സഞ്ചാരികളേ... ഖോര്‍ഫുക്കാന്‍ വിളിക്കുന്നു

ജോലിത്തിരക്കുകള്‍ക്കിടയില്‍ ലഭിക്കുന്ന അവധി ദിനം ആഘോഷമാക്കാന്‍ സഞ്ചാരികളെ ഖോര്‍ഫുക്കാന്‍ മാടിവിളിക്കുന്നു. കടലും മലകളും മരങ്ങളും തുറമുഖവും ഒന്നിച്ചുനില്‍ക്കുന്ന കാഴ്ച കണ്ണിന് കുളിര്‍മ പകരും. മനസ്സിനെ മൂടിയ മടുപ്പകറ്റി ആഹ്ളാദം പകരാനും ഖോര്‍ഫുക്കാന് കഴിയും.
യു.എ.ഇയുടെ പിറവിക്ക് മുമ്പ് തന്നെ മലയാളത്തിന് സുപരിചിതമായ സ്ഥലമാണ് ഖോര്‍ഫുക്കാന്‍. കഷ്ടപ്പാടുകള്‍ അകറ്റാന്‍ മലയാളികള്‍ പ്രവാസത്തിലേക്ക് തിരിച്ച യാത്രകള്‍ അവസാനിച്ചത് ഇവിടെയായിരുന്നു. ലോഞ്ചിലുള്ള സാഹസിക യാത്രയും കടല്‍ നീന്തി കടക്കുമ്പോള്‍ അനുഭവിച്ച മരണഭീതിയും പറയുന്നതിനിടക്ക് ഇവിടുത്തെ അറബികള്‍ വെച്ചുവിളമ്പിയ, ഇനിയും നാവില്‍ നിന്ന് നഷ്ടപ്പെടാത്ത രുചിയെക്കുറിച്ച് പൂര്‍വികരായ പ്രവാസികള്‍ക്ക് ഓര്‍ക്കാതിരിക്കാനാവില്ല. 
ദുബൈ, ഷാര്‍ജ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് ദൈദ്- മസാഫി റോഡിലൂടെയും പുതിയ ശൈഖ് ഖലീഫ ബിന്‍ സായിദ് ഫ്രീവേയിലൂടെയും ഇവിടേക്കെത്താം. യു.എ.ഇയുടെ സൗന്ദര്യമായ ഫര്‍ഫാര്‍ മലനിരകള്‍ വെട്ടിമാറ്റി പണിത ശൈഖ് ഖലീഫ ബിന്‍ സായിദ് ഫ്രീവേയിലൂടെയുള്ള യാത്ര വിസ്മയകരമാണ്. കൂറ്റന്‍ വാദികള്‍ക്ക് മുകളില്‍ തീര്‍ത്ത വലിയ പാലങ്ങള്‍, അവിടവിടെയായി കാണുന്ന പാര്‍പ്പിടങ്ങള്‍, കരിമ്പാറകള്‍ക്കിടയില്‍ കാണുന്ന പച്ചത്തുരുത്തുകള്‍, കുന്നുകളിലൂടെ നടന്നുനീങ്ങുന്ന കഴുതകള്‍, മരുഭൂമിയിലൂടെ നീങ്ങുന്ന മരുക്കപ്പലുകളും ആട്ടിന്‍ പറ്റങ്ങളും, ഇതിനിടയില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന കടകള്‍... കടകളില്‍ അധികവും മലയാളികള്‍ നടത്തുന്നവയാണ്. ഗ്രാമീണ സൗന്ദര്യമുള്ള പള്ളികളും ഇടക്കിടെ കാണാം. 
യാത്ര ദൈദ്- മസാഫി വഴിയാക്കിയാലും കാഴ്ചകള്‍ മടുക്കില്ല. ഇവിടെ മരുഭൂമിക്ക് കാവിനിറമാണ്. ഇടയന്മാര്‍ ഒഴിവാക്കി പോയ മസറകള്‍ അകലേക്ക് നോക്കിയാല്‍ കാണാം. പുതിയ മസറകളില്‍ ഒട്ടകങ്ങളും ആട്ടിന്‍പറ്റവും മേഞ്ഞ് നടക്കുന്നു. തണലൊരുക്കുന്ന ഗാവ് മരങ്ങളും മരുഭൂമിയില്‍ കാണാം. യാത്ര ഫ്രൈഡേ മാര്‍ക്കറ്റിലെത്തുമ്പോള്‍ കാഴ്ചകള്‍ മാറുന്നു. പ്രകൃതിയെ മൊത്തം വില്‍പനക്ക് വെച്ചിരിക്കുകയാണോ ഇവിടെയെന്ന് സംശയിച്ചുപോകും. പഴങ്ങളും പച്ചക്കറികളും ഇവിടെത്തന്നെ വിളഞ്ഞവയാണ്. മലകളും കൊക്കര്‍ണികളും പീഡഭൂമികളും കാര്‍ഷിക മേഖലകളും കടന്ന് ഖോര്‍ഫുക്കാനില്‍ എത്തുമ്പോള്‍ മനസ്സും നിറയും. 
ആകര്‍ഷകമാണ് ഖോര്‍ഫുക്കാന്‍ ബീച്ച്. മലകളും കാര്‍ഷിക മേഖലകളും തോടുകളും തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്ന അവിസ്മരണീയ കാഴ്ച ഖോര്‍ഫുക്കാന്‍െറ സ്വന്തമാണ്. യു.എ.ഇയുടെ പതാകയുടെ നിറമുള്ള പാരച്യൂട്ടില്‍ കയറി ആകാശ സഞ്ചാരം നടത്താന്‍ ഇവിടെ സൗകര്യമുണ്ട്. സാഹസികത ഇഷ്ടമുള്ളവര്‍ ഇതില്‍ കയറാന്‍ വരി നില്‍ക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് സഞ്ചാരം. ബോട്ട് സവാരിയാണ് മറ്റൊരു പ്രത്യേകത. ബോട്ടിലൂടെ ചുറ്റുമ്പോള്‍ തിരമാലകള്‍ ശിലകളില്‍ നടത്തിയ കൊത്തുപണികള്‍ കാണാം. ഖോര്‍ഫുക്കാന്‍ തുറമുഖവും ഇതിനടുത്താണ്. കൂറ്റന്‍ കപ്പലുകള്‍ കാണാനുള്ള അവസരവും ഇവിടെയെത്തിയാല്‍ തരപ്പെടും. പ്രാചീന അടയാളങ്ങള്‍ പൂര്‍ണമായും മായ്ച്ചുകളഞ്ഞിട്ടില്ല ഖോര്‍ഫുക്കാന്‍. അവിടവിടെയായി ഇവ കാണാം. റൗണ്ടെബൗട്ടിന് സമീപം സ്ഥിതി ചെയ്യുന്ന പൊലീസ് സ്റ്റേഷന്‍, ഇസ്ലാമിക വാസ്തുകലകള്‍ അഴക് വിടര്‍ത്തിയ ഉമര്‍ ബിന്‍ ഖത്താബ് പള്ളി, പഴയ മാര്‍ക്കറ്റ് തുടങ്ങിയവ സഞ്ചാരികളുടെ ഇഷ്ടങ്ങള്‍ ഏറെ വാങ്ങിക്കൂട്ടിയവയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.