representative image

ലഡാക്കിലേക്ക് ഏതുകാലത്തും റൈഡ് പോകാം; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പുതിയ തുരങ്കപാത വരുന്നു

ലോകത്തെ തന്നെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാതകൾക്ക് പേരുകേട്ട നാടാണ് ഇന്ത്യ. 2020ൽ ഉദ്ഘാടനം ചെയ്ത ഹിമാചൽ പ്രദേശിലെ അടൽ ടണൽ ആണ് ഇക്കൂട്ടത്തിലെ മുമ്പൻ. 10,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തുരങ്കത്തിന് 9.2 കിലോമീറ്റർ നീളമാണുള്ളത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നീളമേറിയ ടണലാണിത്.

ഹിമാചലിൽനിന്ന് കീലോങ് ഭാഗത്തേക്കും തുടർന്ന് ലഡാക്കിലേക്കും പോകാൻ ഈ തുരങ്കം ഏറെ സഹായകരമാണ്. അതേസമയം, ലഡാക്കിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ പുതിയ തുരങ്കം നിർമിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

16,580 അടി ഉയരമുള്ള ഷിൻകു-ലാ ചുരത്തിന് ( Shinku-La Pass ) താഴെയായാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹൈവേ ടണൽ യാഥാർത്ഥ്യമാവുക. ലഡാക്കിലെ സാൻസ്‌കർ താഴ്‌വരയ്ക്കും ഹിമാചൽ പ്രദേശിലെ ലാഹൗൾ താഴ്‌വരയ്ക്കും ഇടയിലാണ് ഈ തുരങ്കം നിർമിക്കുക. ലഡാക്കിലേക്ക് പോകുന്ന റൈഡർമാർക്ക് പുതിയൊരു പാതയാണ് തുറക്കുക. നിലവിൽ ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. കൂടാതെ മഞ്ഞുകാലത്ത് യാത്ര സാധ്യവുമല്ല.

റിപ്പോർട്ടുകൾ പ്രകാരം,2025ഓടെ ടണൽ സജ്ജമാകും എന്നാണ് അറിയുന്നത്. കൂടാതെ ലഡാക്കിനും ഹിമാചലിനും ഇടയിൽ എല്ലാ കാലാവസ്ഥയിലും യാത്ര സാധ്യമാകും.

ഈ മേഖലയിലുള്ള നിമ്മു-പാടും-ദർച്ച റോഡിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത ശേഷം ബോർഡർ റോഡ്‌സ് ഡയറക്ടർ ജനറൽ ആണ് പുതിയ തുരങ്കം മൂന്ന് വർഷം കൊണ്ട് യാഥാർത്ഥ്യമാകുമെന്ന് അറിയിച്ചത്. ഷിൻകു-ലാ ടണൽ പൂർത്തിയാക്കുന്നതിനൊപ്പം ഹൈവേയുടെ നിർമാണവും പൂർത്തിയാകും. ഇതോടെ എല്ലാത്തരം വാഹനങ്ങൾക്കും ഔദ്യോഗികമായി തുറന്നുകൊടുക്കും.

ഷിൻകു-ലാ ടണലിന് 4.25 കിലോമീറ്റർ നീളമുണ്ടാകുമെന്നും ഈ ഉയരത്തിൽ ലോകത്തിലെ ഏറ്റവും നീളമേറിയതും ഉയരമുള്ളതുമായ ടണലായിരിക്കും ഇതെന്നും ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ചീഫ് ലഫ്റ്റനന്റ് ജനറൽ രാജീവ് ചൗധരി പറഞ്ഞു. ഈ വർഷം ജൂലൈയിലോ ആഗസ്റ്റിലോ തുരങ്കത്തിന്റെ പണി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിമ്മു-ദർച്ച പാതയുടെ നിർമാണ നടപടികൾ 20 വർഷം മുമ്പാണ് ആരംഭിച്ചത്. നിരവധി സാങ്കേതിക തകരാറുകൾ കാരണം നിർമാണം നീളുകയായിരുന്നു. പുതിയ റോഡ് പ്രദേശവാസികൾക്ക് മാത്രമല്ല സൈന്യത്തിനും അനുഗ്രഹമാകും.

പുതിയ പാതയെ നിലവിലുള്ള കീലോംഗ്-സർച്ചു-ലേ ഹൈവേക്ക് കീഴിൽ കൊണ്ടുവരാൻ പദ്ധതിയില്ലെന്ന് ചൗധരി അറിയിച്ചു. എന്നിരുന്നാലും, പുതിയ ഹൈവേ പരിപാലിക്കാനും നിർദിഷ്ട ഹൈവേ ടണലുകൾ നിർമിക്കാനുമായി പുതിയൊരു പദ്ധതി രൂപീകരിക്കാൻ സാധ്യതയുണ്ട്. 

Tags:    
News Summary - Ride to Ladakh at any time; The world's tallest new tunnel is coming up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.