സിനിമായാത്രകളിലെ അത്ഭുതങ്ങള്‍ പങ്കുവെക്കുന്നു, പ്രിയ ചലച്ചിത്രകാരന്‍ കമല്‍
ഓരോ യാത്രയും എന്തെല്ലാം അത്ഭുതങ്ങളാണ് നമുക്കായി ബാക്കിവെക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത പലതും യാത്രാവഴിയില്‍ നമ്മെ തേടിയത്തെുന്നു. ഫാസില്‍ തിരക്കഥയെഴുതി ഞാന്‍ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിന് ലൊക്കേഷന്‍ തേടിയുള്ള യാത്ര ഇതുപോലൊരു അത്ഭുതം ഞങ്ങള്‍ക്കായി കാത്തുവെച്ചിരുന്നു.
കാക്കോത്തിക്കാവില്‍ രേവതിക്കും കുട്ടികള്‍ക്കും ഒപ്പമുള്ള ഒരു പ്രധാന കഥാപാത്രമായിരുന്നു കാവ്. ഈ കാവിനെപ്പറ്റി പാച്ചിക്കക്കും (ഫാസില്‍) എനിക്കും ചില സങ്കല്‍പങ്ങളുണ്ടായിരുന്നു. കാവ് അന്വേഷിച്ചപ്പോള്‍, ആളുകളെല്ലാം സര്‍പ്പക്കാവുകളാണ് പറഞ്ഞുതന്നിരുന്നത്. ഇതായിരുന്നില്ല, കുറേ പടികള്‍ കയറിച്ചെല്ലുന്ന ഒരു കാവാണ് എന്റെ മനസ്സില്‍.
അങ്ങനെ ഞങ്ങളുടെ മനസ്സിലെ കാക്കോത്തിക്കാവ് തേടി കേരളത്തിന്‍െറ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ യാത്ര തുടങ്ങി. ആദ്യം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കുറേ കാവുകള്‍ പോയി കണ്ടു. ആര്‍ക്കും തൃപ്തി തോന്നിയില്ല. വടക്കന്‍ മലബാറിലാണ് കൂടുതല്‍ കാവുകളുണ്ടാകുകയെന്ന ധാരണയില്‍ കാസര്‍കോട്ടേക്കും കണ്ണൂരിലേക്കും പോയി. ആ യാത്രയില്‍ പാച്ചിക്ക ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. കാസര്‍കോട്ടെയും കണ്ണൂരിലേയും അറിയപ്പെടുന്ന കാവുകളെല്ലാം ഞങ്ങള്‍ താണ്ടി. പക്ഷെ ഒന്നിലും തൃപ്തിവരാതെ നിരാശരായി മടങ്ങുകയാണ്. നാട്ടിലേക്ക് മടങ്ങുംവഴി ഷൊര്‍ണൂര്‍ ടി.ബിയിലത്തെി.
സിനിമക്കാരുടെ പ്രധാന താവളങ്ങളിലൊന്നാണ് ഷൊര്‍ണൂര്‍ ടി.ബി. അന്ന് രാത്രി അവിടെ തങ്ങാന്‍ തീരുമാനിച്ചു. ടി.ബിയിലെ ജീവനക്കാരന്‍ മുഹമ്മദാണ് പറഞ്ഞത്, എം.ടി സാര്‍ അവിടെയുണ്ടെന്ന്. ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു. ഏതോ ചിത്രത്തിന്‍െറ തിരക്കഥയെഴുതാന്‍ എത്തിയതാണ് അദ്ദേഹം. ആരണ്യകമാണെന്ന് തോന്നുന്നു. രേവതിയും കുറെ കുട്ടികളും പ്രധാന കഥാപാത്രങ്ങളാകുന്ന ഞങ്ങളുടെ ചിത്രത്തിന്‍െറ കഥയും മറ്റും എം.ടിയോട് പറഞ്ഞു. കഥയിലെ പ്രധാന താരമായ കാവ് കണ്ടുകിട്ടാത്തതിനെ പറ്റിയും അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ എം.ടി ഒരു കാവിനെ പറ്റി പറഞ്ഞു, പെരുമ്പാവൂരിനടുത്ത ഇരിങ്ങോള്‍കാവ്.
അപ്പോള്‍ തന്നെ ഞങ്ങള്‍ (ഞാനും നിര്‍മാതാവ് ഒൗസേപ്പച്ചനും) പാച്ചിക്കയെ വിളിച്ച് എം.ടി പറഞ്ഞ കാവിനെ പറ്റി പറഞ്ഞു. അടുത്ത ദിവസം തന്നെ അങ്ങോട്ട് പുറപ്പെടാന്‍ തീരുമാനിച്ചു. ഫാസില്‍ ആലപ്പുഴയില്‍ നിന്നും ഞങ്ങള്‍ ഷൊര്‍ണൂരില്‍ നിന്നും ആലുവയിലത്തെി. അവിടെ നിന്ന് പെരുമ്പാവൂരിലേക്ക് തിരിച്ചു. കാവ് അന്വേഷിക്കുന്നതിന് പെരുമ്പാവൂരിലെ ഒരു പ്രധാന ക്ഷേത്രത്തിന് മുന്നില്‍ കാര്‍ നിര്‍ത്തി. മൂന്നു നാല് ചെറുപ്പക്കാര്‍ ക്ഷേത്ര മതിലില്‍ സൊറ പറഞ്ഞിരിക്കുന്നു. കടും ചുവപ്പ് നിറമുള്ള ഷര്‍ട്ടിട്ട ചെറുപ്പക്കാരനും കൂട്ടത്തിലുണ്ട്. ഫാസിലും ഞാനും കാറില്‍ നിന്ന് ഇറങ്ങിയതോടെ അയാള്‍ ‘ഫാസില്‍ സാര്‍’ എന്ന് വിളിച്ച് അടുത്തേക്ക് ഓടിവന്നു. അന്ന് രണ്ടോ മൂന്നോ സിനിമയേ ഞാന്‍ ചെയ്തിട്ടുള്ളൂ. പക്ഷേ, അയാള്‍ ‘സംവിധായകന്‍ കമലല്ളേ’ എന്ന് ചോദിച്ചുകൊണ്ട് എന്നെയും തിരിച്ചറിഞ്ഞു. ഞങ്ങള്‍ ലൊക്കേഷന്‍ നോക്കാന്‍ വന്നതാണെന്നും ഇരിങ്ങോള്‍ കാവ് എവിടെയാണെന്നും ചോദിച്ചു. അയാള്‍ സ്ഥലം പറഞ്ഞുതന്നതിനൊപ്പം കാട്ടിത്തരാമെന്ന് പറഞ്ഞ് കാറില്‍ കയറിക്കോട്ടേയെന്നും ചോദിച്ചു. അയാളെയും കൂട്ടി ഞങ്ങള്‍ ഇരിങ്ങോള്‍ കാവിലേക്കുള്ള യാത്ര ആരംഭിച്ചു.
കാറില്‍ കയറിയത് മുതല്‍ ആ കടും ചുവപ്പ് ഷര്‍ട്ടുകാരന്‍ വാചകമടി ആരംഭിച്ചു. കലാഭവനില്‍ മിമിക്രി ആര്‍ട്ടിസ്റ്റാണെന്നും ഒരു സിനിമയുടെ സ്ക്രീന്‍ ടെസ്റ്റ് കഴിഞ്ഞിരിക്കുകയാണെന്നുമൊക്കെ പുള്ളി നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു. മിക്കവാറും ആ പടത്തില്‍ താന്‍ തന്നെയായിരിക്കും നായകനെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. അതെല്ലാം കേട്ട് ഞങ്ങള്‍ വണ്ടറിടിച്ചിരിക്കുന്നതിനിടയിലാണ് അയാള്‍ സംവിധായകന്‍െറ പേര് പറഞ്ഞത്. പത്മരാജന്‍. അതോടെ അയാള്‍ പറഞ്ഞത് മുഴുവന്‍ പുളുവാണെന്ന് ഞാനും പാച്ചിക്കയും ഒൗസേപ്പച്ചനും ഉറപ്പിച്ചു. ഇതിനിടെ അയാള്‍ ഞങ്ങള്‍ക്ക് ഇരിങ്ങോള്‍ക്കാവ് കാണിച്ചുതന്നു. എന്നാല്‍ ഇതും ഞങ്ങളുടെ സങ്കല്‍പത്തിലുള്ളതായിരുന്നില്ല. ഇക്കാര്യം മനസ്സിലാക്കിയ ചുവപ്പുകുപ്പായക്കാരന്‍, പരിസരത്തുള്ള മറ്റ് കാവുകളെ കുറിച്ച് അന്വേഷിക്കാമെന്നും വിവരം അറിയിക്കാമെന്നും പറഞ്ഞു. ഞങ്ങള്‍ യാത്ര പറഞ്ഞുപിരിഞ്ഞപ്പോള്‍ പോലും അയാള്‍ ഒരവസരം ചോദിച്ചില്ളെന്നത് അത്ഭുതപ്പെടുത്തി.
പത്മരാജന്റെ അടുത്ത പടം ‘അപരന്‍’ പുറത്തിറങ്ങിയപ്പോഴാണ് ആ കടുംചുവപ്പ് ഷര്‍ട്ടുകാരന്‍ പറഞ്ഞത് സത്യമായിരുന്നുവെന്ന് ഞങ്ങള്‍ അറിഞ്ഞത്.
അന്ന് കാറില്‍വെച്ച് അയാള്‍ പേര് പറഞ്ഞിരുന്നുവെങ്കിലും ഓര്‍മയില്‍ നിന്നിരുന്നില്ല. എന്നാല്‍, ‘അപരനി’ലൂടെ ജയറാം എന്ന ആ പേര് ഒരിക്കലും മറക്കാനാവാത്തവിധം നമ്മുടെയെല്ലാം മനസ്സില്‍ അയാള്‍ അച്ചുകുത്തിക്കളഞ്ഞുവല്ളോ.
(കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ പിന്നീട് ചിത്രീകരിച്ചത് പത്തനംതിട്ട പന്തളത്തിന് സമീപത്തെ ചാമക്കാവില്‍ വെച്ചായിരുന്നു. രേവതിക്കൊപ്പം അഭിനയിച്ച കുട്ടികളിലൊരാളാണ് ഇതിനെ പറ്റി വിവരം തന്നത്. ഞങ്ങള്‍ മനസ്സില്‍ കണ്ട കാവായിരുന്നു ചാമക്കാവിലേത്. അന്ന് ആ പടത്തില്‍ അഭിനയിച്ച കുട്ടി ഇന്ന് സിങ്കപ്പൂരിലാണ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.