ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ സമ്പന്നമായ രാജ്യമാണ് മലേഷ്യ. തലസ്ഥാന നഗരമായ ക്വാലാലംപുരിലേക്ക് എമിറേറ്റ്സിൽ കുടുംബവുമൊത്ത് ദുബൈയിൽനിന്നു യാത്ര തിരിച്ചു. ഏകദേശം ഏഴുമണിക്കൂർ യാത്ര. ക്വാലാലംപുർ എയർപോർട്ടിൽനിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്രയുണ്ട് സിറ്റി സെന്ററിലേക്ക്. ഇവിടെനിന്ന് കെ.എൽ സെൻട്രൽ ബസ് ടെർമിനലിലേക്ക് ഷട്ട്ൽ ബസ് സർവിസാണ് ഉപയോഗിച്ചത്. റോഡിനിരുവശവും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന, ഒറ്റനോട്ടത്തിൽ തെങ്ങിൻതോപ്പുകളാണെന്ന് തോന്നുന്ന എണ്ണപ്പനകളുടെ തോട്ടങ്ങൾ.തൊട്ടടുത്ത ദിവസം മലേഷ്യയിലെ പ്രമുഖ ഹിൽസൈഡ് സ്റ്റേഷനായ ജെന്റിങ് ഹൈലാൻഡ്സിലേക്കായിരുന്നു യാത്ര. സമുദ്രനിരപ്പിൽനിന്ന് ഉയർന്നുനിൽക്കുന്ന പ്രദേശമായതിനാൽ കോടമൂടിയ കാഴ്ചകളോടെയാണ് ഇവിടം വരവേറ്റത്.
സമൃദ്ധമായ പച്ചപ്പും തണുത്ത കാലാവസ്ഥയും മഴക്കാടുകൾക്ക് മുകളിലൂടെയുള്ള കേബ്ൾ കാറിലെ അവിസ്മരണീയമായ യാത്രയും ഇൻഡോർ തീം പാർക്കുകളിലും റിസോർട്ടുകളിലും ഉള്ള സന്ദർശനവും ടിറ്റിവാങ്സ് പർവതനിരകളുടെ മനോഹരമായ കാഴ്ചകളും ഇവിടെ സന്ദർശകർക്ക് ലഭിക്കും. തൊട്ടടുത്തായി വിശാലമായ പാറക്കെട്ടുകൾ നിറഞ്ഞ വനപ്രദേശത്ത് സ്ഥിതിചെയ്യുന്ന ചിൻസ്വീ കേവ്സ് ചൈനീസ് ദേവാലയവും സന്ദർശിച്ച് വൈകീട്ട് ഐ.ഐ.യു.എമ്മിൽ (ഇന്റർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി ഓഫ് മലേഷ്യ) എത്തിച്ചേർന്നു. ഇവിടെയാണ് സഹോദരി നഫ്‍ലയുടെയുടെ മകൾ അൻഹ പഠിക്കുന്നത്. അൻഹ ഇവിടത്തെ കമ്പ്യൂട്ടർ സയൻസ് ബിരുദ വിദ്യാർഥിനിയാണ്. ഇന്റർലോക്ക് പാകിയ നടപ്പാതകളും ഇസ്‍ലാമിക വാസ്തുവിദ്യയിൽ നിർമിച്ച മനോഹരമായ കെട്ടിടങ്ങളും വനനിബിഡമായ കാമ്പസും അക്ഷരാർഥത്തിൽ കണ്ണുകൾക്ക് കുളിർമ പ്രദാനം ചെയ്തു. അൽപസമയം അൻഹയുടെ കൂടെ ചെലവഴിച്ച് നേരെ ഹോട്ടൽ അപ്പാർട്മെന്റിലേക്ക്.
ഈ യാത്ര മലാക്കയിലേക്കാണ്. മലേഷ്യയിലെ യുനെസ്കോയുടെ ലോക പൈതൃകസ്ഥലങ്ങളിൽ പ്രധാനപ്പെട്ട രണ്ട് നഗരങ്ങളാണ് മലാക്കയും പെനാങ്ങിലെ ജോർജ് ടൗണും. ക്വാലാലംപുരിൽനിന്ന് ഏകദേശം രണ്ടു മണിക്കൂർ യാത്ര ചെയ്താൽ മലാക്കയിൽ എത്തിച്ചേരാം. സുൽത്താനേറ്റ് കാലഘട്ടത്തിലെയും കൊളോണിയൽ അധിനിവേശത്തിന്റെയും ചരിത്രപരമായ ആഴത്തിലുള്ള ബന്ധം കാരണം മലാക്ക മലേഷ്യയുടെ ചരിത്ര നഗരം എന്നാണ് അറിയപ്പെടുന്നത്.
മലാക്ക
മലാക്കയിലെ മനോഹരമായ കൊളോണിയൽ തെരുവുകളിലൂടെ നടന്നുനീങ്ങുമ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു നഗരത്തിലൂടെ സഞ്ചരിക്കുന്ന അനുഭവംതന്നെയാണ് ലഭിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ പോർചുഗീസുകാർ പണിത കോട്ട, അക്കാലത്ത് പണിത കുന്നിൻമുകളിലുള്ള ചർച്ചിന്റെ ചില ഭാഗങ്ങൾ, പതിനേഴാം നൂറ്റാണ്ടിൽ പണിത ക്രൈസ്റ്റ് ചർച്ച്, അന്നത്തെ ഡച്ചുകാരുടെ ഭരണകേന്ദ്രം, പിന്നെ ഡച്ച് സ്ക്വയറിലെ ചുവന്ന നിറത്തിൽ പെയിന്റ് ചെയ്ത പുരാതന കെട്ടിടങ്ങൾ, സുൽത്താനേറ്റ് പാലസ് തുടങ്ങി നിരവധി കാഴ്ചകളിലൂടെയാണ് നടന്നുനീങ്ങിയത്. വൈകീട്ട് ആയപ്പോഴേക്കും തെരുവുകളെല്ലാം സജീവമായി. വർണവിളക്കുകളാൽ അലങ്കരിച്ച തെരുവുകൾ ഒരു മനോഹരമായ ദൃശ്യാനുഭവം സമ്മാനിച്ചു. മലാക്കയുടെ വൈവിധ്യമാർന്ന രുചികൾ അനുഭവിക്കാനായി തിരക്കേറിയ ഫുഡ് സ്ട്രീറ്റ്, തെരുവ് കലാകാരന്മാരുടെ വിവിധ കലാപ്രകടനങ്ങൾ എല്ലാംചേർന്ന് നഗരത്തെ സജീവമാക്കി മാറ്റിയ കാഴ്ചകളായിരുന്നു പിന്നീട് ദൃശ്യമായത്.
ക്വാലാലംപുരിലെ അവസാന ദിവസമാണ്. പെനാങ്ങിലേക്കുള്ള യാത്ര. നഗരക്കാഴ്ചകളിൽനിന്ന് വിടപറഞ്ഞ് ബസ് ഹൈവേയിലേക്ക് പ്രവേശിച്ചു. റോഡിനിരുവശവും ഉള്ള മലഞ്ചെരിവുകളും തോട്ടങ്ങളും പച്ചപ്പ് നിറഞ്ഞ വനങ്ങളും പർവതങ്ങളും എല്ലാം പിന്നിട്ട് ബസ് മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു. ഇടക്കിടക്ക് ചെറിയ മലായ് ഗ്രാമങ്ങളും കൃഷിഭൂമികളും ഒക്കെ കാണാനിടയായി. പിന്നീട് കടലിന്റെ മനോഹരമായ ദൃശ്യങ്ങളോടെ പെനാങ് ദ്വീപ് ഞങ്ങളെ സ്വാഗതം ചെയ്തു. ഇവിടത്തെ മെയിൻ ലാൻഡിലെ സെൻട്രൽ ബസ് സ്റ്റേഷൻ മൂന്നുതരത്തിലുള്ള യാത്രാസൗകര്യങ്ങളോടെയുള്ള ഒരു ട്രാൻസ്പോർട്ടേഷൻ ഹബ് ആണ്.
ജോർജ് ടൗൺ
ജോർജ് ടൗണിലാണ് ഇന്നു രാത്രി താമസിക്കുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലെ മറ്റൊരു നഗരം. കൊളോണിയൽകാലത്തെ പഴയ കെട്ടിടങ്ങളും വ്യാപാരശാലകളും പള്ളികളും ക്ഷേത്രങ്ങളും എല്ലാം ഇന്നും അതുപോലെ നിലനിർത്തിയിരിക്കുന്നു. ബ്രിട്ടീഷ് അധിനിവേശ കാലത്താണ് ജോർജ് ടൗൺ സ്ഥാപിക്കപ്പെടുന്നത്. ബ്രിട്ടീഷ് രാജാവായിരുന്ന ജോർജ് മൂന്നാമന്റെ പേരിലാണ് ഈ നഗരം സ്ഥാപിതമായത്. ഇവിടത്തെ തെരുവുകളിലെ വ്യത്യസ്തതരം ചിത്രങ്ങൾ ലോകപ്രശസ്തമാണ്. പഴയ കെട്ടിടങ്ങളും സ്ട്രീറ്റ് ആർട്ടും ഈ നഗരത്തെ ഒരു ജീവിച്ചിരിക്കുന്ന മ്യൂസിയമാക്കുന്നു.
പെനാങ്ങിൽനിന്ന് ഫെറി മാർഗം ലങ്കാവിയിലേക്കുള്ള യാത്രയാണ്. മെയിൻ ലാൻഡിൽനിന്ന് ഇപ്പോൾ ലങ്കാവിയിലേക്ക് നേരിട്ട് ഫെറി സർവിസ് ഇല്ല. ഇവിടെനിന്ന് ഞങ്ങൾ ട്രെയിൻ മാർഗം അലൂർ സെടാർ എന്ന മലേഷ്യയിലെ മറ്റൊരു കൊച്ചു നഗരത്തിലേക്ക് യാത്രതിരിച്ചു. ഇവിടത്തെ ബോട്ട് ജെട്ടിയിൽനിന്ന് ആഴമുള്ള നീലക്കടലിലൂടെ ഫെറി ലങ്കാവിയെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. നോക്കെത്താ ദൂരത്തെ കടൽക്കാഴ്ചകളും കടന്ന് പച്ചപ്പുനിറഞ്ഞ കുഞ്ഞു ദ്വീപുകൾ കാണാൻ തുടങ്ങി. ദൃശ്യഭംഗിയുള്ള സൂര്യാസ്തമയ കാഴ്ചകളോടെ ലങ്കാവിയിലെ ജൂഹ്ജെട്ടി ഞങ്ങളെ വരവേറ്റു. പ്രകൃതിസ്നേഹികളുടെ പറുദീസയാണ് ലങ്കാവി. നീലനിറത്താൽ ദ്വീപിനെ ചുറ്റിനിൽക്കുന്ന അന്തമാൻ കടലിന്റെ ഹൃദയഹാരിയായ ദൃശ്യങ്ങൾ. വെളുത്ത മണൽത്തരികൾ ഉള്ള സുന്ദരമായ കടൽത്തീരങ്ങൾ. മാൻഗ്രൂവ് വനങ്ങൾ, മഴക്കാടുകൾ തുടങ്ങി പ്രകൃതിയിലെ വിസ്മയക്കാഴ്ചകളുടെ ലോകം.
പിറ്റേദിവസം മുതൽ ലങ്കാവിയുടെ കാഴ്ചകളിലേക്കുള്ള യാത്രയിലായിരുന്നു. രാവിലെ പുറത്തിറങ്ങിയപ്പോഴാണ് ഒരു നിമിത്തംപോലെ ബഹാറുദ്ദീൻ എന്ന വ്യക്തിയെ കാണുന്നതും പരിചയപ്പെടുന്നതും. ദ്വീപ് നിവാസിയായ ബഹാറുദ്ദീൻ വർഷങ്ങളായി ഗൈഡായും ഡ്രൈവറായും ജോലിചെയ്യുന്നയാളാണ്. ആദ്യ യാത്ര ലങ്കാവിയിലെ സ്കൈ ബ്രിഡ്ജിലേക്കായിരുന്നു. ലോകത്തിലെ ഏറ്റവും നീളംകൂടിയ വളവുള്ള ഗ്ലാസ് പാലം. ഗുനുഗ് മാറ്റ് സിൻക്കങ് മലനിരകളുടെ മുകളിലാണ് ഗ്ലാസ് പാലം സ്ഥിതിചെയ്യുന്നത്. താഴെനിന്ന് ടിക്കറ്റ് എടുത്ത് കേബ്ൾ കാർ വഴി മലമുകളിലേക്കുള്ള യാത്ര ആരംഭിച്ചു. മരങ്ങൾ ഇടതൂർന്നുനിൽക്കുന്ന കാടുകളും ഇടയിൽ കാണുന്ന ചെറിയ വെള്ളച്ചാട്ടങ്ങളും കൂറ്റൻ പർവതങ്ങളും പിന്നിട്ട് കേബ്ൾ കാർ മുകളിലേക്ക് കുതിച്ചുകൊണ്ടിരുന്നു. ടോപ് സ്റ്റേഷൻ എത്തുന്നതിനു മുമ്പായി ഈഗ്ൾ പോയന്റ് എന്ന ഒരു സ്റ്റേഷനിൽ ഇറങ്ങാം. ഭീമാകാരമായ ഒരു ഈഗ്ൾ പ്രതിമയും ഉയരത്തിൽനിന്നുള്ള മനോഹരമായ ദൃശ്യങ്ങളും ഒക്കെ ആസ്വദിച്ചു വീണ്ടും കേബ്ൾ കാർ വഴി മുകളിലേക്ക്. ടോപ് സ്റ്റേഷനിൽ എത്തി ഇനി സ്കൈ ബ്രിഡ്ജിലേക്ക് എത്തണമെങ്കിൽ കാടിനുള്ളിലൂടെ ജംഗ്ൾ വാക്ക് വേണം. കാടിന്റെ ഭംഗി ആസ്വദിച്ച് കുരങ്ങുകൾ, പക്ഷികൾ, ചെറിയ ജീവികൾ തുടങ്ങിയവയുടെ ചെറു സാന്നിധ്യങ്ങളും ഒക്കെ കണ്ട് ഗ്ലാസ് ബ്രിഡ്ജിൽ എത്തിച്ചേരാം. മേഘങ്ങൾക്ക് മുകളിലൂടെ നടക്കുന്നതുപോലെ തോന്നിക്കുന്ന ഗ്ലാസ് പാലത്തിൽനിന്ന് കാണുന്ന കാഴ്ചകൾ, വാക്കുകൾക്കതീതമാണ്. മലയുടെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പാലത്തിൽനിന്ന് താഴേക്ക് നോക്കുമ്പോൾ പച്ചപ്പുള്ള കാടുകളും കടലും പിന്നെ ചെറുദ്വീപുകളും കാണാം.
ഇനി കിലിം കാസ്റ്റ് ജിയോ ഫോറസ്റ്റ് പാർക്കിലേക്കാണ്. പ്രകൃതി അത്ഭുതങ്ങളുടെയും എണ്ണമറ്റ സസ്യ ജന്തുജാലങ്ങളുടെയും ആവാസകേന്ദ്രം. മാൻഗ്രൂവ് വനങ്ങളുടെ ഇടയിലൂടെയുള്ള ജല വഴികളിലൂടെ ബോട്ടിൽ സഞ്ചരിച്ച് പ്രകൃതിയുടെ അത്ഭുതങ്ങളെ അടുത്തറിയാൻ ഒരവസരം. ഇരുവശത്തുമുള്ള മാൻ ഗ്രൂവ് മരങ്ങൾക്കിടയിൽ കുരങ്ങുകൾ, കടൽക്കഴുകൻ തുടങ്ങിയ ജീവികളെയും വെള്ളത്തിനടിയിൽ മത്സ്യങ്ങളെയും ഞണ്ടുകളെയും ഒക്കെ കാണാനിടയായി. ഇടക്ക് മരപ്പലകകളിൽ സ്ഥാപിച്ച ഒരു ചെറിയ മത്സ്യ ഫാമും ഒരു ഫ്ലോട്ടിങ് റസ്റ്റാറന്റും സ്ഥിതിചെയ്യുന്നിടത്ത് ബോട്ട് പാർക്ക് ചെയ്തു. ഇനി അടുത്ത ലക്ഷ്യം സെനാങ് ബീച്ച് ആണ്. ലങ്കാവിയിലെ വിനോദസഞ്ചാരത്തിന്റെ മറ്റൊരു പ്രധാന ഇടം. അൽപം മുന്നോട്ട് നീങ്ങിയപ്പോൾ ഒരു വീടിന്റെ മുന്നിൽ പഴങ്ങളുടെ രാജാവായ ദുരിയാൻ കായിച്ചു നിൽക്കുന്ന കാഴ്ച കാണാനിടയായി. നമ്മുടെ നാട്ടിലെ ചക്ക കായ്ച്ചുനിൽക്കുന്നപോലെയാണ് തോന്നിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.