തിരക്കുകളിൽനിന്നും ബഹളങ്ങളിൽ നിന്നും അകന്ന്, ശാന്തമായൊരിടം തേടുന്ന സഞ്ചാരികൾക്ക് പറ്റിയ ഫീൽഗുഡ് ഇടമാണ് ഇടുക്കി ജില്ലയുടെ സ്വന്തം കവന്ത. വഴിയരികിലെ കാഴ്ചകൾപോലും കണ്ണിന് കുളിരേകുന്ന ഈ ഗ്രാമത്തിലൂടെയുള്ള യാത്ര സ്വപ്നതുല്യമാണ്. വാഗമണ്ണിൽനിന്ന് കാഞ്ഞാറിന് പോകുന്ന വഴിയിൽ ചോറ്റുപാറയിൽനിന്ന് വലത്തേക്ക് പോയാൽ ഉളുപ്പുണി. അവിടെനിന്ന് മൂലമറ്റത്തേക്കുള്ള വഴിയിലാണ് കവന്ത. ഉളുപ്പുണിയിൽനിന്ന് മൂലമറ്റത്തേക്കുള്ള ഈ വഴി ടാറിടാത്തതും ദുർഘടവുമാണ്. മലകയറി ചെല്ലുമ്പോൾതന്നെ കാഴ്ചകൾ മാറാൻ തുടങ്ങും. ചുരം കയറി മുകളിലേക്ക് എത്തുമ്പോൾ കോടമഞ്ഞും തണുപ്പുമുള്ള അന്തരീക്ഷം നമ്മെ സ്വാഗതം ചെയ്യും. കവന്തയിലേക്ക് അടുക്കുന്തോറും ടാറിട്ട റോഡ് മാറി മൺവഴികളും കല്ലും നിറഞ്ഞ ഓഫ് റോഡാകും ഉണ്ടാവുക. വാഗമൺ പുള്ളിക്കാനത്തുനിന്നാണ് വരുന്നതെങ്കിൽ 10 കി.മീറ്ററിൽ താഴെയാണ് കവന്തയിലേക്കുള്ള ദൂരം. ഈ വഴി ടാറൊക്കെ ചെയ്താൽ കട്ടപ്പനക്ക് 25 കി.മീറ്റർ വരെ ദൂരം കുറയും. ഏറെ ഇന്ധനവും സമയവും ലാഭിക്കാനും കഴിയും. കവന്തയുടെ ജീവനാഡിയാണ് അവിടത്തെ തെളിനീരുറവകളും അരുവികളും. താഴ്വരകളിൽ തലചായ്ച്ചുറങ്ങുന്ന ചെറിയ വീടുകളുടെ വിദൂരദൃശ്യം അതിഗംഭീരമാണ്. മലയിടുക്കുകളിൽനിന്ന് ഒഴുകിയെത്തുന്ന ശുദ്ധജലം നിറഞ്ഞ ഈ നീർച്ചാലുകളിൽ കാലിട്ടൊന്ന് ഇരിക്കാൻ മാത്രം ഇവിടെ വരുന്നവരേറെയാണ്.
കാഴ്ചയുടെ വിരുന്നൊരുക്കി മൊട്ടക്കുന്നും പുൽമേടുകളും
സൂര്യോദയവും അസ്തമയവും കാണാൻ പറ്റിയ നിരവധി വ്യൂ പോയന്റുകൾ ഇവിടെയുണ്ട്. പ്രകൃതിയുടെ ശബ്ദം കേട്ട്, തണുപ്പുള്ള കാറ്റേറ്റ് ഉന്മേഷം നേടാം. കുന്നിൻ മുകളിലേക്ക് ട്രക്കിങ് ഉദ്ദേശിക്കുന്നവർ അതിന് യോജിച്ച വസ്ത്രവിധാനവും ഷൂവും കുടിവെള്ളവും ലഘുഭക്ഷണവും കരുതുന്നത് നന്നായിരിക്കും. കാരണം, ഈ പ്രദേശത്ത് ഒരു പെട്ടിക്കടപോലും പ്രതീക്ഷിക്കരുത്. പ്ലാസ്റ്റിക് വസ്തുക്കളൊന്നും ഉപയോഗശേഷം ഇവിടെ വലിച്ചെറിയാതിരിക്കാൻ കർശന ജാഗ്രത അവരവർതന്നെ പാലിക്കണം.
ഷൂട്ടിങ് കേന്ദ്രം
കവന്തയുടെ ഉൾപ്രദേശങ്ങളും അവിടത്തെ ഭൂപ്രകൃതിയും ഏറ്റവുമൊടുവിൽ ചിത്രീകരിച്ച ശ്രദ്ധേയ സിനിമയാണ് ‘അം അഃ’ (Am Ah) (2025): ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിന്റെ പശ്ചാത്തലംതന്നെ കവന്ത ഗ്രാമമാണ്. ഒരു മിസിങ് കേസ് അന്വേഷിക്കാൻ വേഷം മാറി കവന്തയിലെത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണിത്. സിനിമയുടെ പ്ലോട്ടിൽ കവന്ത ഒരു പ്രധാന കഥാപാത്രമായിത്തന്നെ കടന്നുവരുന്നുണ്ട്. വൈറലായ ‘കവന്ത സോങ്ങിൽ’ (കണ്ണെത്താ ദൂരത്ത് കനവിന്റെ കനലുണ്ടേ
നീരറ്റ ചോലയിലെങ്ങോ കനിവിന്റെ ഉറവുണ്ടേ... പണ്ടാരും കാണാത്തൊരു കാവന്താ... അന്നാരും കേറാത്തൊരു കാവന്താ) ഈ സ്ഥലത്തിന്റെ മനോഹാരിത പകർത്തിയിട്ടുണ്ട്. മലമുകളിലെ നിഗൂഢതകളിലേക്ക് സൂചന നൽകുന്ന ആവിഷ്കാരമായാണ് സിനിമയുടെ ടൈറ്റിൽ ഗാനമായി ഇതൊരുക്കിയത്.
‘ഇയ്യോബിന്റെ പുസ്തകം’ (2014) എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ വിഖ്യാത ഡയലോഗായ ‘വിരലിന് എന്ത് പറ്റിയെന്ന് ആരെങ്കിലും ചോദിച്ചാൽ മൂന്നാറിലെ അലോഷിക്ക് കൈ കൊടുത്തതാണെന്ന് പറഞ്ഞാൽ മതി’ എന്ന് പറയുന്ന സീൻ ഷൂട്ട് ചെയ്ത സ്ഥലവും കവന്തയാണ്. കല്ലും മണ്ണും നിറഞ്ഞ വഴി കയറിയെത്തുമ്പോൾ രണ്ട് കുന്നുകൾക്കിടയിൽ വെട്ടിയെടുത്ത സ്ഥലത്തെ മനോഹര ഫ്രെയിമിലാണ് ആ രംഗം അഭ്രപാളികളെ വിസ്മയിപ്പിച്ച കാഴ്ചയായി പ്രേക്ഷകർ കണ്ടത്.
കവന്തയുടെ സമീപപ്രദേശങ്ങളായ വാഗമൺ, ഉളുപ്പുണി, പുളളിക്കാനം തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി മലയാള - തമിഴ് ചിത്രങ്ങളും ഷൂട്ട് ചെയ്തിട്ടുണ്ട്. ഉളുപ്പുണിക്ക് അടുത്ത് തന്നെയുള്ള മറ്റൊരു കാഴ്ചയാണ് കാടിനുള്ളിലെ തുരങ്കം (വെള്ളാരം ചിറ്റ). ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കുന്ന ഈ തുരങ്കത്തിന്റെ തുടക്കം ചോറ്റുപാറ - ഉളുപ്പുണി റോഡിന് സമീപത്തെ ഒരു ജലസംഭരണിയിലാണ്.
കോടമഞ്ഞിൻ...താഴ്വരയിൽ....
വാഗമൺ മലകളിൽ ഏറ്റവും മനോഹരമായ സ്ഥലമേതെന്ന് ചോദിച്ചാൽ ഉളുപ്പുണിയിൽ പോയവർ ആ പേരേ പറയൂ. കവന്തയും ഒരു ഹിഡൻ സ്പോട്ടാണ്. വാഗമണിൽ വരുന്നവർ ഒഴിവാക്കിപ്പോകുന്നയിടം. ഇങ്ങനെയൊരു സ്ഥലവും റൂട്ടും എവിടെയാണെന്ന ധാരണയില്ലാത്തതിനാൽ പലരും വിട്ടുകളയുന്ന ഇടമാണ് ഉളുപ്പുണിയും കവന്തയും. നോക്കെത്താ ദൂരം വ്യാപിച്ച് കിടക്കുന്ന പുൽമേടുകളും മലകളും കോടമഞ്ഞും നിറഞ്ഞ ഗംഭീര വൈബ് സ്ഥലങ്ങളാണ് ഉളുപ്പുണിയും കവന്തയും. മൺപാതകളും തണുത്ത അന്തരീക്ഷവും വീശിയടിക്കുന്ന അനിയന്ത്രിതമായ കാറ്റും ഒക്കെയായി ഒരു രക്ഷയുമില്ലാത്ത കാഴ്ചകളാണ് ഇവിടെ മുഴുവൻ. കോട വന്നുമൂടിയാൽ പിന്നെ തൊട്ടടുത്തുള്ള കാഴ്ചകൾ പോലും കാണാൻ പറ്റാത്ത അവസ്ഥയാകും. ഇടുക്കി, മലങ്കര ഡാമുകളുടെ അടിപൊളി ദൃശ്യം ഇവിടെ നിന്ന് കാണാൻ കഴിയും. ഉളുപ്പുണിയുടെ തൊട്ട് താഴെയാണ് കവന്ത. കവന്ത കഴിഞ്ഞാൽ പിന്നെ ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഭാഗമാണത്രേ. ഉളുപ്പുണി മലയുടെ മുകളിൽ നിന്ന് കവന്തയിലേക്ക് ഇറങ്ങാൻ ശ്രമിച്ചാണ് 2017ൽ ഒരു ജീപ്പ് തലകീഴായി മറിഞ്ഞ് അപകടം ഉണ്ടായത്.
തൊടുപുഴയിൽ നിന്ന് കവന്തയിലേക്കുള്ള ദൂരവും റൂട്ടും
യാത്രാദൂരം: ഏകദേശം 31.6 കി.മീ.
യാത്രാസമയം: ഏകദേശം ഒരു മണിക്കൂർ (ട്രാഫിക് അനുസരിച്ച് മാറ്റം വരാം)
യാത്രാമാർഗം: (സ്വകാര്യ വാഹനം)
പ്രധാന റൂട്ട്: തൊടുപുഴ-മൂലമറ്റം റോഡ്, തുടർന്ന് മൂലമറ്റം-കോട്ടമല റോഡ്.
മൂലമറ്റത്ത് നിന്ന് കോട്ടമല റോഡ് വഴി കവന്തയിലേക്കുള്ള ദൂരം ഏകദേശം 9.7 കിലോമീറ്ററാണ്. കുടുംബമായി ബൈക്കിലാണ് പോകുന്നതെങ്കിൽ കവന്തക്ക് ഒന്നര കിലോമീറ്റർ അടുത്തു വരെ സുഖമായി പോകാം. വേണമെങ്കിൽ ബൈക്കും കയറും. മാരുതി 800 വരെ ഇതിലേ കയറ്റിയ ‘പുലി’കളും ഉണ്ട്. ഉളുപ്പുണി വഴിയാണെങ്കിൽ സ്കൂട്ടറിലും കവന്ത സീനറിയിലേക്ക് കടന്നുവരാനാകും. അതെല്ലാം ഓരോരുത്തരുടെ ഡ്രൈവിങ് സ്കിൽപോലെയിരിക്കും. അത്ര കോൺഫിഡൻസില്ലാത്തവർ വാഹനം സുരക്ഷിതമായി ഒതുക്കിയിട്ട് നടന്നുകയറുന്നതോ സഫാരി ജീപ്പുകളെ ആശ്രയിക്കുന്നതോ നന്നായിരിക്കും.
കവന്ത വെറുമൊരു ടൂറിസ്റ്റ് കേന്ദ്രമല്ല, മറിച്ച് പ്രകൃതിയെ ആസ്വദിക്കാനുള്ള ഒരിടമാണ്. പ്രകൃതിയെ അടുത്തറിയാൻ കൊതിക്കുന്നവർക്ക് ഒട്ടും മടിക്കാതെ യാത്രപോകാൻ പറ്റിയൊരിടമാണ് ഈ പച്ചപ്പ് പുതച്ച സ്വപ്നഭൂമി. എഴുതി വർണിക്കുന്നതിനും കാമറക്കണ്ണിലെ ദൃശ്യങ്ങൾ വഴി അറിഞ്ഞതിനുമപ്പുറമുള്ള ഈ വിസ്മയഭൂമി നേരിട്ട് കണ്ട് അനുഭവിക്കേണ്ട ഇടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.