കാറ്റിന്റെ ചിറകിലേറി കുളിരിലേക്ക്

പാലക്കാട് നിന്നും ഒരു മണ്‍സൂണ്‍ യാത്രയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ മനസിലേക്ക് ആദ്യമത്തെിയത് കാറ്റ് ചൂളംവിളിച്ചു മാടിവിളിക്കുന്ന നെല്ലിയാമ്പതിയാണ്. മഴയില്‍ കുളിരണിഞ്ഞു നില്‍ക്കുന്ന പാവപ്പെട്ടവന്റെ ഊട്ടിയിലേക്ക് പാലക്കാട് നിന്ന് 73 കിലോമീറ്റര്‍ സഞ്ചാരം മതി. വര്‍ഷം ഭൂമിയിലത്തെിയതിന്റെ ആനന്ദത്തില്‍ തിമിര്‍ത്തു രസിക്കുന്ന ഒരു വൈകുന്നേരം യാത്ര പുറപ്പെട്ടു. സംരക്ഷിത വനമേഖലയായതിനാല്‍ ആറു മണിക്ക് ചെക്ക് പോസ്റ്റ് അടക്കുമെന്ന ഭയത്തില്‍ കാറ് ചാറ്റലിനെ തെറിപ്പിക്കുന്ന വേഗത്തില്‍ പാഞ്ഞു.

നെല്ലിന്റെ പൊന്നറയായ നെന്മാറയില്‍ നിന്നും നെല്ലിയാമ്പതിയിലേക്കുള്ള യാത്ര കേട്ടറിഞ്ഞതിനേക്കാളും  മനോഹരമായിരുന്നു. പച്ചപുതച്ചു നില്‍ക്കുന്ന വയല്‍ നിരകള്‍, വയല്‍ നിരകളെ സാകൂതം നിരീക്ഷിക്കാനെന്ന പോലെ വരമ്പില്‍ നില്‍ക്കുന്ന കരിമ്പനകള്‍.   വയലിലേക്ക് ഒഴുകുന്ന വെള്ളച്ചാലിന്റെ അരികില്‍ പച്ചയണിഞ്ഞ തുവരച്ചെടികള്‍. ഊര്‍ന്നു വീഴുന്ന മഴചാറ്റലില്‍ കുഞ്ഞോളം തല്ലുന്ന തേവുകുളങ്ങള്‍, കുളക്കരകളില്‍ പൂത്തു മഞ്ഞിച്ച  കോളാമ്പിച്ചെടികള്‍, കാര്‍മേഘത്തിന്റെ അടരുകളിലിലൂടെ എത്തിനോക്കുന്ന നീലാകാശം. മസസ്സിന്റെ കാന്‍വാസില്‍ മാത്രം പകര്‍ത്താന്‍ കഴിയുന്ന വര്‍ണചിത്രങ്ങളായിരുന്നു യാത്ര സമ്മാനിച്ചത്.

പാലക്കാടിന്റെ തനതു ഗ്രാമീണ മുഖമുള്ള വഴിയായിരുന്നു അത്. തിരക്കില്ലാത്ത റോഡിലൂടെ ഒരു ഗ്രാമീണന്‍  ടി.വി.എസ് സ്കൂട്ടറിനു മുന്നില്‍ രണ്ടു പന്നികളെയും കെട്ടിയിട്ട് കാറിനു പിറകില്‍ വരുന്നുണ്ടായിരുന്നു. നെല്ലിയാമ്പതിയിലെ ആദ്യത്തെ പട്ടണമായ കൈകാട്ടി എത്തുന്നതു വരെ ആ സ്കൂട്ടര്‍ പിറകിലുണ്ടായിരുന്നു. നെന്മാറയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയാണ് കൈകാട്ടി. കൈകാട്ടിയില്‍ നിന്ന് ഏകദേശം 9 കിലോമീറ്റര്‍ അകലെയാണ് പോത്തുണ്ടി ഡാം. നെല്ലിയാമ്പതിയുടെ അടിവാരമായ പോത്തുണ്ടി ഡാമിനോടനുബന്ധിച്ച് ഒരു ഉദ്യാനവുമുണ്ട്.  എന്നാല്‍ സമയക്കുറവ് ഞങ്ങളെ അവിടെ തങ്ങാന്‍ അനുവദിച്ചില്ല. ഉദ്യാനം അടക്കുകയും ചെയ്തിരുന്നു.

ഡാമിനടുത്ത് വണ്ടി നിര്‍ത്തിയപ്പോഴേക്കും വാനരവീരന്‍മാര്‍ ഞങ്ങളെ പൊതിഞ്ഞു. ഡാമില്‍ ഒരു തണുത്ത കാറ്റ് തഴുകി കടന്നുപോയി. പോത്തുണ്ടി  ഡാമിലെ ജലത്തിന്റെ നിശ്ചലതയില്‍ നെല്ലിയാമ്പതി മലനിരകള്‍ പ്രതിഫലിച്ചു കിടപ്പുണ്ടായിരുന്നു. മല നിരകളുടെ ഒരു വിപരീത കാഴ്ച. നെല്ലിയാമ്പതിയിലേക്കുള്ള ഹെയര്‍പിന്‍ വളവുകള്‍  തുടങ്ങുന്നതും അവിടെ നിന്നു തന്നെ. ചുരത്തിന്റെ ആയാസതകളിലേക്ക് കയറും മുമ്പ് നെല്ലിയാമ്പതിയുടെ വിദൂര കാഴ്ചകള്‍ ആസ്വദിച്ച് അരമണിക്കൂര്‍ പോത്തുണ്ടിയില്‍ ചെലവഴിച്ചു. ’വിനോദയാത്ര’ എന്ന സിനിമയിലെ പാട്ടു സീന്‍ രംഗങ്ങള്‍ പോത്തുണ്ടി ഡാം പരിസരത്താണ് ചിത്രീകരിച്ചത്. എന്നാല്‍ ചിത്രത്തില്‍ കാണുന്നതുപോലെ ഡാമിനടുത്ത് പടര്‍ന്നു കിടക്കുന്ന ഓണപൂക്കള്‍ വിടര്‍ന്നിരുന്നില്ല.


ചുരം കയറുന്നത് സംരക്ഷിത വനമേഖലയിലേക്കാണ്. അധികമത്തെും മുമ്പേ പാറയിടുക്കിലൂടെ നുരച്ചു ചാടുന്ന ഒരു വെള്ളച്ചാട്ടം കണ്ടു. വണ്ടി നിര്‍ത്തി വെള്ളകുതിപ്പിന്റെ മനോഹാരിതക്കൊപ്പം നിന്ന് ഫോട്ടോ പകര്‍ത്തി. സമയത്തെ കൈയ്യിലൊതുക്കി യാത്ര തുടങ്ങി. അധികമത്തെും മുമ്പേ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് എത്തി. യാത്രക്കാരുടെ വിവരങ്ങളും വണ്ടിയുടെ നമ്പറും മറ്റും അവിടുത്തെ രജിസ്ട്രറില്‍ എഴുതി ചെക്കിങും കഴിഞ്ഞ് യാത്ര തുടങ്ങി. അപ്പോള്‍ ആറു മണി കഴിഞ്ഞിരുന്നു. വിജനമായ കാട്ടുപാതയില്‍ ഇരുട്ട് ഉരുണ്ടു കൂടി തുടങ്ങിയിരുന്നു. സഞ്ചരികളുടെ പറുദ്ദീസ അപ്പോഴും ഞങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയായിരുന്നു.

കോടമഞ്ഞ് തഴേക്ക് പടര്‍ന്നിരുന്നതിനാലും ഇരുട്ട് പടര്‍ന്നതിനാലും ലൈറ്റിട്ടാണ് കാറോടിച്ചത്. മഞ്ഞിന്റെ തണുപ്പില്‍ അലിഞ്ഞ മഴത്തുള്ളിള്‍ താഴ്ത്തിയ ഗ്ളാസിനുള്ളിലൂടെ  തെറിച്ചു വീണു. പിന്നെ ആ തണുപ്പ് ഞങ്ങളിലേക്കും അരിച്ചു കയറി. പലകപ്പാണ്ടി എന്ന സ്ഥലത്തുള്ള ഗ്രീന്‍ലാന്‍ഡ്‌ എന്ന ഫാം ഹൗസ് റസ്റ്റോറന്റിലായിരുന്നു താമസം ഏര്‍പ്പാടാക്കിയിരുന്നത്. മൈബൈല്‍ റേഞ്ച് കാട്ടിനുള്ളിലേക്ക് കയറിയപ്പോള്‍ തന്നെ അപ്രത്യക്ഷമായിരുന്നു. ബി.എസ്.എന്‍.എല്‍ ഒരു പുള്ളിയുമായി പ്രതീക്ഷക്ക് വകതന്നു. താമസമേര്‍പ്പാടാക്കിയ റസ്റ്റോറന്റിലേക്കുള്ള വഴി വിളിച്ചു ചോദിച്ചു. അവിനെിന്ന് പലകപ്പാണ്ടിയിലത്തൊന്‍ പിന്നെയും ഏഴു കിലോമീറ്ററിലധികം യാത്ര ചെയ്യണമായിരുന്നു. വഴി നീളെ ഫ്ളൂറസെന്റ്‌ പെയിന്റില്‍ താമസ സ്ഥലത്തേക്കുള്ള സൂചനാ ബോര്‍ഡ് ഉണ്ടായിരുന്നു.

കോടമഞ്ഞു പുതച്ച് പാതി ഇരുട്ടില്‍ നില്‍ക്കുന്ന ചായതോട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞ് പോകുന്ന റോഡ്. ചായത്തോട്ടങ്ങളില്‍ കാറ്റിനെ തടഞ്ഞു നിര്‍ത്താന്‍  ഒറ്റാന്‍ തടിയായി നില്‍ക്കുന്ന കാറ്റാടി മരങ്ങള്‍. ചായതോട്ടങ്ങളില്ലാത്ത ഭാഗത്ത് നിബിഡമായി നില്‍ക്കുന്ന മരങ്ങള്‍, അതിനിടയിലൂടെ ഒഴുകുന്ന ചെറു ചോലകള്‍. ഹൈബ്രിഡ് കാപ്പിച്ചെടികളും കൊക്കോയും ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങള്‍. അതിനിടയില്‍ ജനവാസമറിയിക്കാന്‍ ഒരു കുഞ്ഞു ബസ് സ്റ്റാന്‍ഡും കണ്ടു. വഴിക്കിടയിലെല്ലാം വന്‍കിട റസ്റ്റോറന്‍്റുകള്‍ ഉണ്ട്. ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന്റെ തിരക്കില്ലാത്ത പ്രദേശം.

ചുരം കയറും തോറും കാറ്റിന്റെ വന്യതയും ശീല്‍ക്കാരവും കൂടി വന്നു. കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍ മൂന്നും കൂടിയ ഒരു കവലയിലത്തെി, പുലയന്‍പാറ. നെല്ലിയാമ്പതിയിലെ ‘ടൗണ്‍’. റോഡിനിരുവശത്തും കടകളും സര്‍ക്കാര്‍ വക ഓറഞ്ചു തോട്ടവും ഇവിടെ തന്നെ. 25 ഏക്കര്‍ സ്ഥലത്ത് പരന്നുകിടക്കുന്ന സര്‍ക്കാര്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഫാമില്‍ നിരവധി ഹൈബ്രിഡ് റോസ് ചെടികളും മറ്റു പൂച്ചെടികളും വളര്‍ത്തുന്നു. ഫാമിനകത്ത് കയറിയാല്‍ നെല്ലിയാമ്പതി പാവപ്പെട്ടവരുടെ ഊട്ടി തന്നെയെന്ന് സമ്മതിക്കും. ഫാമിന്റെ മുന്നിലുള്ള സെന്‍്ററില്‍ നിന്ന് ജൈവരീതിയില്‍ വികസിപ്പിച്ചെടുത്ത പച്ചക്കറികളും പഴവര്‍ഗങ്ങളും വാങ്ങാം. ഓറഞ്ചും സ്ട്രോബെറിയും ഏറ്റവും മികച്ചത് നമ്മുക്കിവിടെ ലഭിക്കും. എന്നാല്‍ ഓഫ് സീസണ്‍ യാത്രയായതിനാല്‍ ചെറുപഴമല്ലാതെ മറ്റൊന്നും ഫാമില്‍ ഉണ്ടായിരുന്നില്ല. മാന്‍പാറയിലേക്ക് സാഹസികയാത്ര നയിക്കുന്ന ജീപ്പുകള്‍ കവലയില്‍ റോഡരികില്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കും. സമയം ഏഴു കഴിഞ്ഞതിനാല്‍ ആ കാഴ്ച പുലയന്‍പാറ ടൗണില്‍ അവശേഷിച്ചിരുന്നില്ല.

വഴിരികിലെ ഫ്ളുറസെന്‍്റ് ലൈറ്റുകള്‍ നോക്കി ഞങ്ങള്‍ ഗ്രീന്‍ ലാന്‍്റിലത്തെി. ഏക്കര്‍ കണക്കിന് പരന്നുകിടക്കുന്ന തോട്ടത്തിന്‍്റെ ഗേറ്റ് കടന്ന് മുന്നോട്ടു പോയപ്പോള്‍ ഒരു ചെക്ക് പോസ്റ്റ് ഗേറ്റ്. അതിനിരുവശത്തും പശുക്കളും കിടാക്കളും തലങ്ങും വിലങ്ങും നടക്കുന്നു. വണ്ടിയുടെ ഹോണ്‍ കേട്ടപ്പോള്‍ അവ വഴിയരികിലേക്ക് നീങ്ങി നിന്നു. ഒൗട്ട് ഹൗസില്‍ നിന്ന് മൂടിപ്പുതച്ച ഒരു വൃദ്ധന്‍ വന്ന്  പോസ്റ്റ് തുറന്നു. ആ ഒൗട്ട് ഹൗസ് ഒരു തൊഴുത്തു കൂടിയാണ്.  അവിടുന്ന് റസ്റ്റോന്‍്ററുവരെ വഴിവിളക്കുകള്‍ ഉണ്ടായിരുന്നു. കോടമഞ്ഞിനെ തുളച്ചുകിടക്കുന്ന പ്രകാശത്തില്‍ റസ്റ്റോന്‍്റ് കണ്ടു. ചെക്ക് ഇന്‍ ചെയ്ത് 9ാം നമ്പര്‍ വില്ലയിലേക്ക് നടന്നു. വില്ലകളുടെ മുന്നിലുള്ള കാറ്റാടി മരങ്ങളിലും വള്ളിപ്പടര്‍പ്പുകളിലും കാറ്റ് ശക്തിയോടെ വന്ന് തട്ടി ചൂളം വിളിച്ചു. കടലിരമ്പത്തേക്കാള്‍ ശബ്ദമുള്ള കാറ്റിന്‍്റെ പാട്ടില്‍ രാത്രി ഉറങ്ങി.

രാവിലെ എട്ടുമണിക്കാണ് ഏഴുന്നേറ്റ് ചൂടുവെള്ളത്തില്‍ കുളിച്ച് ഉഷാറായി, പൂരിയും മസാലയും കഴിച്ച്  സീതാര്‍ കുണ്ടിലേക്ക് വണ്ടി തിരിച്ചു. പകപ്പാണ്ടിയില്‍ നിന്ന് വളരെ അടുത്താണ് സീതാകുണ്ട് വ്യൂപോയിന്‍്റ്. ഇവിടെയാണ് പോബ്സിന്‍്റെ ചായത്തോട്ടം. വണ്ടി പാര്‍ക്ക് ചെയ്ത് സീതാകുണ്ടിലേക്കു നടക്കുമ്പോള്‍ മഴപ്പാറ്റല്‍ കാറ്റില്‍ ചിതറി  വീഴുന്നുണ്ടായിരുന്നു. സീതാര്‍കുണ്ടിലേ വ്യുപോയിന്‍്റില്‍ നിന്നും നോക്കിയാല്‍ പച്ചപ്പരവതാനി പോലെ കിടക്കുന്ന പാലക്കാടന്‍ പാട ശേഖരങ്ങളുടെ വിദൂര ദൃശ്യങ്ങളും കയറാന്‍ ബാക്കിയുള്ള മലനിരകളും കാണാം. വ്യൂപോയിന്‍്റിന്റെ അറ്റത്തു നില്‍ക്കുന്ന പാറയില്‍ കയറി നിന്നു. കിലോമീറ്ററുകളോളം നീളുന്ന പാലക്കാടന്‍ സമതലം, തൊട്ട് മൂന്നു ഡാമുകള്‍ അവയുടെ ഒരു ഹെലികോപ്ടര്‍ വ്യൂ.

സമുദ്രനിരപ്പില്‍ നിന്ന് 1572 അടി ഉയരത്തില്‍ സുയിസൈഡ് പോയിന്‍്റ് പോലുള്ള ഇവിടെ സന്ദര്‍ശകരുടെ സുരക്ഷക്കായി ബാരികേഡോ മറ്റ് സംവിധാനങ്ങളോ ഇല്ല. ആ മലമടക്കിലൂടെ അരകിലോമീറ്ററോളം മുന്നോട്ടു നടക്കാം. അതിന്‍്റെ ചെങ്കുത്തായ ഭാഗത്ത് നിന്നാല്‍ സമാന്തരമായി നില്‍ക്കുന്ന മലയില്‍ നിന്നും നുരച്ചു ചാടുന്ന വെള്ളച്ചാട്ടം കണാം. പിന്നെ അത് താഴോട്ടു ചാടി മലയടിവാരത്തിലേക്ക് ഇരമ്പത്തോടെ ഒലിച്ചു പോകുന്നതും. ആ കാഴ്ചക്ക് സമയനമായത് മറ്റൊന്നില്ല എന്നു തന്നെ പറയാം. വെള്ളച്ചാട്ടം കണ്ട് തിരിച്ചു നടക്കുമ്പോള്‍ കല്ലാടുകളെ കണ്ടു. അവ ഒരു ചെറുപറ്റമായി ചെങ്കുത്തായ മലയിടുക്കുകളിലൂടെ താഴേക്ക് ഇറങ്ങിപ്പോയി. പതിവുപോലെ വഴിയില്‍ ശണ്ഠ കൂടുന്ന വാനരന്‍മാര്‍ ഉണ്ടായിരുന്നില്ല. മഴപെയ്തതിനാല്‍ അവര്‍ സൈ്വര്യവിഹാരം കാട്ടിലേക്കു മാറ്റിയിരുന്നു.

സീതാര്‍കുണ്ടിനടുത്ത് വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്തുള്ള പോബ്സിന്റെ ഷോപ്പില്‍ നിന്ന് നല്ല തേയിലയും ചിക്കറി ചേര്‍ക്കാത്ത കാപ്പിപ്പൊടിയും, കദളിപ്പഴം കൊണ്ടുണ്ടാക്കിയ ജാം, ഫാഷന്‍ ഫ്രൂട്ട് സ്വകാഷ് എന്നിങ്ങനെ നെല്ലിയാമ്പതി സ്പെഷ്യല്‍ ഐറ്റംസ് വാങ്ങി.  അവിടെ നിന്നും തിരിച്ച് പുലയന്‍പാറയിലേക്ക്.  മാമ്പാറയും കേശവന്‍പാറയുമായിരുന്നു ലക്ഷ്യം. നെല്ലിയാമ്പതിയില്‍ എത്തിയത് വൈകീട്ടായതിനാല്‍ കേശവന്‍ പാറയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. കൈകാട്ടിക്കടുത്താണ് കേശവന്‍പാറ. എന്നാല്‍ വഴിതെറ്റി ഞങ്ങള്‍ എത്തിയത് എ.വി.ടിയുടെ ചയത്തോട്ടത്തിനു നടുവില്‍. കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന ചായത്തോട്ടം, അതിന്‍്റെ നടുവിലുള്ള റോഡില്‍ സിമന്‍്റിട്ട് ഉണ്ടാക്കിയ പ്ളാറ്റ്ഫോമില്‍  തൊഴിലാളികള്‍. അന്നു രാവിലെ മുതല്‍ നുള്ളിയ തേയില തൂക്കി ഒരു വണ്ടിയില്‍ കയറ്റുകയായിരുന്നു അവര്‍. അരികില്‍ തെളിനീരൊകുന്ന ചോല. വഴിതെറ്റിയത് നന്നായി എന്നാണ് തോന്നിയത്. പിന്നെ ശരിക്കുള്ള വഴിയിലൂടെ കേശവന്‍പാറയിലേക്ക് വിട്ടു. എ.വി.ടി തോട്ടത്തിനടുത്ത് വണ്ടി നിര്‍ത്തി 200 മീറ്റര്‍ കാട്ടുവഴിലൂടെ നടന്ന് കേശവന്‍പാറയിലത്തെി. കേശവന്‍ പാറക്കരികില്‍ നിന്നാല്‍ പോത്തുണ്ടി ഡാം വരെ കാണാം.   ഗുരുവായൂര്‍ കേശവന്റെ നിറത്തിലും ഗാംഭീര്യത്തിലും നില്‍ക്കുന്ന ഒരു വമ്പന്‍ പാറ. മുകളിലേക്ക് കയറിയാല്‍ ഒരു കുളമുണ്ട്. പാറയുടെ ഉയര്‍ന്ന ഭാഗം കൃത്യമായി വെട്ടിയെടുത്തുപോലെ. അതില്‍ എപ്പോഴും വെള്ളവുമുണ്ടാകും. മഴപെയ്ത് വഴുക്കായതിനാല്‍ അങ്ങോട്ട് കയറാന്‍ കഴിയാതെ തിരിച്ചു നടന്നു.

മാമ്പാറയിലേക്ക് ട്രക്കിങ് നടത്തുന്നതിന് പുലയന്‍പാറ കവല വരെ എത്തി. അവിടേക്ക് ഫോര്‍വീല്‍ ഡ്രൈവ് ജീപ്പില്‍ മാത്രമേ പോകാന്‍ കഴിയൂ. യാത്രയുടെ ചെലവും ഞങ്ങളുടെ വണ്ടി പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതും മഴകാരണം വഴിയിടിഞ്ഞിരിക്കാം എന്ന പ്രദേശവാസിയുടെ ആശങ്കയും കണക്കിലെടുത്ത് ആ യാത്ര ബാക്കി വെച്ച് ഫാം ഹൗസിലേക്ക് തിരിച്ചു പോയി. അപ്പോഴേക്കും സമയം മൂന്നുമണികഴിഞ്ഞിരുന്നു. റൂമിലത്തെി ഉച്ചഭക്ഷണവും കഴിച്ച് കുറച്ചുനേരം ഫാമിലെ കാഴ്ചകള്‍ കണ്ട് നടന്നു. പിന്നെ വന്ന് ചൂടുള്ള കാപ്പിയും കപ്പ ചിപ്സു കഴിച്ച് ബാഗ് പാക്ക് ചെയ്തു. ഒന്നു കൂടി ഫ്രെഷ് ആയി കാടിറങ്ങാന്‍ തയാറായി. കുടുതല്‍ വൈകിയാല്‍ റോഡ് കാണില്ളെന്നും അപകട സാധ്യത കൂടുതലാണെന്നും ഫാം മാനേജര്‍ മുന്നറിയിപ്പ് തന്നു.

താമസിച്ച വില്ലയുടെ ഒരു ഫോട്ടോ കൂടി എടുത്ത് യാത്രപറഞ്ഞിറങ്ങി. പോത്തുണ്ടി ഡാമില്‍ കുറച്ച് സമയം ചെലവഴിക്കണമെന്ന ഉദ്ദേശത്തോടെ കഴിയുന്നത്ര വേഗത്തില്‍ കാറ്റിന്റെ പിന്‍വിളിക്ക് കാതോര്‍ക്കാതെ ചുരമിറങ്ങി. ചുരമിറന്നതിനിടെ വണ്ടിയുടെ മുന്നില്‍ ഒരു വമ്പന്‍ കേഴമാന്‍ വന്നു ചാടി. റോഡ് മുറിച്ചു കടന്ന് ഒന്നും സംഭവിക്കാത്ത മട്ടില്‍ അത് തോട്ടത്തിനുള്ളിലേക്ക് കയറിപ്പോയി.

പോത്തുണ്ടി ഡാമിലത്തെിയപ്പോഴേക്കും സമയം ആറു കഴിഞ്ഞിരുന്നു. സൂര്യന്‍ മറഞ്ഞു നില്‍ക്കുന്ന ആ സന്ധ്യക്ക് ഒരു നീലിച്ച നിറമായിരുന്നു. ഡാമിലെ വെള്ളം ഓളം തള്ളാതെ നിശബ്ദയായി നില്‍ക്കും പോലെ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മണ്ണു ഡാമുകളിലൊന്നാണ് പോത്തുണ്ടി. സിമന്‍്റ് ഉപയോഗിക്കാതെ നിര്‍മ്മിച്ചിട്ടുള്ള ഏഷ്യയിലെ തന്നെ രണ്ടാമത്തെ ഡാമാണത്രെ ഇത്. രണ്ടു ഭാഗങ്ങളിലുമുള്ള കനാലുകളിലായി ഏഴായിരത്തോളം ഹെക്ടര്‍ കൃഷിക്കാവശ്യമായ വെള്ളം സംഭരിക്കാം. ചിറ്റൂര്‍ താലൂക്കിലെ കൃഷിയും കുടിവെള്ളവുമാണ് ഡാമിന്റെ പ്രധാന ലക്ഷ്യം. ഭാരതപ്പുഴയുടെ ശാഖയായ അയിലൂര്‍പ്പുഴയുടെ കൈവഴികളായ മീന്‍ചാടി, ചാടി എന്നീ പുഴകളിലാണ് പോത്തുണ്ടി ഡാം. ഡാമിനു മുന്നില്‍ ഉദ്യാനം. അതു കടന്നാണ് ഡാമിലേക്കുള്ള വഴി. അഞ്ചു രൂപ പ്രവേശന ടിക്കറ്റ്. ക്യാമറയ്ക്കു പത്തു രൂപ. പൂന്തോട്ടത്തില്‍നിന്നു കുത്തനെ കുറേ പടവുകളിലൂടെ ഡാമിന് നെറുകയിലേക്ക്.

മുന്നില്‍ തെളിയുന്നത് അതിമനോഹര കാഴ്ചകള്‍. മലനിരകളുടെ അടിവാരത്ത് വലിയ പ്രദേശമാകെ പരന്നുകിടക്കുന്ന വെള്ളക്കെട്ട്. അതിലേക്ക് എത്രനോക്കി നിന്നാലും മതി വരില്ല. മഴ വീണ്ടും ചാറി ത്തുടങ്ങി. കുഴില്‍ വീണ്ടും കുളിരായി അടിവാരത്തിലേക്ക് കാറ്റ് ഒഴുകിവന്നു, യാത്രപറയാന്‍ എന്നപോലെ. കാട്ടിലേക്ക് കയറുന്ന പാതയിലേക്ക് ഒന്നു തിരിഞ്ഞുനോക്കി കാറില്‍ കയറി. പിറകെ വന്ന കാടിന്റെ മണവും കാറ്റിന്റെ ചൂളംവിളിയും എപ്പോഴോ വണ്ടിക്കകത്ത് കയറി കൂടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.