തമിഴകത്തിന്റെ രാഷ്ട്രീയ ചരിത്രം ഒരു സിനിമാക്കഥ പോലെ സങ്കീർണവും സംഭവബഹുലവുമായിരുന്നു. പല സിനിമാ താരങ്ങളും അഭിനയംവിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങി. എന്നാൽ, പലരും പരാജിതരാവുകയായിരുന്നു. അതിൽപ്പെട്ട ഏറ്റവും പ്രമുഖനായ നായകനെക്കുറിച്ചാണ് ഈ ലക്കം പറയുന്നത്.
തമിഴ്‌നാട് രാഷ്ട്രീയം, അതിന്റെ അനന്യമായ സ്വത്വഘടനകൊണ്ട് ദേശീയതലത്തിൽ നിർണായക ശ്രദ്ധ പിടിച്ചുപറ്റിയപ്പോൾ തന്നെ, ചലച്ചിത്രമേഖല ചെലുത്തുന്ന അമിത സ്വാധീനത്തിന്റെ പേരിൽ ഏറെ പഴികേട്ടിട്ടുമുണ്ട്. ഈ ആക്ഷേപം ആദ്യം മുഴങ്ങിക്കേട്ടത് തമിഴ്‌നാട്ടിൽനിന്ന് തന്നെയാണ് എന്നതാണ് വസ്തുത. എം.ജി. രാമചന്ദ്രൻ, എസ്.എസ്. രാജേന്ദ്രൻ, ശിവാജി ഗണേശൻ തുടങ്ങിയ ചലച്ചിത്ര താരങ്ങൾക്ക് ഡി.എം.കെയുടെ പ്രചാരണ വേദികളിൽ അമിത പ്രാധാന്യം നൽകുന്നുവെന്നും അത് ദ്രാവിഡ രാഷ്ട്രീയത്തിന്റെ നിലവാര തകർച്ചക്ക് കാരണമാകുന്നുവെന്നുമടക്കമുള്ള വിയോജിപ്പുകൾ ചൂണ്ടിക്കാട്ടിയാണ് യുവനേതാക്കളിൽ ഒരാളായ ഇ.വി.കെ. സമ്പത്ത് 1961ൽ പാർട്ടി വിടുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആചാര്യനായ പെരിയാർ രാമസ്വാമി നായ്ക്കരുടെ ജ്യേഷ്ഠന്റെ മകനാണ് ഇ.വി.കെ. സമ്പത്ത്. പെരിയാറിനോടുള്ള അഭിപ്രായഭിന്നതയുടെ പേരിൽ സി.എൻ. അണ്ണാദുരൈ ദ്രാവിഡ കഴകം വിട്ട് ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) രൂപവത്കരിച്ചപ്പോൾ കൂടെപ്പോന്ന യുവനേതാക്കളിൽ പ്രധാനി.
ചലച്ചിത്ര താരങ്ങളെ മുൻനിർത്തി പ്രചാരണം നടത്തുന്നത് ഡി.എം.കെ രാഷ്ട്രീയത്തെ ബാലിശമാക്കുന്നു എന്നായിരുന്നു സമ്പത്തിന്റെ ആക്ഷേപം. വസ്തുത എന്തായാലും, തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഭാഗ്യാന്വേഷകരായ ചലച്ചിത്രതാരങ്ങൾ ഉദിച്ചുയർന്നുവരാൻ ഡി.എം.കെയുടെ താരാഭിമുഖ്യം പ്രധാന കാരണമായിട്ടുണ്ട്. എന്നാൽ, എം.ജി.ആറിന് ഒഴികെ ഇവരിൽ മറ്റൊരാൾക്കും താരാരാധനയെ രാഷ്ട്രീയമൂലധനമായി പരിണമിപ്പിക്കാൻ സാധിച്ചിട്ടില്ല. ജനങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷ നിലനിർത്തിയവരെ നിരുപാധികമായി പിന്തുണച്ചും അധികാരനേട്ടത്തിനായി താരപ്രഭ കാണിച്ച് മോഹിപ്പിച്ചവരെ നിഷേധിച്ചും തന്നെയാണ് തമിഴ്ജനത അവരുടെ രാഷ്ട്രീയ സമ്മതിദാനം രേഖപ്പെടുത്തിയത്.
അതിഭൗതിക നായകത്വത്തോടുള്ള ആരാധനയാണ് തമിഴരെ നയിക്കുന്നതെന്ന മുൻവിധിയാണ് തമിഴ്നാട് രാഷ്ട്രീയത്തെ സിനിമ വിഴുങ്ങി എന്ന വിമർശനത്തിന് ഹേതു. താരപരിവേഷം മാത്രം മുതലീടാക്കി രാഷ്ട്രീയ പരീക്ഷണത്തിന് പുറപ്പെട്ട് പരാജയമടഞ്ഞ സൂപ്പർ താരങ്ങളെയും അവർ രൂപവത്കരിച്ച്, മിന്നിപ്പൊലിഞ്ഞുപോയ സംഘടനകളും അതിനുദാഹരണമാണ്. ഇതേക്കുറിച്ചുള്ള വിശകലനമാണ് ഈ പരമ്പര. തമിഴ്‍ സിനിമ, ഭാവാഭിനയ ചക്രവർത്തിയായി കൊണ്ടാടുന്ന ‘നടികർ തിലകം’ ശിവാജി ഗണേശനെ കുറിച്ചാണ് ആദ്യ അധ്യായം.
‘ശിവാജി’യാകുന്ന വി.സി. ഗണേശൻ
വിഴുപ്പുറത്തെ കള്ളർ (തേവർ) സമുദായത്തിൽപെട്ട റെയിൽവേ ജീവനക്കാരനും ദേശീയ സ്വാതന്ത്ര്യസമര പോരാളിയുമായ ചിന്നയ്യ പിള്ളൈയുടെ മകനായി ജനിച്ച വി.സി. ഗണേശൻ പേരുകേട്ട നാടകനടനായി മാറുന്നത് സി.എൻ. അണ്ണാദുരൈ എഴുതിയ ‘ശിവാജി കണ്ട ഹിന്ദുരാജ്യ’ത്തിലെ നായകവേഷത്തിലൂടെയാണ്. ഛത്രപതി ശിവാജി മഹാരാജയായുള്ള വേഷപ്പകർച്ചയിൽ ഗണേശന്റെ നടന വൈഭവം കണ്ട് ആകൃഷ്ടനായ പെരിയാർ രാമസ്വാമി നായ്ക്കരാണ് അദ്ദേഹത്തിന് ‘ശിവാജി’ എന്ന പേര് നൽകിയത്.
ശൈലീകൃതമായ തീവ്രസംഭാഷണരീതിയും അതിവൈകാരിക ഭാവാഭിനയവും ശിവാജിയെ അക്കാലത്തെ മറ്റു നായകനടന്മാരിൽനിന്നും വ്യത്യസ്‍തനാക്കി. 40കളിൽ തമിഴ് സിനിമകളിലെ നായകന്മാരിൽ മിക്കവരും തെലുഗു നടന്മാരായിരുന്നു. അവരുടെ തമിഴ് ഉച്ചാരണത്തിലെ കുറവുകൾ, ആ ഭാഷയിൽ പ്രാവീണ്യമുള്ള ശിവാജി ഗണേശനെപ്പോലെ തദ്ദേശീയ താരങ്ങളുടെ ഉദയത്തിനു ഹേതുവായി. അണ്ണാദുരൈയുടെയും എം. കരുണാനിധിയുടെയും മറ്റും നേതൃത്വത്തിൽ സാമൂഹികമാറ്റത്തിനായുള്ള നാടകങ്ങൾ രൂപപ്പെടുന്ന കാലമായിരുന്നു അത്. ഈ നാടകങ്ങളിലെ നായകവേഷങ്ങൾ, തനതുശൈലിയിൽ പകർന്നാടിയ ശിവാജി വലിയ തോതിൽ പ്രേക്ഷകപ്രീതി നേടി.
വെള്ളിത്തിരയിലെ നടികർ തിലകം
എം. കരുണാനിധിയുടെ തിരക്കഥയും സംഭാഷണവും ആധാരമാക്കി പ്രശസ്ത സംവിധായകർ കൃഷ്ണൻ-പഞ്ചു സംവിധാനം ചെയ്ത് 1952ൽ റിലീസ് ചെയ്ത ‘പരാശക്തി’യിലൂടെയാണ് ശിവാജിയുടെ സിനിമാപ്രവേശം. ഗുണശേഖരൻ എന്ന നായക കഥാപാത്രത്തിന്റെ ജാതി-പൗരോഹിത്യ വിരുദ്ധ സംഭാഷണങ്ങളും കോടതിമുറിയിലെ ദീർഘ ആത്മഭാഷണങ്ങളും നിറഞ്ഞ ‘പരാശക്തി’ തമിഴ്നാട്ടിന്റെ മുക്കിലും മൂലയിലും തരംഗം സൃഷ്ടിച്ചു. രാഷ്ട്രീയമായും സൗന്ദര്യശാസ്ത്രപരമായും തമിഴ്സിനിമയുടെ വിച്ഛേദമായി തീർന്ന ആദ്യചിത്രംതന്നെ ശിവാജി ഗണേശനെ ജനപ്രിയതാരമാക്കി മാറ്റി.
ഇതേതുടർന്ന് ‘തിരുമ്പി പാർ’, ‘മനോഹര’, ‘കുറവഞ്ചി’ തുടങ്ങിയ സിനിമകൾ ശിവാജിയെ തേടിയെത്തി. ഇതിനിടെ ജനപ്രിയ-ആക്ഷൻ സിനിമകളിലൂടെ സൂപ്പർതാരമായി മാറിയ എം.ജി. രാമചന്ദ്രനും പ്രേക്ഷകമനസ്സിനെ ഇളക്കിമറിച്ചു. ഇതോടെ, തമിഴ് സിനിമ പ്രധാനമായും എം.ജി.ആർ-ശിവാജി ദ്വന്ദ്വത്തെ കേന്ദ്രീകരിച്ച് വികസിച്ചുതുടങ്ങി. ജെമിനി ഗണേശൻ, മുത്തുരാമൻ, ജയ്ശങ്കർ, നാഗേഷ്, ശിവകുമാർ പോലുള്ള നായകന്മാരുടെ ചിത്രങ്ങളും ജനശ്രദ്ധ ആർജിച്ചിരുന്നുവെങ്കിലും ഇരുവർക്കും വെല്ലുവിളി ഉയർത്താൻ ഇവർക്കാർക്കും സാധിച്ചില്ല. 1980കൾ വരെ ഈ നില നീണ്ടു.
സാമൂഹിക വിമർശനവും ചടുല സംഭാഷണങ്ങളുംകൊണ്ട് ശ്രദ്ധേയമായ ‘പണം’, ത്രില്ലർ മെലോഡ്രാമയായ ‘അന്ത നാൾ’, ക്ലാസിക്-ചരിത്ര പ്രമേയങ്ങൾ ആവിഷ്കരിച്ച ‘ഉത്തമപുത്രൻ’, ‘വീരപാണ്ഡ്യ കട്ടബൊമ്മൻ’, ‘കപ്പലോട്ടിയ തമിഴൻ’ ഒക്കെ ’50കളിലെ ശിവാജിയുടെ വൻ ഹിറ്റുകളാണ്. ’60കളിൽ അണ്ണൻ-തങ്കൈ സ്നേഹബന്ധത്തിന്റെ ഐക്കൺ ആയി മാറിയ ‘പാശമലർ’, കുടുംബ-സാമൂഹിക പ്രമേയങ്ങളിൽ ഊന്നിയ ‘നവരാത്രി’, ‘ദൈവമകൻ’, ‘പാവ മന്നിപ്പ്’പോലുള്ള ചിത്രങ്ങൾ വൻവിജയം നേടി. ‘ബലേ പാണ്ഡ്യ’പോലുള്ള ഹാസ്യസിനിമകളിലൂടെ അത്തരം ആസ്വാദനശീലങ്ങളെയും ശിവാജിക്ക് തൃപ്തിപ്പെടുത്താനായി. ’70കളിലെ ബോക്സോഫിസ് ഹിറ്റുകളായ ‘സ്വർഗം’, ‘എങ്കിരുന്തോ വന്താൾ’, ‘സവാലെ സമാളി’, ‘വസന്തമാളികൈ’, ‘ഗൗരവം’, ‘രാജ രാജ ചോഴൻ’, ‘തങ്കപ്പതക്കം’, ‘ത്രിശൂലം’, ‘ദൈവമകൻ’, ‘നവരാത്രി’, ‘പുതിയ പറവൈ’, ക്ലാസിക് നായക കഥാപാത്രങ്ങളായി അഭ്രപാളികളെ ത്രസിപ്പിച്ച ‘കർണൻ’, ‘തിരുവിളയാടൽ’, ‘തില്ലാന മോഹനാംബാൾ’ എന്നീ ചിത്രങ്ങളിലൂടെ രൂപപ്പെട്ട പ്രതിച്ഛായ ശിവാജി ഗണേശനെ തമിഴ് സിനിമയുടെ ‘നടികർ തിലക’മാക്കി.
’80കളോടെ തമിഴ് സിനിമയിലുണ്ടായ ഭാവുകത്വമാറ്റവും രജനികാന്ത്, കമൽ ഹാസൻ, വിജയകാന്ത് തുടങ്ങിയ പുതിയ നായക നടന്മാരുടെയും കെ. ബാലചന്ദർ, ഭാരതിരാജ, മണിരത്നം, ബാലുമഹേന്ദ്ര പോലുള്ള സംവിധായകരുടെയും കടന്നുവരവും ഈ ജൈത്രയാത്രക്ക് മങ്ങലേൽപിച്ചു. റിയലിസ്റ്റിക് സിനിമകൾ വരവറിയച്ചതോടെ ശിവാജിയുടെ ശൈലീകൃത സംഭാഷണവും മെലോഡ്രാമ കലർന്ന ഭാവാഭിനയവും അഭിനയകലയുടെ പാഠപുസ്തകമായി അവശേഷിച്ചുതുടങ്ങി. അപ്പോഴും ‘മുതൽ മര്യാദ’പോലുള്ള പടങ്ങൾകൊണ്ട് ശിവാജി പ്രേക്ഷകശ്രദ്ധ നിലനിർത്തി. രജനിയുടെ കൂടെ ‘പടയപ്പ’, കമൽഹാസനൊപ്പം ‘തേവർ മകൻ’, വിജയുമൊത്ത് ‘വൺസ് മോർ’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
ഉദാത്തഭംഗിയുള്ള നാടകീയതയും വൈകാരികമായ ആധികാരികതയും ചടുലമായ സംഭാഷണങ്ങളിന്മേലുള്ള അനിതരസാധാരണമായ കൈയടക്കവും ശബ്ദഗാംഭീര്യവും ഒത്തിണങ്ങിയ അഭിനയ ശൈലിയാണ് ശിവാജി പിന്തുടർന്നുവന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ നാടകവേദികളിലൂടെ രൂപപ്പെട്ട അതിപ്രകടനാത്മകമായ സാമ്പ്രദായിക നടനരീതികൾക്കും ആദ്യകാല ചലച്ചിത്രങ്ങളിലെ പരിമിത നിയന്ത്രിതമായ അഭിനയശൈലിക്കുമിടയിൽ ഒരു സംക്രമണദൗത്യമാണ് ശിവാജി ഗണേശൻ നിർവഹിച്ചതെന്നു പറയാം.
രാഷ്ട്രീയ പ്രവേശം
1953ൽ തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡിയിൽ നടന്ന ഡി.എം.കെ സമ്മേളനത്തിന്റെ പ്രധാന ചർച്ച ‘സ്വതന്ത്ര ദ്രാവിഡനാട്’ എന്ന സ്വപ്നരാഷ്ട്രം സഫലമാകേണ്ടതിന്റെ അനിവാര്യതയെ കുറിച്ചായിരുന്നു. അന്നത്തെ യുവനേതാക്കളുടെ ആവേശപൂർണമായ പ്രസംഗങ്ങൾ കേട്ട് വികാരാധീനനായ ശിവാജി, ‘‘അണ്ണാദുരൈ നിർദേശിച്ചാൽ എല്ലാ സിനിമാ കരാറുകളും റദ്ദ് ചെയ്ത് പോരാട്ടത്തിനിറങ്ങാൻ തയാറാണ്’’ എന്ന് തുറന്നു പ്രഖ്യാപിക്കുകയുമുണ്ടായി.
ദ്രാവിഡ കഴകത്തിലോ ഡി.എം.കെയിലോ അംഗത്വമുണ്ടായിരുന്നില്ലെന്നു പല ഘട്ടങ്ങളിൽ ശിവാജി ഗണേശൻ ആവർത്തിച്ചു പറയാറുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കലാരംഗത്തെ ആദ്യകാല വളർച്ചക്ക് ആ പ്രസ്ഥാനങ്ങൾ നൽകിയ പിന്തുണ ചെറുതായിരുന്നില്ല. നാടകപ്രവർത്തനങ്ങൾക്കൊപ്പം ദ്രാവിഡ കഴകത്തിന്റെ പ്രചാരണ വേദികളിലെ താരസാന്നിധ്യവുമായിരുന്നു അദ്ദേഹം. 1949ൽ അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഡി.എം.കെ രൂപവത്കരിക്കപ്പെട്ടപ്പോൾ നടനും ഗായകനുമായ കെ.ആർ. രാമസ്വാമി ആയിരുന്നു പാർട്ടിയുടെ ആദ്യത്തെ താരപ്രചാരകൻ. ഡി.എം.കെയുടെ സ്ഥാപകാംഗം കൂടിയായിരുന്നു അദ്ദേഹം. 1960ൽ മദ്രാസ് നിയമസഭയുടെ എം.എൽ.സിയിൽ (ഉപരിസഭ) പാർട്ടി പ്രതിനിധിയായി അദ്ദേഹം നിയമിക്കപ്പെട്ടു. അഭിനയരംഗത്തുനിന്നുള്ള ഇദ്ദേഹത്തിന് ലഭിച്ച സ്വീകാര്യതയാണ് എസ്.എസ്. രാജേന്ദ്രനും ശിവാജി ഗണേശനും എം.ജി. രാമചന്ദ്രനും രാഷ്ട്രീയ പ്രവേശത്തിനുള്ള പ്രചോദനമായത്.
1962ൽ മദ്രാസ് നിയമസഭ അസംബ്ലി തെരഞ്ഞെടുപ്പിൽ ചലച്ചിത്രാഭിനയ രംഗത്തുനിന്നുള്ള ആദ്യ ഡി.എം.കെ എം.എൽ.എ ആയി എസ്.എസ്. രാമചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ, നിരവധി അഭിനേതാക്കൾ ഡി.എം.കെയിൽ ചേർന്ന് പാർട്ടി പ്രചാരണവേദികൾ അലങ്കരിക്കാൻ തയാറായി. 1952ൽ ‘പരാശക്തി’യുടെ റിലീസ് മുതൽ 1955 വരെ ദ്രാവിഡ പ്രസ്ഥാനത്തിന്റെ, ഏറ്റവും ജനപ്രിയ താരമുഖമായിരുന്നു ശിവാജി ഗണേശൻ. കെ.ആർ. രാമസ്വാമി, എസ്.എസ്. രാജേന്ദ്രൻ തുടങ്ങിയ അക്കാലത്തെ സൂപ്പർതാരങ്ങളേക്കാൾ ആരാധക പ്രീതി പിടിച്ചുപറ്റാൻ ഇക്കാലത്ത് അദ്ദേഹത്തിനായി. അടിച്ചമർത്തപ്പെട്ടവരുടെ ധീരോദാത്ത വിമതശബ്ദമായി തമിഴ് സ്‌ക്രീനിൽ നിറഞ്ഞാടിക്കൊണ്ട് എം.ജി. രാമചന്ദ്രൻ കുതിച്ചുയർന്നു വരും വരെ ഈ പദവി കാത്തുസൂക്ഷിക്കാൻ ശിവാജിക്ക് സാധിച്ചു.
1950കളുടെ അവസാനത്തിൽ തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിൽ വമ്പിച്ച നാശനഷ്‌ടങ്ങൾ വിതച്ചുകൊണ്ട് ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. ഡി.എം.കെയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ സഹായനിധി സമാഹരിക്കാനായി, അണ്ണാദുരൈ ഡി.എം.കെ അനുഭാവികളായ ചലച്ചിത്ര താരങ്ങളുടെ സഹായവും തേടി. ശിവാജിയും എം.ജി.ആറും എസ്.എസ്. ആറുമൊക്കെ ഇതിനായി മുന്നിട്ടിറങ്ങി. ‘പരാശക്തി’ ചിത്രത്തിലൂടെ പ്രസിദ്ധമായ സംഭാഷണശകലങ്ങൾ അഭിനയിച്ചവതരിപ്പിച്ചുകൊണ്ടു ജനങ്ങളിലേക്കിറങ്ങിയ ശിവാജിക്ക് മറ്റെല്ലാ താരങ്ങളേക്കാളും ധനം സ്വരൂപിക്കാനായി. എന്നാൽ, അണ്ണാദുരൈയുടെ പ്രശംസയും പാരിതോഷികവും ലഭിച്ചത് എം.ജി.ആറിനായിരുന്നു. ഡി.എം.കെയുടെ പ്രത്യയശാസ്ത്രത്തെ പ്രചരിപ്പിക്കുന്ന ആക്ഷൻ സിനിമകളിലൂടെ ജനസമ്മതനായി മാറിയ എം.ജി.ആറിനോടുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ വാത്സല്യവും ഇതിനൊരു കാരണമായിരുന്നു.
പ്രവർത്തനങ്ങൾക്കും ആത്മാർഥതക്കും ആനുപാതികമായ പരിഗണന ഡി.എം.കെ നേതൃത്വത്തിൽനിന്ന് ലഭിക്കുന്നില്ലെന്നും അണ്ണാദുരൈയുടെ സന്തത സഹചാരികളുടെ ഗൂഢാലോചനയാണ് ഇതിനുകാരണമെന്നും സംശയിക്കേണ്ട സാഹചര്യങ്ങളുണ്ടായതോടെ ശിവാജി നിരാശനായി. അദ്ദേഹത്തെ സമാശ്വസിപ്പിക്കാനായി സുഹൃത്തും സംവിധായകനുമായ ഭീം സിങ് തിരുപ്പതി ക്ഷേത്രദർശനത്തിനായി കൊണ്ടുപോയി. നിരീശ്വരവാദ പ്രസ്ഥാനമായ ഡി.എം.കെയുടെ താരപ്രചാരകന്റെ ക്ഷേത്രസന്ദർശനം തൊട്ടടുത്ത ദിവസങ്ങളിലെ പത്രവാർത്തകളിൽ വലിയ തലക്കെട്ടുകൾ സൃഷ്ടിച്ചു. പാർട്ടി നേതാക്കൾ ശിവാജിയെ അതിരൂക്ഷമായി വിമർശിച്ചു. അദ്ദേഹത്തിന്റെ സിനിമാ പോസ്റ്ററുകൾ വലിച്ചുകീറിയും ചാണകം കലക്കിയൊഴിച്ചും അണികൾ അമർഷം പ്രകടിപ്പിച്ചു. ‘നാസ്തിക ഗണേശൻ ആസ്തിക ഗണേശനായി’, ‘തിരുപ്പതി ഗണേശൻ!’ തുടങ്ങിയ പരിഹാസപ്രയോഗങ്ങളോടെ വാരികകളും മാസികകളും ഇതേറ്റെടുക്കുകയും ചെയ്തു.
ശിവാജി ഗണേശനും എം.ജി.ആറും
കോൺഗ്രസിലേക്ക്
ഡി.എം.കെ നേതൃത്വത്തിന്റെ കടുത്ത എതിർപ്പിൽ നിലതെറ്റിയ ശിവാജി, കോൺഗ്രസ് നേതാവ് കാമരാജിലാണ് അഭയംപ്രാപിച്ചത്. അദ്ദേഹത്തിന്റെ ക്ഷണപ്രകാരം ശിവാജി കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാനാരംഭിച്ചു. ഇതിനിടെ, 1967ലെ മദ്രാസ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത ആഘാതമേൽപിച്ചുകൊണ്ട് ഡി.എം.കെ ആദ്യമായി അധികാരത്തിലെത്തി. അപ്പോഴും കാമരാജിനൊപ്പം ഉറച്ചു നിൽക്കാനായിരുന്നു ശിവാജിയുടെ തീരുമാനം. 1969ൽ ഇന്ദിര ഗാന്ധിയുമായി തെറ്റിപ്പിരിഞ്ഞ് കാമരാജ്, മൊറാർജി ദേശായി, നിജലിംഗപ്പ തുടങ്ങിയവർക്കൊപ്പം സംഘടനാ കോൺഗ്രസ് രൂപവത്കരിച്ചപ്പോഴും ശിവാജി അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നു.
അപ്പോഴേക്കും എം.ജി.ആർ, ഡി.എം.കെയുടെ അനിഷേധ്യമായ താരസാന്നിധ്യമായും സ്വാധീന കേന്ദ്രമായും വളർന്നിരുന്നു. എം.ജി .ആറിന്റെയും ശിവാജിയുടെയും സിനിമകളുടെ റിലീസിങ്ങുകൾ ഇരുവരുടെയും ആരാധകർക്കിടയിൽ പോർവിളികളായി മുഴങ്ങി. ഇതിന്റെ പ്രതിധ്വനികൾ 1971ലെ തെരെഞ്ഞടുപ്പിലും അലയടിച്ചു. സംഘടനാ കോൺഗ്രസിനുവേണ്ടി ശിവാജിയും ഡി.എം.കെക്കുവേണ്ടി എം.ജി.ആറും കച്ചകെട്ടിയിറങ്ങി. ‘‘എന്നോളം അഭിനയശേഷി എം.ജി.ആറിനുണ്ടോ’’ എന്ന് ചോദിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശിവാജിയാണ് വാഗ്വാദത്തിനു തുടക്കമിട്ടത്. സ്റ്റണ്ട് രംഗങ്ങളിലെ ശിവാജിയുടെ പരിമിതികളെ പരിഹസിച്ചുകൊണ്ടായിരുന്നു എം.ജി.ആറിന്റെ മറുപടി. തന്റെ സിനിമകളുടെ ജനപ്രീതിയെയും ലാഭത്തെയും കവച്ചുവെക്കാൻ ശിവാജിയെ അദ്ദേഹം വെല്ലുവിളിച്ചു. വാക്‌പോര് രൂക്ഷമായ സാഹചര്യത്തിൽ സിനിമയിലെയും രാഷ്ട്രീയത്തിലെയും അക്കാലത്തെ പ്രമുഖർ ഇടപെട്ടാണ് അന്ന് താൽക്കാലിക വെടിനിർത്തൽ സാധ്യമാക്കിയത്.
ഈ തെരഞ്ഞെടുപ്പിൽ കാമരാജ് കോൺഗ്രസിന് 15 സീറ്റുകൾ മാത്രമാണ് ജയിച്ചുകയറാനായത്. ഡി.എം.കെ 184 സീറ്റുകളോടെ ചരിത്രവിജയം നേടുകയും ചെയ്തു. തെരഞ്ഞെടുപ്പിനുശേഷം ഇരു കോൺഗ്രസ് വിഭാഗങ്ങളുടെയും ലയനത്തിനുവേണ്ടി ശിവാജിയുടെ നേതൃത്വത്തിൽ ശ്രമമാരംഭിച്ചു. കാമരാജിന്റെ പിന്തുണ ഇതിനുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം 1976ലേ ലയനം സാധ്യമായുള്ളൂ.
ലയനശേഷം ശിവാജി ഇന്ദിരയുടെ വിശ്വസ്തനായി മാറി. ഇതിനിടെ ഡി.എം.കെയിലെ ആഭ്യന്തര കലഹത്തിന്റെ ഭാഗമായി പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട എം.ജി.ആർ 1972ൽ എ.ഐ.എ.ഡി.എം.കെ രൂപവത്കരിച്ചു. 1980ൽ എ.ഐ.എ.ഡി.എം.കെക്കെതിരെ ഇന്ദിര ഗാന്ധിയും കരുണാനിധിയും തമ്മിൽ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയപ്പോൾ പ്രചാരണ രംഗത്ത് സജീവമായിരുന്നു ശിവാജി. ‘നാടുഭരിക്കാൻ കലൈജ്ഞർ (കരുണാനിധി) ഉണ്ട്, എം.ജി.ആർ അഭിനയം തുടരട്ടെ’ എന്ന പഞ്ച് ഡയലോഗുമായായിരുന്നു അദ്ദേഹം കളംനിറഞ്ഞത്. എന്തായാലും തമിഴ്‌നാട്ടിലെ സമ്മതിദായകർ അതു ചെവിക്കൊണ്ടില്ല. തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഡി.എം.കെ സഖ്യത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് എം.ജി.ആർ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തി. ഇതോടെയാണ് സംസ്ഥാനത്ത് ഭരണപക്ഷമായോ പ്രതിപക്ഷമായോ സ്വാധീനമുറപ്പിച്ചിരുന്ന കോൺഗ്രസിന്റെ അടിത്തറ തകർത്തുകൊണ്ട് ഡി.എം.കെ- എ.ഐ.എ.ഡി.എം.കെ ദ്വന്ദ്വം തമിഴ്നാട് രാഷ്ട്രീയത്തെ കൈവെള്ളയിലൊതുക്കുന്നത്.
ഇക്കാലത്ത്, രാജ്യസഭാംഗമായിരുന്ന ചലച്ചിത്ര നടി നർഗീസ് ദത്തിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റ് ഇന്ദിര ഗാന്ധി ശിവാജിക്ക് നൽകി. ഇന്ദിരയടക്കമുള്ള ദേശീയ നേതാക്കളുമായി ഊഷ്മളബന്ധം ഉണ്ടായിരുന്നിട്ടും സംസ്ഥാനത്തെ പാർട്ടിയിൽ അന്നത്തെ ശക്തികേന്ദ്രങ്ങളിൽ പ്രധാനിയായിരുന്ന ജി.കെ. മൂപ്പനാരുമായി ശിവാജിക്ക് അടിക്കടി ഉരസേണ്ടിവന്നു. മൂപ്പനാർ-ശിവാജി വിഭാഗങ്ങൾ തമ്മിലുള്ള ഗ്രൂപ് വഴക്ക് കോൺഗ്രസിലെ നിത്യസംഭവങ്ങളിലൊന്നായി മാറി. പിളർപ്പിന്റെ കാലത്ത് ഒപ്പംനിന്ന ജി.കെ. മൂപ്പനാർ അപ്പോഴേക്കും ഇന്ദിരയുടെ വിശ്വാസമാർജിച്ചിരുന്നു. കോൺഗ്രസിന്റെ താരപ്രചാരകരിൽ പ്രധാനിയായ ശിവാജിയെ, രാഷ്ട്രീയ വളർച്ചയിൽ സ്വന്തം പ്രതിയോഗിയായാണ് മൂപ്പനാർ കണ്ടത്. ശിവാജിയുടെ ജനപ്രീതിയും ദേശീയ നേതൃത്വവുമായുള്ള ബന്ധവും സ്ഥാനമാനങ്ങൾക്ക് ഭീഷണിയാകുമെന്ന് അദ്ദേഹം കരുതി.
ഇക്കാരണത്താൽ ശിവാജിയുമായി കൂടിയാലോചിക്കാതെ സംസ്ഥാനത്തെ കോൺഗ്രസിന്റെ കാര്യപരിപാടികൾ മുന്നോട്ടുകൊണ്ടുപോകാനാണ് മൂപ്പനാർ ശ്രമിച്ചത്. നയതീരുമാന യോഗങ്ങളിൽ പങ്കെടുപ്പിക്കാതെ, ഒരു പ്രദർശനവസ്തുവെന്ന നിലയിലാണ് മൂപ്പനാർ തന്നെ പരിഗണിക്കുന്നതെന്ന ശിവാജിയുടെ പരാതി ദേശീയ നേതൃത്വം കാര്യമായെടുത്തില്ല. നിലവിലുള്ള സാഹചര്യത്തിൽ ദ്രാവിഡ പാർട്ടികളുമായി സഹകരിച്ചുകൊണ്ടേ സംസ്ഥാനത്ത് കോൺഗ്രസിന് വളർച്ചയുണ്ടാവൂ എന്ന് ശിവാജി ഗണേശൻ വിശ്വസിച്ചിരുന്നു. നയപരമായ ഇത്തരം കാര്യങ്ങളിൽ ശിവാജിയുടെ അഭിപ്രായങ്ങൾ മൂപ്പനാർ വിഭാഗം അവഗണിച്ചു. ഇരുവിഭാഗങ്ങളും തമ്മിലുള്ള ശീതസമരം ശക്തിപ്പെട്ട സാഹചര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ അനുനയ ഇടപെടലുകളുടെ ഭാഗമായി തെരഞ്ഞെടുപ്പുകളിൽ ശിവാജി വിഭാഗത്തിന് പ്രത്യേക േക്വാട്ടതന്നെ അക്കാലത്ത് അനുവദിക്കപ്പെട്ടു. ഈ േക്വാട്ടയിലൂടെയാണ് പിൽക്കാലത്ത് സംസ്ഥാന പാർട്ടി അധ്യക്ഷ പദവിയിൽ എത്തിച്ചേർന്ന ഇ.വി.കെ.എസ്. ഇളങ്കോവൻ (ഇ.വി.കെ സമ്പത്തിന്റെ മകൻ) എന്ന നേതാവ് വളർന്നുവന്നത്.
ഉൾപ്പാർട്ടി പോരാട്ടങ്ങൾ നിറഞ്ഞ ഇക്കാലത്തും ശിവാജി സിനിമയിൽ സജീവമായിരുന്നു. പൊതുവേദികളിൽ എം.ജി.ആറും ശിവാജിയും സൗഹൃദം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇവർ തമ്മിലുള്ള തൊഴിൽ മത്സരത്തിന് വ്യക്തിപരമായ ചില മാനങ്ങൾകൂടി ഉണ്ടായിരുന്നു. അപ്പോഴേക്കും നിർമാതാവെന്ന നിലയിൽ ഏറെ പ്രശസ്തനായ സുഹൃത്ത് ഭീം സിങ് എം.ജി.ആറിന്റെ താരപ്രഭയിൽ മയങ്ങി അദ്ദേഹത്തെവെച്ച് പടം നിർമിക്കുമോ എന്ന് ശിവാജി ഭയന്നു. അങ്ങനെ ചെയ്യില്ലെന്നു ഭീം സിങ്ങിനെക്കൊണ്ട് നിർബന്ധിച്ച് സത്യംചെയ്യിക്കുന്നതുവരെ എത്തി കാര്യങ്ങൾ. സ്വസമുദായക്കാരനായ ശിവാജിയെ നായകനാക്കി നിർമാതാവ് ചിന്നപ്പതേവർ സിനിമയെടുക്കില്ല എന്നുറപ്പാക്കാൻ അദ്ദേഹത്തെക്കൊണ്ട് ആണയിടീപ്പിച്ചാണ് എം.ജി.ആർ പകരം വീട്ടിയത്.
എന്നാൽ, പിൽക്കാലത്ത്, തമിഴ് കലയെയും സംസ്കാരത്തെയും പഠിക്കാനെത്തിയ വിദേശസംഘത്തിനു മുന്നിൽ സ്വന്തം സിനിമയായ ‘എങ്ക വീട്ടുപിള്ളൈ’ക്ക് പകരം ശിവാജിയുടെ ‘തില്ലാന മോഹനാംബാൾ’ പ്രദർശിപ്പിക്കണം എന്ന് സംഘാടകരോട് നിർദേശിച്ച മുഖ്യമന്ത്രിയെയും എം.ജി.ആറിൽ നമുക്ക് കാണാനാവും. ‘എങ്ക വീട്ടുപിള്ളൈ’ സൂപ്പർ ഹിറ്റ് സിനിമ മാത്രമാണെന്നും തമിഴ് ചലച്ചിത്ര സംസ്കാരത്തെ കുറിച്ചറിയാൻ ശിവാജിയുടെ പടം കാണണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
1987ൽ എം.ജി.ആറിന്റെ മരണശേഷം ഭാര്യ വി.എൻ. ജാനകിയുടെയും രാജ്യസഭാംഗമായിരുന്ന ജെ. ജയലളിതയുടെയും നേതൃത്വത്തിൽ എ.ഐ.എ.ഡി.എം.കെ രണ്ടു വിഭാഗങ്ങളായി പിളർന്നു. ജാനകി പക്ഷത്തെ പിന്തുണക്കണമെന്നായിരുന്നു ശിവാജി ഗണേശന്റെ താൽപര്യം. ഇതിനു വിരുദ്ധമായിരുന്നു മൂപ്പനാരുടെ നിലപാട്. ശിവാജിയുമായി അത്ര നല്ല ബന്ധത്തിലല്ലായിരുന്ന രാജീവ് ഗാന്ധി മൂപ്പനാരുടെ അഭിപ്രായം മാനിച്ച് ജയലളിതയുമായി സഖ്യം ചേരാൻ തീരുമാനിച്ചു. ഇത് സംസ്ഥാനത്തെ കോൺഗ്രസിൽ വീണ്ടുമൊരു പിളർപ്പിന് ഇടയാക്കി. ഇ.വി.കെ.എസ്. ഇളങ്കോവൻ ഉൾപ്പെടെയുള്ള ശിവാജി അനുകൂല എം.എൽ.എമാർ രാജിവെച്ചു.
ഇന്ദിര ഗാന്ധിക്കും കെ. കാമരാജിനുമൊപ്പം ശിവാജി ഗണേശൻ
തമിഴക മുന്നേറ്റ മുന്നണി രൂപവത്കരണം
കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ ശിവാജി ഗണേശനും അനുയായികളും 1988 ഫെബ്രുവരി 10ന് തമിഴക മുന്നേറ്റ മുന്നണി രൂപവത്കരിച്ചു. 1989ലെ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ ജാനകി വിഭാഗവുമായി ശിവാജി സഖ്യമുണ്ടാക്കി. 50 സീറ്റുകളിൽ പാർട്ടി ഏണി ചിഹ്നത്തിൽ മത്സരത്തിനിറങ്ങി. തഞ്ചാവൂരിലെ തിരുവൈയാർ മണ്ഡലത്തിൽനിന്നു ജനവിധി തേടിയ ശിവാജിയുൾപ്പെടെ എല്ലാ ടി.എം.എം സ്ഥാനാർഥികളും അമ്പേ പരാജയപ്പെട്ടു. ഡി.എം.കെ സ്ഥാനാർഥി ദുരൈ ചന്ദ്രശേഖറിനോട് പതിനായിരത്തിലധികം വോട്ടിനാണ് ശിവാജി തോൽവി ഏറ്റുവാങ്ങിയത്. സഖ്യത്തിലെ ജാനകി വിഭാഗം എ.ഡി.എം.കെക്ക് രണ്ടു സീറ്റുകൾകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ എ.ഐ.ഡി.എം.കെ (ജെ) വിഭാഗവുമായി ചർച്ചകൾ നടത്തിയെങ്കിലും സീറ്റ് പങ്കുവെക്കൽപോലുള്ള കാര്യങ്ങളിലുള്ള ജയലളിതയുടെ കടുംപിടിത്തം മൂപ്പനാരെ ചൊടിപ്പിച്ചു. മാത്രമല്ല, ചർച്ചകൾ ദേശീയ നേതൃത്വവുമായി നേരിട്ട് നടത്തുമെന്ന ജയയുടെ പിടിവാശിയും മൂപ്പനാർക്കു ഇഷ്ടക്കേടുണ്ടാക്കി. തനിച്ചു മത്സരിക്കുന്നതുവഴി, കോൺഗ്രസിന് നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ കഴിയുമെന്ന് രാജീവ് ഗാന്ധിയെ വിശ്വസിപ്പിക്കാൻ മൂപ്പനാർക്കായി. എന്നാൽ, ഫലം വന്നപ്പോൾ ജയ വിഭാഗത്തിന് 27 സീറ്റുകൾ ലഭിച്ചു. കോൺഗ്രസ് സമ്പൂർണ പരാജയവും ഏറ്റുവാങ്ങി.
തമിഴക മുന്നേറ്റ കഴകത്തിന്റെ ആണിക്കല്ലിളക്കിയ തെരഞ്ഞെടുപ്പ് ഫലത്തിൽ ഹതാശനായ ശിവാജി ആ വർഷംതന്നെ പാർട്ടി പിരിച്ചുവിട്ടു. അടിത്തട്ടിലുള്ള സംഘടനാ പ്രവർത്തനങ്ങളോ ഒരുക്കങ്ങളോ ഇല്ലാതെ, ശിവാജിയുടെ താരപ്രഭമാത്രം മുൻനിർത്തിയാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഡി.എം.കെ വിരുദ്ധവോട്ടുകൾ വിഭജിക്കപ്പെട്ട ഈ തെരഞ്ഞെടുപ്പിൽ കരുണാനിധി മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു. തെരഞ്ഞെടുപ്പിൽ ‘രണ്ടില’ ചിഹ്നത്തിന്റെ അഭാവവും എ.ഐ.എ.ഡി.എം.കെ വിഭാഗങ്ങൾക്ക് പ്രതികൂല ഘടകമായി. അവകാശ തർക്കങ്ങൾ നിമിത്തം ഇരുവിഭാഗങ്ങൾക്കും മറ്റു ചിഹ്നങ്ങളിലാണ് മത്സരിക്കേണ്ടിവന്നത്. രണ്ടില ചിഹ്നത്തോടുള്ള എം.ജി.ആർ ആരാധകരുടെ വൈകാരിക അടുപ്പം അക്കാലത്തെ തെരഞ്ഞെടുപ്പുകളിൽ നിർണായക ഘടകമായിരുന്നു. ചുരുക്കത്തിൽ എം.ജി.ആറിന്റെ മരണവും ശിവാജിയുടെ പിന്തുണയും ഒന്നും വി.എൻ. ജാനകിയെ സഹായിച്ചില്ല.
ജനതാദളിലേക്ക്
വ്യക്തിപരമായും രാഷ്ട്രീയമായും സംഭവിച്ച പരാജയം ശിവാജിയെ തെല്ലൊന്നുമല്ല ഉലച്ചുകളഞ്ഞത്. രാഷ്ട്രീയത്തോട് ഏറക്കുറെ വിടപറഞ്ഞ അദ്ദേഹത്തെ വി.പി. സിങ്ങാണ് വീണ്ടും കളത്തിലിറക്കുന്നത്. ജനതാദളിന്റെ സംസ്ഥാന നേതൃത്വം ഏറ്റെടുക്കാൻ സിങ് നിർബന്ധിച്ചപ്പോൾ ശിവാജി ആദ്യം നിരസിച്ചു. ബോഫോഴ്‌സ് അഴിമതി കേസുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധിക്കെതിരെ പാർട്ടിക്കുള്ളിലും പുറത്തും നടത്തിയ പോരാട്ടങ്ങളുടെ പേരിൽ പുറത്താക്കപ്പെട്ട സിങ് ജനതാദൾ രൂപവത്കരിച്ച്, സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്ന കാലമായിരുന്നു അത്.
രാജീവ് ഗാന്ധിയുമായി ഉടക്കിലായിരുന്ന ശിവാജിയുടെ പിന്തുണ തമിഴ്‌നാട്ടിൽ ജനതാദളിന് ഒരു മേൽവിലാസമുണ്ടാക്കാൻ സഹായിക്കുമെന്ന് വി.പി. സിങ് കരുതി. സിങ്ങിന്റെ സ്നേഹനിർബന്ധവും സുഹൃത്ത് ജോർജ് ഫെർണാണ്ടസിന്റെ ഇടപെടലും കടുത്തതോടെ മനസ്സ് മാറിയ ശിവാജി ജനതാദളിന്റെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു. 1989ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ യുടെ നേതൃത്വത്തിൽ ദേശീയ മുന്നണിയിലായിരുന്നു മത്സരം. 38 സീറ്റുകളിൽ എ.ഐ.എ.ഡി.എം.കെ-കോൺഗ്രസ് സഖ്യം വിജയം നേടിയപ്പോൾ ദേശീയ മുന്നണിയിൽ സഖ്യകക്ഷിയായ സി.പി.ഐക്കുമാത്രം ഒരു സീറ്റു ലഭിച്ചു. പുതിയ ചുമതല ഏറ്റെടുത്തശേഷം നേരിട്ട ആദ്യ തെരഞ്ഞെടുപ്പിലും കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്നതോടെ രാഷ്ട്രീയത്തിൽനിന്ന് എന്നെന്നേക്കുമായി ശിവാജി പിൻവാങ്ങുകയും ചെയ്തു. രാഷ്ട്രീയ പ്രവേശം ജീവിതത്തിലെ വലിയ അബദ്ധമായിരുന്നുവെന്ന് പിൽക്കാലത്തെ അഭിമുഖങ്ങളിൽ അദ്ദേഹം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.
പരാജയങ്ങളിൽ തളർന്നുപോകുന്ന, പ്രതിസന്ധികളെ വൈകാരികമായി നേരിടുന്ന ശിവാജിയുടെ രാഷ്ട്രീയ ബോധ്യങ്ങൾ ജനങ്ങളിൽ വിശ്വാസമർപ്പിക്കുന്നതായിരുന്നില്ല, തിരിച്ചും അങ്ങനെതന്നെ. എം.ജി. ആറിനെ തട്ടിച്ചുനോക്കുമ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിമനസ്കനാണ് ശിവാജി എന്ന ഒരു ധാരണ സാധാരണക്കാരിലും വ്യാപകമായിരുന്നു. എം.ജി.ആർ സ്വന്തം ആരാധകസംഘങ്ങളെ രാഷ്ട്രീയവത്കരിക്കാനും വോട്ടു ബാങ്കാക്കി പരിവർത്തിപ്പിക്കാനും കാണിച്ച ശുഷ്കാന്തിയോ ജനതയുടെ വിശ്വാസമാർജിക്കാൻ സ്വീകരിച്ച ക്ഷേമ പ്രവർത്തനങ്ങളോ ശിവാജിക്ക് അന്യമായിരുന്നു. അതുകൊണ്ടുതന്നെ അഭ്രപാളികളിലെ നായകത്വം രാഷ്ട്രീയത്തിന്റെ തിരച്ചുഴികളിൽ അദ്ദേഹത്തിന് നിലനിർത്താൻ സാധിച്ചില്ല. വെള്ളിത്തിരയിലെ താരരാജാവായും പരാജയപ്പെട്ട ജനനായകനായുമാണ് തമിഴ്‌നാട് രാഷ്ട്രീയം ശിവാജി ഗണേശനെ അടയാളപ്പെടുത്തുന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.