സീസണിൽ എവറസ്റ്റിലേക്കുള്ള വഴിമുടക്കി മഞ്ഞുകട്ടകൾ; ബേസ് ക്യാമ്പിൽ കുടുങ്ങി പർവതാരോഹകർ

കാഠ്മണ്ഡു: വലിയ മഞ്ഞുകട്ടകൾ വഴിമുടക്കുന്നതിനാൽ എവറസ്റ്റ് കയറാനാവാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് പർവതാരോഹകർ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലേക്കുള്ള പാത തുറക്കുന്നത് വൈകുന്നതിനാൽ നൂറുകണക്കിന് പർവതാരോഹകരാണ് ഹിമാലയൻ ബേസ് ക്യാമ്പിൽ കുടുങ്ങിക്കിടക്കുന്നത്. 8,849 മീറ്റർ അതായത് 29,032 അടി ഉയരമുള്ള എവറസ്റ്റ് കൊടുമുടിയിലെ ‘ആന്വൽ സമ്മിറ്റ് സീസൺ’ ആണ് ഏപ്രിൽ മാസം മുതൽ മുതൽ മേയ് വരെ. എവറസ്റ്റ് കയറാൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥ ഈ സമയത്താണ്. എന്നാൽ നിലവിൽ 100 ​​അടി അഥവാ 30 മീറ്റർ ഉയരമുള്ള വലിയ മഞ്ഞുകട്ടകൾ പോകുന്ന വഴി തടസ്സപ്പെടുത്തിയിരിക്കുകയാണെന്ന് ഷേർപ്പകൾ അറിയിക്കുകയായിരുന്നു. അപകടകരമായ ഈ ഐസ് ബ്ലോക്കുകൾ മാറാതെ യാത്ര സാധ്യമാകില്ലെന്നാണ് കണക്കുകൂട്ടൽ.

‘ഐസ്ഫാൾ ഡോക്ടർമാർ’ എന്നറിയപ്പെടുന്ന പരിചയസമ്പന്നരായ ഷെർപ്പകൾക്കുപോലും ഇതുവരെ ഇങ്ങോട്ടുള്ള വഴി സാധ്യമാക്കാനായിട്ടില്ല. നിലവിൽ ബേസ് ക്യാമ്പിലുള്ള പർവതാ​രോഹകർക്ക് ക്യാമ്പ് രണ്ടിലേക്കുപോലും എത്താനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. കാലാവസ്ഥ മികച്ചതാകും വരെ കാത്തിരിക്കുക മാത്രമാണ് വഴിയെന്നാണ് ഇവർക്ക് ലഭിക്കുന്ന വിവരം. യാത്രചെയ്യുന്ന വഴിയിലേക്ക് വീഴാവുന്ന തരത്തിലാണ് മഞ്ഞുകട്ടകൾ എന്നതിനാൽ യാത്രക്ക് അപകടസാധ്യത ഏറെയാണ്.

അതേസമയം ഏപ്രിൽ മൂന്നാം വാരത്തിൽതന്നെ റൂട്ട് തുറന്നിട്ടുണ്ടെന്നും മഞ്ഞുകട്ടകൾ ഉരുകുകയോ തകരുകയോ ചെയ്‌താൽ ഷെർപ്പകളുടെ സഹായത്തോടെ പർവതാരോഹകർക്ക് അവരുടെ യാത്ര മുടക്കംകൂടാതെ നടക്കാനും, കൃത്യമസയത്തുതന്നെ കയറ്റം പൂർത്തിയാക്കാനും കഴിയുമെന്നും നേപ്പാൾ ടൂറിസം വിഭാഗത്തിലെ ഹിമൽ ഗൗതം അറിയിച്ചു. അത് സാധ്യമായില്ലെങ്കിൽ ബദൽ മാർഗങ്ങൾ അന്വഷിക്കുമെന്നും ഇതിനായി കൂടുതൽ ഷെർപ്പകളെ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഷെർപ്പകളുടെ ഒരു സംഘം ബേസ് ക്യാമ്പിലുണ്ട്.

നേപ്പാളിനും ചൈനയുടെ ടിബറ്റ് മേഖലക്കും ഇടയിലുള്ള അതിർത്തിയിലാണ് എവറസ്റ്റ്. ഇരുവശത്തുനിന്നും കയറാൻ കഴിയുമെങ്കിലും മിക്ക പർവതാരോഹകരും നേപ്പാൾ ഭാഗമാണ് കയറ്റത്തിനായി തെരഞ്ഞെടുക്കാറ്. ഈ സീസണിൽ ഇതുവരെ 410 എവറസ്റ്റ് പെർമിറ്റുകൾ അധികൃതർ നൽകിയിട്ടുണ്ട്. കയറാൻ കാത്തിരുന്നവരിൽ 24 സ്ത്രീകൾ ഉൾപ്പെടെ 98 പർവതാരോഹകർ ചൈനയിൽ നിന്നാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 49 പേർ അമേരിക്കയിൽ നിന്നും 46 പേർ ഇന്ത്യയിൽ നിന്നുമാണ്. ഈ വർഷം ചൈന ടിബറ്റൻ ഭാഗം അടച്ചിട്ടതിനാൽ നേപ്പാൾ ഭാഗത്ത് നിന്നുള്ള മലകയറ്റക്കാരുടെ എണ്ണം ഉയരുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്.

Tags:    
News Summary - Giant ice tower delays opening of Everest climbing route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.