ഡച്ച് യൂട്യൂബർ
‘നോൺ വെജിറ്റേറിയൻ ആവശ്യപ്പെട്ടപ്പോൾ കിട്ടിയത് മുട്ട ബിരിയാണി’; ഇന്ത്യൻ ട്രെയിനിലെ ഫസ്റ്റ് എസി യാത്രയെ കുറിച്ച് ഡച്ച് യൂട്യൂബർ: ഞാൻ പ്രതീക്ഷിച്ചത് ഇതല്ല
മുംബൈ: പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കപ്പുറം ഒരു രാജ്യത്തിന്റെ യഥാർഥ ജീവിതവും സംസ്കാരവും അടുത്തറിയാൻ യാത്രകൾ സഹായിക്കാറുണ്ട്. ഡച്ച് യൂട്യൂബറായ പെഡ്രോ മോട്ടക്കിനും ഇന്ത്യയെ കൂടുതൽ അടുത്തറിയാൻ അവസരമായത് അത്തരമൊരു യാത്രയാണ്. മുംബൈയിൽ നിന്ന് അമൃത്സറിലേക്ക് ഏകദേശം 1500 കിലോമീറ്റർ ദൂരം ഫസ്റ്റ് ക്ലാസ് ലക്ഷ്വറി സ്ലീപ്പർ ട്രെയിനിൽ 26 മണിക്കൂർ യാത്ര ചെയ്ത അനുഭവമാണ് അദ്ദേഹം വ്ലോഗിലൂടെ പങ്കുവെച്ചത്.
ഫസ്റ്റ് എസി കമ്പാർട്ട്മെന്റിൽ കയറുന്നതിന് മുൻപ് ഫൈവ് സ്റ്റാർ സർവീസ് പോലെയാകും യാത്രയെന്നാണ് പെഡ്രോ കരുതിയിരുന്നത്. എന്നാൽ ട്രെയിനിൽ കയറിയതോടെ ആ പ്രതീക്ഷകൾ തെറ്റി. ട്രെയിനിൽ പല സേവനങ്ങൾക്കും പ്രത്യേകം പണം നൽകേണ്ട പേ ആസ് യു ഗോ സംവിധാനമാണുള്ളതെന്ന് പിന്നീട് മനസ്സിലാവുകയായിരുന്നു.
അത്താഴത്തിനായി നോൺ വെജിറ്റേറിയൻ ഓപ്ഷൻ ആവശ്യപ്പെട്ടപ്പോൾ കിട്ടിയത് മുട്ട ബിരിയാണിയായിരുന്നു. ഇത് യൂട്യൂബറെ ഏറെ അത്ഭുതപ്പെടുത്തി. ബിരിയാണിക്ക് കാര്യമായ രുചിയില്ലെന്നും വളരെ സാധാരണമായിരുന്നുവെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു. എന്നാൽ ഇന്ത്യൻ ട്രെയിനുകളുടെ യഥാർത്ഥ ആത്മാവ് കോച്ചുകളിലല്ല, മറിച്ച് ആളുകളിലാണെന്ന് പെഡ്രോ പിന്നീട് തിരിച്ചറിഞ്ഞു. പാനിപ്പത്തിൽ ഒരു കല്യാണത്തിന് പോകുന്ന 15 അംഗ സംയുക്ത കുടുംബം അദ്ദേഹത്തിന്റെ അതേ കോച്ചിൽ തന്നെ ഉണ്ടായിരുന്നു.
വിദേശിയായ യൂട്യൂബറെ അപരിചിതനായി തോന്നിപ്പിക്കാതിരിക്കാൻ ആ കുടുംബം ശ്രദ്ധിച്ചു. വീട്ടിൽ നിന്ന് കൊണ്ടുവന്ന ചൂടുള്ള ചപ്പാത്തി, ഉരുളക്കിഴങ്ങ് കറി, ദാൽ-ചോറ് എന്നിവ അവർ അദ്ദേഹത്തിന് നൽകി. ‘ഇതാണ് അമ്മയുടെ കൈപ്പുണ്യത്തിന്റെ രുചി, ഇതിനു മുന്നിൽ ട്രെയിനിലെ ഭക്ഷണം ഒന്നുമല്ല’ എന്ന് പെഡ്രോ സന്തോഷത്തോടെ പറഞ്ഞു. പിറ്റേന്ന് രാവിലെ ഒരു കപ്പ് കാപ്പിക്കായി പെഡ്രോ ട്രെയിനിലൂടെ ഏകദേശം അര കിലോമീറ്ററോളം നടന്നു. പാൻട്രി കാർ എന്ന് പറയുന്നത് യാത്രക്കാർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സ്ഥലമല്ല, മറിച്ച് ഒരു ചെറിയ അടുക്കള മാത്രമാണെന്ന് അദ്ദേഹം മനസ്സിലാക്കി.
ഒടുവിൽ ഫരീദാബാദ് സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോഴാണ് അദ്ദേഹത്തിന് ചൂടുള്ള സമൂസയും കട്ടൻ ചായയും കിട്ടിയത്. യാത്രയിലെ ഏറ്റവും അപ്രതീക്ഷിത നിമിഷങ്ങളിലൊന്ന് ഫസ്റ്റ് എസിയിലെ ഷവർ ഉപയോഗിക്കാൻ തീരുമാനിച്ചപ്പോഴായിരുന്നു. ആദ്യം തണുത്ത വെള്ളമായിരുന്നു വന്നത്, കുറച്ച് സമയത്തിന് ശേഷം ചെറുചൂടുള്ള വെള്ളമായി. ആഡംബര അനുഭവം ആയിരുന്നില്ലെങ്കിലും 26 മണിക്കൂർ നീണ്ട യാത്രക്ക് ശേഷം അത് അദ്ദേഹത്തിന് വലിയ ആശ്വാസം നൽകി.
ഡൽഹിയിലും ഹരിയാനയിലുമായി സഹയാത്രികർ ഓരോരുത്തരായി ഇറങ്ങിയതോടെ ക്യാബിൻ ക്രമേണ ഒഴിഞ്ഞു. ഇത് പെഡ്രോക്ക് വിശ്രമിക്കാനും ജോലി ചെയ്യാനും കൂടുതൽ സ്ഥലം നൽകി. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ കുതിച്ചുപായുമ്പോൾ പുറത്തെ കാഴ്ചകൾ ആസ്വദിക്കുന്നതിൽ അദ്ദേഹം ഏറെ സന്തോഷിച്ചു. താൻ പ്രതീക്ഷിച്ച ഫൈവ് സ്റ്റാർ സുഖസൗകര്യങ്ങൾ യാത്രയിൽ ലഭിച്ചില്ലെങ്കിലും, ഇന്ത്യയുടെ ഊഷ്മളതയും ആളുകളുടെ സജീവമായ മനോഭാവവും മുംബൈയിൽ നിന്ന് അമൃത്സറിലേക്കുള്ള 26 മണിക്കൂർ യാത്ര അവിസ്മരണീയമാക്കിയെന്ന് പെഡ്രോ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.