അൽഖോബാർ: വേൾഡ് ടൂറിസം ഡേയുടെ ഭാഗമായി ടൂറിസം മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2024ൽ ഏകദേശം മൂന്ന് കോടിയോളം അന്താരാഷ്ട്ര ടൂറിസ്റ്റുകൾ സൗദി സന്ദർശിച്ചു. 2023നെ അപേക്ഷിച്ച് എട്ട് ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ൽ വിദേശ ടൂറിസ്റ്റുകൾ രാജ്യത്ത് ചെലവഴിച്ച തുക 168.5 ബില്യൺ റിയാൽ ആയി ഉയർന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 19 ശതമാനം വർധന ആണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. 2024 ൽ ആഭ്യന്തരവും അന്താരാഷ്ട്രവുമായ ടൂറിസ്റ്റുകളുടെ മൊത്തം എണ്ണം ഏകദേശം 11.6 കോടി ആയി. 2023നെ അപേക്ഷിച്ച് ആറ് ശതമാനം വർധന. മൊത്തം ടൂറിസം ചെലവുകൾ 284 ബില്യൺ റിയാലായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വർധനയുണ്ടായി.
യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ 2025 മേയ് വേൾഡ് ടൂറിസം ബാരോമീറ്റർ പ്രകാരം 2025ന്റെ ആദ്യ പാദത്തിൽ അന്താരാഷ്ട്ര ടൂറിസം വരുമാന വർധനയിൽ സൗദി അറേബ്യ ലോകത്ത് ഒന്നാമതായാണ് റാങ്ക് ചെയ്തത്. 2025ന്റെ ആദ്യ പാദത്തിൽ രാജ്യത്തെ അന്താരാഷ്ട്ര വരവുകൾ കോവിഡിന് മുമ്പുള്ള തലത്തിൽനിന്ന് 102 ശതമാനം വർധിച്ചു. സൗദി അറേബ്യയിലെ ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധിധികൾ സെപ്റ്റംബർ 27ന് യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ സംഘടിപ്പിച്ച വേൾഡ് ടൂറിസം ഡേ ആഘോഷത്തിൽ പങ്കെടുത്തു. 'ടൂറിസവും സുസ്ഥിര പരിവർത്തനവും' എന്ന ആശയത്തിൽ നടന്ന ഈ പരിപാടി ടൂറിസം മേഖലയുടെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മൂല്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമിട്ടുള്ളതായിരുന്നു. സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിൽ ടൂറിസം മേഖലയുടെ പങ്ക് പരിപാടിയിൽ ഊന്നിപ്പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.