‘ബട്ടർഫ്ലൈസ്’ സിനിമയുടെ രചന, ചിത്രീകരണം, സംഗീത സംവിധാനം എന്നിവയെക്കുറിച്ചും സിനിമ പിന്നണിയിൽ പ്രവർത്തിക്കവെ സംവിധായകൻ രാജീവ് അഞ്ചലുമായുള്ള സൗഹൃദത്തെ കുറിച്ചും വിവരിക്കുകയാണ് ഇത്തവണ.
1992 ഡിസംബര്‍,
‘ബട്ടർഫ്ലൈസ്’ എന്ന സിനിമക്ക് ആ പേരിട്ടത് വേണു നാഗവള്ളി എന്ന വേണുച്ചേട്ടനായിരുന്നു. ഷൂട്ടിന്റെ തീയതി തീരുമാനിക്കുന്നതിനു മുമ്പേ തിരക്കഥ പൂര്‍ണമായും എഴുതിത്തീര്‍ക്കണമെന്നും അത് വായിച്ചുകഴിഞ്ഞ് തിരക്കഥ ലോക്ക് ചെയ്താല്‍ പിന്നെ അതിലഭിനയിക്കുന്നവരെ തീരുമാനിക്കാമെന്നും പറഞ്ഞാണ് രാജീവേട്ടന് സാജനെയും എന്നെയും ആലുവാ ഗെസ്റ്റ്ഹൗസില്‍ കൊണ്ടുവന്നാക്കിയത്. ‘ഓസ്ട്രേലിയ’യുടെ തിരക്കഥ ഇരുന്നെഴുതിയ മുറി ഗെസ്റ്റ്ഹൗസുകാര് കാണിച്ചുതന്നെങ്കിലും അതു വേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അവിടെയിരുന്ന് ചെയ്ത ഒരു കാര്യം നടന്നില്ലല്ലോ എന്ന് മനസ്സ് പറഞ്ഞു. സിനിമയില്‍ ഇത്തരം ചില അന്ധവിശ്വാസമുണ്ടെന്ന് തോന്നിയിട്ടുണ്ട്. അത് വാസ്തവമാകണമെന്നില്ല. നമ്മുടെയൊക്കെ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ആലോചിച്ചുറപ്പിച്ച്, നടത്തിയെടുക്കാന്‍ തീരുമാനിച്ച്, തുടങ്ങുമ്പോള്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടായി അത് പൂര്‍ത്തിയാക്കാന്‍ കഴിയാതെവരുമ്പോള്‍ ചിലപ്പോള്‍ നമ്മള്, അതു തുടങ്ങിയ സ്ഥലത്തിന്റെ അല്ലെങ്കില്‍ അന്നുണ്ടായിരുന്ന ചില ആളുകളുടെ അതുമല്ലെങ്കില്‍ ആ സമയത്തിന്റെ, ദിവസത്തിന്റെ കുഴപ്പമാണെന്ന് പറഞ്ഞ് അതെല്ലാം മാറ്റാന്‍ വീണ്ടും വേറെയൊരു സമയവും ദിവസവും ഇടവും ആളുകളുമൊക്കെ തീരുമാനിക്കുന്നത് കണ്ടിട്ടുണ്ട്.
അങ്ങനെയുള്ള ആളുകള്‍ക്കൊപ്പം ചേര്‍ന്നതാണോ അല്ലെങ്കില്‍ അവരുടെ മനസ്സ് നമ്മളെ ബാധിച്ചതാണോ എന്ന തോന്നലില്‍നിന്നാണ് മുറി മാറാന്‍ തീരുമാനിച്ചത്. പുതിയ മുറിയില്‍ ഇരുന്ന് കാര്യങ്ങള്‍ നടത്തിയെടുത്ത് അത് പരിപൂര്‍ണ വിജയമായാല്‍ ആ മുറിയുടെ രാശിയെന്ന് പറഞ്ഞ് വീണ്ടും അങ്ങോട്ടുതന്നെ വന്നേക്കും. സത്യത്തില്‍ അതൊന്നും തന്നെ ഒരു പരിഹാരമായി കാണണമെന്നില്ല. ചെയ്യുന്ന പ്രവൃത്തിയില്‍ സത്യമുണ്ടാവുകയും അതാണ് ശരിയെന്ന് വിശ്വസിക്കാനും അതൊരു നല്ല ധർമത്തിനുവേണ്ടിയാണെന്ന് ഉറപ്പിക്കാനും കഴിഞ്ഞാല്‍ എല്ലാം നല്ലതാവും എന്നൊരു പ്രത്യാശയുണ്ടാവും. മുമ്പൊരു കാലത്ത് ചില സിനിമകള്‍ ചെയ്യുന്നതിനു മുമ്പേ സിനിമാക്കാര് ജ്യോതിഷികളെ കാണുകയും തുടങ്ങാനുള്ള സമയം നോക്കുകയും ചെയ്തിരുന്നു. പിന്നെ കുറെ കഴിഞ്ഞപ്പോള്‍ സമയം മാത്രമല്ല ആ പ്രോജക്ടിനൊപ്പം ആരൊക്കെ വേണമെന്നും അവരുടെ സമയംകൂടി നോക്കിയിട്ട് സിനിമ ചെയ്താല്‍ മതിയെന്ന് കാര്‍ഡിട്ട് തീരുമാനിക്കുന്ന ഒരവസ്ഥയുണ്ടായി.
ആ കാലത്ത് അങ്ങനെ നിശ്ചയിക്കുന്ന സിനിമകള്‍ വന്‍ വിജയമായി മാറിയപ്പോള്‍ വിശ്വാസത്തിന്റെ വലുപ്പം കൂടി, അങ്ങനെ ചെയ്യുന്നതാണ് ശരിയെന്നൊരു ചിന്ത നിർമാതാക്കൾക്കും അതിനൊപ്പം നിൽക്കുന്നവര്‍ക്കും ഉണ്ടായി. ഇത് കേരളത്തില്‍ മാത്രമല്ല, മറ്റു ഭാഷകളിലും ഇത്തരം വിശ്വാസങ്ങളുണ്ടെന്ന് അവിടെ ജോലിചെയ്തിരുന്ന കാലത്ത് മനസ്സിലായിരുന്നു. അതിഭീകരമായ സമ്പത്ത് മുടക്കി ബ്രഹ്മാണ്ഡ സിനിമകള്‍ ചെയ്യുമ്പോള്‍ സ്വാഭാവികമായും മുടക്കുന്ന പണം തിരിച്ചുകിട്ടണമെന്ന ഒറ്റ ആഗ്രഹത്തിന്റെ പുറത്ത് ഏത് വിശ്വാസത്തെയും കൂട്ടുപിടിക്കാമെന്ന ഒരു തീരുമാനത്തോടെയാണ് ചലച്ചിത്രപ്രവര്‍ത്തകര്‍ സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമ വിശ്വാസങ്ങളുടെ കലകൂടിയാകുന്നു.
ആലുവ ഗെസ്റ്റ്ഹൗസില്‍ എഴുന്നേൽക്കുന്നതു മുതല്‍ ഉറങ്ങുന്നതുവരെ പ്രിന്‍സും വെട്ടിക്കല്‍ സഹദേവനും അവര്‍ ചെന്നുവീഴുന്ന കുരുക്കുകളും അതില്‍നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന ചിന്തയുമായിരുന്നു. വേറെയൊന്നുംതന്നെ ആലോചിച്ചില്ല. ആരെയും അങ്ങോട്ട് ക്ഷണിച്ചില്ല. ആരെയും കാണാനും പോയില്ല. ബംഗളൂരു പോലെയുള്ള ഒരു നഗരത്തില്‍ ജീവിക്കുന്ന ഒരു വലിയ പ്ലാന്ററുടെയും അവിടെയുള്ളവരുടെയും കഥയില്‍ പ്രിന്‍സും സദാശിവനുംകൂടി അഞ്ജു എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് ഒരു ചെറുപ്പക്കാരന് കല്യാണം കഴിച്ചുകൊടുക്കാന്‍ തീരുമാനിക്കുന്നു. കല്യാണത്തിനുവേണ്ടിയുള്ള ഏര്‍പ്പാടൊക്കെ ചെയ്യുന്ന സമയത്താണ് അവരറിയുന്നത് തങ്ങള്‍ കൊണ്ടുവന്ന കുട്ടി ആളുമാറിയിരിക്കുന്നു എന്ന്. പിന്നെ അവളെ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ അവളൊരു കുരുക്കാവുകയും അവള് ആത്മഹത്യ ചെയ്യാന്‍ ഇറങ്ങിത്തിരിച്ചവളാണെന്ന് മനസ്സിലാക്കുകയുംചെയ്യുന്നത്. അതിനുമീതെയുണ്ടാവുന്ന നിരവധി തടസ്സങ്ങളിലൂടെ ആ സിനിമ രക്ഷകരുടെ സിനിമയായി മാറുന്നു. ഓരോ സീനും അത്രമേല്‍ ഹ്യൂമറും ഒപ്പം ഉത്കണ്ഠപൂര്ണവുമായ ഒരു കഥാഗതിയായിരുന്നു തിരക്കഥയില്‍ അവലംബിച്ചത്.
ആദ്യത്തെ ഡ്രാഫ്റ്റ് എഴുതിത്തീര്‍ത്ത് രാജീവേട്ടനും സുരേഷേട്ടനും വന്നു തിരക്കഥ വായിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ക്കും തൃപ്തിയായി. എത്രയും പെട്ടെന്ന് ലാല്‍ സാറിനെ വായിച്ചു കേള്‍പ്പിക്കണമെന്ന് തീരുമാനമുണ്ടായി. എഴുതിവെച്ച കോപ്പിയുമായി രാജീവേട്ടനും സാജനും കോഴിക്കോട് ‘മിഥുനം’ എന്ന സിനിമ ഷൂട്ട് നടക്കുന്ന ലൊക്കേഷനിലേക്ക് തിരിച്ചു. സുരേഷേട്ടന് കോഴിക്കോട് ഉണ്ട്. പ്രിയദര്ശന് സംവിധാനംചെയ്യുന്ന ആ സിനിമയുടെ ഷൂട്ടിന്റെ ഇടവേളയില്‍ അവര്‍ തിരക്കഥ വായിച്ചു. ചെറിയ ചില തിരുത്തലുകള്‍ മാത്രം ആ വായനയില്‍ നിർദേശിച്ചതു കേട്ടിട്ട് അവര്‍ തിരിച്ചുവന്നു. ആ വരവിനിടയില്‍ രാജീവേട്ടന് എന്നെ വിളിച്ച് ആലുവയില്‍ എത്താന്‍ പറഞ്ഞു. ആലുവ ഗെസ്റ്റ് ഹൗസിൽ വീണ്ടും ഒരിരിപ്പ് തീരുമാനിക്കുന്നു. തിരക്കഥ ഒരാവര്‍ത്തികൂടി വായിച്ചപ്പോള്‍ തോന്നിയ ചില മാറ്റങ്ങള്‍ അവിടെയിരുന്ന് പൂര്‍ത്തിയാക്കാമെന്ന് ഉറപ്പിച്ച ദിവസം സിനിമയിലെ പാട്ടുകളുടെ കാര്യം ആരായിരിക്കണമെന്ന ആലോചനയുണ്ടാവുന്നു. അധികമൊന്നും തന്നെ ആലോചിക്കാതെ മലയാളത്തിന്റെ പ്രിയ കവി കെ. ജയകുമാര്‍ സാറിനെയും രവീന്ദ്രന് മാഷിനെയും അവിടെ നിന്നുതന്നെ വിളിക്കുന്നു. രവിയേട്ടന് കൊച്ചിയില്‍ തന്നെയുണ്ടായിരുന്നതുകൊണ്ട് ഒട്ടും വൈകാതെ ആലുവയിലേക്ക് എത്താമെന്ന് പറഞ്ഞു. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ രവിയേട്ടന് സഹായികളോടൊപ്പം ഗെസ്റ്റ് ഹൗസിലെത്തി. രവിയേട്ടനു മുന്നില്‍ സാജന് തിരക്കഥ വായിച്ചു. തീര്‍ന്നു കഴിഞ്ഞപ്പോള്‍ രവിയേട്ടന് പറഞ്ഞു ‘‘റിയലി എ ഫണ്‍ മൂവി... ഇന്ററസ്റ്റിങ്...’’
പാട്ടിന്റെ സിറ്റുവേഷന്‍സൊക്കെ രാജീവേട്ടനുംകൂടി വന്നിരുന്ന് തീരുമാനിച്ചു. ‘ഓസ്ട്രേലിയ’ക്കുവേണ്ടി ഷൂട്ട് ചെയ്ത കാര്‍ റേസ് രംഗങ്ങള്‍ ‘ബട്ടർഫ്ലൈസി’ന്റെ ടൈറ്റിൽ ഷോട്ട്സില്‍ ഉപയോഗിക്കാമെന്നുറപ്പിച്ചു അങ്ങനെയാണെങ്കില്‍ അതൊരു സോങ് സീക്വന്‍സ് ആക്കാം. അത് ആദ്യ പാട്ട്. രണ്ടാമത്തെ പാട്ട് മോഹന്‍ലാലും കുട്ടികളും ഐശ്വര്യയും ചേര്‍ന്നുള്ള ഒരടിച്ചുപൊളി പാട്ട്. മൂന്നാമത്തേത് വീണ്ടുമൊരാഘോഷപ്പാട്ട്. നാലാമത്തെ ഗാനം ഐശ്വര്യയുടെ ഫ്ലാഷ്ബാക്ക് കാണിക്കുന്ന രംഗങ്ങള്‍. അത് എസ്.പി. ബാലസുബ്രഹ്മണ്യം പാടുന്നു. ആ സീനില്‍ നാസര്‍ എന്ന തമിഴ് നടനാണ് ഐശ്വര്യയുടെ അച്ഛനായി അഭിനയിക്കുന്നത്. ആ ശബ്ദം അദ്ദേഹത്തിനിണങ്ങുമെന്ന് തീരുമാനിച്ചത് രാജീവേട്ടനായിരുന്നു. പാട്ടുകളുടെ സിറ്റുവേഷനുകള്‍ ജയകുമാര്‍ സാറിനെ അറിയിച്ചു. രവിയേട്ടന് കമ്പോസ് ചെയ്ത ഡമ്മി ലിറിക്സ് ഇട്ട ഈണം ജയകുമാര്‍ സാറിന് എത്തിച്ചുകൊടുത്തു. ഒന്നാമത്തെയും രണ്ടാമത്തെയും നാലാമത്തെയും പാട്ടിന്റെ വരികള്‍ എഴുതിത്തന്നു.
എന്നാല്‍, മൂന്നാമത്തെ പാട്ടിന്റെ തുടക്കം ഒടുവില്‍ രവിയേട്ടന് ചെയ്ത ഡമ്മി ലിറിക്സ് ഉപയോഗിച്ചുകൊണ്ടുതന്നെ റെക്കോഡ് ചെയ്തു. രവിയേട്ടനുണ്ടായിരുന്ന എല്ലാ ദിവസവും കമ്പോസ് ചെയ്യാനിരിക്കുമ്പോള്‍ രവിയേട്ടന് ഏതെങ്കിലും പഴയ പാട്ടിന്റെ ഈണം മൂളും. ആ പാട്ട് ഏതെന്ന് പറഞ്ഞുകഴിയുമ്പോള്‍ ഞാന്‍ ചോദിച്ചിരുന്നു, എന്തിനാ ഈ പഴയ പാട്ടുകള്‍ ഓര്‍ക്കുന്നതെന്ന്. അന്നേരം രവിയേട്ടന് പറയും, യാതൊരു കാരണവശാലും അതിന്റെയൊരു ഷേഡ് വരരുത്. എന്നാല്‍, ആ പാട്ടുകള്‍പോലെ എന്നും പാടുന്നതും ഓര്ക്കുന്നതുമാവണം ഈ പാട്ടും. സത്യമാണ് രവിയേട്ടന് ചെയ്തു പാടിയ എല്ലാ പാട്ടുകളും ഇന്നും കാലത്തെ അതിജീവിച്ച് ഓര്‍മയില്‍ നിൽക്കുന്നുണ്ട്. രവിയേട്ടന്റെ ഈണം ഗന്ധര്‍വ സംഗീതമെന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്. ‘ബട്ടർഫ്ലൈസി’ന് കമ്പോസിങ്ങിനിരുന്നു തുടങ്ങിയത് മുതലുള്ള സ്നേഹം മരിക്കുന്നതുവരെ ഉണ്ടായിരുന്നു. വീണ്ടുമെത്രയോ പാട്ടുകള്‍ക്ക് ഈണമിട്ടപ്പോഴൊക്കെ രവിയേട്ടന് വിളിച്ച് കൂടെയിരുത്തുമായിരുന്നു. ‘പല്ലാവൂര്‍ ദേവനാരായണന്’ എന്ന സിനിമയില്‍ മമ്മൂക്ക പാടിയ പാട്ട് കമ്പോസ് ചെയ്തപ്പോഴും അത് രവിയേട്ടന് പാടി കേട്ടപ്പോഴും ഒക്കെ കൂടെയിരിക്കാന്‍ കഴിഞ്ഞത് ഭാഗ്യം.
പാട്ട് കമ്പോസിങ് കഴിഞ്ഞ് തിരിച്ച് വീണ്ടും തിരുവനന്തപുരത്ത് വന്നിരുന്നപ്പോള്‍ സാജന് പറഞ്ഞു, നമ്മുടെ സ്ക്രിപ്റ്റ് നമുക്ക് പ്രിന്റ് ചെയ്താലോ എന്ന്. അന്ന് തിരുവനന്തപുരത്ത് ഡി.ടി.പി സെന്ററുകള്‍ കുറവായിരുന്നു. ഭട്ടതിരി ആണ് പറഞ്ഞത് ഫോറസ്റ്റ് ഓഫിസിന്റെ പിന്നില്‍ മല്ലിക നമ്പൂതിരി നടത്തുന്ന ഒരു ഡി.ടി.പി സെന്റര്‍ ഉണ്ടെന്ന്. ആ സമയത്ത് സിനിമയിലെ അഭിനേതാക്കള്‍ ആരൊക്കെ ആയിരിക്കണമെന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ നവരത്ന ഹോട്ടലില്‍ ഇരിക്കുകയായിരുന്നു. മോഹന്‍ലാലും ജഗദീഷും തീരുമാനമായി. തിരക്കഥയുടെ ചര്‍ച്ച വീണ്ടും ഉണ്ടായ ഒരു സമയത്ത് വേണു നാഗവള്ളി ചേട്ടനും ട്രിവാന്‍ഡ്രം ക്ലബില്‍ ഒപ്പമിരുന്നു. ആ കൂടിച്ചേരലിലാണ് സിനിമയുടെ പേര് അദ്ദേഹം പറയുന്നത്: ‘ബട്ടര്‍ഫ്ലൈസ്’. ചിത്രശലഭങ്ങളെപ്പോലെ പാറിനടക്കുന്ന ഒരുപറ്റം കഥാപത്രങ്ങളുണ്ട് ഈ സിനിമയില്‍. വളരെ കളര്‍ഫുള്‍ ആയി പറയാന്‍ കഴിയുന്ന സിനിമ. പിന്നെ പൂന്തോട്ടത്തിന്റെ നഗരത്തിലെ ഷൂട്ടിങ്. ‘ബട്ടര്‍ഫ്ലൈസ്’ ഈ കഥക്ക് യോജിക്കും.
രാജീവേട്ടന് അവിടെയിരുന്ന് ഒരു കടലാസില്‍ ‘ബട്ടര്‍ഫ്ലൈസ്’ എന്ന ടൈറ്റിൽ എഴുതി. പിന്നെയതിനെ സ്കെച്ച് പെന്‍കൊണ്ട് നിറംകൊടുത്തു. ഒരടിപൊളി ഡിസൈന്‍ ആയപ്പോള്‍ സ്ക്രിപ്റ്റ് ടൈപ് ചെയ്യാന്‍ ഞങ്ങള്‍ മല്ലിക നമ്പൂതിരിയുടെ ഡി.ടി.പി സെന്ററില്‍ കൊണ്ടുപോയി കൊടുത്തു. ഓരോ പേജും അവിടെയൊരു പെണ്‍കുട്ടി ടൈപ്പ് ചെയ്തു. തെറ്റുകള്‍ തിരുത്തി ഞാന്‍ വാങ്ങിക്കൊണ്ടുവരും. തിരക്കഥ വേറെ ആരും വായിക്കരുത് എന്ന് കരുതി ഒപ്പമിരുന്നു ചെയ്യിക്കുകയായിരുന്നു. മല്ലിക നമ്പൂതിരിയുടെ ഡി.ടി.പി സെന്റര്‍ അവരുടെ വീടുകൂടിയായിരുന്നു. ആ വീട്ടില്‍ സ്കൂള്‍ വിട്ട് കയറിവരുന്ന ഒരു പയ്യനെ ഞങ്ങള്‍ കണ്ടു. തടിച്ചുരുണ്ട് നല്ല ഓമനത്തമുള്ള ഒരു പയ്യന്. മോഹന്‍ലാലിനൊപ്പമുള്ള നാലു കുട്ടികളില്‍ ഒരാളായി ഈ കുട്ടിയെക്കൂടി എടുത്താലോ എന്നൊരു തോന്നല്‍. ഞങ്ങള്‍ അവന്റെ പേരു ചോദിച്ചു. നിറഞ്ഞ ചിരിയോടെ ഇത്തിരി നാണം കലര്‍ന്ന് അവന് മറുപടി പറഞ്ഞു: രാഹുല്‍ ഈശ്വര്‍.
സ്ക്രിപ്റ്റ് പ്രിന്റ് എടുത്തുകഴിഞ്ഞപ്പോഴേക്കും രാഹുലിനെയും ഞങ്ങള്‍ സിനിമയിലേക്ക് എടുത്തുകഴിഞ്ഞിരുന്നു. കഥയില്‍ പ്രിന്‍സിന്റെ അച്ഛനായി നരേന്ദ്രപ്രസാദിനെ ആലോചിക്കാം എന്ന് രാജീവേട്ടന് പറഞ്ഞു. കാരണം ‘ഓസ്ട്രേലിയ’ സിനിമ തിരക്കഥ ചെയ്തപ്പോള്‍ അതില്‍ ധനാഢ്യനായ ഒരു ബിസിനസുകാരന്റെ കഥാപാത്രം പ്രസാദ് സാറിനെക്കൊണ്ട് ചെയ്യിച്ചാലോ എന്നൊരു ചിന്ത ഉണ്ടായിരുന്നു. അന്ന് നരേന്ദ്രപ്രസാദ് സാര്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ല. മുമ്പെപ്പോഴോ ‘അസ്ഥികള്‍ പൂക്കുന്നു’, ‘ഉണ്ണിക്കുട്ടനു ജോലികിട്ടി’ എന്നീ രണ്ട് സിനിമകളില്‍, ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. രാജീവേട്ടനുമായി മണക്കാട് റസ്റ്റാറന്റില്‍ ഒരുച്ചയൂണു കഴിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രസാദ് സാറിനെയും കൂട്ടരെയും കണ്ടിരുന്നു. അന്ന് രാജീവേട്ടന് സാറിനോട് ‘ഓസ്ട്രേലിയ’യില്‍ അഭിനയിക്കുന്ന കാര്യം ചോദിക്കുകയുംചെയ്തിരുന്നു. സാറൊരുപാട് സന്തോഷത്തോടെ അത് സ്വീകരിച്ചുകൊണ്ട് ഒരു ചിരി ചിരിച്ചു. സാറിന്റെ ട്രേഡ് മാര്‍ക്കായ ആ ചിരി. കോട്ടും സ്യൂട്ടുമൊക്കെയിട്ട വേഷം ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്നൊരു സംശയം ഒപ്പംവെക്കുകയും ചെയ്തു. അതൊക്കെ ശരിയാവും എന്നൊരു ധൈര്യം കൊടുത്തപ്പോള്‍ ഒരു നീണ്ട മൂളലോടെ അദ്ദേഹം പറഞ്ഞു: ഉം... മോഹന്‍ലാലിന്റെ അച്ഛന്...
പക്ഷേ, ആ സിനിമയുടെ കാര്യം മാറിപ്പോയപ്പോഴേക്കും നരേന്ദ്രപ്രസാദ് എന്ന മഹാനടന് സിനിമയില്‍ ജ്വലിച്ചുയര്ന്നിരുന്നു. സുരേഷ് ഉണ്ണിത്താന് സംവിധാനംചെയ്ത ‘ഉത്സവമേളം’ എന്ന സുരേഷ് ഗോപി സിനിമയിലെ തിരുമേനി എന്ന അത്യുജ്ജ്വലനായ പ്രതിനായകവേഷംകൊണ്ട് മലയാള സിനിമയിൽ അദ്ദേഹത്തിന് സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞു. ‘തലസ്ഥാനം’ എന്ന ചിത്രത്തിലൂടെ അത് ആകാശത്തേക്കുയര്‍ന്നു. ‘ബട്ടര്‍ഫ്ലൈസി’ൽ അഭിനയിക്കാൻ അദ്ദേഹത്തിന്റെ ഷൂട്ടിങ് ഡേറ്റ്സിന് വേണ്ടി സമീപിച്ചപ്പോള്‍ ഒരുപാട് സിനിമകളുടെ തിരക്കില്‍നിന്നും സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോഴായിരുന്നു കെ.പി. ഉമ്മര്‍ സാറിനെ കൊണ്ട് ഈ വേഷം ചെയ്യിക്കാം എന്നൊരു ചിന്തയുണ്ടായത്. കാരണം ഉമ്മുക്ക സിനിമയില്‍ അന്നത്ര സജീവമല്ലായിരുന്നു.
അതിന്റെയൊരു ചന്തം സിനിമക്കുണ്ടാവും. ഐശ്വര്യയുടെ കാര്യത്തിലും പുതിയ ഒരാള്‍ എന്നൊരാലോചനയുണ്ടായിരുന്നു. അതുവരെ മലയാളത്തില്‍ അഭിനയിച്ചിട്ടില്ലാത്ത ഐശ്വര്യയെ നായികയായി തീരുമാനിക്കുന്നു. പാട്ട് റെക്കോഡ് ചെയ്യാന്‍ മദ്രാസിലേക്ക് പോകുന്ന സമയത്താണ് എന്‍.എഫ്. വര്‍ഗീസിനെ ആ ട്രെയിനില്‍ കാണുന്നത്. അദ്ദേഹവുമായി ഞാന്‍ ഒരു ടെലിവിഷന്‍ സീരിയല്‍ ചെയ്തിട്ടുണ്ട്. ജൂഡ് അട്ടിപ്പേറ്റി സംവിധാനംചെയ്ത് ഞാനും പി.എഫ്. മാത്യൂസും സ്ക്രിപ്റ്റ് ചെയ്ത ‘ഡോക്ടര്‍ ഹരിശ്ചന്ദ്ര’ എന്ന ദൂരദര്ശന് പരമ്പര. ആ സീരിയല്‍ കണ്ടിട്ടാണ് ‘ആകാശദൂതി’ല്‍ അദ്ദേഹത്തിനു അഭിനയിക്കാന്‍ സാധിച്ചത്. ‘മായാമയൂര’ത്തിന്റെ പാച്ച് വര്‍ക്കിന്റെ ഭാഗമായിട്ടാണ് എന്‍.എഫ്, മദ്രാസിലേക്കു വന്നത്. അന്ന് ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ‘ബട്ടര്‍ഫ്ലൈസി’ന്റെ പ്രൊഡക്ഷൻ കൺട്രോളർ കല്ലിയൂര്‍ ശശിയേട്ടനു ഞാന്‍ വർഗീസിനെ പരിചയപ്പെടുത്തിക്കൊടുത്തു.
മദ്രാസില്‍ സുരേഷേട്ടന്റെ ഫ്ലാറ്റായ ബ്രൗണ്‍ സ്റ്റോണ്‍ അപ്പാർട്മെന്റില്‍ ബാക്കി അഭിനേതാക്കളെ കൂടി തീരുമാനിക്കുന്ന സമയത്ത് രാമു അവിടെയുണ്ടായിരുന്നു. ഭരതേട്ടന്റെ ‘ഓർമക്കായി’ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച നടന്. മോഹന്‍ലാലിന്റെ ചേട്ടന്മാരില് ഒരാള്‍ രാമു എന്ന് പ്രൊഡ്യൂസര്‍ പറഞ്ഞപ്പോള്‍ എന്‍.എഫിന്റെ കാര്യം ഞാന്‍ ശശിയേട്ടനോടും രാജീവേട്ടനോടും ചോദിച്ചു. എന്‍.എഫിനെ എനിക്ക് മാത്രമല്ലേ അറിയൂ എന്ന് രാജീവേട്ടന് ചോദിച്ചപ്പോള്‍ ശശിയേട്ടന് കൂടെ നിന്നു: അയാള്‍ കൊള്ളാം... ഒരു ലുക്കുണ്ട്...
സോങ് റെക്കോഡിങ് കഴിഞ്ഞപ്പോള്‍ വീണ്ടും തിരുവനന്തപുരത്തേക്ക്. ഷൂട്ട് തുടങ്ങുന്നതിനു മുമ്പേ ശാന്തിഗിരി ആശ്രമത്തില്‍ ഗുരുവിനെ കാണണമെന്ന് രാജീവേട്ടന് സുരേഷേട്ടനോട് പറഞ്ഞു. പ്രിന്റ് ചെയ്ത് ബൈന്‍ഡിട്ട തിരക്കഥയുമായാണ് ശാന്തിഗിരി ആശ്രമത്തിലേക്ക് പോയത്. സുരേഷേട്ടനും സനലേട്ടനും സാജനും കല്ലിയൂര്‍ ശശിയേട്ടനും രാജീവേട്ടനൊപ്പമുണ്ടായിരുന്നു. കാത്തുനിന്ന് സമയമെടുത്ത് ഒരു വലിയ താലത്തില്‍ പൂക്കളും പഴങ്ങള്‍ക്കും നടുവില്‍ തിരക്കഥ വെച്ച് ഗുരുവിനു മുന്നില്‍ സമര്‍പ്പിച്ചു. വിശ്വാസത്തോടെയുള്ള ഒരു പ്രാര്ഥനയായിരുന്നു. സിനിമയെക്കുറിച്ചും അതിലാരൊക്കെയെന്നും ഗുരു ചോദിച്ചു. മോഹന്‍ലാല്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഗുരു കണ്ണടച്ച് പ്രാർഥിച്ചു. അസാധാരണമായ ഒരു ജന്മം. ഭൂമിയില്‍ പിറന്നുവീണ അത്ഭുതം. ചെല്ലുന്നയിടം മുഴുവനും പ്രകാശം പരത്തുന്ന ജീവന്. കത്തിജ്ജ്വലിക്കുന്ന മറ്റൊരു സൂര്യന്. നന്നാവും. സിനിമ തുടങ്ങുന്നതിനു മുമ്പേ മരുത്വാമലയില്‍ ചെന്ന് ഉദിച്ചുയരുന്ന സൂര്യനു മുന്നില്‍ ഒരു വിളക്ക് കത്തിക്കാന്‍ ഗുരു നിർദേശിച്ചു. ആഞ്ഞുവീശുന്ന കാറ്റില്‍ ആ വിളക്ക് കെടാതെ കത്തും. അതുപോലെ ഈ സിനിമയും പ്രകാശം പരത്തും.
സഞ്ജീവനി മലനിരകളുടെ ഭാഗമായ മരുന്നുവാഴും മലൈ കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരം താലൂക്കിലെ പോത്തയടിക്കടുത്തു സ്ഥിതിചെയ്യുന്നു. പശ്ചിമഘട്ട മലനിരകളുടെ തെക്കേയറ്റത്ത് അതില്‍നിന്നും വിട്ടുകിടക്കുന്ന ഒരു മലമ്പ്രദേശം. എന്നാല്‍, അതിന്റെ ഭാഗവുമാണ് എന്ന് തോന്നിപ്പിക്കും. രാമായണത്തില്‍ രാവണപുത്രനായ ഇന്ദ്രജിത്തിന്റെ നാഗാസ്ത്രമേറ്റ് മരണാവസ്ഥയിലായ രാമലക്ഷ്മണന്മാരുടെയും അനുയായികളുടെയും ജീവന് ഏതുവിധത്തിലും രക്ഷിക്കണമെന്ന ജാംബവാന്റെ നിർദേശപ്രകാരം നാലു സഞ്ജീവനികളില് മൃതസഞ്ജീവനി എന്ന ദിവ്യൗഷധം ലഭിച്ചാല്‍ മാത്രമേ അത് സാധ്യമാകൂ എന്നറിഞ്ഞപ്പോള്‍ വായുപുത്രന് ഹനുമാന് ഹിമാലയസാനുക്കളിലെ ദ്രോണഗിരി പര്‍വതത്തില്‍ മൃതസഞ്ജീവനിയുണ്ടെന്നറിഞ്ഞ് അങ്ങോട്ട് പറന്നു. എന്നാല്‍, അവിടെയെത്തിയപ്പോള്‍ സഞ്ജീവനി തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ദ്രോണഗിരി പര്‍വതം മുഴുവനായി അടര്‍ത്തിയെടുത്ത് ഹനുമാന് ലങ്കയിലേക്ക് തിരിച്ചു. ദ്രോണഗിരി മലയെ തിരിച്ചുകൊണ്ടുപോകും വഴി കന്യാകുമാരിയുടെ മുനമ്പില്‍ ആ മലയില്‍നിന്നും അടർന്നു വീണുറച്ചുപോയതാണ് മരുത്വാമല എന്നൊരു ഐതിഹ്യവുമുണ്ട്.
ദ്രോണഗിരി ഔഷധങ്ങളുടെ പര്‍വതമാണ്. അതില്‍നിന്നും വീണുണ്ടായ മല, മരുന്നുകളുടെ മലയാവുന്നു എന്നൊരു വിശ്വാസവുമുണ്ട്. മരുന്നുവാഴും മലൈ എന്നത് പുരാണങ്ങളും ചരിത്രവും സമ്പന്നമാക്കിയ ഇടംകൂടിയാണ്. സഹ്യപര്‍വതത്തിന്റെ തെക്കേയറ്റത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കേരളത്തിന്റെ നവോത്ഥാന നായകന് ശ്രീനാരായണ ഗുരു വര്‍ഷങ്ങളോളം തപസ്സനുഷ്ഠിച്ചതും മുരുകദര്‍ശനം ലഭിച്ചുവെന്ന് കരുതുന്ന പിള്ളൈത്തടം എന്ന ഗുഹയും ഈ മലയിലാണ്. ശ്രീനാരായണ ഗുരു തന്റെ ആഴത്തിലുള്ള ധ്യാനത്തിലൂടെ കണ്ടെത്തിയ സത്യത്തെയാണ് സമൂഹത്തിനു നൽകിയത്. ഗുരുവിനെയറിയാന്‍ അത്രമേല്‍ അഗാധമായ ധ്യാനം വേണം. ഒരുപാട് സിദ്ധന്മാരും താപസികളും ജ്ഞാനികളും തപസ്സനുഷ്ഠിച്ചയിടം കൂടിയാണ് മരുത്വാമല. ആത്മീയമായ ചൈതന്യം നിറഞ്ഞ സ്ഥലം.
അനേകം ഔഷധസസ്യങ്ങള്‍ വളരുന്ന ആ മലയവിടെയുള്ളതുകൊണ്ടാണ് കന്യാകുമാരി സിദ്ധയുടെയും ആയുര്‍വേദത്തിന്റെയും പാരമ്പര്യ ചികിത്സാമുറകളുടെ ഭൂമിയായത്. എണ്ണൂറടിയോളം പൊക്കമുള്ള ആ മലയില്‍നിന്നും നോക്കിയാല്‍ മൂന്നു സമുദ്രങ്ങളുടെ സംഗമം കാണാം. ഉദിച്ചുയരുന്ന സൂര്യനഭിമുഖമായി വിളക്ക് തെളിക്കണം, ആ ദീപവും സൂര്യനും ഒരു ഫ്രെയിമില്‍ ഉണ്ടാവണം. അത് ദൃശ്യമാകുന്ന ഒരു സ്ഥലം നോക്കിയാണ് വെളുപ്പാൻകാലത്ത് രാജീവേട്ടനും അവിടെയുള്ള ഒന്നുരണ്ട് സ്ഥലവാസികള്‍ക്കൊപ്പം മലകയറിയത്. കന്യാകുമാരി ഹൈവേ റോഡില്‍നിന്നും മലമുകളിലേക്ക് പാറയില്‍ കൊത്തിയ പടിക്കെട്ടുകളുണ്ട്. അതിനരികിലൊക്കെ ചില ആശ്രമങ്ങള്പോലെ ചില കുഞ്ഞുപുരകളുണ്ട്. ഭാരതത്തിന്റെ ഏതെല്ലാമോ ഇടങ്ങളില്‍നിന്നും വന്ന് പ്രാർഥനാനിമഗ്നരായ സന്യാസിമാര്‍ ആ ചെറുകൂരകളില്‍ താമസിക്കുന്നു. മലയുടെ അരികില്‍ ചെറുഗുഹകള്‍, അതിലും സന്യാസിമാര്‍ തപസ്സനുഷ്ഠിക്കുന്നു ഇപ്പോഴും. സൂര്യന് ഉദിച്ചുയര്ന്നിട്ടില്ല. ഇരുട്ടില്‍ ടോര്‍ച്ച് തെളിക്കുന്ന വഴിയിലൂടെ നടന്നു. ദൂരെ കന്യാകുമാരിയിലും മലയുടെ വടക്ക് ഭാഗത്തും വീടുകളിലും റോഡിലും കത്തുന്ന വെളിച്ചം കാണാം. ഇരുട്ടില്‍ കുറെനേരം കണ്ണുതുറന്നിരുന്നാല്‍ അറിയാതെയൊരു വെളിച്ചം കണ്ണിനുള്ളില്‍ കിട്ടുന്നതുകൊണ്ട് വഴികള്‍ തെളിഞ്ഞു കണ്ടു.
സൂര്യനുദിക്കുന്നതിനു മുമ്പേയുള്ള വെളിച്ചം കടലിനുമീതെ മേഘങ്ങളില്‍ തെളിഞ്ഞപ്പോള്‍ ഞങ്ങള്‍ മരുത്വാമലയുടെ ഉച്ചിയിലായിരുന്നു. കാറ്റ് ആഞ്ഞുവീശുന്നു. പിടികിട്ടാതെ പറന്നുപോകുമോയെന്ന് തോന്നിപ്പിക്കുന്നു. മലക്ക് മുകളില്‍ കാല് ചവിട്ടിനിന്ന് വീഴാതെ ഒരു താങ്ങിനുപോലും സാധ്യമല്ലാതെ കടലില്‍നിന്നും ഉദിച്ചുയരുന്ന സൂര്യനെ കണ്ടു. ആ വെളിച്ചം അത്യപൂര്‍വമായൊരു കാഴ്ചയാകുന്നു. ഉദിച്ച സൂര്യന് നടുവില്‍ ഇവിടെ മലയില്‍ കത്തിക്കുന്ന ദീപം തെളിയുന്നവിധമൊരു ഫ്രെയിം രാജീവേട്ടന് മനസ്സില്‍ കണ്ടു. ചൂടുകൂടുന്നതിനു മുമ്പേ താഴേക്കിറങ്ങാം എന്ന് കൂടെ വന്നവര്‍ പറഞ്ഞു. ചോര ആവിയാവുന്ന ചൂടാണ് എന്നവര്‍ സൂചിപ്പിച്ചു. ഒരു കാക്കക്കാലിന്റെ തണല്‍ പോലുമില്ലാത്തയിടം ഉയരമില്ലാത്ത ചെറുമരങ്ങള്‍. മലയിലും പാറകളുടെ വിടവിലും ഗുഹകളിലും ചേർന്നു വളരുന്ന ചെറുസസ്യങ്ങള്‍. അതൊക്കെ പലതും മരുന്നു ചെടികളാണെന്നവര് പറഞ്ഞു.
തിരിച്ചിറങ്ങുമ്പോഴാണ് മലയുടെ ഗാംഭീര്യമറിയുന്നത്. മലക്ക് മുകളില്‍ പാറയില്‍ കൊത്തിയ ഹനുമാന്റെ ശിലയുണ്ട്. ചിലയിടത്ത് ശിവലിംഗവും നാഗവിഗ്രഹങ്ങളുമൊക്കെയുണ്ട്. പടിക്കെട്ടെത്തുന്നയിടത്ത് ചെറിയൊരു ആശ്രമമുണ്ട്. അതിനടുത്ത് ഒരു ഗുഹ കാണാന്‍ കഴിയുന്നു. ഗുഹക്ക് മുകളില്‍ സ്വരൂപാനന്ദ സ്വാമികള്‍ എന്നെഴുതിവെച്ചിട്ടുണ്ട്. മരുത്വാമലയുടെ താഴ്വര മുതല്‍ മുകളിലെ യോഗമണ്ഡപം വരെ പല പല ഗുഹകളിലായി തപസ്സനുഷ്ഠിക്കുന്ന യോഗികളെ കണ്ടു. നാരായണഗുരു പിള്ളൈത്തടത്തില് തപസ്സിരുന്ന കാലം വെറുതെ ഓര്‍ത്തു. പിള്ളൈത്തടത്തില് ഏത് വേനലിലും തണുപ്പുള്ള കാലാവസ്ഥയാണ്. ഇവിടത്തെ ആറു വര്‍ഷത്തെ താമസക്കാലത്ത് ഗുരുവിന്റെ ഭക്ഷണം കട്ടുക്കൊടി എന്നുപേരുള്ള ഔഷധസസ്യമായിരുന്നു. ഇതുകഴിച്ചാല്‍ വിശപ്പും ദാഹവും അറിയില്ലത്രെ.
അക്കാലത്ത് മുള്‍ക്കാടുകളാല്‍ ചുറ്റപ്പെട്ടതായിരുന്നു മരുത്വാമല. പുലിയുള്പ്പെടെ അനവധി വന്യജീവികളും വിഷസര്‍പ്പങ്ങളും അവിടെ പാര്‍ത്തിരുന്നു. യാതൊന്നിനെയും ഗുരു ഭയപ്പെട്ടിരുന്നില്ല. ഗുരുവിനു മുന്നില്‍ അവയൊക്കെ ശാന്തരായിരുന്നു. അത്ഭുതത്തോടെ ആ കാഴ്ച കണ്ടുനിന്ന താഴ്വരയിലെ ജനങ്ങളോട് ഗുരു പറഞ്ഞു: നിങ്ങളൊരിക്കലും അവയെ ഭയപ്പെടാതിരിക്കുക, ഭയപ്പെടുത്താതെയും. എങ്കില്‍ അവയൊരിക്കലും നിങ്ങളെയും ഉപദ്രവിക്കുകയില്ല. ‘‘ഒരു പീഡയുറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും സദാ കരുണാകരാ, നല്കുകുള്ളില് നിന് തിരുമെയ് വിട്ടകലാതെ ചിന്തയും’’ എന്ന അനുകമ്പാദശകത്തിലെ വരികള്‍ മനസ്സില്‍ തെളിഞ്ഞു.
വഴിയരികില്‍നിന്നും കരിക്കുവെട്ടി കുടിച്ച് കഴിഞ്ഞ് മലയെ നോക്കി. മേഘങ്ങള്‍ തൊട്ടൊഴുകുന്ന അതിനുച്ചിയില് കയറിയതിന്റെയത്ഭുതം അപ്പോഴും വിട്ടുമാറിയിരുന്നില്ല. മുകളിലെ കാറ്റിന്റെയറിവ് താഴെയപ്പോഴും വീശുന്നതില്നിന്നറിയുന്നു. ഉച്ചയോടടുപ്പിച്ച് കാമറയുമായി യൂനിറ്റ് അംഗങ്ങളും അത് ഷൂട്ടുചെയ്യാന്‍ ഷാജിയും എത്തി. ഷാജി അന്ന് വിപിന്‍ മോഹന്‍ ചേട്ടനൊപ്പം ‘സമൂഹം’ എന്ന സത്യന് അന്തിക്കാട് സിനിമ ചെയ്യാനായി തിരുവനന്തപുരത്തുണ്ടായിരുന്നു. അവരെയും കൂട്ടിക്കൊണ്ടുവന്നത് ശ്രീക്കുട്ടനായിരുന്നു. ‘പാവക്കൂത്ത്’ എന്നൊരു ചിത്രം അന്നദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ടായിരുന്നു. വെയിലാറിയപ്പോള്‍ ഷാജിയെയും കാമറ യൂനിറ്റിലെ ഒരാൾക്കുമൊപ്പം വീണ്ടും മരുത്വാമല കയറി. പാറയിടുക്കിലൂടെ കാമറയുംകൊണ്ട് കടന്നുവരാന്‍ ബുദ്ധിമുട്ട് തോന്നിയയിടത്തൊക്കെ തുറസ്സായ വഴികള്‍ തേടി കുറച്ചലഞ്ഞു. അതുകൊണ്ടുതന്നെ എത്തേണ്ട സ്ഥലത്തേക്ക് അൽപം ചുറ്റിപ്പോകേണ്ടിയും വന്നു.
ഇല്ലെങ്കില്‍ കാമറയുമായി പോകാന്‍ പറ്റില്ലെന്ന് യൂനിറ്റിലെയാള് പറഞ്ഞു. വളഞ്ഞ വഴികള്‍. അത് മനസ്സിലുറപ്പിച്ച് വെക്കാൻ കൂടെയുള്ള സ്ഥലവാസിയോട് പറഞ്ഞു. നേരം വെളുക്കുന്നതിനു മുമ്പേ വീണ്ടും മലകയറുമ്പോള്‍ ഈ വഴിയെന്ന് നിജപ്പെടുത്തി നടന്നു. ഒരു രാത്രിയുറങ്ങിയെന്ന് വരുത്തി വെളിച്ചം വരുന്നതിനുമുമ്പേ ഒരു വലിയ മണ്‍ചട്ടിയും അതില്‍ നിര്‍ത്താന്‍ കൊതുമ്പും എണ്ണയും തിരിയുമൊക്കെയായി മല കയറിത്തുടങ്ങി. സൂര്യന് ഉദിക്കുന്നതിനു മുന്നെ മണ്‍ചട്ടിയില്‍ കൊതുമ്പും അതിനെപ്പൊതിഞ്ഞ് തിരിയുമൊരുക്കി എണ്ണ ഒഴിച്ചു. മേഘങ്ങളില്‍ ഉദിപ്പിനു മുന്നേയുള്ള വെളിച്ചം നിറഞ്ഞു. ഇരുട്ടുകലര്‍ന്ന ചുവന്ന വെളിച്ചം അതൊരു പാനിങ് ഷോട്ടിലൂടെ എടുത്തുവെച്ചു. ദൂരെ സാഗരത്തിനുമീതെ സൂര്യപ്രഭയുതിര്ത്ത് സൂര്യനുദിച്ചു. രാജീവേട്ടന്റെ നിർദേശത്തിനൊപ്പം ഷാജി, സൂര്യനും കൊളുത്തിയ ദീപവും ഫിലിമിലാക്കി. കാറ്റില്‍ ആ ദീപനാളം അണയാതെ ആഞ്ഞുകത്തുന്നത് കണ്ടപ്പോള്‍ ഗുരുവിന്റെ വാക്കോര്‍ത്തു. ഈ പ്രകാശത്തിന്റെ പ്രഭയെന്നുമുണ്ടാവും.
മനുഷ്യരില്‍ കറതീര്‍ന്ന വിശ്വാസമുണ്ടെങ്കില്‍ പ്രകൃതി അതിനനുകൂലമാവും എന്നറിയുന്നത് ആ യാത്രയിലാണ്. ഗുരു അരുളിയ വാക്ക് ഉറപ്പിക്കുകയായിരുന്നു. അടിയുറച്ച വിശ്വാസമൂട്ടുകയായിരുന്നു. വിശ്വാസം നമ്മുടെ ധാരണയാണ്. അത് നമ്മുടെ ബോധ്യമാണ്. ആ ബോധ്യത്തില്‍ കളങ്കമില്ലാത്ത അവസ്ഥയുണ്ടാക്കുന്നത് ഗുരുവാണ്. ഉള്ളിലുണ്ടായിരുന്ന അനേക കാലത്തോളം മൂടിക്കിടന്ന പായലകറ്റുകയാണ് ഗുരു ഞങ്ങളില്‍ ചെയ്തത്. കന്യാകുമാരിയിലേക്കുള്ള ആ യാത്രയില്‍ രാജീവേട്ടന് പറഞ്ഞു, ‘ഞാന്‍ ഗന്ധർവന്’ എന്ന സിനിമ ഷൂട്ട് ചെയ്യാന്‍ കന്യാകുമാരിയില്‍ വന്ന കാര്യം. ഞണ്ടുകള്‍ക്ക് പിന്നാലെ ഓടിനടക്കുന്ന നായിക ഒരുനിമിഷം കടലില്‍ തിരകള്‍ക്ക് മീതെ ഓളം പാറിയൊഴുകുന്ന ഒരു പ്രതിമ കാണുകയും അതെടുക്കാനായി കടലില്‍ തിരകള്‍ക്കൊപ്പം നീങ്ങുകയും ആ പ്രതിമ അവളെ ഒരുപാട് കളിപ്പിച്ചുകൊണ്ട് ഒടുവില്‍ തിരയടിച്ച് അവളുടെ കാല്ച്ചുവട്ടില് തീരത്തണയുന്നതും അതെടുക്കുന്നതും അവളുടെ മുറിയില്‍ വെച്ച് ആ പ്രതിമ തിളങ്ങുന്നതുമൊക്കെയുള്ള കഥ. രാജീവേട്ടന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിത്രമായിരുന്നു അത്. തിരക്കഥ വായിച്ച് കേട്ടപ്പോള്‍ ഗന്ധർവന് ഭൂമിയിലേക്കിറങ്ങി വരുന്നത് മേഘപടലങ്ങളില്നിന്നെന്നൊരു വരിയുണ്ടായിരുന്നു.
കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് മലയാള സിനിമയില്‍ സാർവത്രികമായിട്ടില്ലാത്ത നാളില്‍ വാക്കുകള്‍കൊണ്ട് അത്ഭുതങ്ങളും വിസ്മയങ്ങളും തീര്‍ക്കുന്ന അസാമാന്യ ജന്മമായ പത്മരാജന്റെ അക്ഷരങ്ങളില്‍നിന്നും ഒരു സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഗന്ധര്വന് അവളുടെ കണ്ണടച്ചുപിടിച്ച് ഒളിച്ചുകളി നടത്തിയൊടുവില്‍ പാലമരത്തില്‍ ഒരു ചിത്രശലഭമായി പറന്നണഞ്ഞു നിന്ന് കണ്ണുതുറന്ന് നോക്കുമ്പോള്‍ ആയിരക്കണക്കിനു ചിത്രശലഭങ്ങള്‍ അവള്‍ക്ക് ചുറ്റും പറക്കുന്നതും മേഘങ്ങള്ക്കുള്ളില്നിന്നും ഭൂമിയില്‍ വന്ന അയാള്‍ മിന്നാമിനുങ്ങുകള്‍ പാറി നടക്കുന്നതു കണ്ട് അത് വേണമെന്ന് വാശിപിടിച്ച നായികക്ക് അടച്ച കൈതുറന്ന് കൈവെള്ളയില്‍നിന്നും പരശ്ശതം മിന്നാമിനുങ്ങുകള്‍ പറപ്പിക്കുന്നതുമൊക്കെ എഴുതിവെക്കാൻ എന്തെളുപ്പം. അത് തിരശ്ശീലയില്‍ ഒരുക്കിയെടുക്കുന്നതിന്റെ മിടുക്കിനായി പ്രാര്‍ഥിച്ച കാര്യം പറഞ്ഞു. അതാണ് സത്യം. അമിതമായി ആഗ്രഹിച്ചാല്‍ പ്രകൃതിയത് നടത്തിയെടുക്കുവാനൊരു സാധ്യതയൊരുക്കുമെന്ന സത്യം. അതെങ്ങനെയെന്ന് ആലോചിച്ചലയുകയായിരുന്നു. അതിനൊടുവിലൊരു നാള് ശ്രീകുമാര്‍-ശ്രീവിശാഖ് തിയറ്ററിനു മുന്നില്‍ കൂടിനിൽക്കുന്ന ആള്‍ക്കൂട്ടം കാണുന്നു. ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒരാള്‍ ഒരു മാജിക്കുകാരനെപ്പോലെ നിന്ന് ഒരു പാവയെ കളിപ്പിക്കുകയാണ്. ആ പാവ കൈ ഉയര്‍ത്തുന്നു, നൃത്തംചെയ്യുന്നു. പകല്‍വെളിച്ചത്തില്‍ അയാളുടെ കൈ വിരലിനു താഴെ ആ പാവ എങ്ങനെ നൃത്തം ചെയ്യുന്നു എന്ന് നോക്കിനിന്നു.
അദൃശ്യമായ നൂലിനാല്‍ ബന്ധിക്കപ്പെട്ട ആ പാവ നൃത്തം ചെയ്തനങ്ങുന്നത് സൂക്ഷ്മമായി ശ്രദ്ധിച്ചു. ഈ നൂലും അതിന്റെ സാധ്യതകളുമറിഞ്ഞാല് സിനിമയില്‍ പകല്‍വെളിച്ചത്തില്‍ ചിത്രശലഭങ്ങള്‍ പാറിപ്പറക്കുന്നത് കാണിക്കാനാവും എന്നൊരു ചിന്ത ഒരു മിന്നായംപോലെ മനസ്സില്‍ തോന്നിയത് രാജീവേട്ടനറിഞ്ഞു. ആള്‍ക്കൂട്ടമൊഴിഞ്ഞ് മാജിക്കുകാരന് എല്ലാം കെട്ടിയൊതുക്കി അടുത്തയിടത്തേക്ക് നടന്നിരുന്നു അപ്പോഴേക്കും. ആ നിമിഷംതന്നെ രാജീവേട്ടന് ആ മാജിക്കുകാരനു പിന്നിലെത്തി. യാതൊരു വിലപേശലുമില്ലാതെ ആ പാവയും നൂലും രാജീവേട്ടന് വാങ്ങിച്ചു. സത്യമായൊരു വഴി പ്രകൃതി കാണിച്ചുകൊടുക്കുകയായിരുന്നു. അല്ലെങ്കില്‍ അലഞ്ഞുനടക്കുന്നതിനൊടുവില് ആ പാവകളി നടക്കുന്ന സ്ഥലത്തെത്തില്ലായിരുന്നു. ആ കളി കാണില്ലായിരുന്നു. ആ സാധ്യതയറിയുവാന് വീണ്ടും അനേകം നാള് ചിലപ്പോള്‍ അലയണമായിരുന്നു. നിറമുള്ള ചിത്രശലഭങ്ങള്‍ക്ക് പാറിപ്പറക്കാന്‍ ഒരു വഴി കണ്ടെത്തുന്നു. ഇനിയുള്ളത് മേഘങ്ങൾക്കുള്ളില്നിന്നും ഗന്ധർവന്റെ പ്രത്യക്ഷപ്പെടലാണ്. ഒരുപായം, അത് നടക്കേണ്ടതാണെങ്കില്‍ കണ്ടെത്തുകതന്നെ ചെയ്യും. ഊണിലുമുറക്കത്തിലും അതുതന്നെയായിരുന്നു ചിന്ത.
സിനിമക്കുവേണ്ടി ചിത്രങ്ങള്‍ വരക്കുന്നുണ്ടായിരുന്നു. ഗന്ധർവന്റെ രൂപം നമ്പൂതിരി സാര്‍ ചെയ്തൊരുക്കിയിരുന്നു. അത് വെച്ച് വരക്കുന്നതിനിടയില്‍ അപ്പോള്‍ കൊണ്ടുവെച്ച ചായക്കപ്പില്‍ ബ്രഷ് മുക്കി. അന്നേരംതന്നെ ബ്രഷ് പെട്ടെന്നെടുത്ത് മേശയിലിരുന്ന ചില്ലുഗ്ലാസിലേക്ക് താഴ്ത്തി. ആ നിമിഷം വെള്ളത്തില്‍ പോസ്റ്റര്‍ കളര്‍ അലിഞ്ഞിറങ്ങുന്നത് ശ്രദ്ധിച്ചു. വളരെ സാവധാനം നിറം വെള്ളത്തില്‍ കലരുന്നു. കട്ടിയുള്ള ഒരു മേഘം പടര്‍ന്നിറങ്ങുന്നതുപോലെ. പ്രാര്‍ഥനയുടെ വഴി സത്യമായി തെളിയുന്നു. ഗന്ധർവന് മേഘപടലത്തില്‍നിന്നും പ്രത്യക്ഷപ്പെടുന്ന രംഗം ചിത്രീകരിക്കാന്‍ തീരുമാനിക്കുന്നു. സാധ്യത സാർഥകമാകണമെന്ന് മനസ്സുറപ്പിക്കുന്നു. ഒരു വലിയ ഫിഷ് ടാങ്കില്‍ വെള്ളം നിറക്കുന്നു. അതിനു ദൂരെയായി ഫോക്കസില്‍ ഗന്ധര്‍വനെ നിര്‍ത്തുന്നു. ടാങ്കിലെ വെള്ളത്തിലൂടെ ഗന്ധര്‍വനെ ഇപ്പോള്‍ കാണാം. ഗന്ധര്‍വനായി വെളിച്ചമൊരുക്കുന്നു. അതൊരു ഡിമ്മര്‍ ലൈറ്റ് ആണ്. ടാങ്കിലെ വെള്ളത്തിലേക്ക് പോസ്റ്റര്‍ കളര്‍ കട്ടിയായി ഒഴിക്കുമ്പോള്‍ അവിടെ വെളിച്ചമുണ്ട്. ടാങ്കില്‍ മേഘം പരക്കുന്നു.
ആ നിമിഷം ടാങ്കിലെ വെളിച്ചമണയുകയും ഗന്ധർവന്റെ മീതെ വെളിച്ചം പരക്കുകയും ചെയ്യുന്നു. ആ ദൃശ്യം കാമറയിലൂടെ കണ്ടത് വേണു മാത്രം. ഗന്ധര്‍വന്റെ പ്രത്യക്ഷപ്പെടല്‍ അറിഞ്ഞനുഭവിച്ചത് വേണു മാത്രം. കാമറ കട്ട് ചെയ്തതും വേണുവിന്റെ ആഹ്ലാദം ഒരു തുള്ളിച്ചാട്ടമാകുന്നു. അയാള്‍ മാത്രമാണ് ആ ദൃശ്യത്തിന്റെ സത്യം കണ്ടത്. അതുപോലെ ഗന്ധർവന് അപ്രത്യക്ഷമാകുന്നതും ഷൂട്ട് ചെയ്തു. ഗുരു കൃത്യമായി തന്റെ പ്രാർഥന കേൾക്കുകയായിരുന്നു എന്ന് രാജീവേട്ടന് വിശ്വസിക്കുന്നു. 1990ലെ കേരള സംസ്ഥാന പുരസ്കാര നിര്‍ണയ സമിതിയിലെ ജൂറി ചെയര്മാന് ഭരത് ഗോപിയേട്ടനായിരുന്നു. അദ്ദേഹത്തിനു മുന്നില്‍ ‘ഞാന്‍ ഗന്ധർവന്’ എന്ന ചിത്രമുണ്ടായിരുന്നു. അതുതന്നെയാണ് ‘യമനം’ എന്ന ചിത്രത്തിനു രാജീവേട്ടനെ കലാസംവിധായകനാക്കാനും കാരണം. ഒരര്‍ഥത്തില്‍ എന്നെ ഈ വഴിയിലടുപ്പിച്ചതും ‘ഞാന്‍ ഗന്ധർവന്’ എന്ന ചിത്രംതന്നെയാണ്.
വായു, വെള്ളം, വെളിച്ചം പോലെ തിരിച്ചറിവിന്റെ പ്രഭയാണ് ഗുരുവൊരുക്കിയത്. ആത്മീയബോധമാണ് ഗുരു നമുക്ക് തന്നിട്ടുള്ളത്. വെയിലിനെ കാണുന്നത്, മഴ കൊള്ളുന്നത്, കാറ്റ് വീശുന്നത് എല്ലാവര്ക്കും തുല്യമാണ്. ഗുരുവിന്റെ മുന്നിലെത്തുന്നത് നിരവധി ആഗ്രഹങ്ങളും ആവശ്യങ്ങളുമായാണ്. ഓരോ മനുഷ്യനും ഒരു സ്വപ്നമുണ്ടാവും. അതെല്ലാം നടന്നുകിട്ടണമെന്ന് അവര്‍ അമിതമായി ആഗ്രഹിക്കും. ആ നിശ്ചയത്തിന്റെ അവസാനമാണ് ഗുരുവിലെത്തുന്നത്. വിശ്വാസമുണ്ട്. അതാണ് നടത്തുന്നത്. പലരുടെയും ആവശ്യങ്ങള്‍ ഗുരു കേൾക്കുന്നുണ്ട്. പശുവിനെ കറന്നെടുത്താല്‍ പാല് കുറവാണ്, കഴിഞ്ഞ വര്‍ഷം കായ്ച പ്ലാവ് ഇത്തവണ കായ്ചില്ല, അല്ലെങ്കില്‍ കഴിഞ്ഞതവണയുണ്ടായതുപോലെ കാ ഫലം ഈ വര്‍ഷമില്ല, കിണറ്റില്‍ വെള്ളം ഈ വേനലില്‍ വല്ലാതെ വറ്റിപ്പോയി, കഴിഞ്ഞ വര്‍ഷത്തില്‍ കിണറു വറ്റിയതേയില്ല. ആവശ്യങ്ങള്‍ പലത്, എല്ലാം ഗുരു കണ്ടറിയുകയായിരുന്നു. ഓരോ മനുഷ്യരും അവരുടെ പ്രശ്നങ്ങള്‍ അറിയിക്കുന്നത് തെളിമയോടെ കണ്ണീരോടെയാണ്. ഓരോന്നുണ്ടാവുന്നതും ഇല്ലാതെയാവുന്നതും ഒരു കാരണത്താലാണ്. നമ്മുടെയുള്ളിലെ പ്രകാശമാണ് നമ്മുടെ ആത്മീയബോധത്തിന്റെ ഔന്നത്യം. ഉരയ്ക്കുവാനൊരു കല്ലുണ്ടെങ്കില്‍ മാത്രമേ സ്വര്‍ണത്തിന്റെ മാറ്ററിയൂ. ആ തിരിച്ചറിവാണ് നമ്മുടെ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നത്.
‘യമനം’ ഷൂട്ട് കഴിഞ്ഞ് ഓര്‍ഡര്‍ചെയ്ത റീല്‍ കണ്ടുകൊണ്ടിരുന്ന ഒരുദിവസം രാജീവേട്ടന് ചിത്രാഞ്ജലിയില്‍ വന്നു. സംഗീതസംവിധായകന് ദേവരാജന്‍ മാസ്റ്റര്‍ക്ക് സിനിമ കാണിച്ചുകൊടുക്കുകയായിരുന്നു. എഡിറ്റര്‍ വേണുഗോപാലും ഗോപിയേട്ടനും ഒപ്പമുണ്ടായിരുന്നു. ദേവരാജന്‍ മാസ്റ്റര്‍ ഒറ്റക്ക് സിനിമ കാണണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മാത്രംനിന്ന് കാണിച്ചുകൊടുക്കുകയായിരുന്നു. ചെയ്ത ഭാഗങ്ങളില്‍ ചിലയിടങ്ങള്‍ റീ എഡിറ്റ് ചെയ്ത് ചില ഷോട്ടുകള്‍ മാറ്റണമെന്ന് വേണുവേട്ടനും ഗോപിയേട്ടനും അപ്പോള്‍ തീരുമാനിച്ചു. അതിനു കാരണം മാഷായിരുന്നു. ഉച്ചക്ക് മുമ്പേ അത് തീര്‍ത്തപ്പോള്‍ രാജീവേട്ടന് സിറ്റിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞു. എന്നിട്ട് ഒപ്പം എന്നെയും കൂട്ടി.
‘‘മധൂ, ഞാന്‍ ശാന്തിഗിരി ആശ്രമത്തിലേക്ക് പോവ്വാണ്... മധു വരുന്നോ..?’’
ശാന്തിഗിരി ആശ്രമത്തെക്കുറിച്ച് എനിക്കൊന്നും തന്നെയറിയില്ല. അതെവിടെയാണെന്ന് കേട്ടിട്ടില്ല. പക്ഷേ, രാജീവേട്ടന് വിളിക്കുന്നു എന്നത് എന്റെ തെളിച്ചമാകുന്നു എന്ന് ഞാനറിയുന്നു. ചിലത് അങ്ങനെയാണ്. ഒരു വിരല്‍ പിടിക്കുവാനായാല് അതൊരു രക്ഷയാകും. കുട്ടിക്കാലത്ത് ഞാനെന്നും ഒപ്പം പിടിച്ചുനടന്നത് അച്ഛന്റെ വിരലായിരുന്നു. രാത്രികാലത്ത് സിനിമ തിയറ്ററില്‍നിന്നും വിട്ട് വീട്ടിലേക്ക് നടക്കുമ്പോള്‍ എന്റെ പ്രായം ആറാം ക്ലാസായിരുന്നു. ഉള്ളിലെ ഭയം കളഞ്ഞ് പ്രാര്‍ഥിച്ച് നടന്നത് അച്ഛനൊപ്പമായിരുന്നു. സിഗരറ്റ് മണമുള്ള ആ വിരലില്‍ പിടിക്കുമ്പോള്‍ രാത്രിയുടെ ഭയം കണ്ട സിനിമയിലെ പേടിപ്പിക്കുന്ന രംഗങ്ങള്‍ ഒന്നും എന്റെയുള്ളിലുണ്ടാവില്ല. അതുപോലൊരു സാന്നിധ്യമായിരുന്നു രാജീവേട്ടന്റെ ബൈക്കിന്റെ പിറകില്‍ കയറുമ്പോള്‍.
പൂജപ്പുരയില്‍ പോയി രാജീവേട്ടന്റെ ചേട്ടന് ഭദ്രന്റെ വീട്ടില്‍ കയറി ഒരു വലിയ സഞ്ചിയുമെടുത്ത് അത് എന്നെ ഏൽപിച്ച് നട്ടുച്ചയില്‍ സൂര്യന് കത്തിക്കാളുമ്പോള്‍ ആ ബൈക്ക് പോത്തന്‍കോട് ലക്ഷ്യമാക്കി നീങ്ങി. പോത്തന്‍കോട് തികച്ചും ശാന്തമായ ഒരു ഗ്രാമം. വഴിയിലൊന്നും തന്നെ അഭൂതപൂര്‍വമായ തിരക്കില്ല. വാഹനങ്ങളും കുറവ്. പൂലന്തറയില് ശാന്തിഗിരിയിലേക്കുള്ള വഴിയിലേക്ക് ബൈക്ക് കയറിയതും ആഞ്ഞടിക്കുന്ന കടൽത്തിരമാലയുടെ ശബ്ദം ഞാന്‍ കേട്ടു. കടലിനടുത്തേക്ക് ബൈക്ക് പാഞ്ഞുപോകുന്നു. കാറ്റ് ആഞ്ഞുവീശുന്നു. എങ്കിലും അതത്ര ശക്തമല്ല. കടലിന്റെ ശബ്ദം അടുത്തടുത്ത് വരുന്നു.
പിറകിലിരുന്ന് ഞാന്‍ രാജീവേട്ടനോട് ചോദിച്ചു: നമ്മളീ പോകുന്ന സ്ഥലത്ത് കടലുണ്ടോ... കടലിന്റെ തീരത്താണോ ആശ്രമം. രാജീവേട്ടന് അത് കേട്ടോ എന്നെനിക്കറിയില്ല. അദ്ദേഹം ഒന്നും പറഞ്ഞില്ല. അല്ലെങ്കില്‍ പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ടാവില്ല. ബൈക്ക് ആശ്രമത്തിന്റെ മുന്നിലെത്തി രാജീവേട്ടനൊപ്പം ആശ്രമത്തിലേക്ക് കയറുമ്പോഴും കടലിന്റെ തിരയിളക്കം ഞാന്‍ അറിയുന്നുണ്ടായിരുന്നു. ശാന്തിഗിരി ആശ്രമപരിസരം അറബിക്കടലില്‍നിന്നും ഒരുപാടകലെയാണെന്ന് ഞാനറിയുന്നു. ചുറ്റും മരങ്ങള്‍ നിറഞ്ഞ അന്തരീക്ഷം. മുമ്പ് ഞാന്‍ ചെന്നുകയറിയിട്ടുള്ള ആശ്രമങ്ങളുടെ അത്രയൊന്നും പകിട്ടില്ലാത്ത ഒരിടം. പക്ഷേ, ആ മണ്ണില്‍ ചവിട്ടുമ്പോള്‍ അപരിചിതമായ ഒരു കാന്തവലയത്തില്പെട്ടതുപോലെയുള്ള തരിപ്പനുഭവിക്കുന്നു. ഊണിന്റെ സമയമായിരുന്നു. പടികയറി അകത്തേക്ക് ചെല്ലുമ്പോള്‍ മുറ്റത്തുണ്ടായിരുന്ന ഒരു സ്വാമി ആദ്യം പറഞ്ഞത് ഊണു കഴിച്ചിട്ട് ഗുരുവിനെ കാണാം, പുതിയ ഒരാള്‍കൂടി ഉള്ളതല്ലേ എന്നാണ്. രാജീവേട്ടന് അങ്ങനെ തീരുമാനിച്ച് തിരിഞ്ഞെങ്കിലും പെട്ടെന്ന് ഒരു ചെറുപ്പക്കാരന് ഓടിവന്നു പറഞ്ഞു: ‘‘ഗുരു വിളിക്കണ്... പെട്ടെന്ന് ചെല്ലാമ്പറഞ്ഞ്...’’
ഗുരുവിന്റെ പര്ണശാലയിലേക്ക് കയറുമ്പോള്‍ അവിടെ അധികം ആളുകളൊന്നും തന്നെയില്ലായിരുന്നു. രാജീവേട്ടന് നമസ്കരിച്ചപ്പോള്‍ ഞാനും നമസ്കരിച്ചു. അതുവരെ ഞാനനുഭവിച്ച കടലിന്റെ തിരയിളക്കം മുട്ടുകുത്തി നമസ്കരിച്ചതോടെ എന്റെയുള്ളില്‍ ശാന്തമായി. ഗുരുവിന് രാജീവേട്ടന് എന്നെ പരിചയപ്പെടുത്തി. വല്ലതും കഴിച്ചോ എന്നായിരുന്നു ഗുരു ആദ്യം ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോള്‍ എന്നെ കൊണ്ടുപോയി കഴിപ്പിക്കാന്‍ പറഞ്ഞൊരാളെ ഏര്‍പ്പാടാക്കി. രാജീവേട്ടന് അവിടെതന്നെ നിന്നു. ഗുരുവിനെന്തോ രാജീവേട്ടനോട് പറയാനുണ്ടെന്ന് എനിക്ക് തോന്നി. അവരെന്നും കാണുന്നവരും, രാജീവേട്ടന് അക്കാലത്ത് ആശ്രമത്തിനരികില്‍ തന്നെയായിരുന്നു താമസവും. ഊണു കഴിക്കുന്ന ഒരു ഹാളില്‍ ചെന്നിരുന്ന് ഭക്ഷണം കഴിച്ച് വീണ്ടും ഗുരുവിനു മുന്നിലെന്നെയെത്തിച്ചു. അപ്പോഴും രാജീവേട്ടനും ഗുരുവും തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടതും എന്റെ വീടും നാടും വീട്ടിലാരൊക്കെയുണ്ടെന്നും ചോദിച്ചു. സിനിമയാണെന്റെ ഉപജീവനം എന്നെനിക്ക് അന്നു തോന്നി. ഗുരു പറഞ്ഞതും അതായിരുന്നു: ഇപ്പൊ ഒള്ളത് നിനക്കുതകും.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.