ശവക്കൂനകളുടെ മലയിടുക്ക്

നമ്മുടെ വയനാടന്‍ ചുരത്തിന്റെ വല്യേട്ടന്‍, ഡല്‍ഹിയില്‍ നിന്നുള്ള യാത്രയില്‍ ഹരിയാനയും പഞ്ചാബും കടന്ന് ഹിമാചലിലൂടെ ഞാനത്തെിയത് അവിടെയാണ്. വോള്‍വോ ബസില്‍ ഡല്‍ഹിയില്‍ നിന്ന് വൈകുന്നേരം ആറരക്ക് തുടങ്ങിയ യാത്ര പഞ്ചാബി ഡാബയിലെ ഡിന്നറും സമ്മാനിച്ച് പിറ്റേ ദിവസം രാവിലെ ഏഴുമണിക്ക് മണാലിയില്‍ എത്തിച്ചു. സിഖുകാരനായ ഡ്രൈവര്‍ യാത്രയിലുടനീളം പഞ്ചാബി പാട്ടുകള്‍ ബസില്‍ ഉറക്കെ കേള്‍പ്പിച്ചിരുന്നു.
ബസ് ഇറങ്ങി ടാക്സി പിടിച്ച് ഹോട്ടലിലേക്ക്. യാത്രാമധ്യേ ടാക്സിക്കാരനെ രണ്ടുദിവസത്തെ യാത്രക്കായി ബുക്ക് ചെയ്തു. വിശ്രമിച്ച് പ്രാതല്‍ കഴിച്ച് ഒമ്പതരയോടെ ടാക്സിക്കാരനെ വിളിച്ചു, റോഹ്തങ് പാസിലേക്ക് യാത്ര തിരിച്ചു.
റൂഹ്താംഗ് ആണ് റോഹ്തങ് എന്നായി മാറിയത്. ഹിമാചലിലെ 'ബോത്തി' എന്ന കൊളോക്കിയല്‍ ഭാഷയില്‍ നിന്നാണ് ഈ വാക്ക് രൂപം കൊണ്ടത്. റൂഹ് എന്നാല്‍ 'ആത്മാവ്' എന്നാണര്‍ത്ഥം.  റോഹ്തങ് പാസ് എന്ന് പറഞ്ഞാല്‍ ‘ശവക്കൂനകളുടെ മലയിടുക്ക്’ എന്നര്‍ത്ഥം!

പണ്ടുകാലങ്ങളില്‍ ഈ മലയിടുക്ക് കടക്കുമ്പോള്‍ പലപ്പോഴും മോശം കാലാവസ്ഥയെ തുടര്‍ന്ന് ആളുകള്‍ മരണത്തിന് കീഴടങ്ങിയിരുന്നു. ഈ ദുര്‍ഘടം പിടിച്ച പാതയില്‍ അപകടങ്ങളും പതിവായിരുന്നു. റോഹ്തങ് പാസ് എന്ന പേര് ഇങ്ങിനെ ലഭിച്ചതാണ്. മണാലിയില്‍ നിന്ന് ലേയിലേക്കുള്ള ദേശീയ പാത 21 റോഹ്തങ് പാസ് വഴിയാണ് കടന്നുപോകുന്നത്.
മുമ്പ് മണാലിയില്‍ നിന്ന് റോഹ്തങ് പാസിലേക്ക് പോകണമെങ്കില്‍ ഹിമാചല്‍ പ്രദേശ് രജിസ്ട്രേഷനുള്ള വണ്ടികളെ തന്നെ ആശ്രയിക്കണമായിരുന്നു. അന്യസംസ്ഥാന രജിസ്ട്രേഷനുള്ള വണ്ടികളെ ഇതുവഴി കടത്തിവിടില്ലായിരുന്നു. എന്നാല്‍, പിന്നീട് സ്പെഷ്യല്‍ പാസ് മുഖേനെ അന്യസംസ്ഥാന രജിസ്ട്രേഷനുള്ള വണ്ടികള്‍ക്ക് റോഹ്തങ് പാസിലേക്ക് പോകാമെന്നായി. ദുര്‍ഘടമായ പാത കാരണം അന്യസംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന മിക്കവരും മണാലിയില്‍ നിന്ന് ടാക്സി പിടിച്ചാണ് പോകുന്നത്. മണാലിയില്‍ നിന്ന് ലഡാക്കിലെ ലേയിലേക്കുള്ള ഈ വഴി വേനല്‍ക്കാലത്ത് മിലിട്ടറി പാത കൂടിയാണ്.

ആദ്യമായി മഞ്ഞുമല കാണാന്‍ പോകുന്നതിന്റെ ആവേശമായിരുന്നു മനസില്‍ നിറയെ. വഴി മധ്യേ ഒരു നാച്വര്‍ പാര്‍ക് കണ്ടു. എന്തൊക്കെയോ കാണുമെന്ന് പ്രതീക്ഷിച്ച് കയറിയെങ്കിലും ഒന്നും ആസ്വദിക്കാനുള്ള ക്ഷമ ഇല്ലായിരുന്നു, ഉള്ളില്‍ മഞ്ഞുമലകള്‍ കൂടാരം കെട്ടിത്തുടങ്ങിയിരുന്നു. അഞ്ചുരൂപ പ്രവേശനഫീസ് കൊടുത്ത് കയറി അഞ്ചുമിനിറ്റു കൊണ്ട് ഇറങ്ങിപ്പോന്നു. ചെങ്കുത്തായ പാതകളിലൂടെ ഞങ്ങളുടെ മാരുതി 800 കുതിച്ചു പാഞ്ഞു. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും ബൂട്സുകളും വാടകക്ക് നല്‍കുന്ന വഴിവാണിഭക്കാരാണ് റോഡിനിരുവശവും. റോഹ്തങ് പാസിലേക്ക് പോകുമ്പോള്‍ കമ്പിളിവസ്ത്രവും ബൂട്സും കരുതണം. മഞ്ഞെന്ന് കേള്‍ക്കാന്‍ നല്ല സുഖമാണെങ്കിലും കൊള്ളാന്‍ അത്ര സുഖമല്ല. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ബ്യാസ് നദി ഒരു മനോഹര കാഴ്ചയാണ്. ബ്യാസ് നദിയിലിറങ്ങി ഫോട്ടോക്ക് പോസ് ചെയ്യാന്‍ വിനോദസഞ്ചാരികള്‍ മല്‍സരിക്കുന്നു. പക്ഷേ, ഞങ്ങള്‍ വണ്ടി നിര്‍ത്തിയില്ല, ബ്യാസ് നദിയും കടന്ന് ഞങ്ങളുടെ കുഞ്ഞുപടക്കുതിര കുതിച്ചുപാഞ്ഞു.
മഞ്ഞുമലകള്‍ അകലെ ദൃശ്യമായി തുടങ്ങി. വളവുകളും തിരിവുകളും, കയറ്റം മാത്രം. ചെവിയടഞ്ഞു, പെട്ടെന്ന് ഛര്‍ദ്ദിച്ചു. ഊര്‍ജ്ജം മുഴുവന്‍ ചോര്‍ന്നു പോയപോലെ. വണ്ടിയില്‍ കയറി കണ്ണടച്ചു കിടന്നു, കുറച്ചു കഴിഞ്ഞ് കണ്ണു തുറന്നു നോക്കിയപ്പോള്‍ പാറകളില്‍ ഐസ് കട്ട. 'ഭയ്യ, കാര്‍ രുക്കോ' എന്നു പറഞ്ഞ് ചാടിയിറങ്ങി. ഒഴുകിവരുന്ന വെള്ളം ഉറഞ്ഞുപോയതാണ്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഇവിടെയത്തെിയാല്‍ അരുവികള്‍ തണുത്തുറഞ്ഞിരിക്കും. ഉപ്പു രസമാണ് ഈ ഐസ് കട്ടകള്‍ക്ക്.

യാത്ര തുടര്‍ന്നു, ഡ്രൈവര്‍ 'റോഹ്തങ് പാസ് ഹേ' എന്ന് പറഞ്ഞ് വണ്ടി നിര്‍ത്തി. തൊട്ടുമുന്നില്‍ മഞ്ഞുമലകള്‍, മൂക്കിലേക്ക് തണുത്ത ശ്വാസം അടിച്ചുകയറി, എല്ലാ അവശതകളും പമ്പ കടന്നു. കുഞ്ഞു മഞ്ഞുകണങ്ങള്‍ ഞങ്ങള്‍ക്കുമേല്‍ പതിച്ചുകൊണ്ടിരുന്നു. കൂട്ടാളിയെ തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ പടങ്ങള്‍ക്കായി ഓരോ അടിയും മുന്നോട്ടു വെച്ചു. ഒരു വാമര്‍, സ്വെര്‍, ജാക്കറ്റ്, പിന്നെ വാടകക്ക് എടുത്ത വുളന്‍ ജാക്കറ്റ് -ഇത്രയും അണിഞ്ഞതിനാല്‍ തണുപ്പ് ബുദ്ധിമുട്ടിക്കുന്നാണ്ടിയിരുന്നില്ല. പക്ഷേ, നഗ്നമായിരുന്ന കൈകള്‍ ചുവന്നുതുടുത്ത് മരവിച്ചു.

മൂന്നും നാലും വയസായ കൊച്ചുകുട്ടികള്‍ മുതല്‍ അപ്പൂപ്പന്മാരെ വരെ അവിടെ കാണാന്‍ കഴിയും. വഴികള്‍ എല്ലാം താണ്ടി മുകളിലത്തെുമ്പോള്‍ ക്ഷീണിച്ചെന്നിരിക്കട്ടെ, കഴിക്കാന്‍ ഇഷ്ടം പോലെ സാധനങ്ങള്‍ റെഡി. ചായയും കുപ്പി വെള്ളങ്ങളും ചൂടന്‍ ബ്രെഡ് ഓംലെറ്റും കനലില്‍ ചുട്ടെടുത്ത ചോളവും ന്യൂഡില്‍സും മാഗിയും ഒക്കെ ലഭ്യമാണ്.

750 രൂപ മുടക്കിയാല്‍ മഞ്ഞുമല കയറിയിറങ്ങി തിരിച്ചുവരാം. സമയപരിമിതി (കാശിന്റെയും) മൂലം ഞങ്ങള്‍ ആ സാഹസം വേണ്ടെന്ന് വെച്ചു. മഞ്ഞുമലയാത്രകള്‍ക്കായി കോവര്‍ കഴുതകള്‍ സദാസമയവും സന്നദ്ധരായുണ്ട്. ചിലപ്പോള്‍ യാക്കിനെയും ലഭ്യമാണ്. ഇവിടുത്തെ മഞ്ഞുമല വഴി തെറ്റാതെ കണ്ട് ആസ്വദിക്കണമെങ്കില്‍ ഇവരുടെ സഹായം കൂടിയേ തീരൂ. ഒരു സാഹസബുദ്ധിക്ക് മഞ്ഞുമല ഒറ്റക്ക് നടന്നുകണ്ടേക്കാം എന്ന് തീരുമാനിച്ചാല്‍ ചിലപ്പോള്‍ വഴിതെറ്റി അപകടത്തില്‍ പെടാന്‍ സാധ്യതയുണ്ട്.

പടമെടുത്തിട്ട് കൊതി തീരുന്നില്ല. സഹയാത്രിക തിരിച്ചുപോകാനുള്ള വിളി തുടര്‍ന്നു കൊണ്ടേയിരുന്നു. റോഹ്തങ് പാസിനോട് യാത്ര പറയുമ്പോള്‍ കണ്ടു, വന്ന വഴി തീര്‍ന്നിട്ടില്ല. അതു മുന്നോട്ടു തന്നെ നീണ്ടുനിവര്‍ന്നു കിടക്കുകയാണ്. ഈ വഴി നേരെ അങ്ങു പോയാലോ എന്ന് ഡ്രൈവറോട് ചോദിച്ചു. പോയാല്‍ ജമ്മു കശ്മീരിലെ 'ലേ' വരെ പോകാമെന്ന് പുള്ളി. പക്ഷേ, ലേയിലേക്ക് പോകാന്‍ ഈ മാരുതി 800 ശരിയാകില്ലത്രേ. മണാലിയില്‍ നിന്ന് ലേ വരെ പോകാന്‍ ട്രാവലര്‍ സൗകര്യമുണ്ട്. 12 മണിക്കൂര്‍ യാത്രയാണ്, 12 പേര്‍ക്ക് ഇരിക്കാവുന്ന ട്രാവലറില്‍ സീറ്റൊന്നിന് 2000 രൂപയാണ് ചാര്‍ജ്. 2000 രൂപക്ക് റോഡുമാര്‍ഗം ലേയില്‍ കൊണ്ടുപോയി തിരിച്ചു മണാലിയില്‍ എത്തിക്കും.

റോഹ്തങ് പാസ് പൂര്‍ണമായും മഞ്ഞില്‍ പുതച്ചു കിടക്കുന്ന ഫെബ്രുവരിയാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. കഠിന തണുപ്പായതിനാല്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഇവിടെ അടച്ചിടും.  എന്നാല്‍ ആ സമയത്ത് മണാലിയില്‍ പോയാല്‍ മഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന വീടുകള്‍ കാണാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.