രോഗദിനങ്ങൾ
ഡോക്ടർ പറഞ്ഞു, സർജറി നടത്താം. ഒരു കണ്ണ് നഷ്ടപ്പെടും. അപ്പോഴും ഞാൻ സാരമില്ലെന്ന് പ്രതികരിച്ചു. വായനയും എഴുത്തും എന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് കൂട്ടിച്ചേർത്തു. അതേക്കുറിച്ചൊന്നും അദ്ദേഹം ചോദിച്ചില്ല. പറഞ്ഞുമില്ല. അത് അദ്ദേഹത്തിന്റെ വിഷയമല്ലല്ലോ! –രോഗദിനങ്ങളെക്കുറിച്ച് എഴുതുന്നു. ഒരാഴ്ചക്കിടയിൽ കൊഴിഞ്ഞുതീർന്ന ആനന്ദയുടെ മുടിയുടെ സ്ഥാനത്ത് എന്റെ മുടികൊഴിഞ്ഞു തീരാൻ മടികാണിച്ചു. കാരണം തിരക്കിയില്ല. മരുന്നിന്റെ അളവിലോ പ്രവൃത്തിയിലോ ഉള്ള വ്യത്യാസത്തിന്റെ ഫലമാകാമെന്ന് സ്വയം കരുതി. ഭക്ഷണം സ്വീകരിക്കാൻ ശരീരം വിമുഖത കാട്ടിയപ്പോൾ കഴിക്കാവുന്ന ഭക്ഷണത്തെക്കുറിച്ച് മനസ്സ്...
ഡോക്ടർ പറഞ്ഞു, സർജറി നടത്താം. ഒരു കണ്ണ് നഷ്ടപ്പെടും. അപ്പോഴും ഞാൻ സാരമില്ലെന്ന് പ്രതികരിച്ചു. വായനയും എഴുത്തും എന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് കൂട്ടിച്ചേർത്തു. അതേക്കുറിച്ചൊന്നും അദ്ദേഹം ചോദിച്ചില്ല. പറഞ്ഞുമില്ല. അത് അദ്ദേഹത്തിന്റെ വിഷയമല്ലല്ലോ! –രോഗദിനങ്ങളെക്കുറിച്ച് എഴുതുന്നു.
ഒരാഴ്ചക്കിടയിൽ കൊഴിഞ്ഞുതീർന്ന ആനന്ദയുടെ മുടിയുടെ സ്ഥാനത്ത് എന്റെ മുടികൊഴിഞ്ഞു തീരാൻ മടികാണിച്ചു. കാരണം തിരക്കിയില്ല. മരുന്നിന്റെ അളവിലോ പ്രവൃത്തിയിലോ ഉള്ള വ്യത്യാസത്തിന്റെ ഫലമാകാമെന്ന് സ്വയം കരുതി. ഭക്ഷണം സ്വീകരിക്കാൻ ശരീരം വിമുഖത കാട്ടിയപ്പോൾ കഴിക്കാവുന്ന ഭക്ഷണത്തെക്കുറിച്ച് മനസ്സ് തിരക്കി. എന്നിട്ടും പിടിച്ചുനിൽക്കാൻ പാടുപെട്ടു. ആദ്യത്തെ കുത്തിവെപ്പുകൾക്കുശേഷം വീട്ടിൽനിന്നുള്ള വരവ് ദുഷ്കരമായി. കടവന്ത്രയിലുള്ള വിനോദിന്റെയും കബനിയുടെയും വീട്ടിലായി താമസം.
വിനോദിന്റെ അമ്മ ഭക്ഷണം നൽകി. കടവന്ത്രയിലുണ്ടെന്നറിഞ്ഞപ്പോൾ മുൻകാല സഖാക്കളും കെ.ഡി.എം.എസ് പ്രവർത്തകരായ ചിലരും വീട്ടിൽ വന്നു. അവരിൽ ജോജോ എന്ന സമ്പന്നനായൊരു സുഹൃത്തിന്റെ നാക്കുപിഴയിൽ സഹായത്തിനായി ആരുടെയെങ്കിലും മുന്നിൽനിൽക്കുകയെന്നത് എന്റെ സ്വഭാവമല്ലെന്ന് പറയേണ്ടിവന്നു. തങ്ങളുടെ ആശ്രയത്താലാണ് ഞാൻ ജീവിച്ചിരിക്കുന്നതെന്ന് ആരെങ്കിലും അവകാശപ്പെടുന്നത് കേൾക്കുന്നതിനേക്കാൾ മരണമാണ് ഞാൻ ഇഷ്ടപ്പെട്ടത്. ആർക്കും തീറെഴുതിക്കൊടുക്കാത്ത ജീവിതമായിരുന്നു എന്നും എന്റെ ഇഷ്ടം.
ഒരിക്കൽ ഡോക്ടറെ കാണാൻ കാത്തിരിക്കുന്നതിനിടയിൽ കിടക്കണമെന്ന് ശരീരം നിർബന്ധിച്ചിട്ടും കഴിയാതെ വന്നപ്പോൾ കസേരയിൽ നിവർന്നുകിടന്ന ഞാൻ ഒരു നിമിഷത്തേക്ക് ഓർമകളില്ലാത്ത ലോകത്തേക്ക് വഴുതിപ്പോയി. രോഗവും ചികിത്സയും തമ്മിലുള്ള സംഘർഷത്തിൽ ശരീരത്തിന്റെ അവസ്ഥാന്തരമായിരുന്നു അത്. റൂമിൽ കൊണ്ടുവന്നു ട്രിപ്പിട്ടു. പിന്നീട് തോന്നി; മരണം ഒരുപക്ഷേ ഇങ്ങനെയായിരിക്കും കടന്നുവരികയെന്ന്. മരണത്തിലേക്ക് വഴുതിപ്പോകുന്ന കൂട്ടുകാരിയുടെ പിടയുന്ന ചിത്രം മനസ്സിലുണ്ടായിരുന്നു.
കീമോ തുടരുന്നതിനിടയിൽ വൈറ്റില ജങ്ഷനിൽ കൂത്താട്ടുകുളം സ്വദേശി റിട്ടയേർഡ് പി ആൻഡ് ടി ഉദ്യോഗസ്ഥൻ എബ്രഹാമിന്റെ വാടകവീടിന്റെ സെക്കൻഡ് ഫ്ലോറിലായി താമസം. വിദ്യാഭ്യാസ കാലത്തെ ഓർമിപ്പിക്കുന്ന നഗരജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. രോഗഗ്രസ്തമായൊരു കാലമാണ് ഒപ്പമുള്ളതെന്നു മാത്രം. വിടപറയാൻ തയാറെടുക്കുന്ന യൗവനവും. ആത്മബന്ധങ്ങൾക്ക് വന്നുപോകാൻ എളുപ്പമുള്ളൊരു സ്ഥലം. ഹോസ്പിറ്റലിലേക്ക് നടന്നുപോകാവുന്ന ദൂരം. അത്യാവശ്യം വന്നാൽ, ഡോക്ടറെ എളുപ്പം കാണാം. മറിച്ചായിരുന്നുവെങ്കിൽ ജന്മസ്ഥലത്തെ ഏകാന്തത എന്നെ ഇരുട്ടിലാക്കുമായിരുന്നു.
സണ്ണി കാവിലാണ് വീടിന് അഡ്വാൻസ് നൽകിയത്. ആദ്യത്തെ ചില മാസങ്ങളുടെ വാടകയും നൽകി. 7500 രൂപ. ആനന്ദയുടെ സ്വർണാഭരണങ്ങൾ പണയം െവച്ചിരുന്നത് തിരികെയെടുക്കുന്നതിനായി കരുതിെവച്ചിരുന്ന പണം അപ്പോഴേക്കും തീർന്നുതുടങ്ങിയിരുന്നു. സഹോദരൻ വിജയന്റെ ജാമ്യത്തിൽ ടെക്സ്റ്റൈൽ കച്ചവടത്തിനായി ആനന്ദ എടുത്ത ലോൺ കാൻസർ വരുന്നതിനുമുമ്പ് അടച്ചുതീർക്കാനായത് നേട്ടമായി. അല്ലെങ്കിൽ അത് അദ്ദേഹത്തിന്റെ പെൻഷനെ ബാധിക്കുമായിരുന്നു. ഭഗത്തിന്റെ സ്റ്റൈപൻഡിൽ ഒരു വിഹിതത്തിന്റെയും ബുദ്ധയും മാളുവും ആഴ്ചതോറും വീട്ടിലെത്തി ശേഖരിക്കുന്ന കൊക്കോയിൽനിന്ന് കിട്ടുന്ന ചെറിയ വരുമാനത്തിന്റെയും ഉറപ്പിലാണ് വൈറ്റിലയിലെ താമസം മുന്നോട്ടുപോയത്. കാൻസർ പിടിമുറുക്കിയ സീസണിൽ മുടങ്ങിയ റബർവെട്ട് പുനഃസ്ഥാപിക്കാനായില്ല. തെങ്ങിൽനിന്നുള്ള ആദായവും നിലച്ചുതുടങ്ങി. സർജറിക്കായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലേക്ക് പോയത് വൈറ്റിലയിലെ വാടകവീട്ടിൽനിന്നായിരുന്നു.
ഡോ. ജോജോ വി. ജോസഫായിരുന്ന ഓങ്കോളജി സർജൻ. മെഡിക്കൽ റിപ്പോർട്ടുകളെല്ലാം നോക്കിയശേഷം അദ്ദേഹം ചോദിച്ചു. അസുഖമെന്താണെന്നറിയാമോ? ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു; കാൻസറാണെന്നാണ് പറയുന്നത്. എന്റെ അവസാനത്തെ ചിരികളിലൊന്നാണ് അതെന്ന് അപ്പോഴറിഞ്ഞില്ല. ഡോക്ടർ പറഞ്ഞു: സർജറി നടത്താം. ഒരു കണ്ണ് നഷ്ടപ്പെടും! അപ്പോഴും ഞാൻ സാരമില്ലെന്ന് പ്രതികരിച്ചു. വായനയും എഴുത്തും എന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് കൂട്ടിച്ചേർത്തു. അതേക്കുറിച്ചൊന്നും അദ്ദേഹം ചോദിച്ചില്ല. പറഞ്ഞുമില്ല. അത് അദ്ദേഹത്തിന്റെ വിഷയമല്ലല്ലോ! ചൈനീസ് വിപ്ലവത്തിന്റെ നേതാക്കളിൽ ഒരാളായിരുന്ന ജനറൽ ചൂട്ടെയായിരുന്നു അപ്പോൾ എന്റെ മനസ്സിൽ. അദ്ദേഹത്തിന് ഒറ്റ കണ്ണേ ഉണ്ടായിരുന്നുള്ളൂ. ഒടുവിൽ ഡോക്ടർ പറഞ്ഞു: ‘‘ചികിത്സ ഒരു പ്രക്രിയയാണ്.’’ അതിന് തയാറെടുത്തുകൊള്ളുക എന്നർഥം. അവസാന നാളുകളിൽ സർജറി കഴിഞ്ഞ് പുറത്തിറങ്ങിയ ഡോ. ജോജോ വിവരങ്ങൾ അറിയാൻ കാത്തുനിന്നവർക്കിടയിൽനിന്ന് മകളെ വിളിച്ച് ആദ്യം പറഞ്ഞത് ‘കണ്ണ് നഷ്ടപ്പെട്ടിട്ടില്ലെ’ന്നായിരുന്നു.
കണ്ണിനെ താങ്ങിനിർത്തുന്ന എല്ലിനായിരുന്നു രോഗം എന്നതുകൊണ്ട് രോഗബാധിച്ച ഭാഗം നീക്കം ചെയ്യുമ്പോൾ കണ്ണ് നഷ്ടപ്പെടാനിടയുണ്ടെന്നാണ് അദ്ദേഹം കരുതിയത്. അത് അദ്ദേഹം തുറന്നുപറയുകയായിരുന്നു. രോഗത്തിന്റെ ഉറവിടത്തോടൊപ്പം മൂക്കിന്റെ പകുതിയോടു ചേർന്ന കാൻസറായ ഇടതുമേൽത്താടി മുറിച്ചുമാറ്റി. അവിടെ തുടയിൽനിന്നെടുത്ത ശരീരഭാഗം തുന്നിച്ചേർത്തു. ഡോക്ടറോട് ആദരവും ബഹുമാനവും തോന്നി. എന്റെ ജീവൻ സംരക്ഷിക്കാൻ ശ്രമിച്ചതുപോലെ കണ്ണും സംരക്ഷിക്കാൻ ശ്രമിച്ചു. പിന്നീടദ്ദേഹം സർജറി വിജയമായിരുന്നുവെന്ന് പറഞ്ഞു. പല്ലുവെച്ചാൽ സംസാരിക്കാനാകുമെന്നും. വലിയ പ്രതീക്ഷയും. പൊട്ടിച്ചിരിച്ചും വാചാലമായി സംസാരിച്ചും പിന്നിട്ട ജീവിതത്തിന്റെ നഷ്ടബോധവും. കണ്ണാടിയിൽ കണ്ട വികൃതരൂപം ഹൃദയത്തിന്റെ പിടച്ചിലായി മാറി.
കീമോതെറപ്പി നൽകിയ ക്ഷീണം കുറഞ്ഞു തുടങ്ങിയപ്പോഴായിരുന്നു സർജറിയെങ്കിലും രണ്ടും ചേർന്നപ്പോൾ ശരീരത്തിന് താങ്ങാൻ കഴിയാതെയായി. എന്നിരിക്കലും രോഗത്തിന്റെ വ്യാപനം കഴുത്തിൽ ദൃശ്യമാകുകയും ഇടത് ഭാഗത്തേക്ക് തലചായ്ക്കാനാവാതെ വരികയും ചെയ്തപ്പോൾ റേഡിയേഷൻ അടിയന്തരമായി. ഡോ. ജോജോ എഡിസനായിരുന്നു റേഡിയോളജിസ്റ്റ്. റേഡിയേഷനുവേണ്ടിവന്ന ഭാരിച്ച തുക നൽകിയത് സഖാവ് ചിത്തരഞ്ജനാണ്. റേഡിയേഷനുവേണ്ടിയുള്ള യാത്ര തുടങ്ങിയത് െട്രയിനിലായിരുന്നു. രണ്ടാഴ്ചക്കകം ഉമിനീരുകൊണ്ട് കഴിയാത്ത അവസ്ഥയിലേക്ക് ശരീരം മാറി. ഖര രൂപത്തിൽ നിന്ന് ദ്രവരൂപത്തിലേക്ക്. 32 റേഡിയേഷനായിരുന്നു നിശ്ചയിച്ചിരുന്നത്.
പകുതി കഴിഞ്ഞപ്പോൾ താങ്ങാനാവാത്ത സ്ഥിതിയായി. സർജറിക്കെത്തുമ്പോൾ കുഞ്ഞേട്ടനെയും കുഞ്ഞുേമാനെയും. പോലുള്ള കോട്ടയത്തെ സഹപ്രവർത്തകരോടും ആത്മബന്ധങ്ങളോടുമൊപ്പം, ഫാ. സെബാസ്റ്റ്യൻ കിഴക്കേക്കൂറ്റിന്റെ മുതിർന്ന സഹപ്രവർത്തകരും കാരിത്താസ് ഹോസ്പിറ്റലിലെ അന്തേവാസിയുമായിരുന്ന ജേക്കബ് അച്ചനും കാത്തുനിൽക്കുന്നുണ്ടായിരുന്നു. ശരീരം അത്രമാത്രം ദുർബലമായിക്കഴിഞ്ഞിരുന്നു. പരസഹായമില്ലാതെ ചലിക്കാനാവാത്ത സ്ഥിതി. എന്നിട്ടും മനസ്സ് എന്തുകൊണ്ട് പതറിയില്ല എന്നത് ഒരു ചോദ്യചിഹ്നമായിരുന്നു. മറിച്ചായിരുന്നുവെങ്കിൽ വൈദ്യശാസ്ത്രത്തിന്റെ വിജയസാധ്യതക്ക് മങ്ങലേൽക്കുമായിരുന്നു.
എല്ലാ ക്ലേശങ്ങളും നിലനിൽക്കെ തന്നെ റേഡിയേഷൻ പൂർത്തീകരിക്കാനായി. അപ്പോഴേക്കും വായിൽനിന്ന് കഴുത്തിലേക്ക് വ്യാപിച്ച് ആശങ്ക തോന്നിച്ച രോഗം പ്രതിരോധിക്കപ്പെട്ടിരുന്നു. കത്തിക്കരിഞ്ഞ മുഖവും കഴുത്തും കൊടും വേനലിൽ വിണ്ടുകീറിയ മണ്ണുപോലെ ഉമനീർ വറ്റിവരണ്ട വായും തൊണ്ടയും തൊണ്ടയിൽനിന്ന് അനർഗളമായി പുറത്തുപോകാൻ വെമ്പുന്ന കൊഴുത്ത് കട്ടപിടിച്ച ദ്രവവും വെള്ളം പൊടിക്കുന്ന കണ്ണുകളും ട്യൂബ് അനങ്ങിയാൽ ചോരയൊലിക്കുന്ന വയറും സർജറിയുടെ വിട്ടുമാറാത്ത മരവിപ്പും കൈകാലുകളുടെ തരിപ്പുമായി അസ്വസ്ഥതകളുടെ മറ്റൊരു ലോകമായി ജീവിതം മാറി.
റേഡിയേഷൻ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ക്ഷയിച്ച ശരീരവുമായി കിടപ്പിലായി. കിടക്കാനുള്ളതല്ല പകൽകാലമെന്ന ജീവിതസങ്കൽപം ആദ്യമായി തകർന്നു. ഭക്ഷണം ട്യൂബിലൂടെയേ കഴിക്കാനാവൂ. കിടന്നുമാത്രം ഭക്ഷണം കഴിക്കുന്ന സ്ഥിതി. പരസഹായമില്ലാതെ ജീവിക്കാനാവാത്ത ദിവസങ്ങൾ, മാസങ്ങൾ. മകളുടെ വിടുതലിനായി മനസ്സുകൊതിച്ചു. അസാധ്യമാണ്. രണ്ടു മാസത്തോളം ഒന്നിനും കഴിഞ്ഞില്ല. പിന്നെ സാവകാശം ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. എഴുന്നേറ്റിരിക്കാനും നടക്കാനുമുള്ള ശ്രമം. തിരക്കിയെത്തുന്നവരോട് സംസാരിച്ച് വായ വരുതിയിലാക്കാൻ നോക്കി.
കാൻസറിന്റെ ഹിംസാത്മകതയെക്കുറിച്ചും വാചാലനായി. തിരിയാത്ത വാക്കുകൾ ഉപേക്ഷിച്ചു. ഫിഫ്ത് എസ്റ്റേറ്റിന്റെ എറണാകുളത്ത് നടന്ന സമ്മേളനത്തിലേക്ക് കെ. വേണു വിളിച്ചപ്പോൾ ആശയത്തോട് യോജിപ്പ് തോന്നിയെങ്കിലും വൈഷമ്യം പ്രകടിപ്പിച്ചു. വീണ്ടും വിളിച്ചപ്പോൾ പോകാമെന്ന് കരുതി. മക്കളുടെ സമ്മതം നേടി. കോട്ടയത്തുനിന്ന് കുഞ്ഞുപഴന്താറ്റിലിനെ കൂട്ടിനായി വിളിച്ചുവരുത്തി. ട്യൂബ് ഘടിപ്പിച്ച വയറും ശരീരത്തിന്റെ ബലക്ഷയവും എപ്പോഴും തൊട്ടുനയ്ക്കേണ്ട വായയുമായി സദസ്സിന്റെ പിന്നിൽ ഇരിപ്പുറപ്പിക്കാൻ നോക്കി. അപ്പോഴേക്കും അധ്യക്ഷവേദിയിൽനിന്ന് ഇറങ്ങിവന്ന വേണു എന്നെയും അവിടേക്കു വിളിച്ചുകൊണ്ടുപോയപ്പോൾ മനസ്സ് ചിരിച്ചു. വായ തുറക്കാനാവാതെ സദസ്സിന് മുന്നിലെ ഒരു ദിവസം.
രോഗത്തെ പ്രതിരോധിക്കാനായി എന്ന് വിലയിരുത്തുമ്പോഴും രോഗവും ചികിത്സയും ജീവിതത്തെ സഹതാനുഭവമായി മാറ്റിയിരുന്നു. ഒന്നര വർഷത്തോളം വേണ്ടിവന്നു ട്യൂബ് എടുത്തുമാറ്റാൻ. ലളിതമായൊരു കാര്യമായിരുന്നിട്ടും ട്യൂബ് എടുത്തു മാറ്റുമ്പോഴുണ്ടായ വേദന സഹിക്കാനായില്ല. അമ്മബന്ധത്തെ ഓർമിപ്പിക്കുമാറ് മുറിച്ചുമാറ്റപ്പെട്ട പൊക്കിൾക്കൊടിയുടെ പാടുപോലെ ട്യൂബിട്ട പാട് ശരീരത്തിന്റെ ഭാഗമായി. നീണ്ടുനിൽക്കുന്ന കൊളുത്തിപ്പിടുത്തവും മരവിപ്പുമായി. വായിലൂടെ ഭക്ഷണം കഴിക്കുന്ന ജൈവാവസ്ഥയിലെ ട്യൂബ് എടുത്തുമാറ്റാൻ കഴിയൂവെന്ന് ഡോക്ടർ പറഞ്ഞിരുന്നതാണ്.
ഒരു തുള്ളി വെള്ളമിറങ്ങുന്ന തൊണ്ടക്കായി കാത്തിരുന്നു. മുലപ്പാൽ തൊണ്ടയിലുടക്കി മരിക്കേണ്ടവരുന്ന ശൈശവാവസ്ഥയെ ഓർത്തു. അര ഗ്ലാസ് വെള്ളം കുടിക്കാനായത് മഹാസംഭവംപോലെ മകളോട് വിളിച്ചുപറഞ്ഞു. മണിക്കൂറുകൾ എടുത്ത് അരവയർ നിറക്കാൻ നോക്കി. ജീവിക്കാനായി ഭക്ഷണം കഴിക്കുന്നതുപോലെ ഭക്ഷണം കഴിക്കാനായി ജീവിച്ചു. എരിവും പുളിയും മാത്രമല്ല, എന്റെ ജന്മഗൃഹം നൽകിയ ഞാൻ ഏറെ ഇഷ്ടപ്പെട്ട കാട്ടുതേൻ പോലും ശരീരം വിലക്കി. എന്തു കഴിക്കുമെന്നതും എങ്ങനെ കഴിക്കാമെന്നതും പ്രതിസന്ധിയായിരുന്നു. കഴിച്ചു ശീലിച്ച ഭക്ഷണക്കൂട്ടുകളോടും രുചിഭേദങ്ങളോടും വിടപറഞ്ഞു. ഒറ്റത്തവണയായി ഏതെങ്കിലും വിഭവങ്ങൾ വയറുനിറച്ച് കഴിച്ചുശീലിച്ച കാലം തിരികെ വരില്ലെന്ന് ഉറപ്പായി.
ചോറും കറികളും ഋതുഭേദങ്ങൾക്കൊത്ത് മാറിമറിഞ്ഞെത്തുന്ന ചക്കയും കപ്പയും കാച്ചിലും ചേനയും ചേമ്പുമെല്ലാം എത്രപെട്ടെന്നാണ് എനിക്ക് വെറും കാഴ്ചവസ്തുക്കളായി മാറിയത്. മറ്റാരും കഴിക്കാനിടയില്ലാത്ത ചില ചേരുവകളുടെ മിശ്രിതം ഞാൻ എനിക്കായി കണ്ടെത്തി. ഞാൻ തന്നെ പാകം ചെയ്തു. മത്സ്യവും മാംസവുമൊഴികെ മറ്റെന്തും അതിന്റെ ഭാഗമായി. നാലഞ്ചു സ്പൂൺ ഗോതമ്പുപൊടിയും ഒരു കോഴിമുട്ടയും അൽപം തേങ്ങാപ്പൊടിയും ചേർത്തൊരു ദോശ. മേമ്പൊടിക്കായി ഏതെങ്കിലും പഴവർഗം, പ്രത്യേകിച്ചും ഒരേത്തപ്പഴം. രണ്ടുപിടിയരിയും ഒരുപിടി ചെറുപയറും കിട്ടുന്ന കിഴങ്ങുവർഗങ്ങളും പച്ചക്കറികളും ചേർന്നൊരു കഞ്ഞി. പാലിനോടൊപ്പം ശർക്കരയോ പഞ്ചസാരയോ ചേർത്തരച്ച് തൊണ്ടയിലുടക്കുന്ന ഒരു തരിപോലും അതിലില്ലെന്ന് ഉറപ്പുവരുത്തി. കാട്ടു തീ ഊതിപ്പിടിപ്പിച്ച ചുണ്ടുകൾ നിശ്ചലമായപ്പോൾ ഗ്യാസ് സിലിണ്ടറും കുക്കറും മിക്സിയും ജീവിതത്തിന്റെ ഭാഗമായി.
പ്രത്യാശ വർധിച്ചുവെങ്കിലും വേവലാതികളും ആശങ്കകളും വിട്ടുമാറിയില്ല. അനിശ്ചിതത്വമാണ്. രോഗത്തിന്റെ രണ്ടാം വരവുപോലുമുണ്ട്. മൂന്നുമാസത്തിലൊരിക്കൽ ചെക്കപ്പിനായി ഡോക്ടറെ കാണണം. കാൻസറല്ലാതെ മറ്റൊരു രോഗവും ശരീരത്തെ ബാധിച്ചിരുന്നില്ലെന്നത് നേട്ടമായി. കാൻസറിനെതിരായ പോരാട്ടത്തിന്റെ മുന്നിൽ പിന്മാറിയ ഹൈപ്രഷർ മാത്രമായിരുന്നു അപവാദം. വായന സാധ്യമായപ്പോൾ ഏറെ ആശ്വാസമായി. രാജ്യത്തിനകത്തും പുറത്തും നടക്കുന്ന സാമൂഹിക-രാഷ്ട്രീയ ചലനങ്ങൾക്ക് പിന്നാലെ പോയി. പുതിയ അറിവുകൾ തേടി. പകൽ കിടപ്പ് അവസാനിച്ചു. എന്തു കഴിക്കുമെന്നതുപോലെ എന്തു ചെയ്യുമെന്നതും പ്രതിസന്ധിയായിരുന്നു. കാർഷിക ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്ക്, രാഷ്ട്രീയ-സംഘടനാ ജീവിതം, സാമൂഹിക ഇടപെടലുകൾ, മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കോളം, പ്രസംഗവേദികൾ, സംവാദങ്ങൾ. ചാനൽ ചർച്ചകൾ –കാൻസർ അപഹരിച്ചതൊന്നും തിരികെ നേടാനാവില്ലായിരുന്നു. കാൻസറിന് അപഹരിക്കാൻ കഴിയാതെപോയ ഒരൊറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ. എന്റെ ആവേശം (excitement, enthusiasm).
ഈ ആവേശത്തെ ഉത്തേജിപ്പിക്കുന്നതായിരുന്നു 2011ൽ ദലിത് പരമ്പരയിൽ ഡി.സി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച എട്ടു കൃതികളിൽ എന്റെ ലേഖനങ്ങളുടെ സമാഹാരവും പരിഗണിക്കപ്പെട്ടുവെന്ന വിവരം. കെ.കെ. കൊച്ചാണ് ഈ വിവരം അറിയിച്ചത്. ‘നെഗ്രിറ്റ്യൂഡ്’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ഈ കൃതിക്ക് ഒരാമുഖം എഴുതുവാൻ ആഗ്രഹിച്ചുവെങ്കിലും വിരലുകൾ വഴങ്ങിയില്ല. മനസ്സും ചഞ്ചലമായിരുന്നു. പാടില്ലാത്തൊരു കാര്യം ഈ കൃതിയിൽ ഉൾപ്പെടുത്തുന്നതിന് ഡി.സിക്ക് കൈമാറാനായി കൊച്ചിനെ എൽപിച്ച ലേഖനങ്ങളുടെ കൂട്ടത്തിൽനിന്ന് അദ്ദേഹത്തെ വിമർശിക്കുന്ന രണ്ടു ലേഖനങ്ങളിൽ ഒന്ന് നഷ്ടമായി എന്നതാണ്. കൊച്ചിനോട് ഈ കാര്യം പറഞ്ഞുവെങ്കിലും അലസമായിട്ടായിരുന്നു മറുപടി.
ഈ ലേഖനം വായിച്ചിട്ടുള്ളവരിൽ ഒരാളായ സി.എസ്. മുരളിയോട് മാത്രം കാര്യം പറഞ്ഞു. രോഗത്തിന്റെ തിരിച്ചുവരവിൽ മരണമെത്തിയാലോ എന്ന ഭീതിയിൽ കടന്നുപോന്ന വഴികളിലൂടെ ജീവിതത്തിലേക്കൊരു മടക്കയാത്ര ആലോചിച്ചു. ആത്മകഥ! കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതും പറഞ്ഞതും പ്രവർത്തിച്ചതുമായൊരു ലോകം മുന്നിലുണ്ട്. അവയിലെ ശരിതെറ്റുകൾ, സത്യാസത്യങ്ങൾ കണ്ടെത്തണം; വേർതിരിച്ചെടുക്കണം. കടന്നുവന്നതിനേക്കാൾ കഠിനമായിരുന്നു മടക്കയാത്ര. എല്ലാ വഴികളും അടഞ്ഞപ്പോൾ എഴുത്തിലേക്കൊരു ചുവടുമാറ്റം. രോഗഗ്രസ്തമായ കാലത്തും ജീവിച്ചിരിക്കുകയായിരുന്നുവെന്നതിന്റെ സാക്ഷ്യപത്രം. അവിടെ അനിശ്ചിതത്വമില്ല, പൊരുതുന്ന ജീവിതമേയുള്ളൂ.
എനിക്കുവേണ്ടി പ്രാർഥിക്കാമെന്നു പറഞ്ഞവരെ ചികിത്സിക്കുന്നുണ്ടല്ലോയെന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തി. ആധുനികവൈദ്യശാസ്ത്രത്തോടൊപ്പം രോഗമുക്തിക്കായി പ്രാർഥനയും നിലനിൽക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. ചികിത്സാലയവും പ്രാർഥനാലയവും ഒരേ നിർമിതിക്കുള്ളിൽ പ്രവർത്തിക്കുന്ന സമൂഹം. രോഗം ഭേദമായാൽ ദൈവശാസ്ത്രത്തിന്റെ അക്കൗണ്ടിലും ഇല്ലെങ്കിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ അക്കൗണ്ടിലും രേഖപ്പെടുത്തുന്നു. ചികിത്സാരംഗത്തുനിന്ന് തുടച്ചുനീക്കപ്പെട്ടുവെന്ന് പറയാവുന്നത് മന്ത്രവാദം മാത്രമാണ്.
കാൻസർപോലൊരു മാരകരോഗത്തിന്റെ കാര്യത്തിൽപ്പോലും ആധുനിക ചികിത്സയോടൊപ്പം ആയുർവേദത്തിന്റെയും നാട്ടുവൈദ്യത്തിന്റെയും ആദിവാസി വൈദ്യത്തിന്റെയും ഒറ്റമൂലിയുടെയുമെല്ലാം പുറകെ പോകുന്നവരാണ് സമൂഹത്തിലെ വലിയൊരു വിഭാഗം. ആധുനികവൈദ്യശാസ്ത്രത്തിന്റെ സൈദ്ധാന്തികാടിത്തറയോടുള്ള വിയോജിപ്പാണ് പലരെയും ഇത്തരമൊരു നിലപാടിലെത്തിച്ചത്. ശാസ്ത്രീയമായ തെളിവുകളല്ല, നിലനിൽക്കുന്ന ചില ധാരണകളെയും മുൻവിധികളെയും കേട്ടറിവുകളെയുമാണ് ഇവർ ആശ്രയിക്കുന്നത്. എന്റെ സൗഹൃദത്തിനുള്ളിലും ഇത്തരം ചിലരുണ്ടായിരുന്നു.
ആനന്ദയുടെ ചികിത്സാവേളയിൽ കേട്ടൊരു പേരായിരുന്നു ഒറ്റപ്പാലത്തുനിന്നുള്ള നിർമലാനന്ദ ഗിരിരാജ. ‘തന്റെ പിതാവിന്റെ ചികിത്സ ഇപ്പോൾ ഒറ്റപ്പാലത്താണെന്നും ചേച്ചിയെയും അവിടെ കൊണ്ടുപോകുന്നത് നല്ലതായിരിക്കുമെന്നും’ പറഞ്ഞത് മൂലമറ്റത്തെ പ്രമുഖ പലചരക്ക് വ്യാപാരിയായ സുലൈമാന്റെ മകനാണ്. ആനന്ദക്കുമുമ്പേ സുലൈമാൻ വേർപിരിയുന്നതാണ് കണ്ടത്. അലോപ്പതി ചികിത്സക്കെതിരായ തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന ചില രേഖകളുമായിട്ടാണ് കോഴിക്കോട് യൂനിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്ന ഡോ. ബാബുരാജ് വൈറ്റിലയിലെ വീട്ടിലെത്തിയത്. ഇതേ യൂനിവേഴ്സിറ്റിയിലെ കാൻസർ ബാധിതയായൊരു വിദ്യാർഥിനി ചികിത്സ കിട്ടാതെ മരിക്കാനിടയായ സാഹചര്യം ബാബുരാജുമായി ബന്ധപ്പെട്ട് ആനന്ദയുടെ ചികിത്സയുമായി മെഡിക്കൽ കോളജിൽ കഴിയുമ്പോൾ കേട്ടിരുന്നതാണ്.
നിലപാട് വ്യക്തമാക്കിയില്ല, ചർച്ചക്ക് തുനിഞ്ഞില്ല. പിറ്റേന്ന് രാവിലെ കൊച്ചിയിലെ പ്രമുഖ േട്രഡ് യൂനിയൻ നേതാക്കളിലൊരാളും കാൻസർ പേഷ്യന്റുമായ വി.ബി. ചെറിയാനെ കാണാൻ ബാബുരാജ് പോയി. ജീവിച്ചിരിക്കുന്നുവെന്ന യാഥാർഥ്യത്തോടൊപ്പം രോഗവും ചികിത്സയും ബാക്കിയാക്കി പോയ നിരവധി ബുദ്ധിമുട്ടുകൾക്കും രോഗത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ഉത്കണ്ഠക്കുമിടയിലും നേരിട്ടും അല്ലാതെയും ചികിത്സയിലെ ബദലിനെക്കുറിച്ചും പലരും സംസാരിച്ചിരുന്നുവെങ്കിലും അശാസ്ത്രീയമായ ചികിത്സാരീതികളിലേക്ക് വ്യതിചലിക്കാതിരിക്കാനായതിൽ അഭിമാനം തോന്നി.
സംഭവ്യതക്കും അസംഭവ്യതക്കും ഇടയിലായിരുന്നു ഭാവി. എന്റെ മൗനം ആഗ്രഹിക്കുന്നവരുണ്ടാകാമെങ്കിലും അതിന് ചെവികൊടുത്തില്ല. നഷ്ടമായതിൽ ചിലതെല്ലാം എന്നെ തേടിയെത്തുമെന്ന് കരുതി. സൗഹാർദമായി, മനസ്സിലാക്കലായി ബന്ധങ്ങളുടെ നാനാർഥങ്ങളായി. പാലായിൽനിന്ന് ഫാ. സെബാസ്റ്റ്യൻ കിഴക്കേകൂറ്റ് ഒരു ദിവസം വൈറ്റിലയിലെത്തിയത് രസകരമായ ഒരനുഭവുമായിട്ടാണ്.
ചികിത്സ കഴിഞ്ഞു ഏതാനും മാസങ്ങളെ ആയിരുന്നുള്ളൂ. ഇൻഫെക്ഷൻ സാധ്യതയോർത്താണ് നേരത്തേ വരാതിരുന്നതെന്നു പറഞ്ഞ അച്ചൻ സഹോദരങ്ങളിൽ ആരോ നൽകിയ 4000 രൂപയും സഹപ്രവർത്തകനായ പുരോഹിതർ നൽകിയ 1000 രൂപയും വെവ്വേറെ എന്നെ ഏൽപിച്ചശേഷം 2000 രൂപയുടെ കഥ പറഞ്ഞു. വാഗമൺ ചിത്രനികേതൻ ഹോസ്പിറ്റലിൽനിന്ന് മടങ്ങാനായി ബസ് കാത്തുനിൽക്കുമ്പോൾ ഒരു കാർ വന്നു മുന്നിൽനിന്നു. പാലാവരെയുണ്ട്. കേറുന്നുണ്ടോയെന്ന് ചോദിച്ചു. രണ്ട് കന്യാസ്ത്രീകളും ബസ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. തന്നോടൊപ്പം അവരും കാറിൽ കയറി.
അവർ ഈരാട്ടുപേട്ടയിൽ ഇറങ്ങി. ൈഡ്രവറുമായി പല കാര്യങ്ങളും സംസാരിക്കുന്നതിനിടയിൽ എന്നെക്കുറിച്ചും സംസാരിക്കാനിടയായി. പാലായിൽ എത്തി നന്ദി പറഞ്ഞ് പിരിയുമ്പോൾ ഒരജ്ഞാത സൗഹൃദത്തിന്റെ ഓർമ പുതുക്കൽപോലെ എനിക്ക് നൽകാനായി ൈഡ്രവർ 2000 രൂപ അച്ചനെ ഏൽപിച്ചു. അച്ചൻ പറഞ്ഞയാൾ യാഥാർഥ്യമാണോയെന്നും താൻ ഏൽപിക്കുന്ന പണം ഉദ്ദേശിക്കുന്നിടത്ത് എത്തിച്ചേരുമോ എന്നും അയാൾ സംശയിച്ചില്ല. എന്നെക്കുറിച്ചുള്ള അച്ചന്റെ വാക്കുകൾ അത്രമേൽ അയാളിൽ പതിഞ്ഞിരിക്കും. മനസ്സിനെ നൊമ്പരപ്പെടുത്തിയിരിക്കും. നന്മയുടെ വേരുകളെ പുൽകിയുണർത്തിയിരിക്കും. അതിരുകളില്ലാത്ത ഈ മനുഷ്യനന്മയെ ഞങ്ങൾ ആസ്വദിച്ചു.
തിരുവനന്തപുരത്തുനിന്ന് അശോക് കുമാർ വിളിച്ചത് യാദൃച്ഛികമായിട്ടാണ്. ‘നെഗ്രിറ്റ്യൂഡ്’ വായിക്കാറുണ്ടായിരുന്നുവെന്നും പറഞ്ഞാണ് വിളിച്ചത്. പാർട്ടി അനുഭാവി ആയിരുന്നുവെന്നും വെളിയിലാണ് ജോലിയെന്നും പറഞ്ഞു. വിശേഷങ്ങൾ കൈമാറിയ കൂട്ടത്തിൽ മകൻ പൂജപ്പുര ഗവ. ആയുർവേദ കോളജിൽ ഉണ്ടെന്നു പറഞ്ഞപ്പോൾ ഫോൺ നമ്പർ വാങ്ങിയ അശോക് കുമാർ ഭഗത്തിനെ നേരിൽ കാണുകയും 10,000 രൂപ ഏൽപിക്കുകയും ചെയ്തു. ഓർമയിൽ ഉണ്ടായിരുന്ന ഒരു പേരല്ലായിരുന്നു അശോക് കുമാർ. നേരിൽ കാണാൻ കഴിയാതെപോയ സൗഹൃദത്തിലൊന്ന്.
ഉള്ളൂരിൽനിന്ന് വൈറ്റിലയിലെത്തിയ ജലാലുദ്ദീൻ, മനുസ്മൃതി ജാഥ നടക്കുമ്പോൾ മാനന്തവാടിയിൽ െവച്ചാണ് എന്നെ ആദ്യമായി കണ്ടത്എ ന്ന് പറഞ്ഞു. ജലാലുദ്ദീൻ അവിടെ ഞാൻ നടത്തിയ പ്രസംഗത്തിലെ ആവേശകരമായി ഓർമകൾ പങ്കിട്ടു. തിരുവനന്തപുരത്ത് ജാഥ സമാപിക്കുമ്പോഴും താൻ ഉണ്ടായിരുന്നതായി പറഞ്ഞു. ഒന്നും പാഴായി പോയില്ലെന്നുതോന്നി. തിരുവനന്തപുരത്തെ പാർട്ടിപ്രവർത്തകരും അധഃസ്ഥിത നവോത്ഥാന മുന്നണി പ്രവർത്തകരുമായി ജലാലുദ്ദീന് ബന്ധമുണ്ടായിരുന്നു. 8000 രൂപ ഏൽപിച്ചാണ് യാത്ര പറഞ്ഞത്.
രോഗബാധിതനായ ഞാൻ വൈറ്റിലയിൽ ഉണ്ടെന്നറിഞ്ഞപ്പോൾ പറവൂരിൽനിന്ന് എം.എസ്. ജയകുമാർ കാണാൻ വന്നിരുന്നു. ചെക്കപ്പിനായി വെൽകെയറിലെത്തിയ മണിചേച്ചിയോടൊപ്പം വന്ന കെ. വേണുവും ഒരിക്കൽ കണ്ടിട്ടാണ് മടങ്ങിയത്. കീമോയെടുത്ത സമയത്ത് കണ്ണമ്പിള്ളി മുരളിയും കാണാനായി ഹോസ്പിറ്റലിലെത്തിയിരുന്നു. പൊയ്പോയ രാഷ്ട്രീയ ഭൂതകാലത്തിന്റെ മടങ്ങിവരവ്. കോളജ് വിദ്യാർഥികളായിരിക്കെ ഒരേ സമയത്ത് നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരായിരുന്നു എം.എസ്. ജയകുമാറും ഞാനും.
സി.ആർ.സി.പി.ഐ പിളർന്നപ്പോൾ ഞങ്ങൾ രണ്ട് ഗ്രൂപ്പുകളിലായി. ഗ്രൂപ്പുകൾക്കപ്പുറം ബന്ധങ്ങൾ നിലനിൽക്കാൻ കഴിയുന്നവർ നക്സലൈറ്റ് പ്രസ്ഥാനത്തിൽ കുറവായിരുന്നു. കാരണം ബന്ധങ്ങൾ നിശ്ചയിച്ചിരുന്നത് രാഷ്ട്രീയമാണ്. തങ്ങൾ മാത്രമാണ് ശരിയെന്ന് കരുതുന്നവരായിരുന്നു ഓരോ ഗ്രൂപ്പും. ഗ്രൂപ്പുകളായി മാറുന്നവർ പരസ്പരം ഒറ്റുകാരും ചതിയന്മാരും വഞ്ചകരുമായി മുദ്രകുത്തി. ഈ ദൂഷിതവലയത്തിന് വെളിയിലേക്കൊരു വാതിൽ ഉണ്ടായിരുന്നതുകൊണ്ടാണ് ജയകുമാറിന് എന്നെ കാണാൻ വരാൻ കഴിയാത്തത്. പഴയകാല സൗഹൃദങ്ങളെ ഒരിക്കലും മറക്കാത്ത മനോഭാവം.
സൗഹൃദത്തിന്റെ മൂല്യം പലതും പറഞ്ഞ കൂട്ടത്തിൽ സവർണ ഫാഷിസത്തിനെതിരെ സി.ആർ.സി.സി.പി.ഐ. (എം.എൽ) തൃശൂരിൽ നടത്തിയ സമ്മേളനത്തെ എതിർത്തുകൊണ്ട് ‘അനന്ദൻ’ എന്ന പേരിൽ കോേമ്രഡിൽ വന്നൊരു ലേഖനത്തെ വിമർശിച്ചുകൊണ്ട് ‘വിഷ്ണുവിന് കുടപിടിക്കുന്ന അനന്തമാർ’ എന്ന പേരിൽ 1991ൽ അധഃസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിനിൽ ഞാനെഴുതിയ ലേഖനം പരാമർശവിഷയമായി. ജാതിപ്രശ്നത്തെ ഗൗരവമായി കാണാൻ വിസമ്മതിക്കുന്ന കമ്യൂണിസ്റ്റ് സമീപനത്തോടുള്ള ശക്തമായ വിയോജിപ്പായിരുന്നു ഈ ലേഖനം. തങ്ങൾക്കിടയിൽ ഈ ലേഖനം ചർച്ച ചെയ്യപ്പെട്ടുവെന്നും ക്രിയാത്മകമായിട്ടാണ് അതിനെ നോക്കിക്കണ്ടതെന്നും പറഞ്ഞ ജയകുമാർ ‘കോേമ്രഡ്’ ലേഖനത്തിന്റെ യഥാർഥ രചയിതാവ് എം.എം. സോമശേഖരനാണെന്ന എന്റെ ധാരണയെ പി.ജെ. ബേബിയായിരുന്നു എന്ന് തിരുത്തി.
സലിമിന് ചെറിയൊരു ധനസഹായം ചെയ്യാൻ കാൻസർ രോഗികളെ സപ്പോർട്ടുചെയ്യുന്ന ഒറ്റ കൂട്ടായ്മ ആഗ്രഹം പ്രകടിപ്പിച്ചതായി അറിയിച്ചുകൊണ്ട് പിന്നീടൊരിക്കൽ ജയകുമാർ വിളിച്ചു. കാൻസറിനെതിരെ പോരാട്ടത്തിൽ സർക്കാർ സംവിധാനങ്ങളോടൊപ്പം ഇത്തരം കൂട്ടായ്മകളും അനിവാര്യമാണെന്നാണ് ഞാൻ കരുതിയിരുന്നത്. രോഗിയെ നേരിൽ കണ്ട് വിവരങ്ങളറിയാൻ കൂട്ടായ്മയിൽനിന്ന് ഒരാളെത്തി. 5000 രൂപ നൽകാൻ തീരുമാനിച്ചതായും അത് കൈപ്പറ്റാൻ എറണാകുളം സൗത്തിലുള്ള ഓഫിസിലെത്താനും അറിയിപ്പുവന്നു. കൃഷ്ണകുമാർ എന്ന ആളാണ് കത്തയച്ചത്. ഈ പണം കൈപ്പറ്റാനെത്തിയ ബുദ്ധയുടെ പഠനകാര്യങ്ങൾ തിരക്കിയ കൃഷ്ണകുമാർ എൽ.എൽ.എമ്മിന് ചേരാനായി ഒരു വർഷത്തേക്ക് വേണ്ടിയിരുന്ന 7000 രൂപ കൂടി നൽകിയാണ് തിരിച്ചയച്ചത്.
ഇതിനിടയിൽ സൗഹൃദങ്ങൾക്കിടയിലെ ജീർണതയുടെ മുഖവും കാണാനായി. വൈറ്റിലയിലെ വാടകവീടിന്റെ പേരിൽ തോമസ് മാത്യുവിൽനിന്ന് സുരേഷ് ജോർജ് 2000 രൂപ മാസവാടക വാങ്ങുന്നുണ്ടെന്നറിഞ്ഞത് ഇക്കാര്യം അവർക്കിടയിൽ വാക്കേറ്റമായി മാറിയപ്പോഴാണ്. സുരേഷ് ജോർജിനെയും കൂട്ടിയാണ് ബുദ്ധ വൈറ്റിലയിൽ വാടകക്ക് വീട് കണ്ടെത്തിയത്. തോമസ് മാത്യു ഡൽഹിയിൽനിന്ന് വരുമ്പോൾ വൈറ്റിലയിൽ താമസിക്കുന്നതിന് വീട് എടുത്ത കാര്യം സുരേഷ് ജോർജ് പറഞ്ഞിരുന്നതാണ്. തോമസ് മാത്യു മാത്രമല്ല, സുഗതനും ഉഷയും ഡൽഹിയിൽനിന്ന് നാട്ടിൽ വരുമ്പോൾ വൈറ്റിലയിൽ വരുകയും താമസിക്കുകയും ചെയ്തിരുന്നു.
പിറവം സ്വദേശിയായ സുരേഷ് ജോർജുമായി ഒരു പതിറ്റാണ്ടിലേറെക്കാലത്തെ ബന്ധമുണ്ടായിരുന്നു. മക്കൾക്ക് സുരേഷ് ജോർജ് സുരേഷ് മാമ്മനായിരുന്നു. മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാനുള്ള തയാറെടുപ്പിന്റെ സമയമാണ് ഭഗത്ത് എറണാകുളത്ത് താമസിച്ചിരുന്നത്. മുല്ലശ്ശേരി കനാൽ റോഡിന്റെ അരികിലുള്ള സുരേഷ് ജോർജിന്റെ വാടകവീട്ടിലായിരുന്നു. ജീവിതത്തിന്റെ നാനാർഥങ്ങൾ തേടി നഗരത്തിലെത്തിയ രണ്ടു യുവാക്കൾ, പിറവത്തുനിന്ന് അജയനും പുറപ്പുഴയിൽനിന്ന് ജോർജും സുരേഷിനോടൊപ്പമുണ്ടായിരുന്നു. അജയൻ പിന്നീട് നാടക-സിനിമാ പ്രവർത്തനങ്ങളിലും ജോർജ് അതിഥി തൊഴിലാളി പ്രവർത്തനങ്ങളിലും മുഴുകുന്നത് കണ്ടു.
തങ്ങളുടെ രാഷ്ട്രീയ ബൗദ്ധിക ജീവിതത്തിന്റെ ഭാഗമായി പ്രഫ. ഒ.കെ. യാദവിനെപ്പോലുള്ളവരുമായി ചേർന്ന് ഡൽഹി കേന്ദ്രമായി തോമസ് മാത്യുവും സുഗതനും നടത്തിയ ജനാധിപത്യ-രാഷ്ട്രീയ ഇടപെടലുകളിൽ കേരളത്തിൽ അവരോടൊപ്പം സുരേഷ് ജോർജുമുണ്ടായിരുന്നു. പി.യു.സി.എൽ, മേധാപട്കറുടെ എൽ.എ.പി.എം, പി.വി. രാജഗോപാലിന്റെ ഏകതാപരിഷത്ത് പോലുള്ള സിവിൽ സമൂഹപ്രസ്ഥാനങ്ങളുടെ കേരളത്തിലെ മുഖ്യചുമതലകളിലും പ്ലാച്ചിമടപോലുള്ള സമരങ്ങളിലും സുരേഷ് ജോർജ് ഉണ്ടായിരുന്നു.
ഏകതാ പരിഷത്തിന്റെ നേതൃത്വത്തിൽ ഭൂരഹിതരായ ആദിവാസികളും ദലിതരും 2007 ൽ നടത്തിയ ഡൽഹി മാർച്ചിന്റെ പശ്ചാത്തലത്തിൽ, ദേശീയനയം ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ഭൂപ്രശ്നത്തെക്കുറിച്ച് പഠിക്കുന്നതിനും പരിഹാരം നിർദേശിക്കുന്നതിനുമായി യു.പി.എ ഗവൺമെന്റ് കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ കീഴിൽ രൂപവത്കരിച്ച സമിതി മധുരയിൽ നടത്തിയ യോഗത്തിൽ പങ്കെടുത്തതും –സണ്ണി എം. കപിക്കാടും പങ്കെടുത്തിരുന്നു– മേധാപാട്കറും അരുണാ റോയിയും ഫാ. തോമസ് കോച്ചേരിയുമെല്ലാം പങ്കെടുത്ത ജനകീയപ്രസ്ഥാനങ്ങളുടെ നേതൃത്വ സമ്മേളനത്തിൽ സംയുക്തയോഗത്തിൽ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്തതുമെല്ലാം സുരേഷ് ജോർജ് വഴിയായിരുന്നു. ആശയങ്ങളുടെ കൈമാറ്റമെന്നതിനപ്പുറം രാഷ്ട്രീയമോ സംഘടനാപരമോ ആയ ബന്ധമുണ്ടായിരുന്നില്ല. ആത്മബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്ന ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ല. ചിലർ അങ്ങനെയാണ്. ബന്ധങ്ങൾക്ക് ക്ഷതമേൽപിച്ചുകൊണ്ട് മുന്നോട്ടുപോകാൻ നോക്കുന്നു. സ്വയം അന്യരായിത്തീരുകയാണെന്നു മാത്രം അറിയുന്നില്ല.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.