courtesy: lykke.travel

കടൽ തീരങ്ങളുടെ പറുദീസയായ 'ഗോകർണം'

രാത്രി ഏറെ വൈകാതെ 'ഗോകർണ'ത്തെത്താനായിരുന്നു മുരുഡേശ്വരിൽ നിന്നും എട്ടരയോടെ പുറപ്പെട്ടത്. വഴിമധ്യേ ഹൊനാവറിലെ ഹൈവേയിൽ ഒരു ഹോട്ടലിൽ വണ്ടി നിർത്തി ഭക്ഷണത്തിന് ഓർഡർ ചെയ്ത് കാത്തിരുന്നത് ഏകദേശം ഒരു മണിക്കൂർ. പതിമൂന്ന് പേരടങ്ങുന്ന ഞങ്ങളുടെ സംഘത്തിനാവശ്യമായ ഭക്ഷണം ഉണ്ടാക്കാനുള്ള സമയം ലഭിക്കുന്നതിനായി ഭാഷ അറിയില്ല എന്ന് അഭിനയിക്കുകയായിരുന്നു ഹോട്ടൽ ജീവനക്കാർ എന്ന് പിന്നീടാണ് മനസിലായത്. അന്ന് ഗോകർണത്തെത്തി താമസസ്ഥലം കണ്ടുപിടിക്കുക എന്ന ആഗ്രഹത്തിന് അതോടെ തിരശീല വീണു. ഗോകർണത്തെ ഹോട്ടലുകളെക്കുറിച്ച് കൂടുതലറിയാത്തതിനാൽ ഹൊനാവറിൽ തന്നെ അന്ന് തങ്ങാൻ തീരുമാനിച്ചു.

പുലർച്ചയാകുന്നതിന് മുമ്പ് ഹൊനാവറിൽ നിന്ന് പുറപ്പെട്ടെങ്കിലും രണ്ട് മണിക്കൂറോളം യാത്ര ചെയ്താണ് ഗോകർണത്തെത്തിയത്. ഹൈവേയിൽ നിന്ന് ഗോകർണത്തേക്ക് തിരിഞ്ഞാൽ പിന്നെ കുണ്ടും കുഴിയും നിറഞ്ഞ റോഡാണ്. ഗോകർണത്തെ മനോഹരമായ ബീച്ചുകളിൽ നിന്ന് സൂര്യോദയം കാണാമെന്ന മോഹം അതോടെ ഉപേക്ഷിച്ചു. ഗോകർണത്തെ ഉദയം കാണാനെത്തിയ ഞങ്ങൾ കണ്ടത് രോഷത്തോടെ ഉദിച്ചുയർന്ന് വെയിൽ പൊഴിച്ചു നിൽക്കുന്ന സൂര്യനെയാണ്.

"പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല ചായ്ച്ചും
സ്വച്ഛാബ്ധി മണൽതിട്ടാം പാദോപധാനം പൂണ്ടും
പള്ളി കൊണ്ടീടുന്നു നിൻ പാശ്വയുഗ്മത്തെക്കാത്തു
കൊള്ളുന്നു കുമാരിയും ഗോകർണേശനുമമ്മേ"...

എന്ന് വള്ളത്തോൾ പാടിയത് കേരളത്തെക്കുറിച്ചും അതിന്‍റെ തെക്കും വടക്കുമുള്ള അതിർത്തികളെ കുറിച്ചുമാണല്ലോ. കേരളത്തിന്‍റെ വടക്കൻ അതിർത്തി ഗോകർണമായിരുന്നു എന്ന് തെളിവുകൾ നിരത്തി സമർഥിക്കാൻ സാധ്യമല്ല. പക്ഷെ കേരളം സൃഷ്ടിക്കാനായി പരശുരാമൻ കടലിലേക്ക് മഴുവെറിഞ്ഞത് ഗോകർണത്ത് നിന്നാണെന്ന് ഐതീഹ്യങ്ങളിൽ പറയുന്നു. പരശുരാമന്‍റെ ഇഷ്ട ദേവനായ പരമശിവന്‍റെ വളരെ പ്രധാനപ്പെട്ട ക്ഷേത്രം ഇവിടെയാണ്. ശിവഭഗവാന്‍ ആത്മലിംഗ രൂപത്തിലാണ് കുടികൊള്ളുന്നത് എന്ന പ്രത്യേകതയുമുണ്ട് ഗോകര്‍ണത്തെ മഹാബലേശ്വര ക്ഷേത്രത്തിന്. ശിവന്‍ ഗോമാതാവിന്‍റെ കര്‍ണത്തില്‍ നിന്ന് ഭൂജാതനായ പുണ്യസ്ഥലമെന്ന് വിശ്വാസികള്‍ കരുതുന്നിടമാണ് ഗോകര്‍ണം. അവിടെ നിന്ന് സാഗരഗര്‍ജനം കേള്‍ക്കുകയോ കോടി തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്യുകയോ ചെയ്താല്‍ പുനര്‍ജന്മ മുക്തി നേടാമെന്നാണ് വിശ്വാസം.

courtesy: skymetweather
തമിഴ്കവികളായ അപ്പാറിന്‍റെയും സാമ്പന്ദറുടെയും ഭക്തിഗീതങ്ങളില്‍ ഈ ക്ഷ്രേത്രത്തെക്കുറിച്ച് പറയുന്നുണ്ട്. കദംബരും വിജയനഗര രാജാക്കന്മാരും ഭരിച്ചിരുന്ന ഈ സ്ഥലം പിന്നീട് പോര്‍ചുഗീസുകാര്‍ കൈയ്യടക്കുകയായിരുന്നു. കൊങ്കൺ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്‍റെ പ്രധാന ആകർഷണം ഭക്തി ഒഴിവാക്കിയാൽ പിന്നെ കടൽത്തീരങ്ങൾ തന്നെയാണ്. കടൽത്തീരങ്ങളോട് ചേർന്ന് നിൽക്കുന്ന കുന്നുകളുടെയും അവിടെ നിന്നും കടലിലേക്കുള്ള കാഴ്ചയും അത്യന്തം മനോഹരമാണ്. ഓം, ഹാഫ്മൂണ്‍, കഡില്‍, പാരഡൈസ് എന്നിങ്ങനെ നാലു ബീച്ചുകളുണ്ട് ഗോകര്‍ണത്ത്. ഓം ബീച്ചിലേക്കും ഹാഫ്മൂൺ ബീച്ചിലേക്കും എത്തേണ്ടത് കുന്നിറങ്ങിയാണ്.

ഓം ആകൃതിയിലാണ് രണ്ടു കിലോമീറ്റര്‍ നീളമുള്ള ഓം ബീച്ച്. മലയും കാടും അതിരിടുന്ന പ്രകൃതി രമണീയമായ സ്ഥലം. കടൽ തീരത്തോട് തൊട്ടുരുമ്മി നിൽക്കുന്ന കുന്നിൽ നിന്ന് കൽപടവുകളിറങ്ങി ബീച്ചിലേക്കിറങ്ങാം. അടുത്തുള്ള ഹാഫ്മൂണ്‍ ബീച്ചിനെ ഓം ബീച്ചില്‍ നിന്ന് വേര്‍തിരിക്കുന്നത് കുത്തനെയുള്ള മലഞ്ചെരിവാണ്. അര്‍ധ ചന്ദ്രാകൃതിയായതു കൊണ്ടാണ് ഈ തീരത്തെ ഹാഫ് മൂണ്‍ ബീച്ച് എന്ന് വിളിക്കുന്നത്. മറ്റ് ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി പാറകള്‍ നിറഞ്ഞ കടൽതീരമാണിത്. അതിനാല്‍തന്നെ കടലില്‍ നീന്തുക അസാധ്യമാണ്. എല്ലായ്‌പ്പോഴും ശക്തമായ തിരമാലകള്‍ പാറക്കെട്ടുകളില്‍ വന്നലച്ചു കൊണ്ടേയിരിക്കും.
ഹാഫ്മൂണ്‍ ബീച്ചില്‍ നിന്ന് പാറക്കെട്ടുകളിലൂടെ 20 മിനിട്ട് നടന്നാൽ പാരഡൈസ് ബീച്ചിലെത്താം. ഫുൾമൂണ്‍ ബീച്ചെന്നും ഇത് അറിയപ്പെടുന്നു. വളരെ ചെറിയ ഈ കടൽതീരം ഒരു കാലത്ത് ഹിപ്പികളുടെ പ്രിയ സങ്കേതമായിരുന്നു. ഇന്നും മയക്കുമരുന്നുകൾ ഇവിടെ സുലഭമാണ് എന്നാണ് കേൾവി. ഗോകർണത്തെ ഏറ്റവും വലിയ ബീച്ചാണ് കഡിൽ ബീച്ച്. ഈ ബീച്ചിന്‍റെ രണ്ടു വശങ്ങളിലും കുന്നുകളാണ്. വിശാലമായ മണല്‍പരപ്പുള്ളതിനാൽ ബീച്ച് സോക്കര്‍ കളിക്കാരുടെ പ്രിയങ്കരമായ ഇടമാണിവിടം.
ഒരു ഭാഗത്ത് അറബിക്കടലും മറുഭാഗത്ത് പശ്ചിമഘട്ടവും ഒരുക്കുന്ന കാഴ്ചയുടെ മാസ്മരിക ലോകത്തെത്തിയ അനുഭവമാണ് ഗോകർണം നമുക്ക് തരുന്നത്. വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ തേടിയെത്തുന്ന പ്രമുഖ കേന്ദ്രമായി ഗോകര്‍ണം മാറിക്കഴിഞ്ഞിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹോട്ടലുകളും വിനോദ സഞ്ചാരത്തിന് അനിവാര്യമായ സംവിധാനങ്ങളുമുള്ള കൊച്ചുനഗരമാണ് ഇപ്പോൾ സമുദ്രങ്ങളും മലകളും അതിരിടുന്ന ഗോകർണം.

ഉത്തര കർണാടകത്തിലെ കടലോര നഗരമാണ് ഗോകർണം. കൊങ്കണ്‍ റെയില്‍ പാതയില്‍ ഗോകര്‍ണ റോഡ് സ്‌റ്റേഷനിലിറങ്ങി 15 മിനിട്ട് യാത്ര ചെയ്താല്‍ ഗോകര്‍ണത്തെത്താം. കാര്‍വാറില്‍ നിന്നും 60 കിലോമീറ്ററും കുംതയില്‍ നിന്ന്‌ 31 കിലോമീറ്ററും ബംഗളുരുവില്‍ നിന്ന്‌ 460 കിലോമീറ്ററും മംഗലാപുരത്തു നിന്നും 225 കിലോമീറ്ററും ആണ്‌ ഗോകര്‍ണത്തേക്കുള്ള ദൂരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.