??????????? ??????^????? ???????????? ??????? ? ??????

രുദ്രപ്രയാഗയിലെ അമ്മ

ഹരിദ്വാറിൽനിന്ന് തുംഗനാഥിലേക്കുള്ള വഴിയിലെ ആദ്യദിനം, ഇരുൾ പടർന്നു കഴിഞ്ഞിട്ടാണ് രുദ്രപ ്രയാഗയിലെത്തിയത്. ജിം കോർബെറ്റ് പണ്ട് നരഭോജിയായ പുലിയെ കൊന്ന അതേ രുദ്രപ്രയാഗ തന്നെ. നദിക്കരയിലൊരു ധർമശാലയിൽ കിടക്ക തരപ്പെടുത്തി. രാവിലെ എണീറ്റപ്പോൾ വൈകിയിരുന്നു. പുറത്തേക്കിറങ്ങി, നിരത്തിലൂടെ തന്നിലേക്ക്​ തന്നെ ചേർന ്ന്​ കൂനിക്കൂടിനടന്നുവന്ന വൃദ്ധനോട് പ്രയാഗിലേക്കുള്ള വഴി അന്വേഷിച്ചു. പുള്ളി ഒന്നും മിണ്ടാതെ ഇടത്തേക്ക് കൈച ൂണ്ടി; നടപ്പ്​ തുടർന്നു. അതൊരു നടപ്പാതയാണ്. പാതയ്ക്കിരുവശവും ഇഷ്ടിക നിരത്തിയതുപോലെ വീടുകൾ, ചില ചെറുകടകളും. ജീവ ിതായോധനത്തിന്റെ മറ്റൊരു പകലിലേക്കിറങ്ങുന്നതിന്റെ തിരക്കിലാണ് എല്ലാവരും.

കുറച്ചേറെ മുന്നോട്ടു നടന്നു. പാ തയവസാനിക്കുന്നിടത്ത് ഇടത്തേക്കും വലത്തേക്കും നീളുന്ന പടിക്കെട്ടുകൾ. വലതുവശത്ത് മുകളിലേക്കുള്ള പടിക്കെട്ടി നുതാഴെ ‘ശ്രീ രുദ്രനാഥ്ജി കാ പ്രാചീൻ മന്ദിർ...’ എന്ന ബോർഡ്. ഇടത്തേക്കു നോക്കിയാൽ താഴെ നദീസംഗമം കാണാം; സംഗമത്തോടുച േർന്ന് ഒരു ചെറുക്ഷേത്രവും. താഴേക്കുനീളുന്ന പടികളിറങ്ങി ക്ഷേത്രത്തിനടുത്തേക്ക് നടന്നു.

ഹൈന്ദവധർമ്മത്തിലെ പുകൾപെറ്റ പഞ്ചപ്രയാഗകളിലൊന്നാണ് രുദ്രപ്രയാഗ

ഹൈന്ദവധർമ്മത്തിലെ പുകൾപെറ്റ പഞ്ചപ്രയാഗകളിലൊന്നാണ് രുദ്രപ്രയാഗ. നദീസംഗമങ്ങളെ ഇന്നാട്ടുകാർ പ്രയാഗകളെന്നാണ് വിളിക്കുക. ദേവപ്രയാഗ, വിഷ്ണുപ്രയാഗ, കർണ്ണപ്രയാഗ, നന്ദപ്രയാഗ എന്നിവയാണ് ഉത്തരാഖണ്ഡ് ഹിമാലയവഴിയിലെ മറ്റു നാലു പ്രയാഗകൾ. ഹിമാലയ നദികളായ അളകനന്ദയും മന്ദാകിനിയും രുദ്രപ്രയാഗിലാണ് സംഗമിക്കുന്നത്. മലനിരകൾക്കുതാഴെ ഇടത്തുനിന്ന് അല്പം രൗദ്രഭാവത്തിൽ അളകനന്ദ. വലത്തുനിന്ന് ലാസ്യനടനമാർന്ന് മന്ദാകിനി. ഇരുവഴിക്കെത്തിയതിന്റെ ഒരപരിചിതത്വവുമില്ലാതെ തമ്മിൽപ്പുണർന്ന് ഒരൊറ്റയുടലായി വന്മലകൾക്കിടയിലേക്ക് അവർ ഒഴുകിമറയുന്ന ദൃശ്യം അക്ഷരാർത്ഥത്തിൽത്തന്നെ ഹൃദയഹാരിയാണ്.

ഇനിയിവൾക്കുപേർ അളകനന്ദയെന്നാണ്. മന്ദാകിനി ഇവിടെ ഇവളിൽ ലയിച്ചിരിക്കുന്നു. കുറേ താഴെയൊരു സംഗമഭൂമിയിൽ; ദേവപ്രയാഗയിൽ ഭാഗീരഥികൂടി വന്നുചേരുന്നതോടെ ഗംഗ പിറക്കുകയായി. ഗംഗ - ഇന്ത്യൻ ഉപഭൂഗണ്ഡത്തിന്റെ മധ്യസമതലഭൂവിനെയാകെ ഉർവരമാക്കുന്ന മഹാപ്രവാഹം! 2500 കിലോമീറ്റർ നീളുന്ന പ്രയാണത്തിനിടയിൽ എത്രയെത്ര ജനപഥങ്ങൾക്ക്, എത്രയെത്ര സംസ്കാരങ്ങൾക്ക്, എത്രയെത്ര സസ്യജന്തുജാലങ്ങൾക്ക് ഇവൾ ജീവജലം പകർന്നുകൊണ്ടിരിക്കുന്നു..!!

നിറയെ ഓട്ടുമണികൾ കെട്ടിയ ചെറുകമാനം കടന്നുവേണം നദീസംഗമത്തിലെ ക്ഷേത്രനടയിലെത്താൻ

നിറയെ ഓട്ടുമണികൾ കെട്ടിയ ചെറുകമാനം കടന്ന് നദീസംഗമത്തിലെ ക്ഷേത്രനടയിലെത്തി – ചാമുണ്ഡാദേവീക്ഷേത്രം. സംഗീതത്തിൽ പ്രാവീണ്യം നേടുന്നതിനായി നാരദമുനി ഈ നദീസംഗമത്തിൽ തപസ്സനുഷ്ഠിച്ചെന്നും പരമശിവൻ രുദ്രരൂപമെടുത്തെത്തി അനുഗ്രഹിച്ചു എന്നുമാണ് രുദ്രപ്രയാഗയുടെ ഐതിഹ്യം. ചാമുണ്ഡാദേവി, രുദ്രരൂപമെടുത്ത പരമശിവന്റെ ഭാര്യയെന്ന നിലയിൽ ഈ നദീസംഗമത്തിൽ പൂജിക്കപ്പെടുന്നു.

ശ്രീകോവിലിനുമുന്നിലേക്കെത്തി. എൺപതുവയസ്സെങ്കിലും തോന്നിക്കുന്ന ഒരു വൃദ്ധയാണ് ക്ഷേത്രത്തിലെ പൂജാരി. അധികമാരുമില്ല ക്ഷേത്രനടയിൽ. ആ അമ്മയെ വണങ്ങി. യാത്രികരാണെന്നും കേരളത്തിൽനിന്നാണെന്നുമൊക്കെ മുറി ഹിന്ദിയിൽ പറഞ്ഞൊപ്പിച്ചു. കേരളമെന്നൊന്നും അവർ കേട്ടിട്ടുണ്ടാവാനിടയില്ലെന്നു തോന്നി. ക്ഷേത്രമാഹാത്മ്യം അവർ വിശദമായി പറഞ്ഞു. ഹിന്ദി അത്ര വശമില്ലാത്തതിനാൽ അൽപ്പമൊക്കെ അവിടെയുമിവിടെയും മനസ്സിലായി എന്നു നടിച്ചു.
‘സൊംബാർഗിനി മാ’ എന്നാണ് അമ്മയുടെ പേര്. ഒരു ചിത്രമെടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ “തൂ പാഗൽ ബേട്ടാ...” (നിനക്ക്​ വട്ടാണോ..?) എന്നു പരിഹസിച്ച് നദീസംഗമത്തിലെ കൈവരിയിൽ ചാരി നിന്നുതന്നു. പ്രയാഗയിലെ നദിയെ തൊട്ടുവരാൻ പറഞ്ഞ് അമ്മ നിത്യപൂജകളിലേക്ക് കടന്നു.

സൊംബാർഗിനി മാ

പടികളിറങ്ങിച്ചെന്ന് മഹാപ്രവാഹത്തിന്റെ കുളിർ കൈക്കുമ്പിളിലെടുത്ത് നുകർന്ന് തിരികെക്കയറുമ്പോൾ അമ്മ പ്രാതപൂജയ്ക്കുള്ള ഒരുക്കത്തിലാണ്. അൽപ്പനേരം നിശ്ശബ്ദം അതുകണ്ടുനിന്നു. എത്രയോ കാലമായി മുടങ്ങാതെ അമ്മ ചാമുണ്ഡാദേവിയെ ഉപാസിക്കുന്നുണ്ടാവും... ഈ നദീസംഗമത്തിലെ തീർത്ഥം കൊണ്ട് എത്രതവണ ചാമുണ്ഡാദേവിയെ അഭിഷേകം ചെയ്തിരിക്കും...

ചിന്തയിലെങ്ങോ സ്വയം നഷ്ടപ്പെട്ട് നിൽക്കുമ്പോൾ അമ്മ വിളിച്ചു, ബേട്ടാ... പുഞ്ചിരിയോടെ അടുത്തേക്കുവരാൻ ആംഗ്യം കാട്ടി. കൈയിൽ തീർത്ഥം പകർന്നു. കുടിക്കാനും ശിരസ്സിലൊഴിക്കാനും പറഞ്ഞു. ഒടുവിൽ വിറയാർന്ന വിരലോടെ സ്നേഹപൂർവം നെറ്റിയിൽ ചുവന്ന കുറിതൊട്ടുതന്നു. ഇരുകൈകളും ശിരസ്സിലമർത്തി അനുഗ്രഹിച്ചു..
അതെ, യാത്ര തുടരുകയാണ്...

Tags:    
News Summary - A Pilgrim to Rudraprayag of Uttarakhand - Travelogue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.