അനുഭൂതിയുടെ പ്രതിധ്വനി നൽകുന്ന കാഴ്ചാ പ്രവാഹം

ബാഹുൽ രമേശിന്‍റെ രചനയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനംചെയ്ത ‘എക്കോ: ഇൻഫിനിറ്റ് ക്രോണിക്ക്ൾസ് ഓഫ് കുര്യച്ചൻ’ എന്ന സിനിമ കാണുന്നു. ഈ സിനിമയെ അത്രമേൽ മനോ ഹരമാക്കുന്ന ഘടകങ്ങൾ എന്തൊക്കെയെന്നും പരിശോധിക്കുന്നു.പുൽതടുക്കുകളെ വകഞ്ഞുമാറ്റി ജീപ്പ് ശക്തിയിൽ വളഞ്ഞുപുളഞ്ഞു കിടന്ന ആ മലയുടെ മുകൾത്തട്ടിലേക്ക് ചലിക്കുമ്പോൾ കാമറയിൽ തെളിഞ്ഞത് വെറുമൊരു ദൃശ്യവിരുന്ന് മാത്രമായിരുന്നില്ല. സങ്കീർണമായ ചില ജീവിതങ്ങളുടെയും ആഴത്തിലുള്ള ചിന്തകളുടെയും പാളികൾ നിറച്ച നിഗൂഢമായ കൗതുകംകൂടിയായിരുന്നു. പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും ആവോളം ലഭിച്ച ‘കിഷ്കിന്ധാ കാണ്ഡ’ത്തിനു ശേഷം ബാഹുൽ രമേശിന്‍റെ രചനയിൽ...

ബാഹുൽ രമേശിന്‍റെ രചനയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനംചെയ്ത ‘എക്കോ: ഇൻഫിനിറ്റ് ക്രോണിക്ക്ൾസ് ഓഫ് കുര്യച്ചൻ’ എന്ന സിനിമ കാണുന്നു. ഈ സിനിമയെ അത്രമേൽ മനോ ഹരമാക്കുന്ന ഘടകങ്ങൾ എന്തൊക്കെയെന്നും പരിശോധിക്കുന്നു.

പുൽതടുക്കുകളെ വകഞ്ഞുമാറ്റി ജീപ്പ് ശക്തിയിൽ വളഞ്ഞുപുളഞ്ഞു കിടന്ന ആ മലയുടെ മുകൾത്തട്ടിലേക്ക് ചലിക്കുമ്പോൾ കാമറയിൽ തെളിഞ്ഞത് വെറുമൊരു ദൃശ്യവിരുന്ന് മാത്രമായിരുന്നില്ല. സങ്കീർണമായ ചില ജീവിതങ്ങളുടെയും ആഴത്തിലുള്ള ചിന്തകളുടെയും പാളികൾ നിറച്ച നിഗൂഢമായ കൗതുകംകൂടിയായിരുന്നു. പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും ആവോളം ലഭിച്ച ‘കിഷ്കിന്ധാ കാണ്ഡ’ത്തിനു ശേഷം ബാഹുൽ രമേശിന്‍റെ രചനയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനംചെയ്ത ‘എക്കോ: ഇൻഫിനിറ്റ് ക്രോണിക്ക്ൾസ് ഓഫ് കുര്യച്ചൻ’ സമ്മാനിക്കുന്നത് അന്താരാഷ്ട്ര നിലവാരമുള്ള സിനിമാനുഭവമാണ്. ഒരു ക്ലാസിക് ചെറുകഥ വായിച്ച അനുഭൂതി എന്ന് ‘എക്കോ’ കാഴ്ചയെ വിശേഷിപ്പിക്കാം.

ഒരാൾക്ക് നൽകുന്ന സംരക്ഷണം പിന്നീട് എവിടം തൊട്ടാണ് കടുത്ത നിയന്ത്രണത്തിലേക്ക് വഴിമാറുന്നത്?, സംരക്ഷണത്തിനും നിയന്ത്രണത്തിനും ഒരേ മുഖം ധരിക്കുന്നതിലേക്ക് വരുമ്പോൾ സ്വാതന്ത്ര്യവും അവകാശങ്ങളും എങ്ങനെ ഹനിക്കപ്പെടുന്നു, മനുഷ്യനെ സൗകര്യമുള്ളൊരു (ഒറ്റപ്പെട്ട) സ്ഥലത്ത് പാർപ്പിക്കുന്നതിനെ സംരക്ഷണം എന്ന് വിളിക്കാനാവുമോ തുടങ്ങിയ ചോദ്യങ്ങൾ സിനിമ ഉയർത്തുന്നു. സ്വാതന്ത്ര്യം, സുരക്ഷ, കാവൽ ഇവ എങ്ങനെയൊക്കെ ഉൾച്ചേർന്ന് നിൽക്കുന്നുവെന്നും സിനിമ അടിവരയിടുന്നുണ്ട്.

കുര്യച്ചൻ എന്ന വേട്ടക്കാരനെന്നോ, ഭൂപ്രഭുവെന്നോ, വിവിധ ചെയ്തികളിലെ പിടിക്കപ്പെടാതെ നടക്കുന്ന പ്രതിയെന്നോ വിളിക്കാവുന്ന ഒരാളുടെ അനന്തമായ ചെയ്തികൾക്ക് ഇരയാകേണ്ടി വന്ന മനുഷ്യർ അയാളെ അന്വേഷിച്ച് കാടും മേടും കടന്നുചെല്ലുമ്പോൾ പലപ്പോഴും നിരാശയോടെ മടങ്ങാറാണ് പതിവ്. അങ്ങനെ അന്വേഷിക്കുന്നവർക്കെല്ലാം നേരിടേണ്ടിവരുന്നതോ അയാൾ മെരുക്കിയെടുത്ത നായ്ക്കളുടെ അലർച്ചയും ആക്രമണഭീതിയും. സംരക്ഷണവും നിയന്ത്രണവും ഒരേ മുഖം ധരിക്കുമ്പോൾ ഉടലെടുക്കുന്ന ധർമസങ്കടങ്ങളെ, ഉടമസ്ഥാവകാശം, സ്വാതന്ത്ര്യം, സുരക്ഷ, കാവൽ തുടങ്ങിയ ആശയങ്ങളെ സൂക്ഷ്മതയോടെ സിനിമ വ്യാഖ്യാനിക്കുന്നതായി പറയാം.

അനിമൽ ട്രൈലോജി

മൂന്ന് വ്യത്യസ്ത കൃതികളുടെ ഒരു കൂട്ടമാണ് ട്രൈലോജി. മൂന്നും പരസ്പര പൂരകങ്ങളാണ്. അവയെ ഒരൊറ്റ കൃതിയായോ മൂന്ന് വ്യക്തിഗത കൃതികളായോ കാണാനാകും. ഒന്നിൽ തുടങ്ങി മൂന്നിൽ അവസാനിക്കുന്നൊരു രചന. സത്യജിത് റായിയുടെ സിനിമകളിലാകും ഒരു പക്ഷേ, നമ്മൾ ആദ്യമായി ട്രൈലോജി കണ്ടിട്ടുണ്ടാവുക –അപുവിനെ കുറിച്ചുള്ളത്. കനേഡിയൻ നോവലിസ്റ്റ് റോബർട്ട്‌സൺ ഡേവീസിന്റെ നോവലുകളുടെ ഡെപ്റ്റ്‌ഫോർഡ് ട്രൈലോജി, 1994 മുതൽ 2022 വരെയുള്ള ലാർസ് വോൺ ട്രയറിന്റെ ടെലിവിഷൻ മിനി സീരീസിന്റെ ‘ദി കിങ്ഡം ട്രൈലോജി’ എന്നിവ പോലുള്ള മിക്കവയും ഒരേ കഥാപാത്രങ്ങളെയോ പശ്ചാത്തലങ്ങളെയോ ഉൾക്കൊള്ളുന്ന ഫിക്ഷൻ കൃതികളാണ്.

1970, 71 വർഷങ്ങളിൽ ഇറ്റാലിയൻ സംവിധായകൻ ഡാരിയോ അർജന്റോ തുടർച്ചയായി ചെയ്ത മൂന്ന് ചിത്രങ്ങളാണ് അനിമൽ ട്രൈലോജിയിൽ വളരെ പ്രശസ്തമായിട്ടുള്ളത്. ‘ദി ബേർഡ് വിത്ത് ദി ക്രിസ്റ്റൽ പ്ലൂമേജ്’ (1970), ‘ദി ക്യാറ്റ് ഒ' നൈൻ ടെയിൽസ്’ (1971), ‘ഫോർ ഫ്ലൈസ് ഓൺ ഗ്രേ വെൽവെറ്റ്’ (1972) എന്നിവയാണ് ആ സിനിമകൾ. ‘കിഷ്കിണ്ഡാ കാണ്ഡം’, ‘കേരള ക്രൈം ഫയൽ -2’, ‘എക്കോ’ എന്നിവയാണ് സംവിധായകന്‍റെ അനിമൽ ട്രൈലോജിയിലെ മൂന്ന് സിനിമകൾ. ആദ്യ സിനിമ ‘കിഷ്കിണ്ഡാ കാണ്ഡ’ത്തിൽ വാനരന്മാരെയാണ് പരീക്ഷണത്തിനായി കൊണ്ടുവെച്ചതെങ്കിൽ ‘കേരള ക്രൈം ഫയൽ -2’ലും ‘എക്കോ’യിലും നായ്ക്കളെയാണ് ഉപയോഗിച്ചിട്ടുള്ളത്.

‘ഇൻഫിനിറ്റ് ക്രോണിക്ക്ൾസ് ഓഫ് കുര്യച്ചൻ’

കഥയുടെ പ്രധാന ഭാഗവും നടക്കുന്നത് പ്രകൃതിഭംഗികൊണ്ട് സമ്പന്നമായൊരു മലയടി കുന്നുകളിലാണ്. കേരളത്തിന്റെയും കർണാടകയുടെയും അതിർത്തി പങ്കിടുന്നുണ്ട് ‘കാട്ടുകുന്ന്’ എന്ന് സിനിമയിൽ വിളിക്കുന്ന ഈ മലമ്പ്രദേശം. അവിടെ ഒറ്റപ്പെട്ട വീട്ടിലാണ് മ്ലാത്തി ചേടത്തിയും ജോലിക്കാരനായ പിയൂഷും താമസിക്കുന്നത്. അവർക്കിടയിലുള്ള അദൃശ്യമായ കഥാപാത്രമാണ് കുര്യച്ചൻ (പിന്നീട് കുര്യച്ചനെ കാണിക്കുന്നുണ്ട്). നിഗൂഢത ആവോളം നിറഞ്ഞൊരു മനുഷ്യൻ. അയാളുടെ അനിയന്ത്രിതമായ ഭൂതകാല ചെയ്തികൾ നാട്ടിലാകെ പാട്ടാണ്. അതിൽ ഒട്ടും പരിഭ്രമിക്കുകയോ പരാതിപ്പെടുകയോ ചെയ്യാത്ത ഏക കഥാപാത്രം അയാളുടെ ഭാര്യയായ, വാർധക്യത്തിന്‍റെ അവശതയിലും ധീരമായി നിൽക്കുന്ന മ്ലാത്തി ചേടത്തി മാത്രമാണ്. നാട്ടുകാർ മാത്രമല്ല നക്സലുകളും കുര്യച്ചനെ തേടുന്നുണ്ട്. പിടിക്കപ്പെടുന്ന ഓരോ നക്സലുകളെയും പൊലീസിനൊപ്പം ചേർന്ന് തന്‍റെ വളർത്തു നായ്ക്കളെ ഉപയോഗിച്ചാണ് അയാൾ മൃഗീയമായി നാമാവശേഷമാക്കിയിരുന്നത്. അയാളുടെ വഞ്ചനയിൽപ്പെട്ട് പിടിക്കപ്പെടാത്ത ആളുകൾ അന്നാട്ടിൽ മാത്രമല്ല പലയിടങ്ങളിലായി ധാരാളമാണ്. എന്നാൽ, അപ്പൂട്ടി മാത്രമാണ് അയാൾക്ക് കുറച്ചേറെ പരിഗണന നൽകുന്ന ഏക വ്യക്തി. എന്നാൽ, ആരായിരുന്നു അയാൾ പാലു കൊടുത്ത് തന്‍റെ ഇംഗിതംപോലെ അനുസരിപ്പിച്ച കാവൽനായെന്ന് സിനിമയുടെ ഒടുവിൽ പ്രേക്ഷകന് കൃത്യമായി ബോധ്യപ്പെടും.

നായ്ക്കൾക്ക് തന്‍റെ ജീവിതത്തിൽ അർഹമായ അംഗീകാരം നൽകുന്ന വ്യക്തിയാണ് (പരിശീലകൻ) കുര്യച്ചൻ. ആക്രമണസ്വഭാവമുള്ളതും ഏത് കാലാവസ്ഥയോടും സാഹചര്യത്തോടും പൊരുത്തപ്പെടാൻ കഴിയുന്നവയുമായ മലേഷ്യൻ ബ്രീഡിൽപെട്ട നായ്ക്കളെ (ടെലോമിയൻ ഇനമെന്ന് തോന്നുന്നു) മാത്രമാണ് കുര്യച്ചന് ആവശ്യമുള്ളത്. അങ്ങനെയൊരു തേടലിന്‍റെ ഒടുവിലാണ് അയാളും സുഹൃത്തും വർഷങ്ങൾക്കു മുമ്പ് രണ്ടാം ലോകയുദ്ധ സമയത്ത് മലേഷ്യയിൽ എത്തിപ്പെടുന്നത്.

നായ്ക്കളല്ലാതെ ശത്രുവിന്മേൽ സംരക്ഷിക്കപ്പെടാൻ സാധിക്കുന്ന മറ്റൊരു ജീവി ലോകത്തില്ല എന്ന ചിന്തയാകാം അയാളെ മലേഷ്യൻ നായ് വളർത്തലിലേക്കും പരിശീലനത്തിലേക്കും നയിച്ചിട്ടുണ്ടാവുക. തന്‍റെ അവസാന ശ്വാസംവരെ യജമാനനുവേണ്ടി കുരച്ചു ചാടാൻ അവറ്റകൾക്ക് ഒരു മടിയുമില്ല. ഒരു ഘട്ടത്തിൽ ഒരാളുടെ യുവതിയായ ഭാര്യയെയാണ് സംരക്ഷിക്കപ്പെട്ടതെങ്കിൽ പിന്നീട് താൻ കൈക്കലാക്കിയ വയോധികയായ വേറൊരുത്തന്‍റെ ഭാര്യക്കു വേണ്ടിയാണ് ഈ നായ്ക്കൾ സംരക്ഷണവലയമൊരുക്കുന്നത്.

യജമാനനോട് നായ്ക്കൾ കാണിക്കുന്ന വിശ്വസ്തതയെ പര്യവേക്ഷണം ചെയ്യുന്ന ഘടകങ്ങൾ അത്രമേൽ കൗതുകത്തോടെയും ജിഞ്ജാസയോടെയുമാണ് ‘എക്കോ’യിൽ സന്നിവേശിപ്പിച്ചിട്ടുള്ളത്. നായ്ക്കളുടെ മുരളലുകളും തുറിച്ചുനോട്ടങ്ങളും ഓടിയടുക്കലുകളും ശത്രുവിനെ കടിച്ചുകീറാനുള്ള ആക്രമണോത്സുകതയുമെല്ലാം സിനിമയുടെ കേന്ദ്രഘടകമായി നിലനിൽക്കുന്നു. എങ്ങനെയാണ് സംരക്ഷണം നിയന്ത്രണത്തിലേക്കും നാശത്തിലേക്കും വഴിമാറുന്നതെന്ന് സിനിമ ചോദിക്കുന്നുണ്ട്. അതിന്‍റെ ഉത്തരം ഓരോരുത്തരിലും വിഭിന്നമാണെങ്കിലും അമിതസംരക്ഷണം ഒരു തടവറപോലെ ഇടുങ്ങിയതും കണ്ണീരുകൊണ്ട് മൂടപ്പെട്ടതുമാണെന്നും ഇതിൽ കാണിക്കുന്നു.

 

മനോഹരമായ ആദ്യ പകുതി

‘ഇൻഫിനിറ്റ് ക്രോണിക്ക്ൾസ് ഓഫ് കുര്യച്ചൻ’ എന്ന ടാഗ് ലൈനിനെ സമർഥിക്കുന്നതുപോലെ നായകനാണോ, വില്ലനാണോ എന്ന് തിരിച്ചറിയാനാവാത്ത വിധമാണ് കുര്യച്ചനെ സിനിമയിൽ അടയാളപ്പെടുത്തുന്നത്. അയാളെ തേടിവരുന്നവർ പലരാണ്. ശത്രുക്കൾ, സുഹൃത്തുക്കൾ, അന്വേഷണ ഉദ്യോഗസ്ഥർ... എന്നാൽ, പിടിതരാത്തൊരു കഥാപാത്രമായി അയാളെ ആദ്യ പകുതിയുടെ ആദ്യത്തെ ഭാഗത്ത് കാണിക്കാതെ കാണിക്കുമ്പോൾ പ്രേക്ഷകന് ജിഞ്ജാസയുണ്ടാകുന്നു.

എന്നാൽ, രണ്ടാം ലോകയുദ്ധ സമയത്ത് മലേഷ്യയിലെത്തുന്ന അദ്ദേഹവും മോഹൻ പോത്തൻ എന്ന സുഹൃത്തും (വിനീത്) അവിടേക്ക് അവരെ കൂട്ടിക്കൊണ്ടുപോകുന്ന മലേഷ്യൻ സുഹൃത്തിന്‍റെ കായലിന് അഭിമുഖമായി നിൽക്കുന്ന വീട്ടിലെത്തുന്നു. മലേഷ്യക്കാരന്‍റെ ഭാര്യക്ക് ആ വീടൊരു സംരക്ഷണമുള്ള ഇടമാണ്. അവിടേക്ക് വരുന്ന ഏതൊരു ശത്രുവിനെയും കീഴ്പ്പെടുത്താൻ പോന്ന ശക്തി അവിടത്തെ വളർത്തുനായ്ക്കൾക്കുണ്ട്. എന്നാൽ, മനുഷ്യനൊരപകടം സംഭവിക്കുമ്പോൾ അതിൽനിന്ന് സംരക്ഷിക്കാൻ അവറ്റകളുടെ കാവൽകൊണ്ട് സാധ്യമാകാതെ വരുമ്പോൾ, ആ വീട് അവൾക്കൊരു തടവറയാണ്.

ഇവിടെ നായികയെ സംരക്ഷിക്കാൻ കുര്യച്ചന്‍ ചെയ്യുന്നത് കാവൽ എന്ന സംരക്ഷണവലയത്തെ ആയുധംകൊണ്ട് പിഴുതുമാറ്റി മണ്ണിട്ടു മൂടുക എന്ന നിർബന്ധിത ദൗത്യമാണ്. തുടർന്നാണ് തന്‍റെ പ്രിയ ഭർത്താവ് യുദ്ധത്തിൽ മരിച്ച വിവരം (അതൊരു കൃത്യമായ വിവരമല്ലെങ്കിലും) കുര്യച്ചനിൽനിന്ന് അവളറിയുന്നത്. പ്രായംകൊണ്ടും സൗന്ദര്യംകൊണ്ടും ചെറുപ്പമായ സിയോയെ (പിന്നീട് മ്ലാത്തി ചേടത്തി) ഉപേക്ഷിക്കാൻ കുര്യച്ചൻ ഒരുക്കമല്ലായിരുന്നു. അവളിൽ അയാൾക്ക് പ്രത്യേകമായൊരു നോട്ടമുണ്ടായിരുന്നു. അങ്ങനെയൊടുവിലാണ് അവളെയും അവളുടെ ഭർത്താവ് അരുമയായി കൊണ്ടുനടന്ന മലേഷ്യൻ ബ്രീഡ് പട്ടിക്കുഞ്ഞുങ്ങളെയുംകൊണ്ട് കുര്യച്ചൻ കേരളത്തിന്‍റെ മണ്ണിലെത്തുന്നത്. സിനിമ ഇടവേളയിലേക്ക് നീങ്ങുന്നതുവരെ ഇംഗ്ലീഷ് ശൈലിയുള്ള ആഖ്യാനങ്ങളാൽ സമൃദ്ധമാണ്. ഒരൊഴുക്കോടെ, മലയ ഭാഷയുടെ തടസ്സമോ മടുപ്പോ ഇല്ലാതെ വളരെ സ്പഷ്ടമായി ഓരോ കാഴ്ചയെയും പ്രേക്ഷകന് ആവാഹിക്കാൻ സാധിക്കും.

 

കിഷ്കിണ്ഡാ കാണ്ഡത്തിന്‍റെ തുടർച്ച

കാടും മനുഷ്യരും ജീവികളുമായിരുന്നു ‘കിഷ്കിണ്ഡാ കാണ്ഡ’ത്തിന്‍റെയും പ്ലോട്ടെങ്കിൽ ‘എക്കോ’യിലേക്ക് വരുമ്പോൾ പ്രകൃതിയുടെ ജീവൻതുടിക്കുന്ന ഫ്രെയിമുകൾ യഥാർഥ ചിത്രമായി തന്നെ അനുഭവപ്പെടും. സിനിമയുടെ നട്ടെല്ലുതന്നെ ഈ ​െഫ്രയിമുകളാണ്. കഥപറച്ചിൽപോലെ ഭ്രമാത്മകമായാണ് കാമറയും കൈകാര്യംചെയ്തിട്ടുള്ളത്.

പ്രേക്ഷകന്‍റെ ചിന്തകൾക്കും ഭാവനകൾക്കും ഇടം നൽകിയാണ് സിനിമ അവസാനിക്കുന്നത്. ‘എക്കോ’ അനുഭവത്തിലൂടെ അവനവനിലേക്ക് ആവാഹി​ക്കപ്പെടും. ക്ലൈമാക്സിലേക്ക് വരുമ്പോൾ ജിജ്ഞാസയും ആവേശവും ഒരുപോലെ മുറുകുന്നുണ്ട്. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ സിനിമകളിൽ വേറിട്ട് ഉയർത്തി കാണിക്കാവുന്ന ഒന്നായി ‘എക്കോ’യെ വിലയിരുത്താം. സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുന്ന മറ്റൊരു സിനിമ ഈയടുത്ത് മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടോയെന്ന് സംശയവുമാണ്. കവിതയെഴുതുമ്പോൾ എഴുത്തുകാരനു മുന്നിൽ അവിചാരിതമായി തെളിയുന്ന ചില വാക്കുകൾപോലെ ‘എക്കോ’ പ്രേക്ഷകർക്കൊപ്പംതന്നെയാണ് സഞ്ചരിക്കുന്നത്.

അഭിനയത്തിലേക്ക് വന്നാൽ ഏറെ മികച്ചുനിൽക്കുന്നത് സന്ദീപ് പ്രദീപ് അവതരിപ്പിച്ച പിയൂഷ് എന്ന കഥാപാത്രമാണ്. ചില പറച്ചിലുകളും ആക്ഷൻ രംഗങ്ങളും കൈയടക്കത്തോടെതന്നെയാണ് സന്ദീപ് ഫലിപ്പിച്ചിട്ടുള്ളത്. വിനീത്, അശോകൻ, ബിനു പപ്പു, നരേൻ, സഹീർ മുഹമ്മദ് എന്നിവർക്കൊപ്പം മറ്റുള്ള കഥാപാത്രങ്ങളും അതിഗംഭീര പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അശോകന്റെ അപ്പൂട്ടിയും വിനീതിന്റെ മോഹൻ പോത്തനും നരേന്റെ നേവി ഓഫിസറും സൂക്ഷ്മവും കൃത്യവുമായിരുന്നു.

ദിൻജിത്ത് അയ്യത്താൻ എന്ന യുവസംവിധായകന്‍റെ കൈയടക്കം ‘കിഷ്കിണ്ഡാ കാണ്ഡ’ത്തിലേക്കാൾ ഉന്നതിയിലാണ് ‘എക്കോ’യിൽ. തിരക്കഥയാണ് ഈ സിനിമയുടെ പരമപ്രധാന വിജയവഴിയെന്ന് നിസ്സംശയം പറയാം. മികച്ച തിരക്കഥാകൃത്തുക്കളുടെ ഗണത്തിലേക്ക് ഇരിപ്പിടം ഉറപ്പിക്കുന്നുണ്ട് ബാഹുൽ രമേശ്. കൂടെ പ്രകൃതിയുടെ താളാത്മകതയെ അതിന്‍റെ വേരോടുകൂടി കാമറയിൽ ഒപ്പിയെടുത്തതും ബാഹുൽ രമേശിന്‍റെ മിടുക്കുതന്നെ.

ദൃശ്യങ്ങൾക്ക് ആത്മാവ് നൽകുന്നത് മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതമാണ്. സർപ്രൈസുകളെ അളന്നു മുറിച്ച് കൃത്യമായ തോതിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ എഡിറ്റർ സൂരജിന് സാധിച്ചിട്ടുണ്ട്. പരിമിതമായ ബജറ്റിൽനിന്ന് യുദ്ധഭീതി നിറയുന്ന മലേഷ്യയുടെ കാഴ്ചകളുടെ ഉള്ളറകളിലേക്ക് ചലിപ്പിക്കാനായ സംവിധായകനും സംഘവും ആദരവും നിറകൈയടിയും അർഹിക്കുന്നുണ്ട്.

‘എക്കോ’യിൽ, കൃത്യമായ ഉത്തരങ്ങളില്ല. പ്രേക്ഷകർ ഇങ്ങനെ ചിന്തിക്കണമെന്നോ ഈ വഴിയിലൂടെ പോകണമെന്നോ പറയുന്നുമില്ല. ഇഷ്ടപ്പെട്ട ഉത്തരങ്ങളെയും വഴികളെയും ഓരോരുത്തർക്കും പൂരിപ്പിച്ചെടുക്കാം. എന്നിരുന്നാലും സിനിമ പ്രേക്ഷകന് പൂർണതയുടെ ഒരു ബോധം നൽകുന്നുണ്ട്. അവ ഒരുപക്ഷേ ഇങ്ങനെയാവാം –മനുഷ്യനും മൃഗവും, നായയും ശിഷ്യനും, കാവല്‍ക്കാരനും കാവല്‍നിർത്തുന്നവനും, വിശ്വസ്തതയും അടിമത്തവും, നന്മയും തിന്മയും, സംരക്ഷണവും നിയന്ത്രണവും –ഇവയുടെയെല്ലാം അതിരുകളും അടിത്തറകളും ഒരു മെറ്റഫർപോലെ ഇതിൽ ഉൾച്ചേർന്ന് കിടക്കുന്നുണ്ട്.

Tags:    
News Summary - Ekho is written by Bahul Ramesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.