മണിക്കൂറിൽ കുതിച്ചുപായുക 600 കിലോമീറ്റർ; ഹമ്പ​മ്പോ, ഈ ട്രെയിനുകൾക്ക് എന്തൊരു വേഗം

ഏറ്റവും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ മിക്കവരും ആശ്രയിക്കുന്നത് വിമാനങ്ങളെയാകും. എന്നാൽ, വേഗം കൂടുതലാണെങ്കിലും വിമാന യാത്രക്ക് അതിന്റേതായ പോരായ്മകളുണ്ട്. നഗരത്തിന് പുറത്തുള്ള വിമാനത്താവളത്തിലേക്കുള്ള യാത്ര, കൂടിയ നിരക്ക്, സീറ്റുകളുടെ കുറവ്, എയർപോർട്ടിലെ സുരക്ഷാപരിശോധനകൾ തുടങ്ങി ധാരാളം പ്രതിബന്ധങ്ങൾ വിമാനയാത്രക്കുണ്ട്.

ഇതിന് ഒരുപരിധി വരെ പരിഹാരമാകുന്നവയാണ് അതിവേഗ ട്രെയിനുകൾ. വിമാനത്തേക്കാൾ താരതമ്യേന നിരക്ക് കുറവ്, കൂടുതൽ സ്റ്റേഷനുകൾ, എത്തിപ്പെടാനുള്ള എളുപ്പം എന്നിവയെല്ലാം ട്രെയിൻ യാത്രയെ കൂടുതൽ സൗകര്യപ്രദമാക്കുന്നു. 600 കിലോമീറ്ററിന് മുകളിൽ ഓടുന്ന ട്രെയിനുകൾ ഇന്ന് ലോകത്തുണ്ട്. ഇവയിൽ ചിലത് മാഗ് ലെവ് ട്രെയിനുകളാണ്.

വൈദ്യുതകാന്തികത അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ട്രെയിനുകളാണ് മാഗ് ലെവ്‌ ട്രെയിൻ. വളരെ ശക്തി കൂടിയ വൈദ്യുത കാന്തങ്ങളാണ് ഇവയെ ചലിപ്പിക്കുന്നത്. മാഗ്നറ്റിക് ലെവിറ്റേഷൻ എന്നതിന്റെ ചുരുക്കരൂപമാണ് മാഗ് ലെവ്. കാന്തത്തിന്റെ ഒരേ മണ്ഡലങ്ങൾ വികർഷിക്കപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രവർത്തന തത്വം.

മാഗ് ലെവ് ട്രെയിനുകൾക്ക് എൻജിൻ ഉണ്ടാകില്ല. വലിയ വൈദ്യുത ഊർജ്ജ കേന്ദ്രം, ലോഹ കമ്പികൾ പാകിയ ട്രാക്ക്‌, ട്രെയിനിന്റെ അടിയിൽ പിടിപ്പിച്ചിരിക്കുന്ന വലിയ കാന്തങ്ങൾ എന്നിവയാണ് പ്രധാന ഭാഗങ്ങൾ. പാളത്തിലെ ലോഹ കമ്പികളിൽ സൃഷ്ടിക്കപ്പെടുന്ന കാന്തിക മണ്ഡലമാണ് ട്രെയിനിനെ ചലിപ്പിക്കുക. ലോകത്തെ അതിവേഗ ട്രെയിനുകളിൽ ചിലത് ഇവിടെ പരിചയപ്പെടാം.

1. എൽ.0 സീരീസ് മാഗ് ലെവ്

സെൻട്രൽ ജപ്പാൻ റെയിൽവേ കമ്പനി വികസിപ്പിക്കുന്ന ട്രെയിനാണിത്. 374 മൈൽ (ഏകദേശം 602 കി.മീ) ആണ് ഇതിന്റെ പരമാവധി വേഗം. പദ്ധതിയുടെ ആദ്യഘട്ടം 2027ൽ ആരംഭിക്കും.

അതേസമയം, സർവിസ് നടത്തുക പരമാവധി 500 കിലോമീറ്റർ വേഗതയിലായിരിക്കും. 482 കി.മീ ദൂരം വരുന്ന ടോക്യോയിലെ ഷിനഗാവ സ്റ്റേഷനിൽനിന്ന് ഒസാക്കയിലേക്ക് ഒരു മണിക്കൂറും ഏഴ് മിനിറ്റും കൊണ്ട് യാത്ര ചെയ്യാൻ സാധിക്കും.

2. ടി.ജി.വി പി.ഒ.എസ്

അതിവേഗ ട്രെയിനുകളുടെ കാര്യത്തിൽ എന്നും മുന്നിൽ സഞ്ചരിച്ചവരാണ് ഫ്രാൻസ്. ടി.ജി.വി പി.ഒ.എസ് ട്രെയിൻ 2007ൽ 357 മൈൽ (574 കി.മീ) വേഗതയിൽ ലോക സ്പീഡ് റെക്കോർഡ് സ്ഥാപിച്ചിരുന്നു.

ഫ്രഞ്ച് റെയിൽ കമ്പനിയായ എസ്‌.എൻ.‌സി.‌എഫ് പ്രവർത്തിപ്പിക്കുന്ന ഈ ട്രെയിൻ എൽ‌.ജി.‌വി എസ്റ്റ് റൂട്ടിലാണ് സർവിസ് നടത്തുന്നത്. പാരീസ്, കിഴക്കൻ ഫ്രാൻസ്, തെക്കൻ ജർമനി എന്നിവക്കിടയിലാണ് ഇത് ഓടുന്നത്. ട്രെയിൻ പതിവ് സർവിസിലായിരിക്കുമ്പോൾ 200 മൈൽ (321 കി.മീ) വേഗതയിലാണ് ഓടുക.

3. ഷാങ്ഹായ് മാഗ് ലെവ്

ജപ്പാനിലെ എൽ.0 സീരീസ് പോലെ, ഷാങ്ഹായ് മാഗ് ലെവും കാന്തിക ലെവിറ്റേഷൻ ട്രെയിനാണ്. ചൈനയിലെ ഷാങ്ഹായിൽ നിന്നാണ് ഇത് പ്രവർത്തിക്കുന്നത്. മണിക്കൂറിൽ 268 മൈൽ (431 കി.മീ) വേഗതയിൽ സഞ്ചരിക്കുന്നു.

ഇപ്പോഴും പ്രവർത്തിക്കുന്ന ഏറ്റവും പഴക്കമുള്ള വാണിജ്യ മാഗ് ​ലെവ് ട്രെയിനാണിത്. 2002ലാണ് സർവിസ് ആരംഭിക്കുന്നത്. ഷാങ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുന്നവർക്ക് ഈ ട്രെയിൻ ഉപയോഗിക്കാം.

4. ഫുക്സിങ് ഹാഒ

ഫുക്സിങ് അല്ലെങ്കിൽ സി.ആ സീരീസ് ഇ.എം.ഇ എന്നും അറിയപ്പെടുന്ന ചൈനയിലെ ഫുക്സിങ് ഹാഒ പതിവായി 220 മൈൽ (354 കി.മീ) വേഗതയിലാണ് ഓടുന്നത്. അതേസമയം, പരീക്ഷണ സമയത്ത് ഈ ട്രെയിൻ 260 മൈൽ (418 കി.മീ) വേഗതയിൽ എത്തിയിരുന്നു. ബെയ്ജിങ്ങിനും ഷാങ്ഹായ്ക്കും ഇടയിലുള്ള ജനപ്രിയ റൂട്ട് ഉൾപ്പെടെ ചൈനയിലെ നിരവധി അതിവേഗ ലൈനുകളിലൂടെ ഈ ട്രെയിൻ സഞ്ചരിക്കുന്നുണ്ട്.

5. ഫ്രെസിയറോസ 1000

ഇറ്റലിയിലെ ഫ്ലോറൻസ്, മിലാൻ, വെനീസ്, റോം തുടങ്ങിയ ജനപ്രിയ സ്ഥലങ്ങളിലൂടെയാണ് 'ഫ്രെസിയറോസ 1000' ട്രെയിൻ അതിവേഗതയിൽ സഞ്ചരിക്കുന്നത്. 2016-ൽ 245 മൈൽ (394 കി.മീ) വേഗത കൈവരിക്കാൻ ട്രെയിനിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം, ഇറ്റലിയിൽ ട്രെയിനുകളുടെ പരമാവധി വേഗത 190 മൈൽ (305 കി.മീ) ആയി പരിമിതപ്പെടുത്തിയതിനാൽ ഈ വേഗതയിലാണ് സർവിസ് നടത്തുന്നത്. 

Tags:    
News Summary - 600 km per hour; what's the speed of these trains?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.