ബാലുശ്ശേരി: കക്കയം കരിയാത്തുംപാറ ടൂറിസം കേന്ദ്രത്തിൽ നിർമിക്കുന്ന വഴിയോര വിശ്രമകേന്ദ്രം (ടേക് എ ബ്രേക്ക്) പ്രവൃത്തി പാതിവഴിയിൽ നിലച്ചത് സഞ്ചാരികൾക്ക് ദുരിതമാകുന്നു. കരിയാത്തുംപാറയിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് നിർമിക്കുന്ന വഴിയോര വിശ്രമകേന്ദ്രം പണി പൂർത്തിയാക്കി തുറന്നുകൊടുക്കാത്തത് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ദുരിതമാകുകയാണ്. ടേക് എ ബ്രേക്ക് പദ്ധതിയിൽ പഞ്ചായത്ത് ശുചിത്വ ഫണ്ട് ഉപയോഗിച്ച് 16.54 ലക്ഷം ചെലവിട്ടാണ് വിശ്രമകേന്ദ്രം നിർമിച്ചത്. ഒരു വർഷം മുമ്പേ പ്രവൃത്തി തുടങ്ങിയ വിശ്രമകേന്ദ്രത്തിലേക്കുള്ള കിണറിന്റെ പണി ഇതുവരെ തുടങ്ങിയിട്ടില്ല. വെള്ളം ലഭ്യമാക്കാത്തതിനാലാണ് കേന്ദ്രം തുറന്നുകൊടുക്കാൻ പറ്റാത്തതെന്നാണ് അധികൃതർ പറയുന്നത്. കെട്ടിടത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള ശുചിമുറിയും ഇതോടനുബന്ധിച്ച് ലഘുഭക്ഷണശാലയുമാണുള്ളത്. ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമായി ദിനംപ്രതി നിരവധി സഞ്ചാരികളാണ് കരിയാത്തുംപാറ ടൂറിസം കേന്ദ്രത്തിലെത്തുന്നത്.
എന്നാൽ, ഇവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. രാവിലെയെത്തുന്ന സഞ്ചാരികൾ വൈകീട്ടുവരെ ഇവിടെ ചെലവഴിക്കുന്നുണ്ട്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനായി പലപ്പോഴും ടൂറിസം കേന്ദ്രത്തിനടുത്തുള്ള വീടുകളെയാണ് സഞ്ചാരികൾ ആശ്രയിക്കുന്നത്. വീട്ടുകാരാകട്ടെ ഒരാൾക്ക് പത്തും ഇരുപതും രൂപ വരെ ഈടാക്കുന്നുമുണ്ട്.
വഴിയോര വിശ്രമകേന്ദ്രം എത്രയും വേഗം പണി പൂർത്തിയാക്കി സഞ്ചാരികൾക്ക് തുറന്നുകൊടുക്കാൻ വേണ്ട നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.