ഉത്തരങ്ങളേക്കാൾ ചോദ്യങ്ങൾക്ക് പ്രാധാന്യം

ദലിത് ഐക്യ സമിതിയിൽ ഉയർന്ന വിവിധതരം പ്രശ്നങ്ങളെക്കുറിച്ച് എഴുതുന്നു. ദലിത് ഐക്യസമിതി കാലത്തെ ചിന്തക​ളെക്കുറിച്ചും എഴുതുന്നു.ജനാധിപത്യത്തെക്കുറിച്ചും അതിന്റെ ആവിഷ്കാരങ്ങളെക്കുറിച്ചും വ്യത്യസ്​തമായ നിർവചനങ്ങളും കാഴ്ചപ്പാടുകളുമാണ്. തുല്യതയെക്കുറിച്ച് മനുഷ്യൻ ചിന്തിച്ചുതുടങ്ങിയ കാലത്തേക്ക് നീളുന്നതാണ് അതിന്റെ വേരുകൾ. ഐക്യസമിതി ഒരു ജനാധിപത്യ സംഘടനയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഭൂതകാലത്ത് അതിന്റെ നേതൃത്വം എന്തുചെയ്യുകയായിരുന്നുവെന്ന് നോക്കിയല്ല. വർത്തമാനകാലത്ത് അതിന്റെ നേതൃത്വം എങ്ങനെയാണ് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്ന് നോക്കിയാണ്. ജനാധിപത്യം...

ദലിത് ഐക്യ സമിതിയിൽ ഉയർന്ന വിവിധതരം പ്രശ്നങ്ങളെക്കുറിച്ച് എഴുതുന്നു. ദലിത് ഐക്യസമിതി കാലത്തെ ചിന്തക​ളെക്കുറിച്ചും എഴുതുന്നു.

ജനാധിപത്യത്തെക്കുറിച്ചും അതിന്റെ ആവിഷ്കാരങ്ങളെക്കുറിച്ചും വ്യത്യസ്​തമായ നിർവചനങ്ങളും കാഴ്ചപ്പാടുകളുമാണ്. തുല്യതയെക്കുറിച്ച് മനുഷ്യൻ ചിന്തിച്ചുതുടങ്ങിയ കാലത്തേക്ക് നീളുന്നതാണ് അതിന്റെ വേരുകൾ. ഐക്യസമിതി ഒരു ജനാധിപത്യ സംഘടനയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഭൂതകാലത്ത് അതിന്റെ നേതൃത്വം എന്തുചെയ്യുകയായിരുന്നുവെന്ന് നോക്കിയല്ല. വർത്തമാനകാലത്ത് അതിന്റെ നേതൃത്വം എങ്ങനെയാണ് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്ന് നോക്കിയാണ്. ജനാധിപത്യം ഒരു സ്​ഥിതിയല്ല, പ്രവർത്തനമാണ്. പോരാട്ടമുഖങ്ങളിലാണ് അത് രൂപം കൊള്ളുകയും വളരുകയും ചെയ്യുന്നത്, കരുത്താർജിക്കുന്നത്.

പ്രായോഗികവും സൈദ്ധാന്തികവുമായ മാനങ്ങളുണ്ടതിന്. ഐക്യസമിതിയുടെ മുഖ്യചുമതല കൺവീനർക്കായിരുന്നുവെങ്കിലും കൺവീനർ ഒരു അധികാരകേന്ദ്രമായിരുന്നില്ല. സംഘടനയുടെ സംസ്​ഥാന കമ്മിറ്റി യോഗങ്ങളിലും സംസ്​ഥാനതലത്തിലുള്ള പൊതുപരിപാടികളിലും അധ്യക്ഷത വഹിച്ചിരുന്നത് കൺവീനറാണ്. ആ നിലയിൽ മറ്റ് സംഘടനകളിലെ പ്രസിഡന്റിനോ സെക്രട്ടറിക്കോ തുല്യമായ ഒരു പദവിയായി അതിനെ വ്യാഖ്യാനിക്കാവുന്നതാണ്.

എന്നാൽ, ഇവിടെ ഒരു കുഴമറിയലുണ്ട്. എന്നിൽ ആരോപിക്കപ്പെട്ട മാവോ രീതി അനുസരിച്ച് പാർട്ടി സെക്രട്ടറി അവതരിപ്പിക്കുന്ന നയപ്രഖ്യാപനത്തിന്റെയോ പ്രവർത്തന റിപ്പോർട്ടിന്റെയോ അടിസ്​ഥാനത്തിൽ മാത്രമേ കമ്യൂണിസ്റ്റ് പാർട്ടികളിൽ ചർച്ചകളും അഭിപ്രായ രൂപവത്കരണവും നടക്കാറുള്ളൂ എന്നിരിക്കെ നടന്ന പ്രവർത്തനങ്ങളെപ്പറ്റി അല്ലെങ്കിൽ നിർദിഷ്​ട വിഷയത്തെപ്പറ്റി മറ്റുള്ളവർ അഭിപ്രായവും രേഖപ്പെടുത്തുന്നു. ഒരാൾ മാത്രമായിരുന്നു കൺവീനർ. കൺവീനർ പറയുന്നത് ഏറ്റുപറയുന്നവരായിരുന്നില്ല ഐക്യസമിതി പ്രവർത്തകർ. വ്യത്യസ്താഭിപ്രായങ്ങളെയും വിയോജിപ്പുകളെയും എതിർപ്പുകളെയും മാനിക്കുകയും അഭിപ്രായ സമന്വയത്തിലൂടെ പൊതുവായ തീരുമാനങ്ങളിലെത്തിച്ചേരുകയും ചെയ്യുന്ന ഒരു സമീപനമായിരുന്നു ഐക്യസമിതി സ്വീകരിച്ചുപോന്നത്.

ഐക്യസമിതിയിൽ ആരും ആരേക്കാളും മുകളിലോ താഴെയോ ആയിരുന്നില്ല. കാഴ്ചപ്പാട് പ്രസ്​ഥാനമായിരുന്നു. അതുപോലെതന്നെ പ്രധാനമായിരുന്നു ഈ കാഴ്ചപ്പാട് പ്രാവർത്തികമാക്കാനുള്ള സംഘടന. അത്തരമൊരു സംഘടന വളർത്തിക്കൊണ്ടുവരുന്നതിന് കഴിയാതെ പോയി എന്നത് ഒരു യാഥാർഥ്യമാണ്. വളർച്ചയുടെ ഭാഗമായി കാണാനാവില്ലെങ്കിലും ഒരു പതിറ്റാണ്ടായി നിലനിൽക്കുന്ന ഒരു സംഘടനയായിരുന്നു ഐക്യസമിതി. സംഘടനാപ്രവർത്തനം ജീവിതരീതിയാക്കി മാറ്റിയ ആരും സമിതിയിലുണ്ടായിരുന്നില്ല. ഞാനടക്കം പരിമിതികൾക്കുള്ളിൽനിന്ന് പ്രവർത്തിക്കുന്നവരായിരുന്നു നേതാക്കൾ.

വ്യക്തിജീവിതത്തോടൊപ്പം സാമൂഹികജീവിതവും സാധ്യമാക്കാൻ പാടുപെടുന്നവരായിരുന്നു എല്ലാവരും. ആരെയെങ്കിലും വളർത്തിക്കൊണ്ടുവന്നവരായിരുന്നില്ല, എല്ലാവരും ഈ പരിമിതികൾക്കുള്ളിൽനിന്ന് മുന്നോട്ടുവന്നവരായിരുന്നു. ചില പദവികൾ ലഭിച്ചുവെന്നതുകൊണ്ടുമാത്രം ആരും നേതാക്കളായില്ല. സത്യസന്ധവും പ്രതിബദ്ധവുമായ പ്രവർത്തനങ്ങൾ ആവശ്യമായിരുന്നു. അത്തരം നേതാക്കളെ വളർത്തിക്കൊണ്ടുവരണം. ഏതെങ്കിലുമൊരാളിന്റെ ചുമതലയായിരുന്നില്ല, കൂട്ടായ ചുമതലയായിരുന്നു അത്.

ശ്രദ്ധേയമായ മറ്റൊരു കാര്യം ഐക്യസമിതി ഉത്തരങ്ങളേക്കാൾ ചോദ്യങ്ങൾക്ക് പ്രാധാന്യം നൽകിയ ഒരു സംഘടനയായിരുന്നു. ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതുപോലെ ഐക്യസമിതിക്ക് ചോദ്യംചെയ്യാൻ പാടില്ലാത്ത ഒരു നേതൃത്വം ഉണ്ടായിരുന്നില്ല. നേതൃത്വം ചോദ്യം ചെയ്യപ്പെടുന്നതിന്റെ പേരിൽ ഏതെങ്കിലും തരത്തിലുള്ള നടപടിക്കുവിധേയമായ ഒരനുഭവം സമിതിയുടെ ചരിത്രത്തിൽ ആർക്കും ചൂണ്ടിക്കാണിക്കാനാവില്ല. ഉണ്ടായിരുന്നത് സ്​നേഹവും ആദരവും സാഹോദര്യവും പോലെ സമുദായത്തിനുള്ളിൽ വളർത്തിക്കൊണ്ടുവരുവാൻ ശ്രമിച്ച രാഷ്ട്രീയ-ധാർമിക മൂല്യങ്ങളായിരുന്നു.

ഇത്തരം മൂല്യങ്ങളിലൂടെയാണ് സമിതിയിൽ എത്തിച്ചേർന്നവരിൽ ബന്ധുത്വം ഉറപ്പാക്കാൻ ശ്രമിച്ചത്. സ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമായ ഇത്തരമൊരു സംഘടനാ സംവിധാനത്തിൽ മനസ്സുതളർന്ന് അഭിപ്രായം പറയാൻ കഴിയാതെപോയി എന്നത് ശുദ്ധ നുണയാണ്. സമിതിയിൽ എത്തിച്ചേർന്നവരെ സ്വന്തം അഭിപ്രായം തുറന്നുപറയാൻ പ്രാപ്തരാക്കുന്നതിനെക്കുറിച്ചാണ് എല്ലായ്പോഴും ആലോചിച്ചത്. അതിന് സ്വീകരിച്ച മാർഗമായിരുന്നു ക്യാമ്പുകൾ. ഏത് വിഷയവും ചെയ്യുവാൻ പര്യാപ്തമായ രീതിയിൽ വിശാലമായ െഫ്രയ്മിനുള്ളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കപ്പെട്ടത്.

അതിന് പ്രവർത്തകർ സന്നദ്ധരാവുകയേ വേണ്ടിയിരുന്നുള്ളൂ. അതൊരു പാഠശാലയായിരുന്നു. ഗുരുക്കന്മാർ ഇല്ലാത്ത പാഠശാല. അധ്യാപകനും വിദ്യാർഥിയും ഒരാൾതന്നെയായി മാറുന്ന പാഠശാല. അവിടെ എത്തിച്ചേരുന്നവരെല്ലാം അധ്യാപകരായിരുന്നു, വിദ്യാർഥികളും. രാഷ്ട്രീയ ജനാധിപത്യവും പ്രാതിനിധ്യ ജനാധിപത്യവും മാത്രമല്ല, ജനാധിപത്യത്തിന്റെ സൂക്ഷ്മമായതലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സ്​നേഹവും സാഹോദര്യവും ആദരവുമെല്ലാം ഐക്യസമിതി ചർച്ചചെയ്തിട്ടുണ്ട്. അതിനനുസൃതമായി വ്യക്തിജീവിതം പുനരാവിഷ്കരിക്കുന്നവരോടൊപ്പം ഞാനുമുണ്ടായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസം മാത്രമല്ല വി.ഡി. ജോസിനെയും കെ.കെ. രവിയെയും പോലുള്ളവർ വർഗനിലപാടിൽ ജാതിപ്രശ്നത്തെ നോക്കിക്കണ്ട കെ. വേണുവിനെയും കെ. മുരളിയെയും എം. ഗീതാനന്ദനെയുമെല്ലാം ജാതിവിരുദ്ധ നിലപാടിൽനിന്ന് വ്യക്തവും നിശിതവും ധീരവുമായി നേരിടുന്നത് കണ്ടിട്ടുണ്ട്. കേരളത്തിൽ ഉയർന്നുവന്ന ദലിത് ബൗദ്ധികമണ്ഡലത്തോടു മാത്രമല്ല, പൊതു രാഷ്ട്രീയ മണ്ഡലത്തോടും അക്കാദമിക സമൂഹത്തോടും തങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംവാദാത്മകമായി ഇടപെടാൻ അവർക്ക് കഴിയുമായിരുന്നു. പ്രായോഗിക പ്രവർത്തനങ്ങളിലൂടെ ആർജിക്കാൻ കഴിഞ്ഞ രാഷ്ട്രീയധിഷണയാണ് അതിന് അവരെ പ്രാപ്തരാക്കിയത്. പ്രവർത്തനരംഗത്തുനിന്ന് കിട്ടിയ അനുഭവങ്ങളെയും അറിവുകളെയും സംസ്​ഥാന കമ്മിറ്റികളിലും ക്യാമ്പുകളിലും നടക്കുന്ന ചർച്ചകളിലൂടെ സ്​ഫുടംചെയ്തു.

അതിന്റെ പിന്നിൽ ഒരു സമൂഹത്തിന്റെ ഉത്കണ്ഠകളുടെയും വികാരവിചാരങ്ങളുടെയും ആഗ്രഹാഭിലാഷങ്ങളുടെയും ദർശനമുണ്ടായിരുന്നു. രണ്ടും മൂന്നും ദിവസം രാപ്പകലില്ലാതെ ഒന്നിച്ചിരുന്നാലോചിച്ചും അനുഭവങ്ങൾ പങ്കു​െവച്ചും ചോദ്യങ്ങൾ ചോദിച്ചും തർക്കിച്ചും ധാരണകളുണ്ടാക്കി, നിലപാടുകൾ ആവിഷ്കരിച്ചു. ഈ രാഷ്ട്രീയ ധിഷണ അവരെ ശരിയും തെറ്റും വേർതിരിച്ചറിയുവാനും തങ്ങളുടെ ശരി ലോകത്തോട് വിളിച്ചുപറയാനും ശേഷിയുള്ളവരാക്കി. അവിടെ സമവായമോ സന്ധിയോ ഇല്ലായിരുന്നു. ഭൂതകാലത്തെ ചുമലിലേറ്റുവാനുള്ള ബാധ്യതയുമുണ്ടായിരുന്നില്ല. സന്ദർഭോചിതവും സമയബന്ധിതവുമായി സാമൂഹികപ്രശ്നങ്ങളിൽ ഇടപെടുവാൻ ഐക്യസമിതിക്ക് കഴിഞ്ഞത് നേതൃനിരയിലുള്ളവരുടെ നിരന്തരമായ ചർച്ചകളും കൂടിച്ചേരലുകളും സാധ്യമായതുകൊണ്ടാണ്.

രണ്ടുപതിറ്റാണ്ടുകാലത്തെ എന്റെ ധൈഷണികാന്വേഷണങ്ങളിൽ, എഴുത്തുകളിൽ എന്നോടൊപ്പം സഞ്ചരിച്ചവർ പങ്കാളികളായത് ഇത്തരം ചർച്ചകളിലൂടെയുമായിരുന്നു. കേരളത്തിലെ ദലിത് ആശയലോകത്തിന്റെ നിർമാണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതും ഈ ഒത്തുചേരലുകളിലൂടെയും ചർച്ചകളിലൂടെയുമായിരുന്നു. എന്നാൽ, രാവേറെയാകും മുമ്പ് ചർച്ചക്കിടയിൽ അലസമായി ആടിയുലഞ്ഞത്, മാറിക്കിടന്നുറങ്ങുന്ന ചിലരുണ്ടായിരുന്നു. അഡ്വ. ടി.ഡി. എൽദോയെയും പി.ആർ. സുരേഷ് കുമാറിനെയും പോലെ. ‘ക്യാമ്പുകൾ പരാജയമായിരുന്നുവെന്നും ഒരു വിഷയവും ചർച്ചചെയ്യാനോ പഠിക്കാനോ അവസരം നൽകിയില്ലെന്നും അവർക്ക് മാത്രമേ പറയാൻ കഴിയുമായിരുന്നുള്ളൂ.

ദലിത് പ്രവർത്തനങ്ങളെ വിലയിരുത്തുന്ന രീതിയെപ്പറ്റി ഐക്യസമിതി നയപ്രഖ്യാപനരേഖയിൽ പറയുന്നൊരു കാര്യമുണ്ട്. ‘നാം നടത്തുന്ന പ്രവർത്തനങ്ങളിലൂടെ സംഘടനയിൽ എത്രപേർക്ക് ഗുണമുണ്ടായി എന്നതിനുപരി സമുദായത്തിനാകമാനം എന്തു ഗുണമുണ്ടായി എന്ന് വിലയിരുത്തുന്ന രീതി ഉണ്ടാകണം.’ ഈ രീതിക്ക് വിരുദ്ധമായ ഒരു സമീപനമാണ് കൺവീനർ സിസ്റ്റത്തെ ചോദ്യംചെയ്തവർ സ്വീകരിച്ചത്. അവസരങ്ങളെക്കുറിച്ചും വളർത്തിക്കൊണ്ടുവരലിനെക്കുറിച്ചുമുള്ള അവരുടെ നിലപാടുകൾ പൊതുതാൽപര്യത്തിലല്ല, വ്യക്തി താൽപര്യത്തിലാണ് ഊന്നിയത്.

കൂട്ടായൊരു നേതൃത്വത്തെക്കുറിച്ചാണ് ഐക്യസമിതി പറഞ്ഞത്; പൊതു താൽപര്യങ്ങൾ തങ്ങളുടെ താൽപര്യങ്ങളായി കരുതുന്നവരെക്കുറിച്ച്, ദലിതർക്കിടയിലുണ്ടാകുന്ന ഉണർവുകളെയും ചലനങ്ങളെയും മുന്നേറ്റത്തെയും നയിക്കാൻ കെൽപുള്ളവരെ കുറിച്ച്. സാമൂഹികജീവിതത്തിന്റെ സമസ്​തമേഖലകളെയും ചലിപ്പിക്കാൻ കഴിയുന്ന സർഗാത്മകമായ ഒരു നേതൃത്വത്തെക്കുറിച്ചാണ്.

സമുദായവുമായി ആത്മബന്ധം സ്​ഥാപിച്ചുകൊണ്ട് ഊർജസ്വലവും കഠിനവും നിസ്വാർഥവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ദീർഘവീക്ഷണമുള്ളവർ, തന്നിഷ്​ടവും ഗർവും യജമാനഭാവവുമില്ലാത്തവർ, സ്​നേഹവും വിനയവും വിശ്വാസവും കൈമുതലായവർ, യോജിക്കുന്നവരെ മാത്രമല്ല, വിയോജിക്കുന്നവരെയും തങ്ങളോടൊപ്പം ചേർത്തുപിടിക്കുന്നവർ, സർവോപരി മൂല്യാധിഷ്ഠിതമായ വ്യക്തിജീവിതത്തിന്റെ ഉടമകൾ –ഇവരെയാണ് ദലിത് ഐക്യസമിതി നേതൃത്വമായി ലക്ഷ്യം​െവച്ചത്. വ്യക്തിക്ക് എന്ത് നേടാനായി എന്നല്ല, ഈ ലക്ഷ്യത്തോട് നീതിപുലർത്താൻ ഐക്യസമിതിക്ക് എത്രമാത്രം കഴിഞ്ഞുവെന്നായിരുന്നു പരിശോധിക്കേണ്ടിയിരുന്നത്.

 

തങ്ങൾക്ക് അവസരങ്ങൾ നൽകിയില്ല, തങ്ങളെ ആരും വളർത്തിയില്ല എന്നത് പൊതു പ്രസ്​ഥാനങ്ങൾക്കെതിരെ ദലിതർക്കിടയിൽ നിലനിൽക്കുന്ന ഒരു വികാരമായിരുന്നു. അതിൽ സംഘടന നേതാക്കൾ മാത്രമല്ല ചിന്തകരും എഴുത്തുകാരും കവികളും കലാകാരന്മാരുമെല്ലാം ഉണ്ടായിരുന്നു. ഈ വികാരത്തിന്റെ തീവ്രമായ പ്രകടനമാണ് ഐക്യസമിതിയിലും കണ്ടത്. അവസരങ്ങൾ നൽകപ്പെടേണ്ടവരും വളർത്തപ്പെടേണ്ടവരുമാണ് ദലിതർ എന്ന തെറ്റായ ബോധ്യമാണ് ഈ വികാരത്തിന്റെ പിന്നിലുണ്ടായിരുന്നത്. അവസരങ്ങൾ വീണുകിട്ടുന്നതല്ല, ആരും ആരെയും കൈപിടിച്ചുയർത്തുന്നുമില്ല.

നൽകപ്പെടുന്ന അവസരങ്ങളും വളർച്ചയും നൽകുന്നവരുടെ ഇംഗിതങ്ങൾക്കനുസരിച്ച് ജീവിക്കുവാനുള്ള സമ്മതമായിരുന്നു. ഇതിലൂടെ രൂപംകൊള്ളുന്ന സ്വാതന്ത്ര്യമല്ല, വിധേയത്വമായിരുന്നു. ജാതീയതയിലേക്ക് ആഴ്ന്നിറങ്ങുന്ന ഇത്തരം ബന്ധങ്ങളെ മറിച്ചുകളഞ്ഞുകൊണ്ടാണ് ഐക്യസമിതി പ്രവർത്തനമാരംഭിച്ചതെങ്കിലും പലർക്കും ഈ കുടുക്കിൽനിന്ന് രക്ഷനേടാനായില്ല. ഐക്യസമിതി ഒരു സാധ്യതയായിരുന്നു, സാഹചര്യമായിരുന്നു. ഐക്യസമിതിയിൽ വ്യക്തികൾ ആർക്കും വിധേയരായിരുന്നില്ല. അവരുടെ അവസരങ്ങൾ അവർതന്നെ നിർമിച്ചെടുക്കുന്നതായിരുന്നു.

വളർത്തിക്കൊണ്ടുവന്നവരല്ല, വളർന്നുവന്നവരായിരുന്നു ഐക്യസമിതിയുടെ മുൻനിരയിലെത്തിയവർ. 2008 ഫെബ്രുവരി 16ന് വെള്ളൂരിൽ ചേർന്ന ഡി.എ.എസ്​ സംസ്​ഥാന പ്രവർത്തകയോഗം ജോയന്റ് കൺവീനർമാരായി തീരുമാനിച്ചവരായിരുന്നു കുഞ്ഞ് പഴന്താറ്റിലും അഡ്വ. ടി.ഡി. എൽജോയും സി.ബി. രമണനും. രമണനും എൽദോയും യഥാക്രമം കോട്ടയം ഇടുക്കി ജില്ലകളിലെ ഐക്യസമിതിയുടെ ജില്ല കൺവീനർമാരുമായിരുന്നു. പദവികൾ ലഭിച്ചുവെന്നതുകൊണ്ടു മാത്രം ആർക്കും മികച്ച നേതാക്കളായി മാറാനാവില്ലായിരുന്നു. സത്യസന്ധവും പ്രതിബദ്ധവുമായ പ്രവർത്തനങ്ങൾ അതിനാവശ്യമുണ്ടായിരുന്നു. അതിൽ പരാജയപ്പെട്ടവരാണ് തങ്ങൾക്ക് അവസരം നൽകിയില്ലെന്നും തങ്ങളെ ആരും വളർത്തിക്കൊണ്ടുവന്നില്ലെന്നും പരിഭവിച്ചത്. അതിന് ഐക്യസമിതി സംഘടനാരൂപത്തെയും കൺവീനറെയും കടന്നാക്രമിച്ചത്.

മറ്റ് ദലിത് നേതാക്കൾക്കില്ലാത്ത അംഗീകാരം സലിംകുമാറിന് ഉണ്ടാകുന്നതിന് പിന്നിൽ ആളുണ്ടായിരുന്നതുകൊണ്ടാണെന്നായിരുന്നു ഇവിടെ വിലയിരുത്തൽ. ഇത്തരമൊരു വിലയിരുത്തലിന്റെ പ്രസക്തി എന്താണെന്നതിന്റെ പ്രശ്നം നിലനിൽക്കെതന്നെ എന്നോടൊപ്പം ഉള്ളവരേക്കാൾ എത്രയോ ഇരട്ടി ആളുകളുള്ള നേതാക്കളും സംഘടനകളും എന്തുകൊണ്ട് അംഗീകരിക്കപ്പെടുന്നില്ല എന്നത് ഒരു ചോദ്യചിഹ്നമായിരുന്നു.

ഒരു വ്യക്തിയോ സംഘടനയോ അംഗീകരിക്കപ്പെടുന്നത് ആ വ്യക്തിയുടെയും സംഘടനയുടെയും പ്രവർത്തനങ്ങൾ ഒരു മുന്നേറ്റത്തിന്റെ ഭാഗമായി മാറുമ്പോഴാണ്. അംഗസംഖ്യയുടെ ബലത്തിലല്ല, പ്രായോഗികവും ബൗദ്ധികവുമായ ദലിത് മുന്നേറ്റത്തിന്റെ ഭാഗമായി മാറാൻ കഴിഞ്ഞതുകൊണ്ടാണ് ഞാനുൾപ്പെടെ ഐക്യസമിതി പ്രവർത്തകർ മാനിക്കപ്പെട്ടത്. കേരളത്തിന്റെ ജനാധിപത്യവത്കരണ പ്രക്രിയയിൽ ഇടപെട്ടുകൊണ്ട് ഞാൻ നടത്തുന്ന സാമൂഹികവിമർശനങ്ങളാണ്, എത്ര പരിമിതമായ തോതിലാണെങ്കിലും പൊതുസമൂഹത്തിൽനിന്ന് ലഭിക്കുന്ന അംഗീകാരത്തിന്റെ അടിസ്​ഥാനം.

ഐക്യസമിതിയെയും എന്നെയും രമണൻ പരിചയപ്പെടുത്തുന്നതിനുമുമ്പ് സംവരണ സംരക്ഷണ സമിതിയിൽ ആരും അറിയുകയില്ലായിരുന്നുവെന്നത് ശുദ്ധനുണയാണ്. സമിതിയുടെ പ്രവർത്തനം മാത്രമല്ല, എ.എൻ.എം പ്രവർത്തനങ്ങളും എന്റെ രാഷ്ട്രീയ ഭൂതകാലവും അറിയാത്തവരായി സംവരണ സംരക്ഷണ സമിതിയിൽ ആരും ഉണ്ടായിരുന്നില്ല. പ്രായോഗികപ്രവർത്തനങ്ങളോടൊപ്പം ബൗദ്ധികപ്രവർത്തനവും അംഗീകരിക്കുന്നവരായിരുന്നു അതിന്റെ സംഘാടകർ എന്നതു​െകാണ്ടാണ് ക്രീമി​െലയർ പ്രതിരോധ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ വിഷയാവതാരകനായി അവർ എന്നെ കണ്ടെത്തിയത്.

ദലിത് പ്രവർത്തനമണ്ഡലത്തിന്റെ പൊതുസ്​ഥിതി ഇതായിരുന്നില്ല. ബൗദ്ധികതയെ മാനിക്കുന്ന ഒരു പാരമ്പര്യം അതിനുണ്ടായിരുന്നില്ല. ഈ പാരമ്പര്യത്തിൽനിന്നാണ് കൺവീനർ സിസ്റ്റത്തെ ചോദ്യംചെയ്യുന്നവർ ഐ.ഡി.എഫും കെ.ഡി.പിയുമായി ചേർന്ന് ദലിത് പ്ലാറ്റ് ഫോം ഉണ്ടാക്കാൻ ആലോചിച്ചപ്പോൾ ഒറ്റപ്പെട്ട വ്യക്തികൾ എന്നനിലയിൽ ബൗദ്ധിക പ്രവർത്തനം നടത്തുന്നവരെ ഒഴിവാക്കിയത്. ഈ പാരമ്പര്യം റദ്ദുചെയ്ത ഒരു സംഘടനയായിരുന്നു ഐക്യസമിതി എങ്കിലും ദലിത് ബൗദ്ധികതയെ അംഗീകരിക്കാത്തവർ അതിൽതന്നെ ഉണ്ടായിരുന്നുവെന്നാണ് ഈ സംഭവം വ്യക്തമാക്കിയത്.

കൺവീനർ സിസ്റ്റത്തെ എതിർക്കുമ്പോഴും ‘ഐക്യസമിതിയുടെ മുഖ്യ ചുമതല വഹിക്കാൻ സലിംകുമാറല്ലാതെ മറ്റാരും വളർത്തിട്ടില്ലെന്നും സലിംകുമാറിന്റെ ബൗദ്ധികശേഷി മാനിക്കപ്പെടണ’മെന്നും കെ.കെ. ജിൻഷു പറയുമ്പോൾ രമണനെയും എൽദോയെയും പോലുള്ളവർക്ക് അത് അംഗീകരിക്കാൻ കഴിയാതെപോയത് ഈ പാരമ്പര്യം പിന്തുടരുന്നതുകൊണ്ടാണ്. എല്ലാവരും മികച്ചവരാണെന്ന സാമാന്യബോധത്തിൽ ഒരു വ്യക്തിയുടെ സവിശേഷമായ മികവിനെ അവർ റദ്ദുചെയ്തു. എന്നാൽ, ജിൻഷുവിന് തന്റെ നിലപാടിൽ ഉറച്ചുനിൽക്കാനായില്ല. പറയുന്നത് ശരിയായാൽ മാത്രം പോരാ, തന്റെ ശരിയിൽ ഉറച്ചുനിൽക്കാനുള്ള തന്റേടവും ഉണ്ടാവണം. മറിച്ചായാൽ ശരിയുടെ വഴിക്കല്ല, ശരികേടിന്റെ വഴിക്കാണ് സഞ്ചരിക്കേണ്ടി വരിക.

കോക്കസ്​ ഒരു ദുരാരോപണമായിരുന്നു. ബന്ധുത്വമെന്ന സമുദായസങ്കൽപത്തിനുമേലുള്ള കൈയേറ്റമായിരുന്നു. ബന്ധുത്വത്തെ സാഹോദര്യത്തിലൂടെ നോക്കിക്കാണുന്നതിനു പകരം സംശയത്തിന്റെ മുൾമുനയിൽ നിർത്തി ആക്രമിക്കാൻ കണ്ടെത്തിയ പദമായിരുന്നു കോക്കസ്​. ഒരേ ലക്ഷ്യത്തിനായി ഒന്നിച്ചുചേർന്നവർ പല കാരണങ്ങളിൽ അകന്നുപോകുന്നത് കണ്ടിട്ടുണ്ട്. അധഃസ്​ഥിത നവോത്ഥാന മുന്നണിയുടെ കാലം മുതൽ എന്നോടൊപ്പം സഞ്ചരിച്ചവരും ആ കൂട്ടത്തിലുണ്ടായിരുന്നു.

എന്നാൽ, സംഘടന വിട്ടുപോകുന്നവരെ എതിരാളികളായി നോക്കിക്കാണുകയോ തള്ളിക്കളയുകയോ ചെയ്യുന്ന ഒരു സമീപനം ഉണ്ടായിരുന്നില്ല. പുറംതള്ളുകയല്ല, ഉൾക്കൊള്ളുകയായിരുന്നു അതിന്റെ രീതി. അകന്നുപോകുന്നവരെ പിന്തുടർന്ന് സംഘടനയിലേക്ക് കൊണ്ടുവരാൻ നിരന്തരം ശ്രമിച്ചിരുന്നു. വി.ഡി. ജോസിനെയും സി.എസ്. മുരളിയെയും പോലുള്ളവരുമായി തുടർന്നുപോന്ന ബന്ധത്തിന്റെ അടിസ്​ഥാനം ഈ സമീപനമായിരുന്നു. അധഃസ്​ഥിത നവോത്ഥാന മുന്നണിയുടെ തളർച്ചയുടെ കാലത്ത് വേട്ടുവനായി വേട്ടുവ മഹാസഭയിലേക്കും കോൺഗ്രസിലേക്കും പോയ സി.എസ്​. മുരളിയോട് വിയോജിക്കുമ്പോഴും ബന്ധവിച്ഛേദനം നടത്തിയില്ല.

കോക്കസ്​ എന്ന് ചിത്രീകരിക്കപ്പെട്ട കുഞ്ഞേട്ടനും കുഞ്ഞുമോനും വി.ഡി. ജോസും തമ്മിൽ രണ്ടുപതിറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രീയ സൗഹൃദത്തിന്റെ ഇഴയടുപ്പമുണ്ടായിരുന്നു. ജോസ്​ ഐക്യസമിതിയിൽനിന്നും അകന്നുപോയിട്ടും അവർ തമ്മിലുള്ള ആത്മബന്ധം ഇല്ലാതായില്ല. സംഘടനയുടെ വളർച്ച മുരടിച്ചുവെന്നത് ഒരു യാഥാർഥ്യമായിരിക്കുമ്പോഴും കെ.കെ. രവി മാറിനിന്നത് അതുകൊണ്ടായിരുന്നില്ല. ഏറ്റെടുത്ത പ്രവർത്തനം പൂർത്തിയാക്കി വീട്ടിലേക്കുമടങ്ങുന്ന രവിയെ വാഴക്കുളത്ത് വീട്ടിലെത്തി മറ്റൊരു പ്രവർത്തനത്തിലേക്ക് മടക്കിക്കൊണ്ടുവരുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്.

ഇത്തരത്തിൽ സംഘടനയിൽനിന്ന് അകന്നുപോകുന്ന നേതാക്കളെ ഏതെങ്കിലും സന്ദർഭത്തിൽ തിരികെയെത്തിക്കാനുള്ള ശ്രമത്തെ തങ്ങൾക്കുമുകളിൽ സ്​ഥാനമാനങ്ങൾ നൽകാനുള്ള നീക്കമായിട്ടാണ് ഇവർ കണ്ടത്. നിലവിൽ സംസ്​ഥാന പ്രവർത്തക സമിതി അംഗങ്ങളായിരുന്ന എൻ.കെ. വിജയൻ സംഘടന പൊളിക്കാൻ പറഞ്ഞുവെന്ന് പറയുമ്പോഴും ഗീതാനന്ദൻ ഞാൻ വിശ്വസിക്കാൻ കൊള്ളാത്ത നേതൃത്വമാണെന്ന് പറഞ്ഞുവെന്ന് പറയുമ്പോഴുമെല്ലാം ബന്ധുത്വത്തിന്റെയല്ല, ബന്ധവിച്ഛേദനത്തിന്റെ ഭാഷയാണ് ഇവർ പ്രയോഗിച്ചത്. ആരെ തള്ളിപ്പറഞ്ഞും നേതാക്കളാകാനുള്ള അതിമോഹമായിരുന്നു ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നത്.

ഒരാളുടെ സത്യസന്ധതയെ സംശയിക്കാനും ചോദ്യംചെയ്യാനും മറ്റൊരാൾക്ക് അവകാശമുണ്ട്. സാമൂഹികജീവിതത്തിനും വ്യക്തിജീവിതത്തിനും ഇത് ബാധകമാണ്. സാമൂഹികജീവിതത്തിൽ ഒരാൾ പറയുന്ന കാര്യങ്ങൾ വ്യക്തിജീവിതത്തിൽ പാലിക്കുന്നുണ്ടോയെന്നത് നിർണായകമാണ്. എന്നാൽ, ഇവയെല്ലാം വസ്​തുതകളുടെ അടിസ്​ഥാനത്തിലായിരിക്കണം.

ദലിത് ഐക്യസമിതി സംസ്​ഥാന കൺവീനർ എന്ന നിലയിൽ എന്റെ സത്യസന്ധതയെയും വിശ്വാസ്യതയെയും പരിശോധിക്കേണ്ടത് ഞാൻ ഏറ്റെടുത്ത ചുമതലകളുടെ നിർവഹണവുമായി ബന്ധപ്പെട്ടായിരുന്നു. പ്രത്യക്ഷ ഇടപെടലുകൾക്കായി കണ്ടെത്തിയ വിഷയങ്ങളും അവയുടെ അടിസ്​ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങളും എഴുത്തുകളും മാത്രമല്ല, ഒരു വിഷയത്തിൽ ഇടപെട്ട് ഐക്യസമിതി പ്രസിദ്ധീകരിച്ച നോട്ടീസുകൾപോലും ഇത്തരത്തിൽ പരിശോധനാ വിഷയമാക്കിയിരുന്നു.

തത്ത്വാധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു സംഘടനയെന്ന നിലയിൽ അതിന്റെ നയപ്രഖ്യാപനത്തിൽനിന്ന് വ്യതിചലിച്ചുവെന്നോ സംഘടനയെ വഴിതെറ്റിക്കുന്നതിനും സമുദായത്തെ വഞ്ചിക്കാനും ശ്രമിച്ചുവെന്നോ, ഗോത്രങ്ങളുടെ ജാതികളും ഉപജാതികളും മതങ്ങളും രാഷ്ട്രീയ വിഭജനങ്ങളും നിലനിൽക്കുന്ന സാമൂഹിക ചുറ്റുപാടിൽ പക്ഷപാതപരമായി പെരുമാറിയെന്നോ രാഷ്ട്രീയവും പ്രത്യയശാസ്​ത്രപരവും ധാർമികവുമായ നിലപാടുകളിൽനിന്ന് അകന്നുപോയെന്നോ പറയാൻ കഴിയുമായിരുന്നുവെങ്കിൽ നിശ്ചയമായും അവരുടെ വിലയിരുത്തൽ ന്യായീകരിക്കപ്പെടുമായിരുന്നു.

 

എം. ഗീതാനന്ദൻ,കെ. വേണു

എന്നാൽ, വസ്​തുതകളുടെ അഭാവത്തിൽ എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും അവർക്ക് പുറത്തുപറയാനായില്ല. ഞാനറിയുകയും എന്നെയറിയുകയും ചെയ്യുന്നവരെ അവർ ഭയപ്പെട്ടു. ഞാനാണ് സംവരണ സംരക്ഷണ സമിതി പൊളിച്ചതെന്ന് പറഞ്ഞാൽ സമിതിയുടെ സംഘാടകർപോലും അത് മുഖവിലക്കെടുക്കുമായിരുന്നില്ല. കാരണം, അതത്രമാത്രം സത്യവിരുദ്ധമായിരുന്നു. ‘കളിച്ചാൽ കളിപഠിപ്പിക്കു’മെന്ന അക്രമത്തിന്റെ ഭാഷ എന്നെ സ്​നേഹിക്കുകയും ആദരിക്കുകയും എന്റെ സ്​നേഹാദരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത സ്​ത്രീകളും കുട്ടികളും മുതിർന്നവരുമുള്ള അവരുടെ കുടുംബങ്ങളിൽപോലും ചോദ്യം ചെയ്യപ്പെടുമായിരുന്നു. ഇതെല്ലാം വിസ്​മരിക്കുമാറ് പദവിമോഹം അവരെ ഉന്മത്തരാക്കി. ഈ ഉന്മാദാവസ്​ഥയിലാണ് അവർ എന്റെ സത്യസന്ധതയെ സംശയിക്കുകയും വിശ്വാസ്യതയെ ചോദ്യംചെയ്യുകയും ചെയ്തത്.

ഐക്യസമിതിയുടെ സംഘടനാരൂപമോ നയപ്രഖ്യാപനരേഖയോ ഒരു മാറ്റത്തിനും വിധേയമല്ലെന്ന് ആരും കരുതിയിരുന്നില്ല. ഐക്യസമിതിതന്നെ എ.എൻ.എമ്മിന്റെ രൂപാന്തരമായിരുന്നു. ദലിത് ഐക്യവും സമുദായ രാഷ്ട്രീയ ഏകീകരണവും എന്ന ആശയമായിരുന്നു ഈ മാറ്റത്തിന്റെ അടിസ്​ഥാനം. ഈ ആശയത്തിന്റെ അടിസ്​ഥാനത്തിലാണ് ഐക്യസമിതി രൂപം കൊണ്ട്, വേരൂന്നിയത്. ദലിതർക്കിടയിൽ വളർന്നുനിൽക്കുന്ന ഫലമില്ലാത്ത വടവൃക്ഷങ്ങളിൽനിന്ന് ഐക്യസമിതിയെ വ്യത്യസ്​തമാക്കിയത് ഈ ആശയാടിത്തറയായിരുന്നു. സ്വഭാവികമായും അധഃസ്​ഥിത നവോത്ഥാന മുന്നണിയുടെ ചില ചിഹ്നങ്ങളുമായിട്ടാണ് ഐക്യസമിതി ജന്മംകൊണ്ടത്. അതിൽ പ്രധാനമായിരുന്നു മുന്നണിയുടെ സംഘടനാരൂപവും രാഷ്ട്രീയ ധാർമിക വിചാരങ്ങളും. നീണ്ടുനിൽക്കുന്ന ചർച്ചകളിലൂടെയും അഭിപ്രായസമന്വയത്തിലൂടെയുമാണ് ഐക്യസമിതി രൂപംകൊണ്ടത്.

ഈ ചർച്ചകളിലെ ഐക്യസമിതി രൂപവത്കരണ സമ്മേളനത്തിലോ ഒന്നും ഇത്തരം ചിഹ്നങ്ങൾ ഉഴിഞ്ഞുകളയണമെന്ന് ആരും ആവശ്യപ്പെട്ടില്ല. ഇതിനർഥം മാറ്റം പാടില്ലെന്നല്ല, തുറന്ന ചർച്ചകളിലൂടെയും അഭിപ്രായ സമന്വയത്തിലൂടെയുമാണ് മാറ്റം എന്നാണ്. സമിതിയിൽ അവശേഷിച്ചവനു മാത്രമല്ല, സമിതിക്കൊപ്പം സഞ്ചരിച്ച മുഴുവൻ ആളുകളെയും ഉൾക്കൊള്ളുവാൻ കഴിയുന്നതാകണമായിരുന്നു ഈ ചർച്ചകൾ. മാറ്റം വേണമെന്ന് പറഞ്ഞ പലരും വിപുലമായ ചർച്ചകളിലും പ്രശ്നങ്ങൾ പരിഹരിച്ച് സമുദായത്തിന് ഗുണകരമായ രീതിയിൽ ഒന്നിച്ചുപോകണമെന്ന് പറഞ്ഞുവെങ്കിലും അത് ഫലം കണ്ടില്ല. ഈ ആവശ്യം ഉന്നയിച്ചവരാകട്ടെ അതിൽ ഉറച്ചുനിന്നുമില്ല. അവർ വിട്ടുവീഴ്ചയുടെ പാതയിലായി. രാഷ്ട്രീയ ധിഷണയും വിവേകവും നഷ്​ടപ്പെട്ട ചില വ്യക്തികളുടെ ഒരു ചെറുകൂട്ടമായി ഐക്യസമിതി അധഃപതിച്ചു.

തങ്ങളുടെ നേതൃമോഹങ്ങൾക്കനുസൃതമായി സംഘടനയെ മാറ്റിയെടുക്കാൻ അവർ നടത്തിയ ശ്രമങ്ങളുടെ ഫലമായിരുന്നു ജോയന്റ് കൺവീനർ പദവി. സമിതി നേരിടുന്ന പ്രതിസന്ധികൾ മറികടക്കാൻ സംഘടനാപരമായ ഇത്തരം മാറ്റങ്ങൾകൊണ്ട് കഴിയില്ലെന്നറിയാമായിരുന്നിട്ടും ഒന്നിച്ചുപോകേണ്ടതിന്റെ പ്രാധാന്യം മൂലം വിട്ടുവീഴ്ച കാണിച്ചു.

എന്നാൽ, കൺവീനർ സിസ്റ്റത്തിനുള്ളിൽനിന്ന് ഒരു പ്രവർത്തനവും നടത്തുന്നതിനോട് തങ്ങൾക്ക് യോജിക്കാനാവില്ലെന്ന നിലപാടിലേക്ക് അവർ മാറിയിരുന്നു. പാഠപുസ്​തകവിവാദത്തിന് ഇടപെട്ടുകൊണ്ട് നടത്തുവാൻ നിശ്ചയിച്ച നവോത്ഥാന സന്ദേശയാത്രക്ക് ക്യാപ്റ്റനും വൈസ്​ ക്യാപ്റ്റനും വേണമെന്ന പിടിവാശി ഈ നിലപാട് മാറ്റത്തിന്റെ ഭാഗമായിരുന്നു. തങ്ങളുടെ പിടിവാശി അംഗീകരിക്കപ്പെടുന്നില്ലെന്നു കണ്ടപ്പോൾ ജാഥയോട് നിസ്സഹകരിക്കുവാൻ അവർ തീരുമാനിച്ചു. പ്രവർത്തകർക്കിടയിൽ കുത്തിത്തിരിപ്പുണ്ടാക്കി. ജാഥ സംഘടനാ തീരുമാനമല്ലെന്ന് പ്രചരിപ്പിച്ചു.

ചെങ്ങറ സമരത്തെ പിന്തുണച്ചുകൊണ്ട് ഐക്യസമിതിയുടെ നേതൃത്വത്തിൽ വൈക്കത്തുനിന്ന് സമരഭൂമിയിലേക്ക് നടത്തുവാൻ ആലോചിച്ച ഐക്യദാർഢ്യ മാർച്ച് ഇതുപോലുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ച് തടയുവാൻ ഇവർക്ക് കഴിഞ്ഞിരുന്നു. സംഘടനക്കുള്ളിൽ തന്നെ ഇത്തരമൊരു നിസ്സഹകരണം നിലനിന്ന പശ്ചാത്തലത്തിലാണ് ‘ജാതിവിരുദ്ധ മതനിരപേക്ഷ പാഠപുസ്​തകം നിലനിർത്തുക’ എന്ന മുദ്രാവാക്യമുയർത്തി 2008 ജൂലൈ 14 മുതൽ 19 വരെ ഗുരുവായൂരിൽനിന്ന് ഇരവിപുരത്തേക്ക് നവോത്ഥാന സന്ദേശയാത്ര നടത്തിയത്.

(തുടരും)

Tags:    
News Summary - km salim kumar biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.