സിറ്റി പാലസ് മ്യൂസിയം

ചരിത്രമുറങ്ങുന്ന കോട്ടകൾ...

ജീവിതത്തിലെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ കിട്ടുന്ന സമയത്ത് ഒരു യാത്ര പോണം സ്ഥലമോ സമയമോ എല്ലാം നമുക്കു അഭികാമ്യമായിരിക്കണം. അതാണ് ഞങ്ങളുടെ പോളിസി. 2 വർഷത്തെ ഗ്യാപ്പ് എടുത്ത ശേഷം 2 മാസങ്ങൾക്കു മുമ്പ് ഞങ്ങളും ഒരു യാത്ര പോവാൻ തീരുമാനിച്ചു. ആദ്യമേ ഫ്ലൈറ്റ് ടിക്കറ്റും ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്തു. നോർത്തിലേക് പോവുമ്പോൾ അവിടെ നമുക്ക് ഒരു പാക്കേജ് ഉള്ളത് യാത്ര ലളിതവും സുന്ദരവുമാക്കുമെന്നതിനാൽ ഞങ്ങളും യാത്ര പാക്കേജ് ചെയ്തു. ഏത് യാത്രയും നമ്മുടെ ഇഷ്ടങ്ങൾക്കും താൽപ്പര്യങ്ങൾക്കും അനുസരിച്ച് നമ്മുടെ രീതിയിൽ പാക്കേജ് ചെയ്ത് തരാൻ നല്ല ട്രാവൽ ഏജൻസിക്ക് സാധിക്കും. പുറമെ പോസ്റ്ററുകളിൽ കാണുന്നത് മാത്രമല്ല ഒരിക്കലും യഥാർത്ഥ ചിത്രം. നമുക്ക് ഏറ്റവും ഇഷ്ടമുള്ള ആളുമായി ലോകം ചുറ്റുക എന്നത് ഭാഗ്യമാണെന്നത് വെറുതെ പറയുന്നതല്ല. കാരണം ഏട്ടനും മോനുമായുള്ള ഓരോ യാത്രയിലും ഞങ്ങൾ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ് അപ്പോൾ കിട്ടുന്ന അറിവുകൾ എത്ര വലുതാണെന്ന് യാത്ര ചെയ്യാത്ത ഒരാളെ ബോധിപ്പിക്കാനും സാധ്യമല്ല. അങ്ങനെ ഒരുപാട് വിശകലനങ്ങൾക്ക് ശേഷമാണ് കോട്ടകളുടെയും രാജാക്കൻമാരുടെയും നാടായ രാജസ്ഥാൻ ഞങ്ങൾ തിരഞ്ഞെടുത്തത്.

പോകുന്നത് വിമാനത്തിലും വരുന്നത് ട്രെയിൻ മാർഗവും ആക്കുന്നതാണ് സാമ്പത്തിക ലാഭം എന്ന് മനസ്സിലാക്കി. അങ്ങനെ നാലര വയസ് കഴിഞ്ഞ മകൻ്റെ അഞ്ചാമത്തെ വിമാനം കയറുവാൻ ഞങ്ങൾ ഇത്തവണ ചെന്നൈ ഇൻ്റർനാഷണൽ എയർപോർട്ട് ആണ് തിരഞ്ഞെടുത്തത്. രാവിലെ 6.15 ന് ചെന്നൈയിൽ നിന്നും ഹൈദരാബാദിലേക്കാണ് ഞങ്ങളുടെ ഇൻഡിഗോ വിമാനം പറന്നുയരേണ്ടത്. ഒരു മണിക്കൂർ മുമ്പ് ബോർഡിങ് പാസും ബാഗ് ചെക്ക് ഇൻ ഉം എല്ലാം പൂർത്തിയാക്കി എയർപോർട്ടിൽ ഇരിപ്പാണ്. പക്ഷേ പ്രതീക്ഷകൾക്ക് വിപരീതമായി ഞങ്ങളുടെ വിമാനത്തിൻ്റെ അറിയിപ്പുകളൊന്നും എത്തിയില്ല. ഏകദേശം 20 മിനിട്ടോളം ഞങ്ങളുടെ വിമാനം വൈകിയാണ് പറക്കുന്നത്, മനസിൽ ചെറിയ ആശങ്കകൾ വന്നു... കാരണം 8.55 ന് ഹൈദരാബാദിൽ നിന്നും ജയ്പൂരിലേക്കുള്ള വിമാനം കൂടി കയറുവാനുണ്ട്. എന്തൊക്കെയായാലും ആദ്യ വിമാനമങ്ങനെ പറന്നുയർന്നു. ഞങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു സ്വാഗതം മോന് എയർ ഹോസ്റ്റസ് മാരെ കൈയ്യിൽ നിന്നും കിട്ടി. വിമാനത്തിൽ നിന്ന് വെള്ളവും ചിക്കൻ സാൻവിച്ചും കഴിച്ച് താൽക്കാലികമായി വിശപ്പടക്കി. എട്ടു മണി കഴിഞ്ഞതോടെയാണ് ഞങ്ങൾ ഹൈദരാബാദിലെത്തിയത്. ഒരൊറ്റ ശ്വാസത്തിൽ ഞങ്ങൾ മൂന്ന് പേരും ഞങ്ങളുടെ ചെക്ഇൻ കഴിഞ്ഞ ശേഷം ഞങ്ങളുടെ വിമാനമെത്തുന്ന കൗണ്ടറിലേക്ക് ഓടി. അവിടെത്തിയപ്പോഴെക്കും ആളുകൾ ഞങ്ങളുടെ ബസിലേക്ക് കയറി തുടങ്ങിയിരുന്നു. അങ്ങനെ പറന്നുയർന്ന വിമാനം ജയ്പൂർ ഇൻ്റർനാഷണൽ എയർപോർട്ടിലെത്തി. ഇനിയുള്ള ദിവസങ്ങളിൽ ഞങ്ങളുടെ യാത്രയിൽ ഒപ്പമുള്ള ഡ്രൈവർ ദിൽഷാദ് ബ്രൊ യുടെ വിളിയുമിങ്ങെത്തി.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഇതിനോടകം സന്ദർശിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നൊക്കെ വിഭിന്നമായി ദിൽഷാദ് ബ്രോ യുടെ വക ഒരു രാജസ്ഥാനി വെൽക്കം ഞങ്ങൾക്കു ലഭിച്ചു. വർണാഭമായ തലപ്പാവുകളും പൂമാലകളുമായി അദ്ദേഹം ഞങ്ങളെ എതിരേറ്റപ്പോൾ തന്നെ മനസ് നിറഞ്ഞു.

പത്രികാ ഗേറ്റ്

വണ്ടിയിൽ കയറിയതിന് ശേഷം തൊട്ടടുത്തുള്ള പത്രികാ ഗേറ്റിലേക്കാണ് ഞങ്ങൾ യാത്ര തിരിച്ചത്. ജയ്പൂർ നഗരത്തിൻ്റെ പാരമ്പര്യവും കലയും സംസ്കാരവും ഒത്തു ചേരുന്ന ഈ സ്ഥലത്തു നിന്നും ഞങ്ങൾ ധാരാളം ചിത്രങ്ങളെടുത്തു. ഇവിടെ സന്ദർശിക്കുന്നതിന് പ്രവേശന ഫീസിൻ്റെ ആവശ്യമില്ല. ഏകദേശം രാവിലെ 11.45 ആയിരുന്നു സമയം. വിശപ്പിൻ്റെ വിളി വീണ ഞങ്ങൾ ഹോട്ടൽ ചെക്ക്-ഇൻ മുമ്പായി ചായയും സ്നാക്കും കഴിക്കണമെന്ന് ദിൽഷാദ് ബ്രോയോട് ആവശ്യപ്പെട്ടു.

പത്രിക ഗേറ്റിൽ നിന്ന്

ജയ്പൂർ സ്വദേശിയായ ദിൽഷാദ് ബ്രോയോട് ഹിന്ദിയും ഇംഗ്ലീഷും ഉപയോഗിച്ചാണ് ഞാനും ഏട്ടനും കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. എവിടെ പോയാലും ഇങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള ധൈര്യം എനിക്ക് വന്നത് ഞങ്ങളുടെ യാത്രാ പ്രേമത്തിലൂടെയാണ് എന്ന് നിസംശയം പറയാം. രുചിയേറിയ സ്നാക്സും നല്ല സ്സ്വീറ്റ് ലെസ്സിയും ചായയും കുടിച്ചപ്പോൾ തന്നെ വയറ് നിറഞ്ഞു. ശേഷം ഞങ്ങൾ ഞങ്ങളുടെ റോയൽസെൻട്രൽ എന്ന ഹോട്ടൽ റൂമിലെക്കാണ് പോയത്. ഹോട്ടൽ നടപടികൾ പൂർത്തിയാക്കി റൂമിലേക്ക് കടന്നു. അൽപ്പസമയത്തെ വിശ്രമത്തിന് ശേഷം ദിൽഷാദ് ബ്രോയോടൊപ്പം കാഴ്ചകളുടെ വിസ്മയലോകത്തേക്ക് ഇറങ്ങി തിരിച്ചു.

ആൽബർട്ട് ഹാൾ മ്യൂസിയം

ജയ്പൂരിൽ സ്ഥിതി ചെയ്യുന്ന പ്രധാന സംസ്കാരിക കേന്ദ്രമാണ് ആൽബർട്ട് ഹാൾ മ്യൂസിയം, 1887 ലാണ് ഇത് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. മ്യൂസിയം കാണൽ എന്നെ സംബന്ധിച്ച് അരോചകമായിരുന്നു. എങ്കിലും ഇവിടെ സ്ഥിതി മറിച്ചായിരുന്നു. ഞങ്ങൾക്കൊരു ശീലമുണ്ട് ,പ്രത്യകിച്ച് എനിക്ക്... ഒരിടത്ത് പോവുകയോ ഒരു കാര്യം ചെയ്യുകയോ ചെയ്യാനുറപ്പിച്ചാൽ ഞാനൊരു ഗവേഷകയാകും എനിക്ക് പറ്റുന്ന അറിവുകൾ നേടി വെക്കും. അങ്ങനെ ഞാൻ ഈ മ്യൂസിയം കാണാൻ കൗതുകം പൂണ്ട് നിൽക്കുന്നതിൻ്റെ കാരണം ഇവിടെ ഈജിപ്ഷ്യൻ മമ്മിയുണ്ട് എന്നതാണ്.

ആൽബർട്ട് ഹാൾ മ്യൂസിയത്തിൽ സൂക്ഷിച്ച ഈജിപ്ഷ്യൻ മമ്മി

ഈജിപ്തിൽ പോവാതെ തന്നെ ഒരു മമ്മി കാണാൻ പറ്റുന്നു. പിന്നെ ശിൽപ്പങ്ങൾ, പ്രതിമകൾ മിനിയേച്ചർ, പെയിൻ്റിംഗ് കൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ അങ്ങനെ ഒരു ചരിത്രവും സംസ്കാരവും വിളിച്ചോതുന്നവയെല്ലാം ഞാനിവിടെ കണ്ടു. അവിടെ നിന്ന് ചില രാജസ്ഥാനി വിഭവങ്ങളും ചായയും കുടിച്ച് ബിർല ടെമ്പിളിലേക്ക് യാത്രയായി.

ബിർല ടെമ്പിൾ

1939 ൽ ജുഗൽ കിഷോർ ബിർളയാണ് ഈ ക്ഷേത്രം നിർമിച്ചത്. വിഷ്ണുവിൻ്റെയും ലക്ഷ്മിയുടെയും വിവിധ രൂപങ്ങൾ ആരാധിക്കാനാണീ ക്ഷേത്രം നിർമിച്ചിട്ടുള്ളത്. മാർബിളിൻ്റെ ഒരു വിസ്മയ ലോകം തന്നെയായിരുന്നു ഈ ക്ഷേത്രം. ആദ്യ ദിവസം ഇതോടു കൂടി അവസാനിപ്പിച്ച് അടുത്ത ദിവസത്തെ പ്രതീക്ഷകളുമായി ഞങ്ങൾ റൂമിലെത്തി.

രണ്ടാമത്തെ ദിവസം പെട്ടെന്ന് റെഡിയായി ഹോട്ടലിൽ ഞങ്ങൾക്കനുവദിച്ചിട്ടുള്ള പ്രഭാത ഭക്ഷണവും കഴിച്ച് കാറിനടുത്തെത്തി. നോർത്ത് ഇന്ത്യയിലേക്ക് പോകുന്നത് പേടിക്കാനുണ്ടോ? അവിടത്തെ ഭക്ഷണം പറ്റുമോ? പണം കുറേ യാവുമോ എന്നൊക്കെ ആധി പിടിക്കുന്ന കുറേ മലയാളികൾ ഉണ്ട് അവരോടൊന്നേ പറയാനുള്ളു നിങ്ങൾ ആധി പിടിച്ചിരിക്കത്തേയുള്ളു . അങ്ങനെ ഡ്രൈവർ ഞങ്ങളെ ജയ്പൂരിന് സമീപം ആരവല്ലി മലനിരകളുടെ അരികിൽ സ്ഥിതി ചെയ്യുന്ന നഹർഗഢ് കോട്ടയിലേക്ക് കൊണ്ടു പോയി.


നഹർഗഢ് കോട്ട

കടുവകളുടെ വാസസ്ഥലം എന്നതാണ് നഹർഗഡ് എന്നതിൻ്റെ അർത്ഥം. 1734ൽ ജയ്പൂരിലെ രാജാവ് സവായ് ജയ്സിംഗാണ് ഈ കോട്ട പണി കഴിപ്പിച്ചത്.

ആംബർ കോട്ട /ജയ്ഗഡ് കോട്ട

ആംബർ കോട്ടയുടെ തൊട്ട് പടിഞ്ഞാറായി ചിൽ കാടീല എന്ന കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ജയ്ഗഢ് കോട്ട .ആംബർ കോട്ടയുടെ തൊട്ടടുത്തായതിനാലും ഒരേ ചുറ്റുമതിലുള്ള വളപ്പിൽ സ്ഥിതി ചെയ്യുന്നതിനാലും ജയ്ഗഢ് കോട്ടയെയും ആംബർ കോട്ടയെയും ഒറ്റ കോട്ടയായി പരിഗണിക്കുന്നവരുമുണ്ട്. തൻ്റെ 12 ഭാര്യമാർക്കും വേണ്ടി 12 വലിയ മണിയറ കളോടെ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരമാണ് ജയ്പൂരിലെ ആംബർ ഫോർട്ട്. ചിത്രപണികൾ കൊണ്ടും കണ്ണാടികൾ കൊണ്ടും ആരെയും അത്ഭുദപ്പെടുത്തുന്ന കൊട്ടാരം. ഈ 12 ഭാര്യമാരും പരസ്പരം കണ്ടിട്ടില്ല എന്നാണ് പറയുന്നത്.

ആംബർ ഫോർട്ടിലെ ഭാഗം

ഓരോ കൊട്ടാരത്തിലേക്കുമുള്ള വഴികൾ രാജാവിന് മാത്രമേ അറിയൂ. ബെൽജിയം ഗ്ലാസ് കൊണ്ട് ഹാൻവർക്ക് ചെയ്ത ശേഷ് മഹൽ ഇവിടത്തെ പ്രധാന കാഴ്ചയാണ്.ആംബർ ഫോർട്ടും ജയ്ഗഢ് ഫോർട്ടും കണ്ടു കഴിഞ്ഞതിനു ശേഷം മങ്കി ടെമ്പിൾ ഗാൽതാജി ക്ഷേത്രത്തിലെക്ക് ഞങ്ങൾ യാത്ര തിരിച്ചു.

മങ്കി ടെമ്പിൾ / ഗാൽ താജി ക്ഷേത്രം

ആരവല്ലി കുന്നുകൾക്കിടയിലുള്ള ക്ഷേത്ര സമുച്ചയമാണ് മങ്കി ടെമ്പിൾ. ധാരാളം കുരങ്ങുകൾ ഉള്ളതു കൊണ്ടുതന്നെയാണ് ഈ വിളിപ്പേര് ലഭിച്ചത്. അതിമനോഹരമായ വാസ്തുവിദ്യയും അന്തരീക്ഷസൗന്ദര്യത്താലും മങ്കി ടെമ്പിൾ കാഴ്ചകൾക്ക് കുളിർമയേകുന്നു. 15-ാം നൂറ്റാണ്ടിൽ ദിവാൻ റാവു കൃപരാം നിർമിച്ചതാണീ ക്ഷേത്രം . ഋഷി ഗാലവിൻ്റെ തപസുമായി ബന്ധപ്പെട്ട് ഈ സ്ഥലത്തിന് പ്രാധാന്യം ലഭിച്ചു. ഈ ക്ഷേത്രത്തിലെ റോപ് വേ സംവിധാനത്തിന് മാത്രം ചെറിയൊരു തുക ഈടാക്കുന്നുണ്ട്. ഭക്തർക്ക് വിശേഷപ്പെട്ട പ്രസാധങ്ങളും ഇവിടെ നിന്ന് ലഭിക്കും.

വൈകിട്ട് ഒരു 6.30 മണിയോടെ ഞങ്ങൾ റൂമിലെത്തി. അന്ന് വൈകിട്ട് ജയ്പൂരിലെ രാത്രി ജിവിതവും ഭക്ഷണവും തേടി ഞങ്ങളൊന്ന് നടന്നു. ഹോട്ടലിന് പുറത്തെക്കിറങ്ങിയ ഞങ്ങളെ അനുസ്മരിപ്പിച്ചത് കാശ്മീരിലേത് പോലുള്ള തണുപ്പാണ്. പറയാൻ വിട്ടു പോയി രാജസ്ഥാനിലെ ചായക്കും അതേ പോലെ ലെസ്സിക്കും മറ്റെവിടെനിന്നും ലഭിക്കാത്തൊരു രുചിയാണ് എനിക്ക് feel ചെയ്തത്. മണ്ണുകൊണ്ടുണ്ടാക്കിയ ഗ്ലാസിലാണ് ഇവ രണ്ടും നമുക്ക് ലഭിക്കുക. ഭക്ഷണ ശേഷം മുറിയിൽ പോയി നല്ലൊരുറക്കം പാസാക്കി. 

മങ്കി ടെമ്പിളിലെ പ്രസാദം

അടുത്ത ദിവസം രാവിലെ പതിവിലും നേരത്തെ എണീറ്റു റെഡിയായ ഞങ്ങൾ പ്രഭാതഭക്ഷണത്തിനായി റൂമിനു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് മകനിലെ ആ മാറ്റം ശ്രദ്ധിച്ചത്, ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. ഞങ്ങടെ കൂടെ കൂടി അവനും ഹിന്ദി വാക്കുകൾ പഠിച്ചെടുക്കാൻ തുടങ്ങിയിരിക്കുന്നു അതേ പോലെ വലിയ ഹോട്ടൽ റൂമിലെ ഡോർ ഓപ്പണിംഗ് രീതികളും അവൻ സ്വന്തമായി ചെയ്യാൻ തുടങ്ങി. ഞങ്ങടെ യാത്രകളെ നേരിട്ടും അല്ലാതെയും വിമർശിച്ചവരോട് നന്ദി തോന്നിയ നിമിഷങ്ങളായിരുന്നു അത്. അവരറിയുന്നില്ലല്ലോ അവരുടെ വിമർശനങ്ങൾ മുതൽക്കൂട്ടാക്കി ഞങ്ങൾ നേടിയെടുക്കുന്നതാണ് ഈ അസുലഭ നിമിഷങ്ങളെന്ന്...

മഹാരാജാ സിറ്റി പാലസ് മ്യൂസിയം

ദിൽഷാദ് ബ്രോ കൃത്യസമയത്ത് തന്നെ ഞങ്ങളെ കൂട്ടാൻ പുറത്തുണ്ടായിരുന്നു. മഹാരാജാ സിറ്റി പാലസ് മ്യൂസിയത്തിലേക്കാണ് ഞങ്ങൾ ആദ്യമെത്തിയത് ഇവിടത്തെ എൻട്രി ഫീ കൂട്ടത്തിൽ കുറച്ച് ഓവറായി എനിക്ക് തോന്നി. 1959 ൽ മഹാരാജാ സവായി മാൻസിങ് l l ആണ് ഈ മ്യൂസിയം സ്ഥാപിച്ചത്. മുഗൾ -രജ്പുത് വാസ്തുവിദ്യാ ശൈലികളുടെ സംയോജനമാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. രാജഭരണകാലത്തെ ആയുധങ്ങളും രാജാക്കൻമാരുടെ വസ്ത്രങ്ങളും ഇവിടത്തെ പ്രധാന ആകർ ഷങ്ങളാണ്.

ജന്തർ മന്തിർ

പാലസിന് തൊട്ടടുത്തായി തന്നെയായിരുന്നു ജന്തർ മന്തിർ. ഇവിടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സൂര്യഘടികാരം കാണാം. ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണാലയങ്ങളിൽ ഒന്നായി കണക്കാക്കുന്ന ജന്തർ മന്തിർയുനെസ്കോയുടെ ലോകപൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. നിരവധി ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളുടെ ഒരു സങ്കേതമായിട്ടാണ് എനിക്കിതിനെ തോന്നിയത്. ജയ്പൂരിൻ്റെ സ്ഥാപകനായ ജയ്സിങ് രണ്ടാമനാണ് ജന്തർമന്തിറിൻ്റെയും സ്ഥാപകൻ . കല്ലുകൊണ്ട് നിർമിച്ച ജന്തർമന്തിർ 14 ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ സമന്വയമാണ്. ലോകത്തിലെ ഏറ്റവും വലിയ സൗരഘടികാരമായ സാമ്രാട്ട് യന്ത്ര ജന്തർമന്തി റിൻ്റെ ഭാഗമാണ്. ജന്തർ മന്തിറിനും സിറ്റിപാലസിനും ഇടയിലായി ഷോപ്പിങ്ങ് നു പറ്റിയ ധാരാളം കടകളുണ്ട്. അവിടെ മിതമായ നിരക്കിൽ വസ്ത്രങ്ങളും ആഭരണങ്ങളും ചെറിയ വിലപേശലുകൾക്ക് നടത്തി നമുക്ക് വാങ്ങിക്കാവുന്നതാണ്. ദിൽഷാദ് ബ്രോയുടെ വിളി വന്നപ്പോൾ ഷോപ്പിങ്ങ് അവസാനിപ്പിച്ച് ഞങ്ങൾ കാറിനടുത്തെത്തി.

ഹവാമഹൽ

പേരുപോലെ തന്നെ കാറ്റുകളുടെ മാളിക എന്നതാണ് ഹവാമഹൽ എന്ന പേരിനർത്ഥം. ജയ്പൂരിൽ സ്ഥിതിചെയ്യുന്ന സവിശേഷ ശൈലിയിലുള്ള മാളികയാണ് ഹവാമഹൽ. ചെറിയ ജാലകങ്ങളോട് കൂടിയ കൂടുകൾ ചേർത്തുവെച്ച് അഞ്ചു നിലകളിലായുള്ള ഈ മാളിക 1799 ൽ മഹാരാജാ സവായ് പ്രതാപ് സിങ് പണി കഴിപ്പിച്ചതാണ്. കൊട്ടാരത്തിലെ സ്ത്രീകൾക്ക് പുറംലോകം വീക്ഷിക്കാനായാണ് അദ്ദേഹം ഈ മാളിക പണി കഴിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.

അന്നും വൈകിട്ട് റൂമിലെക്ക് എത്തിയതിന് ശേഷം ജയ്പൂരിൻ്റെ രാത്രി സൗന്ദര്യം ആസ്വദിക്കാൻ ഞങ്ങൾ റൂമിന് പുറത്തിറങ്ങി. അന്ന് ക്രിസ്മസ് രാവും ജയ്പൂരിലെ ഞങ്ങളുടെ അവസാന ദിനവുമായിരുന്നു. രാത്രി ഭക്ഷണമായി നഗരത്തിലെ പ്രധാന വിഭവങ്ങൾ കഴിച്ചു ഇത്തവണ വളരെ ശ്രദ്ധിച്ച് മെനു നോക്കിയാണ് ഞാൻ ഓർഡർ നൽകിയത്. അന്നേ ദിവസം ഉച്ചക്ക് രാജസ്ഥാനിലെ പ്രശസ്ത ഭക്ഷ്യവിഭവമായ 'ദാൽബാട്ടി ചുറുമ 'യാണ് ഞാൻ ഓർഡർ ചെയ്തിരുന്നത്. പക്ഷേ എനിക്കിത് വർക്ക് ആയില്ല. എവിടെ പോയാലും അവിടെയുള്ള ഒരു വിധം എല്ലാ സവിശേഷ വിഭവങ്ങളും ഞങ്ങൾ ട്രൈ ചെയ്യാറുണ്ട്. 350 രൂപയായിരുന്നു വില എങ്കിലും എനിക്കത് ഒട്ടും ഇഷ്ടമായില്ല. തിരിച്ച് ഹോട്ടലിലേക്ക് എത്തിയപ്പോൾ അവിടെ ഞങ്ങൾ കണ്ടത് ക്രിസ്മസ് അപ്പൂപ്പനും ഡെക്കറേഷനുകളുമാണ്. അവിടെ നിന്ന് അപ്പൂപ്പനോടൊപ്പം കുറേ ചിത്രങ്ങളെടുത്തു, കഴിഞ്ഞ ക്രിസ്മസ് ൽ നിന്ന് വിഭിന്നമായി ലഭിച്ച നനുത്ത ഓർമകളും അടുത്ത ദിവസത്തെ പ്രതീക്ഷകളുമായി ആ ദിവസം അവസാനിച്ചു.

ജയ്പൂരിനോട് ഗുഡ് ബൈ പറഞ്ഞ് ഇന്ന് ഞങ്ങളുടെ യാത്ര പുഷ്കറിലേക്കാണ്. പ്രഭാതഭക്ഷണത്തിന് ശേഷം നല്ല റിവ്യൂ കൊടുത്ത് പുഷ്കറിലെ സത്യം പാലസ് റിസോർട്ടിലേക്കാണ് ഇപ്പോൾ ഞങ്ങളുടെ യാത്ര. ജയ്പൂരിൽ നിന്ന് രണ്ടര മണിക്കൂറോളം യാത്ര ചെയ്തു വേണം ഞങ്ങൾക്ക് പുഷ്കറിൽ എത്താൻ. വീട് പണി നടത്തുന്ന ഞങ്ങൾക്ക് മാർബിളിനെ കുറിച്ചൊന്ന് നേരിട്ട് പഠിക്കണമെന്നതും ഈ യാത്രയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. പുഷ്കറിലേക്ക് പോകുന്ന വഴിയിലാണ് മാർബിൾ സിറ്റി എന്നറിയപ്പെടുന്ന കിഷൻഗഡ്. അങ്ങനെ പുറത്തുള്ള കാഴ്ചകളും സംസാരങ്ങളും ഒരു വിധം നിന്നപ്പോഴാണ് ഞാനൊന്ന് പുറത്തു നോക്കിയത്. പിന്നീടുള്ള കാഴ്ചകൾ ഒരു മരുഭൂമിയിലെത്തിയ പോലെയായിരുന്നു പുറത്ത് ഒട്ടകങ്ങളും മരുഭൂമികളും കടുക് പാടങ്ങളും കൗതുകമാർന്ന കാഴ്ചയായിരുന്നു. പുഷ്കറിലേക്ക് പോകുന്ന വഴി ബ്രഹ്മാക്ഷേത്രത്തിൽ ഗൈഡിനെ എടുക്കുന്നോ എന്ന ദിൽഷാദ് ബ്രോയുടെ ചോദ്യത്തിന് ആദ്യം ഇല്ല എന്ന മറുപടിയും അവസാന നിമിഷം ഗൈഡിനെ ആവശ്യപ്പെടുകയുമാണ് ഞങ്ങൾ ചെയ്തത്. അവിടെ ഗൈഡ് ആവശ്യമായിരുന്നു കാരണം പുഷ്കർ മറ്റൊരു ലോകം തന്നെയാണ്. പുഷ്കറിലെ ഒട്ടകമേള മാത്രമായിരുന്നു അവിടെയെത്തും വരെ ആ നാടിനെ പറ്റിയുള്ള എൻ്റെ അറിവ്.

പുഷ്കർ തടാകം

ബ്രഹ്മ ടെമ്പിൾ&പുഷ്കർ തടാകം

എ.ഡി 14-ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമിച്ചതെന്ന് കരുതപ്പെടുന്നു. പുഷ്കർ ബ്രഹ്മക്ഷേത്രവും തടാകവും ഹിന്ദുക്കളുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളാണ്. ക്ഷേത്രത്തിലെ നിത്യ പൂജകൾ തടാകത്തിലെ പുണ്യസ്നാനങ്ങൾ, പിതൃകർമങ്ങൾ , ഗായത്രി പൂജ എന്നിവയാണ് ഇവിടെ പ്രധാനമായി നടക്കാറ്. ഇപ്പോൾ നിങ്ങൾ വിചാരിക്കും ഗൈഡിനെയൊക്കെയെടുത്ത് അമ്പലത്തിൽ കേറി വരാൻ വലിയൊരു തുക ചെലവാകും എന്ന്. എന്നാൽ ഗൈഡ് ആദ്യമേ ഞങ്ങളോട് പറഞ്ഞത് നമുക്കെന്താണോ കൊടുക്കാൻ തോന്നുന്നത് അത് മതിയെന്നാണ്. മാത്രമല്ല വളരെ സുഗമമായി ക്ഷേത്രത്തെ പറ്റിയറിയാനും ക്യൂ നിൽക്കാതെ നല്ല രീതിയിൽ സന്ദർശനം നടത്താനും സാധിച്ചത് ഈ ഗൈഡുള്ളത് കൊണ്ടാണ്. ക്ഷേത്രപൂജകൾ നടത്തുന്നത് സന്യാസിമാരാണ്. ബ്രഹ്മഘട്ട് , വരാഹ ഘട്ട്, ഗൗഘട്ട് എന്നിവയാണ് ഇവിടത്തെ പ്രധാന ഘട്ടുകൾ. ബ്രഹ്മാവിൻ്റെ കൈയ്യിൽ നിന്ന് ഒരു താമരപൂവ് വീണ് അത് ഭൂമിയിൽ പതിക്കുകയും അവിടെയൊരു തടാകം രൂപപ്പെട്ടു എന്നതുമാണ് പുഷ്കർ തടാകത്തിനെ പറ്റിയുള്ള വിശ്വാസം. ഹിന്ദുമതത്തിലെ അഞ്ച് പുണ്യ തടാകങ്ങളിൽ ഒന്നായാണ് പുഷ്കർ തടാകം കരുതപ്പെടുന്നത്. പുഷ്കറിലെ സന്യാസിമാർ പൂജകൾ ചെയ്തു തരുന്നത് ഒരു പ്രത്യേക അനുഭവമാണ്. അങ്ങനെ ഞങ്ങളും പൂജക്കായി ഒരു സന്യാസിയുടെ അടുത്തിരുന്നു. അവർ പുഷ്കർ തടാകത്തിലെ പവിത്രമായ ജലത്തിൽ നിന്നും തിലകം ചാർത്തി പൂജകൾ ചെയ്ത് ആഗ്രഹങ്ങൾ നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. അവർ ചൊല്ലുന്ന മന്ത്രങ്ങളിലൂടെ ആഗ്രഹങ്ങൾ നടക്കാൻ സാധിക്കുന്നു എന്നതാണ് വിശ്വാസം. ഞങ്ങളുടെ വിവരങ്ങൾ തിരക്കി ആഗ്രഹങ്ങൾ പ്രാർത്ഥിച്ച് ഞങ്ങൾക്കു വേണ്ടി അദ്ദേഹം പൂജക്ക് നേതൃത്വം നൽകി. പുഷ്കർ തടാകക്കരയിലെ ഒരു ഘാട്ടിൽ ഞങ്ങളും മന്ത്രോച്ചാരണങ്ങൾ നടത്തി പൂജകളുടെ ഭാഗമായി. ഈ അവസരത്തിൽ എനിക്ക് ഒന്നേ തോന്നിയുള്ളു മറ്റാർക്കും ലഭിക്കാത്ത ഏതൊരറിവും അറിയാനും അനുഭവിക്കാനും അതിൻ്റെ കൗതുകമുൾക്കൊള്ളാനും യാത്രകൾ ചെയ്യാത്ത ഒരാൾക്കും സാധിക്കില്ല. ഇതൊന്നും അറിയാതെ അനുഭവിക്കാതെ നാല് ചുവരിനകത്താണ് ലോകം എന്ന് കരുതുന്നവർ എന്ത് നേടുന്നു? പുഷ്കർ ഒരു ഗ്രാമപ്രദേശമായിരുന്നു. അമ്പലത്തിന് പുറത്തായിരുന്നു ഒട്ടുമിക്ക കച്ചവടങ്ങളും ഉണ്ടായിരുന്നത്.ബഡ്ജറ്റ് റേറ്റിന് സാധനങ്ങൾ അവിടെ നിന്ന് വാങ്ങാം. ഷോപ്പിംഗ് തീർത്ത് ഞങ്ങൾ വൈവിധ്യമാർന്ന രുചികളിലേക്ക് ഒന്നു എത്തിനോക്കിയാലോ എന്ന് വിചാരിച്ചു. കച്ചേരി വട,പിന്നെ മധുരമുള്ള മറ്റ് രുചി വിഭവങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.

ദാൽബാട്ടി ചുറുമ -രാജസ്ഥാൻ വിഭവം

ശേഷം ഡ്രൈവർ ഞങ്ങളെ റിസോർട്ടിലാക്കി ഗുഡ്ബൈയും പറഞ്ഞ് പോയി. പ്രകൃതി സുന്ദരമായ ഒരു കാഴ്ച തന്നെയായിരുന്നു ഗ്രാമീണ ഭംഗിക്ക് നടുവിലായുള്ള ഞങ്ങളുടെ റിസോർട്ട്. ഗ്രാമീണരായ ഇവിടുത്തെ ആളുകൾക്ക് ഇംഗ്ലീഷ് വിജ്ഞാനം പൊതുവേ കുറവാണ്. ഹിന്ദി ഒരു അത്യാവശ്യഘടകമായിരുന്നു അവിടെ. രാജകീയ ശൈലിയിൽ നിർമിച്ചതും പഴക്കമുള്ളതുമായ റിസോർട്ട് ആണത്. എങ്കിലും വളരെ വൃത്തിയിൽ അവരത് കൈകാര്യം ചെയ്യുന്നുണ്ട്. പുഷ്കറിൽ വൈകുന്നേരം മുതൽ രാവിലെ വരെ നല്ല തണുപ്പാണ്. നിലത്തെ മാർബിളിലൊന്നും ചെരുപ്പില്ലാതെ നമുക്ക് ചവിട്ടാനാവില്ല. പിറ്റേന്ന് നേരം പുലർന്നപ്പോഴേക്ക് അജ്മീർ റെയിൽവെ സ്റ്റേഷനിൽ ഞങ്ങളെ എത്തിക്കാനുള്ള ഡ്രൈവറും എത്തിയിരുന്നു. പ്രഭാതഭക്ഷണത്തിന് ശേഷം അഞ്ചാറ് ദിവസത്തെ ഒരു പിടി നല്ല ഓർമകളുമായി ഞങ്ങൾ അജ്മീർ റെയിൽവേ സ്റ്റേഷനിലെക്ക് തിരിച്ചു. ഇനി ഈ കഥയിലൊരു ട്വിസ്റ്റുണ്ട്.

ഒരു യാത്രയിൽ ഒരുപാട് കാര്യങ്ങൾ നമ്മൾ പഠിക്കും. ഏത് പ്രതിബന്ധങ്ങളും സധൈര്യം തരണം ചെയ്യാനുള്ള ശേഷി നമുക്കുണ്ടാവും. ആഴ്ചയിലൊരിക്കൽ അജ്മീറിൽ നിന്നും എറണാകുളത്തെക്ക് പോവുന്ന മരുസാഗർ എക്സ്പ്രസിൽ തേർഡ് എ.സി കോപ്പ് ആണ് ഞങ്ങൾ ഓൺലൈൻ വഴി ബുക്ക് ചെയ്തിരുന്നത്. എന്നാൽ ആ സമയത്ത് 2, 3 ഉം വെയിറ്റിങ് ലിസ്റ്റിൽ ആയിരുന്ന ഞങ്ങളുടെ ടിക്കറ്റുകൾ റെയിൽവേയിൽ നിന്ന് ഓട്ടോമാറ്റിക്കായി കാൻസൽ ആയി. വെക്കേഷൻ ടൈം ആയത് കൊണ്ട് നല്ല തിരക്കുണ്ടായിരുന്ന ഈ ട്രെയിനിൽ ഇതേ അവസ്ഥയിലിരുന്ന ധാരാളം മലയാളികളെ ഞങ്ങൾ പരിചയപ്പെട്ടു. ശേഷം ലോക്കൽ ടിക്കറ്റെടുത്ത് സ്ലീപ്പറിലേക്ക് അപ്ഗ്രേഡ് ചെയ്താണ് ഞങ്ങൾ യാത്ര തിരിച്ചത്. ആ ട്രെയിൻ യാത്ര രണ്ട് ദിവസത്തോളം നീളുന്നതായിരുന്നു. ഭാഷാഭേദമന്യ പല ആളുകളെയും പരിചയപ്പെടാനും ഒരു കുടുംബാംഗങ്ങളെ പോലെ ഇടപെടാനും ആ യാത്രയിൽ സാധിച്ചു. ഈ യാത്രയിൽ എന്നല്ല കഴിഞ്ഞ ഞങ്ങളുടെ രണ്ട് യാത്രയിലും പിന്തുണയുമായി വിളിപ്പാടകലെ ഒപ്പമുണ്ടായിരുന്ന ട്രാവൽ ഏജൻസിയിലെ ഫിറോസ് ഞങ്ങൾക്കൊരു യാത്രാ വിജ്ഞാനകോശമാണ്. യാത്ര തുടങ്ങിയപ്പോൾ മുതൽ തിരിച്ച് ട്രെയിൻ കയറുന്നതുവരെ ഫോണിലൂടെ ഒപ്പമുണ്ടായിരുന്ന മാളവിക ഇവരെയെല്ലാം സ്നേഹത്തോടെ സ്മരിച്ചു കൊണ്ട് അടുത്ത യാത്രക്കുള്ള പ്ലാനിങ്ങിന് തുടക്കമിട്ട് ഞങ്ങൾ വീടെത്തി...

Tags:    
News Summary - rajasthan family travelogue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.