ആഘോഷമായി നാഗാലാൻഡ്​ ഹോൺബിൽ ഫെസ്റ്റിവൽ; ആദ്യ ദിനമെത്തിയത്​ 12,000 പേർ

ഒരു വർഷത്തെ ഇടവേളക്കുശേഷം നാഗാലാൻഡിലെ പ്രശസ്​തമായ ഹോൺബിൽ ഫെസ്റ്റിവലിന്​ തുടക്കം. ആദ്യദിനം തന്നെ 12,000ത്തിലധികം ആളുകൾ​ ഫെസ്റ്റിവൽ സന്ദർശിച്ചു​. 10 ദിവസം നീളുന്ന ആഘോഷം ബുധനാഴ്ചയാണ്​ ആരംഭിച്ചത്​.

കോവിഡ്​ കാരണം 2020ൽ ആഘോഷം നടന്നിരുന്നില്ല. മുഖിയിലെ നാഗ ഹെറിറ്റേജ് വില്ലേജിൽ ഗവർണർ ജഗദീഷ് മുഖി നാഗങ്ങളുടെ പരമ്പരാഗത ഗാനമാലപിച്ചാണ്​ ഉത്സവം ആരംഭിച്ചത്. 'നാഗാ വിമത ഗ്രൂപ്പുകളുമായി ഏറെക്കാലമായി കാത്തിരിക്കുന്ന സമാധാന കരാർ ഒപ്പിടുന്ന ദിവസം വിദൂരമല്ല.

സമാധാനപരവും പുരോഗമനപരവുമായ നാഗാലാൻഡിന്‍റെ പുതിയ പ്രഭാതത്തെ സ്വാഗതം ചെയ്യാനുള്ള അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരും തയാറാകണം' -ഗവർണർ പറഞ്ഞു. നാഗാ സംസ്‌കാരത്തിലും പൈതൃകത്തിലും അഭിമാനിക്കണമെന്നും അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു.

ചടങ്ങിൽ മുഖ്യമന്ത്രി നെഫിയു റിയോ സംബന്ധിച്ചു. നമ്മുടെ സംസ്കാരത്തിന്റെ പ്രത്യേകതയും വൈവിധ്യവും അതിന്റെ എല്ലാ മഹത്വത്തിലും പ്രദർശിപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ തദ്ദേശീയ ഉത്സവങ്ങളിൽ ഒന്നാണിതെന്ന്​ അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ അംബാസഡർ നൗർ ഗിലോൺ, യുനൈറ്റഡ് സ്റ്റേറ്റ്സ് കോൺസൽ ജനറൽ മെലിൻഡ പാവക്, ജർമൻ കോൺസൽ ജനറൽ മൻഫ്രെഡ് ഓബർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

22ാമത്​ ഉത്സവത്തിന്‍റെ ആദ്യ ദിനത്തിൽ 12420 പേരാണ്​ എത്തിയതെന്ന്​ ടൂറിസം വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ടോകാഇ ടുക്കുമി പറഞ്ഞു. ഇതിൽ 9527 പേർ സ്വദേശികളും 2882 പേർ ആഭ്യന്തര സഞ്ചാരികളുമാണ്.

ഹോൺബിൽ ഫെസ്റ്റിവൽ

വടക്കുകിഴക്കൻ ഇന്ത്യയിലെ നാഗാലാൻഡിൽ എല്ലാ വർഷവും ഡിസംബർ ഒന്ന്​ മുതൽ പത്ത്​ വരെ നടക്കുന്ന ആഘോഷമാണ് ഹോൺബിൽ ഫെസ്റ്റിവൽ. നാഗാലാൻഡിലെ വിവിധ ഗോത്രവർഗക്കാർക്ക് അവരുടെ സംസ്​കാരവും കലകളും പ്രദർശിപ്പിക്കാനുള്ള മികച്ച വേദിയാണിത്​. ടൂറിസവും അനുബന്ധ സാമ്പത്തിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കാൻ ഇത് സഹായിക്കുന്നു.

ഇതിനെ 'ഉത്സവങ്ങളുടെ ഉത്സവം' എന്നും വിളിക്കാറുണ്ട്​. തലസ്​ഥാനമായ കൊഹിമയിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള കിസാമയിലെ നാഗ ഹെറിറ്റേജ് വില്ലേജിലാണ് ഹോൺബിൽ ഫെസ്റ്റിവൽ അരങ്ങേറാറ്​. നാഗാലാൻഡിലെ എല്ലാ ഗോത്രങ്ങളും ഈ ഉത്സവത്തിൽ പങ്കെടുക്കുന്നു. നാഗാലാൻഡിന്‍റെ സമ്പന്നമായ സംസ്‌കാരത്തെ പുനരുജ്ജീവിപ്പിക്കുകയും സംരക്ഷിക്കുകയും അതിന്റെ പ്രൗഢിയും പാരമ്പര്യവും പ്രദർശിപ്പിക്കുകയും ചെയ്യുക എന്നതാണ് ഉത്സവത്തിന്റെ ലക്ഷ്യം.

സഞ്ചാരികളെ സംബന്ധിച്ചിടത്തോളം നാഗാലാൻഡിലെ ജനങ്ങളെയും സംസ്കാരത്തെയും കുറിച്ച് കൂടുതൽ അടുത്തറിയാനും നാഗാലാൻഡിലെ ഭക്ഷണം, പാട്ടുകൾ, നൃത്തങ്ങൾ, ആചാരങ്ങൾ എന്നിവ അനുഭവിച്ചറിയാനുള്ള അവസരവുമാണിത്​.

Tags:    
News Summary - Celebrating Nagaland Hornbill Festival; The first day was attended by 12,000 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.