ഋത്വിക് ഘട്ടക്കിന്റെ രചനാലോകം

ഇന്ത്യൻ സിനിമയിൽ മാറ്റത്ത​ിന്റെ കാറ്റ് വിതച്ച, ചിന്തയുടെ വെട്ടം പകർന്ന ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി വർഷമാണിത്. ഘട്ടക്കിന്റെ ചലച്ചിത്ര ജീവിതത്തെ അനുസ്മരിക്കുകയാണ് ലേഖകൻ.ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മഹാരഥന്മാരായ സംവിധായക ത്രയത്തിലെ (റേ, സെന്‍, ഘട്ടക്) മൂന്നാമനായിരുന്ന ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയാണ് ഈ വര്‍ഷം. പ്രായംകൊണ്ട് സത്യജിത് റായിയുടെയും മൃണാള്‍ സെന്നിന്റെയും പിറകിലായ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി എത്തുന്നത് അവരിരുവരുടെയും ശതാബ്ദികള്‍ക്കു ശേഷംതന്നെ. പക്ഷേ, ജീവിതത്തില്‍നിന്ന് ആദ്യം തിരോധാനംചെയ്തത് ഘട്ടക്കായിരുന്നു. മൂവരും സമകാലികരായിരുന്നുവെങ്കിലും...

ഇന്ത്യൻ സിനിമയിൽ മാറ്റത്ത​ിന്റെ കാറ്റ് വിതച്ച, ചിന്തയുടെ വെട്ടം പകർന്ന ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി വർഷമാണിത്. ഘട്ടക്കിന്റെ ചലച്ചിത്ര ജീവിതത്തെ അനുസ്മരിക്കുകയാണ് ലേഖകൻ.

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മഹാരഥന്മാരായ സംവിധായക ത്രയത്തിലെ (റേ, സെന്‍, ഘട്ടക്) മൂന്നാമനായിരുന്ന ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയാണ് ഈ വര്‍ഷം. പ്രായംകൊണ്ട് സത്യജിത് റായിയുടെയും മൃണാള്‍ സെന്നിന്റെയും പിറകിലായ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി എത്തുന്നത് അവരിരുവരുടെയും ശതാബ്ദികള്‍ക്കു ശേഷംതന്നെ. പക്ഷേ, ജീവിതത്തില്‍നിന്ന് ആദ്യം തിരോധാനംചെയ്തത് ഘട്ടക്കായിരുന്നു. മൂവരും സമകാലികരായിരുന്നുവെങ്കിലും ജീവിതകാലത്ത് സത്യജിത് റായിയെ പോലെയോ മൃണാള്‍ സെന്നിനെ പോലെയോ പ്രശസ്തനായിരുന്നില്ല ഋത്വിക് ഘട്ടക്. എന്നാല്‍, 1976ല്‍ 51ാം വയസ്സില്‍ കാലയവനികക്കുള്ളില്‍ മറഞ്ഞതിനുശേഷം അദ്ദേഹം ഇന്ത്യന്‍ സിനിമയിലെ ഒരു കള്‍ട്ട് ഫിഗറായി മാറുകയായിരുന്നു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വൈസ് പ്രിന്‍സിപ്പലായിരുന്ന അദ്ദേഹത്തിന് വിദ്യാർഥികള്‍ക്കും പൂർവവിദ്യാർഥികള്‍ക്കുമിടയില്‍ എന്നും വലിയ ആരാധകരുണ്ടായിരുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്‍, മണി കൗള്‍, കുമാര്‍ സാഹ്നി തുടങ്ങിയവരെല്ലാം ഋത്വിക് ഘട്ടക്കിന്റെ വിദ്യാർഥികളായിരുന്നു. സത്യജിത് റായിയെ ഘട്ടക്കിന്റെ ശത്രുവായി കാണുന്ന പലര്‍ക്കും അറിയാത്ത പ്രധാനപ്പെട്ട ഒരു വസ്തുത, അക്കാലത്ത് റായി തന്നെ നിര്‍ബന്ധപൂർവം പറഞ്ഞതുകൊണ്ടാണ് ഐ & ബി മന്ത്രി ഇന്ദിര ഗാന്ധി ഘട്ടക്കിനെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചത്. അന്ന് ആ ജോലി ഘട്ടക്കിന് അത്യന്താപേക്ഷിതമായിരുന്നു. റായി, ഘട്ടക്, സെന്‍ എന്ന സംവിധായക ത്രയങ്ങള്‍ തമ്മില്‍ വലിയ സൗഹൃദബന്ധം നിലനിന്നിരുന്നില്ലെങ്കിലും പരസ്പര ബഹുമാനത്തിന്റേതായ ഒരു തലം എന്നും ഉണ്ടായിരുന്നു. പഥേര്‍ പാഞ്ചാലി അടക്കം പല റായി ചിത്രങ്ങളോടും വലിയ മതിപ്പായിരുന്നു ഘട്ടക്കിന്. അതുപോലെതന്നെ മൃണാള്‍ സെന്നിന്റെ ചരിത്രപ്രസിദ്ധമായ ‘ഭൂവന്‍ ഷോം’ എന്ന പടത്തെക്കുറിച്ച ഏറ്റവും മികച്ച നിരൂപണം നടത്തിയതും ഋത്വിക് ഘട്ടക് തന്നെയായിരുന്നു. അക്കാലത്ത് വിദേശ ചലച്ചിത്രമേളകളില്‍ കാര്യമായി പങ്കെടുക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തവയായിരുന്നില്ല ഘട്ടക് പടങ്ങള്‍. എന്നാല്‍, പില്‍ക്കാലത്ത് ഘട്ടക് പടങ്ങളുടെ സ്മൃതി പരമ്പരകള്‍ ലോകമേളകളുടെ ഭാഗമായി മാറിയത് ഇന്നും തുടരുന്നു.

 

സത്യജിത് റായി,മൃണാൾ സെൻ

റായിയെ പോലെയോ സെന്നിനെ പോലെയോ അച്ചടക്കമുള്ളതായിരുന്നില്ല ഘട്ടക്കിന്റെ ജീവിതം. അത് അദ്ദേഹത്തിന്റെ കലാസപര്യയെ പ്രതികൂലമായി ബാധിച്ചിരുന്നുവെന്നും പറയാം. പക്ഷേ, പ്രതിഭയുടെ കാര്യത്തില്‍, ഭാവനയുടെ മേഖലയില്‍ ഇവര്‍ക്കാര്‍ക്കുംതന്നെ പിന്നിലായിരുന്നില്ല ഘട്ടക്. ആല്‍ക്കഹോളിസം അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിച്ച ഘടകമായിരുന്നു. അച്ചടക്കവും അനുസരണയും കലയില്‍ ആവശ്യമില്ലെങ്കിലും ജീവിതത്തിലെ അച്ചടക്കരാഹിത്യത്തിന് ക്രിയാത്മകമായി വലിയ വില നല്‍കേണ്ടിവരുന്നതിന്റെ ഉദാഹരണമായിരുന്നു ഋത്വിക് ഘട്ടക്. അദ്ദേഹത്തിന് സാക്ഷാത്കരിക്കുവാന്‍ കഴിയുമായിരുന്ന സർഗപ്രവര്‍ത്തനത്തിന്റെ പകുതിപോലും സാർഥകമായിരുന്നില്ല. റായിയുടെയും സെന്നിന്റെയും രചനാലോകംപോലെ വിപുലമാകുമായിരുന്നു ഘട്ടക്കിന്റെയും ചലച്ചിത്രയാത്ര. എന്നാല്‍, നമുക്ക് ലഭ്യമായ ഏതാനും സൃഷ്ടികള്‍കൊണ്ടുതന്നെ അദ്ദേഹത്തിന്റെ മഹത്ത്വം അളക്കാന്‍ കഴിയുന്നു –പ്രതിഭയുടെ തിളക്കവും.

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച രചനയില്‍ ഉള്‍പ്പെടുന്നതാണ് ഋത്വിക് ഘട്ടക്കിന്റെ ‘മേഘേ ധക താരാ’, ‘കോമള്‍ ഗന്ധാര്‍’, ‘സുവർണരേഖ’ എന്നിവയെന്ന് ഉറപ്പിച്ച് പറയാം. കുടുംബത്തിലെ ഏക വരുമാനക്കാരിയായ നീത (സുപ്രിയ ചൗധരി) ജീവിച്ചത് കുടുംബത്തിനുവേണ്ടി മാത്രം. പക്ഷേ സ്വാർഥതയുടെ ലോകത്ത് ആരും നീതയെ മനസ്സിലാക്കുന്നില്ല. ഇഷ്ടപ്പെട്ട പുരുഷനെപ്പോലും സ്വന്തം അനുജത്തി തട്ടിയെടുത്തത് നിശ്ശബ്ദമായി സഹിക്കുവാനേ നീതക്ക് കഴിയുമായിരുന്നുള്ളൂ. അനുജന്‍മാത്രമാണ് അവള്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്നത്.

ജീവിതത്തില്‍ ഒറ്റപ്പെട്ട് എല്ലാം നഷ്ടപ്പെട്ട് ഏകയും നിരാലംബയുമായ നീത ഗോവണിപ്പടികള്‍ പതിയെ ഇറങ്ങുമ്പോള്‍ പശ്ചാത്തലത്തില്‍ മുഴങ്ങുന്നത് ചാട്ടവാറടി ശബ്ദമാണ്. അത് നീതയുടെ ഹൃദയത്തില്‍നിന്നുയരുന്ന ദൈന്യതയുടെ വിലാപമായി മാറുന്നു. അന്ത്യത്തില്‍ രോഗഗ്രസ്തയായ നീതയെ മലയോരചികിത്സാ കേന്ദ്രത്തിലെത്തിക്കുന്ന അനുജനോട് നീത പറയുന്നത് ‘‘എനിക്ക് ജീവിക്കണം’’ എന്നാണ്. അതൊരു ദീനവിലാപമായി പ്രേക്ഷക ഹൃദയത്തില്‍ പതിക്കുന്നു. ഘട്ടക്കിന്റെ കൈയൊപ്പ് തെളിയുന്ന രംഗം.

കോമള്‍ ഗന്ധാര്‍ ഒരു നാടകക്കമ്പനിയിലെ സംഭവവികാസങ്ങളാണ് പകര്‍ത്തുന്നത്. കലാകാരന്മാര്‍ക്കിടയിലും മറ്റ് അംഗങ്ങള്‍ക്കുമിടയിലെ അധികാര വടംവലിയും സൗന്ദര്യപ്പിണക്കങ്ങളും മറനീക്കി പുറത്തുവരുന്നു. ഗ്രൂപ്പുകളും ചേരികളുമായി അവര്‍ പരസ്പരം പോരടിക്കുമ്പോള്‍ തകരുന്നത് നാടകക്കമ്പനിയുടെ പ്രതിച്ഛായയും സംവിധായകന്റെ നിലയും വിലയും തന്നെ. അരങ്ങില്‍ നാടകം അരങ്ങേറുമ്പോള്‍ ഒരു കഥാപാത്രം സണ്‍ഗ്ലാസ് ധരിച്ച് എത്തിയത് കാണികള്‍ കൂകിവിളിക്കുവാന്‍ കാരണമാകുന്നതും അങ്ങനെ അവതരണം പാളിപ്പോകുന്നതും ആസൂത്രിത നീക്കത്തിന്റെ ഫലംതന്നെ.

നിസ്സഹായരായി സംവിധായകനും കൂട്ടാളികളും വിശ്വസ്തരായ അഭിനേതാക്കളും നില്‍ക്കുമ്പോള്‍ അനാവരണംചെയ്യപ്പെടുന്നത് നിഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചവരുടെ ചതിപ്രയോഗമാണ്. എല്ലാ തുറകളിലും ഇത് പ്രകടമാണ്, പല രീതികളിലും. അങ്ങനെ പടത്തിന് രാഷ്ട്രീയമാനം കൈവരുന്നു. ഏതാനും കഥാപാത്രങ്ങളിലൂടെ ജീവിതമെന്ന സമസ്യയുടെ അടിയൊഴുക്കുകളും ചതിക്കുഴികളും അനാച്ഛാദനംചെയ്യുകയാണ് സംവിധായകന്‍. നാടകസംഘവും നാടകാവതരണവുമെല്ലാം പ്രതീകാത്മകമായി മാറുന്നു. യഥാർഥത്തില്‍ ജീവിതത്തിന്റെ തന്നെ വേദിയാണ് ഘട്ടക് ലക്ഷ്യമാക്കുന്നത് –അതിന്റെ ആകുലതകളും.

‘അജാന്ത്രിക്’ ഒരു വ്യക്തിയും അയാളുടെ വാഹനവും പ്രമേയമാക്കിയ പടമാണ്. യന്ത്രത്തിനുപോലും മാനവികഭാവം നല്‍കുകയാണ് സംവിധായകന്‍. അത്രമേല്‍ ഈടുറപ്പുള്ള ബന്ധത്തിന്റെ ചിത്രീകരണം അയത്നലളിതവും സൗന്ദര്യാത്മകവുമാക്കുകയാണ് സംവിധായകന്‍. കഥാപാത്രം മറ്റൊരു വ്യക്തിയോടെന്നപോലെയാണ്, സന്തതസഹചാരിയോടെന്നപോലെയാണ് വാഹനത്തോട് പെരുമാറുന്നത്. മറ്റ് സംവിധായകരോട് താരതമ്യംചെയ്യുമ്പോള്‍ ഋത്വിക് ഘട്ടക്കിനെ വ്യത്യസ്തനാക്കുന്നത്, അദ്ദേഹത്തിന്റെ രചനകള്‍ വേറിട്ടുനില്‍ക്കുന്നത്, മാനവികതകൊണ്ടും മനുഷ്യത്വപരമായ സമീപനത്താലുമാണ്.

കുമാർ സാഹ്നി,അടൂർ ഗോപാലകൃഷ്ണൻ

 

‘അജാന്ത്രിക്’ നല്‍കുന്ന സന്ദേശം വ്യക്തിബന്ധങ്ങളെപ്പോലെതന്നെ ഈടുറ്റതാണ് വ്യക്തിയും യന്ത്രവും തമ്മിലെ ബന്ധമെന്നതാണ്. അയാളുടെ ഏകാന്തതകളെ വിരസമല്ലാതെയാക്കാനും അർഥസമ്പന്നത നൽകാനും യന്ത്രത്തിനാകുന്നു. യന്ത്രവത്കൃത സമൂഹത്തില്‍ കാറും ബൈക്കും മറ്റ് വാഹനങ്ങളും ജീവിതത്തിന്റെ ഭാഗംതന്നെയായി മാറുന്നു. വ്യവസായ വിപ്ലവത്തിനുശേഷം വന്ന മാറ്റം, പരിണാമം യന്ത്രങ്ങളോടുള്ള മാനവന്റെ സമീപനത്തില്‍ വന്ന വലിയ മാറ്റമാണ്. യന്ത്രങ്ങള്‍ മനുഷ്യനുവേണ്ടിയോ മറിച്ചോ എന്ന ചോദ്യംപോലും പ്രസക്തമാകുന്ന രീതിയിലാണ് യന്ത്രവത്കൃത സമൂഹം മുന്നോട്ടുപോകുന്നത്. അതിന്റെ അനുരണനം ‘അജാന്ത്രിക്കി’ന്റെ ഹൃദയതാളമായി മാറുന്നു.

ഫിലിംസ് ഡിവിഷനുവേണ്ടിയും മറ്റും ഡോക്യുമെന്ററികള്‍ തയാറാക്കിയും പുണെയിലെ അധ്യാപനംകൊണ്ടുമാണ് സിനിമക്കിടയിലെ ഇടക്കാലം ഋത്വിക് ഘട്ടക് ചെലവഴിച്ചിരുന്നത്. ഏതാനും മികച്ച ഡോക്യുമെന്ററികള്‍ ഘട്ടക്കിന്റേതായുണ്ട്. അധ്യാപകനെന്ന നിലയില്‍ പുതിയ പാത വെട്ടിത്തുറന്ന ആചാര്യസ്ഥാനീയനായി വിദ്യാർഥികള്‍ ആവേശത്തോടെ ആമോദത്തോടെ അതിലുപരി അഭിമാനത്തോടെ അവരോധിച്ചതിന് പിന്നില്‍ ഘട്ടക്കിന്റെ ആത്മാർഥതയും സിനിമയെക്കുറിച്ചുള്ള അഗാധമായ അവഗാഹവും തന്നെയായിരുന്നു പ്രധാനം. പിന്നെ വളരെ എളിമയോടെയുള്ള പെരുമാറ്റവും. എന്നാല്‍, പഠനകാര്യങ്ങളില്‍ കാര്‍ക്കശ്യത്തോടെയുള്ള നിലപാടുകളും അദ്ദേഹം എടുത്തിരുന്നു. അത് വിദ്യാർഥികളില്‍ വലിയ മതിപ്പുളവാക്കി. സുഹൃത്തുക്കളോടെന്നപോലെ പഠിതാക്കളോട് ഇടപഴകുവാന്‍ ഘട്ടക്കിന് സാധിച്ചിരുന്നു.


 


മണി കൗൾ

‘‘വി ഓൾവെയ്‌സ് ഫെല്‍റ്റ് ഹി വാസ് വണ്‍ എമങ് അസ്,’’ മണി കൗള്‍ പറഞ്ഞു. കുമാര്‍ സാഹ്‌നിയും മണി കൗളും അദ്ദേഹത്തിന്റെ അരുമ ശിഷ്യന്മാരായിരുന്നു. ‘‘സിനിമ സംവിധാനംചെയ്യാന്‍ ആര്‍ക്കും പഠിപ്പിക്കാനാകില്ല. സ്വന്തം പാത സ്വയം കണ്ടെത്തേണ്ടതാണ്.’’ ഘട്ടക് പറയുമായിരുന്നു. കുമാര്‍ സാഹ്നിയുടെ വാക്കുകള്‍. ‘‘ഞങ്ങളുടെ മനസ്സിലെ ബ്ലോക്കുകള്‍ മാറ്റി സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവു നല്‍കുകയാണ് ഘട്ടക് ചെയ്തത്. വിഭജനത്തിന്റെ മുറിവുണങ്ങാത്ത ഹൃദയവുമായി സിനിമ സാക്ഷാത്കരിച്ച ഘട്ടക്കിന്റെ മാസ്റ്റര്‍പീസാണ് ‘സുവർണരേഖ’. വിഭജന കാലഘട്ടത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഈ പടം. നീണ്ട സീക്വന്‍സുകളും നിശ്ശബ്ദതയുടെ നിഴല്‍പാടുകളും ‘സുവർണരേഖ’യെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍തന്നെ. ‘തിതാഷ് ഏക് നദീര്‍നാം’, ‘ജുക്തി തപ്പോ ഓര്‍ ഗപ്പോ’ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു സൃഷ്ടികള്‍. സിനിമ ആൻഡ് ഐ അദ്ദേഹത്തിന്റെ സിനിമാ ഗ്രന്ഥമാണ്. ജന്മശതാബ്ദി വര്‍ഷത്തില്‍ ഫിലിം ഫെസ്റ്റിവല്‍ സര്‍ക്യൂട്ടില്‍ ഏറ്റവും ആവശ്യക്കാരുള്ളത് ഘട്ടക്കിന്റെ റെട്രോസ്‌പെക്ടിവിനു തന്നെ. അത് ഘട്ടക് അര്‍ഹിക്കുന്ന അംഗീകാരമാണ്. അതിലൂടെ ഇന്ത്യന്‍ സിനിമക്കും അഭിമാന മുഹൂര്‍ത്തം കരഗതമാകുന്നു.

Tags:    
News Summary - Ritwik Ghatak's birth centenary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.