ഖൽബിലേറാൻ... കൽബയിലെ തടാക പദ്ധതി

ഷാർജ: കൽബ നഗരത്തെ പ്രകൃതിരമണീയമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി ‘അൽ ഫ്രെയ്ഷ് തടാകം’ പദ്ധതിക്ക് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി അംഗീകാരം നൽകി. അൽ മർശ്​ സ്ക്വയറിന് പിന്നിലായി 750 മീറ്റർ നീളത്തിലും 51,200 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുമാണ് തടാകം നിർമിക്കുന്നത്. 2.8 കോടി ഗാലൻ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ഈ പദ്ധതി പ്രദേശത്ത് മരങ്ങൾ നട്ടുപിടിപ്പിക്കും. മലനിരകളിൽനിന്ന് കടലിലേക്ക് ഒഴുകുന്ന കൃത്രിമ വെള്ളച്ചാട്ടങ്ങളും സന്ദർശകർക്കായി 200 വാഹന പാർക്കിങ്​ സൗകര്യങ്ങളും ഒരുക്കും.

ഖോർഫക്കാനിലെ പ്രശസ്തമായ അൽ റഫീസ ഡാമിന് സമാനമായി, കുടുംബങ്ങൾക്കും കുട്ടികൾക്കും പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് അൽ ഫ്രെയ്ഷ് തടാക പരിസരം രൂപകൽപന ചെയ്യുന്നത്. വാഹനം പാർക്ക് ചെയ്ത ശേഷം പ്രദേശത്തിന്‍റെ മനോഹാരിത ആസ്വദിച്ച് നടക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ടാകും. കൽബയുടെ മലനിരകളെയും തീരപ്രദേശത്തെയും ബന്ധിപ്പിക്കുന്ന മികച്ച വിനോദ കേന്ദ്രമായി ഇത് മാറും.

കൽബയിൽ കുറച്ചു വർഷങ്ങളായി നടന്നുവരുന്ന ടൂറിസം വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് പുതിയ പദ്ധതി. 2024 മാർച്ചിൽ പ്രവർത്തനമാരംഭിച്ച ‘ഹാങ്ങിങ്​ ഗാർഡൻസ്’, 15.5 കോടി ഗാലൻ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ‘അൽ ഹെഫയ്യ തടാകം’ തുടങ്ങിയവ ഇതിനകം തന്നെ കൽബയിലെ പ്രധാന ആകർഷണങ്ങളായി മാറിയിട്ടുണ്ട്. .

കിഴക്കൻ തീരദേശ നഗരമായ കൽബയുടെ മുഖച്ഛായ മാറ്റുന്ന നിരവധി പദ്ധതികൾ 2026 ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അൽ ഹിയാർ പദ്ധതി, ജബൽ ദീം വികസനം, കോർണിഷ് നവീകരണം, പുതിയ റോഡുകൾ, കടലിൽ നിർമിക്കുന്ന വസതികൾ, ലിവിങ്​ മ്യൂസിയം മാതൃകയിലുള്ള ഹെറിറ്റേജ് മ്യൂസിയം, വെള്ളത്തിനടിയിലൂടെ പ്രവേശന കവാടമുള്ള ഷെൽ തിയേറ്റർ എന്നിവയും കൽബയിൽ വരും ദിവസങ്ങളിൽ യാഥാർഥ്യമാകും.

Tags:    
News Summary - To visit Kalba... the lake project in Kalba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.