50,000 രൂപയിൽ താഴെ ചെലവിൽ സന്ദർശിക്കാവുന്ന 7 വിദേശ രാജ്യങ്ങൾ; ബജറ്റ് യാത്രികർക്കായി ലിസ്റ്റുമായി ട്രാവൽ ഇൻഫ്ലുവൻസർ
ന്യൂഡൽഹി: ജീവിതത്തിൽ ഒരിക്കലെങ്കിലും വിദേശയാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവർ വളരെ വിരളമാണ്. ഒരു വിദേശയാത്രയ്ക്ക് വരുന്ന ഭീമമായ ചെലവ് പലരെയും അതിൽനിന്ന് പിന്തിരിപ്പിക്കുന്നു. എന്നാൽ, കുറഞ്ഞ ചെലവിൽ വിദേശയാത്രകൾ ആഗ്രഹിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്കായി 50,000 രൂപയിൽ താഴെ ബജറ്റിൽ സന്ദർശിക്കാൻ കഴിയുന്ന ഏഴ് അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വിവരങ്ങളുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്റർ പാലക് ദവ്ദാ. യാത്രകളെ കൂടുതൽ എളുപ്പമാക്കുന്ന രീതിയിൽ കൃത്യമായ ചെലവ് കണക്കുകളോടെയാണ് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഇവർ പുതിയ വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
നാല് മുതൽ അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന യാത്രകൾക്കായി ഈ സ്ഥലങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. യാത്രാ ചെലവുകളുടെ വിശദാംശങ്ങൾ താഴെ പറയുന്നവയാണ്:
കസാക്കിസ്ഥാൻ: ഇന്ത്യൻ സഞ്ചാരികൾക്ക് വിസ രഹിതമായി പ്രവേശിക്കാവുന്ന രാജ്യമാണിത്. റൗണ്ട്-ട്രിപ്പ് വിമാന ടിക്കറ്റിന് ഏകദേശം 20,000 രൂപയും, താമസത്തിന് പ്രതിദിനം 2,500 രൂപയും വരും. ഭക്ഷണത്തിനായി ദിവസേന 1,500 രൂപയും മറ്റ് ചെലവുകൾക്കായി 3,000 രൂപയും പ്രതീക്ഷിക്കാം.
ശ്രീലങ്ക: ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലാത്ത മറ്റൊരു പ്രധാന രാജ്യമാണിത്. വിമാന ടിക്കറ്റ് നിരക്ക് ഏകദേശം 18,000 രൂപയാണ്. താമസം (പ്രതിദിനം 2,500 രൂപ), ഭക്ഷണം (പ്രതിദിനം 1,500 രൂപ), ലോക്കൽ ടൂർ (പ്രതിദിനം 3,000 രൂപ) എന്നിങ്ങനെയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.
മലേഷ്യ: വിസ രഹിതമായി സന്ദർശിക്കാൻ കഴിയുന്ന മലേഷ്യയിലേക്ക് റൗണ്ട്-ട്രിപ്പ് വിമാന ടിക്കറ്റിന് 18,000 രൂപ വരെയാകാം. താമസം 2,000 രൂപയും ഭക്ഷണം 1,200 രൂപയും മറ്റ് പ്രതിദിന ചെലവുകൾ 2,000 രൂപയും ഇവിടെ വരും.
ഭൂട്ടാൻ: ഈ യാത്രയ്ക്ക് വിമാനത്തിന്റെ ആവശ്യമില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ബഗ്‌ഡോഗ്ര വിമാനത്താവളത്തിൽ നിന്ന് ടാക്സി മാർഗ്ഗം നേരിട്ട് ഭൂട്ടാൻ അതിർത്തിയിലെത്താം. വിസ ഫീസ് ഏകദേശം 1,200 രൂപയും താമസം 3,000 രൂപയും വരും. ഭക്ഷണത്തിന് 1,200 രൂപയും ഡേ ടൂറിന് കുറഞ്ഞത് 3,000 രൂപയും ഇവിടെ ആവശ്യമായി വരും.
ഒമാൻ: ഇ-വിസയ്ക്കായി 1,700 രൂപയാണ് ചെലവ്. റൗണ്ട്-ട്രിപ്പ് വിമാന ടിക്കറ്റിന് ഏകദേശം 15,000 രൂപയും താമസത്തിന് പ്രതിദിനം 3,000 രൂപയും വരും. ഭക്ഷണത്തിന് 1,500 രൂപയും പ്രതിദിന ടൂറുകൾക്ക് 3,000 രൂപയും ഇവിടെ കണക്കാക്കാം.
കംബോഡിയ: ഓൺ-അറൈവൽ വിസയ്ക്ക് ഏകദേശം 2,700 രൂപയാകും. വിമാന ടിക്കറ്റിന് 23,000 രൂപയും താമസത്തിന് 2,000 രൂപയും പ്രതിദിന ഭക്ഷണത്തിന് 1,200 രൂപയും വേണ്ടി വരും. ഡേ ടൂറുകൾക്കായി ഏകദേശം 2,500 രൂപയും മാറ്റിവെക്കേണ്ടി വരും.
തായ്‌ലൻഡ്: വിസ രഹിതമായി സന്ദർശിക്കാൻ കഴിയുന്ന രാജ്യമാണ് തായ്‌ലൻഡ്. റൗണ്ട്-ട്രിപ്പ് ഫ്ലൈറ്റിന് ഏകദേശം 15,000 രൂപയാണ് ചെലവ്. താമസം 2,000 രൂപ, ഭക്ഷണം 1,200 രൂപ, ഡേ ടൂർ 2,000 രൂപ എന്നിങ്ങനെയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. കുറഞ്ഞ ചെലവിൽ വിദേശയാത്രകൾ പ്ലാൻ ചെയ്യുന്ന സഞ്ചാരികൾക്ക് തികച്ചും പ്രയോജനപ്രദമായ ഡെസ്റ്റിനേഷനുകളാണ് ഇവയെല്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.