ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട കൊളോണിയൽ കോടതിവിധികൾ

തിരുവിതാംകൂറിൽ അവർണർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കപ്പെട്ടത് നീണ്ട പോരാട്ടങ്ങളുടെ ഫലമായാണ്. പലതവണ കോടതിയിൽ വിഷയം എത്തി. 1934ൽ പ്രസിദ്ധീകരിച്ച ക്ഷേത്രപ്രവേശന എൻക്വയറി കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിക്കുന്ന ലേഖകൻ അതിലെ കോടതിവിധികൾ എടുത്തുകാട്ടുന്നു. ക്ഷേത്രപ്രവേശനം അനുവദിക്കാനായി തിരുവിതാംകൂർ സർക്കാർ 1932ൽ ഒരു ക്ഷേത്രപ്രവേശന എൻക്വയറി കമ്മിറ്റി രൂപവത്കരിക്കുകയുണ്ടായി. ദിവാൻ ബഹദൂർ വി.എസ്. സുബ്രഹ്മണ്യ അയ്യരായിരുന്നു ഈ കമ്മിറ്റിയുടെ പ്രസിഡന്റ്. ഹൈകോടതി ജഡ്ജിയായിരുന്ന കെ. പരമേശ്വരൻ പിള്ള, റിട്ട. ലാൻഡ് റവന്യൂ കമീഷണറായിരുന്ന കെ. അനന്തനാരായണ അയ്യർ, റിട്ട. ജില്ല ജഡ്ജി എം. ഗോവിന്ദൻ, റിട്ട....

തിരുവിതാംകൂറിൽ അവർണർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കപ്പെട്ടത് നീണ്ട പോരാട്ടങ്ങളുടെ ഫലമായാണ്. പലതവണ കോടതിയിൽ വിഷയം എത്തി. 1934ൽ പ്രസിദ്ധീകരിച്ച ക്ഷേത്രപ്രവേശന എൻക്വയറി കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിക്കുന്ന ലേഖകൻ അതിലെ കോടതിവിധികൾ എടുത്തുകാട്ടുന്നു.

ക്ഷേത്രപ്രവേശനം അനുവദിക്കാനായി തിരുവിതാംകൂർ സർക്കാർ 1932ൽ ഒരു ക്ഷേത്രപ്രവേശന എൻക്വയറി കമ്മിറ്റി രൂപവത്കരിക്കുകയുണ്ടായി. ദിവാൻ ബഹദൂർ വി.എസ്. സുബ്രഹ്മണ്യ അയ്യരായിരുന്നു ഈ കമ്മിറ്റിയുടെ പ്രസിഡന്റ്. ഹൈകോടതി ജഡ്ജിയായിരുന്ന കെ. പരമേശ്വരൻ പിള്ള, റിട്ട. ലാൻഡ് റവന്യൂ കമീഷണറായിരുന്ന കെ. അനന്തനാരായണ അയ്യർ, റിട്ട. ജില്ല ജഡ്ജി എം. ഗോവിന്ദൻ, റിട്ട. ദിവാൻ പേഷ്കാരും മഹാകവിയുമായ ഉള്ളൂർ എസ്. പരമേശ്വര അയ്യർ, ഹൈകോടതി വക്കീലായിരുന്ന ടി.കെ. വേലുപിള്ള, ടി. കേശവൻ ശാസ്ത്രി, തരണനെല്ലൂർ നമ്പൂതിരിപ്പാട് നോമിനേറ്റ് ചെയ്ത പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ, തന്ത്രിയായ പറമ്പൂരില്ലം ബ്രഹ്മശ്രീ ചിങ്ങൻ നാരായണൻ ഭട്ടതിരിപ്പാട് എന്നിവരായിരുന്നു എൻക്വയറി കമ്മിറ്റിയിലെ അംഗങ്ങൾ. 1934ൽ പ്രസിദ്ധീകരിച്ച ക്ഷേത്രപ്രവേശന എൻക്വയറി കമ്മിറ്റിയുടെ റിപ്പോർട്ട് കേരള ചരിത്രപഠനത്തിലേക്ക് വെളിച്ചം വീശുന്ന അമൂല്യരേഖയാണ്. ക്ഷേത്രപ്രവേശന കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം അധ്യായത്തിൽ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ഇന്ത്യയിലെയും തിരുവിതാംകൂറിലെയും കോടതികൾ സ്വീകരിച്ച നിലപാടുകൾ ഇതിൽ വിശദീകരിക്കുന്നുണ്ട്.

ആചാരത്തിന് നിയമത്തിന്റെ ശക്തി

പല സന്ദർഭങ്ങളിലും നിയമം എന്നത് ക്രോഡീകരിക്കപ്പെട്ട ആചാരമാണെന്ന ആമുഖത്തോടെ വിവരണം ആരംഭിക്കുന്ന റിപ്പോർട്ട് (Report of the Temple Entry Enquiry Committee, 1934) ഹിന്ദുനിയമത്തിൽ സാധുവായ ഒരു ആചാരത്തിന് നിയമത്തിന്റെ പൂർണശക്തിയുണ്ടെന്ന് വ്യക്തമായ അംഗീകാരമുണ്ടെന്ന് സപ്ഷടമാക്കുന്നു. (‘‘In the Hindu Law especially, there is express authority that a valid custom has the full force of law’’). ക്ഷേത്രപ്രവേശനത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ കോടതികൾ ആചാരനിയമത്തെ അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

ആഗമങ്ങളും തന്ത്രഗ്രന്ഥങ്ങളും അവർണരുടെ ക്ഷേത്രപ്രവേശനം നിരോധിക്കുകയും അത്തരം പ്രവേശനം ക്ഷേത്രത്തിനും അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവതക്കും അശുദ്ധി വരുത്തുന്നതായി കണക്കാക്കുകയും ചെയ്യുന്നു. അവർണർ പ്രവേശിക്കുന്നതിലൂടെ ക്ഷേത്രം അശുദ്ധമാകുന്നു എന്നാണ് വാദമെന്ന് സാരം.

ആരാധനാലയങ്ങളെ അശുദ്ധീകരിക്കുന്ന പ്രവൃത്തികളെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (Indian Penal Code) 295ാം വകുപ്പും തിരുവിതാംകൂർ ശിക്ഷാ നിയമത്തിലെ 294ാം വകുപ്പും ഉള്ളടങ്ങിയ ക്രിമിനൽ നിയമം കുറ്റകരമായാണ് കണ്ടത്. ഏതെങ്കിലും ആരാധനാലയമോ ഒരു വിഭാഗം ആളുകൾ പവിത്രമായി കരുതുന്ന വസ്തുവോ നശിപ്പിക്കുകയോ കേടുവരുത്തുകയോ അശുദ്ധമാക്കുകയോ ചെയ്യുകയോ, അതുവഴി മതത്തെ അപമാനിക്കുകയെന്ന ഉദ്ദേശ്യമുണ്ടാക്കുകയോ ചെയ്യുമ്പോൾ രണ്ടുവർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരുമെന്ന നിയമം കമ്മിറ്റി റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ട്.

ബ്രിട്ടീഷ് ഇന്ത്യയിലെയും തിരുവിതാംകൂറിലെയും കോടതികൾ അവർണർ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നത് അശുദ്ധമായി കണക്കാക്കി വിധികൾ പുറപ്പെടുവിച്ചിരുന്നു. 1885ൽ മദ്രാസ് ഹൈകോടതിയിലെ ജസ്റ്റിസ് മുത്തുസാമി അയ്യർ അശുദ്ധീകരണം എന്നതിൽ ആചാരപരമായ അശുദ്ധീകരണവും ഉൾപ്പെടും എന്ന് വിധിച്ചു (p.35). ഈ വിധി പിന്നീട് ബ്രിട്ടീഷ് ഇന്ത്യയിലെ കോടതികൾ പിന്തുടരുകയാണുണ്ടായത്. ഈ നിയമം അനുസരിച്ച് ഒരു മഹർ വിഭാഗക്കാരൻ ക്ഷേത്രത്തിൽ പ്രവേശിച്ചത് അശുദ്ധീകരണമായി കണക്കാക്കി (‘‘This ruling has been consistently followed in latest decisions since in British India. One of the decisions is in 25 Law Journal, page 155, where the entry of a Mahar into a temple was considered to cause defilement’’).

കടയ്കാവൂർ ക്ഷേത്രത്തിൽ ഈഴവർ പ്രവേശിച്ചത് കുറ്റം

മദ്രാസ് ഹൈകോർട്ടിലെ ജസ്റ്റിസ് മുത്തുസാമി അയ്യരുടെ അശുദ്ധീകരണത്തിന്റെ വ്യാഖ്യാനം പിന്തുടർന്നുകൊണ്ട് കടയ്ക്കാവൂർ ക്ഷേത്രത്തിൽ ചില ഈഴവർ പ്രവേശിച്ചത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294ാം വകുപ്പു പ്രകാരം ക്രിമിനൽ കുറ്റകരമാണെന്ന് തിരുവിതാംകൂർ ഹൈകോടതി വിധിച്ചു. ഈഴവരുടെ ക്ഷേത്രപ്രവേശനം ജാതി വികാരങ്ങളെ വ്രണപ്പെടുത്തിയിരിക്കാമെങ്കിലും സവർണരുടെ മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന വാദം ഈഴവർ ഉയർത്തി, എങ്കിലും കോടതി അതംഗീകരിച്ചില്ല.

തിരുവിതാംകൂറിൽ ജാതിയുടെ അടിസ്ഥാനത്തിലുള്ള ക്ഷേത്ര പ്രവേശന വിലക്ക് വെറും മതാചാരം മാത്രമായിരുന്നില്ലെന്നും അതിന് ക്രിമിനൽ നിയമത്തിന്റെ പിന്തുണയും ലഭിച്ചിരുന്നു എന്നും ഈ സംഭവം തെളിയിക്കുന്നു. ജാതിവിവേചനം മതാചാരത്തിന്റെ ഭാഗമായി മാറുന്നതോടെ ജാതിവിവേചനത്തെ ചോദ്യം ചെയ്യുന്നതും ലംഘിക്കുന്നതും മതത്തെ അപമാനിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യം ഇവിടെ സംജാതമാകുന്നു. ജാതിയുടെ അടിസ്ഥാനത്തിലുള്ള ക്ഷേത്രപ്രവേശന വിലക്കിനെ ആചാരപരമായ അശുദ്ധീകരണമായി വ്യാഖ്യാനിച്ച് അതിന് നിയമപരമായ പിന്തുണ നൽകിയ കോടതി സമീപനത്തെക്കുറിച്ചുമുള്ള രേഖാമൂലമുള്ള തെളിവാണിത്.

 

സിവിൽ കോടതികളിൽ ഉയർന്ന രണ്ട് പ്രശ്നങ്ങൾ

അന്നത്തെ സിവിൽ കോടതികളിൽ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് രണ്ട് പ്രധാനപ്പെട്ട പ്രശ്നങ്ങൾ ഉയർന്നുവന്നിരുന്നു. അതിലൊന്നാമത്തേത്, അവർണർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശം നേരിട്ട് ആവശ്യപ്പെടുകയോ ആ അവകാശം നിഷേധിക്കുകയോ ചെയ്യുന്ന കേസുകളാണ്. രണ്ടാമത്തേത്, അവർണർ പ്രവേശിച്ചതിനെത്തുടർന്ന് നടത്തിയ ചടങ്ങുകളുടെ ചെലവ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ട കേസുകളാണ്.

കമുദി ക്ഷേത്രത്തിലെ (Kamudi Temple) നാടാർ പ്രവേശനക്കേസ്

രാമനാട് രാജാവായിരുന്നു കമുദി ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റി. കമുദി ക്ഷേത്രത്തിൽ പ്രവേശിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് നാടാർ സമുദായക്കാർ വാദിക്കുകയും ചെയ്തു. തുടർന്ന് രാമനാട് രാജാവ് നാടാർ സമുദായക്കാർക്കെതിരെ കേസ് കൊടുത്തു. നാടാർ സമുദായത്തിന് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അവകാശമില്ലെന്ന് പ്രഖ്യാപിക്കണമെന്നും അവരുടെ പ്രവേശനം ക്ഷേത്രത്തിൽ അശുദ്ധിയുണ്ടാക്കിയെന്ന് കോടതി പ്രഖ്യാപിക്കണമെന്നും രാജാവ് ആവശ്യപ്പെട്ടു. നാടാന്മാരുടെ പ്രവേശനം നിമിത്തം അശുദ്ധമായ ക്ഷേത്രത്തെ ശുദ്ധീകരിക്കാൻ ചെലവായ തുക നഷ്ടപരിഹാരമായും രാമനാട് രാജാവ് ആവശ്യപ്പെട്ടു. കോടതി രാജാവിന്റെ ഹർജി അനുവദിച്ചു. എന്നാൽ, കീഴ്കോടതിയിൽ കേസ് അനുവദിക്കപ്പെട്ടതിനുശേഷം രാജാവ് നാടാർ സമുദായക്കാരുമായി ഒത്തുതീർപ്പിലെത്തുകയും ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവരുടെ അവകാശം അംഗീകരിക്കുകയും ചെയ്തു.

ഒരു ഹിന്ദുക്ഷേത്രം പൊതുവിദ്യാലയമോ പൊതുറോഡോ പോലെയുള്ള അർഥത്തിൽ ഒരു പൊതുസ്ഥലമല്ലെന്നും, ക്ഷേത്രത്തിലെ പ്രവേശനം നിയന്ത്രിക്കപ്പെടേണ്ടത് ആചാരങ്ങളനുസരിച്ചാണെന്നുമുള്ള വാദമാണ് അന്ന് ഉയർന്നുവന്നത്. ക്ഷേത്രം നിർമിച്ചതിന്റെ യഥാർഥ ഉദ്ദേശ്യത്തെക്കുറിച്ച് രേഖാമൂലമുള്ള തെളിവില്ലെങ്കിൽ നിലവിലുള്ള ആചാരത്തെ അടിസ്ഥാനമാക്കി അത് നിർണയിക്കാം എന്നുമുള്ള യുക്തിയാണ് കോടതി സ്വീകരിച്ചത്. അടിസ്ഥാനപരമായി കോടതി സ്വീകരിച്ച ഈ നിയമയുക്തി ജാതിവിലക്കിനും ജാതിവിവേചനത്തിനുമുള്ള നിയമപരമായ പിന്തുണയായി കലാശിച്ചു. ക്ഷേത്രപ്രവേശനത്തെ കുറിച്ചുള്ള ബ്രാഹ്മണ ആചാരങ്ങളെ കോടതി അംഗീകരിച്ചപ്പോൾ നാടാർ പോലുള്ള സമുദായങ്ങളുടെ പ്രവേശനാവകാശം നിയമപരമായി ചോദ്യം ചെയ്യപ്പെടുകയും തടയപ്പെടുകയുമാണ് ചെയ്തത്. ക്ഷേത്രത്തിൽ പ്രവേശിച്ചതിന്റെ പേരിൽ ശുദ്ധീകരണച്ചെലവ് ആവശ്യപ്പെട്ടതിലൂടെ ജാതിവിവേചനം മതാചാരത്തിന്റെ ഭാഷയിലൂടെ സാമ്പത്തികവും നിയമപരവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു.

ക്ഷേത്രം പൊതുസ്ഥലമല്ലെന്ന വാദത്തിലൂടെ ക്ഷേത്രത്തെ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന ജാതിവിലക്കുകളെ ഉറപ്പിക്കുകയാണ് കോടതി ചെയ്തത്. ഇവിടെ ഉദ്ധരിക്കപ്പെട്ട കമുദി കേസ് മദ്രാസ് പ്രസിഡൻസിയിലെ കേസാണ്. കടയ്ക്കാവൂർ ക്ഷേത്രത്തിൽ ഈഴവർ പ്രവേശിച്ചതും കമുദി ക്ഷേത്രത്തിൽ നാടാന്മാർ പ്രവേശിച്ചതുമായി ബന്ധപ്പെട്ട കേസിലെയും കോടതികളുടെ നിരീക്ഷണങ്ങൾ ജാതി അടിസ്ഥാനത്തിലുള്ള പ്രവേശനവിലക്കിനെ ന്യായീകരിക്കുകയാണ് ചെയ്തത്. ഇതെല്ലാം കാണിക്കുന്നത് ക്ഷേത്രപ്രവേശനത്തെ മുൻനിർത്തിയുള്ള ജാതിവിവേചനം വെറും സാമൂഹിക ആചാരം മാത്രമായിരുന്നില്ലെന്നാണ്. ക്ഷേത്രപ്രവേശനത്തെ മുൻനിർത്തിയുള്ള തർക്കങ്ങൾ കോടതികളിലെത്തുകയും അവർണരുടെ പ്രവേശനം നിഷേധിക്കാനും ശുദ്ധീകരണ ചെലവ് ആവശ്യപ്പെടാനും നിയമങ്ങൾ ഉപയോഗിപ്പെട്ടിരുന്നുവെന്നും ഇത് തെളിയിക്കുന്നു.

രാജമന്ദ്രിയിലെ ക്ഷേത്രപ്രവേശന കേസ്

I.L.R. 13 Madras 293 എന്ന കേസിൽ പരിഗണിക്കപ്പെട്ടത് രാജമന്ദ്രിയിലെ ശ്രീ മാർക്കണ്ഡേശ്വര സ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഒരു അവർണ ബ്രാഹ്മണൻ (Outcaste Brahmin) ഉന്നയിച്ച അവകാശമായിരുന്നു. അവർണരുടെ ക്ഷേത്രപ്രവേശനത്തെ വിലക്കുന്ന അതേ മതഗ്രന്ഥങ്ങൾതന്നെ പതിതരുടെ പ്രവേശനവും വിലക്കുന്നുവെന്ന് ക്ഷേത്ര ട്രസ്റ്റികൾ വാദിച്ചു. അവർണ ബ്രാഹ്മണന്റെ ക്ഷേത്രപ്രവേശനാവകാശത്തെ ട്രസ്റ്റിമാർ കോടതിയിൽ എതിർത്തു. ട്രസ്റ്റിമാരുടെ വാദം അംഗീകരിച്ചുകൊണ്ട് വിധി പ്രസ്താവിച്ച ജസ്റ്റിസ് മുത്തുസാമി അയ്യർ ഇങ്ങനെ നിരീക്ഷിച്ചു:

‘‘ഉന്നയിക്കപ്പെട്ടിരിക്കുന്ന അവകാശം ഒരു വ്യക്തിയുടെ വ്യക്തിഗത അവകാശമോ കുടുംബപരമായ ആരാധനക്കുള്ള അവകാശമോ അല്ല. ജാതിയിൽനിന്നും മതത്തിൽനിന്നും സ്വതന്ത്രമായി നിലനിൽക്കുന്നതായി കരുതാവുന്ന സ്വത്തവകാശമല്ല അത്. മറിച്ച്, ജാതിയുടെ ആചാരങ്ങൾക്ക് അനുസൃതമായി ഒരു മതസ്ഥാപനത്തിൽ വിനിയോഗിക്കപ്പെടേണ്ട കൂട്ടായ അവകാശമാണത്”

(‘‘The right asserted is not an exclusive personal right as may be conceived of domestic or family worship or a right of property which may be conceived to exist independently of caste or religion. But it is a joint right to be exercised in a religious institution conformably to the custom or usage to the extent recognised by it.’’)

തുടർന്ന്, ക്ഷേത്രങ്ങളും മഠങ്ങളും പോലെയുള്ള മതസ്ഥാപനങ്ങൾക്ക് ബാധകമായ നിയമം നിർണയിക്കുന്നതിന് പ്രിവി കൗൺസിലിന്റെ Gidhari Doss v. Nundkisore Doss (11 M.I.A. 405) എന്ന കേസിൽ സ്ഥാപിച്ച തത്ത്വം ജസ്റ്റിസ് മുത്തുസാമി അയ്യർ സ്വീകരിച്ചു. അതിന്റെ ആശയം ഇതാണ് –ഒരു മതസ്ഥാപനത്തിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും അതിന്റെ നിയമപരമായ സ്വഭാവം നിർണയിക്കുന്നതിന് അടിസ്ഥാനമാണ്. കാരണം, ആ സ്ഥാപനം സ്ഥാപിക്കുകയും സ്വത്ത് സമർപ്പിക്കുകയും പിന്നീട് പരിപാലിക്കുകയും ചെയ്തുവെന്നതിന്റെ സൂചകമാണ് ആചാരങ്ങൾ. അത്തരം ആചാരങ്ങൾ പാലിക്കപ്പെടുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ആ മതസ്ഥാപനത്തിൽ ആരാധന നടത്താനുള്ള അവകാശം നിലനിർത്താൻ കഴിയുക.

അനീതിയായ ആചാരങ്ങളെയും കോടതി തള്ളിക്കളയരുതെന്ന നിരീക്ഷണം

ആചാരങ്ങൾ നീതിക്ക് നിരക്കാത്തവയാണെന്ന കാരണത്താൽ മാത്രം അവയെ തള്ളിക്കളയാനാവില്ല എന്ന് ജസ്റ്റിസ് സദാശിവ അയ്യർ നിരീക്ഷിച്ചു. Gopala Mooppanar v. Dharmakota Subramoniya Aiyar എന്ന കേസിൽ, ഇങ്ങനെ നിരീക്ഷിച്ചു.

‘‘ഒരു ആചാരം നീതിയുടെ തത്വങ്ങളോടൊപ്പം വ്യക്തിപരമായ ശരി തെറ്റുകളെ കുറിച്ചുള്ള ധാരണകളോട് പൊരുത്തപ്പെടുന്നില്ല എന്ന കാരണത്താൽ മാത്രം ഒരു നിയമകോടതിക്ക് ആ ആചാരത്തെ നിരാകരിക്കാനാവില്ല. പൊതുവായി അംഗീകരിക്കപ്പെട്ട നീതിയുടെയും ശരിയുടെയും ധാരണകൾക്ക് വിരുദ്ധമായിരുന്നാലും ഇത്തരം ആചാരങ്ങളെ കോടതികൾ അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക വിജ്ഞാനത്തി​െന്റയും പരിഷ്കൃത സമൂഹത്തിന്റെയും കാഴ്ചപ്പാടിൽ ഒരു പ്രത്യേക ക്ഷേത്രത്തിൽ നിലനിൽക്കുന്ന മതസിദ്ധാന്തങ്ങളോ ആചാരങ്ങളോ യുക്തിസഹമാണോ നീതിയുക്തമാണോ എന്ന് പരിശോധിക്കുകയല്ല ഈ കോടതിയുടെ ചുമതല.

മറിച്ച്, ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആ ക്ഷേത്രം ആർക്കുവേണ്ടിയാണോ സമർപ്പിക്കപ്പെട്ടിരിക്കുന്നത്, ആ സമൂഹം നിരീക്ഷിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന ആചാരങ്ങളും പാരമ്പര്യങ്ങളും എന്താണെന്ന് ശരിയായി കണ്ടെത്തുകയാണ് കോടതിയുടെ ചുമതല. ആ സമൂഹത്തിന്റെ ആചാരങ്ങളാണ് കോടതി മാർഗദർശകമായി സ്വീകരിക്കേണ്ടത്...’’ (Report of the Temple Entry Enquiry Committee, p.37)

ഇവിടെ പ്രസ്താവിച്ചിട്ടുള്ള നിയമനിലപാടിന്റെ കാതൽ വളരെ ഗൗരവമുള്ളതാണ്. ജാതിവിവേചനം സാമൂഹിക ആചാരമായി നിലനിന്നപ്പോൾ, ആ ആചാരത്തിന് നിയമപരമായ സ്ഥിരീകരണം ലഭിക്കാനുള്ള സാധ്യതകൾ കോടതികൾ തുറന്നുവെച്ചു എന്ന് ഈ പ്രസ്താവന തെളിയിക്കുന്നു. ആരാധനാ അവകാശം എല്ലാ മനുഷ്യർക്കും തുല്യമായി ലഭിക്കേണ്ട ഒന്നാണെന്ന് കോടതി കണ്ടില്ല. ക്ഷേത്രത്തിന്റെ പാരമ്പര്യവും ജാത്യാചാരവും അനുസരിച്ചാണ് ആരെ പ്രവേശിപ്പിക്കണം എന്ന് തീരുമാനിക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് സദാശിവ അയ്യരുടെ നിരീക്ഷണത്തിൽ നീതിയേക്കാൾ പ്രധാന്യം ആചാരത്തിനാണ്. ഒരു ആചാരം ആധുനിക നീതിബോധത്തിന് വിരുദ്ധമാണെങ്കിലും അതിനെ തള്ളിക്കളയേണ്ടതില്ലെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. ഇത്തരം നിയമനിലപാടുകളുടെ സാമൂഹിക പ്രത്യാഘാതം ഭീകരമായിരുന്നു. ജാതിയുടെ പേരിൽ അവർണരുടെ പ്രവേശനം നിഷേധിക്കാൻ കഴിഞ്ഞു. പാരമ്പര്യത്തിന്റെ പേരും പറഞ്ഞുകൊണ്ട് വിവേചനത്തിന് ആധികാരിക പദവി നൽകി. വ്യക്തിയുടെ തുല്യാവകാശത്തേക്കാൾ ആചാരത്തിന് പ്രധാന്യം കൈവന്നു. അങ്ങനെ ചരിത്രപരമായ അനീതികൾക്ക് നിയമപരമായ തുടർച്ച ഉറപ്പുവരുത്തി. ക്ഷേത്രം സ്ഥാപിച്ചവരും ഉദ്ദേശ്യവും പിന്നീട് പിന്തുടർന്ന ആചാരങ്ങളും ക്ഷേത്രത്തിലെ ആരാധനാവകാശം നിർണയിക്കുന്നതിൽ പ്രധാനമാണെന്ന കോടതിയുടെ നിരീക്ഷണം നിർണായക നിയമപ്രശ്നമായി മാറി.

ഭരണഘടനയും ഇന്നത്തെ നിയമവും എന്ത് പറയുന്നു?

ഭരണഘടനയുടെ അനുച്ഛേദം 14 നിയമത്തിന് മുന്നിൽ എല്ലാവർക്കും സമത്വം ഉറപ്പുവരുത്തുന്നു. അനുച്ഛേദം 15 ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ നിരോധിക്കുന്നു. അനുച്ഛേദം 17 തൊട്ടുകൂടായ്മ നിരോധിച്ചിരിക്കുന്നു. അനുച്ഛേദം 25(2) (b) പൊതു സ്വഭാവമുള്ള ഹിന്ദുമതസ്ഥാപനങ്ങൾ എല്ലാ വിഭാഗങ്ങൾക്കും തുറന്നുകൊടുക്കാൻ നിയമം നിർമിക്കാനുള്ള അധികാരം നൽകുന്നു. 1957ലെ Sree Venkatarama Devaru V/s State of Mysore കേസിൽ സുപ്രീംകോടതി പൊതുജനങ്ങൾക്കായി തുറന്ന ക്ഷേത്രങ്ങളിൽ ക്ഷേത്രപ്രവേശന നിയമത്തിന് പ്രാധാന്യമുണ്ടെന്ന് വാദിച്ചു. 2018ലെ ശബരിമല വിധിയും മതസ്വാതന്ത്ര്യം, ലിംഗസമത്വം, ഭരണഘടനപരമായ അവകാശങ്ങൾ എന്നിവ തമ്മിലുള്ള സംഘർഷം സുപ്രീംകോടതി പരിശോധിച്ചു.

ഒരു ആചാരം നീതിക്കും വ്യക്തിയുടെ ശരിതെറ്റുകളെകുറിച്ചുള്ള ബോധത്തിനും വിരുദ്ധമാണെങ്കിലും കോടതി അതിനെ തള്ളിക്കളയേണ്ടതില്ലെന്ന നിലപാട് കൊളോണിയൽ കാലത്തെ നിയമവ്യവസ്ഥയിൽ ബ്രാഹ്മണ്യ പാരമ്പര്യത്തിന് ലഭിച്ചിരുന്ന പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. കൊളോണിയൽ കോടതികൾ ജാത്യാചാരങ്ങളെ സംരക്ഷിച്ചിരുന്നു എന്നതിന്റെ വിലപ്പെട്ട പ്രാഥമിക രേഖയാണിത്. ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യൻ കോടതിയിൽ നിലവിലുണ്ടായിരുന്ന ജാതി നിയമങ്ങൾ, ആചാരങ്ങൾ, മതപരമായ വിലക്കുകൾ എന്നിവയെ പല കേസുകളിലും നിയമപരമായി അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്തിരുന്നു.

ചരിത്രകാരനും നിയമ പണ്ഡിതനുമായ മാർക് ഗലാന്ററിന്റെ (Marc Galanter) ‘Law and Caste in Modern India’ (1963) എന്ന പഠനത്തിൽ ബ്രിട്ടീഷ് കോടതികൾ ഹിന്ദുവ്യക്തിനിയമങ്ങളിൽ ധർമശാസ്ത്ര വ്യാഖ്യാനങ്ങൾക്കും ജാതി ആചാരങ്ങൾക്കും പ്രാധാന്യം നൽകിയ കാര്യം സൂചിപ്പിക്കുന്നുണ്ട്. ജാതി സമൂഹങ്ങളുടെ ആന്തരിക അധികാരവും ശിക്ഷാ നടപടികളും പലപ്പോഴും കോടതികൾ ഇടപെടാതെ വെറുതെ വിട്ടു. ക്ഷേത്രങ്ങളിലെ പ്രവേശനം, മതപരമായ മുൻഗണന, ജാതിയുടെ അടിസ്ഥാനത്തിലുള്ള പ്രത്യേക അവകാശങ്ങൾ എന്നിവയിൽ ചില കേസുകളിൽ കോടതികൾ സവർണജാതി സമൂഹങ്ങളുടെ ‘‘അവകാശങ്ങൾക്ക്’’ നിയമപരമായ പിന്തുണ നൽകി എന്ന വസ്തുതയും മാർക്ക് ഗാലന്റർ എടുത്തുകാട്ടുന്നുണ്ട്.

ജാതിവ്യവസ്ഥ വെറും സാമൂഹിക വിശ്വാസവ്യവസ്ഥ മാത്രമായിരുന്നില്ല എന്നാണിത് തെളിയിക്കുന്നത്. അത് ആരാധനാവകാശം, സ്വത്ത്, സാമൂഹിക പദവി, മതസ്ഥാപനങ്ങളിലെ അധികാരം എന്നിവയുമായി ബന്ധപ്പെട്ടിരുന്നു. യഥാർഥത്തിൽ പാരമ്പര്യം എന്നത് അധികാരമുള്ള സവർണ വിഭാഗങ്ങളുടെ താൽപര്യ സംരക്ഷണത്തിന്റെ ഉപാധിയായാണ് പ്രവർത്തിച്ചത്. ക്ഷേത്ര പ്രവേശന പ്രസ്ഥാനങ്ങൾ ലക്ഷ്യമിട്ടത് മതപരമായ പരിഷ്കരണം മാത്രമായിരുന്നില്ലെന്നും മനുഷ്യന്റെ അന്തസ്സിനും പൗരാവകാശത്തിനും വേണ്ടിയുള്ള രാഷ്ട്രീയ സമരമായിരുന്നു അതെന്നും ചരിത്രം നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്. ഒരു കാര്യമിവിടെ പ്രസക്തമാണ് കൊളോണിയൽ കാലത്തെ എല്ലാ കോടതികളും എല്ലാ സാഹചര്യങ്ങളിലും ജാതിവിവേചനത്തെ പിന്തുണച്ചിരുന്നില്ല. അതുപോലെതന്നെ ക്ഷേത്രപ്രേവശന പരിഷ്കരണത്തിന് നിയമപരമായ വഴികൾ തുറന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

 

ക്ഷേത്രസ്ഥാപകരുടെ ഉദ്ദേശ്യം

‘ഹിന്ദു ക്ഷേത്രങ്ങൾ’ എല്ലാ ‘ഹിന്ദു’ക്കളുടെയും പ്രയോജനത്തിന് വേണ്ടിയാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് Temple Entry Enquiry Report നിരീക്ഷിക്കുന്നുണ്ട്. എന്നാൽ, ഓരോ സമുദായത്തിനും ക്ഷേത്രത്തിലെ ഏതെല്ലാം സ്ഥലങ്ങളിൽ പ്രവേശിച്ച് ആരാധന നടത്താം എന്നത് നിലവിലുള്ള ആചാരങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്ന കാര്യം വ്യക്തമായി പരാമർശിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിലേക്ക് വെളിച്ചം വീശുന്നതിനായി റിപ്പോർട്ട് Gopala Mooppanar V/s Dharmota Subramania Aiyar (1914 M.W.N p822) എന്ന കേസിലെ ജസ്റ്റിസ് സാദാശിവ അയ്യരുടെ നിരീക്ഷണം ഉദ്ധരിക്കുന്നു.

“നാലു വർണങ്ങളിൽപെട്ട എല്ലാവർക്കും യാതൊരു ഒഴിവുമില്ലാതെ ആരാധന നടത്തുന്നതിനുവേണ്ടിയാണ് ക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അവർണരെ പോലും ക്ഷേത്രാരാധനയുടെ പ്രയോജനങ്ങളിൽനിന്ന് പൂർണമായും ഒഴിവാക്കിയിരുന്നില്ല. എന്നാൽ അവരുടെ ആരാധനാരീതി കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായിരുന്നു. അവർണർക്ക് ധ്വജസ്തംഭത്തിനപ്പുറം കടക്കാൻ അനുവാദമുണ്ടായിരുന്നില്ല.” (Report, p.38)

അതേ കേസിൽ ജസ്റ്റിസ് ത്യാബ്ജി നിരീക്ഷിച്ചത് ഇങ്ങനെയാണ്:

“ക്ഷേത്ര പ്രവേശനത്തിന്റെ ചോദ്യം ക്ഷേത്രത്തിന്റെ യഥാർഥ സമർപ്പണത്തെ (Original Dedication) ആശ്രയിച്ചിരിക്കുന്നു. അതിനു വിരുദ്ധമായ പ്രത്യേക തെളിവുകളൊന്നും ഇല്ലെങ്കിൽ, ക്ഷേത്രം ആർക്കുവേണ്ടിയാണോ സമർപ്പിക്കപ്പെട്ടിരിക്കുന്നത്, ആ സമുദായത്തിലെ ആംഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന പൊതുവായ മതവിശ്വാസങ്ങളുടെ പ്രതിഫലനമായിട്ടാണ് അതിനെ കാണേണ്ടത്.

അക്കാലത്ത് നിലനിന്നിരുന്ന മതപരമായ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലായിരിക്കും ക്ഷേത്ര സമർപ്പണവും നടന്നിരിക്കുക എന്ന കരുതുന്നത് യുക്തിസഹമാണ്” (Report, p.38) ഈ നിരീക്ഷണങ്ങൾ വിശദീകരിച്ചതിനു ശേഷം എൻക്വയറി കമ്മിറ്റി പറയുന്നത്, ഇപ്പോൾ നിലനിൽക്കുന്ന മിക്ക ക്ഷേത്രങ്ങളും കഴിഞ്ഞ രണ്ടായിരം വർഷത്തിനുള്ളിൽ സ്ഥാപിക്കപ്പെട്ടവയായിരിക്കണം എന്നും അതിലേറെ ദീർഘമായ കാലയളവിൽ ആചാരങ്ങളുടെയും പാരമ്പര്യത്തിന്റെയും അടിസ്ഥാനത്തിൽ അവർണരെ അശുദ്ധി സൃഷ്ടിക്കുന്ന സമൂഹങ്ങളായി കണക്കാക്കിയിരുന്നു എന്നുമാണ്.

എൻക്വയറി കമ്മിറ്റിയുടെ സംഗ്രഹം ഇങ്ങനെ:

“ചുരുക്കത്തിൽ പറയുകയാണെങ്കിൽ സവർണർക്ക് തങ്ങളുടെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, അശുദ്ധിയിൽനിന്ന് സ്വയം രക്ഷനേടുന്നതിനായി അവർണരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കാതിരിക്കാനുള്ള അവകാശത്തെ നിയമ കോടതികൾ ഒരു സിവിൽ അവകാശമായി പരിഗണിച്ചിട്ടുണ്ട്. അതിനാൽ ആ അവകാശം കോടതിയിൽ വിചാരണ ചെയ്യാവുന്നതാണ്. കേസുകളുടെ മെറിറ്റ് പരിശോധിച്ചപ്പോൾ, ദീർഘകാലമായി നിലനിന്നിരുന്ന ആചാരങ്ങളുടെയും മതാധികാരത്തിന്റെയും അടിസ്ഥാനത്തിൽ അവർണർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശമില്ലെന്നും, ആചാരപ്രകാരം, അവർക്ക് അനുവദിച്ചിട്ടുള്ള ക്ഷേത്രത്തിന് പുറത്തുള്ള സ്ഥാനത്തുനിന്ന് മാത്രമേ ആരാധന നടത്താൻ അവകാശമുള്ളൂവെന്നും കോടതികൾ വിധിച്ചിട്ടുണ്ട്.”

ഇവിടെ അവർണർക്ക് ആരാധന നിഷേധിച്ചില്ലെന്ന് പറയുകയും അവർണർക്ക് ധ്വജസ്തംഭത്തിനപ്പുറം പോകാൻ കഴിയാത്ത വിധത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ആരാധനാവകശങ്ങളിൽ ബ്രാഹ്മണ്യം പുലർത്തിയ അസമത്വത്തിന് ഉത്തമ നിദർശനമാണിത്. ഒരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ പേരിൽ ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന അവർണ മനുഷ്യരുടെ മനുഷ്യാവകാശം നിയന്ത്രിക്കാനുള്ള സവർണരുടെ പാരമ്പര്യത്തിന്റെയും ആചാരത്തിന്റെയും പേരിലുള്ള അവകാശവാദം കൊളോണിയൽ കോടതിയിൽ നിയമപരമായി പരിഗണിക്കപ്പെട്ടു.

സവർണരുടെ അശുദ്ധി സങ്കൽപം അവർണരുടെ അവകാശങ്ങൾ നിയന്ത്രിക്കാനുള്ള നിയമപരമായ അധികാരമായി മാറി. ക്ഷേത്രം എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് ഉപരിപ്ലവവാദം ഉയർത്തി ക്ഷേത്രത്തിന് അകത്തും പുറത്തും ജാതിയുടെ അടിസ്ഥാനത്തിൽ വ്യത്യാസം നിലനിർത്തി. ജാതിവ്യവസ്ഥയിൽ അവർണർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയാത്തവർ മാത്രമായിരുന്നില്ല; അവർ എവിടെ നിൽക്കണം, എത്ര അകലെ നിൽക്കണം എവിടെനിന്ന് ആരാധിക്കണം എന്നു തുടങ്ങിയ നിരവധി വിഷയങ്ങൾ ജാതിവ്യവസ്ഥ നിർണയിച്ചിരുന്നു.

ഇവിടെ ഉദ്ധരിക്കപ്പെട്ട കൊളോണിയൽ കോടതി വിധികൾ ആചാരത്തെ നീതിക്കും സമത്വത്തിനും മുകളിൽ സ്ഥാപിക്കുന്നതാണ് കാണുന്നത്. അവർണരെ ക്ഷേത്രത്തിന്റെ പുറത്തുനിർത്താനുള്ള സവർണരുടെ അവകാശത്തെ കൊളോണിയൽ കോടതികൾ സിവിൽ അവകാശമായാണ് പരിഗണിച്ചത്. ജാതി വിവേചനം ഒരു സാമൂഹിക ആചാരം മാത്രമായിരുന്നില്ലെന്നും ചില കൊളോണിയൽ നിയമ നിലപാടുകളിൽ അത് നിയമപരമായി സംരക്ഷിക്കപ്പെട്ട അധികാരഘടനയായി നിലനിൽക്കുകയും ചെയ്തിരുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിത്.

Tags:    
News Summary - Courts Upheld Caste Bar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.