ആകാശം മുട്ടും ഉയരെ മുരുഡേശ്വർ

മുരുഡേശ്വർ എന്ന പേരു കേൾക്കുമ്പോൾ മനസിൽ ഓടിയെത്തുക മാനംമുട്ടെ തലയുയർത്തി നിൽക്കുന്ന ശിവപ്രതിമയാണ്.  ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗോപുരവും ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ ശിവപ്രതിമയുമാണ് മുരുഡേശ്വരം ക്ഷേത്രത്തിന്‍റെ പ്രത്യേകത. കടലിലേക്ക് തള്ളിനിൽക്കുന്ന കുന്നും അതിന് മുകളിൽ നിന്നുള്ള കാഴ്ചയും ഭീമാകാരനായ ശിവനും 259അടി ഉയരമുള്ള ഗോപുരവും എല്ലാം ചേർന്ന് നൽകുന്ന ഒരു  വിസ്മയക്കാഴ്ചയാണ് മുരുഡേശ്വർ.  

കർണാടക ജില്ലയിലെ ഭട്കൽ താലൂക്കിലാണ് മുരുഡേശ്വർ. മൂന്ന് വശവും അറബിക്കടലാൽ ചുറ്റപ്പെട്ട് കിടക്കുകയാണ് കൊങ്കൺ തീരത്തെ കന്ദുകഗിരി കുന്ന്. കുന്നിൻ മുകളിലാണ് പ്രതിമ. മുരുഡേശ്വരന്‍ എന്നറിയപ്പെടുന്ന ശിവന്‍ ആണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. സൂര്യരശ്മികള്‍ പതിച്ച് തിളങ്ങുന്ന തരത്തിലാണ് മുരുഡേശ്വരന്‍റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.


20 നിലകളും 259 അടി ഉയരമുള്ള രാജഗോപുരവും ആരേയും അദ്ഭുതപ്പെടുത്തും. ക്ഷേത്ര ഗോപുരങ്ങള്‍ക്ക് സ്വര്‍ണവര്‍ണമാണ്. ഗോപുരത്തിന് മുകളിലേക്ക് പോകാൻ ലിഫ്റ്റുള്ളതിനാൽ യാത്ര ഒരു ബുദ്ധിമുട്ടായി അനുഭവപ്പെടില്ല. അവിടെ നിന്ന് നോക്കിയാൽ ശിവന്‍റെ പ്രതിമയുടെ മുഖം കാണാൻ കഴിയൂ. വലിപ്പം കൊണ്ട് ആരേയും വിസ്മയിപ്പിക്കും ശിവന്‍റെ പ്രതിമ.

ചരിത്രവും ഐതീഹ്യവും ഇഴചേർന്നു കിടക്കുന്നതാണ് മുരുഡേശ്വര ക്ഷേത്രം. ശിവനെ പ്രീതിപ്പെടുത്തി ആത്മലിംഗവുമായി ലങ്കയിലേക്ക് മടങ്ങുകയായിരുന്ന രാവണനെ ഗണപതി കൗശലത്തില്‍ തടയുകയും മണ്ണിലുറഞ്ഞ ശിവലിംഗത്തെ വലിച്ചുയര്‍ത്താനുള്ള ശ്രമത്തിനിടെ അത് പല കഷണങ്ങളായി മുറിയുകയും ചെയ്തു. അതില്‍ ഒരു ഭാഗം വീണ സ്ഥലമാണത്രെ മുരുഡേശ്വരം എന്നാണ് ഐതിഹ്യം.

മുരുഡേശ്വറിലെ ഉല്ലാസ നൗകകൾ: ഒരു ആകാശകാഴ്ച
 

ശിവന്‍റെ പ്രതിമയുടേയും ഗോപുരത്തിന്‍റെ വലിപ്പത്തിന്‍റെയും ബൃഹദ് നിർമിതകളിൽ താൽപര്യമില്ലാത്തവരെ പോലും ആകർഷിക്കുന്നതാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുന്ദകഗിരി കുന്നിന്‍റെ മനോഹാരിത.  തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ സഞ്ചാരികളും ഭക്തരുമായി അനേകം പേരെത്തുന്നുണ്ട്. ഒരുക്ഷേത്രത്തിൽ നിന്നും പ്രതീക്ഷിക്കാവുന്ന പവിത്രതയും പൗരാണികതയും ഈ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുമോ എന്ന കാര്യത്തിൽ ചിലർക്കെങ്കിലും സംശയം തോന്നാമെങ്കിലും കന്ദുകഗിരി കുന്നിന്‍റെ മുകളിൽ നിന്നുള്ള കാഴ്ചക്ക് പകരം വെക്കാൻ മറ്റൊന്നില്ല. സൂര്യനും കുരുക്ഷേത്ര യുദ്ധത്തിലെ ശ്രീകൃഷ്ണനും മറ്റനേകം കോൺക്രീറ്റ് പ്രതിമകളും കടലിലേക്ക് തള്ളിനിൽക്കുന്ന റസ്റ്ററന്‍റും എല്ലാം ചേർന്ന് ഈ ക്ഷേത്രനഗരിക്ക് ടൂറിസ്റ്റ് കേന്ദ്രത്തിന്‍റെ പ്രതീതിയാണ് നൽകുന്നത്.

മുരുഡേശ്വറിലെ കടൽതീരം
 

മനോഹരമായ കടൽതീരം, നീന്താനും വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും കിടക്കാനുമുള്ള സൗകര്യങ്ങള്‍, അറബിക്കടലിലൂടെയുള്ള സ്വച്ഛമായ ബോട്ട് യാത്ര തുടങ്ങിയവയും മുരുഡേശ്വരം സഞ്ചാരികള്‍ക്കായി ഒരുക്കുന്നു. കുന്നിന്‍മുകളിലെ അസ്തമയക്കാഴ്ചയും സുന്ദരമായ ഒരു അനുഭൂതിയായിരിക്കും. ഇതിലൊന്നും താൽപര്യമില്ലാത്തവര്‍ക്കായി കുന്നിൻ മുകളില്‍ ഉല്ലസിക്കാന്‍ വെള്ളം അലയടിക്കുന്ന ഒരു വേവ്പൂളും വാട്ടര്‍ തീം പാര്‍ക്കുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.