മൂന്നാറില്‍ സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസുകളിലൊന്ന്

പൂജ അവധി: കോളടിച്ച് മൂന്നാറിലെ ഡബിള്‍ ഡെക്കര്‍

തൊടുപുഴ: പൂജ അവധി ദിവസങ്ങളില്‍ മൂന്നാറിലേക്ക് വിനോദസഞ്ചാരികള്‍ കൂട്ടമായെത്തിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡെക്കര്‍ ബസ് സര്‍വിസിനും മികച്ച നേട്ടം. ഒക്ടോബര്‍ 17 മുതല്‍ 21 വരെയുള്ള അഞ്ചുദിവസത്തിനിടെ 1191 പേരാണ് ഡബിള്‍ ഡെക്കര്‍ ബസുകളില്‍ യാത്ര ചെയ്തത്. ലഭിച്ചത് 4,06,000 രൂപ.

മൂന്നാറിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേറിട്ട യാത്രാനുഭവം സമ്മാനിക്കുന്ന പദ്ധതിയാണ് കെ.എസ്.ആര്‍.ടി.സി യുടെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസുകള്‍. നിലവില്‍ രണ്ടു ഡബിള്‍ ഡെക്കര്‍ ബസുകളാണ് സര്‍വിസ് നടത്തുന്നത്. മൂന്നാറിന്റെ മഞ്ഞുമൂടിയ മലനിരകളുടെയും പച്ചപ്പാര്‍ന്ന തേയിലത്തോട്ടങ്ങളുടെയും മനോഹാരിത ആസ്വദിച്ചുകൊണ്ടുള്ള യാത്രയാണ് ഡബിള്‍ ഡെക്കര്‍ ബസുകളെ സഞ്ചാരികളുടെ പ്രിയപ്പെട്ട ആകര്‍ഷണമാക്കി മാറ്റുന്നത്.

മൂന്നാറില്‍നിന്ന് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലൂടെ ആനയിറങ്കല്‍ ഡാമിനു സമീപം വരെയാണ് യാത്ര. യാത്രയില്‍ അഞ്ചിടങ്ങളില്‍ ബസ് നിര്‍ത്തി സഞ്ചാരികള്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിന് അവസരമുണ്ട്. മുകള്‍ നിലയില്‍ ഒരാള്‍ക്ക് 400 രൂപയും താഴത്തെ നിലയില്‍ 200 രൂപയാണ് നിരക്ക്. മുകള്‍ നിലയില്‍ 38 സീറ്റും താഴത്തെ നിലയില്‍ 12 സീറ്റുമാണുള്ളത്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം 4.30 വരെ ആറ് സര്‍വിസുകളാണ് രണ്ടു ബസും കൂടി നടത്തുന്നത്.

Tags:    
News Summary - Puja Holiday Rush for Munnar Double-Decker Bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.