എഴുത്തധികാരം

എഴുത്തിന്റെ മേഖലയിലേക്ക് കടക്കാനുണ്ടായ സാഹചര്യവും പിന്നീട് നടത്തിയ എഴുത്തുകളെക്കുറിച്ചും വിവരിക്കുന്നു. എഴുത്തധികാര മേഖലയിലേക്ക് പ്രവേശിക്കലും എളുപ്പമല്ലായിരുന്നുവെന്ന് എഴുതുന്നു. ഇടതുപക്ഷ ചിന്താധാരയിലൂടെ പൊതുരാഷ്ട്രീയ മണ്ഡലത്തിലേക്ക് കടന്നുവന്ന ഒരാളെന്നനിലയിൽ ജാതിപ്രശ്നത്തോടുള്ള മാർക്സിസ്റ്റ് സമീപനത്തെ വിമർശനാത്മകമായി നോക്കി ക്കണ്ടാണ് ഞാൻ ദലിത് ആശയ നിർമിതിയുടെ ഭാഗമായത്. ’89ൽ മനുസ്​മൃതി കത്തിച്ച് ബ്രാഹ്മണിസത്തിനെതിരായ പ്രത്യയശാസ്​ത്ര സമരത്തിന് തുടക്കം കുറിച്ചതുപോലെ ’90ൽ ‘ജാതിവ്യവസ്​ഥയും വർഗസമരവും’ എന്ന രേഖ മുന്നോട്ടു​െവച്ച് ആത്മബോധം എന്ന ദലിത്...

എഴുത്തിന്റെ മേഖലയിലേക്ക് കടക്കാനുണ്ടായ സാഹചര്യവും പിന്നീട് നടത്തിയ എഴുത്തുകളെക്കുറിച്ചും വിവരിക്കുന്നു. എഴുത്തധികാര മേഖലയിലേക്ക് പ്രവേശിക്കലും എളുപ്പമല്ലായിരുന്നുവെന്ന് എഴുതുന്നു.

ഇടതുപക്ഷ ചിന്താധാരയിലൂടെ പൊതുരാഷ്ട്രീയ മണ്ഡലത്തിലേക്ക് കടന്നുവന്ന ഒരാളെന്നനിലയിൽ ജാതിപ്രശ്നത്തോടുള്ള മാർക്സിസ്റ്റ് സമീപനത്തെ വിമർശനാത്മകമായി നോക്കി ക്കണ്ടാണ് ഞാൻ ദലിത് ആശയ നിർമിതിയുടെ ഭാഗമായത്. ’89ൽ മനുസ്​മൃതി കത്തിച്ച് ബ്രാഹ്മണിസത്തിനെതിരായ പ്രത്യയശാസ്​ത്ര സമരത്തിന് തുടക്കം കുറിച്ചതുപോലെ ’90ൽ ‘ജാതിവ്യവസ്​ഥയും വർഗസമരവും’ എന്ന രേഖ മുന്നോട്ടു​െവച്ച് ആത്മബോധം എന്ന ദലിത് ആശയത്തെ കമ്യൂണിസ്റ്റ്ബോധമാക്കി മാറ്റാൻ ശ്രമിച്ച പാർട്ടിക്കുമേൽ പ്രത്യയശാസ്​ത്ര സമരത്തിന്റെ മറ്റൊരു മുഖം തുറന്നു. പാർട്ടി നേതൃത്വത്തിന്റെ എല്ലാം തികഞ്ഞവർ എന്റെ ബൗദ്ധിക ധാർഷ്​ട്യത്തെ ചോദ്യംചെയ്തു.

നാലഞ്ചുകൊല്ലത്തെ ദലിത് പ്രവർത്തനങ്ങൾക്കിടയിൽ സമാഹരിക്കാനായ അറിവ് ’91ൽ ‘പരിരക്ഷാ ഭാവത്തെ വെറുക്കുക പരാശ്രയബോധം വലിച്ചെറിയുക’ എന്ന എഴുത്തായി ആത്മാഭിമാനം വീണ്ടെടുക്കുകയെന്ന ആശയമായി അവർക്ക് തിരികെ നൽകാനായി. ആരാണ് ദലിതർ എന്നറിയാനും അവരെ നിർവചിക്കാനുമുള്ള ശ്രമം ’94ൽ ‘സോഷ്യലിസ്റ്റ് പാത’യിൽ പ്രസിദ്ധീകരിച്ച ‘ദലിത് അന്വേഷണം: നിലപാടുകളും വിമർശനങ്ങളും’ എന്ന ലേഖനത്തിൽ ഉണ്ടായിരുന്നു. ഹിന്ദുരാഷ്ട്രവാദികൾ രാജ്യത്തെ പരമാധികാരത്തിലേക്ക് കടന്നുവന്നപ്പോൾ 1998ൽ ‘ഫാഷിസ്റ്റ് വിരുദ്ധ പ്രതിരോധം: ഒരു ദലിത് പരി

േപ്രക്ഷ്യം’ എന്ന ലേഖനമെഴുതി. സംഘ്പരിവാർ ശക്തികളെ നേരിടുന്നതിൽ മതനിരപേക്ഷ ജനാധിപത്യ ശക്തികൾക്ക് സംഭവിച്ച വീഴ്ചകൾ ചൂണ്ടിക്കാട്ടി ജാതിയാണ് ഹിന്ദു ഫാഷിസത്തിന്റെ തായ്​േവരെന്ന യാഥാർഥ്യത്തിൽനിന്ന്, ജാത്യാധിപത്യം സംരക്ഷിച്ച് ദലിതർക്ക് ജനാധിപത്യം താങ്ങി നിർത്താനാവില്ലെന്ന് വ്യക്തമാക്കി. ഈ നിലയിൽ ബാഹ്യവും ആന്തരികവുമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് പോയ നൂറ്റാണ്ടിന്റെ അന്ത്യദശകത്തിലും ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിലും കേരളത്തിൽ നടന്ന ദലിത് ആശയ, ലോകത്തിന്റെ നിർമാണത്തിൽ പങ്കാളിയായത്.

ഐക്യകേരളം സാക്ഷര കേരളമെന്ന ഖ്യാതിയിലേക്ക് വളർന്നപ്പോഴും അക്ഷരത്തെ ആധിപത്യത്തിന്റെ ഉപകരണമാക്കി മാറ്റിയവർ അക്ഷരം നിഷേധിക്കപ്പെട്ടവരുടെ പിന്മുറക്കാരെ ഈ ആധിപത്യ വ്യവഹാരത്തിലേക്ക് കടക്കാൻ അനുവദിച്ചിരുന്നില്ല. ജനാധിപത്യത്തിന്റെ നാലാം തൂൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമലോകം ദലിതർക്കുമുന്നിൽ കൊട്ടിയടക്കപ്പെട്ട ഒരധികാരകേന്ദ്രമായിരുന്നു. അക്ഷരം പൊരുതി നേടാനായതുപോലെ എഴുത്തധികാരത്തിന്റെ മണ്ഡലത്തിലേക്കും ദലിതർക്ക് പൊരുതി മാത്രമേ പ്രവേശിക്കാനാകുമായിരുന്നുള്ളൂ.

കോളജ് പഠനകാലത്ത് ഹോസ്റ്റലിലെ അക്ഷരസ്​നേഹികളായ കൂട്ടുകാരെ ചേർത്തുപിടിച്ച് കൈയെഴുത്ത് മാഗസിൻ ഇറക്കാൻ മുൻകൈയെടുത്തതും കോളജ് മാഗസിനിൽ ലേഖനമെഴുതിയതും വിദ്യാർഥികൾ സംഘടിപ്പിച്ച പ്രബന്ധമത്സരത്തിൽ അക്ഷരങ്ങളിൽ കൊരുത്ത കലാപത്തിന്റെ കൈയൊപ്പു ചാർത്തിയ ബൊളീവിയൻ ഡയറി സമ്മാനമായി കിട്ടിയതുമെല്ലാം സന്തോഷവും ഊർജവും പകരുന്ന മധുരമായ അനുഭവങ്ങൾ മാത്രമായിരുന്നില്ല. എഴുത്തധികാരത്തിന്റെ മണ്ഡലത്തിലേക്ക് പ്രവേശിക്കാനുള്ള പോരാട്ടത്തിന്റെ തുടക്കവുമായിരുന്നു.

അടിയന്തരാവസ്​ഥ പിൻവലിക്കപ്പെട്ടപ്പോൾ ജയിൽമുക്തനായ ഞാൻ ചെയ്യാൻ ശ്രമിച്ചൊരു രാഷ്ട്രീയപ്രവർത്തനമായിരുന്നു എറണാകുളത്തുനിന്നും പ്രസിദ്ധീകരിച്ച ‘രക്തപതാക’. ‘കേരളത്തിലെ അധഃസ്​ഥിതർ നേരിടുന്ന പ്രശ്നങ്ങളും സമീപനവും’ എന്ന രേഖ മുന്നോട്ടു​െവച്ച് ദലിത് പ്രവർത്തനമണ്ഡലത്തിൽ നിലയുറപ്പിക്കാൻ ശ്രമിച്ചപ്പോൾ എഴുത്തിന്റെ ഞാനറിയാത്ത എന്നിൽ ഒളിഞ്ഞിരുന്ന ഒരു രഹസ്യദേശത്തേക്കുള്ള പ്രവേശനമായിരുന്നു ഇത്. ശ്രദ്ധേയമാ​െയാരു കാര്യം ഇക്കാലത്ത് അധഃസ്​ഥിത നവോത്ഥാന മുന്നണിക്കുനേരെ തങ്ങളുടെ പ്രവർത്തനങ്ങളുടെ ദിശനിശ്ചയിക്കുന്ന ലിഖിതമായൊരു രേഖ മറ്റൊരു ദലിത് സംഘടനക്കും ഉണ്ടായിരുന്നില്ല എന്നതാണ്. വർഗവും ജാതിയും സമന്വയിപ്പിക്കാനുള്ള നവോത്ഥാന മുന്നണിയുടെ ശ്രമം അശാസ്​ത്രീയമാണെന്ന് ബോധ്യമായതോടെ എഴുത്തിന്റെ വിഷയം സാമൂഹിക രാഷ്ട്രീയമായി. സാമ്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽനിന്ന് സാമൂഹിക സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിലേക്കുള്ള മൗലികമായൊരു മാറ്റമായിരുന്നു ഇത്.

എഴുത്തുകാരനാകാൻ ആഗ്രഹിച്ചിരുന്നില്ലെങ്കിലും സംഘടനാപ്രവർത്തനംപോ​െല, പ്രസംഗംപോലെ എഴുത്തും വഴങ്ങുന്നതായി തോന്നിയപ്പോൾ ആ വഴിക്കും സഞ്ചരിക്കാൻ തുടങ്ങി. പിന്തുടർന്നുപോന്ന പ്രത്യയശാസ്​ത്രത്തെ വിമർശാത്മകമായി നോക്കിക്കാണാൻ തുടങ്ങിയതോടെ ചോദ്യംചെയ്യാൻ പാടില്ലാത്ത ബിംബങ്ങളോ ആശയങ്ങളോ മുന്നിലില്ലാതായി. തനതായ ആശയനിർമിതിയും അതിന്റെ ലിഖിതമായ ആവിഷ്കാരങ്ങളും അതിനാവശ്യമായി മുന്നണി പ്രവർത്തനകാലത്ത് എനിക്ക് ചുറ്റുമുണ്ടായിരുന്ന എന്നെപ്പോലുള്ളവരായിരുന്നു എന്റെ എഴുത്തിന്റെ േപ്രരണ. സംഘടനാപ്രവർത്തനങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ട നോട്ടീസുകൾപോലും ഗൗരവമായ എഴുത്തുകളായിരുന്നു.

ദലിതർക്കിടയിൽ നിലനിന്നിരുന്ന പരമ്പരാഗത നോട്ടീസ്​ എഴുത്തുരീതികളുടെ വിച്ഛേദനമായിരുന്നു ഇത്. ഈ നോട്ടീസുകൾ ലേഖനങ്ങളായും ചിലപ്പോൾ ലഘുലേഖനങ്ങളായും മാറി. അവയിലൂടെ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ ജനങ്ങളിലെത്തിക്കാനായി അധഃസ്​ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിനും ദലിത് ഐക്യശബ്ദവും പ്രസിദ്ധീകരിച്ചു. ഒരു കൂട്ടായ്മക്കുള്ളിലാണ് നടന്നതെങ്കിലും എഴുതുന്ന ആൾതന്നെ പ്രസാധകനും വിതരണക്കാരനുമാകുന്ന ഒരു സന്ദിഗ്ധഘട്ടത്തിലൂടെയാണ് കടന്നുപോയത്. യാത്രകളിൽ ശരീരത്തിന്റെ ഭാഗംപോലെ ഇടതുതോളിലെ ബാഗിൽ എല്ലായ്പോഴും ഈ പ്രസിദ്ധീകരണങ്ങളുണ്ടായിരുന്നു. അവയുടെ കൈമാറ്റത്തിലൂടെ ദലിത് എഴുത്തുകളുടെ വായനക്കാരെ സൃഷ്​ടിക്കുന്നതിൽ പങ്കാളിയായത് അവരിൽ ദലിതർ മാത്രമല്ല, അദലിതരുമുണ്ടായിരുന്നു.

എഴുത്തധികാരത്തിന്റെ മണ്ഡലത്തിൽ നിലനിൽക്കുന്ന അപ്രഖ്യാപിതമായ വിലക്കുകൾ ലംഘിച്ചുകൊണ്ടാണ് കേരളത്തിലെ ദലിതർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചത്. അവഗണിക്കാനാവാത്തൊരു ബൗദ്ധികസാന്നിധ്യമായി മാറിയപ്പോഴാണ് മാധ്യമലോകം അടഞ്ഞുകിടന്ന വാതിലുകൾ അവർക്കുമുന്നിൽ തുറന്നുതുടങ്ങിയത്. ഉന്നത ജാതിക്കാരായ എഴുത്തുകാർക്കു ചുറ്റും കറങ്ങിക്കൊണ്ടിരുന്ന മാധ്യമലോകത്ത് വിവേചനങ്ങൾ പതുക്കെ മാറിത്തുടങ്ങിയ പുതിയ ആകാശം തെളിഞ്ഞു.

വർണ-ജാതി വ്യവസ്​ഥയുടെ സൈദ്ധാന്തികനായ ആദിശങ്കരനെ മഹത്വവത്കരിച്ചുകൊണ്ട് ഐക്യകേരളത്തിന്റെ നെറുകയിൽ കെട്ടിവെക്കാൻ മാർക്സിസ്റ്റ് സൈദ്ധാന്തികനായ ഇ.എം.എസിന്റെ ബ്രാഹ്മണ്യപക്ഷപാതിത്വം തുറന്നുകാണിച്ചുകൊണ്ട് എ.എൻ.എം ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കുകയും പാർട്ടി മുഖപത്രമായ ‘മാസ്​ലൈനി’ൽ മൊഴിമാറ്റി പുനഃപ്രസിദ്ധീകരിക്കുകയും ചെയ്ത ‘ഇ.എം.സ്​ ആദിശങ്കരൻ ചമയുന്നു’ എന്ന ലേഖനത്തിലൂടെയും ’94ൽ ‘സോഷ്യലിസ്റ്റ് പാത’യിൽ പ്രസിദ്ധീകരിച്ച, ‘ദലിത് അന്വേഷണം: നിലപാടുകളും വിമർശനങ്ങളും’ എന്ന ലേഖനത്തിലൂടെയുമാണ് ഞാൻ എഴുത്തിന്റെ പൊതുമേഖലയിലേക്ക് പ്രവേശച്ചത്. ജാതിപ്രശ്നവുമായി ബന്ധപ്പെട്ട് മാധ്യമലോകത്ത് നിലനിന്നിരുന്ന നിഷേധാത്മകമായ സമീപനം തിരുത്തുകയും ദലിത് എഴുത്തുകൾ ഉൾക്കൊള്ളാൻ ‘സമീക്ഷ’യും ‘മാധ്യമം ആഴ്ചപ്പതിപ്പും’ തീരുമാനിക്കുകയും ചെയ്തപ്പോൾ അവിടെ എനിക്കും ഇടം നേടാനായി. ദലിതരുടെ ബൗദ്ധിക പ്രവർത്തനങ്ങളെക്കുറിച്ച് കേരളീയർ അറിയാൻ തുടങ്ങിയത് അപ്പോഴാണ്.

ദലിത് പ്രവർത്തനമണ്ഡലത്തിലെ എന്റെ പ്രായോഗികവും ബൗദ്ധികവുമായ ഇടപെടലുകളെ എഴുതിത്തള്ളിയും കടന്നാക്രമിച്ചും കെ.കെ. കൊച്ച് ‘സമീക്ഷ’യിലെഴുതിയ ‘ദലിത് നവോത്ഥാനവും ജ്ഞാനസിദ്ധാന്തവും’ എന്ന ലേഖനത്തോട് വിയോജിച്ചുകൊണ്ട് 2000 ജൂലൈയിൽ ഞാനെഴുതിയ ‘ദലിത് ജ്ഞാനസിദ്ധാന്തവും പ്രയോഗവും’ എന്ന ലേഖനം ദലിത് ബൗദ്ധികരംഗത്തെ ആരോഗ്യകരമായ ആശയസമരത്തിന്റെ തുടക്കമായിരുന്നു. അതുപോലെതന്നെ ദലിതർ നടത്തുന്ന സാമൂഹികരാഷ്ട്രീയ ഇടപെടലുകളെയും ആശയനിർമിതിയെയും കടന്നാക്രമിച്ചുകൊണ്ട് ഡോ. പി. കൃഷ്ണനുണ്ണി ‘സമീക്ഷ’യിലെഴുതിയ ജാതികളും അബോധ സംസ്​കാരങ്ങളും’ എന്ന പഠനത്തോടുള്ള പ്രതികരണമായി 2004 ഏപ്രിലിൽ ഞാനെഴുതിയ ‘ജാതിപരിണാമങ്ങളും സമുദായ രാഷ്ട്രീയ ധ്രുവീകരണവും’ എന്ന കുറിപ്പ് ദലിതേതരരുമായിട്ടുള്ള ആശയസമരത്തിന്റെ തുടക്കവുമായി.

ഈ നിലയിൽ ആന്തരികവും ബാഹ്യവുമായ ആശയസമരങ്ങളിലൂടെയാണ് എഴുത്തിന്റെ രംഗത്ത് മുന്നോട്ടുപോകാൻ ശ്രമിച്ചത്. ശ്രദ്ധേയമായൊരു കാര്യം സാമ്പത്തികാസമത്വങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽനിന്ന് സാമൂഹികാസമത്വങ്ങൾക്കെതിരെയുള്ള പോരാട്ടത്തിലേക്ക് ചുവടുമാറ്റിയപ്പോൾ എഴുത്തിന്റെ ഊന്നലിലുണ്ടായ മാറ്റമാണ്. രാഷ്ട്രീയ-സാംസ്​കാരിക കേരളം കാണാതിരിക്കുകയും കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. കേരളീയ സമൂഹത്തെ ഇന്നും ആഴത്തിൽ വിഘടിപ്പിച്ചുനിർത്തുന്ന ജാതി അസമത്വങ്ങൾക്കെതിരെയുള്ള പോരാട്ടമായി എഴുത്തു മാറി. ദുഷ്കരമായൊരു കാര്യമാണ് ഇതെന്ന് അറിയാമായിരുന്നിട്ടും അതേറ്റെടുക്കാൻ തയാറായത് നീതിയുക്തമായൊരു സമൂഹമാക്കി കേരളത്തെ പുനർനിർമിക്കാനാവണമെങ്കിൽ ജാതിക്കെതിരായ പോരാട്ടം ഒഴിവാക്കാനാവില്ലെന്ന ബോധ്യമായിരുന്നു.

എഴുതുന്ന ഏതൊരാളെയുംപോലെ എഴുത്തുകൾ പുസ്​തക രൂപത്തിലായിക്കാണാൻ ഞാനും ആഗ്രഹിച്ചിരുന്നു. സഹപ്രവർത്തകരിൽ ചിലർ അത് ഓർമിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, സാമ്പത്തിക സാഹചര്യം അതനുവദിച്ചില്ല. അതിനായി കോട്ടയംകാരായ ചില സുഹൃത്തുക്കൾ നടത്തിയ ശ്രമം എനിക്കും അവർക്കും വേദനനിറഞ്ഞ ഒരനുഭവമായി മാറുകയും ചെയ്തു.

‘എന്തുകൊണ്ട് മനുസ്​മൃതി കത്തിക്കുന്നു’വെന്നതടക്കം ’80കളുടെ അവസാനവും ’90കളുടെ ആദ്യപകുതിയിലുമെഴുതിയ ലേഖനങ്ങളിലേറെയും ഒരു പെരുമഴക്കാലത്ത് ഈരയിൽക്കടവിൽ ദാസിന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ മലവെള്ളത്തിൽ മുങ്ങിപ്പോയി, ദാസിന്റെ പുസ്​തകശേഖരത്തോടൊപ്പം. ആ കൂട്ടത്തിൽ വർണ-ജാതി വ്യവസ്​ഥയുടെ ദാർശനികനായ ആദിശങ്കരനെ മഹത്വവത്കരിക്കാനും ഐക്യകേരളത്തിന്റെ നെറുകയിൽ കെട്ടി​വെക്കാനും ശ്രമിച്ച മാർക്സിസ്റ്റ് സൈദ്ധാന്തികനായ ഇ.എം.എസിന്റെ ബ്രാഹ്മണ്യ ചായ് വ് തുറന്നുകാട്ടി എ.എൻ.എം ബുള്ളറ്റിനിലും മൊഴിമാറ്റി പാർട്ടി മുഖപത്രമായ ‘മാസ്​ലൈനിലും’ പ്രസിദ്ധീകരിച്ച ‘ഇ.എം.എസ് ആദിശങ്കരൻ ചമയുന്നു’ എന്ന ലേഖനവും ഡൽഹി യൂനിവേഴ്സിറ്റിയിൽ 1993ൽ നടന്ന ദേശീയ ദലിത് ബൗദ്ധിക സെമിനാറിൽ അവതരിപ്പിച്ച ‘കാസ്റ്റ് ആൻഡ് ക്ലാസ്​ ഡൈനാമിക്സ്​ ഇൻ കേരള’ എന്ന പ്രബന്ധവും ഉണ്ടായിരുന്നു. ജാതി-വർഗബന്ധങ്ങളെ വിശകലനംചെയ്തുകൊണ്ട് ഉന്നതജാതികൾക്ക് ഐക്യകേരളത്തെ നിയന്ത്രിക്കാൻ എങ്ങനെ കഴിയുന്നുവെന്ന് പരിശോധിക്കുന്നതായിരുന്നു ഈ പ്രബന്ധം. സൗഹൃദങ്ങൾക്കിടയിൽ സംഭവിച്ചുപോകുന്ന വീഴ്ചകളിലൊന്നായിരുന്നു ഇത്.

എന്നാൽ, ഇത്തരം അനുഭവങ്ങളൊന്നും എഴുത്തുകളിൽ ചിലരെങ്കിലും പുസ്​തകരൂപത്തിലാക്കണമെന്ന സ്വപ്നത്തെ തളർത്തിയില്ല. അതിന് തുടക്കം കുറിക്കാനായത് തന്റെ തൊഴിൽ സംരംഭത്തിന് ലഭിച്ച വായ്പയിൽ ഒരു വിഹിതം പുസ്​തക പ്രസിദ്ധീകരണത്തിന് നൽകാൻ ആനന്ദ തയാറായപ്പോഴാണ്. പട്ടികജാതി/പട്ടികവർഗ വികസന വകുപ്പിന്റെ ധനസഹായം ഈ ശ്രമം മുന്നോട്ടുകൊണ്ടുപോകാൻ സഹായിച്ചു. തൊടുപുഴയിലെ മുദ്ര പ്രസ്​ ഉടമകളായ ജോണും ജയിംസും ഡി.ടി.പി ചെയ്യുന്ന അഞ്ജലി എന്ന പെൺകുട്ടിയുമായുള്ള ആത്മബന്ധം കാര്യങ്ങൾ സുഗമമാക്കി. ലഘുലേഖകളിൽനിന്ന് പുസ്​തകത്തിലേക്കുള്ള മാറ്റമായിരുന്നു 2006ൽ പ്രസിദ്ധീകരിച്ച ‘സംവരണവും സമവായത്തിന്റെ രാഷ്ട്രീയവും’ എന്ന ചെറുകൃതി. അതേ നിലയിൽ 2008ൽ ‘അയ്യൻകാളിയുടെ ലോകവീക്ഷണം’ പ്രസിദ്ധീകരിക്കുകയും ‘ഭൂമിയുടെ ജാതിയുടെ രാഷ്ട്രീയവും’ എഡിറ്റ് ചെയ്യുകയും ചെയ്തു.

ചെങ്ങറ സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഭൂമിയുടെ ജാതിയും രാഷ്ട്രീയവും എഡിറ്റ് ചെയ്തത്. ഭൂപരിഷ്കരണത്തിന്റെ ഗുണഭോക്താക്കളായി മാറാൻ ദലിതർക്കും ആദിവാസികൾക്കും കഴിയാതെ പോയത് ഭൂബന്ധങ്ങളിലെ ജാതിമൂലമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ കൃതി. അധീശത്വ പ്രത്യയശാസ്​ത്ര വ്യവഹാരങ്ങളുടെ കേന്ദ്രമായ ബ്രാഹ്മണിസത്തെ പ്രതിസ്​ഥാപിച്ചും കത്തോലിസിസത്തെയും ഗാന്ധിസത്തെയും മാർക്സിസത്തെയും നിശിതമായ വിമർശനങ്ങൾക്ക് വിധേയമാക്കിയും ഉയർന്നുവന്ന ദലിത് ആശയനിർമാണത്തിലെ എന്റെ പങ്കാളിത്തമായിരുന്നു 2008 ജൂലൈ 28ന് പ്രകാശനം ചെയ്ത ‘ദലിത് പ്രത്യയശാസ്​ത്രവും സമുദായവത്കരണവും’ എന്ന കൃതി. നവോത്ഥാന കാലത്തെ പുനർവായിച്ചും ജാതിവിരുദ്ധസമരത്തിൽ ഊന്നിയും ഈ കൃതി ആധുനിക കേരളത്തിന്റെ ജനാധിപത്യവത്കരണ പ്രക്രിയയുടെ ഭാഗമായി.

എന്റെ എഴുത്തുജീവിതത്തെ പുതിയൊരു മാനത്തിലേക്ക് ഉയർത്തിയത് ‘ദലിത് പ്രത്യയശാസ്​ത്രവും സമുദായവത്കരണവും’ എന്ന കൃതിയാണ്. ഈ പുസ്​തകത്തിന്റെ പേരിനെക്കുറിച്ചുള്ള ആലോചനയിൽ ദലിത് പ്രത്യയശാസ്​ത്രം എന്ന പദം പ്രയോഗിക്കാമോയെന്നത് ഒരു പ്രതിസന്ധിയായിരുന്നു. ദലിത് എന്ന പദത്തിന്റെ വ്യാഖ്യാനസാധ്യതയാണ് ഈ പ്രതിസന്ധി മറികടക്കാൻ സഹായിച്ചത്. ഇത്രമാത്രം വ്യാഖ്യാനസാധ്യതയുള്ള മറ്റൊരു പദം ദലിത് ആശയനിർമിതിക്കുള്ളിൽ കണ്ടെത്താനായില്ല.

സ്വത്വമായും എഴുത്തായും സാഹിത്യമായും സമുദായമായും രാഷ്ട്രീയമായുമെല്ലാം അത് വ്യാഖ്യാനിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരു ജനതയുടെ സാംസ്​കാരിക മുന്നേറ്റത്തിന്റെ ലക്ഷണമാണിത്. ദലിത് എഴുത്തുകളോടുള്ള സമീപനത്തിൽ മാധ്യമലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഈ കൃതിയുടെ ഒരു കോപ്പി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായ കമൽറാം സജീവിന് അയച്ചുകൊടുത്തു. പുസ്​തകത്തെക്കുറിച്ച് ഒരു റിവ്യൂ തയാറാക്കാൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനുള്ള ഒരുക്കത്തിലാണെന്നും കെ.കെ. കൊച്ച് വിളിച്ചുപറയുമ്പോഴാണ് കമൽറാം സജീവ് പുസ്​തകം കൈപ്പറ്റുക മാത്രമല്ല, പുസ്​തകത്തിലൂടെ കടന്നുപോയെന്നും ഞാനറിഞ്ഞത്.

 

റിവ്യൂവിന്റെ പിന്നാലെ, അധികം വൈകാതെ, തികച്ചും അപ്രതീക്ഷിതമായി ആഴ്ചപ്പതിപ്പിൽനിന്ന് കമൽറാം സജീവിന്റെ വിളി വന്നു. മൂന്നാഴ്ച കൂടുമ്പോൾ ആഴ്ചപ്പതിപ്പിൽ രണ്ടുപേജിൽ ഒരു കോളം ചെയ്യാമോ? ഉത്തേജകമായ ഒരു വെല്ലുവിളിയായിരുന്നു അത്. ആത്മാഭിമാനത്തോടെ അത് ഏറ്റെടുത്തു. വെല്ലുവിളികളുടെ മുന്നിൽ പകച്ചുനിൽക്കുന്നിടത്തല്ല, അതേറ്റെടുക്കുന്നതിനിടയിൽ സംഭവിക്കുന്നതാണ് ജീവിതം. മാധ്യമലോകത്തുനിന്ന് ലഭിച്ച ആദ്യത്തെ വിളിയായിരുന്നു ഇത്. വിഷയം നമുക്ക് തീരുമാനിക്കാമെന്ന് ഞാൻ പറഞ്ഞപ്പോൾ എന്റെ തിരഞ്ഞെടുപ്പിന് വിട്ടുതന്നു. എന്റെ വ്യക്തിസ്വത്വത്തെ മാനിച്ചു. മാധ്യമലോകത്ത് ആദ്യമായി ഒരു ദലിത് കോളം പ്രത്യക്ഷപ്പെട്ടു.

‘നെഗ്രിറ്റ്യൂഡ്’ എന്ന ശീർഷകം ഈ കോളത്തിന് നൽകിയത് ആഴ്ചപ്പതിപ്പായിരുന്നു. അതിന്റെ പിന്നിലെ ആലോചനയെക്കുറിച്ച് ഡോ. വി.സി. ഹാരിസിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ പി.കെ. ശ്രീകുമാർ പറയുകയുണ്ടായി. ഈ ശീർഷകത്തിൽ എവിടെയോ ഒളിച്ചിരിക്കുന്ന എന്നിലെ എന്നെ ഞാൻ കണ്ടു. എന്നിട്ടും അതിനൊരു തിരുത്ത് ഞാൻ മനസ്സിൽ കുറിച്ചു. ദലിത്റ്റ്യൂഡ്-വാസ്​തവങ്ങളോട് കൂടുതൽ ചേർന്നുനിൽക്കാൻ. കോളമെഴുത്തുകാരായി ആഴ്ചപ്പതിപ്പിലൂടെ കടന്നുപോയ അനേകരിൽ ഒരാളായി എന്റെ മുഖവും പ്രത്യക്ഷപ്പെട്ടു. അത്യപൂർവമായ ഒരു സാമൂഹികാനുഭവമായി.

ഒരാൾ എഴുത്തുകാരനോ അല്ലയോ എന്ന് തീരുമാനിക്കുന്നതിൽ എന്നും മാതൃഭൂമി ആഴ്ചപ്പതിപ്പ് മുന്നിലായിരുന്നു. പ്രത്യേകിച്ചും സാഹിത്യേതര എഴുത്തുകാരെ സംബന്ധിച്ച്, തങ്ങളുടെ കുടുംബവീടാണ് ആഴ്ചപ്പതിപ്പെന്നും എഴുത്ത് തുടങ്ങിയതും എഴുത്തുകാരായി വളർന്നതും ആഴ്ചപ്പതിപ്പിലൂടെയാണെന്നും പ്രതീക്ഷയോടെ തങ്ങൾ പ്രസിദ്ധീകരിക്കാൻ അയച്ചുകൊടുത്തവയൊന്നും തിരിച്ചയക്കപ്പെട്ടിട്ടില്ലെന്നും പറയുന്ന കുലപതികളായ എഴുത്തുകാർ ധാരാളം മലയാളത്തിലുണ്ട്. ഇവരുടെ ശ്രദ്ധയിൽപെടാത്തതും ഇവർക്ക് കണ്ടെത്താനാവാത്തതുമായ ഉറവിടങ്ങളിൽനിന്നാണ് എഴുത്തുകൾ രൂപപ്പെടുന്നത് എന്നതുകൊണ്ട് ഇത്തരം കുടുംബസങ്കൽപത്തിന് വെളിയിലായിരുന്നു എന്നെപ്പോലുള്ളവരുടെ എഴുത്ത് ജീവിതം.

അവിടെ ആത്മവിശ്വാസവും കരുത്തും സ്ൈ​ഥര്യവുമെല്ലാം സ്വയം നിർമിച്ചെടുക്കേണ്ടതുണ്ടായിരുന്നു. നിരക്ഷരർക്കിടയിൽനിന്ന്, വഴങ്ങാതെ അക്ഷരങ്ങൾ സ്വന്തമാക്കി, മനുഷ്യബന്ധങ്ങൾ പുനരാവിഷ്കരിക്കാനുള്ള ആയുധമാക്കി അക്ഷരങ്ങൾക്കുമേൽ അടയിരുന്ന്, തൃപ്തിവരുവോളം തിരുത്തിയെഴുതി. എഴുതപ്പെടുന്നവ ജനങ്ങളിലെത്തിക്കാനുള്ള വഴികളൊരുക്കി പലകുറി വീണും എഴുന്നേറ്റും മൂന്നുപതിറ്റാണ്ടിലേറെക്കാലത്തെ യാത്രവേണ്ടിവന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുത്തുകാരനായി പ്രത്യക്ഷപ്പെടാൻ. അക്ഷരത്തിനുവേണ്ടി നടന്ന പോരാട്ടങ്ങൾ അപ്പോൾ ഒരു നൂറ്റാണ്ട് പിന്നിട്ടിരുന്നു.

(തുടരും)

Tags:    
News Summary - km salim kumar biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.