ഒരു ട്രെക്കിങ് അപാരത: ഭയത്തെ തോൽപ്പിച്ച്, കോടമഞ്ഞിലൂടെ നടത്തിയ ആകാശയാത്ര!

ഹരിഹർഫോർട്ട്‌ ട്രെക്കിങ്ങിനു പോകുവാണെന്ന് വീട്ടിലും കൂട്ടുകാരോടും പറഞ്ഞപ്പോൾ ആരുമാദ്യം മൈൻഡ് ചെയ്തില്ല. എന്തേലും ചെയ്യ് എന്നൊരു ആറ്റിറ്റ്യുട്. പിന്നെ അവരും മെല്ലെ google ചെയ്ത് നോക്കാനൊക്കെ തുടങ്ങിയപ്പോൾ അയ്യയ്യോ കണ്ടിട്ട് തന്നെ കൈയും കാലും വിറക്കുന്നു എന്നതായി ഭാവം. ഇതല്ല ഇതിലപ്പുറം ചാടി കടന്നവൻ ആണീ KK ജോസഫ് എന്നൊരു സീൻ ഇടാനാണ് അപ്പൊ തോന്നിയത്.

 

അങ്ങനെ സഫാരി ടീമിന്റെ കൂടെ യാത്ര പുറപ്പെട്ടു. 30 പേരടങ്ങുന്ന ഒരു ടീം ആയി ഞങ്ങൾ കോഴിക്കോട് നിന്നു ട്രെയിനിൽ കയറി. മാഥെരൻ കൂടി ലിസ്റ്റിൽ ഉണ്ടായിരുന്നത് കൊണ്ട് ആദ്യം അങ്ങോട്ടാണ് പോയത്.

'നിന്നെ കുറിച്ച് ആലോചിക്കുമ്പോൾ പെയ്യുന്നത് മാത്രമാണ് മഴ, അല്ലാത്തപ്പോഴെല്ലാം ഘനീഭവിച്ച നീരാവിയാണ് പെയ്യുന്നത്' എന്ന കവിതാശകലം എഴുതിയ ഒരു പഴയ പ്രണയലേഖനം മനസ്സിൽ കുളിർന്നു.

മഴ കണ്ടും കൊണ്ടും ആശ തീർന്നൊരു പിറ്റേദിവസം ഇനിയും വരാം ട്ടോ എന്നൊരു നിശബ്‍ദസന്ദേശം കൈമാറി ഞങ്ങളിൽ ചിലർ ഹരിഹർഫോർട്ടിലേക്ക് തിരിച്ചു. താനെയിൽ നിന്നു നാസിക്കിലേക്ക് മൂന്ന് മണിക്കൂർ യാത്ര.

ഹോട്ടലിൽ എത്തി ഫ്രഷ് ആയി അടിപൊളി മറാത്ത ഭക്ഷണമൊക്കെ കഴിച്ച് കിടന്നുറങ്ങി. പുലർച്ചെ ട്രാവലറിൽ ഹർഷവാഡ് എന്നുകൂടി പേരുള്ള ഹരിഹർ ഫോർട്ടിലേക്ക്. ട്രാവലറിലെ പാട്ടിനും ബഹളത്തിനും ഇടയിലും വെറുതെ ഗൂഗിൾ ചെയ്തുനോക്കി ഹരിഹർ ഫോർട്ടിന്റെ ചരിത്രം.

കടൽനിരപ്പിൽ നിന്ന് 3676 അടി മുകളിൽ സ്ഥിതി ചെയ്യുന്ന സ്ഥലം. എന്റെ വയനാട് 2269 മുതൽ 6890 അടി മുകളിൽ ആണല്ലോ സമുദ്രനിരപ്പിൽ നിന്ന് എന്നപ്പോൾ ഓർത്തു. മൻസൂണിലെ മഹാരാഷ്ട്ര അതിസുന്ദരിയാണ്, വയനാട് പോലെ തന്നെ. എങ്ങും പച്ചപ്പും കൃഷിപ്പണിക്കാരും.

 

80 ഡിഗ്രി ചെരിവിലാണ് ഹരിഹർഫോർട്ട്‌. 10 ഡിഗ്രി കൂടി ഉണ്ടാരുന്നേൽ മട്ടകോൺ ആയേനെ!! പാറയിൽ തന്നെ കൊത്തിയെടുത്ത 117 പടികൾ. ആ പടികളിലൂടെ മനുഷ്യർ ഉറുമ്പുകളെപോലെ അരിച്ചു നീങ്ങുന്ന ഫോട്ടോകൾ ആണ് ഗൂഗിൾ കാണിച്ചുതരുന്നത്. എന്തായാലും പടികൾ ഉണ്ടല്ലോ, അതിലൂടെ അങ്ങ് കേറിപോയാൽ മതിയല്ലോ എന്ന് ഞാൻ എന്നെത്തന്നെ അശ്വസിപ്പിച്ചു.

അങ്ങനെ സ്ഥലമെത്തി. നിറഞ്ഞ പച്ചപ്പ് ആണ് ചുറ്റും.ആദ്യമൊക്കെ മൺവഴിയിലൂടെ ആണ് നടത്തം. 3.5 കിലോമീറ്റർ നടക്കാനുണ്ട്. മഴയുണ്ട് കൂടെ കാറ്റും കോടയും തണുപ്പും തിരക്കും. 300 പേരെയാണ് കടത്തിവിടുക എന്നൊക്കെ കേട്ടെങ്കിലും അതിലും കൂടുതൽ പേരെ അവിടെ കണ്ടു. ചിലപ്പോഴൊക്കെ പാറി കാറ്റിനൊപ്പം പോകുമെന്ന് തോന്നി. കാറ്റിനൊപ്പം പാറിപ്പോയി എന്ന് കവിതകളിലും കഥകളിലും വായിക്കുന്ന കാല്പനിക ഭംഗി യഥാർത്ഥത്തിൽ പാറിപോയാൽ ഉണ്ടാവില്ല എന്നും പെട്ടിയിൽ കൊണ്ടുപോകാൻ പോലും ചില കഷ്ണങ്ങൾ മാത്രേ കിട്ടുവെന്നും എനിക്കാ നിമിഷം ബോധ്യപ്പെട്ടു. എന്നിട്ടും ഉയരങ്ങൾ മോഹിപ്പിച്ചുകൊണ്ടേയിരുന്നു. കൂടെയുള്ളവരുടെ സഹായത്താൽ പല പാറകളിലും കയറിപ്പറ്റി, ചെങ്കുത്തായ പടികൾ മെല്ലെ കയറിതുടങ്ങി. പടികളിൽ പിടിക്കാനായി ചെറിയ കൊത്തലുകൾ ഉണ്ട്. അതിൽ പിടിച്ചാണ് കയറ്റം. സുരക്ഷക്കായി ഒരു കയർ പോലും അവിടെ വെച്ചിട്ടില്ല. നമ്മുടെ ജീവൻ നമ്മുടെ ഉത്തരവാദിത്തം, ഇതാണ് ലൈൻ. ഇറങ്ങി വരുന്നവരും അതെ കൊത്തലുകളിൽ പിടിച്ചാണ് ഇറങ്ങുന്നത്.

 

കയറിപോകുന്നവരുടെ ബാഗ് തുറന്ന് ആവശ്യമുള്ള സാധനങ്ങൾ മാത്രം തിരഞ്ഞെടുക്കുന്ന കുരങ്ങന്മാരെ ഞാൻ ആദ്യം കാണുന്നത് ഇവിടെ ആണ്. കുരങ്ങനെ ഓടിക്കാൻ കൈയ്യോ കാലോ അനക്കിയാൽ താഴെ നിക്കുന്നവരെയും കൊണ്ട് കൊക്കയിലേക്ക് മറിഞ്ഞു വീഴും എന്നത് കൊണ്ട് അതുങ്ങളെ സഹിക്കുകയല്ലാതെ വേറെ വഴിയില്ല. റെയിൻ കോട്ടിന്റെ ഉള്ളിൽ ബാഗ് ഇട്ടവരും ട്രെക്കിങ് സ്റ്റിക്ക് ഉള്ളവരും മാത്രമാണ് കുരങ്ങന്മാരുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടത്.

 

ദൂരേന്ന് നോക്കുമ്പോ ദീർഘ ചതുരാകൃതിയാണ് ഫോർട്ടിന്. ഒരു ചതുരക്കൽ ഗോപുരം. കയറിചെല്ലുന്നത് ഒരു ഗോപുരവാതിലിലേക്കാണ്. മഹാദർവാസ എന്നാണ് അതിന്റെ പേര്. അവിടെ തീർന്നു എന്ന് കരുതിയാൽ തെറ്റി. പിടിച്ചതിനേക്കാൾ വലുതാണ് മാളത്തിൽ എന്ന് പറയേണ്ടവർക്ക് അങ്ങനെയും കേട്ടത് മധുരം കേൾക്കാത്തവ അതിമധുരം എന്ന് പറയേണ്ടവർക്ക് അങ്ങനെയും പറയാൻ പാകത്തിന് ചെറിയ ഇടുങ്ങിയ കല്പടവുകൾ ഇനിയും മുകളിലേക്ക് കയറാനുണ്ട്. ഇടയ്ക്കിടെ ചില വളവുകളും തിരിവുകളും ബോണസ് ആയി പിന്നെയുമുണ്ട്. പലപ്പോഴും കോട വന്ന് മൂടി അടുത്ത പടി എവിടെ ആണെന്നും കാൽ എവിടെ വെക്കണമെന്നും അറിയാതെ കുഴങ്ങി . അപ്പോഴൊക്കെയും ട്രെക്കിങ് സ്പിരിറ്റ്‌ ഉള്ളതിനാൽ ബാക്കിയുള്ളത് കൂടി കയറാൻ തീരുമാനിച്ചു മുന്നോട്ട് നടന്നു. മഴവെള്ളം പടികളിൽ കൂടി ഒലിച്ചു വരുന്നു. ആരേലും പേടിച്ചു മൂത്രമൊഴിച്ചിട്ടുണ്ടാകും ഈ വെള്ളത്തിൽ എന്നും നല്ല വഴുക്കൽ ഉണ്ട് മുകളിൽ എന്നുമൊക്കെ ആരോ പറയുന്നത് കേട്ടപ്പോ ഒരു അയ്യോ മനസ്സിൽ വന്നെങ്കിലും 'എത്ര ചവർപ്പ് കുടിച്ചുവറ്റിച്ചു നാം, ഇത്തിരി ശാന്തി തൻ ശർക്കരയുണ്ണുവാൻ' എന്ന് കക്കാട് മനസിലിരുന്നു ചൊല്ലി. ഏതോ ഒരു മായകാഴ്ച മുകളിൽ കാത്തിരിക്കുന്നുവെന്നൊരു തോന്നൽ.

ഗോണ്ട ചുരം വഴിയുള്ള വ്യാപാരം നിരീക്ഷിക്കുന്നതിനായാണ് ഈ ചെങ്കുത്തായ കുന്നിന്റെ മുകളിൽ ഹരിഹർ ഫോർട്ട്‌ പണിതിരിക്കുന്നതെന്ന വിക്കിപീഡിയ വിജ്ഞാനം അപ്പോൾ ഓർത്തു. എന്നാണ് ഇത് പണികഴിപ്പിച്ചത് എന്നതിൽ വ്യക്തത ഇല്ലെങ്കിലും 9 ആം നൂറ്റാണ്ടിനും 14ആം നൂറ്റാണ്ടിനും ഇടയ്ക്ക് യാദവ കാലഘട്ടത്തിൽ ആണ് നിർമാണം നടന്നിരിക്കുന്നത് എന്ന് ചരിത്രം പറയുന്നു.

 

'കാലമിനിയുമുരുളും വിഷു വരും വർഷം വരും തിരുവോണം വരും, അപ്പോൾ ആരെന്നുമെന്തെന്നും ആർക്കറിയാം' എന്ന് പിന്നെയും കക്കാട് ഓർമിപ്പിച്ചു. കാലമുരുണ്ടപ്പോൾ ഹരിഹർ ഫോർട്ട്‌ പല രാജാക്കന്മാരിലൂടെ പല ഭരണങ്ങളിലൂടെ കടന്നുപോയി. നിസാംഷാഹി സുൽത്തനേറ്റ് ഭരണത്തിൽ കീഴിലാരുന്നു ഫോർട്ട്‌ കുറേക്കാലം. 1636 ഒക്കെ ആകുമ്പോഴേക്കും അവരിൽ നിന്നും മുഗൾ ജനറൽ ആയിരുന്ന ഖാൻ സമാനിലേക്ക് എത്തുന്നുണ്ട്. 1670 ഇൽ ഹരിഹർ ഫോർട്ട്‌ ഛത്രപതി ശിവജിയുടെ പ്രധാനികളിൽ ഒരാൾ ആയ മൊറൊപാന്റ് തൃമ്പക് പിൻഗളെ പിടിച്ചടക്കുന്നുണ്ട്. കാലക്രമേണ സഹ്യാദ്രിയിലൂടെയുള്ള എല്ലാ പോക്കുവരവുകളെയും നിരീക്ഷിക്കാനുള്ള ഇടമായി മാറി ഇത്. അതിനിടയിൽ ഫോർട്ട്‌ വീണ്ടും മുഗളൻമാർ തിരിച്ചുപിടിച്ചു എന്നും ചില രേഖകൾ പറയുന്നുണ്ട്.

എന്തായാലും മൂന്നാം ആംഗ്ലോ മാറാത്ത യുദ്ധത്തിലൂടെ ഹരിഹർ ഫോർട്ട്‌ ബ്രിട്ടീഷുകാരുടെ കൈയ്യിൽ എത്തി. 1818 ഇൽ ക്യാപ്റ്റൻ ബ്രിഗ്ഗ്സ് ആണ് ഫോർട്ട്‌ പിടിച്ചെടുത്തത് എന്നോർത്തപ്പോഴേക്കും ഞാൻ മുകളിൽ എത്തി. വിശാലമായ പരന്ന സ്ഥലം. തണുത്ത കാറ്റിലും മഴയിലും ചൂടോടെ തിന്ന ചോളം അകവും പുറവും ഉന്മേഷം നൽകി. ഇവരെങ്ങനെ ഈ ചോളം മുകളിൽ കയറ്റിയെന്ന ചോദ്യം ആദ്യം മനസിലേക്ക് വന്നെങ്കിലും കേദാർനാഥ് ട്രക്കിങ്ങിനിടയിൽ അവിടെയുള്ളവർ ഗ്യാസ് സിലിണ്ടർ ചുമന്നു മല കയറുന്നത് ഓർമയിൽ വന്നതോടെ ഞാനതെടുത്ത് വഴിയിലിട്ടു. പകരം മനുഷ്യൻ ഏത് സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള സാധ്യതകൾ തേടുമല്ലോ എന്നൊരു ഫിലോസഫി ചോളത്തിനൊപ്പം ചൂടാക്കിയെടുത്തു.

ഈ പാതയിലൂടെ കടന്നുപോയ പല നൂറ്റാണ്ടുകളിലെ മനുഷ്യർ ജീവിച്ച ജീവിതമെന്തായിരിക്കുമെന്ന് വെറുതെ ഓർത്തു. ഉറപ്പായും ഒരു ട്രെക്കിങ് സ്പോട് അല്ലാരുന്നല്ലോ അവർക്ക് ഈ സ്ഥലം. ഒരിക്കൽ തലയെടുപ്പോടെ നിന്നിരുന്ന പല കെട്ടുകളും ഇന്ന് ജീർണാവസ്ഥയിൽ ആണ്.

കോട മാറിയപ്പോൾ ആദ്യം കണ്ടത് സഹ്യാദ്രിയുടെ മിഴിവ്. പിന്നെ തെളിഞ്ഞത് ഒരു കുളം. ആ വെള്ളമായിരുന്നിരിക്കും അവിടെ ജീവിച്ചിരുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റിയത്. ശിവന്റെയും ഹനുമാന്റെയും ചെറിയ ശ്രീകോവിലുകൾ. ഒരു ചെറിയ അറ. സാധനങ്ങൾ സൂക്ഷിച്ചു വെക്കാനായിരിക്കണം. പിന്നെയും ഒരു ചെറിയ കുന്നുണ്ട് , അള്ളിപിടിച്ചു വേണം കയറാൻ. എങ്ങനെയോ കയറി. കയറുന്നത്ര എളുപ്പമല്ല തിരിച്ചിറക്കം എന്ന് അവിടെ വെച്ചു തന്നെ എനിക്ക് മനസ്സിലായി. പക്ഷെ തിരിച്ചിറങ്ങാതെ വേറെ വഴിയില്ലല്ലോ. 'പെരുവഴി തീർന്നു ഇങ്ങസ്തമിക്കുന്നു സൂര്യൻ, തിരിച്ചു നടക്കാം നമുക്കിനി' എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് ഓർമിപ്പിച്ചു.

 

ഇറങ്ങി വരുമ്പോൾ ചെറുതായൊന്നു വീഴാൻ പോയത് എന്റെ ആത്മവിശ്വാസം ആകെ തകർത്തു. മനസാന്നിധ്യമാണ് ഏതൊരു യാത്രികന്റെയും ബാഗിൽ ആദ്യം വേണ്ടത്. അത് പോയാൽ വേറൊന്നും തുണയില്ല. വീണപ്പോൾ താങ്ങിയ അപരിചിതൻ എന്നിലുള്ള സംശയം തീർത്തു തന്നല്ലോ എന്ന് ദൈവത്തെ കുറിച്ച് കൽപ്പറ്റ നാരായണൻ മാഷിന്റെ ഒരു കവിതയുണ്ട്. എനിക്കാ ദൈവം ആദർശ് പദ്മിനി ആയിരുന്നു. അവന്റെ കൈകളിൽ,ആകാശത്തിലിരുന്ന് താഴേക്ക് നോക്കിയ നിമിഷം!! ആ നിമിഷം കോട മാറി വെയിൽ തെളിഞ്ഞു. താഴെ എന്ത് എന്ന് കാണാനാവാത്ത കൊക്ക.

എന്റെ കാതിൽ ഒരു ഇരമ്പൽ. വയറും കാലും നടുവും വേദനിച്ചു തുടങ്ങി. ഉള്ളിൽ നിന്ന് രക്തം അണ പൊട്ടി വരുന്നത് എനിക്കറിയാൻ പറ്റുന്നുണ്ട്. 'ഒന്നും പേടിക്കണ്ട, ഞാൻ വീണിട്ടെ നീ വീഴൂ' ആദർശ് എന്റെ കൈയിൽ മുറുകെ പിടിച്ചു, വേറെ ഒരാശ്രയം ഇല്ലാതെ ഞാനും.

ആദർശ് ആണ് ഓരോ കൊത്തലുകളിലും എന്റെ കാലെടുത്തു വെച്ച് താഴെ ഇറക്കിയത്. ഓരോ സ്റ്റെപ്പും കഴിയുമ്പോഴും കഴിഞ്ഞോ കഴിഞ്ഞോ എന്നുള്ള ചോദ്യത്തോട് ചുറ്റുമുള്ളവർ കനിവോടെ പ്രതികരിച്ചു. ഒരു കണക്കിന് താഴെയെത്തിയ ഞാൻ കരഞ്ഞു, വിറച്ചു. താഴേക്ക് നോക്കാതെ ആദർശിൽ മാത്രം വിശ്വസിച്ചു പടികൾ ഇറങ്ങുമ്പോൾ മരിച്ചുപോയ ഒരു ഞാൻ വീട്ടിലേക്ക് തിരികെ എത്തുന്നത് വെറുതെ സങ്കല്പിച്ചു നോക്കിയിരുന്നു. അങ്ങനൊന്നും വേണ്ടി വന്നില്ലല്ലോ എന്നോർത്ത് കൂടുതൽ ഉച്ചത്തിൽ കരയുന്ന എനിക്ക് ചുറ്റും പ്രിയപ്പെട്ടവർ കൂടിനിന്ന് അശ്വസിപ്പിച്ചു. പലയിടത്തും അവന്റെ കൈയിലും കാലിലും ചവിട്ടിയാണ് താഴെ എത്തിയത്.

 

നിമിഷങ്ങൾക്ക് മുന്നേ തണുത്തും പേടിച്ചും ഇറങ്ങിവന്ന ആ വഴികളിലേക്ക് തിരിഞ്ഞു നോക്കി, മഞ്ഞിൽ പുതഞ്ഞ ആകാശത്തിലേക്ക് ചെറുപ്പക്കാർ ആവേശത്തോടെ നടന്നും ചാടിയും പോകുന്നു.

താഴെ വയലുകളിൽ കർഷകർ വയലൊരുക്കുന്നു. വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന ട്രാവലറിലേക്ക് കൂട്ടുകാർക്കൊപ്പം, ട്രെക്കിങ് ഷൂ ഇട്ടിട്ടും പലയിടത്തും ഉരഞ്ഞു പൊട്ടിയ കാലും വലിച്ചു നടക്കവേ,മഴ നനഞ്ഞൊട്ടിയ മേത്തേക്ക് വീണ്ടും ചാറലുതിർന്നു.

പിന്നെയും പിന്നെയും തിരഞ്ഞുനോക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ആ കൽക്കൂടാരം എന്നിൽ അവശേഷിപ്പിച്ചിരുന്നു. നിമിഷങ്ങളുടെ ഇടവേളയിൽ മഞ്ഞും വെയിലും മാറിമറിയുന്ന കാലാവസ്ഥ. അതുകൊണ്ടാവും ഫെബ്രുവരി മുതൽ ഒക്ടോബർ വരെയാണ് നല്ല ട്രെക്കിങ് ടൈം ആയി പറയുന്നത്.

സുരക്ഷിതമായി താഴെ എത്തിയതോടെ, കണ്ണീര് വീണ ആ വഴികൾ ഇപ്പോൾ പ്രിയങ്കരമായി തീർന്നു!!! വെറുതെ ആണോ ഇതൊക്കെ കാർത്തിക് നേത മുന്നേ തന്നെ പാട്ടായി എഴുതിവെച്ചത്!!!

'കരയ് വന്ത പിറകെ പിടിക്കത് കടലൈ , നര വന്ത പിറകെ പുരിയത് ഉലകൈ , നേട്രിൻ ഇമ്പങ്ങൾ യാവും കൂടിയേ, ഇൻറൈ ഇപ്പോതെ അർത്ഥം ആക്കുതെ, നാളൈ ഒര് അർത്ഥം കാട്ടുമേ '

( കരയിൽ വന്ന ശേഷമാണ് കടലിനെ ഇഷ്ടപ്പെട്ടത്, നര വന്ന ശേഷമാണ് ലോകത്തെ മനസ്സിലാക്കിയത്, ഇന്നലെകളുടെ സന്തോഷങ്ങളും കൂടി ചേർന്ന് ഇന്ന് ഈ നിമിഷത്തിന് അർത്ഥം ഉണ്ടാക്കിയിരിക്കുന്നു, നാളെ മറ്റൊരു അർത്ഥം കാണിച്ചു തരും)

എന്നാലും ഈ മല ഇങ്ങനെ വെട്ടി തുരക്കാമെന്ന് ആദ്യം ചിന്തിച്ചത് ആരായിരിക്കും?

 

Tags:    
News Summary - Conquering Fear, An Aerial Journey Through the Mist!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.