മനുഷ്യാഖ്യാനത്തിന്റെ ഭാഷാ പ്രകാശനങ്ങൾ

എൺപതുകളുടെ മധ്യത്തിലാണ് കോവിലനെ ആദ്യമായി കാണുന്നത്, അതും കണ്ടാണശ്ശേരിയിലെ വീട്ടിൽ വെച്ച്. ‘തോറ്റങ്ങൾ’ വായിച്ച ആവേശത്തിലാണ് ഒരു സാഹിത്യവിദ്യാർഥിയായ ഞാൻ കോവിലനെ കാണാൻ പോയത്. ഖസാക്ക് ആവേശിച്ചതുപോലെ ‘തോറ്റങ്ങൾ’ കുറെക്കാലം കൂടെ ഉണ്ടായിരുന്നു. ആ നോവലിലൂടെ നിശ്ശബ്ദമായല്ല കടന്നുപോയത്. ഒരു കാവ്യം വായിക്കുംപോലെ ഉച്ചത്തിൽ ആവർത്തിച്ചു. പിന്നീട് പലപ്പോഴും ആലോചിച്ചിട്ടുണ്ട്, ആ രചന എന്തുകൊണ്ടാണ് ഇത്രമാത്രം ആത്മാനുരാഗിയായി മാറിയതെന്ന്. അക്കാലത്താണ് നരേന്ദ്രപ്രസാദ് ‘തോറ്റങ്ങളെ’ കുറിച്ചെഴുതിയ ലേഖനം വായിച്ചത്. അതൊരു വലിയ പ്രവേശികയായിരുന്നു, നരേന്ദ്രപ്രസാദ് എഴുതി, ‘‘അസ്തിത്വത്തിന്റെ...

എൺപതുകളുടെ മധ്യത്തിലാണ് കോവിലനെ ആദ്യമായി കാണുന്നത്, അതും കണ്ടാണശ്ശേരിയിലെ വീട്ടിൽ വെച്ച്. ‘തോറ്റങ്ങൾ’ വായിച്ച ആവേശത്തിലാണ് ഒരു സാഹിത്യവിദ്യാർഥിയായ ഞാൻ കോവിലനെ കാണാൻ പോയത്. ഖസാക്ക് ആവേശിച്ചതുപോലെ ‘തോറ്റങ്ങൾ’ കുറെക്കാലം കൂടെ ഉണ്ടായിരുന്നു. ആ നോവലിലൂടെ നിശ്ശബ്ദമായല്ല കടന്നുപോയത്. ഒരു കാവ്യം വായിക്കുംപോലെ ഉച്ചത്തിൽ ആവർത്തിച്ചു. പിന്നീട് പലപ്പോഴും ആലോചിച്ചിട്ടുണ്ട്, ആ രചന എന്തുകൊണ്ടാണ് ഇത്രമാത്രം ആത്മാനുരാഗിയായി മാറിയതെന്ന്. അക്കാലത്താണ് നരേന്ദ്രപ്രസാദ് ‘തോറ്റങ്ങളെ’ കുറിച്ചെഴുതിയ ലേഖനം വായിച്ചത്. അതൊരു വലിയ പ്രവേശികയായിരുന്നു, നരേന്ദ്രപ്രസാദ് എഴുതി, ‘‘അസ്തിത്വത്തിന്റെ വെളിപാടുകൾ ഉയർത്തുന്ന, തികച്ചും കലാപരമായ ജീവിതദർശനം കഥാകൃത്തിന്റെ ഉദാരവും പ്രസന്നവുമായ മനുഷ്യസ്നേഹത്തിൽനിന്ന് ഉൽപന്നമായിരിക്കുന്നു. വിഭാഗീയതകൾക്കപ്പുറത്താണ് അദ്ദേഹത്തിന്റെ സഹാനുഭൂതി, തുളഞ്ഞു കയറുന്ന പരിഹാസത്തെ അസഹതാപാർദ്രമാക്കുന്നു. നഗ്നമായ നാടൻജീവിതവുമായി ഇഴുകിച്ചേരാൻ കഴിവുള്ള അകൃത്രിമ വ്യക്തിത്വത്തിൽനിന്ന് ഉയർന്നതാണ് ആ ദർശനം.’’ പിന്നീടും നരേന്ദ്രപ്രസാദിന്റെ സംഭാഷണങ്ങൾക്കിടയിൽ കോവിലൻ കടന്നുവന്നതായി ഓർക്കുന്നു.

കോവിലന്റെ ദീർഘകാലജീവിതം വിഭിന്ന അനുഭവങ്ങളുടെ അടരുകൾകൊണ്ട് തീർത്തതാണ്. ഒരു നാട്ടിൻപുറത്തുകാരന്റെ നന്മയിലും വിശുദ്ധിയിലും മനുഷ്യത്വത്തിലും ഊന്നിയ ജീവിതപഥങ്ങളായിരുന്നു കോവിലന്റേത്. തീക്ഷ്ണമായ ജീവിതവിതാനങ്ങൾ എപ്പോഴും കൂടെയുണ്ടായിരുന്നു. ബാഹ്യജീവിത സന്ദിഗ്ധതകൾക്കപ്പുറത്ത് ആന്തരികസമരവും സഹനവും സൂക്ഷിച്ചിരുന്നു. അതുകൊണ്ടാണ് രചനകളിൽ തന്റെ സമകാലികരെ പോലെ കാൽപനികതയുടെ ശീതളഛായ സൃഷ്ടിക്കാതെ പോയത്. ജീവിതത്തെ നേരിട്ട് ഏറ്റുമുട്ടുന്നതുകൊണ്ട് അതിന്റെ ആഘാതങ്ങൾ പകർത്തുകയാണ് ചെയ്തത്. ഭാവനക്കപ്പുറത്തെ യാഥാർഥ്യങ്ങളാണ് രചനകളിൽ എപ്പോഴും പ്രകാശിച്ചുനിന്നത്. അതുകൊണ്ടാണ് കോവിലൻ പലപ്പോഴും പറഞ്ഞിരുന്നത്, കഥയും നോവലുമൊക്കെ ജീവിതത്തിലെ അനുഭവങ്ങൾ തന്നെയാ​െണന്ന്.

ഒരു എഴുത്തുകാരനായിത്തീരാനുള്ള ത്വര കോവിലന് ചെറുപ്പത്തിൽതന്നെ ഉണ്ടായിരുന്നു. അത് ജീവിതാന്ത്യംവരെ സൂക്ഷിക്കുകയും ചെയ്തു. എഴുത്തുകാരന്റെ നിയോഗവും സാധ്യതയും സംത്രാസവും തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് കോവിലന്റെ ജീവിതം എപ്പോഴും സമരഭരിതമായിരുന്നു. കവിതയിലായിരുന്നു ആദ്യ താൽപര്യം. വളരെ ചെറുപ്പത്തിലേയുള്ള കാവ്യപാരായണമാണ് ആ ആഭിമുഖത്തിലേക്ക് എത്തിച്ചത്. ഭാഷയുടെ അസാധാരണ ഗിരിനിരകൾ സൃഷ്ടിച്ച കോവിലന്റെ അടിത്തറ ഈ കാവ്യാനുശീലനമാണെന്ന് കാണാം. കോവിലൻ എഴുതുന്നു, ‘‘നാലാംതരം പഠിക്കുമ്പോൾതന്നെ കിളിപ്പാട്ടുകൾ മൂന്നും ഞാൻ സ്വയം വായിച്ചെത്തിച്ചു. അക്ഷരമാല പരിചയപ്പെട്ടപ്പോൾ തൊട്ട് അച്ഛന്റെ ഒപ്പം ഓലത്തടുക്കിൽ ചമ്രം പടിഞ്ഞിരുന്ന് ഈ ഗ്രന്ഥങ്ങൾ ഞാൻ കേട്ടുചൊല്ലാൻ തുടങ്ങിയിട്ടുമുണ്ട്. മനസ്സിലായി​െല്ലങ്കിലും, ‘നളിനി’യും ‘ലീല’യും എങ്ങനെയൊക്കയോ ഞാൻ വായിച്ചു. എഴുത്തച്ഛനെ ശീലിച്ചുപോന്ന എനിക്ക് അക്കാലത്തൊന്നും ആശാനെ പിടികിട്ടിയില്ല...’’ കോവിലനെ ചെറുപ്പത്തിൽ ആവേശിച്ച രണ്ട് കവികൾ ജി. ശങ്കരക്കുറുപ്പും കെ.കെ. രാജാവുമായിരുന്നു. ജിയുടെ ‘സൂര്യകാന്തി’ വായിച്ചു വിസ്മയിച്ചു പോയി എന്ന് കോവിലൻ പറഞ്ഞിട്ടുണ്ട്. അതുപോലെ ‘പാവങ്ങളും’ ‘കുറ്റവും ശിക്ഷയും’ അക്കാലത്തുതന്നെ വായിച്ചു കഴിഞ്ഞു. ക്ലാസിക്കുകളോടുള്ള ഈ താൽപര്യം പിൽക്കാല എഴുത്തുജീവിതത്തെ അഗാധമായി സ്വാധീനിച്ചു. തന്റെ സമകാലികരിൽനിന്ന് വേറിട്ട് നടക്കാനും സാദൃശ്യങ്ങളില്ലാത്ത എഴുത്തുലോകം കണ്ടെത്താനും അതിലൂടെ സാധിച്ചു.


സ്വാതന്ത്ര്യലബ്ധിക്കും പതിറ്റാണ്ടുകൾക്ക് മുമ്പാണ് (1923) കോവിലൻ ജനിച്ചത്, യാത്ര പറഞ്ഞത് (2010) ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലും. അതുകൊണ്ട് ഇന്ത്യയിൽ രൂപപ്പെട്ട എല്ലാ സാമൂഹിക രാഷ്ട്രീയ പരിണാമങ്ങൾക്കും സാക്ഷിയാവാൻ കോവിലന് കഴിഞ്ഞു. ചരിത്രത്തെ സൂക്ഷ്മമായി നിരീക്ഷിക്കാനും മാറ്റങ്ങളുടെ പിന്നിലെ ഉറവിടങ്ങളെ തിരിച്ചറിയാനും കഴിഞ്ഞു. കൃത്യമായ ഒരു രാഷ്ട്രീയ സമീപനം രൂപപ്പെടുത്താനും കഴിഞ്ഞു. കോവിലൻ പാവറട്ടി സംസ്കൃത കോളജിൽ പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി ജയിലിലാവുന്നത്. അന്ന് അധ്യാപകനായിരുന്ന ചെറുകാടാണ് വിദ്യാർഥിയായ കോവിലന്റെ ശ്രദ്ധയിൽപെടുത്തുന്നത്. പിറ്റേന്നുതന്നെ പാവറട്ടി ഹൈസ്കൂളിലും കോളജിലും കോളജ് ബഹിഷ്‍കരിക്കാനുള്ള പോസ്റ്ററുകൾ പതിപ്പിച്ചു. പിറ്റേദിവസം ആ പോസ്റ്റുകൾ ആരോ നീക്കംചെയ്തു. ആ സന്ദർഭം കോവിലൻ ഓർക്കുന്നു, ‘‘ആദ്യത്തെ പീരിയഡിൽ എന്റെ ക്ലാസിൽ ഗുരുനാഥൻ നാരായണ പിഷാരോടി വന്നു. അദ്ദേഹം എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒരർഥവുമില്ലാത്ത പലപല കാരങ്ങളായിരുന്നു, അവ. ഇത് എന്നെ പറ്റിക്കാനുള്ള ഒരു തന്ത്രമാണ് എന്ന് എനിക്ക് തോന്നി. ഞാൻ വളരെ മര്യാദക്കാരനും അനുസരണശീലമുള്ളവനും ഗുരുഭക്തനും എല്ലാമായിട്ടും കൂരമ്പുകൾ എന്റെ നേർക്കാണ് തിരിയുന്നതെന്ന് മനസ്സിലാക്കി, അധ്യാപകനോട് ഒന്നും മിണ്ടാതെ എണീറ്റ് എന്റെ പുസ്തകങ്ങളുമായി പുറത്തിറങ്ങി, കോളജിൽ പോർട്ടിക്കോവിലെത്തി കോളജ് നടുങ്ങും വിധത്തിൽ ‘ഭാരത് മാതാ കീ ജയ്’ എന്ന് അലറിവിളിച്ചു. ജയ് എന്ന് ഞാൻ പറഞ്ഞ് തീരും മുമ്പ് കോളജ് ഒന്നടങ്കം ക്ലാസുകളിൽനിന്ന് കുട്ടികൾ ഇറങ്ങിവന്ന് ജയ്... എന്ന് ഏറ്റു വിളിച്ചു. ഞങ്ങൾ ജാഥയായി ഗുരുവായൂർ വരെ പോയി, അവിടെ ഒരു കോൺഗ്രസ് നേതാവ് ഞങ്ങളോട് വർത്തമാനം പറഞ്ഞു. അവിടെ ​െവച്ച് ജാഥ പിരിഞ്ഞു. പിന്നീട് ഞാൻ കോളജിൽ പോയില്ല.’’ ഈ ഇറങ്ങിപ്പോക്ക് ജീവിതത്തെ വല്ലാതെ ബാധിച്ചുവെന്ന് കോവിലൻ പറഞ്ഞിട്ടുണ്ട്. ആ ജീവിതസന്ധിയാണ് കോവിലനെ എഴുത്തുകാരനായി രൂപപ്പെടുത്തിയതെന്ന് പറയാം.

കോളനിയധിനിവേശകാലത്തു തന്നെയാണ് കോവിലൻ പട്ടാളത്തിൽ ചേരുന്നത്. അവരുടെ രാഷ്ട്രീയ അധിനിവേശത്തിന്റെ വിവിധ തലങ്ങൾ കോവിലന് നേരിട്ടു മനസ്സിലാക്കാൻ കഴിഞ്ഞു. അതെല്ലാം രചനകളിൽ പ്രതിഫലിച്ചു. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യയെ കണ്ടെത്താനും കോവിലന് കഴിഞ്ഞു. അതെല്ലാം ചിന്തകളെയും സമീപനങ്ങളെയും രൂപപ്പെടുത്തുന്നതിൽ സ്വാധീനിച്ചു എന്ന് മനസ്സിലാക്കാം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിവിധ രാഷ്ട്രീയ സന്ദർഭങ്ങളെ കോവിലൻ രചനകളിലൂടെ നേരിട്ടു. ‘ഭരതൻ’ എന്ന നോവൽ അതിന്റെ സാക്ഷ്യമാണ്. 1976ലാണ് ‘ഭരതൻ’ പ്രസിദ്ധപ്പെടുത്തുന്നത്. ഇന്ത്യ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന കാലമായിരുന്നു അത്. അധികാരത്തിന്റെ വിനാശകരമായ സാധ്യത കോവിലൻ നോവലിലൂടെ ഓർമിപ്പിച്ചു. നരേന്ദ്രപ്രസാദ് എഴുതി: ‘‘ഏകാധിപത്യത്തിന്റെ ഭരണസംവിധാനത്തിനെതിരെ ചാട്ടുളി എയ്യുവാനും ചതച്ചരയ്ക്കപ്പെട്ട മനുഷ്യനുവേണ്ടി അമർഷം കൊള്ളുവാനുമാണ് ഈ നോവൽ യത്നിക്കുന്നതെന്ന പ്രതീതി ഒരിടിമിന്നൽപോലെ ഈ കൃതി വായിക്കുന്ന ആളിന്റെ മേൽ പതിക്കാതിരിക്കില്ല.’’ ഒരു രാഷ്ട്രീയ അലിഗറിയുടെ സാന്നിധ്യം സൃഷ്ടിക്കാൻ ‘ഭരതനി’ലൂടെ കോവിലൻ ശ്രമിച്ചു. കൃത്യമായ രാഷ്ട്രീയ നിലപാടുകൾ സൂക്ഷിക്കുകയും അത് വ്യക്തമായി പറയുകയും ചെയ്തു. ഒരിക്കൽ കോവിലൻ പറഞ്ഞു: ‘‘സ്വന്തം രാഷ്ട്രീയ നിലപാട് എന്നൊന്നും പറയാൻ പറ്റി​െല്ലങ്കിലും രാഷ്ട്രീയനിലപാട് തീർച്ചയായും ഉണ്ട്. ഞാൻ തീവ്ര ഇടതുപക്ഷത്തിനോട് ചായ് വുള്ളവനാണ്. അധികാരം കിട്ടിയാൽ അവർ എങ്ങനെയാവുമെന്ന് പറയാൻ വയ്യ. അധികാരം കിട്ടുമ്പോൾ അവരും മാറാം. പക്ഷേ, ഞാൻ ഇന്നേവരെ തീവ്ര ഇടതുപക്ഷത്തിന്റെ കൂടെയാണ്. എന്റെ ചെറുപ്പത്തിൽ കേരളത്തിൽ നക്സൽ മൂവ്മെന്റ് ഉണ്ടായിരുന്നെങ്കിൽ ഞാൻ അതിലേക്ക് പോകുമായിരുന്നു. അങ്ങനെയുള്ള ഒരു മനസ്സാണ്. രാഷ്ട്രീയ അഭിനിവേശമാണെനിക്ക്.’’ എൺപതുകളിലും തൊണ്ണൂറുകളിലും കേരളത്തിൽ രൂപപ്പെട്ട വിവിധ പ്രതിരോധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും മനുഷ്യാവകാശ സംരക്ഷണ സമരങ്ങളിലും കോവിലൻ പങ്കാളിയായി. സവിശേഷമായ ഒരു രാഷ്ടീയ ഊർജം കോവിലനിൽ പ്രസരിച്ചിരുന്നു.


കോവിലൻ ഏകാന്ത ജീവിതസമരങ്ങളാണ് സാഹിത്യത്തിൽ നടത്തിയത്. കാലിക സാഹിത്യപ്രവണതകളെ പരിഗണിക്കാതെ നവീന അന്വേഷണപഥങ്ങൾ കണ്ടെത്തുകയാണ് കോവിലൻ ചെയ്തത്. പാരമ്പര്യത്തിന്റെ തിരസ്കാരവും ആധുനികതയുടെ ആവേഗവും കോവിലനിൽ എപ്പോഴും ഉണ്ടായിരുന്നു. മനുഷ്യനെ വ്യാഖ്യാനിക്കുമ്പോൾ, ജീവിതത്തെ വിവർത്തനം ചെയ്യുമ്പോൾ അത് വായനക്കാരന്റെ സംവേദനത്തെ ആഴത്തിൽ ബാധിക്കണമെന്ന് വിശ്വസിച്ചു. കോവിലൻ മനുഷ്യജീവിത കഥാനുഗായിയായിരുന്നു. അത് സത്യസന്ധമായി നിർവഹിക്കണമെന്ന് താൽപര്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് കാലത്തെ അഭിസംബോധന ചെയ്യുന്ന രൂപഘടനകൾ സൃഷ്ടിക്കാൻ കോവിലൻ തയാറായത്. പുരോഗമന സാഹിത്യ സങ്കൽപനങ്ങൾ രൂപപ്പെടുത്തിയ സാഹിതീയ അന്തരീക്ഷത്തിലേക്കാണ് കോവിലൻ രചനകളുമായി സഞ്ചാരം തുടങ്ങുന്നത്. നോവലിലും കഥയിലുമെല്ലാം ആ ആശയങ്ങളുടെ ചുവന്ന ചക്രവാളങ്ങൾ പടർന്നു കിടന്നിരുന്നു. എന്നാൽ, രാഷ്ട്രീയാഭിമുഖ്യമുള്ള ഒരു നവാഗത എഴുത്തുകാരനെ അതിന്റെ പ്രഭാവലയങ്ങൾ പ്രലോഭിപ്പിച്ചില്ല. അതുപോലെ സമകാലികരായ എഴുത്തുകാർ പിന്തുടർന്ന കാൽപനിക കാന്തിയിലും മയങ്ങിയില്ല. അവർ സൃഷ്ടിച്ച കലയുടെ ലാളിത്യ ലാവണ്യങ്ങളിൽ പങ്കാളിയായില്ല. എം.ടി, ടി. പത്മനാഭൻ, മാധവിക്കുട്ടി എന്നിവരുടെ രചനകളെ ഗൗരവമായി പിന്തുടർന്നെങ്കിലും അവരുടെ നിഴലുകളെ തിരസ്കരിച്ചു. കോവിലനെ ജീവിതത്തിന്റെ ആഴക്കയങ്ങളായിരുന്നു എന്നും പ്രലോഭിപ്പിച്ചത്. വിശപ്പിന്റെ വേദനയിൽ, അസ്തിത്വത്തിന്റെ ആകുലതയിൽ, അതിജീവനത്തിന്റെ സന്ദിഗ്ധതയിൽ കാലത്തെ നേരിടുന്ന മനുഷ്യന്റെ തീക്ഷ്ണസമരങ്ങളായിരുന്നു കോവിലന്റെ മാനിഫെസ്റ്റോ. അതുകൊണ്ട് സാഹിത്യ കലയിലെ ലളിതവത്കരണങ്ങളെയും കാൽപനിക ആഖ്യാനങ്ങളെയും പാരായണ ജനകീയതയെയും കോമളകാന്ത പദാവലികളെയും കോവിലൻ സ്വീകരിച്ചില്ല. അനുഭവങ്ങളുടെ വ്യാഖ്യാനത്തിൽ അതിഭാവുകത്വം കലർത്തിയില്ല. റിയലിസത്തിന്റെ ആന്തരിക ലാവണ്യത്തെയും സംവേദനസാധ്യതയുമാണ് കോവിലൻ പിന്തുടർന്നത്. ജീവിതം കോവിലന് പ്രതീക്ഷയായിരുന്നില്ല, യാഥാർഥ്യമായിരുന്നു. ‘തകർന്ന ഹൃദയങ്ങൾ’ (1946) മുതൽ ‘തട്ടകം’ (1995) വരെ തെളിയിക്കുന്നത് അതാണ്.

കോവിലൻ സഹകരിച്ചതും അനുയാത്ര നടത്തിയതും ഒരു സവിശേഷ കാലഘട്ടത്തിലെ ധിഷണാശാലികൾക്കൊപ്പമായിരുന്നു. കണ്ടാണശ്ശേരിയിലെ വി.വി. അയ്യപ്പനെ കാലത്തിൽ മുദ്ര പതിപ്പിച്ച കോവിലനാക്കി മാറ്റുന്നതിൽ പ്രകാശം ചൊരിഞ്ഞത് അവരാണ്. ജോസഫ് മുണ്ടശ്ശേരി, സി.ജെ. തോമസ്, എൻ.വി. കൃഷ്ണവാര്യർ, ബഷീർ എന്നിവരുടെ സ്നേഹസത്രത്തിലായിരുന്നു കോവിലൻ ജീവിച്ചത്. പൊൻകുന്നം ദാമോദരനാണ് മുണ്ടശ്ശേരിയെ കാണാൻ കോവിലനെ പ്രേരിപ്പിച്ചത്. അത് കോവിലന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഏകലവ്യനെ പോലെ മുണ്ടശ്ശേരിയിൽനിന്നും ഭാഷാപ്രയോഗത്തിന്റെ സൂക്ഷ്മ ജാഗ്രതകൾ മനസ്സിലാക്കി. കോവിലൻ എഴുതുന്നു, ‘‘മുണ്ടശ്ശേരിയുടെ കേട്ടെഴുത്തുകാരനായിട്ടായിരുന്നു തുടക്കം. അദ്ദേഹം സ്വയം ലേഖനങ്ങൾ എഴുതാറില്ല. പറഞ്ഞുകൊടുക്കുകയേ ഉള്ളൂ. പ്രസിദ്ധമായ മുണ്ടശ്ശേരിശൈലിയുമായി പരിചയപ്പെട്ടത് വലിയൊരനുഗ്രഹമായിത്തീർന്നു എന്നാണ് എന്റെ വിശ്വാസം. വാക്യഘടനയിലും പദസ്വീകാര്യത്തിലും മുണ്ടശ്ശേരി പുലർത്തിയ നിഷ്‍കർഷയും ശ്രദ്ധയും ഏറക്കുറെ എനിക്കും പിടികിട്ടി. പിന്നീട് ഞാനും ചില കൊച്ചു ലേഖനങ്ങളെഴുതാൻ മുതിർന്നല്ലോ.’’

കോവിലന്റെ ആദ്യകാല രചനകൾ പ്രസിദ്ധപ്പെടുത്താൻ ഉത്സാഹിച്ചത് സി.ജെ. തോമസായിരുന്നു. ‘തറവാട്’ എന്ന നോവൽ മംഗളോദയം തിരസ്കരിച്ചപ്പോൾ മദിരാശിയിൽനിന്നിറങ്ങുന്ന കഥ മാസികയിൽ പ്രസിദ്ധീകരിക്കാൻ സന്ദർഭമൊരുക്കിയത് സി.ജെ ആയിരുന്നു. പിന്നീട് സി.ജെ ഡെമോക്രാറ്റ് മാസിക ആരംഭിച്ചപ്പോൾ കോവിലന്റെ കഥകൾ പ്രസിദ്ധീകരിച്ചു. കോവിലൻ ഒരിക്കൽ പറഞ്ഞു, ചെറുപ്പമായിരുന്നപ്പോൾ ഒന്നാംതരം യൗവനത്തിൽ അന്തരിച്ച സി.ജെ. തോമസ് എന്റെ ജീവദാതാവായിരുന്നു. ‘തറവാട്’ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് താൻ ആത്മഹത്യ ചെയ്യാതെ പോയതെന്നും കോവിലൻ എഴുതി.

കോവിലനെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് എൻ.വി. കൃഷ്ണവാര്യരായിരുന്നു. എൻ.വിക്ക് കോവിലനെ പരിചയപ്പെടുത്തിക്കൊടുത്തത് സി.ജെ. തോമസായിരുന്നു. കോവിലൻ എന്ന തൂലികാനാമം സ്വീകരിക്കാൻ പ്രേരിപ്പിച്ചതും എൻ.വി ആയിരുന്നു. കോവിലനെ പട്ടാള കഥാകാരനാക്കിയതും എൻ.വി ആയിരുന്നു. ഓരോ കഥ പ്രസിദ്ധീകരിക്കുമ്പോഴും കഥക്കു മുകളിൽ പേജിന്റെ ഇടതുവശത്ത് പട്ടാളകഥ എന്ന് ചേർത്തിരുന്നു. അങ്ങനെ കോവിലൻ പട്ടാള കാഥികനായി. ഇതൊരു നഷ്ടക്കച്ചവടമായി പോയിയെന്ന് പിന്നീട് കോവിലൻ ഖേദിച്ചിട്ടുണ്ട്. പക്ഷേ, എൻ.വിയുമായി ആഴത്തിലുള്ള ആത്മബന്ധം സൂക്ഷിച്ചിരുന്നു. പി.സി. കുട്ടികൃഷ്ണൻ, ബഷീർ, വി.കെ.എൻ എന്നിവരൊക്കെ കോവിലന്റെ ജീവിതത്തിലെ വിളക്കുമരങ്ങളാണ്. ആ വിളക്കുമരങ്ങളിലെ വെളിച്ചങ്ങളാണ് കോവിലന്റെ ജീവിതത്തെയും സാഹിത്യത്തെയും മുന്നോട്ടു നയിച്ചത്.

കോവിലൻ പതിനൊന്ന് നോവലുകൾ എഴുതി. ഓരോ നോവലും വിഭിന്ന ആഖ്യാന മാതൃകകളായി കാണാം. നോവൽ രചനയുടെ തുടക്കകാലത്ത് തന്നെ, മലയാളത്തിലെ ഒരു നോവലിനെയും മാതൃകയാക്കരുതെന്ന് തീരുമാനിച്ചിരുന്നു. ഒ. ചന്തുമേനോന്റെ നോവലുകളോട് ആഭിമുഖ്യം പുലർത്തിയില്ല. സി.വി. രാമൻപിള്ളയെ അംഗീകരിക്കുകയും ചെയ്തു. താൻ ഭാവന ചെയ്യുന്ന ജീവിതം കവിതയിൽ ആവിഷ്‍കരിക്കാൻ കഴിയില്ല എന്ന പരിമിതി മനസ്സിലാക്കിയാണ് നോവൽ എന്ന മാധ്യമം കോവിലൻ സ്വീകരിച്ചത്. എന്നാൽ, കോവിലന്റെ പല നോവലുകളും കാവ്യത്തിന്റെ സൗന്ദര്യഗരിമയും ഭാഷാ ലാവണ്യവും സൃഷ്ടിച്ചു. ‘തോറ്റങ്ങൾ’ അതിന്റെ മികച്ച ഉദാഹരണമാണ്. താളാത്മകമായ ഗദ്യമാണ് കോവിലൻ ഉപയോഗിച്ചിരുന്നത്. ‘തട്ടക’മെഴുതിയാണ് നോവൽ രചന കോവിലൻ അവസാനിപ്പിച്ചത്. നോവൽ എഴുതി തുടങ്ങുന്ന കാലത്ത് ഗുരു കെ.പി. നാരായണ പിഷാരോടി കോവിലന് നൽകിയ ഉപദേശം, ‘മഹാഭാരതം’ വായിക്കാനാണ്. കാരണം, കഥാഖ്യാനത്തിന്റെ വിസ്മയപ്രചഞ്ചം ആ മഹാരചനയിൽ നിന്ന് കണ്ടെത്താനാവും. ആ ഉപദേശം സാർഥകമായത് ‘തട്ടക’ത്തിലാണ്. നിരവധി കഥകളുടെ അടുക്കുകൾ ചേർത്തുവെച്ചാണ് ‘തട്ടകം’ നിർമിച്ചത്. കോവിലൻ പറയുന്നു, ‘‘പിഷാരോടി മാസ്റ്ററുടെ ഉപദേശം, മുമ്പ് മഹാഭാരതം വായിക്കണമെന്ന ഉപദേശം. തട്ടകത്തിന്റെ ഓരോ വരി എഴുതുമ്പോഴും മനസ്സിലുണ്ടായിരുന്നു. വ്യാസനെ പോലെ എന്നൊന്നും പറയുന്നില്ല. അങ്ങനെ ഞാൻ പറയാനും പാടില്ല. എന്നാൽ, ഒരു കാര്യം പറയാം, മഹാഭാരതത്തിൽ എപ്പോഴെല്ലാം കഥയുടെ കണ്ണി പൊട്ടുന്നുവോ അപ്പോഴെല്ലാം വ്യാസൻ നേരിട്ടും അവ സംയോജിപ്പിക്കുന്നുണ്ട്. കേട്ടറിഞ്ഞതും കണ്ടറിഞ്ഞതും ചോദിച്ചറിഞ്ഞതുമായ കഥകളെ തട്ടകത്തിൽ ഞാൻ കൂട്ടിച്ചേർക്കുന്നു. അത്ര തന്നെ.’’


മലയാളത്തിലെ നോവൽ കലയെ കാലത്തിനപ്പുറത്തേക്ക് നയിച്ചവരിലൊരാൾ കോവിലനാണ്. മാതൃകകളില്ലാത്ത നോവൽഘടന സൃഷ്ടിക്കുക എന്ന വെല്ലുവിളി സ്വയം നേരിട്ട കോവിലൻ, മറ്റാർക്കും അനുകരിക്കാനാവാത്ത നോവൽ സ്വരൂപങ്ങളാണ് നിർമിച്ചത്. ഓരോ നോവലും തിരുത്തിയും പുതുക്കിയുമാണ് രൂപപ്പെടുത്തിയത്. അങ്ങനെ പണിതുയർത്തിയ നോവൽ ശിൽപങ്ങൾ കാലത്തിൽ കൊത്തിവെക്കപ്പെട്ടു. ‘എ മൈനസ് ബി’യും ‘ഹിമാലയ’വും ‘തോറ്റങ്ങളും’ ‘തട്ടക’വും വ്യത്യസ്ത അനുഭവശിൽപങ്ങളാണ്. ജീവിതവും ഭാവനയും തമ്മിലുള്ള, ചരിത്രവും യാഥാർഥ്യവും തമ്മിലുള്ള പാരസ്പര്യവും വിച്ഛേദവും സമർഥമായി സൃഷ്ടിക്കാൻ കോവിലന് കഴിഞ്ഞു. ആ രസതന്ത്രം കോവിലനു മാത്രം കഴിയുന്നതാണ്. ‘തട്ടകം’ അതിന്റെ സവിശേഷ സാക്ഷ്യമാണ്.

കോവിലന്റെ കഥകളും അനുഭവങ്ങളുടെ ജ്വാലാമുഖങ്ങളാണ്. ഏതെങ്കിലുമൊരു കഥയു​െട പ്രകാശനമല്ല, അനുഭവങ്ങളുടെ ആവിഷ്‍കാരമാണ് കോവിലൻ ലക്ഷ്യംവെക്കുന്നത്. അതുകൊണ്ട് ഓരോ കഥയും തീക്ഷ്ണവും തീവ്രവുമായ പാരായണ സാന്നിധ്യമാണ്. എഴുപതോളം കഥകൾ കോവിലൻ എഴുതിയിട്ടുണ്ട്. അതിന്റെ ജീവിതപരിസരങ്ങൾ വിഭിന്നമാണ്. കോവിലന്റെ ജീവിതം കടന്നുപോയതിന്റെ സ്മാരകശിലകളാണ് ഈ കഥകൾ. വിശപ്പ്, ബന്ധവിച്ഛേദങ്ങൾ, രാഷ്ട്രീയ സന്ദിഗ്ധതകൾ തുടങ്ങി മനുഷ്യൻ നേരിടുന്ന ഓരോ ജീവൽപ്രശ്നവും കോവിലൻ അഭിസംബോധന ചെയ്യുന്നുണ്ട്. വിശപ്പ് എന്ന യാഥാർഥ്യം എപ്പോഴും കോവിലന്റെ രചനാജീവിതത്തിന്റെ ജൈവസാന്നിധ്യമായിരുന്നു. എഴുത്തച്ഛൻ പുരസ്കാരം സ്വീകരിച്ചുകൊണ്ട് കോവിലൻ ഇങ്ങനെ പറഞ്ഞു, ‘‘എഴുതാൻ തുടങ്ങിയത് പത്തെഴുപത് വർഷങ്ങൾക്ക് മുമ്പായിരുന്നു. അന്ന് രണ്ടാം ലോകമഹായുദ്ധത്തിന്റെ സാഹചര്യങ്ങളായിരുന്നു. ഫാഷിസത്തിനും കൊളോണിയലിസത്തിനുമെതിരെയുള്ള പോരാട്ടങ്ങളുടെ കാലവും ആയിരുന്നു. യുദ്ധത്തിന്റെ രാഷ്ട്രീയമായ വ്യാഖ്യാനം എന്തായാലും അതിന്റെ ആത്യന്തികഫലം മഹാഭൂരിപക്ഷത്തിന്റെ വറുതിയും വിശപ്പുമായിരുന്നു. വറുതിയും വിശപ്പും എന്റെ ബോധത്തെയും സാഹിത്യസങ്കൽപങ്ങളെയും ആഴത്തിൽ നിർണയിച്ചിട്ടുണ്ട്. വിശപ്പിന്റെ കഥാകൃത്തെന്ന് സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്.’’

മനുഷ്യനാവുക എന്ന ആശയത്തെ കോവിലൻ എന്നും പിന്തുടർന്നു. അതുകൊണ്ടാണ് വിശപ്പിനെയാണ് ആദ്യം അതിജീവിക്കേണ്ടതെന്ന് കോവിലൻ പറഞ്ഞത്. മനുഷ്യനു വേണ്ടിയുള്ള സമരമായിരുന്നു കോവിലന്റെ ഭാഷ നിർവഹിച്ചത്. അതുകൊണ്ട് ഭാഷ പരുക്കനും പതമുള്ളതുമായി. സ്വപ്നം കാണാനുള്ള ഭാഷയല്ല, ജീവിതം നിർമിക്കാനുള്ള ഭാഷയാണ് കോവിലൻ സൃഷ്ടിച്ചത്. ആ ഭാഷയുടെ ഊർജാവേഗങ്ങൾ ഓരോ രചനയിലുമുണ്ട്. നാട്ടിൻപുറത്തുകാരന്റെ ജീവിതനൈതികതയിൽനിന്നും ക്ഷുഭിതസന്ദർഭങ്ങളുടെ പ്രേരണയിൽനിന്നുമാണ് ആ ഭാഷ രൂപംകൊണ്ടത്. അതുകൊണ്ടാണ് കോവിലന്റെ ഭാഷ കോവിലന്റേതു മാത്രമായിത്തീർന്നത്.

കോവിലനിലേക്കുള്ള പാതകൾ ദീർഘവും ക്ലേശകരവുമാണ്. അക്കാദമിക് ഉപകരണങ്ങളുടെ വെളിച്ചം മാത്രം പോരാ ആ ദൂരങ്ങൾ പിന്നിടാൻ. കാലത്തിന്റെ ജീവിതനിഘണ്ടു എപ്പോഴും അനിവാര്യമാണ്. കാരണം, കോവിലൻ കോവിലനെ തന്നെ ഓരോ രചനയിലും സൃഷ്ടിക്കുകയായിരുന്നു. അതുകൊണ്ടാണ്, ആത്മകഥ എഴുതാത്തത് എന്തുകൊണ്ട് എന്നു ചോദിച്ചപ്പോൾ, കഥയും നോവലും ഒക്കെ ജീവിതത്തിന്റെ അനുഭവങ്ങൾതന്നെയാണ്, പിന്നെ പ്രത്യേകമായി ഒരാത്മകഥയെന്തിന് എന്ന് തിരിച്ചു ചോദിച്ചത്. കോവിലനും കാലവും തമ്മിലുള്ള സംവാദം അവസാനിക്കുന്നില്ല, അത് തുടർന്നുകൊണ്ടേയിരിക്കും.

Tags:    
News Summary - remembering writer kovilan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-09-04 03:45 GMT