പ്രതീകാത്മക ചിത്രം

മേക്ക് മൈ ട്രിപ്പിൽ ബുക്ക് ചെയ്ത ഹോട്ടൽ സ്ഥലത്തെത്തിയപ്പോൾ ഇല്ല; മൈനസ് 4 ഡിഗ്രിയിൽ കുടുംബം രാത്രി കഴിഞ്ഞത് കാറിൽ, പണി കൊടുത്ത് ഉപഭോക്തൃ കോടതി

ഗുരുദാസ്പൂർ: ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമായ മേക്ക് മൈ ട്രിപ്പിനെതിരെ കടുത്ത നടപടിയുമായി ഉപഭോക്തൃ കോടതി. ബുക്ക് ചെയ്ത ഹോട്ടലുകൾ സ്ഥലത്ത് ഇല്ലാതിരുന്നതിനെ തുടർന്ന് ദുരിതത്തിലായ ഗുരുദാസ്പൂർ സ്വദേശിയായ അഭിഭാഷകന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഗുരുദാസ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് മേക്ക് മൈ ട്രിപ്പ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനോട് 18,775 രൂപ റീഫണ്ട് ചെയ്യാൻ ഉത്തരവിട്ടത്.

ഇതിന് പുറമെ ശാരീരിക ബുദ്ധിമുട്ട്, മാനസിക പീഡനം, സാമ്പത്തിക നഷ്ടം എന്നിവക്ക് 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നൽകണം. പലിശ കൂടാതെ ആകെ 48,775 രൂപയാണ് കമ്പനി നൽകേണ്ടത്. കമ്മീഷൻ പ്രസിഡന്റ് ലളിത് മോഹൻ ഡോഗ്രയും അംഗം ഭഗവാൻ സിംഗ് മതാരുവും ചേർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗുരുദാസ്പൂർ സ്വദേശിയായ അഭിഭാഷകൻ രാജേഷ് ചോഹാൻ നൽകിയ പരാതിയിലാണ് നടപടി.

2025 ഡിസംബറിൽ കുടുംബത്തോടൊപ്പം ശ്രീനഗറിലേക്കും ഗുൽമാർഗിലേക്കും വിനോദയാത്രക്ക് പോകാനാണ് രാജേഷ് ചോഹാൻ മേക്ക് മൈ ട്രിപ്പ് വഴി ഹോട്ടലുകൾ ബുക്ക് ചെയ്തത്.  2025 ഡിസംബർ 27-28 തിയതികളിൽ ശ്രീനഗറിലെ ഹോട്ടൽ ഹെറിറ്റേജ് റോസ് ഇന്നിൽ ഫാമിലി റൂമിന് 5,788 രൂപ നൽകി. തുടർന്ന് ഡിസംബർ 28-29 തീയതികളിൽ ഗുൽമാർഗിലെ ഹോട്ടൽ ആപ്പിൾ ട്രീ റിസോർട്ടിൽ രണ്ട് മുറികൾക്കായി 12,987 രൂപയും നൽകി. സംഭവം 2025ൽ ആണെങ്കിലും ഗുരുദാസ്പൂർ ഉപഭോക്തൃ കമ്മീഷന്റെ ഫൈനൽ ഓർഡർ വന്നത് ഈ ആഴ്ചയാണ്.

ഭാര്യയും മകളും മകനും അടങ്ങുന്ന കുടുംബത്തോടൊപ്പമാണ് ചോഹാൻ യാത്ര തിരിച്ചത്. ഡിസംബർ 27ന് ശ്രീനഗറിലെ ഹോട്ടൽ ഉണ്ടായിരുന്ന സ്ഥലത്തെത്തിയപ്പോൾ അത്തരമൊരു ഹോട്ടൽ തന്നെ അവിടെ ഇല്ലെന്ന് കണ്ടെത്തി. മണിക്കൂറുകളോളം കാത്തുനിന്നിട്ടും താമസ സൗകര്യം ലഭിക്കാത്തതിനാൽ കുടുംബത്തിന് അധിക പണം നൽകി മറ്റൊരു ഹോട്ടൽ കണ്ടെത്തേണ്ടി വന്നു.

പിറ്റേ ദിവസം കുടുംബം ഗുൽമാർഗിലേക്ക് യാത്ര തിരിച്ചു. ഗതാഗതക്കുരുക്കും സൈനിക വാഹനവ്യൂഹത്തിന്റെ നിയന്ത്രണങ്ങളും കാരണം വൈകിയാണ് അവിടെ എത്തിയത്. കനത്ത മഞ്ഞുവീഴ്ചക്കിടയിലും മുറികൾ ലഭിക്കാത്ത സാഹചര്യത്തിലും കുടുംബം വലഞ്ഞു. ഒടുവിൽ മൈനസ് 4 ഡിഗ്രി സെൽഷ്യസ് തണുപ്പിൽ കാറിനുള്ളിൽ രാത്രി കഴിച്ചുകൂട്ടേണ്ടി വന്നുവെന്ന് കമ്മീഷൻ രേഖപ്പെടുത്തി.

മുൻകൂട്ടി ബുക്ക് ചെയ്ത ഗൊണ്ടോള ടിക്കറ്റുകളും ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഇതോടെ ഗുൽമാർഗ് യാത്ര ആസ്വദിക്കാൻ പോലും കഴിയാതെ ഡിസംബർ 29ന് കുടുംബത്തിന് ഗുരുദാസ്പൂരിലേക്ക് മടങ്ങേണ്ടി വന്നു. താമസ പ്രശ്‌നത്തെക്കുറിച്ച് അപ്പോൾ തന്നെ മേക്ക് മൈ ട്രിപ്പിനെ അറിയിച്ചിരുന്നുവെന്നും ചോഹാൻ തെളിവ് സഹിതം കോടതിയിൽ അറിയിച്ചു.

തങ്ങൾ ഒരു ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോം മാത്രമാണെന്നും ഉപഭോക്താക്കളും ഹോട്ടലുകളും തമ്മിലുള്ള ഇടനിലക്കാർ മാത്രമാണെന്നുമായിരുന്നു മേക്ക് മൈ ട്രിപ്പിന്റെ വാദം. ഹോട്ടലുകൾ തങ്ങളുടെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ അല്ലെന്നും ഹോട്ടലുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത് അതത് സേവന ദാതാക്കളാണെന്നും കമ്പനി പറഞ്ഞു. 

2019ലെ ഉപഭോക്തൃ സംരക്ഷണ നിയമവും 2020ലെ ഉപഭോക്തൃ സംരക്ഷണ (ഇ-കൊമേഴ്‌സ്) ചട്ടങ്ങളും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിരീക്ഷണം. പണം വാങ്ങി ബുക്കിങ് ഉറപ്പുനൽകിയ ശേഷം, ലിസ്റ്റ് ചെയ്ത താമസ സൗകര്യം വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആണെന്ന് കണ്ടെത്തിയാൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. 2025 ഡിസംബർ 27, 28, 29 തീയതികളിൽ താമസ പ്രശ്‌നങ്ങളെക്കുറിച്ച് ഇമെയിലുകളും ആശയവിനിമയങ്ങളും നടത്തിയതിന്റെ രേഖകൾ പരാതിക്കാരൻ ഹാജരാക്കിയിരുന്നു. 

Tags:    
News Summary - family Spent Night in Car at -4°C, Consumer Court Slams MakeMyTrip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.