൂർവം നേരിടാം എന്ന തീരുമാനത്തിൽനിന്നു. ഷൂട്ടിങ് സംബന്ധിച്ച കാര്യങ്ങൾ അവരോട് വിശദീകരിച്ച് വിഷയം രമ്യതയിലെത്താം എന്ന ധാരണയിൽ സംവിധായകനടക്കം ഞങ്ങൾ കുറച്ചുപേർ മറുകരയിലേക്ക് പോകാനൊരുങ്ങി. ഞങ്ങൾ വരുന്നുണ്ടെന്ന് മനസ്സിലാക്കിയ അവർ അവിടെതന്നെ കാത്തുനിന്നു.

ബോട്ടിൽ മറുകരയെത്തി സംഘത്തലവൻ എന്ന് തോന്നിക്കുന്ന വെള്ളവസ്ത്രധാരിയോട് കാര്യങ്ങളെല്ലാം വിശദമാക്കി. പിടിച്ചുകെട്ടി കൊണ്ടുപോയി തടവിലിടുകയോ, കൊന്നു പുഴയിൽ താഴ്ത്തുകയോ ചെയ്യാമെന്ന ഭയപ്പാടിൽ നിന്ന ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് സംഘത്തലവൻ പറഞ്ഞു. ‘‘ഇന്ന് രാത്രി, നിങ്ങൾക്ക് ഞങ്ങളുടെ വകയാണ് ട്രീറ്റ്, എല്ലാവരും നിർബന്ധമായും വരണം.’’ പ്രതീക്ഷക്കപ്പുറത്തുനിന്നുള്ള ആ വർത്തമാനം അപ്പോൾ ഞങ്ങളിലുണ്ടാക്കിയ സമാധാന തീവ്രതയുടെ അളവ് വിവരിക്കുന്നതിനും അപ്പുറമായിരുന്നു. തുടർന്ന്, വന്ന ബോട്ടിൽതന്നെ ഞങ്ങൾ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങിപ്പോയി.

എന്നാൽ, ഇര പിടിക്കാൻ മനപ്പൂർവം കോർത്തിട്ടൊരു കെണിയാകുമോ ആ ക്ഷണമെന്ന ഉൾഭയം പലരും പങ്കുവെച്ചു. ജീവൻ പണയംവെച്ച് അവിടേക്ക് പോകണോ എന്നും ചിലർ ചോദിച്ചു. ഒടുവിൽ വരുന്നതു വരട്ടെ എന്ന തീരുമാനത്തിന് പുറത്ത് അവരുടെ സൽക്കാര ക്ഷണം സ്വീകരിച്ച് ചെല്ലാൻതന്നെ ഞങ്ങളൊരുങ്ങി. അങ്ങനെ രാത്രിയോടെ ഷൂട്ടിങ് സംഘത്തിലുണ്ടായിരുന്നവർ എല്ലാവരും അവർ പറഞ്ഞ സ്ഥലത്തേക്ക് പുറപ്പെട്ടു. അത്ഭുതമെന്ന് പറയട്ടെ, ഞങ്ങളെ അവർ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ച് ആനയിക്കുകയായിരുന്നു. കൂടാതെ വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. പല കുടുംബങ്ങളായി താമസിച്ചിരുന്ന സംഘത്തിലെ പ്രായമായവരെ ആദ്യം ഞങ്ങൾക്കായി പരിചയപ്പെടുത്തി. പിന്നീട് ഓരോരുത്തരും വന്ന് അവരവരുടെ ഭാര്യമാരെയും മക്കളെയും പരിചയപ്പെടുത്തി ഞങ്ങളോട് ഏറെ മിതത്വത്തോടെ സംസാരിച്ച് പെരുമാറി.

കടൽ കൊള്ളക്കാർ എന്ന് മലയാളത്തിൽ ആ സംഘത്തെ വിശേഷിപ്പിക്കാം. കണ്ടൽ നിറഞ്ഞ ആ പുഴയിലൂടെ വളഞ്ഞുപുളഞ്ഞ് ബോട്ടോടിക്കാൻ പ്രത്യേക കഴിവുള്ളവരാണ് ഈ സംഘമെന്നതിനാൽ തന്നെ പൊലീസിന് ഇതുവഴി വരലോ, അവരെ പിടികൂടലോ അപ്രായോഗികമായിരുന്നു. പൊലീസിനെ വെട്ടിച്ച് കള്ളക്കടത്ത് സാധനങ്ങൾ സ്പീഡ് ബോട്ടിൽ ലക്ഷ്യത്തിലെത്തിക്കാൻ അവർ അഗ്രഗണ്യരുമാണ്.

ജീവനുതന്നെ ഭീഷണിയാകാനിടയുള്ള ഒരു കാര്യം വളരെ ലളിതമായി ഒഴിഞ്ഞുപോയി എന്ന ആശ്വാസത്തിൽ ഞങ്ങൾ സിനിമയുടെ ബാക്കി ഭാഗങ്ങളുടെ ചിത്രീകരണവുമായി മുന്നോട്ടു പോയി. ഒരുപക്ഷേ സിനിമ പ്രവർത്തകർ എന്ന ലേബലായിരിക്കാം ഞങ്ങളെ വെറുതെ വിടാൻ അവർക്ക് തോന്നിപ്പിച്ചിട്ടുണ്ടാകുന്ന എന്നാണ് ഞാൻ കണക്കുകൂട്ടിയത്.

ചലച്ചിത്ര നിർമാണ പ്രവർത്തനത്തിനിടെ ഇത്തരം അനുഭവങ്ങൾ സർവസാധാരണമെന്ന് പറയാമെങ്കിലും ആ സമയങ്ങളിൽ ഏതൊരു ചലച്ചിത്ര പ്രവർത്തകനും സ്വീകരിക്കുന്ന നിലപാട് പോലെയായിരിക്കും അതിന്‍റെ ഭാവി കർമങ്ങളും. സംയമന സ്വഭാവത്തിലൂടെയുള്ള ഇടപെടലുകൾക്ക് ഫലപ്രാപ്തി നിശ്ചയമായിരിക്കുമെന്ന് ഈ സംഭവം എനിക്കൊരു ഉണർത്തുപാട്ട് കൂടിയായി.

സമാന സംഭവങ്ങൾ ഇനിയും വിവരിക്കാനൊരുങ്ങിയാൽ ഞാൻ ചെയ്ത നൂറിലേറെ സിനിമകളിലെ ഓരോന്നിനെ കുറിച്ചും ഇവിടെ പറയേണ്ടിവരും. അതുകൊണ്ട് അത്തരം സന്ദർഭങ്ങളുടെ വിവരണം താൽക്കാലികമായി അവസാനിപ്പിക്കുന്നതാണ് നല്ലതെന്നാണ് മനസ്സ് പറയുന്നത്.

ആ​ത്മ​ഭാ​ഷ​ണ​ത്തി​ന് അ​ർ​ധ​വി​രാ​മം

സി​നി​മ​യെ കു​റി​ച്ചും സി​നി​മാ​റ്റോ​ഗ്ര​ഫിയെ കു​റി​ച്ചും പ​റ​യാ​നേ​റെ​യു​ണ്ടെ​ങ്കി​ലും താ​ൽ​ക്കാ​ലി​ക വി​രാ​മം വേ​ണ​മെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നു. ഭാ​വി​യി​ൽ എ​പ്പോ​ഴെ​ങ്കി​ലും ദീ​ർ​ഘ​മാ​യൊ​രു സം​ഭാ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ആത്മഭാഷണം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ആ​ദ്യ​ത്തെ അ​ധ്യാ​യ​ത്തി​ൽ ജ​ന​ന വ​ർ​ഷം 1967 എ​ന്നാ​ണ് ഞാ​ൻ പ​റ​ഞ്ഞ​ത്. അ​ത് 1957 എ​ന്ന് തി​രു​ത്തി വാ​യി​ക്കാ​ൻ​കൂ​ടി ഈ ​അ​വ​സ​ര​ത്തി​ൽ പ്രി​യ വാ​യ​ന​ക്കാ​രോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്.

 

‘കാക്കത്തൊള്ളായിരം’ സിനിമയുടെ ചിത്രീകരണത്തിനിടെ ഇടത്തുനിന്ന് സാലു ജോർജ്, എം.ഡി. സുകുമാരൻ, നടി സുകുമാരി, ഇസ്മായിൽ ഹസൻ, സംവിധായകൻ വി.ആർ. ഗോപാലകൃഷ്ണൻ, നടൻ ഗണേഷ് കുമാർ, റോയി ഫിലിപ്പ് എന്നിവർ

ശു​ഭാ​പ്തി വി​ശ്വാ​സം കൈ​മു​ത​ലാ​ക്കി​യാ​ണ് സി​നി​മാ​റ്റോ​ഗ്ര​ഫി​യെ​ന്ന ക​രി​യ​റി​നെ ഞാ​ൻ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്. അ​തി​ന്‍റെ ത​ണ​ലി​ലാ​ണ് അ​ന്നും ഇ​ന്നു​മു​ള്ള എ​ന്‍റെ ജീ​വി​ത​വും. ഇ​നി അ​ടു​ത്ത​തെ​ന്ത് എ​ന്ന് സ്വ​യം ചോ​ദി​ക്ക​വെ, സി​നി​മ​യ​ല്ലാ​തെ വേ​റെ​ന്ത് എ​ന്ന ഉ​ത്ത​ര​മാ​ണ് മ​ന​താ​രി​ൽ​നി​ന്നും എ​ന്നോ​ട് മന്ത്രിച്ച​ത്. മു​ൻ​കാല പ​രി​ച​യ​വും സൗ​ഹൃ​ദ​ങ്ങ​ളും മലയാള സി​നി​മ​യുടെ വ​ലി​യ ലോ​ക​ത്ത് എ​നി​ക്ക് ആ​വോ​ള​മു​ള്ള​തും അ​നു​ഗ്ര​ഹ​മാ​ണ്. അ​തു​കൊ​ണ്ടു​കൂ​ടി ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യാ​നു​ള്ള ശ്ര​മം ഈ​യു​ള്ള​വ​ൻ ന​ട​ത്തു​ക​യാ​ണ്. അ​തി​ന്‍റെ പ്രാ​രം​ഭ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​തി​യി​ലാ​ണ്. വ​ഴി​യേ, മറ്റു വിവരങ്ങൾ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കാ​നാ​കു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യു​മു​ണ്ട്. സി​നി​മാ​റ്റോ​ഗ്ര​ഫി​യെ​ക്കു​റി​ച്ച് വാ​യി​ക്കാ​ൻ, വാ​യ​ന​ക്കാ​രു​ണ്ടാ​കു​മോ എ​ന്ന ചോ​ദ്യം തു​ട​ക്ക​ത്തി​ൽ എ​ന്നി​ൽ​നി​ന്ന് ലേ​ഖ​ക​നി​ലേ​ക്ക് ഞാ​ൻ പ​ട​ർ​ത്തി​യി​രു​ന്നെ​ങ്കി​ലും, ആ​ദ്യ ര​ണ്ട് ല​ക്ക​ത്തി​ലൂ​ടെ എ​നി​ക്കു വ​ന്ന ഫോ​ൺ​കാളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും ആ ​സ​ന്ദേ​ഹ​ങ്ങ​ളെ പാ​ടെ തി​രു​ത്തി​ക്കു​റി​ച്ചു.

പു​തു​ത​ല​മു​റ​യി​ൽ​നി​ന്നു​ൾ​​പ്പെ​ടെ എ​ന്നെ​ക്കു​റി​ച്ച​റി​യാ​ൻ ആ​ളു​ക​ൾ ശ്ര​മം ന​ട​ത്തി എ​ന്ന​റി​ഞ്ഞ​ത് മു​ന്നോ​ട്ടു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള വ​ലി​യ ക​രു​ത്തു​ംകൂ​ടി​യാ​യി. അ​പ്പോ​ഴും എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് ഒ​ന്നു​ മാ​ത്ര​മാ​ണ്, ക​ല​യെ വ​ള​ർ​ത്തു​ന്ന​തോ​ടൊ​പ്പംത​ന്നെ ക​ലാ​കാ​ര​നും സ്വ​യം മെ​രു​ക്കി അ​യാ​ളെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ട്. വ​ഴി​യി​ൽ മു​ള്ളു​ക​ൾ ഏ​റെ​യു​ണ്ടാ​കാം. ല​ക്ഷ്യം കീ​ഴ​ട​ക്ക​ണ​മെ​ങ്കി​ൽ തടസ്സങ്ങളെ മെതിച്ചുപോയേ മ​തി​യാ​കൂ.

(അവസാനിച്ചു)

Tags:    
News Summary - salu george camera life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.