ദേശീയ ജനാധിപത്യ വിപ്ലവത്തിന്റെ പാത അതല്ല

ജനകീയ ജനാധിപത്യ വിപ്ലവം എന്ന പരിപാടി സി.പി.എം ഉപേക്ഷിച്ച മട്ടാണ്. ‘കാലാനുസൃത’മായി മാത്രം തുടിക്കുന്ന ഒരു ഹൃദയമാണ് ഇപ്പോൾ ആ പാർട്ടിക്കുള്ളത്. സി.പി.ഐയുടെ ദേശീയ ജനാധിപത്യ വിപ്ലവം എന്ന പരിപാടിക്കാവട്ടെ പ്രസക്തി വർധിക്കുന്നു. ഡോ. അജയകുമാർ കോടോത്തിന്റെ നിരീക്ഷണമാണ് (മാധ്യമം ആഴ്ചപ്പതിപ്പ്, 26 മേയ് 2025).

സി.പി.ഐക്ക് നൂറു വയസ്സാകുന്ന സന്ദർഭത്തിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിൽ സംഭവിച്ച ശരിതെറ്റുകൾ ലേഖകൻ പരിശോധിക്കുന്നു. സി.പി.ഐക്ക് എങ്ങനെ തിരുത്താം എന്ന നിർദേശംവെക്കുന്നു. സി.പി.ഐക്കും സഹോദര കമ്യൂണിസ്റ്റ് പാർട്ടികൾക്കും രാഷ്ട്രീയ വിദ്യാർഥികൾക്കും ഏറെ സഹായകമാവുന്ന ഈ ലേഖനം ഗൗരവപൂർവമായ ചർച്ച ആവശ്യപ്പെടുന്നു. ലേഖനത്തിലെ ഏതെങ്കിലും ചില പരാമർശങ്ങളിൽ കൊളുത്തിവലിച്ചു ലേഖകനെ അധിക്ഷേപിച്ചാൽ അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങൾക്ക് മറുപടിയാവുമെന്ന് കരുതരുത്. ആ ചെപ്പടിവിദ്യയുടെ കാലം കഴിഞ്ഞു.

1978ലെ ഭട്ടിൻഡ കോൺഗ്രസ് തീരുമാനം സി.പി.ഐയുടെ സമ്പൂർണമായ കീഴടങ്ങലായി മാറിയെന്ന് അജയകുമാർ കരുതുന്നു. അതോടെ ദേശീയ ജനാധിപത്യ വിപ്ലവം എന്ന പരിപാടിയിൽനിന്ന് വ്യതിചലിക്കപ്പെട്ടു. സ്വന്തം പരിപാടി വീണ്ടെടുക്കാനും ദേശീയ ജനാധിപത്യത്തിന് മുഖ്യശത്രുക്കളായ ആർ.എസ്. എസിന്റെ നിയന്ത്രണത്തിലുള്ള ഫാഷിസ്റ്റ് സർക്കാറിനെതിരെ വിശാലമായ മുന്നണി ശക്തിപ്പെടുത്താനും സി.പി.ഐ തയാറാവണമെന്ന് ഡോ. അജയകുമാർ നിർദേശിക്കുന്നു. വരാനിരിക്കുന്ന പാർട്ടി കോൺഗ്രസ് ഇക്കാര്യം ചർച്ചചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

1925ലാണ് ഇന്ത്യൻ മണ്ണിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെയും ആർ. എസ്.എസിന്റെയും പിറവി. തുടർന്ന് രണ്ടുകൂട്ടരും കോൺഗ്രസിന് അകത്തും പുറത്തുമായി പ്രവർത്തിച്ചു. സി.പി.ഐ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ത്യാഗപൂർണമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടപ്പോൾ ആർ.എസ്.എസ് ഒരേസമയം സങ്കുചിത ദേശീയതയുടെയും കൊളോണിയൽ ഭക്തിയുടെയും പാത സ്വീകരിച്ചു. കോൺഗ്രസിൽ തീവ്ര ഹിന്ദുത്വ ധാരയെ പിറകിലാക്കുന്ന ഇടതുപക്ഷധാര ശക്തമായി. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയായും കമ്യൂണിസ്റ്റ് പാർട്ടിയായും സ്വതന്ത്രാസ്തിത്വം സ്ഥാപിച്ചു കഴിഞ്ഞതോടെ മുഖ്യധാരയിൽനിന്ന് അകലാൻ ഇടയാക്കിയ ശാഠ്യങ്ങൾ പരിശോധിക്കുന്നു ലേഖകൻ. ആർ.എസ്.എസ് ശക്തിപ്പെടുകയും കമ്യൂണിസ്റ്റ് പാർട്ടി ക്ഷീണിക്കാൻ ഇടയാക്കുകയുംചെയ്ത കാരണങ്ങൾ പഠിക്കുകയാണ് അദ്ദേഹം. കപട ദേശീയതയുടെ രാഷ്ട്രീയമുളകൾ കാണാതെ കോൺഗ്രസ് വിരുദ്ധതയുടെ കേവലവാദത്തിൽ കുരുങ്ങിപ്പോയത് പിശകായെന്ന് ലേഖനം നിരീക്ഷിക്കുന്നു.

സി.പി.എം തുടക്കം മുതൽ കോൺഗ്രസ് വിരുദ്ധ ശാഠ്യത്തിന്റെ അന്ധത പേറുന്നു. ഇപ്പോൾ ഫാഷിസം അധികാരത്തിൽ എത്തുമ്പോൾ ഫാഷിസമായില്ല എന്നു വാദിക്കാനും കോൺഗ്രസ് ഉന്മൂലനത്തിന് കൂട്ടുനിൽക്കാനുമാണ് സി.പി.എം ശ്രമിക്കുന്നത്. സി.പി.എമ്മിനോട് ചേർന്നുനിൽക്കുന്ന സി.പി.ഐയും ഈ പിശകിന്റെ ഭാഗമാവുകയാണ്. ദേശീയ ജനാധിപത്യ വിപ്ലവത്തിന്റെ പാത അതല്ല. രാജ്യം ഇന്ന് ആവശ്യപ്പെടുന്നത് സി. പി.ഐ നേരത്തേ സ്വീകരിച്ച നിലപാടുകളാണ്. അജയകുമാർ വിശദീകരിക്കുന്നു.

ചരിത്രവസ്തുതകളുടെയും രാഷ്ട്രീയ കാഴ്ചപ്പാടിന്റെയും പിൻബലത്തിൽ തന്റെ നിരീക്ഷണം അവതരിപ്പിക്കുകയാണ് ഡോ. അജയകുമാർ കോടോത്ത്. വിയോജിക്കാനും യോജിക്കാനും ആ നിരീക്ഷണങ്ങളെ നിശിതമായ പരിശോധനക്കും ചർച്ചക്കും വിധേയമാക്കാം. കമ്യൂണിസ്റ്റ് പാർട്ടികളുടെ ഭാവി സംബന്ധിച്ച സ്വപ്നങ്ങളും പ്രതീക്ഷകളും പുലർത്തുന്നവർ തീർച്ചയായും ഇതു വായിക്കണം. അജയൻ കോടോത്തിന് അഭിവാദ്യം.

(ഫേസ്​ബുക്ക്​)


Tags:    
News Summary - People's Democratic Revolution response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-01 02:00 GMT
access_time 2025-11-24 02:15 GMT
access_time 2025-11-17 02:00 GMT