മാമുനികൾ കയറിയ മരുത്വാമല

ലക്ഷ്യം തെറ്റി ചെന്നിറങ്ങിയ യാത്രകളാണ്​ ലോകത്തെ പലപ്പോഴും മാറ്റി മറിച്ചതെന്ന്​ പറയാറുണ്ട്​. ഇന്ത്യ തേടി പോയ കൊളമ്പസ്​ ചെന്നിറങ്ങിയാണ്​ അമേരിക്ക കണ്ടെത്തിയത്​. ഞങ്ങളുടെ യാത്രയ​ും ലക്ഷ്യം തെറ്റിയതായിരുന്നു.  മാറ്റിമറിക്കുന്ന കണ്ടുപിടിത്തമൊന്നും നടത്തിയില്ലെങ്കിലും അത്രയൊന്നും സഞ്ചാരികൾ കൈയേറിയിട്ടില്ലാത്ത ഒരിടത്ത്​, മലയാളിത്തമുള്ള ഒര​ു മലയുടെ മുകളിൽ ചെന്നു കയറാനായി.

കലണ്ടറിൽ ചുവപ്പു കുത്തിയ റിപ്പബ്ലിക്​ ദിനത്തിൽ ഉറക്കം വിട്ട​ുണരാത്ത തിരുവനന്തപുരം നഗരത്തിൽ വന്നിറങ്ങു​േമ്പാൾ മനസ്സിൽ ഒരു ലക്ഷ്യമുണ്ടായിരുന്നു. എറണാകുളത്തുനിന്ന്​ നാലു മണിക്കൂറേ വേണ്ടിവന്നുള്ളു തിരുവനന്തപുര​െത്തത്താൻ. നിഴലും വെളിച്ചവും ചാലിച്ച  വഴിയിൽ ബൈക്കുമായി സുഹൃത്ത്​ ജിബിനെത്തി. കന്യാകുമാരിയിലെ അസ്തമയാണ് യാത്രയുടെ അവസാന ലക്ഷ്യം. തിരുവനന്തപുരത്തു നിന്നും കന്യാകുമാരിക്ക് 100 കിലോമീറ്ററുണ്ട്. ഈ വഴിയിലാണ് പത്മനാഭപുരം കൊട്ടാരവും വട്ടക്കോട്ടൈ ഫോർട്ടുമെന്നറിഞ്ഞു. ഈ രണ്ട് സ്ഥലങ്ങളും സന്ദര്‍ശിച്ച ശേഷം ഒടുവില്‍ കന്യാകുമാരിയിലെത്താം എന്ന തീരുമാനത്തോടെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.  

കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ചപ്പോഴേ ആ ഗന്ധമടിച്ചു തുടങ്ങി. ചെന്നൈയിലും ഊട്ടിയിലും സേലത്തും രാമേശ്വരത്തുമെല്ലാമുള്ള തമിഴ്​ ഗന്ധം. തമിഴന്‍ എന്ന പൊതുവികാരത്തിന്റെ കാറ്റ്​. തമിഴിലും മലയാളത്തിലുമൊക്കെയായി വഴി ചോദിച്ച് ചോദിച്ച് യാത്ര ഒടുവിൽ പത്മനാഭപുരം കൊട്ടാരത്തിന് മുന്നിലെത്തി. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമീപത്തമുള്ള പോലെ  ഇളനിരും ശീതള പാനീയക്കടകളും കരകൗശല വില്‍പ്പന ശാലകളുമെല്ലാമുള്ള ഒരിടം. കൊട്ടാരവാതിലിന് മുന്നില്‍ ഞങ്ങളെപ്പോലെ കുറച്ച് പേര്‍ കൂടി നില്‍ക്കുന്നുണ്ട്. ടിക്കറ്റെടുക്കാന്‍ കാത്തു നില്‍ക്കുന്നവരായിരിക്കാം. വാതിലിനടുത്തെത്തിയപ്പോളാണ് സംഗതി തെളിഞ്ഞത്​. 'Today  Holyday' എന്നൊരു ബോർഡ്​  ഞങ്ങളുടെ പാളിപ്പോയ ലക്ഷ്യം ​ വിളിച്ചു പറയുന്നു. എല്ലാ യാത്രകളും ലക്ഷ്യസ്ഥാനത്തെത്തിയാല്‍ യാത്രക്ക് എന്ത് രസമാണുള്ളത്...? തെറ്റിയ ലക്ഷ്യങ്ങൾ അതിനെക്കാൾ മനോഹരമായ  സ്​ഥലങ്ങളിൽ കൊണ്ടുചെന്നെത്തിച്ചതായാണ്​ ചരിത്രം പറയുന്നത്​ എന്നു കരുതി  സ്വയം ആശ്വസിച്ച് കൊട്ടാരത്തിന്റെ അകത്തളം വാതില്‍പ്പഴുതിലൂടെ ഒളിഞ്ഞു നോക്കി കണ്ടു. മുറ്റത്തെ കൊടിമരത്തില്‍ ത്രിവര്‍ണ പതാക പാറിക്കളിക്കുന്നു.

പത്മനാഭപുരം കൊട്ടാരത്തിന്റെ ജാലകം
 

മതില്‍കെട്ടിനടുത്തുകൂടി പോകുന്ന വഴിയിലൂടെ ബൈക്ക് തിരിച്ചു. കുറച്ചു ദൂരം മുന്നോട്ട് പോയപ്പോള്‍ കൊട്ടാരത്തിന്റെ വിശാലമായ വരാന്ത കണ്ടു. വലിയ തുണുകള്‍, വാതിലുകള്‍, കിളിവാതില്‍, മട്ടുപ്പാവ് എന്നിവയെല്ലാം നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ പ്രതാപവും  കലാവൈദഗ്ധ്യവും തെളിച്ചുകാട്ടുന്നു. മരത്തില്‍ കൊത്തിയ പല ശില്‍പ്പങ്ങളിലും അത് നിര്‍മിച്ചയാളുടെ ജീവന്റെ തുടിപ്പ് നില നില്‍ക്കുന്നുണ്ടായിരുന്നു. രാജാക്കന്‍മാരേയും നാടുവാഴികളേയും ഇത്രയും പ്രതാപികളാക്കിയത് അക്കാലത്ത് ജീവിച്ചിരുന്ന കലാകാരന്‍മാർ തന്നെയാവണം. കൊട്ടാരവും കോട്ടയും മട്ടുപ്പാവുമൊന്നുമില്ലെങ്കില്‍ എങ്ങനെയാണ് രാജാവ് രാജാവ് ആകുന്നത്. കോട്ടകൊത്തളങ്ങള്‍ നിര്‍മിച്ച് അതില്‍ രാജാക്കന്‍മാരെ വാഴാന്‍ അനുവദിച്ച തച്ചന്‍മാരും തൊഴിലാളുകളുമായിരിക്കാം യഥാർത്ഥ കിംഗ്​ മേക്കർമാർ. പക്ഷേ, ചരിത്രത്തിലെവിടെയും അവരുടെ പേരുകള്‍ കുറിച്ചുവെക്കപ്പെട്ടിട്ടില്ല.

ലക്ഷ്മണനെ മരണത്തിൽനിന്ന്​ തിരികെ കൊണ്ടുവരാൻ കൈലാസത്തിൽനിന്ന്​ മൃതസഞ്​ജീവനിയുമായി  ലങ്കയിലേക്ക്​ പറന്ന ഹനുമാ​​​​​​​​​െൻറ കൈയിൽനിന്ന്​ അടര്‍ന്നു വീണ ഭാഗമാണത്രെ മരുത്വാ മല. തമിഴര്‍ ഇതിനെ 'മരുത് മല' എന്നു വിളിക്കുന്നു. പണ്ട് കാലത്ത് ഔഷധ സസ്യങ്ങളുടെ കേന്ദ്രമായിരുന്നു ഈ മല. ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും ഇവിടെയാണ്​ തപസ് ചെയ്തിരുന്നത്

ഈ കൊട്ടാരം നിര്‍മിച്ചത് 1601ല്‍ ഇരവി വര്‍മ കുലശേഖര പെരുമാള്‍ ആണ് എന്ന് ചരിത്രം രേഖപ്പെടുത്തു​ന്നു. 1750 അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ കൊട്ടാരം പുതുക്കിപ്പണിതു. തമിഴ് നാട്ടിലാണ് കൊട്ടാരം നിലനില്‍ക്കുന്നതെങ്കിലും കേരള സര്‍ക്കാരി​​​​​​​​​െൻറ ആര്‍ക്കിയോളജി വകുപ്പിനാണ്​ കൊട്ടാരത്തിന്റെ സംരക്ഷണ ചുമതല. കൊട്ടാരത്തിന് ചുറ്റുമുള്ള കോട്ട തകര്‍ന്നു കിടക്കുകയാണ്. അധിക സമയം അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നതില്‍ കാര്യമില്ലാത്തതിനാല്‍ വട്ടക്കോട്ടൈ ഫോര്‍ട്ടിലേക്ക് തിരിച്ചു. വെയില്‍ കനത്തു. ഉച്ചയായതോടെ ഉറക്ക ക്ഷീണവും തളര്‍ച്ചയും കൂടെക്കൂടി. നാഗര്‍കോവില്‍ കഴിഞ്ഞ് അല്‍പ്പ ദൂരം മുന്നോട്ട് പോയി. റോഡിനിരു വശവും നെല്‍പ്പാടവും തെങ്ങിന്‍തോപ്പും. അതിനുമപ്പുറം ഒരു മല ഉയര്‍ന്നു നില്‍ക്കുന്നു. മറു വശം പകുതിയോളം പൊട്ടിച്ചു തീര്‍ത്ത മറ്റൊരു മലയുമുണ്ട്. സ്വന്തം നാടായ വയനാട്ടിലെ അമ്പലവയലിലും ഇതേ കോലത്തിലുളള കുറേ മലകളുണ്ട്. അത്രയേറെ കഠിനമായിരിക്കുന്നതുകൊണ്ടാണോ പാറക്കെട്ടുകള്‍ക്ക് ഇങ്ങനെ പൊടിഞ്ഞു തീരേണ്ടി വരുന്നത്...?

കുറച്ച് ദൂരം കൂടി മുന്നോട്ട് പോയപ്പോള്‍ മുമ്പ്​ കണ്ട മലയുടെ മധ്യഭാഗത്തായി ഒരു അമ്പലം. മെറൂണും ക്രീമും നിറമുള്ള കല്‍പ്പടവുകള്‍ ദൂരെ നിന്നും കാണാം. മല പിന്നിട്ട് പിന്നെയും മുന്നോട്ട് പോയപ്പോള്‍ ജിബിന്‍ പറഞ്ഞു ആ അമ്പലത്തിലൊന്നു പോയാലോ. സമയം ഉണ്ട്. ബൈക്ക് തിരിച്ചു. റോഡരികില്‍ നിന്ന പ്രായമായ ഒരു സ്ത്രീയോട് വഴി ചോദിച്ചു. 'ഇന്ത വഴിയെ പോയ്ട്ച്ച്നാ കോയില്ക്ക് കീളെ പോയിടലാം' എന്ന് പറഞ്ഞ് അവര്‍ ഒരു വഴി ചൂണ്ടിക്കാണിച്ചു. ബൈക്ക് ആ വഴിയെ തിരിച്ചു. മലയടിവാരത്തെത്തിയപ്പോള്‍ കുറച്ചാളുകളുണ്ട്. സംസാരത്തില്‍ നിന്നും മലയാളികളാണെന്ന് മനസ്സിലായി. താഴെ നിന്നും നോക്കിയാല്‍ അധികം ദൂരയല്ലാതെ മുകളിലായി അമ്പലം കാണാം.  പകുതിയോളം പടവുകള്‍ കയറിയപ്പോള്‍ ചെറിയൊരു കോവിലിന് മുന്നിലെത്തി. അവിടെ മലയാളത്തില്‍ എഴുതി വെച്ചിരിക്കുന്നു 'മരുത്വാമല'. മുമ്പ് ഒരുപാട്​ കേട്ടിട്ടുണ്ടെങ്കിലും ആ മലയുടെ മുകളിലാണ് എത്തി നില്‍ക്കുന്നതെന്ന് വിശ്വസിക്കാന്‍ അല്‍പ്പം സമയമെടുത്തു.  

ലക്ഷ്മണനെ മരണത്തിൽനിന്ന്​ തിരികെ കൊണ്ടുവരാൻ കൈലാസത്തിൽനിന്ന്​ മൃതസഞ്​ജീവനിയുമായി  ലങ്കയിലേക്ക്​ പറന്ന ഹനുമാ​​​​​​​​​െൻറ കൈയിൽനിന്ന്​ അടര്‍ന്നു വീണ ഭാഗമാണത്രെ മരുത്വാ മല. തമിഴര്‍ ഇതിനെ 'മരുത് മല' എന്നു വിളിക്കുന്നു. പണ്ട് കാലത്ത് ഔഷധ സസ്യങ്ങളുടെ കേന്ദ്രമായിരുന്നു ഈ മല. ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും ഇവിടെയാണ്​ തപസ് ചെയ്തിരുന്നത്​. അതുകൊണ്ടുതന്നെ മലയാളികൾക്ക്​ ഏറെ​ പ്രിയപ്പെട്ടതാണ്​ മരുത്വാമല.

മരുത്വാ മലയിലെ കോവില്‍
 ഇവിടെയെത്തുന്ന സന്ദര്‍ശകരില്‍ ഭൂരിഭാഗവും മലയാളികളാണ്. കോവില്‍ കഴിഞ്ഞും കാട്ടിലൂടെ വഴി പിന്നെയും മുകളിലേക്ക് കയറിപ്പോകുന്നു. കുട്ടികളും സ്ത്രീകളുമടക്കം ഈ വഴിയിലൂടെ മലമുകളിലേക്ക് കയറുന്നുണ്ട്​.  അല്‍പ്പദൂരം കൂടി മുകളിലേക്ക് കയറിശേഷം ഇറങ്ങാം എന്ന ധാരണയോടെ ഞങ്ങളും വെച്ചുപിടിച്ചു.  മൂന്നോട്ട് പോകുന്തോറും വഴി കഠിനമായി വന്നു. വലിയ ഉരുളന്‍ പാറകളില്‍ ചവിട്ടി വേണം കുത്തനെയുള്ള കയറ്റം കയറാന്‍. നട്ടുച്ച വെയില്‍. ഇതിനകം തന്നെ കൈയിലെ വെള്ളം തീര്‍ന്നു. മല കയറുന്നത് പുതിയ അനുഭവമല്ലെങ്കിലും നട്ടുച്ചക്ക് പാറക്കെട്ടുകളിലൂടെ വലിഞ്ഞ് കയറുന്നത് ആദ്യമായിട്ടാണ്. നാസ്വാദ്വാരങ്ങള്‍ക്ക് വലിപ്പം തീരെ കുറവാണെന്ന് തോന്നി. വായിലൂടെ വലിച്ചുകയറ്റിയിട്ടും ശ്വാസ കോശത്തിന് തൃപ്തിയാകുന്നില്ല.


തലച്ചോറിലേക്ക് രക്തം പാഞ്ഞു കയറുന്നു. ഹൃദയമിടിപ്പി ന്റെ കണക്കൊക്കെ കാറ്റില്‍ പറന്നു. നെറ്റിയില്‍ നിന്നും വിയര്‍പ്പ് കണ്ണിലേക്കൊലിച്ചിറങ്ങി നീറാന്‍ തുടങ്ങി. ഇത്രയൊക്കെ ആയപ്പോ​ഴേക്കും മുകളില്‍ കയറണമെന്ന ആഗ്രഹം മലയുടെ പകുതിക്ക് വെച്ച്  താഴേക്ക് എടുത്തു ചാടി ഓടി രക്ഷപ്പെട്ടു. തിരിച്ചിറങ്ങണമെങ്കിലും അല്‍പ്പം വിശ്രമിച്ചേ മതിയാകൂ. പാറയുടെ കീഴിലെ തണലില്‍ നീണ്ടു നിവര്‍ന്നു കിടന്നു. ഈ സമയത്താണ് രണ്ട് പ്രായമായ സ്ത്രീകള്‍ കയറി വന്നത്.
''എന്താ മക്കളെ ഇവിടെ കിടക്കുന്നത് മടുത്തോ..?'' എന്ന് അവര്‍ ചോദിച്ചു. ആ ചോദ്യത്തിന് ഉത്തരം ഞങ്ങളുടെ കിടപ്പ് തന്നെയായിരുന്നു. മടുത്തു തിരിച്ചിറങ്ങുകയാണെന്ന് മറുപടി നല്‍കി.
''ഇവിടെ വരെ കയറിയിട്ട് മടങ്ങിപ്പോകുന്നോ...? അപ്പോ ഈ പ്രായമായ ഞങ്ങള്‍ കയറുന്നതോ..? വാ കേറിയേച്ചും പോകാം...'' കോട്ടയത്തു നിന്നും വന്ന എസ്.എന്‍.ഡി.പി ശാഖയിലെ അംഗങ്ങളായിരുന്നു അവര്‍. അമ്പതോളം വയസ് തോന്നിക്കുന്ന അവര്‍ ഞങ്ങളുടെ യൗവനത്തെയാണ് ചോദ്യം ചെയ്തത്. പിന്നെ മല കയറുകയെന്നല്ലാതെ വഴിയില്ല. വീണ്ടും ആലോചിക്കാതെ മുകളിലേക്ക് വെച്ച് പിടിച്ചു.

മലയുടെ ഏറ്റവും മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്തൂപവും ആഗ്രഹങ്ങള്‍ കെട്ടിത്തൂക്കിയിരിക്കുന്ന കടലാസുകളും
 ടേബിള്‍ ടോപ്പ് പോലെയാണ് മലയുടെ മുകള്‍ ഭാഗം. അവിടെ ഓലമേഞ്ഞ ഒരു ഷെഡ്ഡുണ്ട്. അതില്‍  'ഓം' എന്നെഴുതിയ സ്തൂപം സ്ഥാപിച്ചിരിക്കുന്നു. ചുരുട്ടിയ കടലാസ് കഷണങ്ങള്‍ സ്തൂപത്തിനും ചുറ്റും മേഞ്ഞ ഓലയിലുമൊക്കെയായി കെട്ടിത്തൂക്കിയിരിക്കുന്നു. ആ കടലാസു കഷണങ്ങളത്രയും ആഗ്രഹങ്ങളാണെന്ന് അവിടെയുണ്ടായിരുന്നയാള്‍ പറഞ്ഞു. മലകയറിയെത്തുന്നവര്‍ തങ്ങളുടെ ആഗ്രങ്ങള്‍ അവിടെ കുറിച്ചിടും. അതിനുള്ള കടലാസും പേനയുമെല്ലാം അവിടെ തന്നെ വെച്ചിട്ടുണ്ട്. ഞങ്ങളും ആഗ്രഹങ്ങള്‍ എഴുതിയിട്ടു.  ആഗ്രഹങ്ങളില്ലാത്തവരായി ആരാണ് ലോകത്തുള്ളത്. അവിടെയുണ്ടായിരുന്ന സംഘാംഗങ്ങളെല്ലാം ആഗ്രഹം എഴുതിയിട്ടശേഷം നടത്തിയ ഗുരുവന്ദനത്തില്‍ ഞങ്ങളും പങ്കാളികളായി.

''ഗുരൂര്‍ ബ്രഹ്മ
ഗൂരൂര്‍ വിഷ്ണു
ഗുരൂര്‍ ദേവോ മഹേശ്വര
ഗുരു സാക്ഷാത് പര ബ്രഹ്മ
തസ്​വൈശ്രീ ഗുരവേ നമഹ..''

പാറക്കെട്ടിനിടയിലൂടെ ഒരാള്‍ക്ക് മാത്രം നൂണ്ടിറങ്ങാവുന്ന വഴിയുണ്ട്. ആ വഴിയിലൂടെ ഇറങ്ങിയാല്‍ ചെന്നെത്തുന്നത് ഒരു കൊച്ചു ഗുഹക്ക് മുന്നിലാണ്. ശ്രീനാരാണ ഗുരു തപസ് ചെയ്ത 'പിള്ളത്തടം' എന്ന ഗുഹയാണത്. ഒരാള്‍ക്ക് നിവര്‍ന്നിരിക്കാനും കിടക്കാനും മാത്രം വലിപ്പമുള്ള ഗുഹ. ഗുഹയുടെ മുന്‍വശത്തേക്ക് പാറക്കെട്ടുകള്‍ക്കിടയിലൂടെ സദാസമയവും തണുത്ത കാറ്റ് അടിച്ചു കയറിക്കൊണ്ടിരുന്നു. ഒരു വശത്തു കൂടി നോക്കിയാല്‍ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വയലുകളും കുളങ്ങളും തെങ്ങിന്‍ തോപ്പുകളും നിറഞ്ഞ ഭൂമി. തന്നിലെ തന്നെ കണ്ടെത്താൻ ഇതിനേക്കാന്‍ യോജിച്ച മറ്റൊരിടം മുന്‍പൊന്നും കണ്ടിട്ടില്ല. വര്‍ഷങ്ങളോളം ശ്രീനാരായണ ഗുരു  ഈ ഗുഹക്കുള്ളിലാണ് കഴിഞ്ഞത്. കാട്ടിലെ സസ്യങ്ങള്‍ ഭക്ഷിച്ചും കാട്ടു ചോലയില്‍ നിന്ന് വെള്ളം കുടിച്ചും ദീര്‍ഘനാളത്തെ ഏകാന്ത ജീവിതം. ബാഹ്യലോകത്തിന്റെ എല്ലാ വികാരങ്ങള്‍ക്കും വിട നല്‍കാനും എത്ര സഞ്ചരിച്ചാലും എങ്ങുമെത്താതെ പോകുന്ന തന്നിലേക്കുള്ള യാത്രക്കും പറ്റിയ ഏറ്റവും നല്ല ഇടമാണ് പിള്ളത്തടം.

കോവിലി​​​​​​​​െൻറ പുറമേ നിന്നുള്ള കാഴ്​ച
 മലയിറങ്ങിയപ്പോഴേക്കുംകാല് വിറയ്​ക്കാന്‍ തുടങ്ങിയിരുന്നു. നടന്നും നിരങ്ങിയും ഒരു വിധം മലയടിവാരത്തെത്തി. ഈരണ്ട് ഗ്ലാസ് സോഡ സര്‍ബത്തും ഒരു കുപ്പി വെള്ളവും കുടിച്ച ശേഷം ബൈക്ക് കന്യാകുമാരി ലക്ഷ്യമാക്കി വിട്ടു. ഒരുപാട് സമയം പോയതിനാല്‍ വട്ടക്കോട്ടൈ ഒഴിവാക്കി.

മൂന്നു കടലുകളുടെ സംഗമ സ്ഥാനത്ത് ആദ്യമായാണ് എത്തുന്നത്. അവധി ദിവസമായതിനാലായിരിക്കാം ജനനിബിഢമാണ് കന്യാകുമാരി. നേരം വൈകിയതിനാല്‍ വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് സര്‍വീസ് അവസാനിപ്പിച്ചിരുന്നു. ഇനിയുള്ളത് അസ്തമയമാണ്. ടിക്കറ്റെടുത്ത് വാച്ച് ടവറിന് മുകളില്‍ കയറി സൂര്യന്‍ താഴുന്നതും കാത്തു നിന്നു. നീല നിറമുള്ള കടലിലേക്കിറങ്ങുന്നതിന് മുമ്പേ തുടുത്ത സൂര്യനെ മേഘങ്ങള്‍ പതിയെ പുണർന്നു കടലിനടിയിലേക്ക്​ കൂട്ടിക്കൊണ്ടുപോയി. തട്ടുകടയില്‍ നിന്നും ചായ കുടിച്ച ശേഷം മടക്കം തുടങ്ങി. യാത്രയുടെ തുടക്കത്തില്‍ കൂടെയില്ലാതിരുന്ന ക്ഷീണം മടക്കയാത്രയില്‍ അധികപ്പറ്റായി കൂടെക്കൂടി. എത്രയും പെട്ടന്ന് റൂമിലെത്തുക എന്നതായിരുന്നു ലക്ഷ്യം. വിശാലമായ റോഡ് വാഹനങ്ങളും കുറവ്. ബൈക്കിന്റെ സ്പീഡോ മീറ്റര്‍ എണ്‍പതില്‍ നിന്നും തൊണ്ണൂറിലേക്കും നൂറിലേക്കുമെല്ലാം ചലിച്ചുകൊണ്ടിരുന്നു.

 ചിത്രങ്ങള്‍: ജിബിന്‍ ബാബു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.