ഡെക്കാനിലെ കറുത്തകല

ബിദര്‍ നഗരത്തിലെ ബിദ്രി കലാകാരന്മാരുടെ കോളനിയിലെ 20ാം നമ്പര്‍ വീട്ടിലാണ് മുഹമ്മദ് ഉസ്മാന്‍ എന്ന ബിദ്രി കലാകാരന്‍ ജീവിക്കുന്നത്. ബിദ്രി കലയെന്നു വിളിക്കുന്ന സവിശേഷമായ കലാരംഗത്ത് പ്രതിഭ തെളിയിച്ച ഒരാളാണ് മുഹമ്മദ് ഉസ്മാന്‍. ഈ കോളനിയില്‍ അനേകം ബിദ്രികലാകാരന്മാര്‍ ജീവിക്കുന്നു. ലോകത്തിലെ കരകൗശല വിദ്യയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ലോഹവിദ്യയാണ് ബിദ്രി സൃഷ്ടികള്‍.

ഡെക്കാനിലെ ഈ കറുത്തകലയുടെ ചരിത്രത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ ബാഹ്മിനി സുല്‍ത്താന്മാരുടെ കാലത്ത് ഈ ലോഹവിദ്യ ബിദറില്‍ എത്തിയെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. ബാഹ്മിനി സുല്‍ത്താനായിരുന്ന അഹമ്മദ് ഷാവാലിയുടെ കാലത്ത് രംഗീന്‍ മഹലെന്ന വാസ്തുശില്‍പ വിസ്മയത്തിന്‍െറ കൊത്തുവേലകള്‍ക്കായി ഇറാനില്‍നിന്ന് ശില്‍പികളെ കൊണ്ടുവന്നിരുന്നു. സ്വര്‍ണത്തിലും വെള്ളിയിലും അലങ്കാരവേലകള്‍ ചെയ്യാന്‍ മിടുക്കുള്ളവര്‍. അബ്ദുല്ല ബിന്‍ കൈസര്‍ എന്ന മഹാശില്‍പി ഡെക്കാനിലത്തെുന്നത് അങ്ങനെയാണ്. അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ പ്രാദേശിക ലോഹപ്പണിക്കാരുടെ സഹായത്തോടെയാണ് ബിദ്രി കലയെന്ന കറുത്ത ലോഹവിദ്യയില്‍ കലാസൃഷ്ടികള്‍ രൂപപ്പെടുന്നത്.

ബിദ്രി കലാകാരന്മാരെ പരിശീലിപ്പിക്കാന്‍ പ്രത്യേക കേന്ദ്രംതന്നെ ബിദറില്‍ ഉണ്ടായിരുന്നുവത്രെ. എന്നാല്‍, അതിനുമെത്രയോ കാലം മുമ്പ് ഈ കലാവിദ്യ ഇന്ത്യയിലത്തെിയെന്നും പറയപ്പെടുന്നു. സൂഫിവര്യനായ ഖ്വാജ മുഈനുദ്ദീന്‍ ചിശ്തിയുടെ വഴിയെ ഈ ലോഹവിദ്യ അജ്മീറിലത്തെി. അക്കാലത്ത് രാജസ്ഥാനിലെ സില്‍വാര്‍ പ്രദേശം സിങ്ക് ഖനനത്തിന് പേരുകേട്ടതായിരുന്നു. ബിദ്രി ലോഹത്തിലെ പ്രധാനഭാഗം സിങ്കാണ്. അജ്മീറില്‍നിന്ന് ബീജാപ്പൂരിലേക്കും അവിടെനിന്ന് ബിദറിലേക്കും ഈ പേര്‍ഷ്യന്‍ കലാപാരമ്പര്യം എത്തിച്ചേര്‍ന്നുവെന്നാണ് മറ്റൊരു ചരിത്രം. ഗ്രീസിന്‍െറയും ഇന്ത്യയുടെയും സാംസ്കാരിക സമന്വയത്തിലൂടെ ഗാന്ധാരകല രൂപപ്പെട്ടപോലെ ഇന്തോ-പേര്‍ഷ്യന്‍ പാരമ്പര്യത്തില്‍നിന്ന് ബിദ്രി കലയും പിറവിയെടുത്തു.


ബിദ്രി കലാകാരനോടൊപ്പം ലേഖകന്‍

ഈ കലാപാരമ്പര്യം ഇന്ത്യയുടെ പല ഭാഗങ്ങളിലും എത്തി. മറ്റു ഭാഗങ്ങളിലത്തെുമ്പോള്‍ പ്രാദേശിക വ്യത്യാസം പ്രകടമാണ്. നിര്‍മാണരീതിയിലും അതു കാണാം. ബിഹാറിലെ പൂര്‍ണിയയിലെ ബെല്ളോരിഗ്രാമത്തില്‍ ബിദ്രി കലയുടെ മറ്റൊരു രൂപമുണ്ട്. അവിടെ വാര്‍പ്പുജോലികള്‍ (മോള്‍ഡിങ്) കന്‍സാരികളും അലങ്കാര ജോലികള്‍ സോനാരിയും (സ്വര്‍ണപ്പണിക്കാര്‍) ചെയ്യുന്നു.
ഉത്തര്‍പ്രദേശിലെ ലഖ്നോവില്‍ അലങ്കാരസമൃദ്ധമാണ് ഈ ലോഹവിദ്യ. പശ്ചിമബംഗാളിലെ മുര്‍ശിദാബാദിലും ബിദ്രി കലക്ക് പ്രചാരമുണ്ട്. ഈ കലാപാരമ്പര്യത്തിന്‍െറ ഉറവിടമായി പരിഗണിക്കുന്ന ബിദറില്‍ തന്നെയാണ് ബിദ്രി കലയുടെ ക്ളാസിക്കല്‍ മാതൃകകള്‍ ശേഷിക്കുന്നത്. ഇവിടെയും പക്ഷേ, വളരെക്കുറച്ച് കലാകാരന്മാരെയുള്ളൂ. അവരില്‍ ശ്രദ്ധേയനാണ് മുഹമ്മദ് ഉസ്മാന്‍. മക്കളായ മുഹമ്മദ് മോസിനും മുഹമ്മദ് മൊഹിമും ബിദ്രി കലാകാരന്മാര്‍ തന്നെ. രാമണ്ണമാസ്റ്റര്‍ എന്ന വിഖ്യാത ബിദ്രി കലാകാരനെ ബിദറുകാര്‍ ഓര്‍ക്കുന്നുണ്ട്. സംസ്ഥാന പുരസ്കാരം നേടിയ പലരും ബിദറിലുണ്ട്. ശൈഖ് അഹമ്മദ് സാഹെബ്, മണികപ്പ, ഗുലാം ഖുദ്ദൂസ്... ഇവരൊക്കെ ബിദ്രി കലക്ക് പുതിയ മാനം നല്‍കിയവര്‍. ലക്ഷ്മിഭായ് എന്ന കലാകാരിയെ പരിചയപ്പെട്ടതും ബിദ്രി കോളനിയില്‍ വെച്ചാണ്. അവരുടെ ഭര്‍ത്താവ് കൃഷ്ണറാവുവും ബിദ്രി കലാകാരനായിരുന്നു. മഹാരാഷ്ട്രയില്‍നിന്ന് കുടിയേറിയ സകുളശാലി ജാതിക്കാരിയാണ് ലക്ഷ്മിഭായ്. മറാത്തി സ്കൂളില്‍ അഞ്ചാം ക്ളാസുവരെ പഠിച്ചു. പിന്നീട് ബിദ്രി കലാകാരിയെന്ന നിലയില്‍ പ്രശസ്തയായി.

ബിദ്രി കലയിലൂടെ വൈവിധ്യമാര്‍ന്ന കരകൗശല രൂപങ്ങള്‍ പിറക്കുന്നു. ഹുക്കകള്‍, പൂപ്പാത്രങ്ങള്‍, തളികകള്‍, ആഭരണപ്പെട്ടി, കുങ്കുമച്ചെപ്പ്, ചായക്കോപ്പകള്‍... ഇപ്പോള്‍ ബിദ്രി ആഭരണങ്ങളും വിപണിയിലുണ്ട്. കമ്മലും വളയുമൊക്കെ ബിദ്രി ഡിസൈനുകളില്‍ പുറത്തിറക്കുന്നു. പരമ്പരാഗത ഡിസൈനുകള്‍ക്കാണ് പ്രിയം. നക്ഷത്രങ്ങള്‍, ലതകള്‍, ശൈലീകൃതമായ പോപ്പിച്ചെടി, പേര്‍ഷ്യന്‍ റോസ് എന്നിവയൊക്കെയാണ് പരമ്പരാഗത ബിദ്രി ഡിസൈന്‍. ഖുര്‍ആന്‍ വചനങ്ങള്‍ ആലേഖനം ചെയ്ത പൂപ്പാത്രങ്ങളും തളികയുമൊക്കെ പുരാതനകാലത്ത് നിര്‍മിച്ചിരുന്നു. പില്‍ക്കാലത്ത് അജന്ത ചുവര്‍ചിത്രങ്ങളും ബിദ്രി പാരമ്പര്യത്തില്‍ പ്രത്യക്ഷപ്പെട്ടു. മറ്റു വര്‍ണങ്ങളിലും ബിദ്രി കരകൗശലരൂപങ്ങള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും യഥാര്‍ഥ ബിദ്രി കലാരൂപങ്ങളുടെ അടിസ്ഥാനനിറം കറുപ്പാണ്.
മുഹമ്മദ് ഉസ്മാന്‍ തന്നെ പണിശാലയില്‍ കൊണ്ടുപോയി ബിദ്രി കരകൗശലവിദ്യയുടെ ഓരോ ഘട്ടവും കാണിച്ചുതന്നു. ബിദറിലെ പഴയകോട്ടയുടെ ഭാഗത്തുനിന്ന് ലഭിക്കുന്ന മണ്ണില്‍ അടങ്ങിയ രാസവസ്തുക്കളാണ് ബിദറില്‍ ഈ കലാപാരമ്പര്യം നിലനില്‍ക്കാന്‍ കാരണം. ഈ മണ്ണ് ഉപയോഗിച്ച് രചിച്ചതായിരുന്നു ലോകപ്രശസ്ത ബിദ്രി കലാസൃഷ്ടികള്‍ ഏറെയും. ആ മണ്ണിനിപ്പോള്‍ വലിയ വിലയാണ്. മണ്ണ് ശേഖരിക്കാന്‍ ഒത്തിരി വിലക്കുകളുണ്ട്.

ബിദറിലെ കലാകാരന്മാര്‍ നേരിടുന്ന പ്രതിസന്ധിയും അതാണ്. ബിദറിലെ ചില ഭാഗങ്ങളില്‍നിന്ന് ലഭിക്കുന്ന മണ്ണിനു മാത്രം എങ്ങനെ ഈ സവിശേഷതയുണ്ടായി എന്നതും ദുരൂഹമാണ്. ഈ മണ്ണില്‍ ആലം പൊടിച്ചുചേര്‍ത്ത് കുഴമ്പാക്കും. ആ കുഴമ്പ് തിളപ്പിച്ചശേഷം ബിദ്രി കരകൗശല സൃഷ്ടികള്‍ അതില്‍ മുക്കും. അതോടെ സിങ്ക് കറുത്ത നിറമാകും. സിങ്കിനു മാത്രമേ ഈ രാസമാറ്റം സംഭവിക്കൂ. പിന്നീട് വെള്ളിയലങ്കാരങ്ങള്‍ പോളിഷ് ചെയ്താല്‍ കറുപ്പിന്‍െറയഴകില്‍ വെള്ളിയുടെ മാസ്മരിക തിളക്കം. ഇതാണ് ലോകോത്തര ബിദ്രി കല. ബിദര്‍ എന്ന പ്രദേശം സമ്മാനിച്ച കറുത്തലോഹവിദ്യ. ഒരിക്കല്‍ ബിദ്രി കലാകാരന്മാര്‍ രാജകൊട്ടാരങ്ങളില്‍ ബഹുമാന്യരായിരുന്നു. കറുത്ത കരകൗശല സൃഷ്ടികള്‍ രാജകൊട്ടാരങ്ങളിലും പ്രഭുമന്ദിരങ്ങളിലും അന്തസ്സിന്‍െറ പര്യായമായിരുന്നു. ക്ളാസിക്കല്‍ ബിദ്രി രചനകള്‍ എന്നേ കടല്‍കടന്നുപോയി. മഹിതപാരമ്പര്യത്തിന്‍െറ നിഴല്‍ മാത്രമേ ഇപ്പോഴുള്ളൂ. പുരാതന ബിദ്രി കലാകാരന്മാരുടെ സിദ്ധി കൈവശമുള്ളവര്‍ ആരും ഇന്നില്ല. എന്നാലും, ഇന്തോ-ഇസ്ലാമിക് പാരമ്പര്യത്തിന്‍െറ മഹാശേഷിപ്പായി ഈ ലോഹവിദ്യ കുറ്റിയറ്റുപോകാതെ കാക്കുകയാണ് ബിദറിലെ കലാകാരന്മാര്‍.

How to reach
ബിദര്‍ (Bidar), കര്‍ണാടക
വിമാനത്താവളം: ബേഗുംപേട്ട്, ഹൈദരാബാദ്, ആന്ധ്രാപ്രദേശ് (116 കി.മീ.)
റോഡ് മാര്‍ഗം: ഹൈദരാബാദില്‍ നിന്ന് 140 കി.മീ. (മുംബൈ ഹൈവേ)
റെയില്‍വേ സ്റ്റേഷന്‍: ബിദര്‍ (BIDR)
ബംഗളൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് നേരിട്ട് ട്രെയിന്‍ സൗകര്യമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.