കെ.എൻ. പണിക്കരുടെ ചരിത്രശാസ്ത്രം

ബഹുസ്വരതയും ജനാധിപത്യപരമായ അവബോധവും ദേശീയതയിൽ സ്വയമേ അന്തഃസ്ഥിതമായിരിക്കുന്നതല്ല. പകരം, ആധുനിക ദേശീയതയുടെ രൂപപ്പെടലിനെ സൂക്ഷ്മമായി മനസ്സിലാക്കാൻ തിരഞ്ഞെടുക്കുന്ന ചരിത്രശാസ്ത്രത്തിന്റെ ഉപലബ്ധിയാണ്. ഇതാണ് കെ.എൻ. പണിക്കരുടെ ചരിത്രശാസ്ത്രത്തിന്റെ കാതലായ വശം.ചരിത്രകാരൻ എന്നനിലയിൽ പ്രഫസർ കെ.എൻ. പണിക്കർ ഇന്ത്യയുടെ ആധുനിക-സമകാലിക-ധൈഷണിക ചരിത്രരചന മേഖലകളിലാണ് വിഹരിച്ചത്. ചരിത്രപരമായ ഭൗതികവാദത്തിന്റെ പരികൽപനകളെ അനുവർത്തനം ചെയ്തുകൊണ്ട് ആധുനികതയിലേക്കുള്ള സംക്രമകാലത്തെയാണ് ആദ്യരചനകളിൽ രേഖപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ദേശീയവും ജനകീയവുമായ പുത്തനുണർവുകളെ ചരിത്രമെഴുത്തിലേക്ക്...

ബഹുസ്വരതയും ജനാധിപത്യപരമായ അവബോധവും ദേശീയതയിൽ സ്വയമേ അന്തഃസ്ഥിതമായിരിക്കുന്നതല്ല. പകരം, ആധുനിക ദേശീയതയുടെ രൂപപ്പെടലിനെ സൂക്ഷ്മമായി മനസ്സിലാക്കാൻ തിരഞ്ഞെടുക്കുന്ന ചരിത്രശാസ്ത്രത്തിന്റെ ഉപലബ്ധിയാണ്. ഇതാണ് കെ.എൻ. പണിക്കരുടെ ചരിത്രശാസ്ത്രത്തിന്റെ കാതലായ വശം.

ചരിത്രകാരൻ എന്നനിലയിൽ പ്രഫസർ കെ.എൻ. പണിക്കർ ഇന്ത്യയുടെ ആധുനിക-സമകാലിക-ധൈഷണിക ചരിത്രരചന മേഖലകളിലാണ് വിഹരിച്ചത്. ചരിത്രപരമായ ഭൗതികവാദത്തിന്റെ പരികൽപനകളെ അനുവർത്തനം ചെയ്തുകൊണ്ട് ആധുനികതയിലേക്കുള്ള സംക്രമകാലത്തെയാണ് ആദ്യരചനകളിൽ രേഖപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ദേശീയവും ജനകീയവുമായ പുത്തനുണർവുകളെ ചരിത്രമെഴുത്തിലേക്ക് സമന്വയിപ്പിക്കാൻ ഗ്രാംഷിയുടെ സാംസ്കാരിക ഭൗതികവാദവും ഉൾക്കൊണ്ടു. ത്രിമാനസ്വഭാവമുള്ള ചരിത്രരചനയിൽ വർഗം, ദേശീയത, സംസ്കാരം എന്നിവ മുഖ്യ മൂലകങ്ങളായി. ആധുനിക ഇന്ത്യയെക്കുറിച്ചുള്ള സെക്കുലർ ചരിത്രരചനക്കുള്ള ഊടുംപാവുമായാണ് ചരിത്രനിബദ്ധമായ വസ്തുതകളെയും സംഭവങ്ങളെയും ചേർത്തുവെച്ചത്. മാർക്സിസ്റ്റ് ചരിത്രകാരായ ഇ.പി. തോംപ്സൺ, ക്രിസ്റ്റഫർ ഹിൽ എന്നിവരുടെ സ്വാധീനം കാണാം. വിഭജനാനന്തര ആധുനിക ഇന്ത്യയുടെ സന്ദർഭത്തിൽ ചരിത്രത്തിന്റെ സെക്കുലർ ലാക്ഷണിക വായന മതേതരമായ സാമൂഹികവ്യവസ്ഥയെക്കുറിച്ചുള്ള വിഭവവുമാണ്. ഇതാണ് കെ.എൻ. പണിക്കരുടെ ചരിത്രരചനക്ക് ആധാരമാകുന്ന സമീപനം.

ഈയൊരു വീക്ഷണകോണിനു പ്രാമുഖ്യം നൽകുന്നതിനാൽ കെ.എൻ. പണിക്കർ ചരിത്രശാസ്ത്രത്തെ സംബന്ധിച്ചുള്ള ചില നിഷ്ഠകളും നിലപാടുകളും വ്യതിചലനമില്ലാതെ പിന്തുടർന്നിരുന്നു. ആധുനിക ഇന്ത്യ ചരിത്രരചനയെ സംബന്ധിച്ച് മാർക്സിസ്റ്റ് ദേശീയവാദ ചരിത്രശാസ്ത്രത്തിനു എഴുപതുകൾ മുതൽക്കേ കീഴാളചരിത്രവും സൂക്ഷ്മ ചരിത്രരചനാരീതികളും വലിയ വെല്ലുവിളികൾ ഉയർത്തിത്തുടങ്ങിയിരുന്നു.

സുമിത് സർക്കാറിനെപ്പോലുള്ള മാർക്സിസ്റ്റ് രീതിശാസ്ത്രം പിന്തുടരുന്ന ചരിത്രകാരൻ കീഴാള ചരിത്രപഠനശാഖയോട് വിമർശനാത്മകമായ സൗഹൃദം പുലർത്തിയപ്പോൾ അതിൽനിന്നും വ്യതിരിക്തമായി ‘പഴയ’ ചരിത്രരചനാരീതിശാസ്ത്രത്തിന്റെ പാതതന്നെയാണ് കെ.എൻ. പണിക്കർ പിന്തുടർന്നത്. സെക്കുലർ മൂല്യങ്ങളെ ആധാരമാക്കിയുള്ള ആധുനിക ഇന്ത്യ ചരിത്ര രചനക്ക് ചരിത്രപരമായ ഭൗതികവാദത്തിലധിഷ്ഠിതമായ ആഖ്യാനാത്മക ചരിത്രമാണ് ഉൾക്കരുത്താകുന്നത് എന്നതിൽ കെ.എൻ. പണിക്കർക്ക് നിശ്ചയമുണ്ടായിരുന്നു. ആധുനിക ഇന്ത്യയുടെ സെക്കുലർ ആധാരശിലകൾ ആക്രമിക്കപ്പെട്ടപ്പോൾ ഈ നിലപാട് കൂടുതൽ ദൃഢമാക്കുകയും ചരിത്രത്തിന്റെ വികലവായനക്കെതിരെയും ആധുനിക ഇന്ത്യയുടെ രൂപവത്കരണത്തിന് ഹേതുവായ മതേതര മൂല്യബോധത്തെക്കുറിച്ചുമാണ് കൂടുതലും എഴുതിയതും പ്രസംഗിച്ചതും അഭിമുഖം നൽകിയതും.

ആധുനിക ഇന്ത്യാ ചരിത്രരചനയിൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ സത്യാസ്പദമായ ഒരു ബൃഹത് വീക്ഷണം സാധുവാണ് എന്ന വാദമുറപ്പിക്കാൻ എഴുതിയ ‘പഴയ’ ചരിത്രത്തെ പ്രതിരോധിച്ചുകൊണ്ടുള്ള ലേഖനം കെ.എൻ. പണിക്കരുടെ സമീപനത്തെ തെളിമയോടെ വ്യക്തമാക്കുന്നതാണ്. സ്ഥൂലമായ ചരിത്രസന്ദർഭവും സ്ഥൂലമായ സംഭവവികാസങ്ങളും വസ്തുതകളും സംയോജിക്കുമ്പോഴാണ് ചരിത്രകാരർക്ക് എന്തുകൊണ്ട് -Big Why- എന്ന് കെ.എൻ. പണിക്കർ അടിവരയിട്ടു പറയുന്ന ചോദ്യങ്ങൾ ചോദിക്കാൻ പറ്റുന്നത്. ഇതിനു വിപരീതമായി, പുതിയ എല്ലാ ചരിത്രരചന സമ്പ്രദായങ്ങളും –അതിനെയെല്ലാം ചേർത്ത് നിയോ-കൊളോണിയൽ എന്നാണ് കെ.എൻ. പണിക്കർ അവമതിക്കുന്നത്– സൂക്ഷ്മത്തെ സ്ഥൂലത്തിൽനിന്നും വേർപെടുത്തി സൂക്ഷ്മത്തിനെ ചരിത്രബദ്ധതയിൽനിന്ന് നിരാശ്രയമാക്കുന്നുവെന്നാണ് കെ.എൻ. പണിക്കർ വിമർശിക്കുന്നത്.

കഴിഞ്ഞകാലത്തെ വിശദമായ പരിശോധനക്ക് വിധേയമാക്കാതെ, അതിന്റെ പ്രാഥമികവും ദ്വിതീയവുമായ ഉപാദാനങ്ങളെ വിശകലനംചെയ്ത് ചരിത്രരചന നടത്തുന്നതിനു പകരമായി ചിത്രത്തെക്കുറിച്ചുള്ള പര്യാലോചനകൾ മാത്രമാകുമ്പോൾ ചിത്രകാരന്റെ കർത്തവ്യംതന്നെ നിരർഥകമാകുന്നുവെന്നാണ് കെ.എൻ. പണിക്കർ വ്യാധികൊള്ളുന്നത്. ചരിത്രരചനാശാസ്ത്രത്തെക്കുറിച്ചുള്ള പുനർവിലയിരുത്തലുകൾ വാസ്തവത്തിൽ ചരിത്രത്തിന്റെതന്നെ നിഷേധമാകുന്നുവെന്നത് അതിശയോക്തിപരമായ നിരീക്ഷണമാണ്. ആർക്കൈവ്സിൽനിന്നും എന്ത് ശേഖരിക്കുന്നുവെന്നും അതിൽനിന്ന് എന്ത് കണ്ടെത്തുന്നുവെന്നതും ചരിത്രശാസ്ത്രപരമായ ഒരു പ്രശ്നമാണ്. എന്നാൽ, ഈ വലിയ കാഴ്ചപ്പാടിൽ (Big why- Perspective) സൂക്ഷ്മചരിത്രം ശിഥിലീകരണമായി മാറുന്നത് (fragmentary) ദേശീയതയെക്കുറിച്ചുള്ള നടപ്പുധാരണകളെ ഉൾക്കൊള്ളുന്നില്ല എന്ന കാരണത്താലാണ്.

കെ.എൻ. പണിക്കർ നിയോകൊളോണിയൽ എന്നു വിവക്ഷിക്കുന്ന ചരിത്രരചനാരീതി അമർച്ചചെയ്യപ്പെട്ട ചരിത്രവസ്തുതകളെ പുറത്തുകൊണ്ടുവരുന്നു​വെന്നാല്ലാതെ പ്രശ്നം അതു സാമൂഹികമായ വിദ്വേഷങ്ങൾക്ക് മൂർച്ച പകരുന്നില്ല. യഥാർഥത്തിൽ ദേശീയതയെക്കുറിച്ചുള്ള ബൃഹത് ഗാഥകളാണ് മതവിദ്വേഷപരമായ സംഘർഷങ്ങൾക്ക് പ്രേരണയാകുന്നത്. ചരിത്രപരമായ വസ്തുതകൾ അത്തരം ചരിത്രരചനകൾക്ക് അവലംബമാകുന്നുമില്ല. മിഥ്യാബോധ്യങ്ങളെ അടിസ്ഥാനമാക്കി ബദൽ വസ്തുതകളെ മെനഞ്ഞുകൊണ്ടാണ് അത്തരം ചരിത്രരചനകൾ നിർവഹിക്കപ്പെടുന്നത്. അതേസമയം, സൂക്ഷ്മചരിത്രം വെളിച്ചത്തുകൊണ്ടുവരുന്നത് ബോധപൂർവമോ അബോധപൂർവമോ അവഗണിക്കപ്പെട്ട ചരിത്രസംഭവങ്ങളും വസ്തുതകളുമാണ്. ഈ അവഗണനയെക്കുറിച്ചുള്ള പര്യാലോചനകളാണ് ചരിത്രശാസ്ത്രത്തെക്കുറിച്ചുള്ള പുനർവിലയിരുത്തലുകളാകുന്നത്.

സെക്കുലർ ചരിത്രശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ കെ.എൻ. പണിക്കർ സൂക്ഷ്മ ചരിത്രവും സ്വത്വവാദവീക്ഷണങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളും അനാവരണം ചെയ്യുന്നുണ്ട്. ഒരു ജാതിയോ സമൂഹമോ അതിന്റെ ഭൗതികപ്രാപ്തിയിൽ ഏകീകൃതമല്ല (homogenous) എന്നു കെ.എൻ. പണിക്കർ പറയുന്നു. ഏകീകൃതമല്ലാത്തതിനാൽ ആചാരപരമായ സ്വത്വത്തിന് വിധേയമായിരിക്കെതന്നെ ഓരോ വിഭാഗത്തിലും ഒന്നിലധികം അവബോധങ്ങൾ ഉൾച്ചേർന്നിരിക്കുന്നുവെന്നും ഇതാണ് ചരിത്രകാരന്റെ നോട്ടത്തിൽ തെളിയേണ്ടതെന്നും കെ.എൻ. പണിക്കർ വാദിക്കും. ഏകീകൃതമായ സ്വത്വത്തെ അതിലംഘിക്കുന്ന ഈ സമ്മിശ്ര അവബോധങ്ങളാണ് സെക്കുലർ ചരിത്രരചനക്ക് അന്തർധാരയാകുന്നത്. കേരള ചരിത്രത്തെ ഉദാഹരിച്ചുകൊണ്ട് കെ.എൻ. പണിക്കർ പറയുന്നത് കേരളത്തിൽ നായർ, ഈഴവ, മാപ്പിള എന്നിവർ സ്വത്വത്തിന്റെ ഒരു മാനം മാത്രമേ പ്രതിഫലിപ്പിക്കുകയുള്ളൂവെന്നും ഈ വിഭാഗങ്ങളിലെ അംഗങ്ങൾക്കുള്ള മറ്റ് നിരവധി സംയുക്തതകൾ ഒഴിവാക്കപ്പെടുന്നുവെന്നുമാണ്. കെ.എൻ. പണിക്കരുടെ സെക്കുലർ ചരിത്രരചനയുടെ സാംസ്കാരിക മാനത്തിന് അടിസ്ഥാനമാകുന്നത് കൃത്യതയാർന്ന ഈ ദർശനമാണ്. സ്വത്വത്തെ അതിനിർണയ ഘടകമാക്കുന്നതിനു പകരമായി സ്വത്വത്തിൽ നിലീനമായ ബഹുലതകൾ സെക്കുലർ ചരിത്രകാരനു ദർശനീയമാകണമെന്നാണ് കെ.എൻ. പണിക്കർ അടിവരയിടുന്നത്.

സെക്കുലർ ചരിത്രദർശനത്തിന് ഏറ്റവും അനുയോജ്യമാകുന്നത് മാർക്സിസ്റ്റ് ചരിത്രരചനാരീതിയാണെന്നും കെ.എൻ. പണിക്കർ പറയുന്നു. കെ.എൻ. പണിക്കർ സെക്കുലർ ചരിത്രകാരൻ എന്നനിലയിൽ ഹിന്ദുത്വ വർഗീയതക്കെതിരെ സ്വീകരിച്ച ധീരമായ നിലപാടുകൾ ചരിത്രപരമായ ഭൗതിക കാഴ്ചപ്പാടിൽ ഊന്നിനിന്നുകൊണ്ടുള്ളതാണ്. ഗ്രാംഷിയൻ ദേശീയ-ജനകീയ സമീപനം സ്വീകരിക്കുന്നത് ബഹുജനത്തെ ഒരേകീകൃത സംഘമായി കണ്ടു കാൽപനികവത്കരിക്കാനല്ല, പകരം ബഹുജനത്തിന്റെ വർഗപരമായ അസ്തിത്വത്തെക്കൂടി അടയാളപ്പെടുത്തി ഉൽപാദനപ്രക്രിയയിൽ അവരുടെ സ്ഥാനത്തെ രേഖപ്പെടുത്താനാണെന്നും ഇതു ചരിത്രരചനാശാസ്ത്രത്തിനു ഉപോൽബലകമായ ഒരാശയമാണെന്നും കെ.എൻ. പണിക്കർ വ്യക്തമാക്കുന്നുണ്ട്.

 

കെ.എൻ. പണിക്കർ ചരിത്രരചനയിൽ ഉടനീളം പിന്തുടർന്ന മാർക്സിസ്റ്റ്-ഗ്രാംഷിയൻ രീതിശാസ്ത്രത്തിന്റെ ആപ്ലിക്കേഷനാണ് കെ.എൻ. പണിക്കരുടെ ഏറ്റവും ആദ്യത്തെ ചരിത്രപഠനഗ്രന്ഥമായ ‘മലബാർ കലാപം പ്രഭുത്വത്തിനും ഭരണകൂടത്തിനുമെതിരെ’ (Against Lord and State) എന്നത്. എബി കോശിയുടെ മലയാള വിവർത്തനത്തിന്റെ ടൈറ്റിൽ ‘പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ’ എന്നാണ്. വാസ്തവത്തിൽ മലബാർ ബ്രിട്ടീഷ് പ്രവിശ്യയായിരുന്നു. ഇവിടെ നിലനിന്നിരുന്നത് കൊളോണിയൽ സ്റ്റേറ്റാണ്. കോളനിഭരണം ബ്രിട്ടന്റെ രാജവാഴ്ചയാണ് എന്ന അടിസ്ഥാനത്തിൽ രാജവാഴ്ചക്കെതിരെയുള്ള കലാപം എന്ന നിഗമനത്തിലാകാം ഇങ്ങനെ ടൈറ്റിൽ നൽകിയത്.

സ്റ്റീഫൻ ഡേലിന്റെയും കോൺറാഡ് വുഡിന്റെയും പഠനരീതിശാസ്ത്രത്തോടുള്ള വിമർശനവുമാണ് കെ.എൻ. പണിക്കരുടെ ചരിത്രപഠനം. ഗ്രാംഷിയൻ സങ്കൽപനമായ പാരമ്പര്യബുദ്ധിജീവികൾ മത ആത്മീയ നേതാക്കൾക്ക് നൽകിക്കൊണ്ട് പരമ്പരാഗത സമൂഹത്തിൽ അവർ നിർവഹിക്കുന്ന കർത്തവ്യം കൂടുതൽ തെളിമയോടെ വിശദീകരിക്കുന്നുണ്ട് കെ.എൻ. പണിക്കർ. പ്രസ്തുത രചനയിൽ വർഗം, സംസ്കാരം, ആധുനിക കൊളോണിയൽ വിരുദ്ധ ദേശീയത എന്ന ത്രിമാന ചരിത്രപരിപ്രേക്ഷ്യം സംയോജിക്കുന്നുണ്ട്. അതേസമയം, മലബാർ കലാപത്തെക്കുറിച്ചുള്ള ആഖ്യാനാത്മക ചരിത്രവുമായും വർത്തിക്കുന്നു. കെ.എൻ. പണിക്കരുടെ ചരിത്രരചന വ്യത്യസ്തമാകുന്നത് കലാപത്തിന്റെ സങ്കീർണസ്വഭാവത്തെ മനസ്സിലാക്കാൻ മുൻചൊന്ന മാതൃകയായ മത പ്രത്യയശാസ്ത്രത്തെയും സാമ്പത്തിക കാരണങ്ങളെയും ഭേദിച്ചുകൊണ്ടും അവയെ വേറിട്ടുകാണാതെയും, അതേസമയം മുസ്‍ലിം കലാപകാരികളിൽ കൊളോണിയൽ വിരുദ്ധമായ ആശയം പ്രചരിപ്പിക്കാൻ ഉലമാക്കൾ, മുസ്‍ലിയാന്മാർ തുടങ്ങിയ പാരമ്പര്യബുദ്ധിജീവികളുടെ സ്വാധീനവും അന്വേഷിക്കുന്നതിലൂടെയാണ്.

കലാപത്തിലെ മതപരമായ സ്വാധീനത്തെക്കുറിച്ച് ഗ്രാംഷിയൻ രീതിയവലംബിച്ചുകൊണ്ടുള്ള വിശകലനത്തിന്റെ സവിശേഷമായ ഉൾക്കാഴ്ച മതസംഘാടനത്തിൽ ഏറ്റവും സുപ്രധാനമായി തീർന്ന ഐക്യബോധത്തിന്റെ ഘടകത്തെക്കുറിച്ചുള്ളത് കെ.എൻ. പണിക്കരുടെ നിരീക്ഷണമാണ്. ആ വരികൾ ഇവിടെ പകർത്തുന്നതിനുമുമ്പ് ഒരുകാര്യം സൂചിപ്പിക്കട്ടെ, ഏതൊരു കാലത്തെയും രാഷ്ട്രീയപ്രവർത്തനത്തിന് നിർണായകമാണ് സാമൂഹികാവബോധത്തെ ജ്വലിപ്പിച്ചുകൊണ്ടുള്ള ഐക്യദാർഢ്യം എന്നുള്ളത്. ഐക്യദാർഢ്യത്തിനു അന്തർഹിതമായി വർത്തിക്കുന്നത് തിരശ്ചീനമായ ഒരുമയാണ്. മതേതര രാഷ്ട്രീയത്തിനും ഇതു പ്രസക്തമാണ്. കെ.എൻ. പണിക്കരുടെ വാക്കുകളിലേക്ക്:

‘അസംതൃപ്തിയെ പ്രക്ഷോഭമാക്കി പരിവർത്തിപ്പിക്കാൻ കഴിയുമാറ് ആശയപദ്ധതിയായി വർത്തിച്ചത് മതമാണെങ്കിലും മാപ്പിള സമുദായത്തിനകത്തെ ഒരുമ സാരാംശത്തിൽ വിലങ്ങനെ (സമാനകക്ഷിയിലുള്ളവരുമായിട്ട്) ആയിരുന്നു; കുത്തനെ (മേൽ-കീഴ് വർഗങ്ങളുമായിട്ട്) ആയിരുന്നില്ല. എങ്കിലും കലാപകാരികളായ നാട്ടിൻപുറത്തെ പാവങ്ങൾ ഒരു സാമ്പത്തിക വർഗമായി സ്വയം മാറിക്കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും, അവർക്ക് തങ്ങളുടെ ശത്രു ആരെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്നു തോന്നുന്നു. തങ്ങളാര് എന്നതിനേക്കാൾ തങ്ങളുടെ ശത്രുക്കളാര് എന്നതിലധിഷ്ഠിതമായ വർഗനിർവചനം ഉൾക്കൊണ്ട ഒരു നിഷേധാത്മക വർഗാവബോധമായിരുന്നു അവരുടേത്.’’

അവർ എന്ന് അഭിസംബോധന ചെയ്യുന്ന മാപ്പിളമാർ മാർക്സിസ്റ്റ് സങ്കൽപനത്തിന് അനുരൂപമാകും വിധം ഒരു വർഗമായിമാറിയിട്ടെങ്കിലും വർഗപരമായ അസ്തിത്വത്തിനു നിദാനമായ സുപ്രധാന ഘടകങ്ങൾ കലാപകാരികൾക്ക് ഉണ്ടായിരുന്നു. ഒന്നു, തീരശ്ചീനമായ സാമൂഹിക ഐക്യം. രണ്ട്, കൊളോണിയൽ വിരുദ്ധ രാഷ്ട്രീയ അവബോധം. കീഴാള ചരിത്രപഠന രീതിശാസ്ത്രവുമായി ഒരുവേള ചേർന്നുപോവുന്നുണ്ട് ഈ കണ്ടെത്തൽ. അതേസമയംതന്നെ, വർഗാവബോധത്തിന്റെ അഭാവമാണ് ക്ലാസിക്കൽ മാർക്സിസ്റ്റ് രീതിശാസ്ത്രമനുസരിച്ച് കലാപകാരികളുടെ പരിമിതി ഗ്രാംഷി സൂക്ഷ്മ / കീഴാള ചരിത്രപഠനശാഖക്ക് ഏറ്റവും പ്രധാനപ്പെട്ട ചിന്തകനാണ്. കെ.എൻ. പണിക്കർ കീഴാളത്വം നിർവാഹകത്വമായി പരിഗണിക്കാതെ രാഷ്ട്രീയ-പൂർവ (pre-political) എന്ന ഹോബ്സ്ബാമിന്റെ മാർക്സിസ്റ്റ് ചരിത്രശാസ്ത്രത്തിന്റെ പരികൽപനാപരിധികളിലാണ് തന്റെ സമീപനത്തെ പരിമിതപ്പെടുത്തുന്നത്.

വർഗാവബോധത്തിലേക്ക് വികസ്വരമാകാത്തത് ആധുനികതയിലേക്കുള്ള പരിവർത്തനം പൂർത്തീകരിക്കാത്തതിനാലാണ്. ആധുനികാവബോധത്തിലേക്ക് ദേശീയതയുടെ വികാസമാണ് സെക്കുലർ രാഷ്ട്രീയസംസ്കാരത്തെ പ്രചോദിപ്പിക്കുന്നതിനു മുഖ്യഹേതുവെന്നാണ് കെ.എൻ. പണിക്കരുടെ വിലയിരുത്തൽ. സെക്കുലർ ചരിത്രാവബോധത്തിൽ അന്തർലീനമായിരിക്കുന്നത് മതപാരമ്പര്യത്തോടുള്ള വിമർശനവും അനന്തരഫലമെന്ന നിലയിൽ മതപാരമ്പര്യത്തിൽനിന്നുള്ള വിമുക്തിയുമാണ്. ഇത് സംശയലേശമ​േന്യ കെ.എൻ. പണിക്കർ വിശദീകരിക്കുന്നുണ്ട്. ഭൂരിപക്ഷ വർഗീയതക്കെതിരെയുള്ള കെ.എൻ. പണിക്കരുടെ നിലപാടുകൾ മേൽചൊന്ന വീക്ഷണത്തെ ആധാരമാക്കിയുള്ളതാണ്. മതനിരാസത്തോടാണ് ആധുനികതയുടെ ആഭിമുഖ്യം. കെ.എൻ. പണിക്കർ കൃത്യതയോടെ ഊന്നുന്നതും ഈയൊരു കാഴ്ചപ്പാടാണ്. തന്റെ ചരിത്രരീതിശാസ്ത്രത്തിനും നിദാനമാകുന്നത് ഇതുതന്നെ.

 

ഇന്ത്യൻ സങ്കൽപത്തിലുള്ള സെക്കുലറിസം പത്തൊമ്പതാം നൂറ്റാണ്ടിലെ ബൂർഷ്വാ സാമൂഹികഘടനയുടെ പിറവിയോടൊപ്പം രൂപപ്പെട്ട പരിഷ്‌കരണ പ്രവണതമാത്രമാണെന്ന് കെ.എൻ. പണിക്കർ നിരീക്ഷിക്കുന്നുണ്ട് (Formation of Cultural Consciousness എന്ന ലേഖനത്തിൽ). പാരമ്പര്യവുമായി പൂർണമായും വിച്ഛേദിക്കാത്തതാണ് ഇന്ത്യൻ സങ്കൽപത്തിലെ സെക്കുലറിസം. മതപരമായ ഘടനക്കുള്ളിലാണ് ഇന്ത്യൻ സെക്കുലറിസം വർത്തിക്കുന്നത് എന്നതിനാൽ അതിൽ അന്തർലീനമായ വൈരുധ്യം മതാത്മകതയുടെ പുനരുദ്ധാരണത്തിന് എപ്പോഴും സാഹചര്യമൊരുക്കുന്നു.

കെ.എൻ. പണിക്കർ ഇതിനു പരിഹാരമായി നിർദേശിക്കുന്നത് കറകളഞ്ഞ ആധുനികതയുടെ പരിപ്രേക്ഷ്യമാണ്: ‘‘ഈ പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടാനുള്ള ഏകമാർഗം മതവുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലും മതത്തെ പൂർണമായും വിമർശിച്ചും അതിന്റെ അന്തിമനിഷേധം ലക്ഷ്യമാക്കി; മാർക്സിന്റെ വാക്കുകളിൽ പറഞ്ഞാൽ, ‘‘ഒരു ദൃഢമായ പോസിറ്റിവ്, നിർമാർജനമാണ്. മതേതരത്വത്തിന് യഥാർഥത്തിൽ നിലനിൽക്കാൻ കഴിയുന്ന ഒരേയൊരു അടിത്തറ അതാണ്.’’ മതവുമാകാം, ആത്മീയതയുമാകാം കമ്യൂണിസവുമാകാം, എല്ലാം ഒപ്പിച്ചു ഒപ്പിച്ചുവെക്കാം എന്ന സമീപനത്തിലായിരുന്നില്ല കെ.എൻ. പണിക്കർ സെക്കുലറിസത്തെ വിശദീകരിച്ചിരുന്നത്. കെ.എൻ. പണിക്കരുടെ പ്രസ്തുത ചരിത്ര ശാസ്ത്രയുക്തിയാണ് ചരിത്രത്തിന്റെ വർഗീയവത്കരണത്തെ പ്രതിരോധിക്കാനും പ്രധാന ആശയമാകുന്നത്.

സമീപകാലങ്ങളിൽ കെ.എൻ. പണിക്കർ നടത്തിയ ഒരു പ്രഭാഷണം ബി.ജെ.പി സർക്കാറിന്റെ മുൻകൈയിൽ നടക്കുന്ന ചരിത്രത്തിന്റെ പുനരെഴുത്തിനെ കുറിച്ചാണ്. ചരിത്രത്തിന്റെ പുനർരചനയുടെ അക്കാദമികമായ പ്രസക്തിയും അതിനുപയുക്തമാകേണ്ട മാനദണ്ഡങ്ങളും വിശദീകരിച്ചുകൊണ്ട് കെ.എൻ. പണിക്കർ ചരിത്രരചനാപ്രക്രിയിൽ ഹിന്ദുമത പുനരുത്ഥാനവാദികൾ അവലംബമാക്കുന്ന സംസ്കാരത്തിന്റെ മിത്തീകരണം സൃഷ്ടിക്കുന്ന വിഭജനയുക്തിയും ചരിത്രപഠനത്തിന്റെ തന്നെ ജഡിലീകരണവും തുറന്നുകാണിക്കുന്നു. ഹിന്ദു വർഗീയതയുടെ ലോകവീക്ഷണത്തിലും രാഷ്ട്രീയത്തിലും ചരിത്രത്തിന്റെ മതപരമായ വ്യാഖ്യാനത്തിനു സവിശേഷമായൊരു അർഥമുണ്ട്.

അത് കൊളോണിയൽ അനുമാനങ്ങളിൽ ഭൂരിഭാഗവും ഉൾക്കൊള്ളുന്നുണ്ടെങ്കിൽപോലും, പ്രധാനമായും സാമൂഹിക വിഭജനങ്ങളെ ഊന്നിപ്പറയുന്ന കൊളോണിയൽ ചരിത്രത്തിൽനിന്ന് വ്യത്യസ്തമാണ്. യവനരുടെയും മുസ്‍ലിംകളുടെയും സ്വേച്ഛാധിപത്യത്തെ വിളിച്ചോതുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനോടൊപ്പം സാമൂഹിക വിഭജനത്തിലും രാഷ്ട്രീയ ശത്രുതയിലുമുള്ള ഊന്നലിലാണ് ഹിന്ദു വർഗീയത കൊളോണിയൽ വർഗീയതയിൽനിന്ന് വ്യത്യസ്തമാകുന്നത്. ആധുനിക ഇന്ത്യയുടെ ചരിത്രപരമായ രൂപവത്കരണത്തിന്റെ സൃഷ്ടിയാണ് ബഹുസ്വര സംസ്കാരം.

അതു പൂർവകാലങ്ങളിൽനിന്നുള്ള ഉപഹാരമല്ല. ഹിന്ദു വർഗീയതയുടെ മിത്തീകൃത ചരിത്രം ആധുനികതയുടെയും തദ്വാരാ ബഹുസ്വര സംസ്കാരത്തിന്റെയും നിഷേധമായി മാറുന്നു. കൊളോണിയൽ വിരുദ്ധ ദേശീയസമരത്തിന്റെ അനന്തരസൃഷ്ടിയാണ് ബഹുസ്വരത. ഇന്ത്യയുടെ ഈ സവിശേഷത, അതായത്, ബഹുസ്വരതയും ജനാധിപത്യപരമായ അവബോധവും ദേശീയതയിൽ സ്വയമേ അന്തഃസ്ഥിതമായിരിക്കുന്നതല്ല, പകരം ആധുനിക ദേശീയതയുടെ രൂപപ്പെടലിനെ സൂക്ഷ്മമായി മനസ്സിലാക്കാൻ തിരഞ്ഞെടുക്കുന്ന ചരിത്രശാസ്ത്രത്തിന്റെ ഉപലബ്ധിയാണ്. ഇതാണ് കെ.എൻ. പണിക്കരുടെ ചരിത്രശാസ്ത്രത്തിന്റെ കാതലായ വശം. ചരിത്രശാസ്ത്രമാണ് ലെൻസ്. ദേശീയതയുടെ ​െഫ്രയ്മിനേക്കാൾ കാഴ്ചക്ക് കൃത്യതനൽകുന്നത് ലെൻസാണ്.

=====================

1. In defense of ‘old history’, EPW, Oct 1,1994, Vol 29, no.40

2. കെ.എൻ. പണിക്കർ, മലബാർ കലാപം, പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ, ഡി.സി, 2020

3. Colonialism, Culture and Resistance, OUP, 2015

Tags:    
News Summary - K. N. Panikkar memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.